Monday, June 25, 2018

കുറച്ച് ഹല്‍വ... ഹല്‍വ മാത്രം...

a

എന്റെ അനിയത്തി കണക്കില്‍ എന്നും വലിയ മിടുക്കിയായിരുന്നു. പ്രൊഫഷണല്‍ ബിരുദങ്ങള്‍ നേടി. കൂറ്റന്‍ കമ്പനിയുടെ തലപ്പത്തിരുന്ന് ജോലി ചെയ്യുന്നു. ഒരുപക്ഷെ, ചെയ്യുന്ന ഡിസൈനുകളും അവയുടെ നിര്‍മ്മാണ മേഖലയുമായി ഒരേ സമയം ഇതു പോലെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഇന്ത്യ ഒട്ടാകെ തന്നെ അവളൊഴിച്ചാല്‍ മറ്റാരുമില്ലായിരിക്കാം. ഹൈ വോള്‍ട്ടേജ് എയര്‍ കണ്ടീഷനിംഗും ലിഫ്റ്റ് ഡിസൈനും എല്ലാ തരം പ്ലംബിംഗ്, എലക്ട്രിക്കല്‍ ഡിസൈനുകളും ചെയ്യുന്നതിനു പുറമേ അത് സൈറ്റില്‍ നടപ്പിലാക്കുന്നതിന്റെ കൃത്യമായ മേല്‍നോട്ടം വഹിക്കലും അവളുടെ ജോലിയാണ്. ദില്ലി എയര്‍പോര്‍ട്ടിനടുത്ത ഏറോസിറ്റിയില്‍ വേള്‍ഡ് മാര്‍ക് ഹോട്ടലുകള്‍ എല്ലാം അവളുടെ ഡിസൈനിംഗ് വൈദഗ്ദ്ധ്യത്തിന്റെ നിദര്‍ശനങ്ങളാണ്. ഹര്യാനയിലെ ഗുഡ്ഗാവിലും , ബംഗാളിലെ കല്‍ക്കത്തയിലും പഞ്ചാബിലെ ലുധിയാനയിലും ജലന്തറിലുമെല്ലാം അവളുടെ ഡിസൈനുകളും നിര്‍മ്മിതികളും ഭംഗിയായി പ്രവര്‍ത്തിച്ചുകൊണ്ട് അംബരചുംബികളായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

എനിക്കതെല്ലാം കാണുമ്പോള്‍ വലിയ അഭിമാനം തോന്നും...മാതാപിതാക്കളുടെ മിശ്രവിവാഹം കൊണ്ട് ജാതിയില്‍ കുറഞ്ഞവളായ അവള്‍ക്ക് തനി തമിഴ് ബ്രാഹ്മണപ്പയ്യനേക്കാള്‍ കണക്കിനു മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ പാടില്ല എന്ന് ശഠിച്ച ജാതിക്കുശുമ്പേറിയ അധ്യാപകരേയും ഞങ്ങളുടെ ജാതിക്കുറവിനെ പരിഹസിച്ച ഇപ്പോഴും പരിഹസിക്കുന്ന എല്ലാ തരം ബന്ധങ്ങളേയും ഞാന്‍ അപ്പോഴൊക്കെയും ഓര്‍ക്കും..

അവള്‍ എന്റെ അനിയത്തി...നാട്ടുവഴിയില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിക്കാന്‍ എന്നെ പഠിപ്പിച്ചവള്‍. കണക്ക് കിട്ടാത്ത എന്നെ ഇടയ്ക്കിടെ പിച്ചുകയും അടിക്കുകയും 'മന്ദബുദ്ധീ' എന്ന് വിളിക്കുകയും ചെയ്തിരുന്നവള്‍ . കശുമാങ്ങ പറിച്ചു അതിന്റെ നീരു കുടിക്കാനുള്ള എന്റെ തീരാത്ത കൊതി നിവര്‍ത്തിച്ചു തരാനായി എത്ര ഉയര്‍ന്ന കശുമാവിന്‍ കൊമ്പിലും ഒരു മടിയുമില്ലാതെ കേറിയിരുന്നവള്‍.. ഞാന്‍ കശുമാങ്ങയുടെ നീരു വലിച്ചു കുടിക്കുന്നത് ഒരമ്മയുടെ നിറഞ്ഞ സ്‌നേഹത്തോടെ വീക്ഷിച്ചിരുന്നവള്‍.. 'മത്യോ നിനക്ക് ഇനീം വേണോ' എന്ന് ചോദിച്ചിരുന്നവള്‍...

എന്തുമാത്രം ദീപ്തമായ, ഒരിയ്ക്കലും മരിയ്ക്കാത്ത ഓര്‍മ്മകള്‍ ...

ശനിയാഴ്ച ദിവസം രാവിലെ ഒന്നു രണ്ട് കിലോ റവയില്‍ ആവശ്യത്തിനു പാലും പഞ്ചസാരയും നെയ്യും അണ്ടിപ്പരിപ്പും മുന്തിരിങ്ങയുമൊക്കെ ചേര്‍ത്ത് വരട്ടി വരട്ടി ഹല്‍വയാക്കി , ഗുഡ്ഗാവിലെ റോഡരികില്‍ അനാഥക്കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന അവളെ കുട്ടികള്‍ ഓടി വന്ന് പൊതിയുന്നത്.. അവളുടെ കാര്‍ കാണുമ്പോഴേയ്ക്കും 'ആന്റീ' എന്ന വിളിയോടെ അവര്‍ പാഞ്ഞു വരുന്നത്... അഴുക്കു നിറഞ്ഞ കൈകള്‍ കൊണ്ട് അവളെ തൊടുകയും ഷേക് ഹാന്‍ഡ് നല്‍കുകയുമൊക്കെ ചെയ്യുന്നത്.. ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാണ്..

അവളുടെ കണ്ണുകളിലാകട്ടെ, പണ്ടെനിക്ക് കശുമാങ്ങ പറിച്ചു തന്നിരുന്ന അതേ അമ്മ വാല്‍സല്യമാണ്.. അവളും അവളുടെ കുറെ മക്കളും അവരുടെ മധുരലോകവും..

ഞാന്‍ ആ ലോകത്തെ മാറിയിരുന്ന് വെറുതേ കാണുക മാത്രം ചെയ്യുന്നു.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ആ അനിയത്തിയാണ് താരം ..!