Friday, October 4, 2019

വലിയ അവാർഡ്

                                                                                                                      


ഇതിലും വലിയ അവാർഡ്.. എന്താണ്? എന്തിനാണ്?... Saraswathi Rajan

ഇത് ചെറിയ സരസ്വതി ടീച്ചർ എന്ന് ഞങ്ങൾ വിളിച്ചിരുന്ന അധ്യാപിക..

അഞ്ചു വർഷം എന്നെ മലയാളം പഠിപ്പിച്ച ടീച്ചർ.. ബി എ ക്ളാസ്സിൽ ചോദ്യത്തിനുത്തരം പറയാതെ കണ്ണും തുറിപ്പിച്ചു നിന്ന എന്നോട് 'വല്ലപ്പോഴും ഈ പുസ്തകമൊക്കെ എടുത്തു വായിച്ചു നോക്കണമെടോ' എന്ന് ചിരിച്ചോണ്ട് പറഞ്ഞ ടീച്ചർ..

'ജീവിതം എങ്ങനെ' എന്ന് ഒന്നോ രണ്ടോ തവണയെങ്കിലും ചോദിച്ച ടീച്ചർ..

എം എ ക്ളാസ്സിലെ അവസാന ദിവസം മോളെയും കൊണ്ട് ഞാൻ കോളേജിൽ പോയപ്പോൾ ടീച്ചർ ഒരു വല്യമ്മയെപ്പോലെ മോളെ വാരിയെടുത്തു കൊഞ്ചിച്ചു.

പിന്നെ അനവധി നീണ്ട കാലങ്ങൾക്കപ്പുറം
Maya Krishnan സ്വന്തം പുസ്തക (ഭൂതകാലത്തിൻറെ ഭാരം പേറുന്നവൾ) പ്രകാശനത്തിന് എന്നെ ക്ഷണിച്ച ആ ദിവസം...ആ ദിവസമാണ് ഞാൻ ടീച്ചറെ വീണ്ടും കണ്ടത്. അന്ന് Prasannan Chettiamparambil Krishnan ,പ്രസന്നൻ മാഷും, Sivasankaran TR, ശിവശങ്കരൻ മാഷും,@Krishnakumari Krishnan, കൃഷ്ണ കുമാരി ടീച്ചറും, Geetha KM, ഗീത ടീച്ചറും ഉണ്ടായിരുന്നു. ശിവശങ്കരൻ മാഷും അഞ്ചു വർഷം എന്നെ മലയാളം പഠിപ്പിച്ചിട്ടുണ്ട്. എത്ര കാലം കഴിഞ്ഞാണ് ഞാൻ അവരെ അന്ന് കാണുന്നതെന്നോ...

അവർക്ക് അറിയില്ല, ശരിക്കും... കലഹം നിറഞ്ഞ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ക്ളാസ്സിൽ വന്നിരുന്ന ഒരു ഗതികെട്ട പതിനേഴുകാരിയെ.. ഒരു ഇരുപത്തിരണ്ടു കാരിയെ....അവരുടെ സാന്നിദ്ധ്യത്തിൽ ഞാൻ ആദ്യമാദ്യം അനുഭവിച്ചിരുന്ന ആ വിലയേറിയ സുരക്ഷിതത്വത്തെ..

അധ്യാപകർ പലപ്പോഴും അമ്മമാരാണ്.. അച്ഛന്മാരാണ്, സഹോദരന്മാരും സഹോദരിമാരും കൂട്ടുകാരുമാണ്..
വെറും അദ്ധ്യാപകർ മാത്രമായി അവർ മാറുന്നത് പൂർണ്ണവ്യക്തികളാവാത്തതുകൊണ്ടായിരിക്കുമെന്ന് എനിക്ക് തോന്നീട്ടുണ്ട് പലപ്പോഴും..

അന്ന്... മായയുടെ പുസ്തകപ്രകാശനത്തിന്റെ ദിവസം സരസ്വതി ടീച്ചർ എന്നെ കെട്ടിപ്പിടിച്ചുമ്മ തന്നു. എൻറെ അമ്മ വന്നു കെട്ടിപ്പിടിച്ച പോലെയാണ് എനിക്ക് തോന്നിയത്.. ഞാനും അതേ വായ്പോടെ എൻറെ സ്വന്തം ടീച്ചറെ കെട്ടിപ്പിടിച്ചുമ്മ വെച്ചു.

എൻറെ അദ്ധ്യാപകർക്കൊപ്പമാണ് ഞാൻ അന്ന് ഉച്ചഭക്ഷണം കഴിച്ചത്.

ടീച്ചർ അന്ന് മുതൽ ഇന്ന് വരെ എന്നെ ചേർത്തു പിടിച്ചു നില്ക്കുന്ന ഈ ഫോട്ടോയാണ് പ്രൊഫൈൽ ആയി ഉപയോഗിക്കുന്നത്...

എൻറെ ജീവിതത്തിൽ എൻറെ എഴുത്തിൽ ഇതിലും വലിയ അംഗീകാരം ഇനി ലഭിക്കാനുണ്ടോ...

ഒത്തിരി സ്നേഹം.. എൻറെ സ്വന്തം ടീച്ചർ..

6 comments:

സുധി അറയ്ക്കൽ said...

ഭാഗ്യവതി.

Echmukutty said...

ഇച്ചിരി ഭാഗ്യം എനിക്കും ഇരിക്കട്ടെ, സുധി

pravaahiny said...

സന്തോഷമായില്ലേ ചേച്ചി

റോസാപ്പൂക്കള്‍ said...

സന്തോഷം എച്ചുമു😍

റോസാപ്പൂക്കള്‍ said...

സന്തോഷം എച്ചുമു😍

Cv Thankappan said...

ആശംസകൾ