Friday, October 25, 2019

അമ്മച്ചിന്തുകൾ 64കേസ് തീർക്കണമെന്ന ഒരു വർത്തമാനം ഉണ്ടായി..അതിന്റെ പേരിൽ അമ്മയുടെ ചേട്ടൻ മൂന്നോ നാലോ തവണ വീട്ടിൽ വന്നു. അമ്മീമ്മയും അമ്മയും ഉണ്ടാക്കിയ ആഹാരം ചോദിച്ചു വാങ്ങിക്കഴിച്ചു അസഹ്യമായ പുറം വേദനയാണെന്ന് പറഞ്ഞു അമ്മീമ്മയെ കൊണ്ട് കുഴമ്പു പുരട്ടി തടവിച്ചു. അദ്ദേഹം ജീവിതത്തിൽ തോറ്റുപോയവനാണെന്ന് തൻറെ രണ്ട് അനിയത്തിമാർക്കും മുന്നിൽ ദൈന്യത്തോടെ വിലപിച്ചു...

പിന്നെ ഒന്നും സംഭവിച്ചില്ല. അദ്ദേഹം ബോംബെക്ക് മടങ്ങി.

അതും വെറുതെ ഒരു തമാശയായിരുന്നുവെന്ന് അമ്മയും അമ്മീമ്മയും പതുക്കെ മനസ്സിലാക്കി.

അന്ന് പതിവുപോലെ ഒരു സാധാരണ ദിവസവും സാധാരണ സന്ധ്യയും അതിനെത്തുടർന്നുള്ള സാധാരണ അത്താഴനേരവുമായിരുന്നു ....

അമ്മ അത്താഴം കഴിഞ്ഞു മുൻവശത്തെ കമ്പിയഴികളിട്ട വരാന്തയിൽ നടക്കുന്നു. ഭാഗ്യ ടി വി കാണുന്നു. അമ്മീമ്മ അടുക്കള വരാന്തയിൽ നിന്ന് അത്താഴപ്പുറമേയുള്ള അടുക്കള വൃത്തിയാക്കലിൻറെ അവസാനപണിയിലേർപ്പെട്ടിരിക്കുന്നു. കക്കലൈ എന്നു പറയുന്ന കിച്ചൺ ടവ്വൽ കഴുകൽ...

മൂന്നു മുഖംമൂടിക്കാർ ചാടി വീണ് അമ്മീമ്മയുടെ വായ്പൊത്തി കഴുത്തിലെ കൊടി എന്ന മാല പിടിച്ചു വലിച്ച് കാതിലെ കമ്മലും പിടിച്ചു പറിക്കുകയാണ്.. ആ കൊടിമാലയിലാണ് അമ്മീമ്മയുടെ ചെറിയ തിരുമംഗല്യവും കുറച്ചു സേഫ്റ്റി പിന്നുകളും ഉള്ളത്. അമ്മീമ്മ കുതറുകയും കരയുകയും ചെയ്യുമ്പോൾ അവർ അമ്മീമ്മയുടെ നിറുകന്തലയിൽ പടപടാന്നടിക്കുകയാണ്. അമ്മീമ്മ അങ്ങനെ ബോധശൂന്യയായി വീഴുകയാണ്...

ശബ്ദം കേട്ട് ഓടി വന്ന ഭാഗ്യ മുഖംമൂടികളെ കണ്ട് 'ആരെടാ... പിടിയെടാ... ഓടെടാ....'എന്നൊക്ക അലറി അവരെ ഉന്തിമാറ്റി. അമ്മയും പുറകേ വന്നു. ഭാഗ്യ പിടിച്ചുന്തുമെന്ന് മുഖംമൂടികൾ കരുതിയില്ല. പുറകേ അമ്മയേയും കണ്ടപ്പോൾ അവർ ഓടിരക്ഷപ്പെട്ടു.

ബോധരഹിതയായ അമ്മീമ്മയെ കണ്ട് ഭാഗ്യയും അമ്മയും വാവിട്ടു നിലവിളിച്ചു. അമ്മീമ്മ മരിച്ചുവെന്നാണ് ഇരുവരും കരുതിയത്. അവരുടെ അലറിക്കരച്ചിൽ രാത്രിയുടെ നിശ്ശബ്ദതയിൽ ഒരുപാട് ദൂരേക്ക് എത്തി. അതു കേട്ടവരെല്ലാം വീട്ടിലേക്ക് ഓടിവന്നു.

അമ്മീമ്മ വൈകാതെ ബോധക്ഷയത്തിൽ നിന്ന് ഉണർന്നു. കൊടി എന്ന ആ മാല പൊട്ടിയിരുന്നില്ല. കമ്മലും നഷ്ടപ്പെട്ടിരുന്നില്ല. തന്നെയുമല്ല മുഖംമൂടികളെ അമ്മീമ്മ തിരിച്ചറിയുകയും ചെയ്തിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഫോൺ ചെയ്തതനുസരിച്ച് അരമണിക്കൂറിനുള്ളിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തി.

എസ്. ഐ അമ്മയെ അറിയുന്ന ആളായിരുന്നു. വിയ്യൂർ ജയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലത്ത് അമ്മയെ കണ്ടിട്ടുണ്ട് എന്ന് എസ് ഐ പരിചയം പുതുക്കി. ഭാഗ്യ അവിടെ ജനിച്ച വാവയല്ലേ എന്നും അയാൾ അമ്മയോട് ചോദിച്ചു. അക്കാലത്ത് അയാൾ വിയ്യൂരിൽ സ്ക്കൂൾ വിദ്യാർഥി ആയിരുന്നുവത്രേ.
പോലീസുകാർ മോഷണത്തിനായുള്ള കൊലപാതകശ്രമത്തിന് കേസെടുക്കുകയും അന്നു രാത്രി തന്നെ മൂന്നു പേരേയും കൃത്യമായി പിടിക്കുകയും ചെയ്തു.

മോഷണത്തിന് വന്നവരെല്ലാം വീടിന്റെ അടുത്ത് താമസിച്ചിരുന്നവരായിരുന്നു. എല്ലാവരും അമ്മീമ്മയുടെ വിദ്യാർത്ഥികൾ തന്നെ. ആഡംബര ജീവിതത്തിനോടുള്ള ഭ്രമമായിരുന്നു കാരണം.

അവരുടെ വീട്ടുകാർ വെറുതെ ഇരിക്കില്ലല്ലോ. നമ്മുടെ മക്കൾ തെറ്റുകാരെന്ന് സമ്മതിക്കുന്ന രക്ഷാകർത്താക്കൾ ചുരുക്കമല്ലേ ഉള്ളൂ. അവർ പുതിയ കഥകൾ ഉണ്ടാക്കി. 'ഭാഗ്യ വിളിച്ചു വരുത്തിയതാണ് അവരെ ... മൂന്നു പേരും ഒന്നിച്ചു വന്നപ്പോൾ എല്ലാവരും പരസ്പരം തർക്കമായി. അതിലിടപെട്ടതാണ് അമ്മീമ്മക്ക് അടി പറ്റാൻ കാരണം. അല്ലാതേ... ഹേയ്.. അവർ സ്വന്തം ടീച്ചറെ തല്ലുമോ.. ഭാഗ്യ കരാട്ടേ പഠിച്ചിട്ടുള്ളതുകൊണ്ട് അവളുടെ അടിയാണ് ലക്ഷ്യം തെറ്റി അമ്മീമ്മക്ക് ഏറ്റത്. '

അമ്മയും അമ്മീമ്മയും ഭാഗ്യയും ശരിക്കും തകർന്നു പോയി. എങ്കിലും അവർ വീഴാതെ പിടിച്ചു നിന്നു.

അടി പറ്റിയ അമ്മീമ്മയെ ചികിത്സിച്ച ഫിസിഷ്യനും ഇ എൻ ടി സ്പെഷ്യലിസ്റ്റും ഡെൻറിസ്റ്റും അച്ഛനെ അറിയിച്ചു എന്നാണ് ഡയറിക്കുറിപ്പ്. കല്യാണത്തിന് ( അമ്മീമ്മക്ക് ) നല്ല ആരോഗ്യമാണെന്നും എളുപ്പത്തിലൊന്നും കല്യാണം ചത്തൊഴിയില്ലെന്നും...

സ്നേഹം.. ബഹുമാനം... നന്ദി.... ആദരം..ഈ വാക്കിനൊക്കെ വല്ല അർത്ഥവുമുണ്ടോ... ഇതൊക്കെ കണ്ടു പിടിച്ചവർക്ക് കൊടുക്കേണ്ടേ നാലെണ്ണം?

അമ്മയും അമ്മീമ്മയും ഭാഗ്യവും തൃക്കൂര് തന്നെ ജീവിച്ചു. അവർ ഓടിയൊളിച്ചൊന്നുമില്ല.

കേസ് കോടതിയിൽ വന്നപ്പോഴേക്കും ഭാഗ്യ ദില്ലിയിൽ ജോലിക്കാരി ആയിക്കഴിഞ്ഞിരുന്നു. റാണിയും ഭാഗ്യയും ദില്ലിയിൽ ഒന്നിച്ചു താമസിക്കാനും തുടങ്ങിയിരുന്നു.

അമ്മയും അമ്മീമ്മയും കൂടി കേസിനു പോയി. അമ്മ അച്ഛന്റെ ഒപ്പം ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതും ഞാൻ അധ്യാപകനെ വിട്ട് കെട്ടിടം പണിയാൻ വന്ന മേസ്തിരിക്കൊപ്പം കുഞ്ഞിനെയും ഉപേക്ഷിച്ചു നാടുവിട്ടതും അമ്മ അച്ഛനെ വിട്ടു താമസിക്കുന്നതും ഭാഗ്യ വിളിച്ചിട്ട് ചെന്നുവെന്നതും എല്ലാം അലറിക്കൂവി മോഷ്ടിക്കാൻ വന്നവരുടെ വക്കീൽ അയാളുടെ സ്വന്തം കക്ഷികളോടുള്ള പ്രതിബദ്ധത തെളിയിച്ചു. പക്ഷേ, പോലീസിൻറെ അന്വേഷണവും റിപ്പോർട്ടുകളും ചികിത്സാവിവരണങ്ങളും സാക്ഷി വിസ്താരങ്ങളും എല്ലാം കൃത്യമായിരുന്നു. ഒടുവിൽ അമ്മീമ്മ പറഞ്ഞ വാചകം ജഡ്ജ് പ്രത്യേകം രേഖപ്പെടുത്തീട്ടുണ്ട്.

'മോഷണം ഞാൻ പോട്ടേന്ന് വെച്ചേനെ.. എന്നെ നീ അടിക്കാൻ പാടുണ്ടോ മോനേ.. ഞാൻ നിൻറെ ടീച്ചറല്ലേ.. എനിക്ക് നിൻറെ അമ്മൂമ്മേടെ പ്രായമില്ലേ.. മോനെ..'

അമ്മീമ്മക്ക് നഷ്ടപരിഹാരത്തിനൊപ്പം മോഷ്ടാക്കൾക്ക് രണ്ടു വർഷത്തെ കഠിന തടവും കോടതി വിധിച്ചു.

അമ്മീമ്മയുടെ ആരോഗ്യം ആ അടിയേറ്റതോടെ തകരാൻ തുടങ്ങി... അമ്മീമ്മ പിന്നെ ആഭരണങ്ങളും തീരേ ധരിച്ചില്ല. ജോലികളിൽ നിന്ന് പതുക്കെ പിൻവാങ്ങുന്നതും തുടരെത്തുടരെ വീഴാൻ തുടങ്ങുന്നതുമെല്ലാം ആ അടികൾക്ക് ശേഷമായിരുന്നു...

1 comment:

Cv Thankappan said...

അമ്മീമ കഥകളിലൂടെ അമ്മീമയെ അറിയാം...
ആശംസകൾ