Tuesday, June 5, 2018

ഇത് ഒരു ബിസിനസ് പ്രോപ്പോസലാണ്..

https://www.facebook.com/echmu.kutty/posts/487044258141540

പടുകൂറ്റന്‍ പന്തലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. വിലയേറിയ സില്‍ക്കിലും കണ്ണാടിത്തുണ്ടങ്ങള്‍ തുന്നിയ അലങ്കാരങ്ങളിലും മുങ്ങി ആയിരം സൂര്യന്മാരുദിച്ച പോലെ പ്രകാശത്തില്‍ കുളിച്ച് കയറി... ശരിക്കും കണ്ണഞ്ചിപ്പോകും. പറ്റാവുന്നത്രയും ആഡംബരമുണ്ട്. 

അത് പിന്നെ വേണ്ടേ? 

പ്രധാനമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. എല്ലാം അതിന്റെ പകിട്ടിലും മോടി യിലും വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് അദ്ദേഹം. വിശേഷാവസരങ്ങളില്‍ അദ്ദേഹം പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് അന്തസ്സായിത്തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ അത്തരം വസ്ത്രങ്ങള്‍ ശരിക്കും മാന്യതയുടേയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഴിവിന്റെയും എല്ലാം ബ്രാന്‍ഡുകളായി തിരിച്ചറിയപ്പെടുന്നുണ്ട് . അപ്പോള്‍ പിന്നെ രാജ്യത്തില്‍ കുറച്ച് ദാരിദ്ര്യമുണ്ടെന്ന് കരുതി വലിയതും ഗംഭീരവുമായ സദസ്സുകളിലും സമ്മേളനങ്ങളിലും ആ ദാരിദ്ര്യത്തേയും ബുദ്ധിമുട്ടിനേയും ഒക്കെ വെളിപ്പെടുത്തേണ്ടതുണ്ടോ ? 

ഇല്ല .. 

പട്ടിണിയും പരിവട്ടവും ആരും തന്നെ ക്ഷണിച്ചു വരുത്തിയ അതിഥികളെ കാണിക്കാറില്ല.. . 

വന്‍കിട പണക്കാരാണ് അതിഥികള്‍ .. 

ഒരു രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നവര്‍. ശരിക്കും അവരാണത് അവര്‍ മാത്രമാണത് തീരുമാനിക്കുന്നത് . എന്നാല്‍ അത് വോട്ടുചെയ്യുന്ന ജനമാണെന്ന മിഥ്യാധാരണയില്‍ ജനത്തെ തളച്ചിടുക എന്നതാണ് കേള്‍വികേട്ട ജനാധിപത്യത്തിന്റെ ഏറ്റവും പൊതുസമ്മതി കിട്ടിയ രീതി. 

ധിറുതിയില്‍ പലയിടങ്ങളിലായി ഓടി നടന്നിരുന്ന എല്ലാവരും അജ്ഞാതമായ ഒരു മുന്നറിവ് കിട്ടിയതു പോലെ പൊടുന്നനെ നിശ്ശബ്ദരായി.. 

അതെ, പ്രധാനമന്ത്രി എത്തിക്കഴിഞ്ഞു. 

കരിമ്പൂച്ചകള്‍ സമ്മേളനത്തിന്റെ സകല നിയന്ത്രണവും ഏറ്റെടുത്തത് മിന്നല്‍വേഗത്തിലാണ്. അവര്‍ മുന്നിലും പിന്നിലും വശങ്ങളിലുമായി നിന്ന് തട്ടാതെ മുട്ടാതെ ഉടയാതെ.. വിലയേറിയ വിഗ്രഹത്തെപ്പോലെ അദ്ദേഹത്തെ ആനയിച്ചു.. 

അദ്ദേഹം മൊത്തത്തില്‍ എല്ലാവരോടും മന്ദഹസിക്കുകയും ഈ ബിസിനസ് പ്രൊപ്പോസലുകളിലാണ് രാജ്യം മുന്നോട്ടു പോവുകയെന്ന പ്രതീതി ആ മന്ദഹാസത്തിലൂടെ ധ്വനിപ്പിക്കുകയും ചെയ്തു.

ദിഗന്തങ്ങള്‍ മുഴങ്ങുമാറുള്ള കൈയടികള്‍ ഉയര്‍ന്നു.. ആളുകളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍, അലങ്കാരത്തിനായി നിരത്തിയ ആയിരക്കണക്കിനു ഓര്‍ക്കിഡ് പുഷ്പങ്ങള്‍ക്കിടയില്‍, മുഴങ്ങി കേള്‍ക്കുന്ന ഗണേശ വന്ദനത്തിനു കാതോര്‍ത്ത്, അര്‍ദ്ധനിമീലിതമായ കണ്ണുകളോടെ തികഞ്ഞ ഭക്തിയോടെ അദ്ദേഹം പടുകൂറ്റന്‍ നിലവിളക്ക് തെളിയിച്ച് പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രഖ്യാപിച്ചു . 

ബിസിനസ് പ്രോപ്പൊസലുകള്‍ക്ക് അരങ്ങൊരുങ്ങി. അവതരിപ്പിക്കേണ്ട പേപ്പറുകള്‍ എല്ലാവരിലും എത്തുന്നതു മുതല്‍ വിവര്‍ത്തനങ്ങളുടെ ഓഡിയോ വരെ സുസജ്ജമായിരുന്നു. 

മിനറല്‍ വാട്ടര്‍ കുപ്പികള്‍ വിതരണം ചെയ്യപ്പെട്ടു.

കൂട്ടത്തിലെ ഏക സ്ത്രീയായതുകൊണ്ട് ആദ്യ അവസരം കിട്ടുമെന്ന് ഉറപ്പായിരുന്നു. ലേഡീസ് ഫസ്റ്റ് എന്ന സായിപ്പിന്റെ വചനം പാലിക്കുന്നതാണല്ലോ പൌരസ്ത്യ സംസ്‌ക്കാരത്തിന്റെ ഒരു രീതി.. അകമേ അല്ലെങ്കിലും ഇതു പോലെയുള്ള മീറ്റിംഗുകളില്‍ പുറമേക്ക് തീര്‍ച്ചയായും. 

ഇംഗ്ലണ്ടില്‍ നിന്നും പ്രിസണ്‍സ്റ്റഡീസ് ചെയ്തു വന്നതാണ്. കറക് ഷണല്‍ കോര്‍പ്പോറേഷന്‍ ഓഫ് അമേരിക്ക എന്ന കമ്പനിയില്‍ നിന്ന് ജയില്‍ വ്യവസായത്തെ പറ്റി കൃത്യമായ ധാരണയോടെ എത്തിയതാണ്. പോരാത്തതിനു സ്ത്രീയുമാണ്... 

അതുകൊണ്ട് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. 

കണക്കു കൂട്ടലില്‍ പിഴവൊന്നും പറ്റിയില്ല. ആദ്യ സെക് ഷനിലെ ആദ്യ പ്രോപ്പോസലിനായി വിളിക്കപ്പെട്ടത് സ്വന്തം പേരു തന്നെയാണ്.. 

കൃത്യമായി അണിഞ്ഞൊരുങ്ങിയിരുന്നു.. വിലയേറിയ കല്ലുകള്‍ പതിച്ച വലിയ ചുവന്ന പൊട്ടും, വജ്രത്തരികളുടെ മിനുക്കമുള്ള ഫേസ് ക്രീമും ലക്ഷങ്ങളുടെ മതിപ്പുള്ള സാരിയും വേദിയിലെ പ്രകാശധോരണിയില്‍ ഇടിമിന്നലായി.. 

ആഭരണങ്ങളില്ലാതെ ലാളിത്യത്തോടെ.. ശ്രദ്ധാപൂര്‍വം അശ്രദ്ധമായി ചീകിയിട്ട കറുത്തിരുണ്ട തലമുടിയോടെ... 

ഫോട്ടോ ഫ്‌ലാഷുകളും വീഡിയോ ബള്‍ബുകളും മല്‍സരിച്ച് ഒപ്പിയെടുക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെങ്കിലും ഒന്നുമറിയാത്തതു പോലെ അത്ര സ്വാഭാവികമായി അനര്‍ഗ്ഗളമായി സംസാരിക്കുകയായിരുന്നു.. 

' അതെ, പറയുവാനുള്ളത് നമ്മുടെ ജയിലുകളെപ്പറ്റിയാണ്.. ജയിലുകളുടെ ഇന്നത്തെ സ്ഥിതിയില്‍ ഹൃദയമുള്ളവരെല്ലാം വേദനപ്പെടുമെന്നതുറപ്പാണ്. അവിടെ അടിസ്ഥാന സൌകര്യങ്ങളില്ല, ജയില്‍പ്പുള്ളികള്‍ മനുഷ്യരാണെന്ന കരുതലില്ല. ജയിലുദ്യോഗസ്ഥരുടെ ജീവിത സൌകര്യങ്ങളും പരിതാപകരമാണ്. 

ജയില്‍പ്പുള്ളികള്‍ മനുഷ്യരാണ്.. അവര്‍ നമ്മുടെ സഹോദരങ്ങള്‍ തന്നെ .. ചില കാരണങ്ങള്‍കൊണ്ട് ജീവിതത്തില്‍ വഴി തെറ്റിപ്പോയവര്‍.. ' 

കൈയടി ഉയരുമെന്ന് ഉറപ്പായിരുന്നു. അതുയരുകയും ചെയ്തു. അതുകൊണ്ട് അല്‍പമൊന്നു നിറുത്തി.. 

ചുവരിലെ കൂറ്റന്‍ സ്‌ക്രീനില്‍ വിവിധ ജയിലുകള്‍ സന്ദര്‍ശിച്ചതിന്റെ വര്‍ണ ചിത്രങ്ങള്‍ തെളിയുന്നത് ഒരു നിമിഷം നോക്കിയിട്ട്.. പുഞ്ചിരിയോടെ തുടര്‍ന്നു..

' പ്രിസണ്‍ സ്റ്റഡീസ് ചെയ്യുമ്പോള്‍ മനസ്സിനെ എന്നും നൊമ്പരപ്പെടുത്തിയ ഒരു സത്യമാണ് നമ്മുടെ രാജ്യത്തെ ജയിലുകളുടെ അവസ്ഥ. ഇന്ത്യന്‍ ജയിലുകളില്‍ ഏകദേശം നാലു ലക്ഷത്തോളം ജയില്‍പ്പുള്ളികളുണ്ട്. ശരിക്കും നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങാന്‍ പോലും പല ജയിലുകളിലും സ്ഥലമില്ല. നല്ല ശുചിമുറികളോ കുളിയിടങ്ങളോ അടുക്കളകളോ ഒന്നുമില്ല. ഉള്ളതെല്ലാം പഴയ ബ്രിട്ടീഷ് ഭരണ കാലത്തുണ്ടാക്കിയ പൊടിഞ്ഞു വീഴാറായ കെട്ടിടങ്ങള്‍.. 

ഇന്നത്തെ ഇന്ത്യയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പഴയതു പോലെ ദാരിദ്ര്യമില്ല ഇവിടെ. സാക്ഷരത വര്‍ദ്ധിച്ചു. ജീവിത സൌകര്യങ്ങള്‍ കൂടി. ജയിലുകള്‍ മാത്രം പഴയപടി ആകുന്നത് ശരിയാണോ? അല്ല. അതിനൊരു സമൂലമായ മാറ്റം കൊണ്ടുവരാനാണു ഈ പ്രോപ്പോസല്‍.. 

അഴിമതി തുടച്ചു മാറ്റാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ ഗവണ്‍മെന്റെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ വി ഐ പികള്‍ക്കു പോലും ജയിലില്‍ പോകേണ്ടി വരുന്നത്. ' 

വീണ്ടും കൈയടി ഉയര്‍ന്നു. ഇതും പ്രതീക്ഷിക്കപ്പെട്ട കൈയടി തന്നെ. ഇമ്മാതിരിയുള്ള സ്ഥലങ്ങളില്‍, മീറ്റിംഗുകളില്‍ ഒക്കെ ധനികര്‍ക്ക് അഴിമതിയെ മുച്ചൂടും എതിര്‍ക്കാതിരിക്കാന്‍ കഴിയില്ല. എതിര്‍ക്കേണ്ടത് അവരുടെ ധാര്‍മ്മിക ബാധ്യത കൂടിയാണ്. 

ഒരല്‍പം മിനറല്‍ വാട്ടര്‍ ഇറക്കിയിട്ട് വീണ്ടും തുടര്‍ന്നു. 

അഴിമതി തുടച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ പേരേ നമുക്ക് ജയിലില്‍ അടയ്‌ക്കേണ്ടി വരും. എങ്കിലും കുറ്റം ചെയ്തു എന്നതുകൊണ്ട് അല്ലെങ്കില്‍ ജയിലില്‍ കിടക്കുന്നു എന്നതുകൊണ്ട് ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല. അങ്ങനെയല്ലേ.. 

ഹര്‍ഷാരവം മുഴങ്ങേ കൈയടിയും ഉയര്‍ന്നു.. 

സദസ്യരെയും പ്രധാനമന്ത്രിയേയും ഒരു അര്‍ദ്ധനമസ്‌ക്കാര ഭാവേനെ തലയൊന്നു കുനിച്ചു വണങ്ങി. 

' ഇക്കാര്യത്തില്‍ എന്റെ കമ്പനിയ്ക്ക് അനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഉദാഹരണത്തിനു ഇപ്പോഴുള്ള ജയില്‍ കെട്ടിടങ്ങള്‍ കാലോചിതമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് നന്നാക്കുക .. ജയില്‍പ്പുള്ളികള്‍ നല്ല കെട്ടിടങ്ങളില്‍ പാര്‍ക്കുന്നത് ഒരു തെറ്റാവുകയില്ലല്ലോ ഒരിക്കലും... കൂടുതല്‍ നല്ല കെട്ടിടങ്ങളും എന്തിനു ജയിലുകള്‍ തന്നെ പുതിയതായി പണിയുകയും വി ഐ പി ജയില്‍പ്പുള്ളികളെ തടവിലിടുകയും ആവാം. കുറ്റം ചെയ്തത് തെളിയുകയും ശിക്ഷ വിധിക്കപ്പെടുകയും ചെയ്യുന്നതിനു മുന്‍പോ അതിനുശേഷമോ പോലും ഒരു വി ഐ പിയും നമ്മുടെ നാട്ടില്‍ വി ഐ പി അല്ലാതാവുന്നില്ല. അതാണ് നമ്മുടെ മഹത്തായ സംസ്‌ക്കാരം. ' 

സദസ്യര്‍ താല്‍പര്യത്തോടെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി.. 

' ജയിലുകള്‍ വേണമെങ്കില്‍ ഏറ്റെടുത്ത് നടത്തുകയുമാവാം.. അപ്പോള്‍ ഗവണ്‍മെന്റിനു ആ ഭാരം കുറയും. കമ്പനിയില്‍ നിന്ന് ഒരു കൃത്യമായ തുക നേടാന്‍ കഴിയും . ചെലവ് കുറച്ച് വരവ് വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കണം ഗവണ്‍മെന്റ് പോളിസി.' 

' ദാറ്റീസ് ട്രൂ' സദസ്സില്‍ നിന്ന് സമ്മതമുയര്‍ന്നു.

അതെ, ലാഭകരമല്ലാത്ത കാര്യങ്ങളില്‍ നിന്നെല്ലാം ഗവണ്‍മെന്റ് പിന്മാറണം. .. ജയിലുദ്യോഗസ്ഥരുടെ സേവനം, അവരുടെ ജീവിത സൌകര്യങ്ങള്‍, വേതനം , മറ്റാനുകൂല്യങ്ങള്‍ എല്ലാം കമ്പനി കാലോചിതമായി പരിഷ്‌ക്കരിക്കും. അപ്പോള്‍ അവരും തൃപ്തരാവുകയും കൂടുതല്‍ ആത്മാര്‍ഥമായി ജോലിചെയ്യുകയും ചെയ്യും. 

ചെറിയ ഒരു കരഘോഷമുണ്ടായി.. 

ജയില്‍ പുള്ളികളുടെ പ്രത്യേകിച്ച് വി ഐ പികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കായി എല്ലാ സൌകര്യങ്ങളൂമുള്ള ആശുപത്രികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ജയിലിലെ ആഹാരക്രമം കാലോചിതമായി പരിഷ്‌ക്കരിക്കുകയും നല്ല ആഹാരം ജയില്‍ പുള്ളികള്‍ക്ക് ലഭ്യമാക്കുകയും വേണം.. അവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ ബൂത്തുകള്‍ വേണം.. തീര്‍ച്ചയായും നിരീക്ഷണങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് ... ഈ സംവിധാനങ്ങളെല്ലാം ആകാവുന്നതേ ഉള്ളൂ. 

' എല്ലാം കൊള്ളാം. ഇതിനൊക്കെയുള്ള ധനം എവിടുന്നു കണ്ടെത്തും. ? ' 

ചോദ്യ കര്‍ത്താവിനെ ഒന്നു സൂക്ഷിച്ച് നോക്കി മധുരമായ പുഞ്ചിരിയോടെ തുടര്‍ന്നു.

നമ്മള്‍ മെട്രോ റെയില്‍ ഉണ്ടാക്കിയതുപോലെ.. എയര്‍പോര്‍ട്ടുകള്‍ ഉണ്ടാക്കിയതു പോലെ തികഞ്ഞ പരിഷ്‌ക്കാരവും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവയുമായ ജയിലുകളും ഉണ്ടാക്കുവാന്‍ കഴിയും. നമ്മുടെ ജയിലുകള്‍ ശരിക്കും ഒരു ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ പോലും ആക്കാന്‍ കഴിയും. ഗവണ്‍മെന്റ് സ്ഥലവും വെള്ളവും വൈദ്യുതിയും പോലെയുള്ള ചില്ലറ അടിസ്ഥാന സൌകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും.. ജയിലുകളില്‍ നിന്ന് ഡിസൈനര്‍ വസ്ത്രങ്ങള്‍ , ഏതു ഫൈഫ് സ്റ്റാര്‍ കിച്ചനിലും ഉണ്ടാക്കാന്‍ കഴിയുന്ന ആഹാരപദാര്‍ഥങ്ങള്‍, വിലയും മേന്മയും കൂടിയ കരകൌശല വസ്തുക്കള്‍, പലതരം ഫര്‍ണിച്ചറു കള്‍ എല്ലാം തന്നെ ജയിലില്‍ നിര്‍മ്മിക്കുകയും ജയില്‍പ്പുള്ളികള്‍ക്ക് ഒരു വരുമാനമായി പണം കൊടുക്കുകയുമാവാം. നല്ല ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ക്ക് പ്രമുഖ ബ്രാന്‍ഡുകള്‍ ഷോറൂം നല്‍കും.... നല്ല ഹോട്ടലുകള്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സ്വീകരിക്കും.. അത് തികച്ചും നല്ലൊരു സംരംഭമായിരിക്കും. 

'യാ, ദാറ്റീസ് എ വണ്ടര്‍ഫുള്‍ പ്രൊപ്പോസല്‍' ഒറ്റപ്പെട്ട ശബ്ദമായി കേട്ട ആ സമ്മതം പിന്നീട് ഒരു ആരവമായി പന്തല്‍ നിറഞ്ഞു. 

അതെ, കുറഞ്ഞ ഉല്‍പ്പാദനച്ചെലവില്‍ കുറഞ്ഞ കൂലിയില്‍ കിട്ടുന്നതെല്ലാം ലാഭം വര്‍ദ്ധിപ്പിക്കുമെന്ന പാഠം ജനിച്ചയന്ന് മുതല്‍ ഹൃദിസ്ഥമാക്കിയിട്ടുള്ള ധനികരാണെല്ലാവരും. അവര്‍ക്കത് അംഗീകരിക്കാതിരിയ്ക്കാന്‍ കഴിയില്ല.. 

ആരവമൊന്നൊതുങ്ങിയപ്പോള്‍ വശ്യമായ പുഞ്ചിരിയോടെ, എന്നാല്‍ അല്‍പം വികാരഭാരത്തോടെ ഒരു പടി കൂടി വിശദീകരിച്ചു.. 'ഫോണ്‍ ചെയ്യാന്‍ പ്രയാസമുണ്ട് ജയില്‍പ്പുള്ളികള്‍ക്ക് .. പ്രധാനപ്പെട്ട ഫോണ്‍ കമ്പനികള്‍ക്ക് കുറച്ച് ബൂത്തുകള്‍ ജയിലില്‍ ഏര്‍പ്പെടുത്താം. 

ഗവണ്‍മെന്റിന്റെ കര്‍ശന നിയന്ത്രണത്തില്‍ തന്നെ മതി ആ ബൂത്തുകള്‍. പുറത്തുള്ളതിലും കുറച്ച് കൂടുതല്‍ ചാര്‍ജ് ഈടാക്കിയാലും അത് ജയില്‍പ്പുള്ളികള്‍ക്ക് വലിയ സഹായമായിരിക്കും. അവര്‍ക്കും വീട്ടുകാരുമായും ബന്ധുക്കളുമായും സംസാരിക്കാന്‍ കഴിയും. ... അത് അവരെ കൂടുതല്‍ മാനുഷികതയുള്ളവരാക്കും.. 

'മാഡം.. പ്ലീസ്. നമ്മുടെ നാട്ടില്‍ തീവ്രവാദികള്‍ ഒത്തിരിയുണ്ട്.. അതും ഇസ്ലാം മതവിശ്വാസികള്‍.. കുറ്റം ചെയ്യാനവര്‍ക്ക് അല്‍പം താല്‍പര്യം കൂടുതലാണ്.. നമ്മുടെ അയല്‍പ്പക്കത്തെ മുസ്ലിം രാജ്യങ്ങള്‍.. ആ രാജ്യങ്ങള്‍ അവര്‍ക്ക് തുണ നല്‍കുന്നു.. ഇമ്മാതിരിയുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ച്...' 

സത്യത്തില്‍ ഇതായിരുന്നു പ്രതീക്ഷിച്ച് തയാറെടുത്തു വന്ന ആ ചോദ്യം.. ഈ ചോദ്യത്തെക്കുറിച്ച് കറക് ഷ ണല്‍ കോര്‍പ്പറേഷനില്‍ വെച്ചു തന്നെ കേട്ടിരുന്നു.. അറിഞ്ഞിരുന്നു... തയാറെടുത്തിരുന്നു.. 

സദസ്സിനു മുഴുവന്‍ ആകാംക്ഷയുണ്ടെന്ന് മനസ്സിലായി.. 

' തീവ്രവാദികള്‍ക്ക് , അതു പോലെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി നമുക്ക് ഒരു ജയില്‍ സംവിധാനം ചെയ്യാമല്ലോ.. എല്ലാ സുരക്ഷിതത്വത്തോടും കൂടി.. യഥാര്‍ഥത്തില്‍ അങ്ങനെയൊന്നുണ്ടാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. അവരെ മാതൃകാപരമായി തടവില്‍ പാര്‍പ്പിക്കുകയോ മാനസാന്തരപ്പെടുത്തുവാന്‍ ശ്രമിക്കുകയോ അല്ലെങ്കില്‍ ഏറ്റവും കൂടിയ ശിക്ഷ നല്‍കുകയോ ... എന്താണെന്ന് ഗവണ്‍മെന്റ് തീരുമാനിക്കുന്നതനുസരിച്ച്... ചെയ്യാന്‍ എല്ലാ സൌകര്യങ്ങളോടുമുള്ള ജയില്‍ സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളൂ. ' 

സദസ്സ് ഹര്‍ഷാരവത്തോടെ ആ അഭിപ്രായം അംഗീകരിച്ചു... 

'നമ്മുടെ രാജ്യം ഒരു തീവ്രവാദിയേയും വെറുക്കുന്നില്ല.. അവര്‍ മാനസാന്തരപ്പെടുകയെന്നതാണ് ഈ ജയിലുകളുടെ പ്രധാന ലക്ഷ്യം. ആത്മീയ ഗുരുക്കന്മാര്‍ക്ക് തീവ്രവാദികളെ സ്വാധീനിക്കാനും നേര്‍ വഴി കാണിക്കാനുമുള്ള അവസരമുണ്ടായാല്‍ ... അതൊരു വലിയ കാര്യമായിരിക്കും . സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജയിലുകളെക്കാള്‍ ഭംഗിയായി കമ്പനിയുടെ ജയിലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. പൊതു മേഖലയിലെ പ്രവര്‍ത്തനത്തെക്കാള്‍ എന്തുകൊണ്ടും മെച്ചമാവും അത് '

'പക്ഷെ, മാഡം.. നമ്മുടെ ജുഡീഷ്യറി അത് വളരെ പതുക്കെ മാത്രം ചലിക്കുന്ന ഭീമാകാരമായ യന്ത്രമാണ്. നമ്മള്‍ നികുതിദായകര്‍ എത്ര കാലം ഈ തീവ്രവാദികളെ തീറ്റിപ്പോറ്റും? എന്തിനുവേണ്ടി അത് ചെയ്യണം?'

ആരാണ് നികുതി കൊടുക്കുന്നതെന്ന് അറിയാത്ത ഒരാളുടേതല്ല ഈ ചോദ്യം. ധനികരുടെ നികുതികളും കടങ്ങളും എത്ര വേണമെങ്കിലും ഈ രാജ്യം എഴുതിത്തള്ളുമെന്ന് സമ്മേളനത്തില്‍ വിളിയ്ക്കപ്പെട്ടിട്ടുള്ള ഓരോ കോടീശ്വരനും അറിയാം. അതുകൊണ്ടു തന്നെ ചോദ്യത്തിലൊളിച്ചിരിക്കുന്ന ആ ദാഹം തികച്ചും വ്യക്തവുമായിരുന്നു.

ഉത്തരം കൊടുക്കാന്‍ ഒട്ടും താമസിച്ചില്ല. 

'ബ്രിട്ടീഷുകാരുണ്ടാക്കിയ നമ്മുടെ നിയമവ്യവസ്ഥയില്‍ സ്വാതന്ത്ര്യാനന്തരം അനവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ ഉണ്ടാക്കുകയും കുറ്റങ്ങള്‍ക്കുള്ള ശിക്ഷ നടപ്പാക്കല്‍ ഏറ്റവും വേഗതയിലാക്കാനുള്ള പരിഷ്‌ക്കാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യാവുന്നതേയുള്ളൂ. നമ്മുടെ മഹത്തായ ജനാധിപത്യ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ടല്ലോ ' 

കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് മുന്‍പ് ഈ പ്രോപ്പോസലിനെ കുറിച്ച് പ്രധാനമന്ത്രി നേരിട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന കുറിപ്പ് കിട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇനിയും ദീര്‍ഘിപ്പിക്കുന്നില്ലെന്നും ഏതു വിശദീകരണത്തിനും തയാറാണെന്നും പ്രോപ്പോസലിന്റെ രത്‌നച്ചുരുക്കം വിശദീകരിക്കുന്ന പേപ്പറില്‍ വെബ് സൈറ്റിന്റെ അഡ്രസ്സും ഈ മെയില്‍ ഐഡിയും ഉണ്ടെന്നും അതിലൂടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്നും വിനയത്തോടെ ... സമയം അതിക്രമിച്ചിട്ടെന്ന പോലെ ... നിറുത്തുകയാണു വേണ്ടതെന്ന മട്ടില്‍ സംഭാഷണം അവസാനിപ്പിച്ചു. 

വലിയ കരഘോഷമുണ്ടായി. .. അത് അലകളായി പടര്‍ന്നു കയറുന്നതിനിടയില്‍ പ്രധാനമന്ത്രി എഴുന്നേല്‍ക്കുകയും തികച്ചും അനൌപചാരികമായി സൌഹാര്‍ദ്ദത്തോടെ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. 

ആ വാക്കുകള്‍ ഒരു നദിയായി ഒഴുകി.. 
തീവ്രവാദികള്‍ക്ക് മതമില്ല.. കുറ്റവാളികള്‍ക്ക് മതവും രാഷ്ട്രീയവും ഇല്ല... അതുകൊണ്ട്... 

പ്രസംഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതേയില്ല. 

വാക്കുകള്‍ ഒക്കെ വെറുതെയാണ്. പണത്തിന്റെയും അധികാരത്തിന്റേയും വിഹിതവും അല്ലാത്തതുമായ കെട്ടിപ്പുലര്‍ച്ച മാത്രമാണ് സത്യം. ബാക്കിയെല്ലാം ചുമ്മാ... വെറും പൊയ്..

ജയിലുകള്‍ വലിയ വ്യവസായങ്ങളാണ്. പുഴുക്കളെപ്പോലെ മനുഷ്യര്‍ പെറ്റു പെരുകുന്ന ഈ രാജ്യത്ത്.. കോടീശ്വരന്മാരുടെ പ്രോജക്ടുകളില്‍ എന്നല്ല ഏതു കാര്യത്തിലും കുഴപ്പമുണ്ടാക്കുന്നവര്‍ എത്രയും പെട്ടെന്ന് ജയിലിലേക്ക് എത്തണമെന്നതുറപ്പാക്കേണ്ടത് ഈ രാജ്യത്തിലെ നിയമ സംഹിതയുടേയും കൂടി കര്‍ത്തവ്യമാണ്. അത് എന്തായാലും ഭംഗിയായി പാലിയ്ക്കപ്പെടും. വോട്ടു ചെയ്യുന്ന ജനങ്ങളില്‍ ആരുടെയെല്ലാം പരാതികള്‍ കേള്‍ക്കണം എന്നതും കേള്‍ക്കണ്ട എന്നതും ജനാധിപത്യ രാജ്യത്തിലെ നിയമത്തിനറിയാം.. 

ജയില്‍ വ്യവസായത്തില്‍ നിന്ന് ധാരാളം പണം കൊയ്‌തെടുക്കാന്‍ കഴിയും ... കഴിയണം.. ആഡംബരങ്ങളുടേയും അവസാനിക്കാത്ത സുഖങ്ങളുടേയും ലോകം ഈ ഭൂമിയില്‍ തന്നെ കാത്തിരിക്കുന്നു.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുതൽ 'മെൻപവ്വർ' ഉപയോഗിച്ച്
കുറഞ്ഞ വേതനത്തിൽ ആധുനിക കാലത്ത്
നടത്തുന്ന ഏറ്റവും ലാഭകരമായ ഒന്നാണ് ജയിൽ വ്യവസായം...!

സുധി അറയ്ക്കൽ said...

ചേച്ചി എവിടെയോ പ്രസംഗിക്കാന്‍ പോയതാണെന്നാ കരുതിയത്.എന്തായാലും നല്ല ചിന്തകള്‍......................

പട്ടേപ്പാടം റാംജി said...

ലാഭമില്ലാത്ത ഒന്നിനും തയ്യാറാകാതെ ഭരണകൂടങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിച്ച ജനങ്ങള്‍ കൂടുതല്‍ നെഞ്ചിടിപ്പിലേക്ക്....വളര്‍ച്ചയില്‍ വളര്‍ന്നു വരുന്ന കച്ചവടം തുറന്നുകാട്ടിയ കഥ. വൈകാതെ സംഭവിക്കാന്‍ സാധ്യതയുള്ളത്. കഥയുടെ പുതുരീതി നന്നായി എച്ചുമുക്കുട്ടി.