Friday, October 25, 2019

അമ്മച്ചിന്തുകൾ 63



പെൻഷൻ എന്ന സർക്കാർ നടപടിക്ക് കുറേ കടമ്പകൾ ഉണ്ട്. അതിലൊന്ന് പെൻഷൻ കിട്ടുന്ന ആൾ മരിച്ചാൽ ഫാമിലി പെൻഷൻറെ അവകാശം ഭാര്യക്കോ ഭർത്താവിനോ ആയിരിക്കും എന്നതാണ്. അവരില്ലെങ്കിൽ മാത്രമേ മക്കൾ (അതും ജോലിക്കാരോ വിവാഹിതരോ ആണെങ്കിൽ കിട്ടുകയില്ല) അവകാശികളാകൂ. അച്ഛൻ സാലറി കണക്കനുസരിച്ചുള്ള ഏറ്റവും മിനിമം തുകയാണ് ഫാമിലി പെൻഷനിലേക്ക് വെച്ചത്
മരണാനന്തരം പെൻഷനവകാശിയായി ആരേയും നിർദ്ദേശിച്ചിരുന്നുമില്ല. ഭാര്യ എന്ന കോളത്തിൽ അമ്മയുടെ പേരുണ്ടായിരുന്നു എന്നു മാത്രം.

അങ്ങനെ അമ്മ മരിച്ചാൽ ഫാമിലി പെൻഷൻ അച്ഛനാണ് ലഭിക്കുക എന്ന നിയമത്തെ അംഗീകരിക്കുകയല്ലേ മാർഗമുള്ളൂ. ശരി... അങ്ങനാകട്ടെ എന്നു വെച്ചു അമ്മ.

അപ്പോൾ ഭാര്യയും ഭർത്താവും ഒന്നിച്ചിരിക്കുന്ന ഒരു ഫോട്ടോ വേണമെന്നായി. അതിനെവിടെ പോകും ? ഭാഗ്യയാണ് അച്ഛൻ വിരമിക്കുമ്പോൾ എടുത്ത ഫോട്ടോ ഏത് സ്റ്റുഡിയോയിലായിരുന്നെന്നും അതെടുത്ത തീയതി എന്നായിരുന്നു വെന്നും ഓർമ്മിച്ച് ഫോട്ടോയുടെ കോപ്പികൾ സംഘടിപ്പിച്ചത്. ഭാഗ്യയുടെ ഓർമ്മശക്തി ബി എ ക്കും എം എ ക്കും റാങ്ക് വാങ്ങാൻ മാത്രമല്ല , ഇതുപോലെ യുള്ള പ്രശ്നങ്ങളിലും ഒത്തിരി തുണച്ചിട്ടുണ്ട്.

അമ്മ ജോലിയിൽ നിന്ന് പിരിയുന്ന ദിവസം അച്ഛൻ രാവിലെ തന്നെ അമ്മയുടെ ഓഫീസിൽ വന്ന് ഇരിപ്പായി.അത് പ്രതീക്ഷിച്ചിരുന്ന അമ്മ ഓഫീസിൻറെ പുറകുവശത്തെ ഗേറ്റ് വഴിയാണ് അകത്ത് കയറിയത്. അച്ഛൻ
കുറെക്കഴിഞ്ഞാണ് വിവരമറിഞ്ഞത്. അച്ഛൻ ഒത്തിരി ബഹളമുണ്ടാക്കി. അമ്മയെ പാഠം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. അമ്മ തികച്ചും അക്ഷോഭ്യയായി തന്നെ ആ ഭർൽസനം മുഴുവനും സഹിച്ചു.

ഭാഗ്യ മാത്രമേ അമ്മ ജോലിയിൽ നിന്ന് പിരിയുന്ന ദിവസം കുടുംബാംഗമായി കൂടെ ഉണ്ടായിരുന്നുള്ളൂ.

തൃക്കൂര് വീട്ടിൽ അമ്മ ഒരു ഫോൺ കണക് ഷൻ ശരിയാക്കിയത് അപ്പോഴാണ്. ഞങ്ങൾക്ക് അത് വലിയ ആശ്വാസമായി മാറി. അമ്മയെ വിളിക്കാം സംസാരിക്കാം എന്നതൊരു മഹാഭാഗ്യമായിരുന്നു. കിട്ടിയതെല്ലാം മഹാഭാഗ്യമെന്നും കിട്ടാത്തതെല്ലാം തന്നെ അതീവ ശാന്തമായി മറന്നു കളയേണ്ടതെന്നുമാണെന്നാണല്ലോ ജീവിതം ഞങ്ങളെ പഠിപ്പിച്ചത്.

ഹൈക്കോടതി വിധി നടത്തിച്ചു കിട്ടാനുള്ള പരിശ്രമം അമ്മീമ്മയും അമ്മയും പൂർണമായും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. എത്രയോ പണവും അദ്ധ്വാനവും അവരിരുവരും അതിനായി ചെലവാക്കിയതാണ്. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ലല്ലോ.

ഭാഗ്യ കുറെ കംപ്യൂട്ടർ ഡിപ്ലോമ കളെടുത്തു. പേഴ്‌സണൽ മാനേജ്‌മെന്റും ഇൻഡസ്ട്രിയൽ റിലേഷൻസും പഠിച്ചു. കുറെ നാൾ കൗൺസിലിംഗ് ചെയ്തു. അവളുടെ കൂട്ടുകാരിമാരെല്ലാവരും ഓരോരുത്തരായി കല്യാണം കഴിച്ചുകൊണ്ടിരുന്നു. കല്യാണത്തിനു പോവുമ്പോൾ കൂട്ടുകാരികളുടെ അമ്മമാർ ചോദിക്കും..

'ഭാഗ്യേ.. റാണിക്ക് എത്ര മക്കളാണ്?'

'അവൾ കല്യാണം കഴിച്ചിട്ടില്ലല്ലോ..'

'അയ്യോ! കഷ്ടമായിപ്പോയി. ഇത്രേം പ്രായമായില്ലേ.. ഭാഗ്യേടെ കല്യാണം നടക്കേണ്ട സമയാണ്.. ആരാ കല്യാണം കഴിക്കാ ല്ലേ.. എങ്ങനെയാ അന്വേഷിച്ച് വരാ.. അമ്മേം ചേച്ചീം കാരണം നിങ്ങടെ ജീവിതം വെറുതെയായി.. '

ചിലർ കുറേക്കൂടി ദയാലുക്കളായിരുന്നു.

'ഞങ്ങള് ചില ബ്രോക്കർമാരോടൊക്കെ പറഞ്ഞു.. ആരൂല്യാത്ത കുട്ടിയാണ്. ഒന്നു കാര്യായി നോക്കണം.. വീട്ടിലെ കാര്യങ്ങൾ പറഞ്ഞാൽ ഒരു ആളും കല്യാണം കഴിക്കില്ലാന്നാ ബ്രോക്കറ് പറേന്നത്. ചേച്ചീം അമ്മേം നിങ്ങളെ ഓർക്കാത്തത് വലിയ കഷ്ടാണ്..'

അമ്മയും അമ്മീമ്മയും തൃക്കൂര് വീട്ടിലെ പറമ്പിൽ പറ്റാവുന്നതെല്ലാം വിളയിച്ചു സ്വാശ്രയ ജീവിതം ശീലിച്ചു. അമ്മീമ്മ അക്കാലത്തെ ചെലവുകൾ എഴുതിവെച്ചിരിക്കുന്നത് കാണുമ്പോൾ അൽഭുതം തോന്നും. ഇത്ര കുറച്ച് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളു അവർക്കെന്ന്... പ്രധാന ആവശ്യം കവറുകൾ വാങ്ങലായിരുന്നു. ജാതി പ്രശ്നമില്ല എന്ന് പരസ്യത്തിൽ കണ്ട വിവാഹാലോചനക്കാർക്കെല്ലാം അമ്മ മുടങ്ങാതെ മടുക്കാതെ കത്തെഴുതി.

ജാതി വേണ്ട എന്ന് പറഞ്ഞവർക്കെല്ലാം തന്നെ അവരവരുടെ അച്ഛന്റെ ജാതി വേണമായിരുന്നു. പിന്നെ കുടുംബഭദ്രത, സല്പേര് ഇവയെല്ലാം നിർബന്ധം. എല്ലാറ്റിനും ഒഴിവ് ഉണ്ടായിരുന്നു. അതിന് ലക്ഷങ്ങൾ നല്കണം. ആശുപത്രി നിർമ്മിച്ചു തരൂ, ഫാക്ടറി നിർമ്മിച്ചു തരൂ , സ്ക്കൂൾ ചെയ്തു തരൂ എന്നൊക്കെ ഒരു ഉളുപ്പുമില്ലാതെ ആവശ്യപ്പെട്ടവർ അനേകം..

അച്ഛൻ വൈകാതെ തൃക്കൂര് വീട്ടിലെ ഫോൺ നമ്പർ മനസ്സിലാക്കി. ആദ്യമാദ്യം
പാതിരകളിലും പിന്നെപ്പിന്നെ തോന്നുമ്പോഴൊക്കെയും ഫോൺ ചെയ്തു ബഹളം കൂട്ടാൻ തുടങ്ങി. അമ്മ ഫോൺ എടുക്കൽ തന്നെ അങ്ങനെ നിറുത്തിവെച്ചു.

ആയിടക്കാണ് അമ്മയുടെ ചേട്ടൻ യാതൊരു മുന്നറിയിപ്പുമില്ലാതെ തൃക്കൂര് വീട്ടിലെത്തിയത്. കോടതി വിധി അനുസരിച്ച് ഭാഗം വെച്ച് കാര്യങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അമ്മക്കും അമ്മീമ്മക്കും അവരുടെ ചെവികളേയും ബോധത്തേയും ഒന്നിച്ചവിശ്വസിക്കാൻ തോന്നി.

1 comment:

Cv Thankappan said...

അമ്മക്കും അമ്മീമ്മക്കും അവരുടെ ചെവികളേയും ബോധത്തേയും ഒന്നിച്ചവിശ്വസിക്കാൻ തോന്നി.എന്താണാവോയിനി?!
ആശംസകൾ