Friday, June 22, 2018

കൂടെ വരൂ എന്നു കൂട്ടിക്കൊണ്ടു പോയ മോഹംhttps://www.facebook.com/groups/812445722293457/permalink/892381674299861/

https://www.facebook.com/groups/1945563405669128/permalink/2596909570534505/

  

12-02-2016ന് സമകാലിക മലയാള വാരികയില്‍ പ്രസിദ്ധീകരിച്ച യാത്രാക്കുറിപ്പ്. (വാരിക ഇവിടെ കാണാം)                                             ചില മോഹങ്ങള്‍ ഇങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം അങ്ങ് കടന്നുവന്ന് 'വാ, എന്റെ കൂടെ' എന്ന് കല്‍പിച്ച് കൂട്ടിക്കൊണ്ടു പോവും. സുഖദമായ ഒരു തൂവല്‍സ്പര്‍ശത്തിന്റെ കരുതലോടെ, ' നീയെന്നെ കാത്തിരിക്കുകയായിരുന്നില്ലേ ഇത്ര നാളും' എന്ന് ചെവിയില്‍ ലോലമായി മന്ത്രിയ്ക്കും. അപ്പോഴാണ് പ്രായം സ്പര്‍ശിച്ചു തുടങ്ങിയ, തലമുടിയുടെ ഉള്ളു കുറഞ്ഞു തുടങ്ങിയ, നരയും ജരയും തൊട്ടു തുടങ്ങിയ ശരീരം പൊട്ടിത്തരിച്ച് 'അതെ, അതെ, ഞാന്‍ കാത്തിരിക്കുകയായിരുന്നു' എന്ന് സ്വയം പറയുന്നത്.. അറിയുന്നത്.

ഈ കൊല്ലൂര്‍ !! കുടജാദ്രി യാത്ര അങ്ങനെ സംഭവിച്ചതാണ്. ...മുല്ലയ്‌ക്കൊപ്പം.


മുല്ലയെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. ഫോണില്‍ സംസാരിച്ചിട്ടില്ല. വല്ലപ്പോഴും എഫ് ബീയിലൊരു മെസ്സേജിടും. നാട്ടുപച്ച എന്ന വെബ്ബ് പോര്‍ട്ടലില്‍ ഇടയ്ക്ക് എഴുതും, മുല്ല എന്തെഴുതിയാലും ഞാന്‍ വായിയ്ക്കും, മുല്ല ഇടുന്ന പടങ്ങള്‍ കാണും, ലൈക്കടിക്കും... വല്ലപ്പോഴും ഒരു കമന്റും എഴുതും. എന്നാല്‍ മുല്ലയുടെ യാത്രാച്ചിത്രങ്ങള്‍ കാണുമ്പോള്‍ ' എന്നേം കൂടെ കൊണ്ടുപോ പ്ലീസ് പ്ലീസ് ' എന്ന് യാതൊരു നാണവും കൂടാതെ എഫ് ബിയിലൂടെ തന്നെ പരസ്യമായി കെഞ്ചും.

ഇത് എന്റെ പതിവാണ്. ഞാനും മുല്ലയും തമ്മില്‍ എന്തോ ഒരു സ്പന്ദനം , യാത്രയുടെ വിത്തുകളിലെ ഒരു പച്ചനാമ്പ് , എവിടെ നിന്നൊക്കെയോ പരസ്പരം തൊട്ടിരുന്നു, അതില്‍ ഒരു പുളകമുണ്ടായിരുന്നു.

കടലോളം സങ്കടങ്ങളും പര്‍വതത്തോളം വേദനകളും മരുഭൂമിയോളം ഒറ്റപ്പെടലുകളും അനുഗ്രഹിച്ച വിധി ഇങ്ങനെ ചില മധുരക്കനികളും എനിക്ക് തരാറുണ്ട്. എപ്പോഴും ഏതു കഷ്ടപ്പാടിലും എന്നെ മനസ്സിലാക്കുന്ന ഒരു മനസ്സ്, ഏതു തിരക്കിലും ആരുടെ മുന്നിലും ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരയാനൊരു ചുമല്‍, അടുത്തു കിടത്തി തട്ടിയുറക്കാനൊരു കൈത്തലം....

മുല്ല അങ്ങനെയൊരു മധുരത്തൊടലും സ്‌നേഹവും സന്തോഷവുമായിരുന്നു. അവള്‍ ക്ഷണിച്ചു, 'നീ വാ... നമുക്ക് പോവാം. '

അങ്ങനെ ഞാന്‍ പോയി … അതിരാവിലെ മൂന്ന് നാല്‍പതിനു തിരുവനന്തപുരത്തു നിന്നുള്ള ഏറനാട് എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേയ്ക്ക്..

രാത്രി താരകാഭരണങ്ങള്‍ ഊരി വെയ്ക്കുന്നതും ചന്ദ്രന്‍ പിന്‍ നിലാവുമായി ഒതുങ്ങിയൊളിയ്ക്കുന്നതും സൂര്യന്‍ ഉദിച്ചുയര്‍ന്ന് തന്റെ പൊന്‍ പൌഡര്‍ പൂശി ദിവസത്തെ സുന്ദരിയാക്കുന്നതും ഞാന്‍ ട്രെയിനിലിരുന്നു കണ്ടു.

അമ്മീമ്മക്കഥകളാണ് മുല്ലയ്ക്ക് സമ്മാനിയ്ക്കാന്‍ ഞാന്‍ കരുതിയിരുന്നത്. എന്റെ പക്കല്‍ വേറെ ഒന്നും ഇല്ലല്ലോ.

മുല്ല കാത്തു നിന്നിരുന്നു. കോഴിക്കോട് സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തന്നെ.

മുല്ല പടര്‍ന്ന് തളിര്‍ത്ത് പൂത്ത സരായി അതി മനോഹരമായ ഒരു വീടാണ്. ഭംഗിയായി സംവിധാനം ചെയ്ത വീട്. എല്ലാ സൌകര്യങ്ങളുമുണ്ട്. എന്നാല്‍ ഒന്നുമില്ല ആഡംബരമായി. എല്ലാം ചേരുമ്പടി ചേര്‍ക്കുക എന്ന് കേട്ടിട്ടില്ലേ... അത് പോലെ.

മുല്ല ആദ്യമൊരു ഷര്‍ബത്തും വൈകാതെ ഊണും വിളമ്പി. രണ്ടും അതീവ രുചികരമായിരുന്നു.

പിന്നെ , ഞാനല്ലേ ആള്... ശ്വാസം വിടാനുള്ള നേരം പോലും എടുക്കാതെ ഞാന്‍ മുല്ലയെ അഭിമുഖീകരിച്ച് പ്രസംഗിക്കാന്‍ തുടങ്ങി. വിഷയങ്ങള്‍ക്ക് പഞ്ഞമില്ലല്ലോ.

നളിനചേച്ചി, മകള്‍ വന്ദന, എഫ് ബീയില്‍ നല്ല ഫോട്ടോകളിടുന്ന സുഭദ്ര, രാംജി, സിയാഫും കുടുംബവും, നാമൂസ്, ഭ്രാന്തന്‍ ഭ്രാന്തനെന്ന് സ്വയം പൊങ്ങച്ചപ്പെടുന്ന അംജദ്, ബീജ, റെജീന എന്നിവരുമായുള്ള പരിചയങ്ങള്‍, സൌഹൃദങ്ങള്‍, മതം, മാലിന്യനിര്‍മ്മാര്‍ജ്ജനം, രാഷ്ട്രീയം, പരിസ്ഥിതി, യാത്രാനുഭവങ്ങള്‍, കോടതികളിലെ പരിചയങ്ങള്‍, സ്ത്രീ സമത്വം, പുരുഷമേധാവിത്തത്തിന്റെ ക്രൂരതകള്‍, ജീവിതം, സങ്കടം, നഷ്ടങ്ങള്‍, വേദന....നേരം മതിയാകാത്ത കുഴപ്പമേയുള്ളൂ.

എന്നെ കേട്ട് കേട്ട് തളര്‍ന്ന് വാടിപ്പോയ മുല്ല ചായയും ബിസ്‌ക്കറ്റും തന്നു. ആ നേരമെങ്കിലും നിശ്ശബ്ദയായിരിക്കുമല്ലോ എന്ന് കരുതിക്കാണും പാവം.

ചായ കുടിച്ച് ഉഷാറായപ്പോള്‍ എനിക്ക് അടുത്ത മോഹമുദിച്ചു. മിഠായിത്തെരുവ്, മാനാഞ്ചിറ മൈതാനം, മാനാഞ്ചിറ, കോഴിക്കോട് ബീച്ച് ഒക്കെ കാണണം. ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഒരു മുഹമ്മദ് റാഫി നൈറ്റിനു അച്ഛനൊപ്പം ഞങ്ങള്‍ കോഴിക്കോട് വന്നിട്ടുണ്ട്... അത് മാനാഞ്ചിറ മൈതാനത്തായിരുന്നു എന്നാണെന്റെ വിശ്വാസം. ടൌണ്‍ഹാളിലായിരിക്കുമെന്ന് മുല്ല എന്നെ തിരുത്തി.


 മിഠായിത്തെരുവ് എനിക്ക് ബോധിച്ചു. നല്ല നല്ല മിന്നുന്ന ഉടുപ്പുകള്‍ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോള്‍ അതൊക്കെ മേടിച്ചിട്ടാല്‍ ഞാനൊരു രാജകുമാരി പോലെ ഉണ്ടാവുമെന്ന് സങ്കല്‍പിച്ച് ഞാന്‍ ആത്മാര്‍ഥമായും ആഹ്ലാദിച്ചു.

പിന്നെ ഭാസ്‌ക്കരേട്ടന്റെ കട..

ശങ്കരേട്ടന്റെ തൊണ്ണൂറു വയസ്സായ മറ്റെങ്ങും ബ്രാഞ്ചില്ലാത്ത കടയ്ക്ക് മുന്നില്‍ നിന്ന് ഞാന്‍ അന്തം വിട്ടു. തൊണ്ണൂറു വര്‍ഷം മുന്‍പ് ഈ തെരുവ് എങ്ങനെയായിരുന്നിരിക്കുമെന്നും അവിടെ എന്തൊക്കെ വില്‍പനവസ്തുക്കള്‍ ഉണ്ടായിട്ടുണ്ടായിരുന്നിരിക്കുമെന്നും ഒക്കെ ഞാന്‍ ആലോചിച്ചു.

മുല്ലയും കൊച്ചുകൊച്ചു കഥകളുടെ മൊട്ടുകളുമായി എന്റെ ആലോചനകളിലും സങ്കല്‍പങ്ങളിലും സുഖദമായ സുഗന്ധം പരത്തി .

പിന്നെ വളക്കടകളില്‍ കയറി. ഇഷ്ടപ്പെട്ട വളകള്‍ക്ക് എന്റെ സൈസില്ല. സൈസായ വളകള്‍ക്ക് കിലുക്കമില്ല. കിലുങ്ങാത്ത വളകള്‍ ആര്‍ക്കു വേണം ? അങ്ങനെ വളക്കടകളെ ഉപേക്ഷിച്ചു.

ബീച്ചായിരുന്നു അടുത്ത ലക്ഷ്യം .

കടലിന്നക്കരെ വിദൂര ചക്രവാളത്തില്‍ തൂങ്ങി നില്‍ക്കുന്ന ബോട്ടുകള്‍ കാണായി. കടല്‍ത്തീരത്ത് നല്ല ആള്‍ത്തിരക്കുണ്ടായിരുന്നു. സൂര്യന്‍ ചുവപ്പും മഞ്ഞയും ചായങ്ങള്‍ക്കൊണ്ടുള്ള ചിത്രപ്പണികള്‍ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് ഇരുള്‍ പരക്കുവാനും തുടങ്ങിയിരുന്നു.

ഉപ്പിലിട്ട കൈതച്ചക്ക, മാങ്ങ, ലൂവിയ്ക്ക, അമ്പഴങ്ങ, പപ്പായ ഇതൊക്കെ കണ്ട് കടലില്‍ കിടന്നിരുന്ന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള വെള്ളം എന്റെ വായില്‍ നിറഞ്ഞു. മുല്ല കൈതച്ചക്കയും മാങ്ങയും വാങ്ങിത്തന്നതു തിന്നു എനിക്ക് ശരിക്കും മത്തു പിടിച്ചുവെന്നു പറയാം. നല്ല സ്വാദുണ്ടായിരുന്നു അവയ്‌ക്കെല്ലാമെന്ന് എനിയ്ക്ക് തോന്നി.

' ലളിത ശാഖികള്‍ പോലെ ഭുജദ്വയം' എന്ന ശ്ലോകത്തെക്കൂട്ട് നേര്‍ത്തു മനോഹരമായ കൈകളാണ് മുല്ലയുടേത്.. അവയിലെ കൂടുതല്‍ നേര്‍ത്ത് അതി സുന്ദരമായ വിരലുകള്‍ … അവ പിടിച്ചു വാതോരാതെ വര്‍ത്തമാനങ്ങള്‍ പറഞ്ഞു തിരക്കിലൂടെ അങ്ങനെ നടന്ന് പോകുമ്പോള്‍ വിദൂരദൂരങ്ങളിലായിരുന്ന കോണ്‍വെന്റ് യൂണിഫോമണിഞ്ഞ എന്റെ കൌമാരം പൊട്ടിച്ചിരിച്ചുകൊണ്ട് തിരികെ വരുന്ന പോലെ തോന്നി.

മുല്ല നല്ലൊരു പാചകക്കാരിയാണ്. അത്താഴവും അതീവ രുചികരമായിരുന്നു. വീറ്റ് ഹല്‍വ എന്ന കോഴിക്കോടന്‍ സ്‌പെഷ്യല്‍ ഹല്‍വയും നാലുമുറിഞ്ഞ കായ വറുത്തതും പാല്‍പായസവും മുല്ല എനിക്ക് സല്‍ക്കരിച്ചു.

സാധാരണ മറ്റൊരു വീട്ടില്‍ ചെന്നാല്‍ എനിക്ക് ചിലപ്പോള്‍ ഉറക്കം കമ്മിയാകാറുണ്ട്. ഇവിടെ ഒരു പ്രശ് നവുമുണ്ടായില്ല. സ്വന്തം സഹോദരിയുടെ വീട്ടിലെന്ന പോലെ ഞാന്‍ സുഖമായി സുരക്ഷിതമായി കിടന്നുറങ്ങി.

രാത്രി രണ്ട് മണിയ്ക്ക് എണീറ്റ് കുളിച്ച് പായ്ക്ക് ചെയ്തു വെച്ച ബാഗുമായി ഞങ്ങള്‍ റെയില്‍ വേ സ്‌റ്റേഷനിലേയ്ക്ക് പോയി. ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുന്ന കോഴിക്കോട് നഗരത്തെ കണ്ടു. സ്‌റ്റേഷന്റെ വരാന്തകളില്‍ നാടോടി കുടുംബങ്ങള്‍ അന്തിയുറങ്ങുന്നുണ്ടായിരുന്നു. അതിലൊരു കുഞ്ഞു വാവ എണീറ്റിരുന്നു മ്മേ …മ്മേ കരയുന്നതും അമ്മ അതിനു മുല കൊടുത്ത് തട്ടിയുറക്കുന്നതും ഞങ്ങള്‍ കാണാതിരുന്നില്ല.


എറണാകുളം പൂനെ എക്‌സ്പ്രസ്സിന്റെ ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ഞങ്ങള്‍ക്ക് ഇരിയ്ക്കാന്‍ സ്ഥലം കിട്ടി.

ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ ഇന്നും ട്രെയിനിലെ ദളിതര്‍ തന്നെയാണ്. എത്ര സൌമ്യമാര്‍ ആവര്‍ത്തിച്ചാലും ഇന്ത്യന്‍ റെയില്‍വേ കുലുങ്ങുകയില്ല. എന്തു പ്രശ്‌നമുണ്ടായാലും ഈ നശിച്ച പെണ്ണുങ്ങള്‍ക്ക് വീട്ടിലിരുന്നാപ്പോരേ എന്ന് ചോദിച്ചാല്‍ മതിയല്ലോ.. മതിയേ മതി, പെണ്ണുങ്ങള്‍ ആകെ മൂടിപ്പുതച്ച് വീട്ടിലിരുന്നാല്‍ മതി എന്നു ഉത്തരം പറയാന്‍ ആണുങ്ങളും പെണ്ണുങ്ങളും അഹമഹമികയാ കടന്നു വരികയായി..

ഏറ്റവും അവസാനമാണ് ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്. ഒരു സ്‌റ്റേഷനില്‍ ചെല്ലുമ്പോഴും അത് പ്ലാറ്റ്‌ഫോമിലെത്തില്ല. അയിത്തക്കാരിയായി തീണ്ടാപ്പാട് നില്‍ക്കുകയേ ഉള്ളൂ. വാതിലുകള്‍ക്ക് കുറ്റിയോ കൊളുത്തോ ഇല്ല. പോലീസ് ലോക്കപ്പ് പോലെ തീക്ഷ്ണമായ ലൈറ്റ് മാത്രം എപ്പോഴും ഓണ്‍ ആയിരിക്കും. പോലീസ് കാവല്‍ പോയിട്ട് ഏതെങ്കിലും പോലീസുകാരിയുടെ ഉടുപ്പില്‍ നിന്നു വീണ ഒരു നൂലിഴ പോലും അതിനകത്തില്ല. കുത്തിക്കയറുന്ന ലൈറ്റില്‍ നിന്നു രക്ഷപ്പെടാന്‍ പെണ്ണുങ്ങള്‍ ചുന്നിയും റ്റര്‍ക്കിറ്റൌവലും മുഖത്തിട്ട് ഉറങ്ങാന്‍ ശ്രമിക്കും. അതില്‍ ബെര്‍ത്തില്ല. സാധനങ്ങളും ബാഗും മറ്റും വെയ്ക്കുന്ന പടിയില്‍ പലക കഷണങ്ങള്‍ ഇളകിക്കിടക്കുന്നു.എന്നാലും സ്ത്രീകള്‍ അതില്‍ കയറി കിടക്കുന്നുണ്ട്. മനോബലത്തിന്റെ ധൈര്യത്തില്‍ മാത്രം... അല്ലെങ്കില്‍ ഈശ്വരനിലുള്ള വിശ്വാസം കൊണ്ടു മാത്രം. എന്തായാലും ഒന്നുറപ്പാണ്... ഇന്ത്യാമഹാരാജ്യത്തിനും അതിന്റെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന സംസ്‌ക്കാരത്തിനും ജനാധിപത്യത്തിനും ഒന്നും സ്ത്രീകളും അവരുടെ സുരക്ഷിതത്വവും ഒട്ടും അത്യന്താപേക്ഷിതമല്ല.

ഞാനും മുല്ലയും ഉറങ്ങിയില്ല. പെണ്മയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു നേരം വെളുപ്പിച്ചു.

സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ താഴത്തെ സീറ്റുകള്‍ കാലിയായി. അന്നേരം ഞങ്ങള്‍ കിടന്നു. കിടന്നതേ ഞാന്‍ അറിഞ്ഞുള്ളൂ. പിന്നെ മുല്ല വന്ന് എന്നെ തട്ടി വിളിക്കുകയായിരുന്നു. ' ഉടുപ്പി എത്തി എണീയ്ക്ക്... നമുക്ക് ഇറങ്ങേണ്ടേ?'

സ്‌നേഹമുല്ലയുടെ വെണ്മയുള്ള പുഞ്ചിരി കണികണ്ടുണര്‍ന്നു.

ഇളം തണുപ്പുണ്ട്... നല്ല മനോഹരമായ പ്രഭാതം. …

ഉടുപ്പി ബസ്റ്റാന്‍ഡിലേക്ക് റെയില്‍ വേയുടെ പെയിഡ് ഓട്ടോ സര്‍ വീസ് ഞങ്ങളോട് എണ്‍ പതു രൂപയാണ് മേടിച്ചത് . അപ്പോള്‍ കുറെ വഴി കാണുമല്ലോ എന്ന് കരുതി ഞാനും മുല്ലയും ഉടുപ്പിയുടെ വഴിപ്പച്ചപ്പിലേയ്ക്ക് അലസമായി കണ്ണും നട്ടിരുന്നു. എന്നാല്‍ അതാ ചടുപിടുന്നനെ എത്തിയല്ലോ ബസ് സ്റ്റാന്‍ഡ് . എണ്‍പതു രൂപയുടെ ദൂരമൊന്നും ഇല്ല എന്നതു ഞങ്ങള്‍ക്കുറപ്പായി.

ഓട്ടൊക്കാരന്‍ കൈ മലര്‍ത്തി... ' എനിക്കൊന്നുമറിയില്ല.'

പറ്റിയ ബ്ലീച്ച് മുഖത്ത് കാണിയ്ക്കാതെ ഒരു ഹോട്ടലില്‍ ചെന്നു കയറി. ' ദോശയും കാപ്പിയും വരട്ടെ' എന്ന് ഘനത്തില്‍ പറഞ്ഞു.

ദോശയ്ക്ക് നല്ല സ്വാദുണ്ടായിരുന്നെങ്കിലും ഇത്തിരി ഗുണ്ടപ്പനായിരുന്നു. കാപ്പിയും കുടിച്ചതോടെ വയറു നിറഞ്ഞു.

കൊല്ലൂര്‍ക്ക് രാജകുമാരന്‍ എന്ന് പേരുള്ള ഒരു എക്‌സ്പ്രസ്സ് ബസ്സ് വരുമെന്ന് മനസ്സിലായി. ഞങ്ങള്‍ രാജകുമാരനെയും കാത്തിരുന്നു. ഉടുപ്പി ബസ്സ് സ്റ്റാന്‍ഡിലും മാലിന്യത്തിനു പഞ്ഞമൊന്നുമില്ല. സ്ത്രീകള്‍ ധാരാളം ആഭരണങ്ങളും തിളങ്ങുന്ന സാരികളും മുല്ലമാലയും ധരിച്ച് ധിറുതിയായി എങ്ങോട്ടെല്ലാമോ പോയ്‌ക്കൊണ്ടിരുന്നു. പുരുഷന്മാര്‍ക്കും നല്ല തിരക്കുണ്ടായിരുന്നു. ആകെപ്പാടെ ബഹളമയമായ അന്തരീക്ഷം.

പിന്നെ ബസ്സിനൊക്കെ കന്നഡയില്‍ മാത്രേ ബോര്‍ഡുള്ളൂ. അതുകൊണ്ട് എനിക്കും മുല്ലയ്ക്കും യാതൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. മോഹന്‍ലാലിനെപ്പോലെ ചോയ്ച്ച് ചോയ്ച്ച് പോകുക തന്നെ. അങ്ങനെ കാക്കിച്ചട്ടൈ പോട്ടവരോടെല്ലാം രാജ് കുമാര്‍ എക്‌സ്പ്രസ്സ് എപ്പോ വരും എവിടെ വരും എപ്പോ പോകുമെന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കേ ബസ്സ് ആടിക്കുലുങ്ങി വന്നു നിന്നു. ബസ്സില്‍ കയറിയപ്പോള്‍ സുഖമായി ഇരിയ്ക്കാന്‍ സ്ഥലവും കിട്ടി.
.
കര്‍ണാടകയില്‍ ഇപ്പോഴും കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പുണ്ട്. മതാത്മകത ആരോപിച്ചാലും ഇല്ലെങ്കിലും പച്ച അസാധാരണമായ വിധത്തില്‍ സൌഖ്യം പകരുന്ന ഒരു നിറമാണ്. സമാധാനം നല്‍കുന്ന നിറമാണ്.
സസ്യശ്യാമളകോമളിമയുടെ അഞ്ചയല്‍പക്കത്ത് വരില്ല, മനുഷ്യന്‍ നിര്‍മ്മിച്ച ഒരു ചായക്കൂട്ടും... കാരണം മനുഷ്യ നിര്‍മ്മിതമായ ഒരു ചായക്കൂട്ടുകള്‍ക്കും അങ്ങനെ മനസ്സുഖം പകരാനാവില്ല.

കൊല്ലൂരിലെത്തുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയായിരുന്നു. ബസ് സ്റ്റാന്ഡില്‍ നിന്ന് ഒരു ഓട്ടോ പിടിച്ച് ക്ഷേത്രനടയിലെത്തി. അഡിഗയുടെ ഹോട്ടലില്‍ നിന്ന് ഉച്ചയൂണു കഴിച്ചു. പിന്നെ ലഗേജ് ക്ലോക്‌റൂമില്‍ വെച്ച് ദേവീ ദര്‍ശനത്തിനു പോയി. കുപ്പിവളകള്‍, മംഗല്യസൂത്രം, ചുവന്ന പട്ട്, നാളികേരം, വെറ്റില, പാക്ക്, കുങ്കുമം, മഞ്ഞള്‍, വിവിധതരം ചരടുകള്‍ എല്ലാം വഴിയില്‍ വില്‍പനയ്ക്കുണ്ടായിരുന്നു. ക്ഷേത്രത്തിനകത്ത് അതിഭയങ്കരമായ ക്യൂ ആയിരുന്നു. അതു കണ്ടപ്പോഴെ എന്റെ മനസ്സു തകര്‍ന്നു. അതില്‍ നിന്ന് എന്റെ ഊഴം വന്ന് ഞാന്‍ എപ്പോള്‍ കാണാനാണ് ദേവിയെ ? ഇവിടെ വരെ വന്നത് വെറുതെയായോ?

അപ്പോള്‍ കൂട്ടമണിയടി ഉയര്‍ന്നു.. പൂജാരിയായ അഡിഗയുടെ തോളിലേറി സര്‍ വാഭരണ വിഭൂഷിതയായി ദേവി പുറത്തേയ്ക്ക് എഴുന്നള്ളി . എനിക്കത് അവിശ്വസനീയമായി തോന്നി. സാഷ്ടാംഗം പ്രണമിച്ച് ഞാന്‍ ദേവിയ്ക്കു പുറകില്‍ പ്രദക്ഷിണമായി നടന്നു. ദേവി പിന്നീട് മഞ്ചലിലും രഥത്തിലുമേറി എനിക്ക് ദര്‍ശനം നല്‍കി. ഭസ്മവും മുല്ലപ്പൂവും പ്രസാദമായി കിട്ടി. അപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് വലിയ ആഹ്ലാദമുണ്ടായി. എം ടി യുടെ വാനപ്രസ്ഥം വായിച്ച അന്നു മുതലുള്ള ആഗ്രഹമാണ് ഈയൊരു യാത്ര.. എത്ര വയസ്സു കഴിഞ്ഞു ആ വായനയ്ക്ക് … എങ്കിലും ആ മോഹം ഇന്നെന്ന പോലെ ഉള്ളില്‍ പച്ച പിടിച്ച് നില്‍ക്കുന്നു. .

ലഗേജ് എടുത്ത് കുടജാദ്രിയിലേയ്ക്കുള്ള ജീപ്പ് അന്വേഷിച്ചു. ഒരാള്‍ക്ക് മുന്നൂറ്റമ്പത് രൂപ. അങ്ങനെ ഞങ്ങള്‍ ഒമ്പതു പേര്‍. ആ ഒമ്പതു പേരില്‍ ഉണ്ടായിരുന്ന പുരുഷ യാത്രക്കാരെല്ലാം തന്നെ അസാധാരണമായ തടിയും കുടവയറുമുള്ളവരായിരുന്നു. ഞങ്ങളല്ലാതെ ആകെ ബാക്കി ഉണ്ടായിരുന്ന ഒരു സ്ത്രീ സാന്നിധ്യത്തിനാണെങ്കില്‍ ഒന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അവര്‍ സദാ ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ മുഖവും വീര്‍പ്പിച്ചു പിടിച്ചിരുന്നു. ഞാനും മുല്ലയുമാണെങ്കില്‍ വാനപ്രസ്ഥത്തിലെ മാഷ് ഒരു ജീപ്പ് മുഴുവന്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ ' ആയിരത്തി ഇരുനൂറുറുപ്യേയ് ' എന്ന വിനോദിനിയുടെ നിഷ്‌ക്കളങ്കമായ ആശ്ചര്യം ഓര്‍ത്തുകൊണ്ട് സന്തോഷത്തോടെ ജീപ്പില്‍ കയറിയിരുന്നു.

ആ യാത്ര അവിസ്മരണീയമായിരുന്നു.

ആദ്യം കുറച്ച് ദൂരം ടാറിട്ട ഭേദപ്പെട്ട റോഡായിരുന്നു. ഇരുവശവും വനത്തിന്റെ നല്ല പച്ചപ്പ്. അപ്പോള്‍ ഞാന്‍ കരുതി വഴിയൊക്കെ നന്നാക്കിയിരിക്കുമെന്ന്... വാനപ്രസ്ഥം വായിച്ചത് അനവധി വര്‍ഷം മുമ്പല്ലേ...

ഒരു പത്ത് കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി..പൊടിയില്‍ കുളിച്ചായിരുന്നു പിന്നീടുള്ള ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ യാത്ര. ജീപ്പ് ആദ്യമൊരു കിണറ്റില്‍ വീഴും. പിന്നെ രണ്ടു ചക്രം അതില്‍ നിന്നു കയറും , ഒപ്പം തന്നെ മുടിസ്സൂചി വളവ് തിരിയും.. ബാക്കി രണ്ട് ചക്രം കിണറ്റില്‍ നിന്നും കയറുമ്പോഴേക്കും ആദ്യത്തെ രണ്ടു ചക്രവും അടുത്ത കിണറ്റില്‍ വീണിട്ടുണ്ടാവും.. ഇങ്ങനെ പാതാളക്കുഴികളില്‍ വീണും കയറിയും മുടിസ്സൂചി വളവുകള്‍ തിരിഞ്ഞും ആടിയുലഞ്ഞ് ജീപ്പ് പോയിക്കൊണ്ടിരുന്നു. ചെക് പോസ്റ്റില്‍ നിറുത്തി പണം കെട്ടിക്കഴിഞ്ഞപ്പോള്‍ ജീപ്പ് െ്രെഡവര്‍ താക്കീതു തന്നു.. ഇതു വരെ കണ്ടതൊക്കെ ട്രെയിലര്‍ മാത്രമായിരുന്നു. ഇനിയാണ് ശരിയായ സിനിമ തുടങ്ങുന്നതെന്ന്... അത് അങ്ങനെ തന്നെയായിരുന്നു.
പാതാളക്കുഴികളുടെ ആഴമങ്ങ് കൂടി, കയറ്റങ്ങളുടെ ഉയരം വര്‍ദ്ധിച്ചു, മുടിസ്സൂചി വളവുകളുടെ ഇടുക്കം ഏറി... ജീപ്പ് ഏതു നിമിഷവും താഴത്തെ അഗാധതകളിലേയ്ക്ക് കീഴ് മേല്‍ മറിയുമെന്ന് ഞങ്ങള്‍ ഭയന്നു.
അല്ലെങ്കില്‍ ഞങ്ങളുടെ ആന്തരാവയവങ്ങള്‍ കുഴഞ്ഞു മറിഞ്ഞ് ഒരു പന്തു പോലെ ഉരുണ്ട് വായിലൂടെ പുറത്തേയ്ക്ക് തള്ളിവരുമെന്ന് ഞങ്ങള്‍ക്ക് മനം പുരട്ടി.

വഴിയുടെ ഇരുവശവും ആഴമേറിയ താഴ്വാരങ്ങളായിരുന്നു. അവയില്‍ പഞ്ചവര്‍ണ്ണക്കിളിനിറവും മയില്‍ നിറവും മാറിമാറിത്തെളിഞ്ഞുകൊണ്ടിരുന്നു. സൂര്യനായിരുന്നു അഭൌമനായ ആ ചിത്രകാരന്‍.. ഓരോ ചായവും അരുണവിരലുകളാല്‍ പുരളുമ്പോള്‍ താഴ്വരകള്‍ നവോഢമാരെപ്പോലെ ലജ്ജിച്ചു ചൂളി . അതിസുന്ദരമായിരുന്നു താഴ് വരകളുടെ ആ ലജ്ജയും പുളകവും....

ഒടുവില്‍ പൊടിയില്‍ കുളിച്ച് ചെമ്പിച്ച മുടിയിഴകളുമായി അമ്പലങ്ങള്‍ക്കിടയിലുള്ള അഡിഗയുടെ വീടിനു മുന്നില്‍ ജീപ്പ് ചെന്നു നിന്നു. പുറത്തിറങ്ങിയ ഞങ്ങള്‍ ആദ്യം ചെയ്തത് ജീപ്പ് െ്രെഡവറെ തൊഴുകയായിരുന്നു. കന്നഡയില്‍ ഇടമുറിയാതെ സംസാരിച്ചുവെങ്കിലും അയാള്‍ ഒരു മനുഷ്യനാണെന്ന് വിശ്വസിയ്ക്കാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. കുടജാദ്രി കാണിയ്ക്കാന്‍ നിയോഗിക്കപ്പെട്ട വല്ല ദേവസംഭവനുമാവാനേ തരമുള്ളൂ.

അയാള്‍ ഹൃദ്യമായി ചിരിച്ചു.

' എല്ലാം അമ്മയുടെ അനുഗ്രഹം' എന്ന് മറുപടി പറഞ്ഞു. ആ വഴിയില്‍ വണ്ടിയോടിക്കുന്നവരെല്ലാം അമ്മയുടെ അനുഗ്രഹത്തില്‍ വിശ്വസിക്കുന്നവരാണ്. ജാതിമതഭേദമെന്യേ.. ശരിയായിരിക്കുമെന്ന് ഞാന്‍ കരുതി. ഹിമാലയന്‍ താഴ്വരകളിലെ കാലി കമ്പള്‍ ബാബയുടെ അനുഗ്രഹം പോലെ.. പ്രകൃതി നമ്മെ വല്ലാതെ വെല്ലുവിളിയ്ക്കുമ്പോള്‍ നമ്മള്‍ നിസ്സഹായതയുടെ പടുകുഴിയില്‍ വീണുപോകുമെന്ന് തോന്നുമ്പോള്‍ ഇങ്ങനെ എന്തെങ്കിലും വിശ്വാസങ്ങളുടെ കൂടി ബലമില്ലെങ്കില്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവുകയില്ലായിരിക്കും.

അഡിഗയുടെ വീട്ടില്‍ വലിയ സൌകര്യമൊന്നുമില്ല. നല്ല മുറികളോ ശുചിമുറികളോ ഇല്ല.ഒരു വലിയ ഹാളും രണ്ട് മൂന്ന് ചെറിയ ഗുഹ മാതിരിയുള്ള മുറികളുമാണുള്ളത്. ഒരു ഗുഹാ മുറിയില്‍ ദേവിയുടെ വിഗ്രഹമുണ്ട്. അവിടെ അങ്ങനെ ആരേയും പ്രവേശിപ്പിക്കില്ല. പിന്നെ ഒരു മുറിയില്‍ അഡിഗയുടെ അമ്മ ഉറങ്ങുന്നു. എനിക്കും മുല്ലയ്ക്കും ആ മുറിയാണ് കിട്ടിയത്, അടുക്കളയും ഹാളുമുണ്ട്. അവിടെയാണ് ഭക്ഷണം. ഭക്ഷണം കഴിയുമ്പോള്‍ അവിടെ തൂത്തുവാരി പുരുഷന്മാര്‍ക്ക് ഉറങ്ങാന്‍ പായകളും കമ്പിളികളും കൊടുക്കും.

കൈയും കാലും മുഖവും കഴുകി അഡിഗ തന്ന ഒരു മിനി ചായ കുടിച്ച് ഞാനും മുല്ലയും കുടജാദ്രി ലക്ഷ്യമാക്കി ഇറങ്ങി. സ്ത്രീകളായ ഞങ്ങള്‍ തനിച്ച് ചിത്രമൂല കാണാന്‍ പോകരുതെന്ന് അഡിഗ വിലക്കി. സുരക്ഷിതത്വം കുറവായിരിക്കുമെന്നും പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ തനിച്ചു പോകരുതെന്നും അദ്ദേഹം താക്കീതു തന്നു .

അഡിഗയുടെ വീടിനു പുറകിലുള്ള അമ്പലത്തില്‍ ശിവനും പാര്‍വതിയും ഗണപതിയുമാണുള്ളത്. എന്റെ അഗാധമായ സങ്കടങ്ങള്‍ ഞാന്‍ കണ്ണീരോടെ അവിടെ അര്‍പ്പിച്ചു. പിന്നെ മുല്ലയ്‌ക്കൊപ്പം കുടജാദ്രി കയറാന്‍ തുടങ്ങി … കയറ്റം എളുപ്പമായിരുന്നില്ല. . ചെരിപ്പ് വഴുക്കുന്നുണ്ടായിരുന്നു. കൂര്‍ത്ത ചരല്‍ക്കല്ലുകളില്‍ വഴുതി താഴോട്ട് വീഴുമെന്ന ഭയവും തോന്നുന്നുണ്ടായിരുന്നു. പിന്നെ ഒരു ശീമക്കൊന്നയുടെ വടിയൊക്കെ സംഘടിപ്പിച്ച്, ചെരിപ്പ് വഴിയില്‍ ഒരിടത്ത് ഊരിവെച്ച് ഞാന്‍ നടക്കാന്‍ തുടങ്ങി. കൂര്‍ത്തകല്ലുകള്‍ എന്റെ പാദങ്ങളെ കഠിനമായി നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു.


അത്യഗാധതകളില്‍ വന സൌന്ദര്യം അതിന്റെ പാരമ്യതകളിലായിരുന്നു. ദൂരെ പതക്കങ്ങള്‍ പോലെ മിന്നുന്ന നീലത്തടാകങ്ങളും വൃക്ഷനിബിഡമായ, ആയിരം വര്‍ണവൈവിധ്യങ്ങളില്‍ പച്ച നിറം തെളിയുന്ന മലയടിവാരങ്ങളും ശരിയ്ക്കും നമ്മെ മോഹിപ്പിച്ചു കളയും. ഒരു ദുര്‍ബലതയില്‍ താഴേക്കു ചാടിയാലോ എന്ന് തോന്നിപ്പിക്കുന്ന അതീവ വന്യമായ മോഹാവേശമുണ്ടാക്കും. മുല്ല അത് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മഞ്ഞ നിറമുള്ള പുല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ വല്ലാത്ത ഒരു തരം സുഖാലസ്യത്തോടെ ചെരിഞ്ഞു കിടന്നിരുന്നു. അവയില്‍ സൂര്യന്റെ പൊന്‍ പ്രഭ വിഴുമ്പോള്‍ അനന്തമായി നീണ്ടു കിടക്കുന്ന വാന്‍ ഗോഗ് ചിത്രവും വാന്‍ ഗോഗ് മഞ്ഞയും തെളിഞ്ഞു വന്നു. ഇടയ്ക്കിടെ കാലില്‍ കുത്തിക്കയറുന്ന മൂര്‍ച്ചയുള്ള കല്ലുകളും ചരലില്‍ വഴുക്കുമോ എന്ന ഭീതിയുമില്ലായിരുന്നെങ്കില്‍ ഹിമാലയന്‍ താഴ്വരയിലെ വാലി ഓഫ് ഫ്‌ലവേഴ്‌സിന്റെ സൌന്ദര്യം കണ്ട് ആടിയുലഞ്ഞു ജീവന്‍ നഷ്ടമാക്കിയ മദാമ്മയെപ്പോലെ ആയേനേം ഞാനും മുല്ലയും.

മുല്ല കുന്നു കയറുന്നതില്‍ എന്നേക്കാള്‍ മിടുക്കിയാണ്. മുല്ലയുടെ തോളില്‍ കൈവെച്ചും വടി കുത്തിയുമാണ് ഞാന്‍ കയറിയിരുന്നത്. മുല്ലയുടെ ഷൂസും ഉശിരനായിരുന്നു. എന്തു വന്നാലും സര്‍ വജ്ഞപീഠം കയറണമെന്ന ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് കുറെ നടന്നും ഇത്തിരി കിതച്ചും കുറച്ചു നിന്നും ഒക്കെ ഞങ്ങള്‍ മുകളിലേയ്ക്ക് കയറി.

ആദിശങ്കരന്‍ പ്രാര്‍ഥിച്ചതെന്ന് കരുതുന്ന ഗണപതി ക്ഷേത്രം വഴിയിലുണ്ട്. അത് സസ്യനിബിഡമായ ഇരുണ്ട ഒരു വഴിയിലേയ്ക്ക് തെറ്റിയിറങ്ങുന്നു. അതും കടന്ന് കുറെയേറെ മുകളിലാണ് സര്‍വജ്ഞപീഠം. ഇടുങ്ങിയ പാറക്കെട്ടുകളും വെള്ളം കുത്തിയൊലിച്ചുണ്ടായ താല്‍ക്കാലിക വഴികളും മാത്രമാണ് ആകെയുള്ളത്. പാറക്കെട്ടുകള്‍ ഹിമാചല്‍പ്രദേശില്‍ കാണപ്പെടുന്ന ഉറപ്പു കുറഞ്ഞ സ്ലേറ്റ് പാറകളെ ഓര്‍മ്മിപ്പിച്ചു.ഒടുവില്‍ ആദിശങ്കരനെ പ്രതിഷ്ഠിച്ചിരിക്കുന്ന സര്‍വജ്ഞപീഠത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. കരിങ്കല്ലു കൊണ്ട് പടുത്ത തറയും ഒരു അമ്പലവുമാണത്. അമ്പലത്തിനുള്ളില്‍ ആദിശങ്കരന്‍ ഇരിയ്ക്കുന്നു. കാണാന്‍ ഒരു സുഖവുമില്ലാത്ത കാവിച്ചായം യാതൊരു കലാബോധവുമില്ലാതെ അവിടവിടെ തോണ്ടിച്ചാര്‍ത്തിയിട്ടുണ്ട് . അമ്പലത്തിനു ചുറ്റും പാറക്കെട്ടുകളും അവയ്ക്കപ്പുറം പച്ചയും നീലയും മയില്‍ നിറവും വാരിപ്പുതച്ച ഹരിതാഭമായ കുന്നുകളുമാണ്. ഇടയില്‍ മഞ്ഞപ്പുല്ലുകളുടെ കുന്നുകളുമുണ്ട്, സൂര്യന്‍ തന്റെ തങ്കനിറമുളള പൌഡര്‍ എല്ലാ സുന്ദരിക്കുന്നുകള്‍ക്കും ലോഭമില്ലാതെ പൂശിക്കൊടുക്കുന്നുണ്ടായിരുന്നു.... തീര്‍ത്തും അഭൌമമായ ഒരു സൌന്ദര്യക്കാഴ്ച തന്നെയായിരുന്നു അത്.

അവിടെ ഇരിയ്ക്കുമ്പോള്‍ നല്ല തക്കുടുവായ ഒരു കുഞ്ഞുവാവ തികഞ്ഞ ഗൌരവത്തില്‍ ആദിശങ്കരനോട് പ്രാര്‍ഥിക്കുന്നതു കേട്ടു. ' ആദിശങ്കരരേ... എനക്ക് നല്ല ബുദ്ധി കുടുക്കണമേ.. പിന്നെ ഒന്നു നിറുത്തി ചുറ്റും നോക്കി ശബ്ദം അല്‍പം താഴ്ത്തി.. ' അപ്പാവുക്കും അമ്മാവുക്കും കൂടി കൊഞ്ചം നല്ല ബുദ്ധി കുടുക്കണമേ.. ഉങ്കളാലെ മുടിഞ്ചാല്‍...' എനിക്ക് ചിരി വന്നെങ്കിലും ആ കുഞ്ഞുമുഖത്തിന്റെ ഗൌരവം കണ്ടപ്പോള്‍ ചിരി ചുണ്ടില്‍ തന്നെ ഉറഞ്ഞു പോയി.

സര്‍വജ്ഞ പീഠത്തിന്റെ അപ്പുറത്തെ വശത്താണ് കുന്നു കയറി ഇറങ്ങിയാല്‍ എത്തുന്ന ചിത്രമൂല. അതൊരു ഗുഹയാണ്. അവിടെയാണത്രേ ആദിശങ്കരന്‍ തപസ്സ് ചെയ്തത്. നേരം വൈകിയതുകൊണ്ട് ഞാനും മുല്ലയും ആ സാഹസത്തിനു തുനിഞ്ഞില്ല. ഇനി വരുമ്പോള്‍ രാവിലെ സര്‍വജ്ഞപീഠം കയറണമെന്നും അന്ന് ചിത്രമൂല കാണണമെന്നും തീരുമാനിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. മുല്ലയുടെ തോളില്‍ പിടിച്ച് വടിയും കുത്തി സാമാന്യം വേഗത്തില്‍ ഇറങ്ങിയിട്ടും താഴെ എത്തുമ്പോഴേക്കും ഇരുട്ട് പരന്നു കഴിഞ്ഞിരുന്നു. ചെറുപ്പത്തില്‍ പറഞ്ഞു കേട്ടിട്ടുള്ള നാട്ടു വെളിച്ചം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ.

അങ്ങനെ യാത്രയുടെ അവസാനപാദത്തില്‍ വഴിയില്‍ ഊരി വെച്ച ചെരിപ്പ് ഒക്കെ ഇട്ട ഞാന്‍ നല്ല ഭംഗിയായി ഉരുണ്ട് വീഴുകയും ചെയ്തു. വീണപ്പോള്‍ എന്നെ പൊക്കിയെടുക്കാന്‍ പാവം മുല്ലയ്ക്ക് പറ്റിയില്ല. പിന്നെ ഒരാള്‍ ദയ തോന്നി സഹായിച്ചു. അങ്ങനെ മെല്ലെ എണീറ്റ് മുടന്തി നടന്ന് ഞങ്ങള്‍ താഴെ എത്തി.

അമ്പലത്തില്‍ നിന്ന് പ്രസാദം കിട്ടി.

ഇത്ര നേരം വൈകിയതെന്ത് എന്ന് അഡിഗ ചോദിച്ചു. സര്‍വജ്ഞ പീഠത്തിനു പകരം ഇടതു ഭഗത്തുള്ള സണ്‍ റൈസ് പോയിന്റ് കുറെ കയറിയെന്ന അബദ്ധം അപ്പോള്‍ ഞങ്ങള്‍ ചമ്മലോടെ അഡിഗയോട് പങ്കു വെച്ചു.

വീണ്ടും ഒരു മിനി ചായ കുടിച്ചു.

നല്ല തണുപ്പ് തോന്നുന്നുണ്ടായിരുന്നു. കുളിയ്ക്കും എന്ന പ്രതിജ്ഞ പതുക്കെ കൈയും കാലും മുഖവും കഴുകുമെന്ന തീരുമാനമായി അയഞ്ഞു. തണുതണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുത്തുമൊക്കെ കഴുകി, വിറച്ചുകൊണ്ട് ഞങ്ങള്‍ അത്താഴം കഴിയ്ക്കാനിരുന്നു. ചൂടുചോറും സാമ്പാറും കുരുമുളകും ജീരകവും പൊടിച്ചിട്ട ക്യാബേജ് മെഴുക്കു പുരട്ടിയും പപ്പടവും അച്ചാറും മോരുമായിരുന്നു വിഭവങ്ങള്‍. അരയ്ക്ക് കീഴോട്ട് ഒന്നും തന്നെയില്ല എന്ന തോന്നലായിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ വിറയ്ക്കുന്ന കാലുകള്‍ നല്‍കിയത്. ഒരു തരത്തില്‍ ഭക്ഷണം കഴിച്ച് ഞങ്ങള്‍ അമ്മയുടെ മുറിയില്‍ അഭയം പ്രാപിച്ചു.

പ്ലാസ്റ്റിക്ക് പുല്ലുപായാണ് തറയില്‍ വിരിച്ചിരുന്നത്. തലയിണയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ബാഗ് തലയിണയാക്കി. കൈയിലുണ്ടായിരുന്ന കമ്പിളി ഷാളൊക്കെ പുതച്ച് ഞങ്ങള്‍ കിടന്നു.കിടന്നതും ഞാനുറങ്ങി. പക്ഷെ, പായുടെ അടിയില്‍ നിന്ന് തറയിലെ കുത്തിത്തുളയ്ക്കുന്ന തണുപ്പ് കയറി വരുന്നുണ്ടായിരുന്നു, പാവം മുല്ല. മുല്ല ഉറങ്ങിയില്ല. അപ്പോഴാണ് അഡിഗയുടെ അമ്മ സാരിയും ഷാളുമൊക്കെ ഞങ്ങളുടെ പുറത്തിട്ട് തണുപ്പകറ്റാന്‍ സ്‌നേഹക്കരുതലെടുത്തത്. എന്നിട്ടും ഞാന്‍ ഞരങ്ങി... ' മുല്ലെ എന്നെ കെട്ടിപ്പിടിക്ക്... എനിക്ക് തണുക്കുന്നു'വെന്ന് കരഞ്ഞു. മുല്ല എന്നെ കെട്ടിപ്പിടിച്ചു... ആ സ്‌നേഹാലിംഗനം പകര്‍ന്ന ചൂടില്‍ ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ സുഖമായി സുരക്ഷിതമായി കിടന്നുറങ്ങി.

രാവിലെ മുല്ല വേഗം എഴുന്നേറ്റ് തയാറായി, തലേന്നത്തെ വീഴ്ചയും കാലില്‍ കല്ലുകള്‍ കുത്തിക്കയറിയുണ്ടായ ചെറു പൊട്ടലുകളുമായി എനിക്ക് നല്ല മേലുവേദന തോന്നിയിരുന്നു. എന്തായാലും മലമുകളില്‍ നിന്ന് ഊറിവരുന്ന തണുത്ത വെള്ളത്തില്‍ നല്ല സുഖമായി കുളിച്ചപ്പോള്‍ മിക്കവാറും വേദനകളൊക്കെ മരുന്നു പുരട്ടി തടവിയാലെന്ന പോലെ അപ്രത്യക്ഷമായി.

പ്രഭാത സൂര്യന്‍ കുന്നുകളിലും താഴ്വാരങ്ങളിലും സ്വര്‍ണപ്പൊടി വാരി വിതറുന്നുണ്ടായിരുന്നു. മുല്ല കുറെ പടങ്ങള്‍ എടുത്തു. അമ്പലക്കുളത്തിന്റെ കരയിലിരിക്കുമ്പോള്‍ മലമുകളില്‍ നിന്നിറങ്ങി വന്ന തണുത്ത കാറ്റ് അമ്പലക്കുളത്തിലെ തെളിഞ്ഞ വെള്ളത്തിനു ഓളങ്ങളുടെ നിലയ്ക്കാത്ത രോമാഞ്ചം നല്‍കി.

മിനിച്ചായയും ദോശയും കഴിച്ച് അഡിഗയോടും അമ്മയോടും യാത്ര പറഞ്ഞ് ജീപ്പില്‍ കയറി മടങ്ങുമ്പോള്‍ ഇന്നലത്തെ അത്ര ഭയം തോന്നിയില്ല. നെട്ടിയൂര്‍ വരെ മാത്രമേ ജീപ്പ് കിട്ടിയുള്ളൂ. പിന്നെ കൊല്ലൂര്‍ക്ക് ഞങ്ങള്‍ സാധാരണ ബസ്സില്‍ പോയി. വീണ്ടും കൊല്ലൂരിലുള്ള അഡിഗയുടെ ഉച്ചഭക്ഷണം കഴിച്ച് മംഗലാപുരത്തേയ്ക്ക് ബസ്സു കയറി. നാലു മണി കഴിഞ്ഞാണ് മംഗലാപുരമെന്ന വലിയ തുറമുഖ പട്ടണത്തിലെത്തിയത്. സിയാഫിനേയും ഷാനിയേയും ഞാന്‍ ഫോണില്‍ വിളിച്ചു സംസാരിച്ചുവെങ്കിലും സമയമില്ലാതിരുന്നതുകൊണ്ട് അവരെ കാണാന്‍ സാധിച്ചില്ല. മംഗലാപുരം പട്ടണം ചുറ്റിക്കാണുന്നത് പിന്നെയാകട്ടെ എന്ന് മുല്ലയും ഞാനും തീരുമാനിക്കുകയും ചെയ്തു.

മാവേലി എക്‌സ്പ്രസ്സിന്റെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലാണ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടത്. രാത്രി ഒന്‍പതുമണി കഴിഞ്ഞ് കോഴിക്കോട്ടെത്തിയപ്പോള്‍ ബുര്‍ക്കയിട്ട ഒരു അമ്മൂമ്മ ഓട്ടോ െ്രെഡവറായി ജോലി ചെയ്യുന്നതും ആ നഗരത്തിന്റെ രാത്രിയെ അവര്‍ തെല്ലു പോലും ഭയക്കാതിരിക്കുന്നതും കണ്ട് എനിക്ക് വലിയ ആഹ്ലാദം തോന്നി.അപൂര്‍വമായിട്ടാണെങ്കിലും സ്ത്രീയെന്ന ദുര്‍ഗ്ഗയെക്കുറിച്ചോര്‍ത്ത് ഞാന്‍ പുളകം കൊള്ളാറുണ്ട്. .... ദുര്‍ഗ്ഗ കറുത്ത ബുര്‍ഖയിട്ടാലും പിന്നില്‍ വിശറി വെച്ച മല്‍മല്‍ മുണ്ടുടുത്താലും സാരിയും ചുറ്റി സിംഹത്തിന്റെ പുറത്തിരുന്നാലും എനിക്ക് യാതൊരു വ്യത്യാസവും തോന്നാറില്ല. …

തിന്മകള്‍ക്കെതിരേ പൊരുതുന്നവരെല്ലാം എപ്പോഴും എവിടേയും ഒന്നു തന്നെ...

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...നല്ല യാത്രയും ,യാത്രക്കാരികളും ..

'അപൂര്‍വമായിട്ടാണെങ്കിലും സ്ത്രീയെന്ന
ദുര്‍ഗ്ഗയെക്കുറിച്ചോര്‍ത്ത് ഞാന്‍ പുളകം കൊള്ളാറുണ്ട്...
ദുര്‍ഗ്ഗ കറുത്ത ബുര്‍ഖയിട്ടാലും പിന്നില്‍ വിശറി വെച്ച മല്‍മല്‍
മുണ്ടുടുത്താലും സാരിയും ചുറ്റി സിംഹത്തിന്റെ പുറത്തിരുന്നാലും
എനിക്ക് യാതൊരു വ്യത്യാസവും തോന്നാറില്ല. …

തിന്മകള്‍ക്കെതിരേ പൊരുതുന്നവരെല്ലാം എപ്പോഴും എവിടേയും ഒന്നു തന്നെ...