Saturday, June 23, 2018

എനിക്ക് ചോറുണ്ണാന്‍ കൊതിയാവുന്നു, അമ്മേ...


https://www.facebook.com/echmu.kutty/posts/529948943851071?pnref=story
ഒരു ബഹുരാജ്യക്കുത്തക ഭീമന്റെ, അതി ഗംഭീരമായ ഒരു സപ്തനക്ഷത്ര ഹോട്ടല്‍ നിര്‍മ്മാണം കണ്ടു നില്‍ക്കുകയാണ് ഞാന്‍.

രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്ന് പറന്നുയര്‍ന്ന് വരുന്ന മിനുസമുള്ള പൊടിയില്‍ കുളിച്ച്, ഞാനിതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത അനവധി വന്‍ കിട കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, മുരളുന്ന യന്ത്രങ്ങള്‍, തലയില്‍ ചട്ടിത്തൊപ്പി പോലെ ഹെല്‍മെറ്റ് ധരിച്ച എണ്ണമറ്റ തൊഴിലാളികള്‍, എന്‍ജിനീയര്‍മാര്‍...

എല്ലാവര്‍ക്കും തിരക്കാണ്... ദില്ലിയില്‍ തണുപ്പ് പോയി.. പോകുന്നു എന്നൊക്കെ പറഞ്ഞെങ്കിലും അത് അങ്ങനെ ഒഴിഞ്ഞു പോയിട്ടില്ല. ഇന്ന് ഒരു ഇരുണ്ട് തണുത്ത ദിവസമാണ് ഇവിടെ ....

സഫായി കര്‍മ്മചാരി എന്ന സ്വീപ്പര്‍ വിഭാഗം സ്വതന്ത്ര ഇന്ത്യയിലെ ജോലിക്കാരില്‍ അയിത്തക്കാരാണ്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇതു ചിലപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ, വടക്കേ ഇന്ത്യയില്‍ അവര്‍ ഇന്നും അയിത്തക്കാരാണ്. അവരെ ആരും തൊടുകയില്ല. അസ്പൃശ്യര്‍ , അധമര്‍, കീഴാളര്‍.

അവരിലൊരാളായിരുന്നു ആ അമ്മ.

അവര്‍ എന്റെ അനിയത്തിയോട് സങ്കടം പറയുന്നത് ഞാന്‍ വെറുതെ കണ്ടു നിന്നു.

സാധാരണ കഥ, പെണ്‍ കുഞ്ഞിനെ പെറ്റു, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. പെണ്‍കുഞ്ഞിന്റെ അച്ഛനായി അറിയപ്പെട്ട് മാനം കെടാന്‍ അയാള്‍ക്ക് വയ്യ. അമ്മയ്ക്ക് പിന്നെ മാനം ഇല്ലല്ലോ … അതുകൊണ്ട് കേടും ഇല്ല.

അവരൊറ്റയ്ക്കാണ് കുഞ്ഞിനെ പോറ്റുന്നത്. അമ്മയ്ക്ക് കുഞ്ഞും കുഞ്ഞിനു അമ്മയും മാത്രം. കോണ്ട്രാക്റ്റ് ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം മുടങ്ങിയാല്‍ അന്നത്തെ വേതനം കുറയ്ക്കും മാനേജ്‌മെന്റ്. പിന്നെ സ്വീപ്പര്‍ ജോലിയൊക്കെ നിസ്സാരമല്ലേ... എത്ര ആളെ വേണമെങ്കിലും കിട്ടും. മഹാനഗരത്തിലാണോ ആളെ കിട്ടാന്‍ പഞ്ഞം. …

കുഞ്ഞിനു ടൈഫോയിഡാണ്. എന്നാലും അമ്മ ജോലിക്ക് വന്നേ തീരു. കുറെ മരുന്നൊക്കെ വാങ്ങിക്കൊടുത്ത് വീട്ടില്‍ കിടത്തീട്ട് പോരും. അയല്‍പ്പക്കക്കാരോട് ഇടയ്ക്ക് ഒന്നു നോക്കാന്‍ പറയും. അധികം പ്രായമൊന്നുമില്ല കുഞ്ഞിനു... പത്ത് പന്ത്രണ്ട് വയസ്സേയുള്ളൂ...

മരുന്നു വാങ്ങിയും ഡോക്ടറെ കാണിച്ചും ഒക്കെയായി ഇപ്രവശ്യത്തെ ശമ്പളം തീര്‍ന്നു. പിന്നെ തണുപ്പും രോഗവുമായതുകൊണ്ട് നല്ലഒരു രജായി വാങ്ങേണ്ടി വന്നു. ഇനീപ്പോ റൊട്ടി ഉണ്ടാക്കലാണ് വഴി. അതും ഉപ്പും കൂടി അങ്ങ് കഴിയ്ക്കാം.. ഈ മാസം അങ്ങനെ തള്ളിപ്പോകട്ടെ.

കുട്ടി ഇന്നലെ രാത്രി വാശി പിടിച്ചു കരഞ്ഞു. ഒന്നിനുമല്ല.... ഒരു പിടി ചോറിനാണ്. എനിക്ക് ചോറുണ്ണാന്‍ കൊതിയാവുന്നു അമ്മേ... എന്ന് പറഞ്ഞ് കരച്ചിലോട് കരച്ചില്‍..

അരിയ്ക്ക് ഗോതമ്പിനേക്കാള്‍ വിലയുള്ള നാടാണിത്.. ബീഹാറികളും ബംഗാളികളും ആസ്സാംകാരുമൊക്കെ നമ്മെപ്പോലെ ചോറുണ്ണാന്‍ കൊതിയുള്ളവരാണ്.

അനിയത്തി ചോദിച്ചു... ' അടുത്ത രണ്ട് മാസം ആഹാരം കഴിയ്ക്കാന്‍ എന്ത് ചെലവ് വരും?'

ആ അമ്മ കരഞ്ഞുകൊണ്ട് അവളുടെ പാദം തൊട്ട് വന്ദിക്കാന്‍ കുനിഞ്ഞു. അവരെ പിടിച്ചുയര്‍ത്തി കെട്ടിപ്പിടിച്ച് അവര്‍ക്ക് പണം നല്‍കി യാത്രയാക്കുമ്പോള്‍ അവള്‍ കരയുകയായിരുന്നു..

ഞാനും...

ദില്ലിയിലെ ഇരുണ്ട് തണുത്ത ഒരു ദിനത്തില്‍... ചൂടു ചോറ് വാരിയുണ്ണുന്ന ഒരുകുഞ്ഞുവാവയെ ഓര്‍ത്തുകൊണ്ട്..

ഞാന്‍ വെറുതെ..