Monday, June 11, 2018

തുണിക്കഷണങ്ങളുടെ വിചിത്ര നിലപാടുകള്‍


                              
       
(15-11-2015 ലെ നവമലയാളിയില്‍ പ്രസിദ്ധീകരിച്ചത് )                                         
 നവം

ചേരിയിലെ ജീവിതങ്ങള്‍


നമ്മുടെ തലസ്ഥാന മഹാനഗരമായ ദില്ലിയില്‍ എത്ര ആട്ടിയോടിച്ചാലും പോകാതെ പരമദ്രരിദ്രരായ ഇന്ത്യന്‍ ജനത കൂടുകെട്ടിപ്പാര്‍ക്കുന്നുണ്ട്. അനവധി ചേരികളില്‍... ഓരോ വലിയ ഫ്‌ലാറ്റ് സമുച്ചയത്തിനും ഓരോ വലിയ ഷോപ്പിംഗ് കേന്ദ്രത്തിനും ഓരോ വലിയ ഓഫീസ് കോമ്പ്‌ലക്‌സിനും പുറകെ അവരുണ്ടാവും. ബുള്‍ഡോസര്‍ വന്നാലും, പോലീസുകാരെത്തി ചട്ടിയും കലവും എടുത്തെറിഞ്ഞ് പൊട്ടിച്ചും പെണ്ണുങ്ങളുടെ മുടിയ്ക്ക് കുത്തിപ്പിടിച്ചും ആണുങ്ങളുടെ നാഭിയ്ക്ക് തൊഴിച്ചും ഒക്കെ വിരട്ടിയാലും അവര്‍ പിന്നെയും അവിടങ്ങളില്‍ അങ്ങനെ കഷ്ടപ്പെട്ട് ജീവിയ്ക്കും. ഓരോ ചേരിയും ഓരോ ലോകമാണ്. കൊടുംപണക്കാരന്റെയോ, പണക്കാരനോ കൊടും പണക്കാരനോ ആവാന്‍ ആര്‍ത്തിപൂണ്ട് നടക്കുന്ന ഇടത്തരക്കാരന്റെയോ വിചാരവികാരസ്വപ്നലോകങ്ങള്‍ക്ക് പോലും അപ്പുറത്താണ് ഓരോ ചേരിയിലേയും പച്ച ജീവിതം. അവിടെ ഒത്തിരി നന്മയുണ്ട്... അതുപോലെ തിന്മയുമുണ്ട്. എന്നാല്‍ ദരിദ്രര്‍ പാര്‍ക്കുന്നയിടങ്ങളില്‍ തിന്മ മാത്രമേ ഉള്ളൂ എന്ന് വാശി പിടിച്ച് വാദിച്ച് സ്ഥാപിക്കാനാണ് ബഹുഭൂരിപക്ഷം ജനതയ്ക്കും ഇഷ്ടവും താല്‍പര്യവും.
 

ഈ ചേരികളില്‍ ഇടയ്ക്കിടെ തീപ്പിടുത്തങ്ങളുണ്ടാവും. ചിലവ അബദ്ധത്തില്‍ സംഭവിയ്ക്കുന്നതാണെങ്കില്‍ ചിലതൊക്കെ മന:പൂര്‍വം സംഭവിയ്ക്കുന്നതാണ്. ചില പ്രത്യേക ആവശ്യങ്ങള്‍ മുന്‍നിറുത്തി ഉണ്ടാകുന്നവ.
 

പിന്നെ അന്വേഷണങ്ങള്‍ , എന്‍ ജി ഓ സഹായങ്ങള്‍ , മന്ത്രി വരല്‍ , സ്ത്രീകളേയും കുട്ടികളേയും ആശ്വസിപ്പിക്കല്‍ , ഒരു നേരത്തെ ബിരിയാണി വിതരണം..... അതൊക്കെയുണ്ടാവും.
 

കത്തിപ്പോയ കുടിലുകള്‍ രണ്ടാമതുണ്ടാക്കുന്നത് പണം ധാരാളമായി ചിലരുടെ കൈയില്‍ വന്നു ചേരുന്ന ഒരു സൂത്ര വിദ്യയാണ്. പലതരം കോണ്‍ട്രാക്ടര്‍മാര്‍ , സെന്‍ട്രല്‍ പി ഡബ്ലിയു, ഡി അങ്ങനെ പല ഏജന്‍സികളും വരും. സ്ലം ഡിപ്പാര്‍ട്ട് മെന്റ് ഓടിക്കിതച്ചെത്തും.
 

ഈയവസരത്തിലാണ് ചെലവ് കുറഞ്ഞ വീടുണ്ടാക്കാന്‍ പറയുന്ന, ആര്‍ സ്ലംസ് ഇന്നെവിറ്റബള്‍ എന്നൊക്കെ ചോദിയ്ക്കുന്ന ലാറി ബേക്കറിനേയും അദ്ദേഹത്തിന്റെ ചില ശിഷ്യന്മാരേയുമൊക്കെ ദില്ലിയിലെ സ്ലം ഡിപ്പാര്‍ട്ട് മെന്റിനു ഓര്‍മ്മ വരിക .
 

അങ്ങനെയാണ് ഞങ്ങള്‍ കത്തിപ്പോയ കുടിലുകളുടെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചേരികളില്‍ അലഞ്ഞു തിരിയാറ്.
ആ അലഞ്ഞ് തിരിയലുകളില്‍ കണ്ട ഒരുപാട് പച്ച ജീവിതങ്ങളുണ്ട്.
 

കുടിലുകള്‍ ഉണ്ടാക്കുമ്പോള്‍ മനുഷ്യാധ്വാനം കുടുംബാംഗങ്ങളുടേതായിരിക്കും. അതിനവര്‍ക്ക് കൂലിയും കൊടുക്കും. അത് കുടിലുകളോട് ആ കുടുംബാംഗങ്ങള്‍ക്ക് ഒരു അടുപ്പം ഉണ്ടാവാനാണെന്നാണ് ബീക്കണ്‍ ലൈറ്റ് ഇട്ട് വല്യ കാറിലൊക്കെ വരുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വെറുതേ കിട്ടുന്നതിനോട് ആര്‍ക്കും വിലയുണ്ടാവില്ലത്രേ.
 

ചാക്കുടുത്ത സ്ത്രീ ശരീരം
 

അവിടെ പല കുടുംബങ്ങള്‍ക്കിടയില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. നാല്‍പതമ്പത് വയസ്സു കാണും. ശരീരം അങ്ങനെ ഉടഞ്ഞിട്ടൊന്നുമുണ്ടായിരുന്നില്ല. അവരുടെ വസ്ത്രധാരണമായിരുന്നു അസാധാരണം.അല്‍പം നീളം കൂടിയ ചാക്കില്‍ മൂന്നു ദ്വാരമിട്ട് ഒരു ദ്വാരത്തിലൂടെ തലയും മറ്റു രണ്ടെണ്ണത്തിലൂടെ കൈയും കടത്തി ചാക്കിന്റെ രണ്ട് വശവും ചെറിയ സ്ലിറ്റുമിട്ട് അവരവിടെ അലഞ്ഞുകൊണ്ടിരുന്നു. അതിനടിയില്‍ അവര്‍ ഒന്നും ധരിച്ചിരുന്നില്ല. മുലക്കണ്ണുകളും തുടകളും പിന്‍ഭാഗവും ഒക്കെ സൂക്ഷിച്ചു നോക്കിയാല്‍ വ്യക്തമായി കാണാമായിരുന്നു.
 

പുരുഷന്മാരായ ജൈന സന്യാസിമാര്‍ പിറന്ന കോലത്തില്‍ യാതൊരു പരിഭ്രമവും കൂടാതെ ആണും പെണ്ണുമടങ്ങുന്ന സ്വന്തം അനുയായികളാല്‍ ഭക്തിയോടെ പിന്തുടരപ്പെട്ട് രാജ്പഥിലും ജന്‍പഥിലുമെല്ലാം അങ്ങനെ നിശ്ചിന്തരായി നടന്ന് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നഗ്‌നമായ ദേഹമാസകലം ഭസ്മം മാത്രം പൂശി നാഗസന്യാസിമാര്‍ അലഞ്ഞു തിരിയുന്നത് കണ്ടിട്ടുണ്ട്.
 

എന്നാല്‍ തുണിക്കമ്പം വെറും ചാക്കിലൊതുക്കിയ ഒരു സ്ത്രീരൂപത്തെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. പ്രത്യേകിച്ച് പെണ്ണുങ്ങള്‍ക്ക് എത്രയായാലും തുണിക്കൊതി തീരില്ലെന്ന ഇടത്തരക്കാരുടെ വിശ്വാസം ജീവിതത്തെ പല വിധത്തില്‍ ബാധിക്കുന്ന അനുഭവമുള്ളതുകൊണ്ട്.... ചാക്കു മാത്രം ധരിച്ച അവര്‍ എന്റെ ശ്രദ്ധ കവരാതിരുന്നില്ല.
 

'തണുക്കില്ലേ' എന്ന് ചോദിച്ച് ഞാന്‍ ഒരു ഷാള്‍ അവര്‍ക്ക് നല്‍കാന്‍ തുനിഞ്ഞു. അത് പുതിയതൊന്നുമായിരുന്നില്ല. അവര്‍ ഷാള്‍ ചുരുട്ടി എന്റെ മുഖത്തേയ്ക്ക് എറിഞ്ഞുവെന്ന് മാത്രമല്ല , തിരിഞ്ഞു നോക്കാതെ ഓടിക്കോളാനും പറഞ്ഞു.
 

എന്നിട്ട് ഒരു രാക്ഷസിയെപ്പോലെ അലറി..
 

'മുഝേ കോയി കപ്പ്ഡാ നഹി ചാഹിയേ'
 

പഴയ ഷാള്‍ നല്‍കിയതിന്റെ വെറുപ്പായിരിക്കുമെന്ന് ഞാന്‍ കരുതി. ഒരു നിമിഷത്തേയ്ക്ക് അവരൊരു മാനസികരോഗിയാണോ എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല.എന്നാല്‍ അവര്‍ക്ക് ഒരു രോഗവുമില്ലെന്ന് ആ സ്ത്രീ ജോലിയെടുക്കുന്നതു കണ്ടപ്പോള്‍ എനിക്ക് വ്യക്തമായി.
 

ഞങ്ങളുടെ ഒപ്പം വര്‍ക് ചെയ്തിരുന്ന ഒരു ഭയങ്കര ചൂടന്‍ ആര്‍ക്കിടെക്ട് നിര്‍ദ്ദേശിക്കുന്ന മാതിരി ഐസേ കരോ വൈസേ കരോ എന്നൊക്കെ അവര്‍ ഭംഗിയായി ചുറുചുറുക്കോടെ ഓടി നടന്ന് ജോലി ചെയ്തിരുന്നു. ചാക്കിനടിയിലൂടെ വെളിപ്പെട്ടിരുന്ന അവരുടെ നഗ്‌നതയിലേക്ക് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇനി ആരെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ആ സ്ത്രീ അത് തീരെ കാര്യമാക്കുന്നുമുണ്ടായിരുന്നില്ല. അതി തീവ്രമായ ഒരു പുച്ഛവും ഈ ലോകത്തോടു മുഴുവനുമുള്ള ഒരു പരമ നിസ്സാരതയുമായിരുന്നു അവരുടെ മുഖമുദ്ര. അതുകൊണ്ടു തന്നെ സൈറ്റില്‍ ചെല്ലുമ്പോഴെല്ലാം അവരെക്കുറിച്ച് കൂടുതലറിയണമെന്ന ആശ എന്നില്‍ ഒതുക്കാനാവാത്തവിധം വളര്‍ന്നുകൊണ്ടിരുന്നു.
 

എന്നാല്‍ ഒരു വഴിയും തുറന്ന് കിട്ടിയില്ലെന്നതാണ് വാസ്തവം.
 

അവര്‍ പഴയ ചാക്കുകള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. കുറച്ച് പഴയ ഫ്‌ലക്‌സ് ഷീറ്റുകളും അവര്‍ക്കുണ്ടായിരുന്നു. അത് വിരിച്ചാണ് അവര്‍ തറയില്‍ കിടന്നിരുന്നത്. കുടില്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് അവര്‍ ഭംഗിയുള്ള മണ്ണടുപ്പുണ്ടാക്കുകയും അയ വലിച്ച് കെട്ടുകയും അതില്‍ ഫ്‌ലക്‌സ് ഷീറ്റുകള്‍ മടക്കിയിടുകയും ചെയ്തു.
 

തുണിയോട് അവര്‍ക്ക് യാതൊരു പ്രതിപത്തിയുമില്ലെന്നറിഞ്ഞപ്പോള്‍ ഞാന്‍ കുറച്ച് മധുരപലഹാരങ്ങളും ഒരു പൊതി പുലാവും അവര്‍ക്ക് സമ്മാനിച്ചു. ' പുതിയ കുടിലിലേയ്ക്ക് വെറും കൈയോടെ വരാന്‍ കഴിയില്ലല്ലോ ദീദീ' എന്നൊരു തേഞ്ഞ ന്യായവും എഴുന്നളളിച്ചു. അവര്‍ ആഹാരം കണ്ണിലേയ്ക്ക് ചേര്‍ത്ത് ഒരു നിമിഷം പ്രാര്‍ഥനയിലെന്ന പോലെ നിശ്ശബ്ദയായി നിന്നു.
 

എന്നിട്ട് കര്‍ശനമായി എന്നെ വിലക്കി.
 

'മേം അച്ചൂത്ത് ഹും. ആപ് ഊംജി ജാതി കെ ഹെ. മുഝെ ദീദി മത് ബുലാനാ.. '
 

എനിക്ക് മുഖമടച്ച് ഒരു അടി കിട്ടിയ മാതിരി തോന്നി.
 

ഞാന്‍ വിക്കിവിക്കി സംസാരിച്ചു.
 

' എനിക്ക് ജാതിയും മതവുമൊന്നുമില്ല. ഞാന്‍ ഒരു ബഹുമാനത്തില്‍ ദീദി എന്ന് വിളിച്ചതാണ്. അതിഷ്ടമായില്ലെങ്കില്‍ ക്ഷമിക്കു. ഞാന്‍ ഇനി അങ്ങനെ വിളിക്കില്ല.'
 

അവരുടെ മുറുകിയ മുഖം ഒരു ചെറു പുഞ്ചിരിയില്‍ അയഞ്ഞു.
 

ഒരു ഫ്‌ലക്‌സ് എടുത്ത് കുടഞ്ഞ് വിരിച്ച് അവര്‍ എന്നെ കുടിലിന്റെ കൊച്ചു വരാന്തയില്‍ ഇരുത്തി. സത്യത്തില്‍ അപ്പോള്‍ മാത്രമാണ് എന്റെ ശ്വാസം നേരേ വീണത്. ചെകിട്ടത്ത് രണ്ടെണ്ണം പൊട്ടുമോ എന്ന ഭയമായിരുന്നു എന്റെ ഉള്ളില്‍. എന്തായാലും അവര്‍ ഒരു സാധാരണ സ്ത്രീയല്ലെന്ന് എനിക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു.
 

അവര്‍ മധുരപലഹാരം ഒരു മണ്‍തട്ടില്‍ വെച്ച് എനിക്ക് തന്നു. വക്കു പൊട്ടിയ ചെളുങ്ങിയ ഒരു അലുമിനിയം ലോട്ടയില്‍ വെള്ളവും.
ഞാന്‍ പലഹാരം ആസ്വദിച്ചു തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്ത് ഫ്‌ലക്‌സില്‍ കാലും നീട്ടി ഇരുന്നു. അതവര്‍ പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ഞാന്‍ അവരോട് മെല്ലെ മെല്ലെ സംസാരിയ്ക്കാന്‍ തുടങ്ങി. ആദ്യം അസുഖമുള്ള അല്ലെങ്കില്‍ വിശ്വാസക്കുറവുള്ള ഒരു മുറുക്കമുണ്ടായെങ്കിലും പിന്നീട് അവര്‍ എന്നോട് സംസാരിയ്ക്കാന്‍ തയാറായി.
 

പുകയുന്ന അഗ്‌നിപര്‍വതം
 

ബീഹാറില്‍ നിന്നാണെന്നും പേര് സുനിത എന്നാണെന്നും പറഞ്ഞു. ഭര്‍ത്താവും മക്കളും വീട്ടുകാരും ഒക്കെ എവിടെ എന്ന് ചോദിയ്ക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. അവര്‍ മുഖത്തടിച്ചതു പോലെ വല്ലതും പറയുകയും ഞാന്‍ അവിടെ നിന്ന് എണീറ്റ് പോരേണ്ടി വരികയും ചെയ്യുമോ എന്ന ഭീതി എന്നില്‍ പത്തി വിടര്‍ത്തിയിരുന്നു.
 

പകരം ഞാന്‍ എന്നെപ്പറ്റിയും എന്റെ വേദനകളെപ്പറ്റിയും ഒക്കെ പറയാന്‍ തുടങ്ങി. ഒറ്റയ്ക്ക് താമസിക്കാന്‍ മുറി കിട്ടുന്നില്ലെന്നും ജോലിയ്ക്ക് ശമ്പളം കുറവാണെന്നും അദ്ധ്വാനം വളരെ കൂടുതലാണെന്നും ആഹാരവും പലപ്പോഴും കഷ്ടിയാകുന്നുണ്ടെന്നും മറ്റും ഞാനവരോട് പറഞ്ഞു.
 

അങ്ങനെ വളരെ പതുക്കെയാണ് എന്താണീ ചാക്കുടുക്കാന്‍ കാരണമെന്ന ചോദ്യത്തിലേയ്ക്ക് ഞാന്‍ പോയത്...
 

ആദ്യം അവര്‍ ഒന്നും പറഞ്ഞില്ല......
 

പെണ്ണ് തുണിയുടുക്കുന്നത് ആണിനു തോന്നുമ്പോള്‍ വലിച്ചഴിയ്ക്കാന്‍ മാത്രമാണെന്ന് അവര്‍ പൊടുന്നനെ അലറിയപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചിരുന്നു പോയി.
 

അച്ചൂത്തുകള്‍ വെള്ളം കുടിയ്ക്കാനോ പണിയ്ക്ക് കൂലി ചോദിയ്ക്കാനോ പാടില്ലാത്ത ഉയര്‍ന്ന ജാതിക്കാരുടെ ബീഹാറിനെയും ഉത്തരപ്രദേശിനെയും പറ്റി സുനിത വാചാലയായി. താനൊരു ദുര്‍മന്ത്രവാദിനിയാണെന്ന് പേരു കേട്ടത് ചെയ്ത പണിയ്ക്ക് കൂലി കൃത്യമായി ചോദിച്ചപ്പോഴാണെന്ന് പറയുമ്പോള്‍ സുനിത അത്യുച്ചത്തില്‍ തേങ്ങിക്കരയുകയായിരുന്നു.
 

എനിക്കെന്താണ് ചെയ്യാന്‍ കഴിയുക... അവരെ ഒന്നു തലോടാം.. കെട്ടിപ്പിടിയ്ക്കാം.. ഉമ്മ കൊടുക്കാം.. അതിലപ്പുറം ഞാന്‍ എന്തു ചെയ്യും ? എനിക്ക് എന്തു കഴിവാണുള്ളത്..
 

അഞ്ച് പേരാണ് അവരെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തത്. എന്നിട്ട് നഗ്‌നയാക്കി ഗ്രാമത്തിലെ റോഡിലൂടെ നടത്തി... അതു കണ്ടുകൊണ്ട് അവിടെയുള്ള മുഴുവന്‍ ജനങ്ങളും അവരുടെ ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു. ആരും അനങ്ങിയില്ല. അനങ്ങാന്‍ അവര്‍ക്ക് ധൈര്യമുണ്ടായില്ല. അന്നു മാത്രമല്ല പിന്നീടൊരിയ്ക്കലും. ....
 

സുനിതയുടെ കുടിലിന്റെ വാതില്‍ അന്ന് അവര്‍ക്ക് മുമ്പില്‍ അടഞ്ഞു.
 

പൂര്‍ണ നഗ്‌നയായി തന്നെ അങ്ങനെ കുറെ ദൂരം നടന്നു. അല്ല, ഇഞ്ചിഞ്ചായി ഇഴഞ്ഞു. കാലുകള്‍ക്കിടയിലും മുലകളിലും ഒക്കെ ഇടിച്ചു പിഴിഞ്ഞ നൊമ്പരവും ദേഹമാസകലം പൊടിഞ്ഞ രക്തവും നഖത്തിന്റെയും പല്ലുകളുടേയും നീറ്റലുമെല്ലാമായി....
 

ഒടുവില്‍ വഴീയില്‍ നിന്നൊരു കീറിയ ചാക്കു കിട്ടി... പിന്നെ ഒരു ഫ്‌ലക്‌സും... അതു മതി ഇനി വസ്ത്രമായിട്ട് എന്ന് അപ്പോള്‍ തീരുമാനിച്ചു.
ഏതോ ഒരു ട്രെയിനില്‍ കയറി ദില്ലിയില്‍ വന്നിറങ്ങി. കുറെ നാള്‍ ഭിക്ഷയെടുത്ത് നടന്നു. ചില ചേരികളില്‍ പണികള്‍ ചെയ്തു ... ഒടുവില്‍ ഒരു ദിവസം പോലീസ് ഓടിച്ചപ്പോഴാണ് ഈ ചേരിയില്‍ വന്നത്..
 

'ഒരിയ്ക്കല്‍ പൊതുവഴിയില്‍ നഗ്‌നയാക്കപ്പെട്ടു കഴിഞ്ഞാല്‍ വസ്ത്രങ്ങള്‍ നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ഒരു പ്രശ്‌നമേയല്ലാതാകും.. ഒരിയ്ക്കല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ ആ ഭീതിയും മാറും..
 

ബാക്കിയാവുന്നത്... '
 

കണ്ണീരുള്ളിലേയ്ക്ക് വലിച്ച് ചുവന്നു കലങ്ങിയ കണ്ണുകളോടെ ഞാന്‍ സുനിതയെ നോക്കി ..
 

'പുരുഷലിംഗവും അവന്റെ കൈകാലുകളും നാവും കൊത്തിമുറിയ്ക്കാനുള്ള അടങ്ങാത്ത പ്രതികാരമോഹമാണ്. അത് ഒരിയ്ക്കലും സാധിയ്ക്കാത്തതുകൊണ്ട് ആ അഗ്‌നിയില്‍ എരിഞ്ഞെരിഞ്ഞ് പെണ്ണ് സ്വയം ചാമ്പലാകും.. '
 

പുകയുന്ന ആ അഗ്‌നിപര്‍വതത്തെ നോക്കി ഞാന്‍ ഉരുകിത്തീര്‍ന്നു.

4 comments:

വിനുവേട്ടന്‍ said...

ഹൊ...! ഇതും നമ്മുടെ ഭാരതം... എന്തെല്ലാം കണ്ടാലാണ്... ! :(

സുധി അറയ്ക്കൽ said...

എന്റെ ദൈവമേ!!!!വായിച്ചിട്ട്‌ തന്നെ.....ഹോ!!!

Muralee Mukundan , ബിലാത്തിപട്ടണം said...

നവീന ഭാരതത്തിന്റെ ചില മുഖങ്ങൾ

പട്ടേപ്പാടം റാംജി said...

പുരുഷലിംഗവും അവന്‍റെ കൈകാലുകളും നാവും കൊത്തിമുറിയ്ക്കാനുള്ള അടങ്ങാത്ത പ്രതികാരമോഹമാണ്. അത് ഒരിയ്ക്കലും സാധിയ്ക്കാത്തതുകൊണ്ട് ആ അഗ്നിയില്‍ എരിഞ്ഞെരിഞ്ഞ് പെണ്ണ് സ്വയം ചാമ്പലാകും.. ‘

പ്രതിഷേധിക്കാൻ പോലും വാ തുറപ്പിക്കാത്ത അധികാരങ്ങൾ. ശക്തമായ എഴുത്ത്‌