Friday, October 25, 2019

അമ്മച്ചിന്തുകൾ 62



അച്ഛൻ മറ്റൊരു വിവാഹ ജീവിതത്തിന് പരിശ്രമിക്കാതിരുന്നില്ല. പല വനിതാ സുഹൃത്തുക്കളും അതിന് തയാറായിരുന്നു. അവരോടെല്ലാം വിശദമായി സംസാരിച്ചതും ഇനി ഒരു കുഞ്ഞിനെത്തരാൻ കഴിയില്ലെന്ന് അച്ഛൻ അറിയിച്ചതും വായിച്ച് ഞങ്ങൾ മൂന്നു പേരും അമ്പരന്നു പോയിട്ടുണ്ട്. ഞങ്ങൾക്ക് പരസ്പരം മുഖത്തു നോക്കാൻ പോലും പറ്റാത്തത്ര സങ്കടം വന്നിട്ടുണ്ട്.

അച്ഛന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും തന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചിരുന്നു. അയ്യന്തോളിലെ വീട് അച്ഛന്റെ പേരിലായിരുന്നുവെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്തേനേ. ജയസൂര്യൻ വക്കീലാണ് മറ്റൊരു വിവാഹം കഴിച്ചാൽ നിയമപരമായി ആ വീട്ടിൽ അച്ഛനു അവകാശം നഷ്ടമാകുമെന്ന് പറഞ്ഞുകൊടുത്തത്. എങ്കിലും ലാൻഡ് രജിസ്‌ട്രേഷൻ ഐ ജി യെപ്പോലും അച്ഛൻ കണ്ടിരുന്നു, വീടിന്റെ ആധാരത്തിൽ അച്ഛൻറെ പേര് എങ്ങനെ കൂട്ടിച്ചേർക്കാമെന്നറിയാൻ...

ഇതിനെല്ലാമിടയിൽ പല സുഹൃത്തുക്കളേയും പറഞ്ഞു വിട്ട് അമ്മയുമായുള്ള അനുരഞ്ജനത്തിനും അച്ഛൻ ശ്രമിക്കാതിരുന്നില്ല. അമ്മയേ മാത്രം മതി അച്ഛന്. മക്കൾ മൂന്നു പേരും അഹങ്കാരികളാണ്. തന്നിഷ്ടപ്രകാരം ജീവിക്കുന്നവരാണ്. അച്ഛനേയും അമ്മയേയും വയസ്സുകാലത്ത് നോക്കുകയില്ല എന്ന് ഉറപ്പിക്കാൻ പറ്റുന്ന കുടില ബുദ്ധികളാണ്. അമ്മ അച്ഛനെ വിട്ട് നിന്നാൽ ഒടുവിൽ റോഡിലാകും. അത് അച്ഛന് സഹിക്കാൻ കഴിയില്ല.

അമ്മ ഇതൊന്നും ചെവിക്കൊണ്ടില്ല. റാണിക്കും ഭാഗ്യക്കും ജോലി, വിവാഹം ഇത് അച്ഛന്റെ ചുമതലയാണെന്നും ആ ചുമതല നിർവഹിക്കാതെ ഒരു അനുരഞ്ജനവും സാധ്യമല്ലെന്നും അമ്മ ഉറപ്പിച്ചു പറഞ്ഞു.

അപ്പഴൊക്കെ ഓഫീസിലേക്ക് ഫോൺ ചെയ്ത് അച്ഛൻ ശപിക്കും.

അമ്മ പുഴുത്തു മരിക്കും. മക്കൾ അമ്മയെ റോഡിൽ എടുത്തു വെക്കും. പിച്ച തെണ്ടേണ്ടി വരും.

വേറേയും ചില അഭ്യുദയകാംക്ഷികളുണ്ടായിരുന്നു. അവരിങ്ങനെ..

സ്വയം കല്യാണം കഴിച്ചതല്ലേ.. കണക്കായിപ്പോയി.. മിണ്ടാൻ പറ്റുമോ ആരോടെങ്കിലും ..സുബ്ബരാമയ്യരുടേയും രുഗ്മിണി അമ്മാളുടേയും ശാപമാണ് ... എന്ന് അമ്മയുടെ മുറിവുകളിൽ മുളകുപൊടി തൂവി .

അമ്മ മൗനത്തെ വരിച്ചു. എനിക്കോ റാണിക്കോ അമ്മ ഒരു കത്തു പോലും എഴുതീരുന്നില്ല. ഞങ്ങൾ ഇടയ്ക്കിടെ അമ്മയുടെ ഓഫീസിലേക്ക് ഫോൺ ചെയ്തു സംസാരിക്കും. ഭാഗ്യയാണ് കത്തുകൾ എഴുതാറ്.

എല്ലാ സുഹൃത്തുക്കളും ബന്ധുക്കളും അയല്പക്കക്കാരും അച്ഛ
ന്റെ കഷ്ടപ്പാടിൽ മനം നൊന്തു കരഞ്ഞു. ആഹാരം ഉണ്ടാക്കിക്കൊണ്ടു വന്ന് ഊട്ടി. അമ്മയും മക്കളും അയ്യന്തോളിലെ അച്ഛൻറെ വീട്ടിൽ വന്നാൽ അടിച്ചിറക്കണമെന്ന് പിന്തുണ നല്കി. സ്ത്രീ സുഹൃത്തുക്കൾ മിക്കവാറും നിത്യവും രാവിലെ നേരത്തെ ഫോൺ ചെയ്തു താക്കീതു കൊടുത്തു. അമ്മയും ഭാഗ്യയും കൂടി അയ്യന്തോളിലെ വീട്ടിലേക്ക് വരുന്നു വെന്ന് അവരറിഞ്ഞു. അമ്മയേം ഭാഗ്യയേയും വീട്ടിൽ കയറ്റരുത്. ആ വീട് നഷ്ടപ്പെടുത്തരുത്. അമ്മയേം മക്കളേം നല്ല പാഠം പഠിപ്പിക്കണം.

അച്ഛൻ ഉടനെ സുഹൃത്തായ ജഡ്ജിയേ വിളിക്കും. എന്തു വേണ്ടൂ എന്ന് ചോദിക്കും.

എൻറെ പ്രശ്നത്തിൽ അച്ഛൻ ഇടപെടരുതെന്ന് താക്കീതു നല്കിയ വിജയകുമാർ എന്ന ജഡ്ജി അമ്മയും ഭാഗ്യയും വന്നാൽ സന്തോഷത്തോടെ സ്വീകരിച്ചു പുതിയൊരു ജീവിതം ആരംഭിക്കണമെന്ന് ഉപദേശിക്കും.

വനിതാ സുഹൃത്തുക്കൾ അച്ഛനെ കളിപ്പിക്കുകയായിരുന്നു. ഓരോ സുഹൃത്തും വിചാരിച്ചു അച്ഛനും വീടും അവരുടേതാണെന്ന്... ഞാനല്ലേ ഏറ്റവും അടുത്തവളെന്ന് അവരെല്ലാവരും എപ്പോഴും ചോദിച്ചു പോന്നു.

അങ്ങനെയിരിക്കേ വീട്ടുജോലിക്കായി അച്ഛനൊരു സഹായി സ്ത്രീയേ കിട്ടി. അവരായിരുന്നു അച്ഛന്റെ ജീവിതത്തിൽ ഏറ്റവുമധികം സന്തോഷവും സമാധാനവും പകർന്നത്. അവർ വീടിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തു.

അമ്മയുടെ ജോലിക്കാലം അവസാനിക്കുന്ന നേരമായിത്തുടങ്ങിയിരുന്നു അപ്പോൾ..

1 comment:

Cv Thankappan said...

സന്തോഷം പകരാൻ ഓരോരുത്തർ!!!
ആശംസകൾ