Saturday, June 30, 2018

ഇന്നലെ ഒരു ഗാന സന്ധ്യ..

https://www.facebook.com/echmu.kutty/posts/555738051272160?pnref=story

ഭേദപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നലെ... ഒത്തിരിക്കാലം കൂടി പ്രയാണിനെയും ആര്യേട്ടനെയും കണ്ടു. നാടന്‍ മലയാളത്തില്‍ സംസാരിച്ചിരുന്നു.... നാരങ്ങാവെള്ളം കുടിച്ചു.

പിന്നീട് ദില്ലിയിലായിരുന്നു ഗാനസന്ധ്യ.

എയര്‍ കണ്ടീഷനിംഗ് ഇന്‍ഡസ്ട്രിയുടെ വിരുന്ന്.
ഞാനെങ്ങനെ പങ്കു പറ്റാന്‍.. ഏതു മുഖവും വെച്ചുകൊണ്ട്..

എന്നാലും ഞാന്‍ പോയി.. അനിയത്തിയുടെ ഒപ്പം.
മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങള്‍, ആഡംബരങ്ങള്‍, പാട്ട്, ആഹാരം.. പുരുഷന്മാര്‍ക്ക് മദ്യസല്‍ക്കാരം.. സ്ത്രീകള്‍ക്ക് നാരങ്ങാവെള്ളം .. ഇതിന്റെയെല്ലാം നടുവിലേക്ക്..


എല്ലാ ആഡംബരങ്ങള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും നടുവില്‍ വെറും കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിച്ച തലമുടിയില്‍ പെയിന്റ് അടിയ്ക്കാത്ത യാതൊരു മേക്കപ്പും ആഭരങ്ങളുമില്ലാത്ത ഇരുണ്ട തൊലി വര്‍ണമുള്ള എന്റെ അനിയത്തി എത്ര വലിയ കണ്‌സള്‍ട്ടന്റാണെന്ന് ഞാന്‍ കണ്ടു മനസ്സിലാക്കി.ഏറെ സന്തോഷവും അഭിമാനവും ഉണ്ടായി.. അത് അവളോടുള്ള എന്റെ സ്‌നേഹം കൊണ്ടാണെന്നും എനിക്ക് മനസ്സിലായി..കാരണം അല്ലെങ്കില്‍ അവളുടെ ആ പ്രൌഡിയില്‍ അസൂയ ജനിക്കുമായിരുന്നു. അത്തരം അസൂയപ്പെടലുകള്‍ ജീവിതങ്ങളെ തകര്‍ക്കുന്നതെങ്ങനെയെന്ന് ഞാന്‍ കാണുകയുമാണല്ലോ.

ആരേയും പരിചയമില്ലെങ്കിലും ആരും കൂട്ടില്ലെങ്കിലും എനിക്ക് ആസ്വദിയ്ക്കാന്‍ കഴിഞ്ഞ ആ ഗാനസന്ധ്യയില്‍..മറ്റൊരു കണ്‌സള്‍ട്ടന്റ് എന്റെ ആ മാനസികാവസ്ഥയെ എടുത്തു കാട്ടി അഭിനന്ദിച്ചു.
വാക്കുകള്‍ മറ്റ് മനസ്സുകളിലേക്കുള്ള തുറന്ന കവാടങ്ങളാവുന്നതെങ്ങനെയെന്ന് അദ്ദേഹം കാണിച്ചു തരികയായിരുന്നു.


ഏതൊക്കെയോ കണ്ടു മറന്ന മുഖങ്ങളെ അവരില്‍ പലരും ഓര്‍മ്മിപ്പിച്ചു. സുഖദമായ ഓര്‍മ്മകളായിരുന്നു അതെങ്കിലും ആരേയും അങ്ങനെ വ്യക്തമായി ഓര്‍ക്കാന്‍ കഴിഞ്ഞില്ല.

ഗാനസന്ധ്യയിലെ പാട്ടുകള്‍ അത്ര നിലവാരം പുലര്‍ത്തിയില്ല. യേശുദാസും കിഷോര്‍കുമാറും മുകേഷും പങ്കജ് ഉദ്ദാസും ലതാമങ്കേഷ്‌ക്കറുമെല്ലാം ഗായകരുടെ തൊണ്ടക്കുഴിയില്‍ പിടഞ്ഞു മരിക്കുന്നുണ്ടായിരുന്നു.

എന്നാലും ..

സിന്ദഗീ ബഡീ ധൂപ് ഹെ.. തും ഘനാച്ഛായാ...
തുംകോ ദേഖാ തോ ഹെ.. ഖയാല്‍ ആയാ...

ഒരു ജീവിതം കൊടുക്കലെന്ന അറപ്പിയ്ക്കല്‍...

https://www.facebook.com/echmu.kutty/posts/553312774848021

പെണ്‍കുട്ടികള്‍ക്കാണ് പൊതുവേ മനുഷ്യര്‍ ജീവിതം കൊടുക്കാറുള്ളത്. ആണ്‍കുട്ടികള്‍ കൈ നിറച്ചും കാലു നിറച്ചും മടി നിറച്ചും തല നിറച്ചും ജീവിതത്തോടെയാണ് ഈ ഭൂമിയിലേക്ക് കടന്ന് വരിക ... അവര്‍ക്ക് പിന്നെ അതു കൊടുക്കേണ്ട കാര്യമില്ലല്ലോ ആരും കാരുണ്യപൂര്‍വം.. ദയാപൂര്‍വം..

പെണ്‍കുട്ടികള്‍ക്ക് ജീവിതം കൊടുക്കുന്നതിലുമുണ്ട് ചില കാര്യങ്ങള്‍. അവരെ നല്ല സ്‌കൂളുകളിലും കോളേജുകളിലും വിട്ട് നന്നായി പഠിപ്പിച്ചോ നല്ല ജോലി നേടാന്‍ പ്രാപ്തരാക്കിയോ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചോ ഒന്നുമല്ല അവര്‍ക്ക് ജീവിതം കൊടുക്കുന്നത്..

കല്യാണം കഴിപ്പിച്ചയച്ചാണ് അങ്ങനെ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് ജീവിതം കൊടുക്കുന്നത്. അത്ര നാളും വളര്‍ത്തിയ അനാഥാശ്രമം അവര്‍ക്ക് ജീവിതം കൊടുക്കുന്നില്ലായിരുന്നു. എന്നാല്‍ അവരെ ദയാപൂര്‍വം കല്യാണം കഴിയ്ക്കാന്‍ ഒരാള്‍ വന്നാല്‍ ഉടനെ ജീവിതം കൊടുക്കലായി...

പത്രങ്ങള്‍ എഴുതുന്നതു കാണുമ്പോള്‍ ച്ഛര്‍ദ്ദിയ്ക്കാന്‍ വരും. എവിടെ നിന്നെങ്കിലും ഒക്കെ കിട്ടിയ കുഞ്ഞിനെ കഷ്ടപ്പെട്ട് വളര്‍ത്തി കല്യാണപ്രായമാക്കിയവരല്ല , ജീവിതം കൊടുത്തത്... സ്ത്രീധനം വേണ്ട, അനാഥയെ കല്യാണം കഴിച്ചു തരൂ എന്ന് പറഞ്ഞു വന്ന ആ മനുഷ്യന്‍ മാത്രമാണ്. ( അയാളുടെ നന്മയെ അല്‍പം പോലും കുറച്ച് കാണുന്നില്ല ഒരിയ്ക്കലും, അവള്‍ക്കൊപ്പം സ്‌നേഹമായും സന്തോഷമായും തമിഴന്‍ പറയും പോലെ അവളുടെ കണ്‍ കലങ്കാമേ ജീവിയ്ക്കുകയാണ് അയാള്‍ പിന്നീട് ചെയ്യുന്നതെങ്കില്‍ … അയാളുടെ നന്മയെ അംഗീകരിയ്ക്കാന്‍ ആര്‍ക്കും മടിയുണ്ടാവുകയില്ല തന്നെ. )

സിനിമകളില്‍ അത്ര നാള്‍ വളര്‍ത്തിയ മാതാപിതാക്കളോ മനസ്സിലാക്കുന്ന അയല്‍പ്പക്കക്കാരനോ ഈ ജീവിതം കൊടുക്കുന്നില്ല. കല്യാണം കഴിയ്ക്കാന്‍ വരുന്നവരാണ് അതു കൊടുക്കുക.. എന്നിട്ട് സ്ത്രീധനത്തിന്റെ പേരില്‍ കല്യാണം മുടങ്ങുമ്പോള്‍ , എല്ലാം അറിയുന്ന അയല്‍പ്പക്കക്കാരന്‍ നിറകണ്ണുകളോടെ ആ വരനോട് യാചിക്കും .. 'ഈ പെണ്‍കുട്ടിയ്ക്ക് ഒരു ജീവിതം കൊടുക്കു.. '

കാരുണ്യം ദയ സല്‍ക്കര്‍മ്മം പുണ്യം എന്നൊക്കെ പേരിട്ട് ദരിദ്രരായ പെണ്‍ കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കുന്ന സമൂഹ വിവാഹങ്ങളുണ്ട്. എന്നാല്‍ ഒരു സമൂഹ വിദ്യാഭ്യാസപദ്ധതിയോ ജോലി പദ്ധതിയോ സ്വന്തം കാലില്‍ നില്‍ക്കുന്ന പദ്ധതിയോ പെണ്‍ കുട്ടികള്‍ക്കായി കാണാറില്ല. അത് ആവിഷ്‌ക്കരിക്കാത്തതെന്താ?

എന്നാണ് വിദ്യാഭ്യാസം നേടി ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുന്ന പെണ്‍ കുട്ടിയ്ക്ക് ജീവിതമുണ്ടാവുന്നതാവോ? ആരും കൊടുക്കാതെ തന്നെ … സ്വന്തം പ്രയത്‌നത്തിന്റെ മാധുര്യമുള്ള സ്വയം കെട്ടിപ്പടുത്ത മനോഹര ജീവിതം.

അതല്ലേ ജീവിതം?അത് തന്റേടത്തോടെ നയിക്കാനല്ലേ ഒരു പെണ്‍കുട്ടിയെ പ്രാപ്തയാക്കേണ്ടത് ?

ആണ്‍കോലമാടുന്ന പെണ്ണാകാരങ്ങള്‍ ...

https://www.facebook.com/echmu.kutty/posts/551651055014193

അനവധി പെണ്‍കുട്ടികളെ നിഷ്‌ക്കളങ്കമായ പ്രേമം നടിച്ച് കൂടെ കൊണ്ടു നടക്കുകയും ഹോട്ടലുകളില്‍ കൂട്ടിക്കൊണ്ടു പോവുകയും സ്വന്തം സുഹൃത്തുക്കളുടേയും അയാളുടേയും താല്‍പര്യം തീരുമ്പോള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഒരു വിടനായിരുന്നു അയാള്‍. അയാളെ സൂക്ഷിക്കണമെന്ന് എല്ലാവരും കാതോരം പിറുപിറുക്കുമായിരുന്നുവെങ്കിലും ആരും അങ്ങനെ പ്രത്യേകമായി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടാവണം എന്നും എപ്പോഴും അയാള്‍ക്കാവശ്യം പോലെ ഉപയോഗിക്കാന്‍ സ്ത്രീകളെ ലഭിച്ചിരുന്നു. അതിനാവശ്യമായ മെയ്യൊതുക്കവും വാക് വഴക്കവും അയാളില്‍ നിര്‍ലോഭവുമായിരുന്നു.

എന്തായാലും അയാളുടെ തറവാട്ടുകാര്‍ക്ക് ഈ ദു:ശീലം പൊറുക്കാനാവുമായിരുന്നില്ല. അവര്‍ അയാളെ കല്യാണം കഴിപ്പിച്ചു. അതാണല്ലോ സ്വയംവരവും ഗാന്ധര്‍വവും ഒക്കെ പോലെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പേരു കേട്ട ഒരു കല്യാണ രീതി.. മാതാപിതാക്കള്‍ക്കും മറ്റു സന്തുബന്ധുക്കള്‍ക്കും ഗുരുനാഥര്‍ക്കും ഒന്നും നന്നാക്കാനാവാത്ത ചീത്തശീലങ്ങളെ മാറ്റാന്‍ വേറേ ഏതോ നാട്ടില്‍ അത്രയും കാലം തികച്ചും അപരിചിതയായി സ്വന്തം സ്വപ്നങ്ങളില്‍ മുഴുകി ജീവിച്ചു പോന്ന ഒരു പെണ്‍കുട്ടിയ്ക്ക് സാധിക്കുമെന്ന് വിചാരിക്കുന്ന ഒരു രീതി ..

അങ്ങനെ കല്യാണം കഴിഞ്ഞു. അത് പെട്ടെന്നായിരുന്നു. അധികം ആളുകളെ ക്ഷണിക്കാതെ.. എടുപിടീന്ന്... ആരും വന്ന് ബഹളം വെച്ച് മുടക്കരുതെന്ന മുന്‍ കരുതലില്‍.. കുറെയൊക്കെ രഹസ്യമായി...

കല്യാണം കഴിഞ്ഞ് മധുവിധുവിനു പോയപ്പോഴാണ് കാര്യങ്ങള്‍ പ്രയാസമായത്. അയാളുടെ സുഹൃത്തുക്കള്‍ കൂടെയുള്ളത് ഭാര്യയാണെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.. അയാള്‍ക്ക് ഇത് തന്റെ ഭാര്യ തന്നെയാണെന്ന് കൂട്ടുകാരെ വേണ്ടത്ര വിശ്വസനീയമായി ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല....

അപ്പോള്‍ പിന്നെ ആ ഭാര്യ ഒരു പെണ്‍ ശരീരം മാത്രമായി. അതങ്ങനെയാണല്ലോ ആവേണ്ടത്. െ്രെകം നെവര്‍ പെയ് സ് എന്നല്ലേ?

എന്നിട്ട് ?

അയാള്‍ ആ പെണ്ണിനെ ഉപേക്ഷിച്ചു.. എനിക്കീ കഥ പറഞ്ഞു തന്ന സ്ത്രീ അവിടെ നിറുത്തീരുന്നെങ്കില്‍ ഞാന്‍ ഇത്ര സങ്കടപ്പെടുമായിരുന്നില്ല..

' അയ്യോ! ആ പെണ്‍ കുട്ടി എന്തു കുറ്റം ചെയ്തു? അയാള്‍ക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിഞ്ഞു' എന്ന അമ്പരപ്പിനോട് ഒന്ന് പുച്ഛത്തില്‍ കാര്‍ക്കിച്ചു തുപ്പിയിട്ട് അവര്‍ എന്നെ അതിക്രൂരമായി ആണിയടിച്ച് ഇങ്ങനെ മുറിവേല്‍പ്പിച്ചു.

' അയാള്‍ക്ക് അറയ്ക്കില്ലേ ഇനി അതിന്റെ കൂടെ അന്തിയുറങ്ങാന്‍... ഉപേക്ഷിക്കല്ലാതെ എന്താ ചെയ്യാ... അയാള്‍ക്കിനീം കിട്ടും നല്ല തറവാടിത്തമുള്ള കിളി പോലത്തെ കുട്ടികളെ..'

എന്റെ മൊഴി മുട്ടി.

സ്ത്രീകള്‍ ഇങ്ങനെ കൊടും ക്രൂരമായി സംസാരിക്കുമ്പോള്‍ … നിങ്ങളൂടെ മകളാണ് ആ സ്ഥാനത്തെങ്കില്‍ എന്ന് നമ്മള്‍ ചോദിച്ചാലൊന്നും അവര്‍ കുലുങ്ങുകയില്ല.. ചൂഷകസമൂഹത്തിന്റെ നല്ല സ്ത്രീകളാവുകയാണ് വേണ്ടെതെന്ന തെറ്റിദ്ധാരണയില്‍ പുലരുന്ന അവര്‍ അപ്പോള്‍ തത്തകളെപ്പോലെ മൊഴിയും.. . 'ഞാന്‍ എന്റെ മോളെ നല്ല അടക്കത്തിലുമൊതുക്കത്തിലുമാ വളര്‍ത്തുന്നത് . അവള്‍ക്ക് അങ്ങനെ ഒന്നും വരില്ല. അവളെ ദൈവം കാക്കും.. '

നിര്‍ഭാഗ്യവതികളായ സ്ത്രീകളെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന പൊതു സമൂഹത്തിന്റെ തിന്മകള്‍ക്കൊപ്പം ഇവരും തോളോടു തോള്‍ ചേരും.
പെണ്ണിന്റെ ശത്രു പെണ്ണാണെന്ന ലിംഗമേധാവിത്ത സമൂഹത്തിന്റെ എക്കാലത്തേയും വചനം ഉറപ്പിക്കുന്നതിലും ഇമ്മാതിരി സ്ത്രീകള്‍ അങ്ങനെ മുഖ്യ പങ്ക് വഹിക്കും. …

ആണ്‍ മേധാവിത്തം ശരിയാണെന്ന് വാദിക്കുന്ന പുരുഷന്മാരെപ്പോലെയോ അതിലും എത്രയോ മേലേയൊ അപകടകാരികളാണ് ആണ്‍മേധാവിത്ത മൂല്യങ്ങള്‍ ഒരു രണ്ടാം തൊലി പോലെ സ്വാംശീകരിച്ചിട്ടുള്ള പെണ്‍ശരീരങ്ങള്‍ ... അവര്‍ക്ക് ഈ സമൂഹത്തിന്റെ എന്തു വൃത്തികെട്ട തെറ്റിനും കൊടും ക്രൂരതയ്ക്കും എത്ര വലിയ കുറ്റത്തിനും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കഴിയും... അപൂര്‍വ ന്യായങ്ങള്‍ ഉറക്കെ ഉറക്കെ പറയാന്‍ കഴിയും.. അവരെ ചൂണ്ടിക്കാട്ടി ' ഇതാ ഇവര്‍ പറയുന്നത് കേള്‍ക്കു .. ഇങ്ങനെയാണ് സ്ത്രീകള്‍ ജീവിയ്‌ക്കേണ്ടത് ' എന്ന് ആണ്‍ കോയ്മയുടെ പരുഷ വക്താക്കള്‍ ഉദ്‌ഘോഷിക്കും. അപ്പോള്‍ ചൂഷകരുടെ നല്ല പെണ്‍ ശരീരങ്ങളായ ഇവര്‍ പൊതുസമൂഹം പുലര്‍ത്തുന്ന അറുപിന്തിരിപ്പന്‍ രീതികളുടെ കൊടിക്കൂറകള്‍ ആവുന്നത്ര ഉയരത്തില്‍ പറപ്പിക്കും..

നിര്‍ലജ്ജം.... നിസ്സങ്കോചം ..

കല്യാണമെന്ന ഒരു തെറ്റില്‍ സ്വയമറിയാതെ അകപ്പെട്ടു പോയി ഇത്രയേറെ പീഡനവും അപമാനവും നിന്ദയും നിരാകരണവും സഹിക്കേണ്ടി വന്ന ആ പാവം പെണ്‍കുട്ടി ഇന്നും കണ്ണീര്‍മിഴികളോടെ … വേദനയോടെ എന്റെ മുന്നില്‍...

Friday, June 29, 2018

ഹോളി..

https://www.facebook.com/echmu.kutty/posts/544180885761210

2007 ലാണ് ഇങ്ങനെ ഉത്തരേന്ത്യയില്‍ തന്നെ ഹോളി ആഘോഷിച്ചത്.. എല്ലാവരും ഒന്നിച്ച്...നിറങ്ങളിലും വെള്ളത്തിലും കുളിച്ച്..

കഴിഞ്ഞ ഹോളിക്കാലത്ത് ഞനിവിടെ ഉണ്ടായിരുന്നുവെങ്കിലും ആഘോഷങ്ങളിലൊന്നും പങ്കെടുക്കാനായില്ല.

ഇത്തവണ നിറങ്ങള്‍ വാരി വിതറി ഹോളി മുന്നില്‍ വിടര്‍ന്നു. ഹോളികാ ദഹനം കഴിഞ്ഞ് നിറങ്ങളില്‍ മുങ്ങിനിവര്‍ന്ന് ഭക്ത പ്രഹ്ലാദന്‍ അഗ്‌നി വിശുദ്ധി നേടിയത് ഇന്നലെ വൈകീട്ടായിരുന്നു. ഇവിടെ കണ്‍ മുന്നില്‍... ആളുന്ന അഗ്‌നിയില്‍ ....

ഇന്ന് നിറങ്ങളില്‍ കുളിച്ച് മനുഷ്യര്‍.. 'ഹോളി ഹേ ഭായി ഹോളി ഹേ.. എന്നും രംഗ് ഭര് സേ ഭീഗേ ചുനര് വാലി രംഗ് ഭര് സേ ' എന്നും ആര്‍ത്ത് വിളിച്ച് ഹോളി കളിക്കുന്നു.

നാട്ടിലെ സൈറ്റില്‍ നിന്ന് ചെളിയില്‍ കുളിച്ചും ചെളി വാരിപ്പൂശിയും ഹോളി ആഘോഷിക്കുന്ന വടക്കേ ഇന്ത്യക്കാരായ ജോലിക്കാരുടെ ആഹ്ലാദം ഇന്നലെ ഒരു സുഹൃത്ത് പങ്ക് വെച്ചിരുന്നു..


എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാവട്ടെ എന്ന് ഞാന്‍ കരുതി.. അതിനെച്ചൊല്ലിയുള്ള വേര്‍തിരിവുകളും വഴക്കുകളും ഇല്ലാതാവട്ടെ.. സന്തോഷം മനുഷ്യനെ പരസ്പരം അകറ്റുന്ന ഒരു വികാരമല്ലാതാവട്ടേ ...

എല്ലാവര്‍ക്കും ഹോളി ആശംസകള്‍

എച്മുവിന്റെ പെണ്ണുങ്ങള്‍-നീലിച്ചു കറുത്ത നിശീഥിനികളുടെ ഉറ്റ തോഴി

https://www.facebook.com/echmu.kutty/posts/543299619182670
                       
                20-03-2016നു നവമലയാളിയില്‍ വന്ന പോസ്റ്റ്)
http://navamalayali.com/2016/03/20/echmu-column-m16/

സ്ത്രീകള്‍ രാത്രികളില്‍ മാരത്തോണ്‍ ഓടുന്നു, നഗരങ്ങളില്‍ ഒറ്റയ്ക്ക് വഴി നടക്കുന്നു, രാത്രികള്‍ സ്വന്തമായി കിട്ടിയാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന ലേഖന മല്‍സരങ്ങളില്‍ ഉഷാറായി പങ്കെടുക്കുന്നു.നല്ല കാര്യം... സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതു തന്നെയാണ് പകല്‍ പോലെ രാത്രികളും. അക്കാര്യത്തില്‍ എനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല. രാത്രിയിലെന്നല്ല പകലായാലും സ്ത്രീയെ ഒറ്റയ്ക്ക് കിട്ടിയാല്‍ ബലാല്‍സംഗം ചെയ്ത് ശരിപ്പെടുത്തിക്കളയുമെന്നും അതുകൊണ്ട് സ്ത്രീകള്‍ കട്ടിത്തുണികൊണ്ട് മൂടിമറച്ച്, ആണ്‍തുണയില്ലാതെ മുറ്റത്തിറങ്ങിയാല്‍ മാനം പോകുമെന്ന് സദാ പേടിച്ച് വിറച്ച് വീടുകളില്‍ കുത്തിയിരിക്കണമെന്നുമുള്ള സാമൂഹിക അഹന്തയെയും അതിനു ചൂട്ടു പിടിക്കുന്ന സകല മതാചാരങ്ങളേയും നിയമസംഹിതകളേയും രാഷ്ട്രീയാഭിപ്രായങ്ങളേയും സാംസ്‌ക്കാരികാല്‍പത്തങ്ങളേയും നിരത്തി നിറുത്തി വെടിവെച്ചു കൊല്ലുക തന്നെ വേണം .

ഇത്തരം വികല സങ്കല്‍പങ്ങളെയാണ് മുച്ചൂടും എതിര്‍ക്കേണ്ടത്. തീയിട്ട് കത്തിച്ചു കളയേണ്ടത്. അല്ലാതെ ഒരു ഫാഷന്‍ എന്ന നിലയ്‌ക്കോ ഒരു ചടങ്ങ് എന്ന നിലയ്‌ക്കോ ഒരു മല്‍സരം എന്ന നിലയ്‌ക്കോ പെണ്ണുങ്ങള്‍ രാത്രികളെ സ്വന്തമാക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു സ്ത്രീ രാത്രിയില്‍ ഇറങ്ങി നടന്നപ്പോള്‍, അതുമല്ലെങ്കില്‍ കുറച്ച് സ്ത്രീകള്‍ രാത്രിയില്‍ ഇന്‍ഡ്യന്‍ കോഫീ ഹൌസില്‍ പോയി കാപ്പി കുടിച്ചപ്പോള്‍ എന്ന നിലയ്‌ക്കോ മാത്രം കണ്ട് ഒതുക്കിക്കളയേണ്ട വിഷയമല്ല ഇത്. അത് നിരന്തരമായ വിട്ടു വീഴ്ചകളില്ലാത്ത സമരമായിരിക്കണം.' യ്യോ! എനിക്ക് പേട്യാവും' എന്ന കൊഞ്ചും പെണ്‍ ചൊല്ല് കേട്ടാല്‍ ഒരു പുരുഷനും സംരക്ഷകനെന്ന രോമാഞ്ചത്തിന്റെ കുളിരു കോരരുത്. ആ വാചകം പറയുന്നത് സ്വന്തം പെണ്ണത്തത്തിനു കൊടിയ അപമാനമാണെന്ന് സ്ത്രീകള്‍ സ്വയം മനസ്സിലാക്കുകയും വേണം.

പേടിയേ ആവാത്ത പേടി എന്ന വികാരമെന്തെന്നറിയാത്ത ഒരു പെണ്ണായിരുന്നു, മാതു. അവള്‍ നിശീഥിനികളുടെ കൂട്ടുകാരിയായിരുന്നു. ആദരവോടേയും ബഹുമാനത്തോടെയും മാത്രമേ എനിക്ക് മാതുവിനെപ്പറ്റി ഓര്‍ക്കാന്‍ കഴിയൂ .... എഴുതാന്‍ കഴിയൂ.

മാതു ഇപ്പോഴുമുണ്ട്. ജോലി ചെയ്ത് അന്തസ്സായി ജീവിക്കുന്നു. വലിയ ഉദ്യോഗമൊന്നുമല്ല, പാത്രം കഴുകല്‍, അംഗനവാടിയില്‍ കഞ്ഞീം കൂട്ടാനും വെയ്ക്കല്‍ … അത്രൊക്കെയെ ഉള്ളൂ ഉദ്യോഗപ്പവര്‍ ഒരു തല്ലിപ്പൊളി മൊബൈല്‍ ഫോണ്‍ ഉണ്ട്. മൊബൈല്‍ ഇറങ്ങിയ കാലത്ത് ആരോ കൊടുത്തതാവണം. ദോഷം പറയരുതല്ലോ, ആ ഫോണിനിപ്പോഴും യാതൊരു കേടുമില്ല. മാതു അതിനെ പൊന്നു പോലെ സംരക്ഷിക്കുന്നു. അതില്‍ ഒരു കോറലോ ഒട്ടിച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക് കവറിനൊരു മങ്ങലോ പറ്റിയിട്ടില്ല. ഫോണ്‍ മാതുവിന്റെ മുണ്ടിന്‍ മടിക്കുത്തില്‍ എപ്പോഴും ഭദ്രമായുണ്ടാവും. എപ്പോള്‍ വിളിച്ചാലും ' ആരാ ഇത്? എന്നോട് കലാക്കുട്ടിയല്ലവോ ' എന്ന് ചോദിക്കും.

അമ്മീമ്മ താമസിച്ചിരുന്ന ബ്രാഹ്മണ ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ മാതു, ബ്രാഹ്മണഗൃഹങ്ങളില്‍ അടിച്ചു വാരിത്തുടച്ച് പാത്രം കഴുകി തുണിയലക്കി അങ്ങനെ ജീവിച്ചു പോന്നു. ഒരു പത്തു വയസ്സു മുതല്‍. മാതുവിന്റെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും കുറച്ചു കഴിഞ്ഞപ്പോള്‍ മാതുവിനെ വിട്ടു മരണത്തിനു കീഴടങ്ങി. ഇടിഞ്ഞു പൊളിഞ്ഞതാണെങ്കിലും മാതുവിനൊരു വീടുണ്ടായിരുന്നു. അതുകൊണ്ട് കിടക്കാനിടമില്ലാത്ത ദുരിതം അവള്‍ക്ക് വന്നതേയില്ല. പിന്നെ മത്തയും കുമ്പളവും പടവലവും മുരിങ്ങയും കയ്പയ്ക്കയും കപ്പയും ചക്കയും കറിവേപ്പുമൊക്കെ ആ പറമ്പിലുണ്ടായിരുന്നു. അതുകൊണ്ട് ഒന്നോ രണ്ടോ നേരം ഇതൊക്കെയും പിന്നെ തഴുതാമയും തകരയും വേവിച്ചു തിന്നും മറ്റും മാതു അങ്ങ് കഴിഞ്ഞു കൂടി.

പക്ഷെ, ആലോചിച്ചു നോക്കു...വെറും പത്തു വയസ്സ്. ഇടിഞ്ഞു പൊളിഞ്ഞ വീട്. ബ്രാഹ്മണഗൃഹങ്ങളില്‍ അടിച്ചു തളി... ഒരു കൊച്ചു പെണ്‍കുട്ടിയ്ക്ക് ജീവിയ്ക്കാന്‍ ഇതു മതിയോ?

എന്തായാലും കുട്ടി മാതു ജീവിച്ചു.

രാവിലെ ആറരയാവുമ്പോഴേക്കും വീട്ടില്‍ നിന്നിറങ്ങി വൈകീട്ട് നാലഞ്ചു മണിയാവുമ്പോഴേക്കും വീട്ടില്‍ മടങ്ങി എത്തും.

മാതു വളര്‍ന്നു തുടങ്ങി... പിന്നെ തിരണ്ടു. നെഞ്ചില്‍ മുലമൊട്ടുകള്‍ കൂമ്പി. തലമുടി ഇരുണ്ട് കനത്തു. കവിളിനു മിനുസവും തിളക്കവും കൈവന്നു. ഒന്നരമുണ്ടിനടിയിലെ പിന്‍ ഭാഗവും തുടകളും ആണുങ്ങളെ തീവ്രമായി അസ്വസ്ഥരാക്കാനാരംഭിച്ചു.

അങ്ങനെയാണ് പൂണൂലിട്ട തികഞ്ഞ ശുദ്ധബ്രാഹ്മണരുടെ വീട്ടില്‍ മാത്രം പണിയെടുത്തിരുന്ന മാതുവിനെ ആലിംഗനം ചെയ്യാനും കീഴ്‌പ്പെടുത്താനും ഒരു അയ്യര്‍ ഭര്‍ത്താവിനു മോഹമുദിച്ചത്, മാതു കുതറി, അയാളുടെ കൈയില്‍ നിലവിളക്കു കൊണ്ട് ഒരടി കൊടുത്തിട്ട് ഓടി രക്ഷപ്പെട്ടു. പൊണ്ടാട്ടിയായ അമ്മ്യാര്‍ക്ക് ഭര്‍ത്താവ് വഴുക്കി വീണപ്പോള്‍ കൈ ഒടിഞ്ഞതാണെന്ന് പറഞ്ഞു നടക്കേണ്ട ബാധ്യതയുണ്ടായി... അതു പിന്നെ അങ്ങനെയാണല്ലോ. ഭര്‍ത്താവിന്റെ പേരില്‍ ആരോപണം വന്നാലോ വരാന്‍ ചാന്‍സുണ്ടായാലോ ഭാര്യമാര്‍ കരഞ്ഞുകൊണ്ടും ഗദ്ഗദപ്പെട്ടുകൊണ്ടും ഒക്കെ അങ്ങനെ അദ്ദേഹത്തിനെ രക്ഷപ്പെടുത്തുന്നതും ഒരു പത്‌നീ ധര്‍മ്മമാണല്ലോ. ഇക്കാലത്തേയും എല്ലാ പെണ്‍പീഡന കേസുകളിലും നമ്മള്‍ ഇത് സ്ഥിരം കാണുന്നതല്ലേ ?

അപ്പോഴാണ് രക്ഷകനായി ഒരു രാമന്‍ നായരെ മാതുവിന്റെ അകന്ന ബന്ധത്തിലുള്ള ചില അമ്മാവന്മാരും അമ്മായിമാരും കൂടി അവള്‍ക്ക് ഭര്‍ത്താവായി കണ്ടു പിടിച്ചു കൊണ്ടു വന്നത്. രാമന്‍ നായര്‍ക്ക് സ്ഥിരം ജോലിയൊന്നുമുണ്ടായിരുന്നില്ല. പറമ്പ് കിളയ്ക്കലും വേലി കെട്ടലും റോഡിലിരുന്ന് ബീഡി വലിയ്ക്കലും താന്‍ വലിയ കേമനും തറവാടിയും ആണെന്ന് പൊങ്ങച്ചം പറയലുമാണ് പ്രധാന ജോലി.

മാതു പത്തുമാസം കഴിഞ്ഞപ്പോള്‍ ഒരു മോളെ പ്രസവിച്ചു. അതിനുശേഷമാണ് അമ്മീമ്മയുടെ വീട്ടില്‍ പുറം പണിയ്ക്ക് വന്നു തുടങ്ങിയത് . അതുവരെ മാതുവിനു അവിടെ ജോലിക്കു വന്നാല്‍ മറ്റ് ബ്രാഹ്മണഗൃഹങ്ങളിലെ ജോലി നഷ്ടപ്പെടുമോ എന്ന ഭീതി ഉണ്ടായിരുന്നു. ദാരിദ്ര്യം മുഴുത്തു മുഴുത്തു വന്നപ്പോള്‍ ഭ്രഷ്ടിനെപ്പറ്റിയുള്ള ഭയം അവളില്‍ നിന്നകന്നു പോയി.

അടുത്ത പത്താം മാസത്തില്‍ തന്നെ മാതു ഒരു മോനെ പെറ്റു.

അപ്പോഴേക്കും രാമന്‍ നായര്‍ക്കു ദാരിദ്ര്യവും പേറും മൂത്തകൊച്ചിന്റെ അവസാനിയ്ക്കാത്ത തൊള്ള കീറലും മാറാത്ത കരപ്പനും ഒടുങ്ങാത്ത പ്രാരാബ്ധവും ഒക്കെ മടുത്ത് കഴിഞ്ഞിരുന്നു. മാതു രണ്ടാമത് പെറും വരെ രാമന്‍ നായര്‍ നാട്ടില്‍ നിന്നില്ല. അയാള്‍ നാടു വിട്ട് പോയി. എന്നു വെച്ച് പ്രസവ വേദന വരാതിരിയ്ക്കുമോ ? പെറാതെ പറ്റുമോ? ഇല്ല. മാതു അങ്ങനെ രണ്ടാമതും അമ്മയായി.

രണ്ട് മക്കള്‍ … മാതു , ജീവിതം കഴിയേണ്ടേ?

രണ്ടാമത്തെ പ്രസവത്തോടെ ആര്‍ത്തവം വരുന്നില്ലെന്ന് മാതു നാട്ടില്‍ എല്ലാവരോടും പറഞ്ഞു. അങ്ങനെ മാസത്തില്‍ മുപ്പതു ദിവസവും എല്ലാ മഠങ്ങളിലും അവള്‍ ജോലി ചെയ്തു, പൂജാ മുറി തുടയ്ക്കാനും വിളക്ക് തേയ്ക്കാനും ഒന്നും ഒരു മടിയും ഇല്ലാതെ...ശിവനും വിഷ്ണുവും ദേവിയുമായ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദൈവങ്ങള്‍ ആരും തന്നെ മാതുവിനെ ഒറ്റിക്കൊടുത്തില്ല. ഒരു കാലത്തും.

കിട്ടുന്ന ജോലിയെല്ലാം മാതു ചെയ്യും. പാല്‍ സൊസൈറ്റിയിലെ വലിയ വലിയ പാല്‍ പാത്രങ്ങള്‍ കഴുകാന്‍ പോകും. അംഗനവാടിയില്‍ കുറുക്കും ഉപ്പുമാവും ഉണ്ടാക്കാന്‍ പോകും. അഞ്ചെട്ട് വീടുകളിലെ വീട്ടു ജോലികള്‍ ചെയ്യും. ഏതു പണി ആരെവിടെ ചെയ്യാനുണ്ടെന്ന് പറഞ്ഞാലും മാതു ചെയ്യും. ആ സമയത്തെല്ലാം കുട്ടികള്‍ അതതിടങ്ങളില്‍ മണ്ണിലിഴഞ്ഞ് കളിച്ചു കൊണ്ടിരിക്കും. മഴയത്തും വെയിലത്തും മഞ്ഞത്തും ഒക്കെ ഒരേ മാതിരി. മാതു തരം പോലെ കുട്ടികള്‍ക്ക് മുല കൊടുക്കുകയും കുറുക്കും ഉപ്പുമാവും ചോറും മറ്റും കൊടുക്കുകയും സ്വയം തിന്നുകയും ചെയ്യൂം.
ആ കുട്ടികള്‍ക്കും ഭയങ്കര വിശപ്പായിരുന്നു . എന്തു കിട്ടിയാലും ഗപ് ഗപ് എന്ന് ഉടനെ തിന്നും.

രാമന്‍ നായര്‍ ഇടയ്ക്ക് മാതുവിനു കത്തയയ്ക്കും. കത്ത് വായിയ്ക്കുന്നത് അമ്മീമ്മയാണ്. മാതുവിനു പഠിപ്പ് ഇല്ലല്ലോ.

' എന്റെ മാതു നീ നമ്മുടെ മക്കളെ നന്നായി നോക്കണം. പറ്റുമ്പോള്‍ ഞാന്‍ അങ്ങോട്ട് വരാം.' എന്നാണ് കത്തിലുണ്ടാവുക.

മക്കളെ വെറുതേ കണ്ണ് ഉരുട്ടി മിഴിച്ച് നോക്കിയാല്‍ പോരല്ലോ.

അതുകൊണ്ട് മാതു രണ്ട് പിള്ളേരെയും ഒക്കത്തെടുത്ത് ഈ വീടുകളില്‍ നിന്നു കിട്ടുന്നതെല്ലാം ഒരു വട്ടക്കുട്ടയില്‍ നിറച്ച് തലയില്‍ വെച്ച് അമ്മീമ്മ കൊടുത്ത വലിയൊരു ഒരു ടോര്‍ച്ചും മിന്നിച്ച് ഗ്രാമത്തിലെ ബ്രാഹ്മണച്ചുടലയുടെ നടുവിലൂടെ നടന്ന് രാത്രി ഒമ്പതു മണിയ്ക്കും പത്തുമണിയ്ക്കും ഒക്കെ സ്വന്തം വീട്ടിലേക്ക് പോകും...

ഒരു പ്രേതവും മാതുവിനെ തൊട്ടില്ല. ഒരു പാമ്പും പത്തി വിതുര്‍ത്ത് കാണിച്ചില്ല. എന്നാല്‍ ആണ്‍തുണയില്‍ അഹങ്കരിച്ചിരുന്ന ഗ്രാമത്തിലെ പേടിക്കാരി പെണ്ണുങ്ങളും മാതുവിനെ തൊടാന്‍ കിട്ടാത്ത ആണുങ്ങളും രഹസ്യമായി പേയ്, പിശാച്, വേശ്യ എന്നൊക്കെ അവളെ വിളിച്ചിരുന്നു.

കുട്ടികള്‍ക്ക് അഞ്ചും നാലും വയസ്സായപ്പോള്‍ ഒരു അല്‍ഭുതം സംഭവിച്ചു. രാമന്‍ നായര്‍ മടങ്ങി വന്നു.

അടിച്ചതിനകത്ത് കയറരുതെന്ന് മാതു ഒരു ഭദ്രകാളിയായി. അവളുടെ അതി തീവ്രമായ സങ്കടം ആ തൊണ്ടയും കരളും കുത്തിപ്പറിച്ചെടുത്തു. അവള്‍ ഒരു യക്ഷിയെപ്പോലെ അലറി... ഒടുവില്‍ തളര്‍ന്ന് ബോധം കെട്ട് വീണു.

അപ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റി ഇടപെട്ടു.

' എന്തായാലും രാമന്‍ നായര്‍ നിന്റെ ഭര്‍ത്താവാണ്. അയാളെ അങ്ങനെ ആട്ടിക്കളയുന്നത് ശരിയല്ല. അയാള്‍ പുറപ്പെട്ട് പോയത് തെറ്റ് തന്നെ . പക്ഷെ, അയാളിപ്പോ മടങ്ങി വന്നില്ലേ. അയാളിനി നന്നായി കുടുംബം നോക്കും. നീ അയാളെ വീട്ടില്‍ കയറ്റി താമസിപ്പിക്കണം. ഒരു തെറ്റൊക്കെ പറ്റാത്ത മനുഷ്യരുണ്ടോ മാത്വോ '

അങ്ങനെ രാമന്‍ നായര്‍ വീണ്ടും മാതുവിന്റെ കുടുംബനാഥനായി.
അപ്പോള്‍ ചില കാര്യങ്ങള്‍ ഒക്കെ അതതിന്റെ മുറ പോലെ സംഭവിക്കുമല്ലോ. അങ്ങനെ അതും സംഭവിച്ചു.

മാതുവിനു പിന്നെയും ഗര്‍ഭമുണ്ടായി. ഇത്തവണ പൊടി പൂരമായിരുന്നു കാര്യങ്ങള്‍. അവളുടെ മേലാസകലം നീരു വന്നു വീര്‍ത്തു. വലിയ വയറ്... അതും താങ്ങി നടക്കുന്നതു തന്നെ ദയനീയമായ ഒരു ചിത്രമായിരുന്നു. എന്ന് വെച്ച് പണിയ്ക്ക് പോകാതെ പറ്റുമോ? രാമന്‍ നായര്‍ക്ക് വല്ലപ്പോഴുമല്ലേ പണി കിട്ടൂ. പിന്നെ മാതുവിന്റെ പറമ്പില്‍ വല്ലതും കൊത്തിക്കിളച്ചുണ്ടാക്കുന്നത് രാമന്‍ നായരുടെ ആണത്തത്തിനു ഇത്തിരി ചേപ്രയായി തോന്നി. അതുകൊണ്ട് അയാള്‍ കുത്തീരുന്നു ബീഡി പുകച്ചുകൊണ്ടിരുന്നു, പഴയ പൊങ്ങച്ചങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

എട്ടുമാസമായപ്പോള്‍ മാതു കിടന്നു പോയി... അവള്‍ക്ക് പണിയെടുക്കാന്‍ വയ്യ. കാലില്‍ നീരു കാരണം നടക്കാന്‍ വയ്യ. വിശപ്പില്ല....മാതു ചത്തു പോകുമെന്ന് നാട്ടിലെ പ്രധാന മിഡ് വൈഫായ അമ്മിണിയമ്മ ആരോടെല്ലാമോ സങ്കടം പറഞ്ഞു.

ഒരാഴ്ച രാമന്‍ നായര്‍ പിടിച്ചു നിന്നു.

പിന്നെ അയാള്‍ അപ്രത്യക്ഷനായി.

ഒടുവില്‍ നാട്ടുകാരെല്ലാവരും കൂടി മാതുവിനെ ജില്ലാ ആശുപത്രിയില്‍ കൊണ്ട് പോയി കിടത്തി. എന്റെ അച്ഛനുണ്ടായിരുന്നുവല്ലോ അക്കാലം ആശുപത്രിയില്‍. ഗൈനക്കോളജിസ്റ്റുമാരോട് പ്രത്യേകം ചട്ടം കെട്ടി മാതുവിനു സ്‌പെഷ്യല്‍ പരിചരണം അച്ഛന്‍ ഏര്‍പ്പാടാക്കി.

മാതു പ്രസവിച്ചത് രണ്ട് ആണ്‍കുട്ടികളെയായിരുന്നു. പ്രസവം നിറുത്തിത്തരണമെന്ന് അവള്‍ ഗൈനക്കോളജിസ്റ്റിന്റെ കൈ പിടിച്ച് കെഞ്ചി .

അവര്‍ അത് ചെയ്തുകൊടുത്തു.

പെറ്റിട്ട് രണ്ട് ചോരക്കുഞ്ഞുങ്ങളേയും മുതിര്‍ന്ന രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് മാതു അമ്മീമ്മയുടെ അടുത്തേയ്ക്കാണ് നേരെ വന്നത്. അത്ര ചെറിയ മനുഷ്യക്കുട്ടികളെ ഞാനും അനിയത്തിയും ജീവിതത്തിലാദ്യമായി കാണുകയായിരുന്നു. എലിയുടെ അത്രയേ ഉള്ളൂ. ചുവന്ന ആ കുഞ്ഞുങ്ങള്‍ . മാതു ' കഞ്ഞി തരുമോ' എന്ന് ചോദിക്കുമ്പോള്‍ അവള്‍ക്ക് ഒരു പിച്ചക്കാരിയുടെ മുഖഭാവമായിരുന്നു. കഞ്ഞി കുടിച്ചിട്ട് 'അല്‍പം വിഷം വേണം' എന്നവള്‍ പറഞ്ഞപ്പോള്‍ അമ്മീമ്മ അവളെ ദേഷ്യപ്പെട്ടു . ' നിന്റെ മക്കള്‍ നിനക്ക് ഈ ലോകം നേടിത്തരുമെടീ' എന്ന് സമാധാനിപ്പിച്ചു.

അങ്ങനെ പെറ്റിട്ട് പത്തു ദിവസത്തിനുള്ളില്‍ മാതു പഴയപോലെ ജോലികള്‍ ചെയ്തു തുടങ്ങി . ഒക്കത്ത് ഇരട്ടക്കുട്ടികളെ നോര്‍ത്ത് ഈസ്‌റ്റേണ്‍ നാടുകളിലെ അമ്മമാരെപ്പോലെ മുണ്ടിട്ട് കെട്ടിവെച്ചും തലയില്‍ ആ വട്ടക്കുട്ട ഏറ്റിയും മുതിര്‍ന്ന പിള്ളേരുടെ കൈപിടിച്ചും ടോര്‍ച്ച് മിന്നിച്ചു കൊണ്ട് അവള്‍ ബ്രാഹ്മണച്ചുടലയുടെ നടുവിലൂടെ, വഴിവിളക്കുകളില്ലാത്ത ഏതുനിമിഷവും ഉരുണ്ടു വീഴാവുന്ന കുണ്ടനിടവഴികളിലൂടെ , സ്വന്തം വീട്ടിലേക്കുള്ള നടപ്പ് പുനരാരംഭിച്ചു.

ചുടലയ്ക്കുള്ളിലെ കൂറ്റന്‍ വൃക്ഷങ്ങള്‍ മാതുവിലെ അമ്മയെ കണ്ട് തലയും കുമ്പിട്ട് നിന്നു. യക്ഷി, മാടന്‍, മറുത, ഭൂതഗണങ്ങള്‍, ബ്രഹ്മരക്ഷസ്സ് അങ്ങനെയുള്ള ആരും മാതുവിലെ അമ്മയെ തൊടാന്‍ ധൈര്യപ്പെട്ടില്ല.
പതുക്കെപ്പതുക്കെ കുട്ടികള്‍ വലുതായി.. അവര്‍ പച്ചയും ക്രീമും യൂണിഫോമിനും ഉച്ചക്കഞ്ഞിയ്ക്കുമായി മാത്രം സ്‌കൂളില്‍ പോയി. കാര്യമായി ഒന്നും പഠിച്ചിരുന്നില്ല. ജീവിതത്തിനേക്കാള്‍ വലിയ പഠിപ്പ് സ്‌കൂളുകള്‍ക്കൊന്നും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല എന്ന് വിചാരിച്ചാല്‍ മതി.

കാലം കടന്നു പോകെ ചേച്ചിയും അനുജന്മാരും വീട്ടിലിരിക്കുകയും മാതുവിനെ രാത്രി ടോര്‍ച്ച് മിന്നിച്ച് കൊണ്ടു പോകാന്‍ മുതിര്‍ന്ന മകന്‍ അമ്മീമ്മയുടെ വീട്ടില്‍ വരുന്നിടത്തോളമെങ്കിലും അവളുടെ ജീവിതം സുരക്ഷിതമാവുകയും ചെയ്തു.

കുട്ടികളെ പഠിപ്പിച്ച് വലിയ പാസ്സുകാരാക്കാമെന്നൊന്നും മാതു ഒരിയ്ക്കലും കരുതിയിരുന്നില്ല. മകളെ വല്ലവിധേനയും പതിനെട്ട് വയസ്സായപ്പോള്‍ വില്ലേജ് ഓഫീസിലെ ഒരു പ്യൂണിനു കല്യാണം കഴിച്ചു കൊടുത്തു. അതുവരെ ആ കുട്ടി അമ്പലക്കുന്നിന്റെ താഴ്വാരത്തിലുള്ള ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തില്‍ പോയിരുന്നു. കല്യാണം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ ജോലി സ്ഥലമായ കണ്ണൂരിലേക്ക് യാത്രയായി.

ആണ്മക്കള്‍ ഓട്ടു കമ്പനികളിലും ഇഷ്ടികക്കളത്തിലും പറമ്പ് കിളയ്ക്കാനും മറ്റുമുള്ള ജോലികള്‍ക്ക് പോയി. പതുക്കെപ്പതുക്കെ ഓട്ടോ റിക്ഷ െ്രെഡവര്‍മാരായി . വണ്ടികള്‍ സ്വന്തമാക്കി . പിന്നെ കല്യാണം കഴിച്ചു.

അങ്ങനെ തലമുടി നരച്ച് പല്ലുകള്‍ കൊഴിഞ്ഞ് ദേഹം ശോഷിച്ച മാതു ഒരു വിധം സമാധാനമായി കഴിഞ്ഞു വരുമ്പോഴാണ് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം രാമന്‍ നായര്‍ മടങ്ങി വന്നത്. രാമന്‍ നായര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നു . ആണ്‍കുട്ടികള്‍ കര്‍ക്കശക്കാരായി. വീട്ടിനകത്ത് കയറിപ്പോകരുതെന്ന് അച്ഛനെ വിലക്കി. അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത വൈരാഗ്യമായിരുന്നു അച്ഛനോട്...
മകളാണെങ്കില്‍ വിവരമറിഞ്ഞതായി പോലും ഭാവിച്ചില്ല.

രോഗിയായ രാമന്‍ നായരെ റോഡില്‍ അലയാന്‍ വിടരുതെന്ന് മാതു മക്കളോട് അപേക്ഷിച്ചു. എന്നാല്‍ മൂന്ന് ആണ്മക്കളും മാതുവിനെ എതിര്‍ത്തു. തന്നെയുമല്ല, അമ്മ വേണമെങ്കില്‍ അച്ഛനേയും കൊണ്ട് വല്ല ആസ്പത്രീലും പൊക്കോളൂ ഈ വീട്ടില്‍ കയറിപ്പോകരുതെന്ന് അവര്‍ ദുശ്ശാസനന്മാരായി.

മാതു ഒരു മുറി വാടകയ്ക്ക് എടുത്ത് രാമന്‍ നായരെ കിടത്തി ശുശ്രൂഷിച്ചു. പറ്റാവുന്ന മരുന്നുകള്‍ വാങ്ങിക്കൊടുത്തു. എന്നാല്‍ അതിനായിക്കൂടി മാതു കൂടുതല്‍ അദ്ധ്വാനിച്ചു എന്നല്ലാതെ പ്രത്യേകിച്ചു പ്രയോജനം ഒന്നുമുണ്ടായില്ല. രാമന്‍ നായരുടെ നില വഷളാവുക തന്നെയായിരുന്നു. മാതുവിന്റെ ശുശ്രൂഷയില്‍ കിടന്ന് മരിയ്ക്കാനുള്ള ഭാഗ്യം എന്തായാലും രാമന്‍ നായര്‍ക്കുണ്ടായി..

ക്ഷമിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനു ഇനി ഈ അവസാനകാലത്ത് ആരോടാണ് വൈരാഗ്യം എന്ന് മാതു ഉത്തരം പറഞ്ഞു. കേട്ടിരുന്ന ആര്‍ക്കും ഒരു മറുപടിയും ഉണ്ടായില്ല.

മാതു ഇപ്പോഴും ആ വാടക മുറിയിലാണ് പാര്‍ക്കുന്നത്. വിദേശപ്പണവും അതിന്റെ ശീലങ്ങളും മാറ്റിക്കളഞ്ഞ പുതിയ ഗ്രാമത്തിലൂടേയും രാത്രികളില്‍ വഴി നടക്കാന്‍ മാതു ഇന്നും ഇഷ്ടപ്പെടുന്നു. രാത്രിയുടെ നിശ്ശബ്ദത, രാപ്പാടികളുടെ കൂജനം, നിശാപുഷ്പങ്ങള്‍ വിരിയുന്നതിന്റെ സൌരഭ്യം, മഞ്ഞുതുള്ളികള്‍ പൊഴിയുന്ന ശബ്ദം, ആയിരമായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങുന്ന ആകാശം, പൌര്‍ണമി ചന്ദ്രന്റെ സുന്ദര മുഖം...നിലാവില്‍ കുളിച്ചു കിടക്കുന്ന പുഴയെപ്പറ്റി പറയുമ്പോള്‍ മാതുവിന്റെ ഒച്ചയില്‍ തൊട്ടെടുക്കാവുന്ന ആഹ്ലാദം ദൃശ്യമാവും.. രാത്രിയുടെ ഭംഗി കാണേണ്ടതാണെന്ന് ചുമ്മാ കണ്ണടച്ച് ഉറങ്ങിയാല്‍പ്പോരെന്ന് പല്ലുകള്‍ കൊഴിഞ്ഞു പോയ വായുമായി മാതു ചിരിക്കും.

മാതു ഇപ്പോള്‍ എല്ലാറ്റിനേയും സ്‌നേഹിക്കുന്നു.

സ്‌നേഹത്തേക്കാള്‍ സൌന്ദര്യം എന്തിനാണുള്ളത്?

Thursday, June 28, 2018

കണക്ടോം എന്ന ചിത്ര വിസ്മയം

https://www.facebook.com/echmu.kutty/posts/542490845930214

 ശോഭയുടെ പെയിന്റിംഗുകളാണ് കണക്ടോം എന്ന ഈ വിസ്മയം...

ഇവിടെ ദില്ലിയിലെ ലളിത് കലാ അക്കാദമിയില്‍ വെച്ച് അവ കാണുമ്പോള്‍ .. ഏറ്റവും ആദ്യം അതു കാണുമ്പോഴുണ്ടായ ആനന്ദം അല്‍പം പോലും എന്നില്‍ നിന്ന് ചോര്‍ന്നു പോയിരുന്നില്ല.

അന്നുണ്ടായ അതേ അളവില്‍.. ഇപ്പോഴും ആനന്ദമുണ്ടായി..

ശ്രീ ജാവേദ് അക്തറായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 17 നു .. അദ്ദേഹത്തെ കാണുവാന്‍ എനിക്ക് വലിയ മോഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതകളേയും ഗാനങ്ങളേയും മറ്റ് എഴുത്തുകളേയും എന്നും ഇഷ്ടപ്പെട്ടിരുന്ന എന്നിലെ ആരാധികയ്ക്ക് അതൊരു അസുലഭ അവസരമായിരുന്നു.

പിന്നെ എന്റെ ഈ കംബക്ത് സിന്ദഗി ഉണ്ടല്ലോ... അത് ഞാന്‍ ഉല്‍ക്കടമായി എന്തിനെങ്കിലും കൊതിച്ചാല്‍ വലിച്ചിഴച്ച് ആ കൊതിയുടെ വാതിലിന്‍ മുന്നില്‍ കൊണ്ട് വന്നു നിറുത്തുമന്നെല്ലാതെ വാതില്‍ ഒരിയ്ക്കലും തുറന്ന് തരികയില്ല.. എന്തു കൊതി തന്നെയായാലും വേണ്ടില്ല.. അതങ്ങനെയാണ്..

ശ്രീ ജാവേദ് അക്തറെ കാണുന്ന കാര്യവും അങ്ങനെ തന്നെയായി.. കാണാന്‍ കഴിഞ്ഞില്ല.. കേള്‍ക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ ഒത്തിരി വൈകിയാണവിടെ ചെന്നത്. എന്റെ കൈകാലുകള്‍ ബന്ധിതമായിരുന്നു... പൂട്ടുകള്‍ തുറന്ന് കിട്ടുമ്പോഴേയ്ക്കും വല്ലാതെ വൈകിപ്പോയി..

എന്നാലും ടി എന്‍ സീമ എം പിയെ കണ്ടു, ജയരാജിനെ കണ്ടു. ശോഭയെ കണ്ടു. എന്റെ കൂട്ടുകാനു ഫ്‌ലൂട്ട് പഠിപ്പിച്ചുകൊടുത്ത സലിമിനെ കണ്ടു.

സലിമിനെ ഞാന്‍ ഓര്‍ക്കുന്നത് എന്നും അങ്ങനെ മാത്രമാണ്. ചില നിശ്ബദ രാത്രികളില്‍ ഇരുട്ടിലിരുന്ന് വേണുവൂതുന്ന എന്റെ കൂട്ടുകാരന്‍ പകര്‍ന്നു തന്നിട്ടുള്ള ശാന്തിയും സമാധാനവും കടല്‍ പോലെ അപാരമാണ്... അപ്പോഴൊക്കെ വേണുവൂതാന്‍ ശീലിപ്പിച്ച ഗുരുവും സമാധാനത്തിന്റെയും ശാന്തിയുടേയും വഴികാട്ടിയായി മുന്നിലെത്താറുണ്ട്.

പിന്നെ ചന്ദ്രദാസെന്ന തിയേറ്റര്‍ പ്രസ്ഥാനത്തെ കണ്ടു..

ഊരിന്റെ അബ്രഹാമും കുടുംബവും ഉണ്ടായിരുന്നു ..



ശോഭയ്‌ക്കൊപ്പം നടന്ന് പെയിന്റിംഗുകള്‍ കാണുന്നതും അപൂര്‍വമായ ഒരു അനുഭവമാണ്. ആ ഭാഗ്യമുണ്ടായി..

കല ഒരിയ്ക്കലും വഴി നടക്കുമ്പോള്‍ ചുമ്മാ വീണു കിട്ടുന്നതല്ല. അത് ആരുമറിയാതെ വിത്തായി വീണു .. മുളച്ച് മെല്ലെ വളര്‍ന്ന് ...കലയെ മറ്റെന്തിനേക്കാളുമേറെ തീവ്രമായി ഉപാസിക്കുന്നവരുടെ മാത്രം ഉള്ളില്‍ ആദ്യം ഒരു മൊട്ടായി, പിന്നെ ഒരു പൂവായി, അതിനുമപ്പുറം ഒരു നിത്യവസന്തമായി വിടരുന്നു.. അതിനു നിരന്തരമായ അധ്വാനവും മടുക്കാത്ത സാധനയും ആവശ്യമുണ്ട്.

എണ്ണച്ഛായച്ചിത്രങ്ങളാണ് ശോഭയ്ക്ക് കൂടുതല്‍ താല്‍പര്യം. അതിവേഗം ഉണങ്ങാനാവുന്ന അക്രിലികിനും വലിയ ഒരു ഇടമുണ്ട്.. നിറമുള്ള പെന്‍സിലുകളും കരിയുടെ ഇന്ദ്രജാലവും കമ്പ്യൂട്ടര്‍
സാങ്കേതികത്തികവിന്റെ വിവിധ പ്രയോഗങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ചവയാണ് ശോഭയുടെ ആവിഷ്‌ക്കാരങ്ങള്‍.


മാര്‍ച്ച് 22 വരെ ഈ ചിത്രങ്ങള്‍ കാണാം.. ദില്ലിയിലെ രവീന്ദ്ര ഭവനില്‍..

ചിക്കന്‍ കറി എന്ന സ്‌നേഹം ...

https://www.facebook.com/echmu.kutty/posts/538981822947783?pnref=story

അച്ഛന്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു. എന്നാല്‍ അമ്മയ്ക്ക് അതുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല... കഴിക്കാന്‍ ഒട്ടും പറ്റിയിരുന്നില്ല. അമ്മ വറുത്തതും കറി വെച്ചതുമായ മീന്‍ കഷണങ്ങള്‍ വായിലിട്ട് പരീക്ഷിച്ച് നോക്കാന്‍ തയാറായി... പക്ഷെ, അമ്മ അതി ഭയങ്കരമായി ഓക്കാനിക്കുകയും അമ്മയെ അത് കഴിപ്പിക്കാന്‍ ശ്രമിച്ചവര്‍ പാവം തോന്നി പിന്മാറുകയും ആയിരുന്നു. കടലില്‍ പോയി മീന്‍ പിടിക്കാന്‍ പറ്റിയ കൂറ്റന്‍ ബോട്ടുകളുള്ള ഒരു കുടുംബമായിരുന്നു തിരുവനന്തപുരത്ത് അമ്മയുടെയും അച്ഛന്റെയും അയല്‍പ്പക്കം. അവരുമായുള്ള അമ്മയുടെ സൌഹൃദത്തിനു എന്നോളം പ്രായമുണ്ട്. അവിടത്തെ ആന്റിയാണ് ഒരു തനി തമിഴ് ബ്രാഹ്മണപ്പെണ്ണായ അമ്മയെ മീനിലേക്കും മാംസത്തിലേക്കും ജാതി മാറ്റാന്‍ പ്രയത്‌നിച്ചത്... എന്നാല്‍ അമ്മയുടെ ബുദ്ധിമുട്ട് കണ്ടപ്പോള്‍.. അവര്‍ക്ക് ശരിയ്ക്കും വലിയ സങ്കടമായി..

മരിയ്ക്കുന്നതിനു മുന്‍പ് ആന്റിയെ കണ്ടപ്പോള്‍ പോലും അവര്‍ ഇക്കാര്യം ഓര്‍മ്മിച്ചു. 'നിന്റെ അമ്മയെ ഞാനന്ന് വല്ലാതെ കഷ്ടപ്പെടുത്തി'യെന്ന് സങ്കടപ്പെട്ടു.

അമ്മയ്ക്ക് വെള്ളുള്ളി, ചുവന്നുള്ളി, സവാള ഒന്നും ഇഷ്ടമായിരുന്നില്ല. ഇപ്പോഴും അത്ര ഇഷ്ടമൊന്നുമല്ല. അതിനൊക്കെ വല്ലാത്ത നാറ്റമാണ് എന്ന് അമ്മയ്ക്ക് തോന്നിയിരുന്നു. എന്നാലും ഞങ്ങള്‍ മുതിരുന്ന കാലമായപ്പോഴേക്കും അമ്മ അവയെ സ്വീകരിച്ചു.. അമ്മയ്ക്ക് സ്വന്തം മഠത്തില്‍ വര്‍ജ്യമായിരുന്ന പപ്പായയും കപ്പയും ഉരുളക്കിഴങ്ങുമെല്ലാം ഞങ്ങളുടെ വീട്ടില്‍ ആഢ്യരായിരുന്നു.

അച്ഛനു വായ്ക്ക് രുചിയുള്ള ഭക്ഷണം അമ്മ ഉണ്ടാക്കിക്കൊടുക്കാത്തതുകൊണ്ടാണ് അവര്‍ തമ്മില്‍ വഴക്കുണ്ടാകുന്നതെന്ന് കേട്ടാണ് , ഞങ്ങള്‍ നന്നേ ചെറുപ്പം മുതല്‍ വളര്‍ന്നത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് ഭക്ഷണം എന്ന പേരിനര്‍ഹമായതെന്നായിരുന്നു ഞങ്ങളെ മിക്കവാറും എല്ലാവരും തന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ പുല്ലും വൈക്കോലും തിന്നുകയും അച്ഛനു അത് കൊടുക്കുകയും ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുത്തി തരുമായിരുന്നു പലരും. അച്ഛനോടുള്ള സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കാനും അമ്മയെ ഒരു ശീത സമരത്തിന്റെ ഭാഗമെന്ന നിലയില്‍ വെല്ലുവിളിയ്ക്കാനും അദ്ദേഹത്തിന്റെ സ്‌നേഹിതമാരും ബന്ധുക്കളുമെല്ലാം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെയാണ് കൂട്ടു പിടിച്ചിരുന്നത്.

ഞങ്ങള്‍ കുട്ടികള്‍ക്ക് ഭക്ഷണകാര്യങ്ങളില്‍ ഒട്ടും വാശിയോ വഴക്കോ ഇല്ലാതായത് അങ്ങനെയാണ്. കഴിയ്ക്കണമെന്ന് ഒട്ടും മനസ്സില്‍ തോന്നാത്തത് മുഖത്തെ ഒരു മാംസപേശി പോലും ചലിപ്പിയ്ക്കാതെ ഞങ്ങള്‍ക്ക് കഴിയ്ക്കാന്‍ സാധിക്കും.. കഴിയ്ക്കാന്‍ അതീവ ആഗ്രഹമുള്ള ഭക്ഷണം വേണ്ട എന്ന് വെയ്ക്കാനാകട്ടെ ഞങ്ങള്‍ക്ക് ഒരു സെക്കന്‍ ഡിന്റെ ആലോചന പോലും ആവശ്യമില്ല താനും.

ആഹാരത്തിന്റേതായ സമസ്ത പ്രലോഭനങ്ങളേയും ഞാനും എന്റെ അനിയത്തിമാരും വളരെ ചെറുപ്പത്തിലേ അതിജീവിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴാണെങ്കില്‍ പിന്നെ ഈ ആത്മാവ് കൂട്ടില്‍ കിടക്കാന്‍ വേണ്ട അത്രയും ആഹാരമേ ആവശ്യമുള്ളൂ.

അതുകൊണ്ടൊക്കെയാണ് ബോണ്‍ ലെസ് ചിക്കനെ സംഘടിപ്പിക്കാന്‍ നഗരത്തിന്റെ മധ്യത്തില്‍ കാണുന്ന ലാല്‍ഡോറകളിലേക്ക് പോവാന്‍ എനിക്ക് ഒരു വിഷമവുമില്ലാതിരിക്കുന്നത്. എന്റെ മുന്നില്‍ ഒരു കോഴി ജീവനും തൂവലും എല്ലുമെല്ലാം വെടിഞ്ഞ് , ജീവന്റെ അവസാന ബാക്കിയായ ചെറു ചൂടോടെ ഒരു സഞ്ചിയില്‍ കയറി കൂടെ വരുമ്പോള്‍ ... കറി കഴിയ്ക്കുമെന്ന ഉറപ്പില്‍... ഒരു മുഖം സന്തോഷഭരിതമാകുന്നത് മാത്രം ആലോചിയ്ക്കാന്‍ കഴിയുന്നത്..

എന്നിട്ട് തക്കാളിയും സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മസാലക്കൂട്ടുകളും ഒക്കെ ചേര്‍ത്ത് ചിക്കന്‍ കറിയുണ്ടാക്കി കാത്തിരിക്കുന്നത്...

ഒടുവില്‍ 'ഈ യക്ഷിയുണ്ടാക്കിയ കറി കഴിയ്ക്കാന്‍ എന്നെ കിട്ടില്ല' എന്ന് കേള്‍ക്കുമ്പോള്‍ ... ഒരു പാത്രം കറിയും ഒരു പാത്രം ചോറുമായി മഹാനഗരത്തിലെ ഒരു ട്രാഫിക് ഐലന്‍ഡിലേയ്ക്ക് തിരക്കിട്ട് നടക്കുന്നത്..

എത്രയോ കുട്ടികള്‍... ചോദിയ്ക്കാനും പറയാനും ആരുമില്ലാത്ത അനാഥ കുട്ടികള്‍ ... കീറിപ്പറിഞ്ഞ ഉടുപ്പുകള്‍ ധരിച്ചവര്‍.. എപ്പോഴും വിശക്കുന്നവര്‍... ഉത്തരേന്ത്യയുടെ കൊടും തണുപ്പില്‍ ചൂളിക്കുനിഞ്ഞിരിക്കുന്ന ആ കുട്ടികള്‍ അവരുടെ ചെളി പിടിച്ച കൈകള്‍ കൊണ്ട് ചിക്കന്‍ കറിയും ചോറും വാരി വാരി ഉണ്ണുന്നത് കണ്ടുകൊണ്ടിരിക്കുന്നത്..

ചിക്കന്‍ കറിയായി വിളമ്പപ്പെടുന്ന എന്റെ സ്‌നേഹം.. അത് ഇന്നയിടത്തു തന്നെ വേണമെന്നു ഞാന്‍ വാശി പിടിയ്ക്കരുത്.. ഇന്ന ആള്‍ തന്നെ കഴിയ്ക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിയ്ക്കരുത്..

എനിയ്ക്ക് ഇനിയും പ്രലോഭനങ്ങളെ അതിജീവിയ്ക്കാനുണ്ട്..

അതെ..

വീണ്ടും ജെ എന്‍ യൂ...

https://www.facebook.com/echmu.kutty/posts/536818199830812?pnref=story

ജെ എന്‍ യൂ കുറെയൊക്കെ ശാന്തമായിരിക്കുന്നു.

ഇന്ന് അധ്യാപകര്‍ തിഹാര്‍ ജയിലില്‍ കിടക്കുന്ന ഞങ്ങളൂടെ മക്കളെ പുറത്തു വിടൂ എന്ന് മുദ്രാവാക്യം മുഴക്കുമ്പോഴാണ് ഞാന്‍ അവിടെ പോയത്. അവിടെ നടക്കുന്ന അധികാര ദുര്‍വിനിയോഗങ്ങളിലും വ്യക്തിപ്രമത്തയുടെ അതിക്രമങ്ങളിലും അവര്‍ രോഷാകുലരായിരുന്നു. അവര്‍ ആവേശത്തോടെ സംസാരിക്കുന്നുണ്ടായിരുന്നു.

ജെ എന്‍ യൂ വിലെ അധ്യാപകര്‍ മിക്കവാറുമെല്ലാം അവരവരുടെ മേഖലകളില്‍ വളരെയേറെ മികച്ചു നില്‍ക്കുന്നവരാണ്. പലരും അന്താരാഷ്ട്രീയമായി പോലും പ്രശസ്തിയുള്ളവര്‍. എല്ലാവരും ഒത്തൊരുമിച്ച് അവരുടെ കുട്ടികള്‍ക്ക് വേണ്ടി, ജെ എന്‍ യൂ എന്ന മാതൃകാ സര്‍വകലാശാലയുടെ നിലനില്‍പ്പിനു വേണ്ടി ശക്തിയുക്തം വാദിച്ചുകൊണ്ടിരുന്നു.

അവരുടെ വാക്കുകളില്‍ ബുദ്ധിജീവി നാട്യമൊന്നും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥത തോന്നുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് കനയ്യ കുമാര്‍ വന്നത്.

പിന്നെ കനയ്യ സംസാരിച്ചു. ... എന്തെല്ലാം സങ്കടങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വന്നുവെന്ന് പറഞ്ഞു. അധ്യാപകരെ കുറിച്ച് എത്ര മോശമായ വാക്കുകള്‍ കേള്‍ക്കേണ്ടി വന്നുവെന്നും സഹപാഠിനികളെപ്പറ്റി എന്തുമാത്രം അസഭ്യം സഹിക്കേണ്ടി വന്നുവെന്നും പറയുമ്പോള്‍ .... ശരിയ്ക്കും സങ്കടം തോന്നി..

എന്തൊക്കെയാണ് നമുക്കു ചുറ്റും അല്ലേ...

സംരക്ഷണം കൊടുക്കേണ്ടവരൊന്നും അതു നല്‍കാത്ത ദുരിതകാലമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. നിരന്തരമായ സമരങ്ങളില്‍ ഏര്‍പ്പെടേണ്ടിയിരിക്കുന്നു.

ശ്രീ പ്രഭാത് പട്‌നായിക് സംസാരിക്കാന്‍ എത്തിച്ചേരുന്നുണ്ടായിരുന്നു. അത് കേള്‍ക്കാന്‍ എനിക്ക് സാധിച്ചില്ല. എന്റെ ജീവിത വഴികളിലെ മുള്ളുമുരിക്കുകളുമായി ഏറ്റുമുട്ടിക്കൊണ്ട് ഞാന്‍ ജെ എന്‍ യു വിട്ടു പോന്നു.

കനയ്യയുടെ ഉജ്ജ്വലമായ വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ..

Wednesday, June 27, 2018

എന്റെ അച്ഛനും അമ്മയുമാണ്

https://www.facebook.com/photo.php?fbid=541943582651607&set=a.489234534589179.1073741825.100005079101060&type=3&theater

ഇത് എന്റെ അച്ഛനും അമ്മയുമാണ്.. അവര്‍ തിരു വനന്തപുരത്ത് താമസിക്കുന്ന കാലം... അച്ഛന്‍ പുത്തന്‍ തോപ്പ് എന്ന കടലോരഗ്രാമത്തില്‍ ഡോക്ടറായിരുന്നു...

പിന്നെ ഒരു രഹസ്യം..

ഞാന്‍ ജനിച്ചിട്ടില്ല... അമ്മയുടെ വയറ്റിലിരിക്കുന്നേ ഉള്ളൂ..

ആ കാലത്ത് ... എന്റെ അച്ഛനും അമ്മയും..

കരിമ്പടത്തിനുള്ളില്‍ നുഴഞ്ഞു കേറുന്ന സ്വപ്നങ്ങള്‍

https://www.facebook.com/echmu.kutty/posts/535959559916676?pnref=story

ഇപ്പോള്‍ ഞാന്‍ ചില സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കാം..
അവ രാത്രിയുടെ കരിമ്പടത്തിലേറി എന്നെ കാണുവാന്‍ വരുന്നു. എന്നെ അസ്വസ്ഥയാക്കുന്നു.
ഇടയില്‍ കുലുക്കിയുണര്‍ത്തുന്നു.

അവയിലൊരെണ്ണം ഞാന്നൊരു കുറ്റവാളിയാണെന്ന് വിശദീകരിക്കുന്നു.ഞാന്‍ ഓടുന്നു. പല ഇടങ്ങളില്‍ അഭയം
തേടുന്നു. കട്ടിലിനടിയില്‍ , ചാണകക്കുഴികളില്‍ ... തുണികള്‍ക്കിടയില്‍, ചീഞ്ഞ പച്ചക്കറികള്‍ക്കിടയില്‍, മരത്തിന്റെ മുകളില്‍... ഒടുവില്‍ പറക്കാനാവാത്ത വിമാനങ്ങളില്‍ .. അപ്പോഴെല്ലാം ഞാന്‍ നിരന്തരമായി തുരത്തപ്പെടുന്നു.

എന്റെ താമസസ്ഥലത്തിനു മുന്നില്‍ ഒരു വലിയ കടല്‍ നേര്‍ത്ത പ്ലാസ്റ്റിക് തൊലിയില്‍ തടയപ്പെട്ട് നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും
ആര്‍ത്തലച്ചു വരാമെന്ന മട്ടില്‍. ... പോലീസുകാരുടെ ബൂട്ടിന്റെ ശബ്ദം എപ്പോഴും മുഴങ്ങുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ ചെയ്ത കുറ്റം എന്താണ് ? ഞാനെങ്ങനെ ഒരു പരമദ്രോഹിയാകുന്നു.?

നീതി വേണം എല്ലാവര്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു.
ജനങ്ങളാവണം അവര്‍ മാത്രമാവണം പരമാധികാരികള്‍ എന്ന് ഞാന്‍ പറഞ്ഞു.പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയെ ഞാന്‍ നിഷേധിച്ചു...

ഞാന്‍ മറ്റെന്തെങ്കിലും പറഞ്ഞുവോ?

സ്വപ്നം എന്നെ എപ്പോള്‍ വേണമെങ്കിലും കാലു തെന്നി വീഴാവുന്ന അത്യുന്നതങ്ങളില്‍ നടത്തി.താഴെ അപ്പോള്‍ അഗാധതകള്‍ ഭീതിപ്പെടുത്തുമാറ് പല്ലിളിച്ചു.

എനിക്ക് അറിയാവുന്നവരും എന്നാല്‍ പേരോര്‍ക്കാന്‍ പറ്റാത്തവരും .
നാണമില്ലാതെ ഗുഹ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പെണ്ണേ, പെണ്ണേ എന്നാര്‍ത്തു.

ഞാന്‍ തളര്‍ന്നപ്പോള്‍ അവര്‍ എന്റെ മുഖത്ത് ആസിഡ് പുരട്ടി.
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞയാള്‍ പോലും പാന്റിന്റെ സിബ്ബഴിച്ചപ്പോള്‍ എന്റെ കാലുകള്‍ക്കിടയിലൂടെ രക്തവും ഒരുപാട് കുഞ്ഞുങ്ങളും വാര്‍ന്നൊഴുകി.

കാരണം എത്രയായാലും ഞാനൊരു പെണ്ണാണ്. ആരുടെ ബീജത്തേയും വയറ്റില്‍ വഹിച്ച് പെറാന്‍ കഴിയുന്നവള്‍ .

അപ്പോള്‍ എന്നെ കരുണയോടെ നോക്കിയവന്റെ ദേഹമാകെയും സിഗരറ്റ് കുത്തിക്കെടുത്തിയ കനല്‍പ്പാടുകള്‍ കരിഞ്ഞു നിന്നു. അവന്‍ കരയുന്നില്ലെന്ന് കണ്ടുവെങ്കിലും ... എനിക്ക് പേടി ഉണ്ടായിരുന്നു.

ആ ഭയത്തില്‍ ഞാന്‍ ഓടിക്കയറിയ ഒരു.
വിമാനം ഭൂപടം പോലെ വിസ്തൃതമായ നെല്‍പ്പാടത്തിനു നടുവിലൂടെ ഓട്ടോറിക്ഷയേക്കാള്‍ മെല്ലെ ഓടുമ്പോള്‍
ആ സ്വര്‍ണ കതിരെല്ലാം കരിഞ്ഞുണങ്ങുകയായിരുന്നു.
എന്നാല്‍ എത്ര വേഗത്തില്‍ അതില്‍ നിന്ന് ഇറങ്ങീട്ടും കിതപ്പോടെ വലിഞ്ഞു നടന്നിട്ടും എന്റെ വീടിനെയാകട്ടെ എവിടേയും കാണാനുണ്ടായിരുന്നില്ല. അറബിക്കഥയിലെ നായകനെപ്പോലെ എവിടെപ്പോയി എന്റെ വീടെന്നന്വേഷിച്ചു നടക്കുമ്പോള്‍
ജനനേതാവായ ഒരാളെ ഞാന്‍ കണ്ടുമുട്ടി.

അദ്ദേഹത്തോട് നാട്ടിലെ ഒരു വക്കീലിനെയും നാട്ടിലെ നിയമത്തേയും രാജ്യത്തിലെ കോടതികളേയും പറ്റി ചോദിച്ചു. എന്നാല്‍ വക്കീലിന്റെ പ്രണയങ്ങളെപ്പറ്റി മാത്രമേ അദ്ദേഹം എന്നോട് സംസാരിച്ചുള്ളൂ.
എന്റെ നിര്‍ബന്ധം മൂത്തപ്പോള്‍ അദ്ദേഹം എന്റെ വാചകങ്ങളിലെ സൌന്ദര്യക്കുറവിനെ പിന്നെയും പിന്നെയും ചൂണ്ടിക്കാട്ടി.

പരിചയമില്ലാത്ത മുഖങ്ങളുമായി വന്ന്
എന്നോട് കോപിക്കാന്‍ തുടങ്ങിയവരെ ശ്രദ്ധിച്ചപ്പോഴാണ് ഞാനറിഞ്ഞത് എനിക്ക് അവരുടെ
ഭാഷപോലും മനസ്സിലാകുന്നില്ലെന്ന്...

സ്വപ്നങ്ങളും ഉറക്കവും ഭക്ഷണവും പോലും ഭയപ്പെടുത്തുന്ന ദുരിതകാലങ്ങളെ പ്രസംഗം കൊണ്ടും
ഉമ്മകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും കീഴ്‌പ്പെടുത്താമെന്ന് എന്നോട്
വിളിച്ചു പറഞ്ഞത് ആരാണെന്നും ഏതു ഭാഷയിലാണെന്നും എനിക്ക് ഒട്ടും ഓര്‍മ്മ വരുന്നില്ല.

ആര്‍ക്കെങ്കിലും ഓര്‍മ്മ വരുന്നുവെങ്കില്‍ എന്നോട് പറയണം.
ഫോണ്‍ നമ്പറും ഈ മെയില്‍ ഐ ഡിയും ഒക്കെ മാഞ്ഞു മാഞ്ഞു പോകുന്നുവെങ്കിലും നമുക്കൊന്നു കൂട്ടായി ശ്രമിച്ചു നോക്കാമല്ലോ അല്ലേ...

സുഖമെന്ന കെണി...സുഖമെന്ന ആര്‍ത്തി

https://www.facebook.com/echmu.kutty/posts/535565766622722?pnref=story

കൊടും പണക്കാരെ വളരെ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്... വളരെ അധികമില്ലെങ്കിലും എനിക്ക് തീരെ പരിചയമില്ലാത്തവരല്ല അവര്‍.. അവരുടെ ജീവിത വീക്ഷണം ചിലപ്പോഴൊക്കെ എന്നെ അല്‍ഭുതപ്പെടുത്തുകയും അതേ സമയം മടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പൊതുവായ ചൂഷണ മനോഭാവവും അല്‍പത്തവും ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനേയും വിലയ്‌ക്കെടുക്കാന്‍ സാധിയ്ക്കുമെന്ന അഹന്തയും എന്നില്‍ ആളുന്ന പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്...

സുഖത്തിന്റെ ഉത്തരം തേടുന്ന ഒരു അനുഭവത്തിലൂടെ അവര്‍ക്കിടയില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍...

രണ്ട് പേര്‍ അല്ലെങ്കില്‍ മൂന്നു പേര്‍ താമസിക്കുന്ന ബംഗ്ലാവില്‍ മൂന്നുലക്ഷം രൂപ വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടി വരുന്ന ഒരു കൊടും പണക്കാരന്‍.. അവിടെ ഒരു വലിയ പ്രശ്‌നം ഉണ്ടാകുന്നു.

എന്താണ് ആ വലിയ പ്രശ്‌നം ?

വീട്ടില്‍ വരുമ്പോള്‍ പുതുമയുള്ള വായുവിന്റെ അഭാവം തോന്നുന്നു. എയര്‍ കണ്ടീഷണറുകള്‍ ശരിയായി ജോലി ചെയ്യുന്നില്ല. മുറിയില്‍ കയറുമ്പോള്‍ ചൂടു തോന്നുന്നു. എ സിയും ഫാനും ഒന്നിച്ച് ഇടുമ്പോള്‍ അല്‍പനേരത്തിനുള്ളില്‍ മുറി അതിവേഗം തണുക്കുന്നു. അപ്പോള്‍ ഫാന്‍ ഓഫ് ചെയ്യേണ്ടി വരുന്നു. അതിനു സ്വയം കിടക്കയില്‍ നിന്ന് എണീയ്‌ക്കേണ്ടി വരുന്നു. ശരിയാണ് , കിടപ്പ് മുറിയില്‍ അതിനു ആളെ വെയ്ക്കാന്‍ നിര്‍വാഹമില്ലല്ലോ..

പുതുമയുള്ള വായു ലഭ്യമാകാന്‍ എളുപ്പവഴി രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വേലക്കാരെ ചട്ടം കെട്ടുക. ജനലും വാതിലും ഒക്കെ കുറെ സമയം തുറന്നിടുവാന്‍.. പിന്നെ റിമോട്ട് കണ്ട്രോളില്‍ ഫാനും എസിയും ഓടിയ്ക്കാനുള്ള... തണുപ്പ് അനുസരിച്ച് സ്വയം തീരുമാനിക്കാന്‍ ബുദ്ധിയുള്ള അത്തരം യന്ത്രങ്ങളെ പിടിപ്പിക്കുക എന്നീ ഉപദേശങ്ങള്‍ നല്‍കുകയും യന്ത്രങ്ങള്‍ പിടിപ്പിക്കാന്‍ വേണ്ട ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ടീം വര്‍ക്കിനേയും അതിനു നേതൃത്വം നല്‍കുന്ന അനിയത്തിയേയും കണ്ട് ...

ഞാനിങ്ങനെ.. ചുമ്മാ..

സുഖത്തിന്റെ പാരമ്യം ആര്‍ക്ക് ഏത് എങ്ങനെ എന്നറിയാതെ... അത് തേടലെങ്ങനെ എന്നറിയാതെ... ഇങ്ങനെയും ഉത്തരങ്ങളാവാം എന്നല്‍ഭുതപ്പെട്ടുകൊണ്ട്...

തെറിയനുഭവങ്ങള്‍

 

അച്ഛനുമമ്മയും തമ്മില്‍ വഴക്കുണ്ടാവുമായിരുന്നു. ' കഴുവേറീടെ മോളെ ' എന്നതിനപ്പുറം ഒരു ചീത്ത വാക്ക് അച്ഛന്‍ അമ്മയെ വിളിച്ചിരുന്നില്ല. കാരണം അച്ഛന് വാക്കുകളുടെ ക്ഷാമമുണ്ടായിട്ടല്ല, വാക്കുകളുടെ കലഹത്തിനേക്കാള്‍ ശാരീരികമായ കലഹമായി അതു മാറുവാന്‍ ഒട്ടും സമയം വേണ്ടി വന്നിരുന്നില്ലല്ലോ.

എന്തായാലും ഞങ്ങള്‍ മൂന്നു മക്കളും തെറികളൊന്നും പഠിച്ചില്ല.

അമ്മ ജീവിതത്തിലിന്നു വരെ ഒരു ചീത്ത വാക്കുപയോഗിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. 'അസത്ത്, അശ്രീകരം, ചെളുക്ക, ചേട്ട.. ..' ഇതില്‍ക്കൂടുതല്‍ ഒരു വാക്കു പോലും പറയാനറിയാത്ത ജീവിതമാണ് എന്റെ അമ്മയുടേത്. ചെളുക്ക എന്നാല്‍ മീന്‍ ചെകിള . അതെങ്ങനെയാണ് ഭയങ്കര ചീത്ത വാക്കായി അമ്മ കരുതിയിരുന്നത് എന്നെനിക്കിന്നും അറിയില്ല.

അമ്മീമ്മ അതിഭയങ്കരമായ കോപം വരുമ്പോള്‍ ' പട്ടി 'എന്ന് പറയുമായിരുന്നു. അത് മറ്റാരേയും കേള്‍പ്പിച്ചല്ല... എന്നാലും പല്ലുകള്‍ക്കിടയില്‍ അങ്ങനെ പിറുപിറുക്കുമായിരുന്നു. പട്ടിയെ സംബന്ധിച്ച് അമ്മീമ്മയ്ക്ക് ലിംഗഭേദമുണ്ടായിരുന്നില്ല.

എനിക്കറിയാവുന്നതും ഇതൊക്കെയാണ് .. പിന്നെ പന്നി എന്ന ജീവിയേയും അറിയാം.

അതുകൊണ്ട് കണ്ണ് പൊട്ടുന്ന കാതടപ്പിക്കുന്ന ഒച്ച നിലപ്പിക്കുന്ന തെറികള്‍ക്കിരയാകുമ്പോള്‍ ഞാന്‍ അസ്തപ്രജ്ഞയായി നിന്നു പോകും.

ഭാര്യയായി ജീവിയ്ക്കണമെങ്കില്‍ തെറികള്‍ കാണാതെ പഠിയ്ക്കണമെന്ന ജീവിത പരിതസ്ഥിതിയെ സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ ? അങ്ങനെ ജീവിക്കുന്നവരുണ്ട്. കാരണം ഭര്‍ത്താവിന്റെ ലൈംഗികത ഉണരുന്നത് ആ വാക്കുകളിലാണ്. അപ്പോള്‍ കുടുംബ ജീവിതം നന്നായിരിക്കാന്‍ , കുട്ടികള്‍ക്ക് മനസ്സമാധാനത്തോടെ ജീവിയ്ക്കാന്‍, അങ്ങനെ എന്തിനൊക്കെയോ വേണ്ടി തെറികള്‍ മന:പാഠമാക്കേണ്ടി വരുന്നു. ദിവസം തോറും പുതിയ തെറികള്‍ പഠിക്കുന്നു. കിടയ്ക്കക്കടിയില്‍ മന:പാഠമാക്കേണ്ട തെറി വാക്കുകളുടെ ശേഖരമിരിക്കുന്നു. ആ കിടപ്പറ ജീവിതത്തിന്റെ അറപ്പിനെയും കയ്പിനേയും പിന്നീട് പേസ്റ്റും ബ്രഷുമിട്ട് പല്ലു തേച്ചും കുലുക്കുഴിഞ്ഞും തുപ്പിക്കളയുന്നു.

ഭര്‍ത്താവിനെ വശീകരിയ്ക്കാന്‍ കിടപ്പറയില്‍ ഭാര്യ പാലിയ്‌ക്കേണ്ട നിയമങ്ങള്‍ എഴുതി പിടിപ്പിക്കുന്നവര്‍ക്ക് ഒരിയ്ക്കലും കാണാനോ രേഖപ്പെടുത്താനോ കഴിയാത്ത കടും നൊമ്പരങ്ങളുടെ ചിത്രമാണത്.

തെറി അതിഭയങ്കരമായി ഒതുക്കാനുള്ള ഭയപ്പെടുത്താനുള്ള ഒരു ആയുധമാണെന്ന് എനിക്ക് അറിയാം. ചിലപ്പോള്‍ ഒന്നും പറയാന്‍ അറിയാത്തതില്‍, ചെകിട് തരിയ്ക്കുന്നതു പോലെ പച്ചത്തെറി പറയാന്‍ കഴിയാത്തതില്‍ അതിയായ സങ്കടവും തോന്നിയിട്ടുണ്ട്.

ഈയിടെയും ഒരു തെറിയഭിഷേകത്തിന്റെ അതീവ വേദനാജനകമായ അനുഭവമുണ്ടായി.. . എനിക്കറിയാവുന്ന ചീത്ത വാക്കുകള്‍ ഒന്നിനും തികയുമായിരുന്നില്ല. പിന്നെ നമ്മള്‍ ഒരു കാലത്ത് ഒത്തിരി സ്‌നേഹിക്കുകയും ആദരിക്കുകയും ഭക്ഷണമുണ്ടാക്കി വിളമ്പുകയും ഒക്കെ ചെയ്ത് സ്വന്തമെന്ന് കരുതിയവര്‍ അങ്ങനെ പെരുമാറുമ്പോള്‍ .... നമ്മുടെ തൊണ്ടയില്‍ പൂട്ടു വീഴുന്നതും സ്വാഭാവികം. അറപ്പ് പ്രകടിപ്പിയ്ക്കാന്‍ ഒന്ന് കാര്‍ക്കിച്ചു തുപ്പുകയും അല്‍പം ഒച്ചയുണ്ടാക്കുകയും ഒടുവില്‍ ഒരു ചമ്മിയ ചിരി ചിരിച്ച് ചുറ്റും പരിഭ്രമിച്ച് നോക്കുകയും ചെയ്യുക മാത്രമാണ് എനിക്ക് സാധിച്ച ചില്ലറ പ്രതിരോധം..

എന്നാലും 'നീ കടന്നു പോടാ 'എന്ന് പറഞ്ഞു നോക്കി. പക്ഷെ, ബലം പോരായിരുന്നു. അതുകൊണ്ടാണ് എനിക്ക് പോലീസ് സ്റ്റേഷനിലും കയറേണ്ടി വന്നത്. പോലീസ് സ്റ്റേഷന്‍ മനുഷ്യര്‍ കയറിപ്പോകാന്‍ പാടില്ലാത്ത ഇടമാണെന്ന വിചാരം എനിക്കൊരിയ്ക്കലും ഉണ്ടായിട്ടുമില്ലെന്ന് കരുതിക്കൊള്ളൂ.

ഫോണിലൂടെ ഉണ്ടായ ഒരു തെറിയനുഭവവും മറക്കാന്‍ കഴിയില്ല. ആദ്യമാദ്യം അയാള്‍ പറയുന്നത് തെറിയാണെന്ന് പോലും എനിക്ക് മനസ്സിലായില്ല. തനി തിരുവനന്തപുരം ശൈലിയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അയാള്‍ മദ്യപിച്ച് സംസാരിക്കുകയാണെന്ന് ഞാന്‍ കരുതി. എന്റെ കൂട്ടുകാരന് ഫോണ്‍ കൈമാറിയപ്പോഴാണ് കാര്യം വ്യക്തമായത്. ആ വാക്കുകളുടെ വഴുവഴുപ്പ് ഇന്നും ചെവിയിലുണ്ട്.

ഒരിയ്ക്കലും ഒരു ചീത്ത വാക്കു പറയാത്ത ഒരാളാണ് എന്റെ കൂട്ടുകാരന്‍... ഞങ്ങള്‍ രൂക്ഷമായി വഴക്കിടുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രം ക്ഷോഭിക്കുന്ന ആള്‍. കാരണം വളരെ ലളിതമാണ്.. കൂട്ടുകാരന്റെ വാക്കുകളില്‍ പറഞ്ഞാല്‍...

'ഞാന്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പഠിച്ചവനാണ്. മലയാളത്തിലെ ഒരുമാതിരി കല്ലുവെച്ച വാക്കുകള്‍ ഒക്കെ എനിക്കറിയാം. അബദ്ധത്തില്‍ ഒരു വാക്കു വായില്‍ നിന്നു വീണുപോയാല്‍ , എനിക്ക് നാളെയും നിന്റെ മുഖത്ത് നോക്കേണ്ടേ? '

തെറികള്‍ അറിയുന്നവര്‍ക്ക്, അത് കൂസലെന്യേ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക്, അറിഞ്ഞാലും ഒന്നും പറയാത്തവര്‍ക്ക്, തെറികളേ അറിയാത്തവര്‍ക്ക് , തെറികള്‍ കേള്‍ക്കുക മാത്രം ചെയ്യുന്നവര്‍ക്ക് .. അവര്‍ക്ക് എല്ലാവര്‍ക്കുമായി ഞാനീ പോസ്റ്റ് സമര്‍പ്പിക്കുന്നു.

തെറികള്‍ പ്രപഞ്ചത്തിലെ ഏതു ഭാഷയുടേയും അവിഭാജ്യഘടകമാണെന്ന തിരിച്ചറിവോടെ..

Tuesday, June 26, 2018

ഒരു വകേലമ്മ

https://www.facebook.com/echmu.kutty/posts/534258890086743?pnref=story

മൊഴിയിതളിൽ RJ Meera കഥ വായിക്കുന്നത് ഈ ലിങ്കിൽ പോയാൽ കേൾക്കാം.
 
https://www.facebook.com/echmu.kutty/videos/1417652188414071/
                                         
നിനക്ക് ഭ്രാന്താണ്.

ആയിക്കോട്ടെ.

ഇത്ര നിസ്സാരമായി കാണരുത്.

നിസ്സാരമല്ല, വളരെ ഗൌരവമുള്ളതാണ്.

നിന്നേക്കാള്‍ പതിനഞ്ചു വയസ്സ് മുതിര്‍ന്ന മനുഷ്യന്‍.

ഉം.

ഒരു കുഞ്ഞിന്റെ തന്ത.

അതെ.

ഭാര്യ അയാളെ ഉപേക്ഷിച്ച് കൂട്ടുകാരനൊപ്പം പോയി.

അതേ....... അതേ.

ലില്ലീ, പ്ലീസ്. നിനക്കെങ്ങനെ ഇതു പറയാന്‍ കഴിയുന്നു.?

സത്യം പറയാന്‍ എന്താണ് ബുദ്ധിമുട്ട്?

നീ അയാളുടെ വലിയ കാറും മുട്ടന്‍ ബംഗ്ലാവും കണ്ട് മയങ്ങിപ്പോയെന്ന് പറ.

ബംഗ്ലാവ് ഇതുവരെ കണ്ടിട്ടില്ല. ആ, ശരിയാണ്. വലിയൊരു കാറിലാണ് പെണ്ണുകാണാന്‍ വന്നത്.

നീ ചായയുമായി ആ മരങ്ങോടന്റെ മുന്‍പില്‍ ചെന്നു നിന്നല്ലേ? നാണമില്ലാത്തവള്‍!

ചായ ഞാനല്ല കൊടുത്തത്, അമ്മയാണ്. നാണം മറയ്ക്കാന്‍ നല്ല ബലമുള്ള കൈത്തറി സാരി മൈദപ്പശയിട്ട് വടി പോലെയാക്കിയാണ് ചുറ്റിയിരുന്നത്.

ലില്ലീ, ദിസീസ് ടൂ മച്ച്.

ഒരു ടൂ മച്ചുമില്ല. പണം അത്ര മോശപ്പെട്ട കാര്യമാണോ? കാറില്‍ കയറിപ്പോവാനൊക്കെ നല്ല സുഖമുണ്ടാവും. നല്ല മൃദുലമായ പാല്‍പ്പത പോലെയുള്ള പട്ടു സാരികളുടുക്കാം, വലിയ ഹോട്ടലില്‍ കയറി വയറു നിറയെ ബിരിയാണി തിന്നാം ...യാത്രകള്‍ ചെയ്യാം. കൂറ്റന്‍ ബംഗ്ലാവില്‍ പാര്‍ക്കാം.

നീയാരോടാണ് സംസാരിയ്ക്കുന്നതെന്ന് മറന്നു പോകുന്നു.

ഇല്ല, നല്ല ഓര്‍മ്മയുണ്ട്.

എന്നിട്ടാണോ ലില്ലീ, എന്നോടാണോ ഇതു പറയുന്നത്?

എന്നെ ഇപ്പോള്‍ വിളിയ്ക്കാമോ? വേണ്ട, ഞാനിറങ്ങി വരുന്നതിന് വിരോധം പറയാതിരിയ്ക്കാമോ? ഞാന്‍ ഈ നിമിഷം വരാം. എല്ലാം കളഞ്ഞിട്ട് വരാം. രോഗികളായ അച്ഛനേം അമ്മയേം താഴെയുള്ള മൂന്ന് അനുജത്തിമാരേയും എല്ലാം മറക്കാം.

ലില്ലീ, ഒരു ജോലിയില്ലാതെ ഞാന്‍......

അതെ, ജോലിയും വരുമാനവുമില്ലാത്ത നിന്നെപ്പോലെ ഒരു പരമ ദരിദ്രന്‍ എന്നെ പോലെ ഒരു പ്രാരാബ്ധക്കാരിയെ സ്വപ്നം കാണരുത്. അത് ഇന്‍ഡ്യന്‍ പീനല്‍ കോഡു പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്. ജീവപര്യന്തമാണ് അതിനുള്ള ശിക്ഷ.

നീ ഭയങ്കരിയാണ്, നിനക്കെങ്ങനെ ഇതു കഴിയുന്നു ലില്ലീ?

എനിയ്ക്ക് എന്തും കഴിയും. ഞാന്‍ ഒരു ശക്തിവുമണ്‍ ആണ്.

അയാള്‍ നിന്നോട് എന്തു പറഞ്ഞൂ? നിനക്കെങ്ങനെയാണ് അയാളെ നിറഞ്ഞ മനസ്സോടെ സ്വീകരിയ്ക്കാന്‍ കഴിയുക?

അയാള്‍ക്കും തള്ളയില്ലാത്ത ആ പിഞ്ചുകുഞ്ഞിനും ഒരു ജീവിതം കൊടുക്കാമോ എന്നു ചോദിച്ചു. എന്നോടാരും ഇതു വരെ ജീവിതം തരാമോ എന്നോ നീയില്ലെങ്കില്‍ എനിയ്ക്ക് ജീവിയ്ക്കാന്‍ കഴിയില്ല എന്നോ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് കൊടുത്തുകളയാം എന്നു ഞാനും തീരുമാനിച്ചു.

അപ്പോള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.......

ഉവ്വ്. അമ്മയ്ക്കും അച്ഛനും നല്ല ചികിത്സ കിട്ടും. അനിയത്തിമാര്‍ക്ക് ഭേദപ്പെട്ട കല്യാണങ്ങള്‍ നടക്കും. എല്ലാം ഭംഗിയാവും.

നിനക്കോ? നിനക്കെന്തു കിട്ടും ലില്ലീ?

എനിയ്ക്ക് ഫ്രീയായിട്ട് ഒരു കുഞ്ഞിനെ കിട്ടും. താലി കഴുത്തില്‍ വീണാല്‍ ആ നിമിഷം മുതല്‍ ഞാന്‍ അമ്മയായി മാറും. ഗര്‍ഭം ധരിയ്‌ക്കേണ്ട, വേദനിച്ച് ദണ്ണപ്പെടേണ്ട. ശരീരത്തില്‍ ഒരു ചെറിയ പോറലോ പാടോ വീഴാതെ ഞാന്‍ അമ്മയായിത്തീരും.

ആ കുഞ്ഞിന്റെ അമ്മ കുട്ടിയെ അന്വേഷിച്ചു വന്നാലോ........അല്ലെങ്കില്‍ നീ എത്ര സ്‌നേഹിച്ച് വളര്‍ത്തിയാലും മുതിരുമ്പോള്‍ ആ കുട്ടി അമ്മയെ തേടി പോയാലോ?

എനിയ്ക്ക് എന്തും കഴിയും, എത്ര പെരും നഷ്ടവും എനിയ്ക്ക് സഹിയ്ക്കാന്‍ പറ്റും. നിനക്ക് ആ കാര്യത്തിലെങ്കിലും ഉറപ്പില്ലേ?

ലില്ലീ, എനിയ്ക്ക് ഈ ടോര്‍ച്ചര്‍ സഹിയ്ക്കാന്‍ വയ്യ, ഇതിലും ഭേദം എന്നെ നീ കൊല്ലുന്നതാണ്.

ഗുരുവായൂരമ്പലത്തിലാണ് താലികെട്ട്. അതു കഴിഞ്ഞാല്‍ ഉടന്‍ ബാംഗ്ലൂര്‍ക്ക് പോകും. വൈകീട്ടാണ് അവിടെയാണ് റിസപ്ഷന്‍. പിന്നെ....

ലില്ലീ, മതി. നിറുത്ത്. ഞാന്‍ ഫോണ്‍ വെയ്ക്കുകയാണ്.

ധനത്തിന്റെ അതിരുകള്‍

https://www.facebook.com/echmu.kutty/posts/533532686826030?pnref=story

ധനാശ മനുഷ്യരെ ചെകുത്താനാക്കും.. ആരെ വേണമെങ്കിലും മുച്ചുടും വരുതിയ്ക്ക് നിറുത്താനുള്ള ഏറ്റവും നീചമായ ആയുധമാണ് പണം. ധനമോഹം കുത്തിവെച്ച് മകനെക്കൊണ്ട് അമ്മയ്‌ക്കെതിരേ പദ്ധതികള്‍ ആസൂത്രണം ചെയ്യിക്കാം. സഹോദരര്‍ തമ്മില്‍ ഒരിയ്ക്കലും അവസാനിയ്ക്കാത്ത കേസുകള്‍ ഉണ്ടാക്കാം. കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കാം. മറ്റുള്ളവരെ മാത്രമല്ല ഈ ലോകത്തെ ഒന്നാകെ നശിപ്പിയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങളിലൂടെ എത്ര ദൂരം വേണമെങ്കിലും കണ്ണും കെട്ടി നടത്തിക്കൊണ്ടു പോകാം..

ആര്‍ത്തിയുടെയും തൃഷ്ണയുടെയുമായ ധനാശ ചൂഷണത്തിനായി ഏതു വഴിയും അവലംബിക്കും. അവിടെ ബന്ധമോ തത്വദീക്ഷയോ നന്മയെപ്പറ്റിയുള്ള അലട്ടലോ മന:സാക്ഷിക്കുത്തോ ഇല്ല.

സനാതന ധര്‍മ്മത്തെ പറ്റി പറയുന്ന ക്ഷേത്രത്തിന്റെ മുന്നില്‍ വേലി കെട്ടിത്തിരിച്ച് പാവപ്പെട്ട മനുഷ്യരെ ഇരുത്തിയിരിക്കുന്നത് കാണുകയാണ് ഞാന്‍. അമ്പലത്തില്‍ വരുന്ന പണക്കാര്‍ നല്‍കുന്ന പ്രസാദം അഥവാ ആഹാരം വാങ്ങാനാണ് അവര്‍ ഇങ്ങനെ കാത്തിരിക്കുന്നത്. നന്നെ ചെറിയ കുഞ്ഞുങ്ങളും മുലകൊടുക്കുന്ന പതിനഞ്ചു പതിനാറു വയസ്സുള്ള അമ്മമാരും വൃദ്ധരുമാണ് ഈ വേലിയ്ക്കരികില്‍ മുഖവും ചേര്‍ത്ത് വെച്ച് പശിയടങ്ങാന്‍ കുത്തിയിരിക്കുന്നത് . വില കൂടിയ കാറുകളില്‍ വരുന്ന ധനപ്രമത്തരായ മനുഷ്യര്‍ അമ്പലത്തില്‍ തൊഴുത ശേഷം പ്രസാദം നല്‍കുന്നു. ചിലര്‍ അദ്ധ്വാനിച്ച് പണം സമ്പാദിക്കാന്‍ പഠിയ്ക്കണമെന്നും തുരുതുരാ പെറ്റു കൂട്ടരുതെന്നും ദരിദ്രരായ ജനതയെ ഉപദേശിക്കുന്നു. അവരൊക്കെ കഠിനമായി അദ്ധ്വാനിച്ചാണ് കാശുണ്ടാക്കിയതെന്നും ഇങ്ങനെ വെറുതേ കുത്തിയിരിക്കലല്ല അവര്‍ ചെയ്തതെന്നും പറയുന്നു.

ധനികര്‍ക്ക് രണ്ടാണ് ലാഭം. ഒന്ന് പാവങ്ങള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ കിട്ടുന്ന ദൈവാനുഗ്രഹം. രണ്ട്. പാവങ്ങളെ ഉപദേശിച്ചു നന്നാക്കാന്‍ ഒരവസരം.

ദരിദ്രരുടെ ലാഭം.. ഒന്നിനും തികയില്ലെങ്കിലും വായിലൂറുന്ന വെള്ളം ഇറക്കി കുത്തിയിരിക്കുന്നതിലും ഭേദമല്ലേ ഒരു പൊട്ട് പൂരി... ലേശം കടല... ഇച്ചിരി ഹല്‍വ...ഒന്നോ രണ്ടോ ബതാശ..

കണ്ണില്‍ കുരു പൊട്ടിയതു പോലെ കുറച്ചു നേരം അതെല്ലാം കണ്ട് നിന്നിട്ട് ഞാന്‍ എന്റെ വെന്തു നീറലുകളിലേയ്ക്ക് മടങ്ങി..

Monday, June 25, 2018

എല്ലാ നിയമ പരിരക്ഷയുമുണ്ട് നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ....

https://www.facebook.com/echmu.kutty/posts/532355556943743?pnref=story

ഇത് കേള്‍ക്കാത്ത ദിവസമുണ്ടോ? ഇല്ല. ആണുങ്ങള്‍ പെണ്ണുങ്ങളെ പേടിച്ചാണ് ജീവിക്കുന്നതെന്ന് തമാശയായും കാര്യമായും തട്ടിമൂളിയ്ക്കാത്തവരുണ്ടോ? ഇല്ല...

പെണ്ണുങ്ങള്‍ എന്തേലും എഴുതി പോലീസിലോ കോടതിയിലോ കൊടുത്താല്‍ മതി അപ്പോ ആണുങ്ങള്‍ അകത്താകും എന്ന് പറഞ്ഞ് ഒരു പഞ്ചപാവത്തിന്റെ രക്തസാക്ഷിത്വം വരിക്കാന്‍ തുനിയാത്ത ആണുങ്ങളുണ്ടോ... ഇല്ല.

പക്ഷെ...

അതെ, വലിയ ഒരുപാട് പക്ഷെകള്‍ക്ക് ഇടയിലാണ് നമ്മുടെ നിയമ പരിരക്ഷകള്‍ ... ആ ഇടകളുടെ അകലമുണ്ടല്ലോ ഭയാനകമാണ്...

100 എന്ന നമ്പര്‍, 1091 എന്ന വിമന്‍സ് ഹെല്‍പ് ലൈന്‍, സ്ത്രീ സുരക്ഷയ്ക്കായി എന്ന് ഏറ്റവും അഭിമാനപൂര്‍വം കൊണ്ടാടപ്പെടുന്ന വിമന്‍സ് പൊലീസ് സ്റ്റേഷനുകള്‍ ... ഇവിടെയൊക്കെ ഫോണ്‍ ചെയ്തു നോക്കീട്ടുണ്ടോ?

അതും എങ്ങനെ ... നമ്മള്‍ ഒരു നൈറ്റിയില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു.. അപ്പോള്‍ ആ നിമിഷമാണ് നമ്മുടെ സഹായാഭ്യര്‍ഥന ... നമ്മുടെ മൊബൈല്‍ ഫോണിനന്റെ സിം ഊരിമാറ്റപ്പെട്ടതുകൊണ്ട് വഴിയില്‍ കാണുന്ന ഒരാളോട് മൊബൈല്‍ മേടിച്ചാണ് നമ്മള്‍ വിളിക്കുന്നത്...

ആരും നമ്മെ സഹായിക്കാന്‍ വരില്ല... ആരും ഫോണ്‍ എടുക്കുക കൂടിയില്ല. നമുക്ക് തല്ലുകൊണ്ട് ഭീകരമായി പരിക്കു പറ്റിയിട്ടുണ്ടാവാം. നമ്മുടെ സര്‍ട്ടിഫിക്കറ്റുകളും പണവും എ ടി എം കാര്‍ഡും എല്ലാം നമ്മളെ ഇറക്കി വിട്ട ആ വീട്ടിലിരുപ്പുണ്ടാവാം..നാളെ നമുക്ക് ജോലിക്ക് പോവാന്‍ ഒരു വഴിയും തുറന്ന് കിട്ടാതിരിക്കാം.. എന്നാലും പോലീസ് വരില്ല... സഹായിക്കില്ല.

പിറ്റേന്ന് അവര്‍ നമ്മെ ഓഫീസില്‍ വിളിക്കും അല്ലെങ്കില്‍ നമ്മള്‍ പേരും നമ്പറും നല്‍കിയ നമ്മുടെ കൂട്ടുകാരെ വിളിക്കും...ചിലപ്പോള്‍ നമ്മുടേ ബോസ്സിനെയും വിളിക്കും... എന്നിട്ട് നമ്മളോട് സ്റ്റേഷനില്‍ ചെല്ലാന്‍ പറയും.. ,

നമ്മുടെ സങ്കടം പറഞ്ഞാല്‍ എങ്ങനെയെങ്കിലും ഭര്‍ത്താവും മക്കളുമായി ഒരുമിച്ചു ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. കുട്ടികള്‍ അമ്മയുടെ കൂടെ താമസിച്ചില്ലെങ്കില്‍ വഴി തെറ്റുമെന്ന് പറഞ്ഞ് പേടിപ്പെടുത്തും. ഭര്‍ത്താവിനെ കൈക്കുള്ളില്‍ഒരു നെല്ലിയ്ക്ക പോലെ വെയ്ക്കാനറിയണമെന്ന് പരിഹസിക്കും..

അതാണ് പോലീസിന്റെ ജോലി. കാരണം കേസ് ആക്കുന്നത് അവര്‍ക്ക് തലവേദനയാണ്. സ്ഥലം മാറിപ്പോയാലും ഈ സ്റ്റേഷനിലെ കേസുകള്‍ക്ക് വേണ്ടി വണ്ടിക്കൂലിയും ചെലവാക്കി കോടതിയില്‍ വന്ന് മുഷിഞ്ഞു കാത്തു നില്‍ക്കണം. അതിലും എത്ര ലാഭവും സൌകര്യവുമാണ് പെണ്ണുങ്ങളെ കുടുംബബന്ധത്തിന്റെ പാവനത ബോധ്യപ്പെടുത്തി കേസില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നത് !

പ്രിവന്‍ഷന്‍ ഓഫ് ഡൊമസ്റ്റിക് വയലന്‍സ് ആക്ട് എന്നൊരു ഭയങ്കര ആക്ട് ഉണ്ട്. പെണ്ണുങ്ങള്‍ക്ക് സകല സംരക്ഷണവും നല്‍കുന്ന ഒരു ആക്ടാണ് അത് എന്നാണ് വെപ്പ്. അതിനെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കണമെന്ന് എല്ലാ പുരോഗമനവാദികളും അത് ദുരുപയോഗം ചെയ്യപ്പെടുന്നതുകൊണ്ട് എടുത്തുകളയണമെന്ന് കറകളഞ്ഞ കുടുംബ സ്‌നേഹികളും വാദിക്കുന്നുണ്ട്.

എന്തായാലും ഒന്നാം ക്ലാസ് മജിസ്‌റ്റ്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍, (വക്കീലിന്റെ ഫീസ് കൊടുക്കാന്‍ പണമുള്ള പെണ്ണുങ്ങളാണെങ്കില്‍ മാത്രം) മൂന്നാലു ദിവസം കഴിയുമ്പോള്‍ പ്രൊട്ടക് ഷന്‍ ഓഫീസര്‍ നമ്മളെ വിളിക്കും. അവരാദ്യം സ്വന്തം കീഴ് ജോലിക്കാര്‍ വഴി ചോദിക്കുന്നത് നമ്മുടെ പ്രശ്‌നങ്ങളൊന്നുമല്ല, രൂപയായിരിക്കും.

രൂപ തന്നില്ലെങ്കില്‍ കോടതിയിലെ സമണ്‍സ് പ്രതിക്ക് കൊടുക്കില്ലെന്ന് നമ്മെ ഭയപ്പെടുത്തുവാന്‍ കൂടി ആ ഓഫീസിലെ പ്യൂണ്‍ മടിക്കില്ല. എന്നിട്ട് രൂപ നിര്‍ബന്ധമായി അങ്ങനെ മേടിച്ച ശേഷം പ്രതിയുടെ പക്കല്‍ നിന്നും കൂടി ഇരട്ടിയില്‍ കൂടുതല്‍ പണം കൈപ്പറ്റി അയാള്‍ സ്ഥലത്തില്ലെന്ന് എഴുതിക്കൊണ്ട് വന്ന് മജിസ്‌റ്റ്രേറ്റിനു നല്‍കും... സത്യമറിയാമെങ്കിലും മജിസ്‌റ്റ്രേറ്റിന് പ്രതിയേയോ പ്യൂണിനെയൊ ഒന്നും ചെയ്യാനാവില്ല.

ഇതാണ് ഇപ്പോഴും ഇന്ത്യന്‍ നീതിന്യായത്തിന്റെ നിലവിലുള്ള അവസ്ഥ... ഒരു മാറ്റവും ഒന്നിനും വന്നിട്ടില്ല ...

അതുകൊണ്ട് പെണ്ണുങ്ങളുടെ നിയമപരിരക്ഷ എന്നൊക്കെ പറയുന്നത് ഒരിയ്ക്കലും പൊട്ടാത്ത ഒരു പടക്കം മാത്രം...

ഇനി ഞങ്ങളുടെ നാട്ടിലെ പോലീസ് ഇങ്ങനല്ല, കോടതി ഇങ്ങനല്ല , നിയമം ഇങ്ങനല്ല എന്നൊന്നും ആരും മേനി പറയേണ്ട..കാരണം ഇന്ത്യയില്‍ എവിടെങ്കിലും പരിരക്ഷ നല്‍കാത്ത പോലീസും നിസ്സഹായമായ കോടതിയും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ... അത് നമ്മള്‍ ഇന്ത്യാക്കാര്‍ക്കെല്ലാം .... സങ്കടവും വേദനയും അപമാനവും മാത്രമേ തരുന്നുള്ളൂ എന്ന് മനസ്സിലാക്കിയാല്‍ മതി.

പരസ്യങ്ങളില്‍ പറയുന്ന ആ സ്വാഭിമാനമുണ്ടല്ലോ... അത് സ്ത്രീകളുടെ അടുത്തെത്താന്‍ യാത്ര പോലും പുറപ്പെട്ടിട്ടില്ല..... പുറപ്പെട്ടിട്ട് വേണമല്ലോ എത്തിച്ചേരാന്‍...

കുറച്ച് ഹല്‍വ... ഹല്‍വ മാത്രം...

a

എന്റെ അനിയത്തി കണക്കില്‍ എന്നും വലിയ മിടുക്കിയായിരുന്നു. പ്രൊഫഷണല്‍ ബിരുദങ്ങള്‍ നേടി. കൂറ്റന്‍ കമ്പനിയുടെ തലപ്പത്തിരുന്ന് ജോലി ചെയ്യുന്നു. ഒരുപക്ഷെ, ചെയ്യുന്ന ഡിസൈനുകളും അവയുടെ നിര്‍മ്മാണ മേഖലയുമായി ഒരേ സമയം ഇതു പോലെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇന്ത്യ ഒട്ടാകെ തന്നെ അവളൊഴിച്ചാല്‍ മറ്റാരുമില്ലായിരിക്കാം. ഹൈ വോള്‍ട്ടേജ് എയര്‍ കണ്ടീഷനിംഗും ലിഫ്റ്റ് ഡിസൈനും എല്ലാ തരം പ്ലംബിംഗ്, എലക്ട്രിക്കല്‍ ഡിസൈനുകളും ചെയ്യുന്നതിനു പുറമേ അത് സൈറ്റില്‍ നടപ്പിലാക്കുന്നതിന്റെ കൃത്യമായ മേല്‍നോട്ടം വഹിക്കലും അവളുടെ ജോലിയാണ്. ദില്ലി എയര്‍പോര്‍ട്ടിനടുത്ത ഏറോസിറ്റിയില്‍ വേള്‍ഡ് മാര്‍ക് ഹോട്ടലുകള്‍ എല്ലാം അവളുടെ ഡിസൈനിംഗ് വൈദഗ്ദ്ധ്യത്തിന്റെ നിദര്‍ശനങ്ങളാണ്. ഹര്യാനയിലെ ഗുഡ്ഗാവിലും , ബംഗാളിലെ കല്‍ക്കത്തയിലും പഞ്ചാബിലെ ലുധിയാനയിലും ജലന്തറിലുമെല്ലാം അവളുടെ ഡിസൈനുകളും നിര്‍മ്മിതികളും ഭംഗിയായി പ്രവര്‍ത്തിച്ചുകൊണ്ട് അംബരചുംബികളായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

എനിക്കതെല്ലാം കാണുമ്പോള്‍ വലിയ അഭിമാനം തോന്നും...മാതാപിതാക്കളുടെ മിശ്രവിവാഹം കൊണ്ട് ജാതിയില്‍ കുറഞ്ഞവളായ അവള്‍ക്ക് തനി തമിഴ് ബ്രാഹ്മണപ്പയ്യനേക്കാള്‍ കണക്കിനു മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ പാടില്ല എന്ന് ശഠിച്ച ജാതിക്കുശുമ്പേറിയ അധ്യാപകരേയും ഞങ്ങളുടെ ജാതിക്കുറവിനെ പരിഹസിച്ച ഇപ്പോഴും പരിഹസിക്കുന്ന എല്ലാ തരം ബന്ധങ്ങളേയും ഞാന്‍ അപ്പോഴൊക്കെയും ഓര്‍ക്കും..

അവള്‍ എന്റെ അനിയത്തി...നാട്ടുവഴിയില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിക്കാന്‍ എന്നെ പഠിപ്പിച്ചവള്‍. കണക്ക് കിട്ടാത്ത എന്നെ ഇടയ്ക്കിടെ പിച്ചുകയും അടിക്കുകയും 'മന്ദബുദ്ധീ' എന്ന് വിളിക്കുകയും ചെയ്തിരുന്നവള്‍ . കശുമാങ്ങ പറിച്ചു അതിന്റെ നീരു കുടിക്കാനുള്ള എന്റെ തീരാത്ത കൊതി നിവര്‍ത്തിച്ചു തരാനായി എത്ര ഉയര്‍ന്ന കശുമാവിന്‍ കൊമ്പിലും ഒരു മടിയുമില്ലാതെ കേറിയിരുന്നവള്‍.. ഞാന്‍ കശുമാങ്ങയുടെ നീരു വലിച്ചു കുടിക്കുന്നത് ഒരമ്മയുടെ നിറഞ്ഞ സ്‌നേഹത്തോടെ വീക്ഷിച്ചിരുന്നവള്‍.. 'മത്യോ നിനക്ക് ഇനീം വേണോ' എന്ന് ചോദിച്ചിരുന്നവള്‍...

എന്തുമാത്രം ദീപ്തമായ, ഒരിയ്ക്കലും മരിയ്ക്കാത്ത ഓര്‍മ്മകള്‍ ...

ശനിയാഴ്ച ദിവസം രാവിലെ ഒന്നു രണ്ട് കിലോ റവയില്‍ ആവശ്യത്തിനു പാലും പഞ്ചസാരയും നെയ്യും അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ ചേര്‍ത്ത് വരട്ടി വരട്ടി ഹല്‍വയാക്കി , ഗുഡ്ഗാവിലെ റോഡരികില്‍ അനാഥക്കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന അവളെ കുട്ടികള്‍ ഓടി വന്ന് പൊതിയുന്നത്.. അവളുടെ കാര്‍ കാണുമ്പോഴേയ്ക്കും 'ആന്റീ' എന്ന വിളിയോടെ അവര്‍ പാഞ്ഞു വരുന്നത്... അഴുക്കു നിറഞ്ഞ കൈകള്‍ കൊണ്ട് അവളെ തൊടുകയും ഷേക് ഹാന്‍ഡ് നല്‍കുകയുമൊക്കെ ചെയ്യുന്നത്.. ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്..

അവളുടെ കണ്ണുകളിലാകട്ടെ, പണ്ടെനിക്ക് കശുമാങ്ങ പറിച്ചു തന്നിരുന്ന അതേ അമ്മ വാല്‍സല്യമാണ്.. അവളും അവളുടെ കുറെ മക്കളും അവരുടെ മധുരലോകവും..

ഞാന്‍ ആ ലോകത്തെ മാറിയിരുന്ന് വെറുതേ കാണുക മാത്രം ചെയ്യുന്നു.

Sunday, June 24, 2018

രക്തം രക്തത്തെ തിരിച്ചറിയും അത്രേ

https://www.facebook.com/echmu.kutty/posts/531185410394091?pnref=story

ഈ ഒറ്റത്തന്തയ്ക്ക് പിറന്ന പോലെ ഒരു ജുഗുപ്‌സയുണ്ടാക്കുന്ന പ്രയോഗമാണിതും. കാരണം സിനിമേലായാലും കഥേലായാലും നാടകത്തിലായാലും ജീവിതത്തില്‍ ഒരിയ്ക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുട്ടി അച്ഛനെ കണ്ടാല്‍ ഉടനെ തിരിച്ചറിയും. ചെറിയ കുട്ടിയാണെങ്കില്‍ അച്ഛനെ കണ്ട വഴി കൈയിലേക്ക് ചാടും. വലിയ കുട്ടിയാണെങ്കില്‍ എവിടെയെങ്കിലും അച്ഛന്‍ ഉണ്ടായിരുന്നു എന്ന വിശ്വാസത്തില്‍ ഞാനിതുവരെ ധൈര്യായി ജീവിക്കായിരുന്നു എന്ന് പറയും. പെറ്റ് പാലു കൊടുത്ത് പോറ്റിയ അമ്മയെ കണ്ടാല്‍ അച്ഛന്‍ അനുവദിക്കുമ്പോഴേ കുട്ടി അമ്മയുടെ പക്കലേക്ക് ചെല്ലൂ. .... അമ്മയെ തിരിച്ചറിയൂ. അമ്മ എവിടെയെങ്കിലും ജീവിച്ചിരുന്നതുകൊണ്ട് ഒരു കുട്ടിയ്ക്കും ധൈര്യം ഒട്ടും വരികയുമില്ല.

പിന്നേമുണ്ട് ... അച്ഛനു ഇഷ്ടല്യാത്ത കല്യാണം കഴിച്ച പെണ്‍കുട്ടികളുടെ ചില രീതികളുണ്ട് ... എത്ര വികാരനിര്‍ഭരമായ രംഗത്ത് വെച്ച് അച്ഛനെ കാണുമ്പോഴും ഇങ്ങനെ കൊടി നാട്ടിയ പോലെ നില്‍ക്കുകയേ ഉള്ളൂ. കല്യാണത്തിനു മുന്‍പുള്ള അത്രയും കാലം സ്‌നേഹമായി വളര്‍ത്തി വലുതാക്കിയ അച്ഛനെ കാണുമ്പോള്‍ അത് എവിടെ വെച്ചായാലും ഏതവസരത്തിലായാലും ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ പറ്റാത്ത പെണ്‍കുട്ടികള്‍... കുറ്റവാളികളായി ഇങ്ങനെ നില്‍ക്കുന്നവര്‍... സ്വന്തം അച്ഛനെ ഏതു പ്രായത്തിലായാലും ഏതവസ്ഥയിലായാലും കെട്ടിപ്പിടിക്കാന്‍ നമുക്ക് ആരുടെയെങ്കിലും സമ്മതം വേണോ?

അതും ജുഗുപ്‌സയുണ്ടാക്കുന്ന ചിത്രീകരണങ്ങളാണ്...

സമരവും ജീവിതവും

https://www.facebook.com/echmu.kutty/posts/530763050436327?pnref=story

ഹര്യാനയില്‍ വലിയ ബഹളമാണ്. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നു. റോഡ് നിറയെ ജനമുണ്ട്.. അതിലും കുടുതല്‍ ഇടിയന്‍ പോലീസുണ്ട്. ഖേതാല്‍, റോത്തക്.. അങ്ങനെ എല്ലായിടത്തു നിന്നും റോഡ് ബ്ലോക്കിന്റെ വാര്‍ത്തകള്‍ വരുന്നു.

സമരം നടക്കുകയാണ്.

അതിനിടയില്‍ ഏകാഗ്രമായി തുണികള്‍ തയിച്ചു കൊണ്ട് ദര്‍ജിമാര്‍ പൊടിയും പുകയും പറക്കുന്ന റോഡുകളില്‍ ഇരിക്കുന്നുണ്ട്. അവര്‍ അവരുടെ ജീവിതം തയ്യലില്‍ കരുപ്പിടിപ്പിക്കുന്നവരാണ്. മഞ്ഞത്തും വെയിലത്തും എല്ലാം റോഡരികുകളില്‍ അപ്പാര്‍ട്ടുമെന്റുകളുടെ പരിസരങ്ങളില്‍ അവര്‍ ഇരിക്കുന്നു. കര്‍ട്ടനും കുഷന്‍ കവറും മുതല്‍ അനാര്‍ക്കലി ചുരിദാര്‍ വരെ  തയിച്ചു കൊടുക്കുന്നു.
ദര്‍ജിമാരെല്ലാം മിക്കവാറും മുസ്ലിം പുരുഷന്മാരാണ്.

വീട്ടുജോലിക്കു വരുന്ന സ്ത്രീകള്‍ അധികം പേരും ബംഗ്ലാദേശില്‍ നിന്നു വരുന്ന കല്‍ക്കട്ട സ്വദേശികളാണ്. അവര്‍ സൈക്കിളുകള്‍ പറപ്പിച്ചുകൊണ്ട് ഓഡിയും ബി എം ഡബ്ലിയൂ വും പോര്‍ഷെയും ഓടുന്ന റോഡരികുകള്‍ സ്വന്തമാക്കിയിരിക്കുന്നു. സൈക്കിള്‍ പഠിയ്ക്കാനും ഓടിയ്ക്കാനും ഉള്ള അനുവാദം ആ സ്ത്രീകള്‍ എത്ര ബുദ്ധിമുട്ടിയാണ് നേടിയിട്ടുണ്ടാവുക എന്നറിയുമ്പോഴാണ് സൈക്കിളോടിക്കുന്ന ഓരോ സ്ത്രീയും ഒരു സമര പ്രതീകമാകുന്നത്.

മാറ്റങ്ങള്‍ മെല്ലെയെങ്കിലും കടന്നു വരട്ടെ.. സമരങ്ങളില്‍ തളിര്‍ത്ത് ജീവിതങ്ങള്‍ പൂവണിയട്ടെ....

Saturday, June 23, 2018

എനിക്ക് ചോറുണ്ണാന്‍ കൊതിയാവുന്നു, അമ്മേ...


https://www.facebook.com/echmu.kutty/posts/529948943851071?pnref=story
ഒരു ബഹുരാജ്യക്കുത്തക ഭീമന്റെ, അതി ഗംഭീരമായ ഒരു സപ്തനക്ഷത്ര ഹോട്ടല്‍ നിര്‍മ്മാണം കണ്ടു നില്‍ക്കുകയാണ് ഞാന്‍.

രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന് വരുന്ന മിനുസമുള്ള പൊടിയില്‍ കുളിച്ച്, ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത അനവധി വന്‍ കിട കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, മുരളുന്ന യന്ത്രങ്ങള്‍, തലയില്‍ ചട്ടിത്തൊപ്പി പോലെ ഹെല്‍മെറ്റ് ധരിച്ച എണ്ണമറ്റ തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍...

എല്ലാവര്‍ക്കും തിരക്കാണ്... ദില്ലിയില്‍ തണുപ്പ് പോയി.. പോകുന്നു എന്നൊക്കെ പറഞ്ഞെങ്കിലും അത് അങ്ങനെ ഒഴിഞ്ഞു പോയിട്ടില്ല. ഇന്ന് ഒരു ഇരുണ്ട് തണുത്ത ദിവസമാണ് ഇവിടെ ....

സഫായി കര്‍മ്മചാരി എന്ന സ്വീപ്പര്‍ വിഭാഗം സ്വതന്ത്ര ഇന്ത്യയിലെ ജോലിക്കാരില്‍ അയിത്തക്കാരാണ്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇതു ചിലപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ, വടക്കേ ഇന്ത്യയില്‍ അവര്‍ ഇന്നും അയിത്തക്കാരാണ്. അവരെ ആരും തൊടുകയില്ല. അസ്പൃശ്യര്‍ , അധമര്‍, കീഴാളര്‍.

അവരിലൊരാളായിരുന്നു ആ അമ്മ.

അവര്‍ എന്റെ അനിയത്തിയോട് സങ്കടം പറയുന്നത് ഞാന്‍ വെറുതെ കണ്ടു നിന്നു.

സാധാരണ കഥ, പെണ്‍ കുഞ്ഞിനെ പെറ്റു, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. പെണ്‍കുഞ്ഞിന്റെ അച്ഛനായി അറിയപ്പെട്ട് മാനം കെടാന്‍ അയാള്‍ക്ക് വയ്യ. അമ്മയ്ക്ക് പിന്നെ മാനം ഇല്ലല്ലോ … അതുകൊണ്ട് കേടും ഇല്ല.

അവരൊറ്റയ്ക്കാണ് കുഞ്ഞിനെ പോറ്റുന്നത്. അമ്മയ്ക്ക് കുഞ്ഞും കുഞ്ഞിനു അമ്മയും മാത്രം. കോണ്ട്രാക്റ്റ് ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം മുടങ്ങിയാല്‍ അന്നത്തെ വേതനം കുറയ്ക്കും മാനേജ്‌മെന്റ്. പിന്നെ സ്വീപ്പര്‍ ജോലിയൊക്കെ നിസ്സാരമല്ലേ... എത്ര ആളെ വേണമെങ്കിലും കിട്ടും. മഹാനഗരത്തിലാണോ ആളെ കിട്ടാന്‍ പഞ്ഞം. …

കുഞ്ഞിനു ടൈഫോയിഡാണ്. എന്നാലും അമ്മ ജോലിക്ക് വന്നേ തീരു. കുറെ മരുന്നൊക്കെ വാങ്ങിക്കൊടുത്ത് വീട്ടില്‍ കിടത്തീട്ട് പോരും. അയല്‍പ്പക്കക്കാരോട് ഇടയ്ക്ക് ഒന്നു നോക്കാന്‍ പറയും. അധികം പ്രായമൊന്നുമില്ല കുഞ്ഞിനു... പത്ത് പന്ത്രണ്ട് വയസ്സേയുള്ളൂ...

മരുന്നു വാങ്ങിയും ഡോക്ടറെ കാണിച്ചും ഒക്കെയായി ഇപ്രവശ്യത്തെ ശമ്പളം തീര്‍ന്നു. പിന്നെ തണുപ്പും രോഗവുമായതുകൊണ്ട് നല്ലഒരു രജായി വാങ്ങേണ്ടി വന്നു. ഇനീപ്പോ റൊട്ടി ഉണ്ടാക്കലാണ് വഴി. അതും ഉപ്പും കൂടി അങ്ങ് കഴിയ്ക്കാം.. ഈ മാസം അങ്ങനെ തള്ളിപ്പോകട്ടെ.

കുട്ടി ഇന്നലെ രാത്രി വാശി പിടിച്ചു കരഞ്ഞു. ഒന്നിനുമല്ല.... ഒരു പിടി ചോറിനാണ്. എനിക്ക് ചോറുണ്ണാന്‍ കൊതിയാവുന്നു അമ്മേ... എന്ന് പറഞ്ഞ് കരച്ചിലോട് കരച്ചില്‍..

അരിയ്ക്ക് ഗോതമ്പിനേക്കാള്‍ വിലയുള്ള നാടാണിത്.. ബീഹാറികളും ബംഗാളികളും ആസ്സാംകാരുമൊക്കെ നമ്മെപ്പോലെ ചോറുണ്ണാന്‍ കൊതിയുള്ളവരാണ്.

അനിയത്തി ചോദിച്ചു... ' അടുത്ത രണ്ട് മാസം ആഹാരം കഴിയ്ക്കാന്‍ എന്ത് ചെലവ് വരും?'

ആ അമ്മ കരഞ്ഞുകൊണ്ട് അവളുടെ പാദം തൊട്ട് വന്ദിക്കാന്‍ കുനിഞ്ഞു. അവരെ പിടിച്ചുയര്‍ത്തി കെട്ടിപ്പിടിച്ച് അവര്‍ക്ക് പണം നല്‍കി യാത്രയാക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു..

ഞാനും...

ദില്ലിയിലെ ഇരുണ്ട് തണുത്ത ഒരു ദിനത്തില്‍... ചൂടു ചോറ് വാരിയുണ്ണുന്ന ഒരുകുഞ്ഞുവാവയെ ഓര്‍ത്തുകൊണ്ട്..

ഞാന്‍ വെറുതെ..

ജെ എന്‍ യൂ എനിക്ക് പ്രിയപ്പെട്ട ഒരു ക്യാമ്പസ്സാണ്.

https://www.facebook.com/echmu.kutty/posts/528794930633139?pnref=story
അവിടെ പഠിക്കണമെന്നൊക്കെ ഏതോ ഒരു കിനാവിലുണ്ടായിരുന്നു. പിന്നെ പഠിത്തം എല്ലാ അര്‍ഥത്തിലും മോശമായിപ്പോയതുകൊണ്ട് അതൊന്നും നടന്നില്ല. എന്നാലും അവിടെ പലവട്ടം പോയിട്ടുണ്ട്. 615 പൂര്‍വാഞ്ചല്‍ ഹോസ്റ്റല്‍ എന്ന ഡി ടി സി ബസ് നമ്പര്‍ എനിക്ക് മറക്കാന്‍ കഴിയില്ല. ...

എന്തുകൊണ്ട് നിങ്ങള്‍ ഇങ്ങനെ സമരം ചെയ്യുന്നു...വേറെ മാതിരി സമരം ചെയ്യാമായിരുന്നില്ലേ എന്ന് എന്നോട് ചോദിച്ച അനവധി ഗവേഷകര്‍ ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോള്‍ പലയിടങ്ങളിലും പ്രൊഫസര്‍മാരായി ജോലി ചെയ്യുന്നുണ്ടാവണം...

നല്ല പച്ചപ്പുള്ള ഒരുപാട് കിളികളുള്ള കുറെ നായ്ക്കളുള്ള അതി വിശാലമായ ഒരു ക്യാമ്പസ്സ്... അവിടത്തെ ചില പ്രൊഫസര്‍മാര്‍ക്കൊക്കെ ഫാം ഹൌസുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്... കുറച്ച് അലങ്കാരപ്പണികള്‍ ചെയ്തിട്ടുണ്ട്. ..

ഇര്‍ഫാന്‍ ഹബീബിനെ കേട്ടത് അവിടെ വെച്ചാണ്. അന്നദ്ദേഹം ചൂണ്ടിക്കാണിച്ചതൊക്കെ ഇത്ര വേഗം ഇങ്ങനെ കടന്നു വരുമെന്ന് മനസ്സിലായില്ല...

ഇന്നലെ അവിടെ പോയിരുന്നു. ജെ എന്‍ യൂ വിന്റെ വലിയ കവാടം അടഞ്ഞു കിടക്കുന്നു...പാതി രാത്രിയില്‍ പോലും തുറന്നു കിടന്നിരുന്ന ആ കവാടം... വഴി നിറയെ ചാനലുകളുടെ ഡിസ്‌ക് വെച്ച വണ്ടികള്‍ , ദില്ലി പോലീസിന്റെ അനവധി വാഹനങ്ങള്‍... ആയുധധാരികളായ പോലീസുകാര്‍...

കുട്ടിക്കൂട്ടുകാര്‍ , മകളെപ്പോലെ എന്നെ സ്‌നേഹിക്കുന്നവള്‍ .... എല്ലാവരും എന്നെ വിലക്കി...' ഇങ്ങോട്ട് വരരുത്... ഇവിടെ ഭയങ്കര കുഴപ്പമാണ്.. '

ഞാന്‍ മടങ്ങി....

അവരെ ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെട്ടുകൊണ്ട്...

Friday, June 22, 2018

കൂടെ വരൂ എന്നു കൂട്ടിക്കൊണ്ടു പോയ മോഹം



https://www.facebook.com/groups/812445722293457/permalink/892381674299861/

https://www.facebook.com/groups/1945563405669128/permalink/2596909570534505/

  

12-02-2016ന് സമകാലിക മലയാള വാരികയില്‍ പ്രസിദ്ധീകരിച്ച യാത്രാക്കുറിപ്പ്. (വാരിക ഇവിടെ കാണാം)                                            



 ചില മോഹങ്ങള്‍ ഇങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം അങ്ങ് കടന്നുവന്ന് 'വാ, എന്റെ കൂടെ' എന്ന് കല്‍പിച്ച് കൂട്ടിക്കൊണ്ടു പോവും. സുഖദമായ ഒരു തൂവല്‍സ്പര്‍ശത്തിന്റെ കരുതലോടെ, ' നീയെന്നെ കാത്തിരിക്കുകയായിരുന്നില്ലേ ഇത്ര നാളും' എന്ന് ചെവിയില്‍ ലോലമായി മന്ത്രിയ്ക്കും. അപ്പോഴാണ് പ്രായം സ്പര്‍ശിച്ചു തുടങ്ങിയ, തലമുടിയുടെ ഉള്ളു കുറഞ്ഞു തുടങ്ങിയ, നരയും ജരയും തൊട്ടു തുടങ്ങിയ ശരീരം പൊട്ടിത്തരിച്ച് 'അതെ, അതെ, ഞാന്‍ കാത്തിരിക്കുകയായിരുന്നു' എന്ന് സ്വയം പറയുന്നത്.. അറിയുന്നത്.

ഈ കൊല്ലൂര്‍ !! കുടജാദ്രി യാത്ര അങ്ങനെ സംഭവിച്ചതാണ്. ...മുല്ലയ്‌ക്കൊപ്പം.


മുല്ലയെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. വല്ലപ്പോഴും എഫ് ബീയിലൊരു മെസ്സേജിടും. നാട്ടുപച്ച എന്ന വെബ്ബ് പോര്‍ട്ടലില്‍ ഇടയ്ക്ക് എഴുതും, മുല്ല എന്തെഴുതിയാലും ഞാന്‍ വായിയ്ക്കും, മുല്ല ഇടുന്ന പടങ്ങള്‍ കാണും, ലൈക്കടിക്കും... വല്ലപ്പോഴും ഒരു കമന്റും എഴുതും. എന്നാല്‍ മുല്ലയുടെ യാത്രാച്ചിത്രങ്ങള്‍ കാണുമ്പോള്‍ ' എന്നേം കൂടെ കൊണ്ടുപോ പ്ലീസ് പ്ലീസ് ' എന്ന് യാതൊരു നാണവും കൂടാതെ എഫ് ബിയിലൂടെ തന്നെ പരസ്യമായി കെഞ്ചും.

ഇത് എന്റെ പതിവാണ്. ഞാനും മുല്ലയും തമ്മില്‍ എന്തോ ഒരു സ്പന്ദനം , യാത്രയുടെ വിത്തുകളിലെ ഒരു പച്ചനാമ്പ് , എവിടെ നിന്നൊക്കെയോ പരസ്പരം തൊട്ടിരുന്നു, അതില്‍ ഒരു പുളകമുണ്ടായിരുന്നു.

കടലോളം സങ്കടങ്ങളും പര്‍വതത്തോളം വേദനകളും മരുഭൂമിയോളം ഒറ്റപ്പെടലുകളും അനുഗ്രഹിച്ച വിധി ഇങ്ങനെ ചില മധുരക്കനികളും എനിക്ക് തരാറുണ്ട്. എപ്പോഴും ഏതു കഷ്ടപ്പാടിലും എന്നെ മനസ്സിലാക്കുന്ന ഒരു മനസ്സ്, ഏതു തിരക്കിലും ആരുടെ മുന്നിലും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരയാനൊരു ചുമല്‍, അടുത്തു കിടത്തി തട്ടിയുറക്കാനൊരു കൈത്തലം....

മുല്ല അങ്ങനെയൊരു മധുരത്തൊടലും സ്‌നേഹവും സന്തോഷവുമായിരുന്നു. അവള്‍ ക്ഷണിച്ചു, 'നീ വാ... നമുക്ക് പോവാം. '

അങ്ങനെ ഞാന്‍ പോയി … അതിരാവിലെ മൂന്ന് നാല്‍പതിനു തിരുവനന്തപുരത്തു നിന്നുള്ള ഏറനാട് എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേയ്ക്ക്..

രാത്രി താരകാഭരണങ്ങള്‍ ഊരി വെയ്ക്കുന്നതും ചന്ദ്രന്‍ പിന്‍ നിലാവുമായി ഒതുങ്ങിയൊളിയ്ക്കുന്നതും സൂര്യന്‍ ഉദിച്ചുയര്‍ന്ന് തന്റെ പൊന്‍ പൌഡര്‍ പൂശി ദിവസത്തെ സുന്ദരിയാക്കുന്നതും ഞാന്‍ ട്രെയിനിലിരുന്നു കണ്ടു.

അമ്മീമ്മക്കഥകളാണ് മുല്ലയ്ക്ക് സമ്മാനിയ്ക്കാന്‍ ഞാന്‍ കരുതിയിരുന്നത്. എന്റെ പക്കല്‍ വേറെ ഒന്നും ഇല്ലല്ലോ.

മുല്ല കാത്തു നിന്നിരുന്നു. കോഴിക്കോട് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ.

മുല്ല പടര്‍ന്ന് തളിര്‍ത്ത് പൂത്ത സരായി അതി മനോഹരമായ ഒരു വീടാണ്. ഭംഗിയായി സംവിധാനം ചെയ്ത വീട്. എല്ലാ സൌകര്യങ്ങളുമുണ്ട്. എന്നാല്‍ ഒന്നുമില്ല ആഡംബരമായി. എല്ലാം ചേരുമ്പടി ചേര്‍ക്കുക എന്ന് കേട്ടിട്ടില്ലേ... അത് പോലെ.

മുല്ല ആദ്യമൊരു ഷര്‍ബത്തും വൈകാതെ ഊണും വിളമ്പി. രണ്ടും അതീവ രുചികരമായിരുന്നു.

പിന്നെ , ഞാനല്ലേ ആള്... ശ്വാസം വിടാനുള്ള നേരം പോലും എടുക്കാതെ ഞാന്‍ മുല്ലയെ അഭിമുഖീകരിച്ച് പ്രസംഗിക്കാന്‍ തുടങ്ങി. വിഷയങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ.

നളിനചേച്ചി, മകള്‍ വന്ദന, എഫ് ബീയില്‍ നല്ല ഫോട്ടോകളിടുന്ന സുഭദ്ര, രാംജി, സിയാഫും കുടുംബവും, നാമൂസ്, ഭ്രാന്തന്‍ ഭ്രാന്തനെന്ന് സ്വയം പൊങ്ങച്ചപ്പെടുന്ന അംജദ്, ബീജ, റെജീന എന്നിവരുമായുള്ള പരിചയങ്ങള്‍, സൌഹൃദങ്ങള്‍, മതം, മാലിന്യനിര്‍മ്മാര്‍ജ്ജനം, രാഷ്ട്രീയം, പരിസ്ഥിതി, യാത്രാനുഭവങ്ങള്‍, കോടതികളിലെ പരിചയങ്ങള്‍, സ്ത്രീ സമത്വം, പുരുഷമേധാവിത്തത്തിന്റെ ക്രൂരതകള്‍, ജീവിതം, സങ്കടം, നഷ്ടങ്ങള്‍, വേദന....നേരം മതിയാകാത്ത കുഴപ്പമേയുള്ളൂ.

എന്നെ കേട്ട് കേട്ട് തളര്‍ന്ന് വാടിപ്പോയ മുല്ല ചായയും ബിസ്‌ക്കറ്റും തന്നു. ആ നേരമെങ്കിലും നിശ്ശബ്ദയായിരിക്കുമല്ലോ എന്ന് കരുതിക്കാണും പാവം.

ചായ കുടിച്ച് ഉഷാറായപ്പോള്‍ എനിക്ക് അടുത്ത മോഹമുദിച്ചു. മിഠായിത്തെരുവ്, മാനാഞ്ചിറ മൈതാനം, മാനാഞ്ചിറ, കോഴിക്കോട് ബീച്ച് ഒക്കെ കാണണം. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഒരു മുഹമ്മദ് റാഫി നൈറ്റിനു അച്ഛനൊപ്പം ഞങ്ങള്‍ കോഴിക്കോട് വന്നിട്ടുണ്ട്... അത് മാനാഞ്ചിറ മൈതാനത്തായിരുന്നു എന്നാണെന്റെ വിശ്വാസം. ടൌണ്‍ഹാളിലായിരിക്കുമെന്ന് മുല്ല എന്നെ തിരുത്തി.


 മിഠായിത്തെരുവ് എനിക്ക് ബോധിച്ചു. നല്ല നല്ല മിന്നുന്ന ഉടുപ്പുകള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ അതൊക്കെ മേടിച്ചിട്ടാല്‍ ഞാനൊരു രാജകുമാരി പോലെ ഉണ്ടാവുമെന്ന് സങ്കല്‍പിച്ച് ഞാന്‍ ആത്മാര്‍ഥമായും ആഹ്ലാദിച്ചു.

പിന്നെ ഭാസ്‌ക്കരേട്ടന്റെ കട..

ശങ്കരേട്ടന്റെ തൊണ്ണൂറു വയസ്സായ മറ്റെങ്ങും ബ്രാഞ്ചില്ലാത്ത കടയ്ക്ക് മുന്നില്‍ നിന്ന് ഞാന്‍ അന്തം വിട്ടു. തൊണ്ണൂറു വര്‍ഷം മുന്‍പ് ഈ തെരുവ് എങ്ങനെയായിരുന്നിരിക്കുമെന്നും അവിടെ എന്തൊക്കെ വില്‍പനവസ്തുക്കള്‍ ഉണ്ടായിട്ടുണ്ടായിരുന്നിരിക്കുമെന്നും ഒക്കെ ഞാന്‍ ആലോചിച്ചു.

മുല്ലയും കൊച്ചുകൊച്ചു കഥകളുടെ മൊട്ടുകളുമായി എന്റെ ആലോചനകളിലും സങ്കല്‍പങ്ങളിലും സുഖദമായ സുഗന്ധം പരത്തി .

പിന്നെ വളക്കടകളില്‍ കയറി. ഇഷ്ടപ്പെട്ട വളകള്‍ക്ക് എന്റെ സൈസില്ല. സൈസായ വളകള്‍ക്ക് കിലുക്കമില്ല. കിലുങ്ങാത്ത വളകള്‍ ആര്‍ക്കു വേണം ? അങ്ങനെ വളക്കടകളെ ഉപേക്ഷിച്ചു.

ബീച്ചായിരുന്നു അടുത്ത ലക്ഷ്യം .

കടലിന്നക്കരെ വിദൂര ചക്രവാളത്തില്‍ തൂങ്ങി നില്‍ക്കുന്ന ബോട്ടുകള്‍ കാണായി. കടല്‍ത്തീരത്ത് നല്ല ആള്‍ത്തിരക്കുണ്ടായിരുന്നു. സൂര്യന്‍ ചുവപ്പും മഞ്ഞയും ചായങ്ങള്‍ക്കൊണ്ടുള്ള ചിത്രപ്പണികള്‍ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് ഇരുള്‍ പരക്കുവാനും തുടങ്ങിയിരുന്നു.

ഉപ്പിലിട്ട കൈതച്ചക്ക, മാങ്ങ, ലൂവിയ്ക്ക, അമ്പഴങ്ങ, പപ്പായ ഇതൊക്കെ കണ്ട് കടലില്‍ കിടന്നിരുന്ന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള വെള്ളം എന്റെ വായില്‍ നിറഞ്ഞു. മുല്ല കൈതച്ചക്കയും മാങ്ങയും വാങ്ങിത്തന്നതു തിന്നു എനിക്ക് ശരിക്കും മത്തു പിടിച്ചുവെന്നു പറയാം. നല്ല സ്വാദുണ്ടായിരുന്നു അവയ്‌ക്കെല്ലാമെന്ന് എനിയ്ക്ക് തോന്നി.

' ലളിത ശാഖികള്‍ പോലെ ഭുജദ്വയം' എന്ന ശ്ലോകത്തെക്കൂട്ട് നേര്‍ത്തു മനോഹരമായ കൈകളാണ് മുല്ലയുടേത്.. അവയിലെ കൂടുതല്‍ നേര്‍ത്ത് അതി സുന്ദരമായ വിരലുകള്‍ … അവ പിടിച്ചു വാതോരാതെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു തിരക്കിലൂടെ അങ്ങനെ നടന്ന് പോകുമ്പോള്‍ വിദൂരദൂരങ്ങളിലായിരുന്ന കോണ്‍വെന്റ് യൂണിഫോമണിഞ്ഞ എന്റെ കൌമാരം പൊട്ടിച്ചിരിച്ചുകൊണ്ട് തിരികെ വരുന്ന പോലെ തോന്നി.

മുല്ല നല്ലൊരു പാചകക്കാരിയാണ്. അത്താഴവും അതീവ രുചികരമായിരുന്നു. വീറ്റ് ഹല്‍വ എന്ന കോഴിക്കോടന്‍ സ്‌പെഷ്യല്‍ ഹല്‍വയും നാലുമുറിഞ്ഞ കായ വറുത്തതും പാല്‍പായസവും മുല്ല എനിക്ക് സല്‍ക്കരിച്ചു.

സാധാരണ മറ്റൊരു വീട്ടില്‍ ചെന്നാല്‍ എനിക്ക് ചിലപ്പോള്‍ ഉറക്കം കമ്മിയാകാറുണ്ട്. ഇവിടെ ഒരു പ്രശ് നവുമുണ്ടായില്ല. സ്വന്തം സഹോദരിയുടെ വീട്ടിലെന്ന പോലെ ഞാന്‍ സുഖമായി സുരക്ഷിതമായി കിടന്നുറങ്ങി.

രാത്രി രണ്ട് മണിയ്ക്ക് എണീറ്റ് കുളിച്ച് പായ്ക്ക് ചെയ്തു വെച്ച ബാഗുമായി ഞങ്ങള്‍ റെയില്‍ വേ സ്‌റ്റേഷനിലേയ്ക്ക് പോയി. ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുന്ന കോഴിക്കോട് നഗരത്തെ കണ്ടു. സ്‌റ്റേഷന്റെ വരാന്തകളില്‍ നാടോടി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നുണ്ടായിരുന്നു. അതിലൊരു കുഞ്ഞു വാവ എണീറ്റിരുന്നു മ്മേ …മ്മേ കരയുന്നതും അമ്മ അതിനു മുല കൊടുത്ത് തട്ടിയുറക്കുന്നതും ഞങ്ങള്‍ കാണാതിരുന്നില്ല.


എറണാകുളം പൂനെ എക്‌സ്പ്രസ്സിന്റെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങള്‍ക്ക് ഇരിയ്ക്കാന്‍ സ്ഥലം കിട്ടി.

ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ ഇന്നും ട്രെയിനിലെ ദളിതര്‍ തന്നെയാണ്. എത്ര സൌമ്യമാര്‍ ആവര്‍ത്തിച്ചാലും ഇന്ത്യന്‍ റെയില്‍വേ കുലുങ്ങുകയില്ല. എന്തു പ്രശ്‌നമുണ്ടായാലും ഈ നശിച്ച പെണ്ണുങ്ങള്‍ക്ക് വീട്ടിലിരുന്നാപ്പോരേ എന്ന് ചോദിച്ചാല്‍ മതിയല്ലോ.. മതിയേ മതി, പെണ്ണുങ്ങള്‍ ആകെ മൂടിപ്പുതച്ച് വീട്ടിലിരുന്നാല്‍ മതി എന്നു ഉത്തരം പറയാന്‍ ആണുങ്ങളും പെണ്ണുങ്ങളും അഹമഹമികയാ കടന്നു വരികയായി..

ഏറ്റവും അവസാനമാണ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്. ഒരു സ്‌റ്റേഷനില്‍ ചെല്ലുമ്പോഴും അത് പ്ലാറ്റ്‌ഫോമിലെത്തില്ല. അയിത്തക്കാരിയായി തീണ്ടാപ്പാട് നില്‍ക്കുകയേ ഉള്ളൂ. വാതിലുകള്‍ക്ക് കുറ്റിയോ കൊളുത്തോ ഇല്ല. പോലീസ് ലോക്കപ്പ് പോലെ തീക്ഷ്ണമായ ലൈറ്റ് മാത്രം എപ്പോഴും ഓണ്‍ ആയിരിക്കും. പോലീസ് കാവല്‍ പോയിട്ട് ഏതെങ്കിലും പോലീസുകാരിയുടെ ഉടുപ്പില്‍ നിന്നു വീണ ഒരു നൂലിഴ പോലും അതിനകത്തില്ല. കുത്തിക്കയറുന്ന ലൈറ്റില്‍ നിന്നു രക്ഷപ്പെടാന്‍ പെണ്ണുങ്ങള്‍ ചുന്നിയും റ്റര്‍ക്കിറ്റൌവലും മുഖത്തിട്ട് ഉറങ്ങാന്‍ ശ്രമിക്കും. അതില്‍ ബെര്‍ത്തില്ല. സാധനങ്ങളും ബാഗും മറ്റും വെയ്ക്കുന്ന പടിയില്‍ പലക കഷണങ്ങള്‍ ഇളകിക്കിടക്കുന്നു.എന്നാലും സ്ത്രീകള്‍ അതില്‍ കയറി കിടക്കുന്നുണ്ട്. മനോബലത്തിന്റെ ധൈര്യത്തില്‍ മാത്രം... അല്ലെങ്കില്‍ ഈശ്വരനിലുള്ള വിശ്വാസം കൊണ്ടു മാത്രം. എന്തായാലും ഒന്നുറപ്പാണ്... ഇന്ത്യാമഹാരാജ്യത്തിനും അതിന്റെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന സംസ്‌ക്കാരത്തിനും ജനാധിപത്യത്തിനും ഒന്നും സ്ത്രീകളും അവരുടെ സുരക്ഷിതത്വവും ഒട്ടും അത്യന്താപേക്ഷിതമല്ല.

ഞാനും മുല്ലയും ഉറങ്ങിയില്ല. പെണ്മയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു നേരം വെളുപ്പിച്ചു.

സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ താഴത്തെ സീറ്റുകള്‍ കാലിയായി. അന്നേരം ഞങ്ങള്‍ കിടന്നു. കിടന്നതേ ഞാന്‍ അറിഞ്ഞുള്ളൂ. പിന്നെ മുല്ല വന്ന് എന്നെ തട്ടി വിളിക്കുകയായിരുന്നു. ' ഉടുപ്പി എത്തി എണീയ്ക്ക്... നമുക്ക് ഇറങ്ങേണ്ടേ?'

സ്‌നേഹമുല്ലയുടെ വെണ്മയുള്ള പുഞ്ചിരി കണികണ്ടുണര്‍ന്നു.

ഇളം തണുപ്പുണ്ട്... നല്ല മനോഹരമായ പ്രഭാതം. …

ഉടുപ്പി ബസ്റ്റാന്‍ഡിലേക്ക് റെയില്‍ വേയുടെ പെയിഡ് ഓട്ടോ സര്‍ വീസ് ഞങ്ങളോട് എണ്‍ പതു രൂപയാണ് മേടിച്ചത് . അപ്പോള്‍ കുറെ വഴി കാണുമല്ലോ എന്ന് കരുതി ഞാനും മുല്ലയും ഉടുപ്പിയുടെ വഴിപ്പച്ചപ്പിലേയ്ക്ക് അലസമായി കണ്ണും നട്ടിരുന്നു. എന്നാല്‍ അതാ ചടുപിടുന്നനെ എത്തിയല്ലോ ബസ് സ്റ്റാന്‍ഡ് . എണ്‍പതു രൂപയുടെ ദൂരമൊന്നും ഇല്ല എന്നതു ഞങ്ങള്‍ക്കുറപ്പായി.

ഓട്ടൊക്കാരന്‍ കൈ മലര്‍ത്തി... ' എനിക്കൊന്നുമറിയില്ല.'

പറ്റിയ ബ്ലീച്ച് മുഖത്ത് കാണിയ്ക്കാതെ ഒരു ഹോട്ടലില്‍ ചെന്നു കയറി. ' ദോശയും കാപ്പിയും വരട്ടെ' എന്ന് ഘനത്തില്‍ പറഞ്ഞു.

ദോശയ്ക്ക് നല്ല സ്വാദുണ്ടായിരുന്നെങ്കിലും ഇത്തിരി ഗുണ്ടപ്പനായിരുന്നു. കാപ്പിയും കുടിച്ചതോടെ വയറു നിറഞ്ഞു.

കൊല്ലൂര്‍ക്ക് രാജകുമാരന്‍ എന്ന് പേരുള്ള ഒരു എക്‌സ്പ്രസ്സ് ബസ്സ് വരുമെന്ന് മനസ്സിലായി. ഞങ്ങള്‍ രാജകുമാരനെയും കാത്തിരുന്നു. ഉടുപ്പി ബസ്സ് സ്റ്റാന്‍ഡിലും മാലിന്യത്തിനു പഞ്ഞമൊന്നുമില്ല. സ്ത്രീകള്‍ ധാരാളം ആഭരണങ്ങളും തിളങ്ങുന്ന സാരികളും മുല്ലമാലയും ധരിച്ച് ധിറുതിയായി എങ്ങോട്ടെല്ലാമോ പോയ്‌ക്കൊണ്ടിരുന്നു. പുരുഷന്മാര്‍ക്കും നല്ല തിരക്കുണ്ടായിരുന്നു. ആകെപ്പാടെ ബഹളമയമായ അന്തരീക്ഷം.

പിന്നെ ബസ്സിനൊക്കെ കന്നഡയില്‍ മാത്രേ ബോര്‍ഡുള്ളൂ. അതുകൊണ്ട് എനിക്കും മുല്ലയ്ക്കും യാതൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. മോഹന്‍ലാലിനെപ്പോലെ ചോയ്ച്ച് ചോയ്ച്ച് പോകുക തന്നെ. അങ്ങനെ കാക്കിച്ചട്ടൈ പോട്ടവരോടെല്ലാം രാജ് കുമാര്‍ എക്‌സ്പ്രസ്സ് എപ്പോ വരും എവിടെ വരും എപ്പോ പോകുമെന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കേ ബസ്സ് ആടിക്കുലുങ്ങി വന്നു നിന്നു. ബസ്സില്‍ കയറിയപ്പോള്‍ സുഖമായി ഇരിയ്ക്കാന്‍ സ്ഥലവും കിട്ടി.
.
കര്‍ണാടകയില്‍ ഇപ്പോഴും കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പുണ്ട്. മതാത്മകത ആരോപിച്ചാലും ഇല്ലെങ്കിലും പച്ച അസാധാരണമായ വിധത്തില്‍ സൌഖ്യം പകരുന്ന ഒരു നിറമാണ്. സമാധാനം നല്‍കുന്ന നിറമാണ്.
സസ്യശ്യാമളകോമളിമയുടെ അഞ്ചയല്‍പക്കത്ത് വരില്ല, മനുഷ്യന്‍ നിര്‍മ്മിച്ച ഒരു ചായക്കൂട്ടും... കാരണം മനുഷ്യ നിര്‍മ്മിതമായ ഒരു ചായക്കൂട്ടുകള്‍ക്കും അങ്ങനെ മനസ്സുഖം പകരാനാവില്ല.

കൊല്ലൂരിലെത്തുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. ബസ് സ്റ്റാന്ഡില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് ക്ഷേത്രനടയിലെത്തി. അഡിഗയുടെ ഹോട്ടലില്‍ നിന്ന് ഉച്ചയൂണു കഴിച്ചു. പിന്നെ ലഗേജ് ക്ലോക്‌റൂമില്‍ വെച്ച് ദേവീ ദര്‍ശനത്തിനു പോയി. കുപ്പിവളകള്‍, മംഗല്യസൂത്രം, ചുവന്ന പട്ട്, നാളികേരം, വെറ്റില, പാക്ക്, കുങ്കുമം, മഞ്ഞള്‍, വിവിധതരം ചരടുകള്‍ എല്ലാം വഴിയില്‍ വില്‍പനയ്ക്കുണ്ടായിരുന്നു. ക്ഷേത്രത്തിനകത്ത് അതിഭയങ്കരമായ ക്യൂ ആയിരുന്നു. അതു കണ്ടപ്പോഴെ എന്റെ മനസ്സു തകര്‍ന്നു. അതില്‍ നിന്ന് എന്റെ ഊഴം വന്ന് ഞാന്‍ എപ്പോള്‍ കാണാനാണ് ദേവിയെ ? ഇവിടെ വരെ വന്നത് വെറുതെയായോ?

അപ്പോള്‍ കൂട്ടമണിയടി ഉയര്‍ന്നു.. പൂജാരിയായ അഡിഗയുടെ തോളിലേറി സര്‍ വാഭരണ വിഭൂഷിതയായി ദേവി പുറത്തേയ്ക്ക് എഴുന്നള്ളി . എനിക്കത് അവിശ്വസനീയമായി തോന്നി. സാഷ്ടാംഗം പ്രണമിച്ച് ഞാന്‍ ദേവിയ്ക്കു പുറകില്‍ പ്രദക്ഷിണമായി നടന്നു. ദേവി പിന്നീട് മഞ്ചലിലും രഥത്തിലുമേറി എനിക്ക് ദര്‍ശനം നല്‍കി. ഭസ്മവും മുല്ലപ്പൂവും പ്രസാദമായി കിട്ടി. അപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വലിയ ആഹ്ലാദമുണ്ടായി. എം ടി യുടെ വാനപ്രസ്ഥം വായിച്ച അന്നു മുതലുള്ള ആഗ്രഹമാണ് ഈയൊരു യാത്ര.. എത്ര വയസ്സു കഴിഞ്ഞു ആ വായനയ്ക്ക് … എങ്കിലും ആ മോഹം ഇന്നെന്ന പോലെ ഉള്ളില്‍ പച്ച പിടിച്ച് നില്‍ക്കുന്നു. .

ലഗേജ് എടുത്ത് കുടജാദ്രിയിലേയ്ക്കുള്ള ജീപ്പ് അന്വേഷിച്ചു. ഒരാള്‍ക്ക് മുന്നൂറ്റമ്പത് രൂപ. അങ്ങനെ ഞങ്ങള്‍ ഒമ്പതു പേര്‍. ആ ഒമ്പതു പേരില്‍ ഉണ്ടായിരുന്ന പുരുഷ യാത്രക്കാരെല്ലാം തന്നെ അസാധാരണമായ തടിയും കുടവയറുമുള്ളവരായിരുന്നു. ഞങ്ങളല്ലാതെ ആകെ ബാക്കി ഉണ്ടായിരുന്ന ഒരു സ്ത്രീ സാന്നിധ്യത്തിനാണെങ്കില്‍ ഒന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അവര്‍ സദാ ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ മുഖവും വീര്‍പ്പിച്ചു പിടിച്ചിരുന്നു. ഞാനും മുല്ലയുമാണെങ്കില്‍ വാനപ്രസ്ഥത്തിലെ മാഷ് ഒരു ജീപ്പ് മുഴുവന്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ' ആയിരത്തി ഇരുനൂറുറുപ്യേയ് ' എന്ന വിനോദിനിയുടെ നിഷ്‌ക്കളങ്കമായ ആശ്ചര്യം ഓര്‍ത്തുകൊണ്ട് സന്തോഷത്തോടെ ജീപ്പില്‍ കയറിയിരുന്നു.

ആ യാത്ര അവിസ്മരണീയമായിരുന്നു.

ആദ്യം കുറച്ച് ദൂരം ടാറിട്ട ഭേദപ്പെട്ട റോഡായിരുന്നു. ഇരുവശവും വനത്തിന്റെ നല്ല പച്ചപ്പ്. അപ്പോള്‍ ഞാന്‍ കരുതി വഴിയൊക്കെ നന്നാക്കിയിരിക്കുമെന്ന്... വാനപ്രസ്ഥം വായിച്ചത് അനവധി വര്‍ഷം മുമ്പല്ലേ...

ഒരു പത്ത് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി..



പൊടിയില്‍ കുളിച്ചായിരുന്നു പിന്നീടുള്ള ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ യാത്ര. ജീപ്പ് ആദ്യമൊരു കിണറ്റില്‍ വീഴും. പിന്നെ രണ്ടു ചക്രം അതില്‍ നിന്നു കയറും , ഒപ്പം തന്നെ മുടിസ്സൂചി വളവ് തിരിയും.. ബാക്കി രണ്ട് ചക്രം കിണറ്റില്‍ നിന്നും കയറുമ്പോഴേക്കും ആദ്യത്തെ രണ്ടു ചക്രവും അടുത്ത കിണറ്റില്‍ വീണിട്ടുണ്ടാവും.. ഇങ്ങനെ പാതാളക്കുഴികളില്‍ വീണും കയറിയും മുടിസ്സൂചി വളവുകള്‍ തിരിഞ്ഞും ആടിയുലഞ്ഞ് ജീപ്പ് പോയിക്കൊണ്ടിരുന്നു. ചെക് പോസ്റ്റില്‍ നിറുത്തി പണം കെട്ടിക്കഴിഞ്ഞപ്പോള്‍ ജീപ്പ് െ്രെഡവര്‍ താക്കീതു തന്നു.. ഇതു വരെ കണ്ടതൊക്കെ ട്രെയിലര്‍ മാത്രമായിരുന്നു. ഇനിയാണ് ശരിയായ സിനിമ തുടങ്ങുന്നതെന്ന്... അത് അങ്ങനെ തന്നെയായിരുന്നു.
പാതാളക്കുഴികളുടെ ആഴമങ്ങ് കൂടി, കയറ്റങ്ങളുടെ ഉയരം വര്‍ദ്ധിച്ചു, മുടിസ്സൂചി വളവുകളുടെ ഇടുക്കം ഏറി... ജീപ്പ് ഏതു നിമിഷവും താഴത്തെ അഗാധതകളിലേയ്ക്ക് കീഴ് മേല്‍ മറിയുമെന്ന് ഞങ്ങള്‍ ഭയന്നു.
അല്ലെങ്കില്‍ ഞങ്ങളുടെ ആന്തരാവയവങ്ങള്‍ കുഴഞ്ഞു മറിഞ്ഞ് ഒരു പന്തു പോലെ ഉരുണ്ട് വായിലൂടെ പുറത്തേയ്ക്ക് തള്ളിവരുമെന്ന് ഞങ്ങള്‍ക്ക് മനം പുരട്ടി.

വഴിയുടെ ഇരുവശവും ആഴമേറിയ താഴ്വാരങ്ങളായിരുന്നു. അവയില്‍ പഞ്ചവര്‍ണ്ണക്കിളിനിറവും മയില്‍ നിറവും മാറിമാറിത്തെളിഞ്ഞുകൊണ്ടിരുന്നു. സൂര്യനായിരുന്നു അഭൌമനായ ആ ചിത്രകാരന്‍.. ഓരോ ചായവും അരുണവിരലുകളാല്‍ പുരളുമ്പോള്‍ താഴ്വരകള്‍ നവോഢമാരെപ്പോലെ ലജ്ജിച്ചു ചൂളി . അതിസുന്ദരമായിരുന്നു താഴ് വരകളുടെ ആ ലജ്ജയും പുളകവും....

ഒടുവില്‍ പൊടിയില്‍ കുളിച്ച് ചെമ്പിച്ച മുടിയിഴകളുമായി അമ്പലങ്ങള്‍ക്കിടയിലുള്ള അഡിഗയുടെ വീടിനു മുന്നില്‍ ജീപ്പ് ചെന്നു നിന്നു. പുറത്തിറങ്ങിയ ഞങ്ങള്‍ ആദ്യം ചെയ്തത് ജീപ്പ് െ്രെഡവറെ തൊഴുകയായിരുന്നു. കന്നഡയില്‍ ഇടമുറിയാതെ സംസാരിച്ചുവെങ്കിലും അയാള്‍ ഒരു മനുഷ്യനാണെന്ന് വിശ്വസിയ്ക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കുടജാദ്രി കാണിയ്ക്കാന്‍ നിയോഗിക്കപ്പെട്ട വല്ല ദേവസംഭവനുമാവാനേ തരമുള്ളൂ.

അയാള്‍ ഹൃദ്യമായി ചിരിച്ചു.

' എല്ലാം അമ്മയുടെ അനുഗ്രഹം' എന്ന് മറുപടി പറഞ്ഞു. ആ വഴിയില്‍ വണ്ടിയോടിക്കുന്നവരെല്ലാം അമ്മയുടെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നവരാണ്. ജാതിമതഭേദമെന്യേ.. ശരിയായിരിക്കുമെന്ന് ഞാന്‍ കരുതി. ഹിമാലയന്‍ താഴ്വരകളിലെ കാലി കമ്പള്‍ ബാബയുടെ അനുഗ്രഹം പോലെ.. പ്രകൃതി നമ്മെ വല്ലാതെ വെല്ലുവിളിയ്ക്കുമ്പോള്‍ നമ്മള്‍ നിസ്സഹായതയുടെ പടുകുഴിയില്‍ വീണുപോകുമെന്ന് തോന്നുമ്പോള്‍ ഇങ്ങനെ എന്തെങ്കിലും വിശ്വാസങ്ങളുടെ കൂടി ബലമില്ലെങ്കില്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവുകയില്ലായിരിക്കും.

അഡിഗയുടെ വീട്ടില്‍ വലിയ സൌകര്യമൊന്നുമില്ല. നല്ല മുറികളോ ശുചിമുറികളോ ഇല്ല.ഒരു വലിയ ഹാളും രണ്ട് മൂന്ന് ചെറിയ ഗുഹ മാതിരിയുള്ള മുറികളുമാണുള്ളത്. ഒരു ഗുഹാ മുറിയില്‍ ദേവിയുടെ വിഗ്രഹമുണ്ട്. അവിടെ അങ്ങനെ ആരേയും പ്രവേശിപ്പിക്കില്ല. പിന്നെ ഒരു മുറിയില്‍ അഡിഗയുടെ അമ്മ ഉറങ്ങുന്നു. എനിക്കും മുല്ലയ്ക്കും ആ മുറിയാണ് കിട്ടിയത്, അടുക്കളയും ഹാളുമുണ്ട്. അവിടെയാണ് ഭക്ഷണം. ഭക്ഷണം കഴിയുമ്പോള്‍ അവിടെ തൂത്തുവാരി പുരുഷന്മാര്‍ക്ക് ഉറങ്ങാന്‍ പായകളും കമ്പിളികളും കൊടുക്കും.

കൈയും കാലും മുഖവും കഴുകി അഡിഗ തന്ന ഒരു മിനി ചായ കുടിച്ച് ഞാനും മുല്ലയും കുടജാദ്രി ലക്ഷ്യമാക്കി ഇറങ്ങി. സ്ത്രീകളായ ഞങ്ങള്‍ തനിച്ച് ചിത്രമൂല കാണാന്‍ പോകരുതെന്ന് അഡിഗ വിലക്കി. സുരക്ഷിതത്വം കുറവായിരിക്കുമെന്നും പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ തനിച്ചു പോകരുതെന്നും അദ്ദേഹം താക്കീതു തന്നു .

അഡിഗയുടെ വീടിനു പുറകിലുള്ള അമ്പലത്തില്‍ ശിവനും പാര്‍വതിയും ഗണപതിയുമാണുള്ളത്. എന്റെ അഗാധമായ സങ്കടങ്ങള്‍ ഞാന്‍ കണ്ണീരോടെ അവിടെ അര്‍പ്പിച്ചു. പിന്നെ മുല്ലയ്‌ക്കൊപ്പം കുടജാദ്രി കയറാന്‍ തുടങ്ങി … കയറ്റം എളുപ്പമായിരുന്നില്ല. . ചെരിപ്പ് വഴുക്കുന്നുണ്ടായിരുന്നു. കൂര്‍ത്ത ചരല്‍ക്കല്ലുകളില്‍ വഴുതി താഴോട്ട് വീഴുമെന്ന ഭയവും തോന്നുന്നുണ്ടായിരുന്നു. പിന്നെ ഒരു ശീമക്കൊന്നയുടെ വടിയൊക്കെ സംഘടിപ്പിച്ച്, ചെരിപ്പ് വഴിയില്‍ ഒരിടത്ത് ഊരിവെച്ച് ഞാന്‍ നടക്കാന്‍ തുടങ്ങി. കൂര്‍ത്തകല്ലുകള്‍ എന്റെ പാദങ്ങളെ കഠിനമായി നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.


അത്യഗാധതകളില്‍ വന സൌന്ദര്യം അതിന്റെ പാരമ്യതകളിലായിരുന്നു. ദൂരെ പതക്കങ്ങള്‍ പോലെ മിന്നുന്ന നീലത്തടാകങ്ങളും വൃക്ഷനിബിഡമായ, ആയിരം വര്‍ണവൈവിധ്യങ്ങളില്‍ പച്ച നിറം തെളിയുന്ന മലയടിവാരങ്ങളും ശരിയ്ക്കും നമ്മെ മോഹിപ്പിച്ചു കളയും. ഒരു ദുര്‍ബലതയില്‍ താഴേക്കു ചാടിയാലോ എന്ന് തോന്നിപ്പിക്കുന്ന അതീവ വന്യമായ മോഹാവേശമുണ്ടാക്കും. മുല്ല അത് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മഞ്ഞ നിറമുള്ള പുല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ വല്ലാത്ത ഒരു തരം സുഖാലസ്യത്തോടെ ചെരിഞ്ഞു കിടന്നിരുന്നു. അവയില്‍ സൂര്യന്റെ പൊന്‍ പ്രഭ വിഴുമ്പോള്‍ അനന്തമായി നീണ്ടു കിടക്കുന്ന വാന്‍ ഗോഗ് ചിത്രവും വാന്‍ ഗോഗ് മഞ്ഞയും തെളിഞ്ഞു വന്നു. ഇടയ്ക്കിടെ കാലില്‍ കുത്തിക്കയറുന്ന മൂര്‍ച്ചയുള്ള കല്ലുകളും ചരലില്‍ വഴുക്കുമോ എന്ന ഭീതിയുമില്ലായിരുന്നെങ്കില്‍ ഹിമാലയന്‍ താഴ്വരയിലെ വാലി ഓഫ് ഫ്‌ലവേഴ്‌സിന്റെ സൌന്ദര്യം കണ്ട് ആടിയുലഞ്ഞു ജീവന്‍ നഷ്ടമാക്കിയ മദാമ്മയെപ്പോലെ ആയേനേം ഞാനും മുല്ലയും.

മുല്ല കുന്നു കയറുന്നതില്‍ എന്നേക്കാള്‍ മിടുക്കിയാണ്. മുല്ലയുടെ തോളില്‍ കൈവെച്ചും വടി കുത്തിയുമാണ് ഞാന്‍ കയറിയിരുന്നത്. മുല്ലയുടെ ഷൂസും ഉശിരനായിരുന്നു. എന്തു വന്നാലും സര്‍ വജ്ഞപീഠം കയറണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് കുറെ നടന്നും ഇത്തിരി കിതച്ചും കുറച്ചു നിന്നും ഒക്കെ ഞങ്ങള്‍ മുകളിലേയ്ക്ക് കയറി.

ആദിശങ്കരന്‍ പ്രാര്‍ഥിച്ചതെന്ന് കരുതുന്ന ഗണപതി ക്ഷേത്രം വഴിയിലുണ്ട്. അത് സസ്യനിബിഡമായ ഇരുണ്ട ഒരു വഴിയിലേയ്ക്ക് തെറ്റിയിറങ്ങുന്നു. അതും കടന്ന് കുറെയേറെ മുകളിലാണ് സര്‍വജ്ഞപീഠം. ഇടുങ്ങിയ പാറക്കെട്ടുകളും വെള്ളം കുത്തിയൊലിച്ചുണ്ടായ താല്‍ക്കാലിക വഴികളും മാത്രമാണ് ആകെയുള്ളത്. പാറക്കെട്ടുകള്‍ ഹിമാചല്‍പ്രദേശില്‍ കാണപ്പെടുന്ന ഉറപ്പു കുറഞ്ഞ സ്ലേറ്റ് പാറകളെ ഓര്‍മ്മിപ്പിച്ചു.



ഒടുവില്‍ ആദിശങ്കരനെ പ്രതിഷ്ഠിച്ചിരിക്കുന്ന സര്‍വജ്ഞപീഠത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. കരിങ്കല്ലു കൊണ്ട് പടുത്ത തറയും ഒരു അമ്പലവുമാണത്. അമ്പലത്തിനുള്ളില്‍ ആദിശങ്കരന്‍ ഇരിയ്ക്കുന്നു. കാണാന്‍ ഒരു സുഖവുമില്ലാത്ത കാവിച്ചായം യാതൊരു കലാബോധവുമില്ലാതെ അവിടവിടെ തോണ്ടിച്ചാര്‍ത്തിയിട്ടുണ്ട് . അമ്പലത്തിനു ചുറ്റും പാറക്കെട്ടുകളും അവയ്ക്കപ്പുറം പച്ചയും നീലയും മയില്‍ നിറവും വാരിപ്പുതച്ച ഹരിതാഭമായ കുന്നുകളുമാണ്. ഇടയില്‍ മഞ്ഞപ്പുല്ലുകളുടെ കുന്നുകളുമുണ്ട്, സൂര്യന്‍ തന്റെ തങ്കനിറമുളള പൌഡര്‍ എല്ലാ സുന്ദരിക്കുന്നുകള്‍ക്കും ലോഭമില്ലാതെ പൂശിക്കൊടുക്കുന്നുണ്ടായിരുന്നു.... തീര്‍ത്തും അഭൌമമായ ഒരു സൌന്ദര്യക്കാഴ്ച തന്നെയായിരുന്നു അത്.

അവിടെ ഇരിയ്ക്കുമ്പോള്‍ നല്ല തക്കുടുവായ ഒരു കുഞ്ഞുവാവ തികഞ്ഞ ഗൌരവത്തില്‍ ആദിശങ്കരനോട് പ്രാര്‍ഥിക്കുന്നതു കേട്ടു. ' ആദിശങ്കരരേ... എനക്ക് നല്ല ബുദ്ധി കുടുക്കണമേ.. പിന്നെ ഒന്നു നിറുത്തി ചുറ്റും നോക്കി ശബ്ദം അല്‍പം താഴ്ത്തി.. ' അപ്പാവുക്കും അമ്മാവുക്കും കൂടി കൊഞ്ചം നല്ല ബുദ്ധി കുടുക്കണമേ.. ഉങ്കളാലെ മുടിഞ്ചാല്‍...' എനിക്ക് ചിരി വന്നെങ്കിലും ആ കുഞ്ഞുമുഖത്തിന്റെ ഗൌരവം കണ്ടപ്പോള്‍ ചിരി ചുണ്ടില്‍ തന്നെ ഉറഞ്ഞു പോയി.

സര്‍വജ്ഞ പീഠത്തിന്റെ അപ്പുറത്തെ വശത്താണ് കുന്നു കയറി ഇറങ്ങിയാല്‍ എത്തുന്ന ചിത്രമൂല. അതൊരു ഗുഹയാണ്. അവിടെയാണത്രേ ആദിശങ്കരന്‍ തപസ്സ് ചെയ്തത്. നേരം വൈകിയതുകൊണ്ട് ഞാനും മുല്ലയും ആ സാഹസത്തിനു തുനിഞ്ഞില്ല. ഇനി വരുമ്പോള്‍ രാവിലെ സര്‍വജ്ഞപീഠം കയറണമെന്നും അന്ന് ചിത്രമൂല കാണണമെന്നും തീരുമാനിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. മുല്ലയുടെ തോളില്‍ പിടിച്ച് വടിയും കുത്തി സാമാന്യം വേഗത്തില്‍ ഇറങ്ങിയിട്ടും താഴെ എത്തുമ്പോഴേക്കും ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ചെറുപ്പത്തില്‍ പറഞ്ഞു കേട്ടിട്ടുള്ള നാട്ടു വെളിച്ചം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ.

അങ്ങനെ യാത്രയുടെ അവസാനപാദത്തില്‍ വഴിയില്‍ ഊരി വെച്ച ചെരിപ്പ് ഒക്കെ ഇട്ട ഞാന്‍ നല്ല ഭംഗിയായി ഉരുണ്ട് വീഴുകയും ചെയ്തു. വീണപ്പോള്‍ എന്നെ പൊക്കിയെടുക്കാന്‍ പാവം മുല്ലയ്ക്ക് പറ്റിയില്ല. പിന്നെ ഒരാള്‍ ദയ തോന്നി സഹായിച്ചു. അങ്ങനെ മെല്ലെ എണീറ്റ് മുടന്തി നടന്ന് ഞങ്ങള്‍ താഴെ എത്തി.

അമ്പലത്തില്‍ നിന്ന് പ്രസാദം കിട്ടി.

ഇത്ര നേരം വൈകിയതെന്ത് എന്ന് അഡിഗ ചോദിച്ചു. സര്‍വജ്ഞ പീഠത്തിനു പകരം ഇടതു ഭഗത്തുള്ള സണ്‍ റൈസ് പോയിന്റ് കുറെ കയറിയെന്ന അബദ്ധം അപ്പോള്‍ ഞങ്ങള്‍ ചമ്മലോടെ അഡിഗയോട് പങ്കു വെച്ചു.

വീണ്ടും ഒരു മിനി ചായ കുടിച്ചു.

നല്ല തണുപ്പ് തോന്നുന്നുണ്ടായിരുന്നു. കുളിയ്ക്കും എന്ന പ്രതിജ്ഞ പതുക്കെ കൈയും കാലും മുഖവും കഴുകുമെന്ന തീരുമാനമായി അയഞ്ഞു. തണുതണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുത്തുമൊക്കെ കഴുകി, വിറച്ചുകൊണ്ട് ഞങ്ങള്‍ അത്താഴം കഴിയ്ക്കാനിരുന്നു. ചൂടുചോറും സാമ്പാറും കുരുമുളകും ജീരകവും പൊടിച്ചിട്ട ക്യാബേജ് മെഴുക്കു പുരട്ടിയും പപ്പടവും അച്ചാറും മോരുമായിരുന്നു വിഭവങ്ങള്‍. അരയ്ക്ക് കീഴോട്ട് ഒന്നും തന്നെയില്ല എന്ന തോന്നലായിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ വിറയ്ക്കുന്ന കാലുകള്‍ നല്‍കിയത്. ഒരു തരത്തില്‍ ഭക്ഷണം കഴിച്ച് ഞങ്ങള്‍ അമ്മയുടെ മുറിയില്‍ അഭയം പ്രാപിച്ചു.

പ്ലാസ്റ്റിക്ക് പുല്ലുപായാണ് തറയില്‍ വിരിച്ചിരുന്നത്. തലയിണയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ബാഗ് തലയിണയാക്കി. കൈയിലുണ്ടായിരുന്ന കമ്പിളി ഷാളൊക്കെ പുതച്ച് ഞങ്ങള്‍ കിടന്നു.കിടന്നതും ഞാനുറങ്ങി. പക്ഷെ, പായുടെ അടിയില്‍ നിന്ന് തറയിലെ കുത്തിത്തുളയ്ക്കുന്ന തണുപ്പ് കയറി വരുന്നുണ്ടായിരുന്നു, പാവം മുല്ല. മുല്ല ഉറങ്ങിയില്ല. അപ്പോഴാണ് അഡിഗയുടെ അമ്മ സാരിയും ഷാളുമൊക്കെ ഞങ്ങളുടെ പുറത്തിട്ട് തണുപ്പകറ്റാന്‍ സ്‌നേഹക്കരുതലെടുത്തത്. എന്നിട്ടും ഞാന്‍ ഞരങ്ങി... ' മുല്ലെ എന്നെ കെട്ടിപ്പിടിക്ക്... എനിക്ക് തണുക്കുന്നു'വെന്ന് കരഞ്ഞു. മുല്ല എന്നെ കെട്ടിപ്പിടിച്ചു... ആ സ്‌നേഹാലിംഗനം പകര്‍ന്ന ചൂടില്‍ ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ സുഖമായി സുരക്ഷിതമായി കിടന്നുറങ്ങി.

രാവിലെ മുല്ല വേഗം എഴുന്നേറ്റ് തയാറായി, തലേന്നത്തെ വീഴ്ചയും കാലില്‍ കല്ലുകള്‍ കുത്തിക്കയറിയുണ്ടായ ചെറു പൊട്ടലുകളുമായി എനിക്ക് നല്ല മേലുവേദന തോന്നിയിരുന്നു. എന്തായാലും മലമുകളില്‍ നിന്ന് ഊറിവരുന്ന തണുത്ത വെള്ളത്തില്‍ നല്ല സുഖമായി കുളിച്ചപ്പോള്‍ മിക്കവാറും വേദനകളൊക്കെ മരുന്നു പുരട്ടി തടവിയാലെന്ന പോലെ അപ്രത്യക്ഷമായി.

പ്രഭാത സൂര്യന്‍ കുന്നുകളിലും താഴ്വാരങ്ങളിലും സ്വര്‍ണപ്പൊടി വാരി വിതറുന്നുണ്ടായിരുന്നു. മുല്ല കുറെ പടങ്ങള്‍ എടുത്തു. അമ്പലക്കുളത്തിന്റെ കരയിലിരിക്കുമ്പോള്‍ മലമുകളില്‍ നിന്നിറങ്ങി വന്ന തണുത്ത കാറ്റ് അമ്പലക്കുളത്തിലെ തെളിഞ്ഞ വെള്ളത്തിനു ഓളങ്ങളുടെ നിലയ്ക്കാത്ത രോമാഞ്ചം നല്‍കി.

മിനിച്ചായയും ദോശയും കഴിച്ച് അഡിഗയോടും അമ്മയോടും യാത്ര പറഞ്ഞ് ജീപ്പില്‍ കയറി മടങ്ങുമ്പോള്‍ ഇന്നലത്തെ അത്ര ഭയം തോന്നിയില്ല. നെട്ടിയൂര്‍ വരെ മാത്രമേ ജീപ്പ് കിട്ടിയുള്ളൂ. പിന്നെ കൊല്ലൂര്‍ക്ക് ഞങ്ങള്‍ സാധാരണ ബസ്സില്‍ പോയി. വീണ്ടും കൊല്ലൂരിലുള്ള അഡിഗയുടെ ഉച്ചഭക്ഷണം കഴിച്ച് മംഗലാപുരത്തേയ്ക്ക് ബസ്സു കയറി. നാലു മണി കഴിഞ്ഞാണ് മംഗലാപുരമെന്ന വലിയ തുറമുഖ പട്ടണത്തിലെത്തിയത്. സിയാഫിനേയും ഷാനിയേയും ഞാന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചുവെങ്കിലും സമയമില്ലാതിരുന്നതുകൊണ്ട് അവരെ കാണാന്‍ സാധിച്ചില്ല. മംഗലാപുരം പട്ടണം ചുറ്റിക്കാണുന്നത് പിന്നെയാകട്ടെ എന്ന് മുല്ലയും ഞാനും തീരുമാനിക്കുകയും ചെയ്തു.

മാവേലി എക്‌സ്പ്രസ്സിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. രാത്രി ഒന്‍പതുമണി കഴിഞ്ഞ് കോഴിക്കോട്ടെത്തിയപ്പോള്‍ ബുര്‍ക്കയിട്ട ഒരു അമ്മൂമ്മ ഓട്ടോ െ്രെഡവറായി ജോലി ചെയ്യുന്നതും ആ നഗരത്തിന്റെ രാത്രിയെ അവര്‍ തെല്ലു പോലും ഭയക്കാതിരിക്കുന്നതും കണ്ട് എനിക്ക് വലിയ ആഹ്ലാദം തോന്നി.



അപൂര്‍വമായിട്ടാണെങ്കിലും സ്ത്രീയെന്ന ദുര്‍ഗ്ഗയെക്കുറിച്ചോര്‍ത്ത് ഞാന്‍ പുളകം കൊള്ളാറുണ്ട്. .... ദുര്‍ഗ്ഗ കറുത്ത ബുര്‍ഖയിട്ടാലും പിന്നില്‍ വിശറി വെച്ച മല്‍മല്‍ മുണ്ടുടുത്താലും സാരിയും ചുറ്റി സിംഹത്തിന്റെ പുറത്തിരുന്നാലും എനിക്ക് യാതൊരു വ്യത്യാസവും തോന്നാറില്ല. …

തിന്മകള്‍ക്കെതിരേ പൊരുതുന്നവരെല്ലാം എപ്പോഴും എവിടേയും ഒന്നു തന്നെ...