Thursday, June 14, 2018

ചില തട്ടുകട വിചാരങ്ങള്‍

https://www.facebook.com/echmu.kutty/posts/502260686619897
01/12/2015
                തട്ടു കടകള്‍ അവള്‍ക്ക് തീരെ പരിചിതമായിരുന്നില്ല. അച്ഛനമ്മമാര്‍ക്കൊപ്പം അവളൊരു തട്ടുകടയിലും പോയിട്ടില്ല. അങ്ങനെയൊരു ഈറ്റിംഗ് ജോയിന്റ് ഈ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് തന്നെ അറിയുമായിരുന്നില്ല. നല്ല പേരുള്ള പൊതുവേ ഷുവര്‍ കാര്‍ഡില്‍ കളിക്കുന്ന ഹോട്ടലുകള്‍ മാത്രമേ അവള്‍ കണ്ടിട്ടുള്ളൂ. അവിടങ്ങളില്‍ ചെല്ലുമ്പോള്‍ ഹോട്ടലുടമസ്ഥര്‍ തികഞ്ഞ ആദരവോടെ അച്ഛനെ ബഹുമാനിച്ചു. സുഖകരമായ തണുപ്പുള്ള മുറികളില്‍, യൂണിഫോമിട്ട ഹോട്ടല്‍ ജീവനക്കാര്‍ ബഹുമാനം നിറഞ്ഞ ചലനങ്ങളോടെ വിളമ്പിത്തരുന്ന ആഹാരപദാര്‍ഥങ്ങള്‍ അവള്‍ സന്തോഷത്തോടെ കഴിച്ചു പോന്നു . അച്ഛന്‍ അവര്‍ക്കെല്ലാം നല്ല ടിപ്പ് കൊടുത്തിരുന്നു. ആ പണവും അച്ഛന്റെ ഉദ്യോഗപവറുമാവണം ഹോട്ടല്‍ ജീവനക്കാരേയും ഉടമസ്ഥരേയും ഒരു പോലെ അച്ഛന്റെ ആരാധകരാക്കി മാറ്റിയത്.

അച്ഛന്റെ കുടക്കീഴില്‍ നിന്നു അതിനിശിതമായും അതിവിദഗ്ധമായും പുറത്താക്കപ്പെടുകയും അവള്‍ക്ക് ഏറ്റവും പരിചിതമായ ദേശത്ത് ജീവിതം അഭയാര്‍ഥിയുടെ റോള്‍ അഭിനയിയ്ക്കാന്‍ തുടങ്ങുകയും ചെയ്ത വേദനയുടെയും സങ്കടത്തിന്റേയും നിരാകരണത്തിന്റെയും ദൈന്യകാലത്തിന്റെ നാലഞ്ചു വര്‍ഷങ്ങളിലൊടുവിലാണ് അവള്‍ ഒരു മഹാനഗരത്തിലേയ്ക്ക് വഴി നടന്നത്. അവിടെ വെച്ചാണ് തട്ടുകടകളെ അവള്‍ ആദ്യമായി നേരിട്ട് പരിചയപ്പെടുന്നത്.

മഹാനഗരത്തില്‍ എവിടെ നോക്കിയാലും തട്ടുകടകളുണ്ടായിരുന്നു. കോഴിമുട്ട പുഴുങ്ങി, രണ്ടായിപ്പിളര്‍ന്നു മസാലപ്പൊടി വിതറി പത്രക്കടലാസ്സിന്റെ കീറിയ തുണ്ടങ്ങളില്‍ വിളമ്പിക്കിട്ടുന്ന തട്ടുകടകള്‍ ശീതകാലത്താണ് അധികവും പ്രവര്‍ത്തിച്ചിരുന്നത്. മസാല പുരട്ടിയ മീന്‍ തുണ്ടങ്ങളും കമ്പിയില്‍ കോര്‍ത്ത ഇറച്ചിക്കഷണങ്ങളും പാകപ്പെടുത്തി രുചികരമായ ചട്‌നിയ്‌ക്കൊപ്പം വില്‍ക്കുന്ന സര്‍ദാര്‍ജിമാരുടെ തട്ടുകടകളും അധികവും ശീതകാല കാഴ്ചകളായിരുന്നു. എന്നാല്‍ വയസ്സായ അമ്മൂമ്മമാര്‍ എപ്പോഴും എല്ലാ കാലത്തും ഇരുപത്തിനാലു മണിക്കൂറും ചായ വിറ്റിരുന്നു. ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ ഒരു കെണസ്റ്ററിന്റെ (തകരപ്പാട്ട ) മടക്കു നീര്‍ത്തിയ കഷണം കൊണ്ട് കാറ്റിനെ തടഞ്ഞ് അമ്മൂമ്മമാര്‍ അവരുടെ ജീവിതം പോലെയുള്ള കല്‍ക്കരി അടുപ്പുകള്‍ സദാ എരിയിച്ചു. ചായയും മട്ടിയും മധുരം കുറഞ്ഞ ഗോതമ്പ് ബിസ്‌ക്കറ്റും വിളമ്പി.

അമ്മൂമ്മമാരില്‍ അധിക പങ്കും ആര്‍ക്കും വേണ്ടാത്ത അനാഥ സ്ത്രീകളായിരുന്നു. അവര്‍ ഉറങ്ങിയിരുന്നതും മരച്ചുവട്ടിലോ തെരുവോരങ്ങളിലോ ആയിരുന്നു. തണുപ്പു കാലത്ത് തണുപ്പേറ്റ് മരിയ്ക്കുന്നവരിലും ചൂടുകാലത്ത് ചൂടേറ്റ് മരിയ്ക്കുന്നവരിലും ഈ അമ്മൂമ്മമാരുണ്ടാവാറുണ്ട്. രാത്രി പുലരും വരെയുള്ള ക്ലബ് പാര്‍ട്ടികളില്‍ പങ്കെടുത്ത് ക്ഷീണിച്ച് മടങ്ങുന്ന സെലിബ്രിറ്റികളുടെ കൊട്ടാരം പോലെയുള്ള കാറുകള്‍ക്കടിയില്‍ പെടാനും തെരുവോരങ്ങളിലുറങ്ങുന്ന ഈ അമ്മൂമ്മമാര്‍ക്ക് പലപ്പോഴും സാധിച്ചിരുന്നു. അജ്ഞാതശവങ്ങളായിരുന്നതുകൊണ്ട് മരണശേഷം പോലും അവര്‍ ആരേയും അങ്ങനെ ദ്രോഹിച്ചിരുന്നില്ല.

ചൂടുകാലത്ത് ചോളക്കതിര്‍ക്കുലകള്‍ ചുട്ട് വില്‍ക്കുന്നവരിലധികവും കൌമാരക്കാരായ കുട്ടികളായിരുന്നു. നല്ല പാലുള്ള മുഴുത്ത ചോളമണികള്‍ കമ്പി വലയ്ക്കടിയിലെ കനല്‍ത്തീയില്‍ ചുട്ട് നാരങ്ങാനീരും മസാലയും പുരട്ടിത്തരുന്നതില്‍ ആ കുട്ടികള്‍ വലിയ മിടുക്ക് കാട്ടി. എന്നാല്‍ കൂടുതല്‍ വിലയുള്ള കടലക്കറിയും കുല്‍ച്ചയും ഗോള്‍ഗപ്പയും പാനിപൂരിയും പലതരം ചാട് മസാല തൂകിയ പാപ്ഡിച്ചാട്ടും സമോസച്ചാട്ടും ബോംബെച്ചാട്ടും ഒക്കെ വില്‍ക്കുന്നവരില്‍ സ്ത്രീകളോ കുട്ടികളോ അങ്ങനെ ഉണ്ടാവാറില്ലായിരുന്നു, ഭൂരിഭാഗവും അവയൊക്കെ കൈകാര്യം ചെയ്യുന്നത് പുരുഷന്മാര്‍ തന്നെയായിരിക്കും. അതുപോലെ ചില തട്ടുകടകളില്‍ ചൈനീസ് വിഭവങ്ങളും മഹാരാഷ്ട്രീയന്‍ വിഭവങ്ങളായ വടാപ്പാവും പാവ് ബാജിയും സൌത്തിന്ത്യക്കാരുടെ ഇഡ്ഡലിയും ദോശയും വടയും എല്ലാം പുരുഷന്മാര്‍ തന്നെ ഭംഗിയായി വിറ്റു പോന്നു. ഇത്തരം കടകളില്‍ എപ്പോഴും വലിയ തിരക്കായിരിക്കുമെന്നതുകൊണ്ട് വളരെ ദുര്‍ലഭമായി മാത്രമേ അവള്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. അങ്ങനെ കാത്തിരിയ്ക്കാനുള്ള സമയമോ ക്ഷമയോ പട്ടിണിക്കാരിയുടെ നിരാഹാരസമരമായിരുന്ന അവളുടെ ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടായിരുന്നുമില്ല .

തട്ടുകടകളിലെ ആഹാരം എന്നല്ല, പൊതുവേ ദരിദ്രര്‍ ഉണ്ടാക്കുന്ന ഏതു ആഹാരവും വൃത്തിഹീനമാണെന്ന ഒരു വിശ്വാസം സാധാരണ എല്ലാവരേയും പോലെ അവളും ചിലപ്പോഴൊക്കെ വെച്ചു പുലര്‍ത്തിയിരുന്നു. പിന്നെപ്പിന്നെ ജീവിതത്തിന്റെ ചാട്ടവാറടികളേറ്റ് പാകം വരുമ്പോള്‍ മാറ്റാന്‍ വേണ്ടി വിശ്വസിച്ചിരുന്ന ഒന്നായിരുന്നു അതെന്ന മട്ടില്‍.... ഈ പ്രപഞ്ചത്തില്‍ ആഹാരം തൊട്ട് ബാക്കി എല്ലാറ്റിനെക്കുറിച്ചുമുള്ള എല്ലാ മുന്‍വിധികളേയും അവള്‍ അങ്ങനെ യാതൊരു പ്രയാസവുമില്ലാതെ കാറ്റില്‍ പറത്തിക്കളഞ്ഞു. വിദ്യാഭ്യാസവും ജോലിയുമുള്ള, തറവാടി ആഹാരമുണ്ടാക്കുന്ന പരിഷ്‌ക്കാരി സ്ത്രീകള്‍ കഴിയുന്നത്ര ഒഴിവാക്കിയിരുന്ന തട്ടുകടകള്‍ തന്ന വെറ്റമിനുകളും മിനറലുകളുമുള്ള ആഹാരത്തിലെ പോഷകസമൃദ്ധിയായിരുന്നു അക്കാലം അവളുടെ ശരീരത്തില്‍ തെളിഞ്ഞു വിളങ്ങിയിരുന്നത്.

അതുകൊണ്ടാണ് വാടകവീട്ടില്‍ നിന്നിറക്കി വിടപ്പെട്ട ഒരു സന്ധ്യയ്ക്ക് ചായ വിറ്റിരുന്ന തട്ടുകടക്കാരി അമ്മൂമ്മയുടെ ഒപ്പം മരച്ചുവട്ടിലെ ഇത്തിരി സ്ഥലത്തിരുന്ന് നേരം വെളുപ്പിക്കാന്‍ അവള്‍ക്ക് കഴിഞ്ഞത്. അമ്മൂമ്മ തന്നിരുന്ന ചൂടു ചായകള്‍ ഊതിത്തണുപ്പിക്കുന്നത് പോലെ ജീവിതത്തിലെ ചില കനലടുപ്പുകളെ വളരെ പതുക്കെയെങ്കിലും ഊതിക്കെടുത്തിക്കളയാന്‍ കഴിഞ്ഞത്..

മോനും മടിശ്ശീലയും ചുറ്റിപ്പിടിച്ചിരിക്കുന്നവര്‍ക്കാണ് എപ്പോഴും ഊര്‍ന്നു പോകാവുന്ന നഷ്ടങ്ങള്‍. ഒന്നുമില്ലാത്തവരെ നഷ്ടങ്ങളുടെ കണക്കു കാണിച്ച് ആര് എങ്ങനെ ഭയപ്പെടുത്താനാണ് ...

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

അമ്മൂമ്മ തന്നിരുന്ന ചൂടു
ചായകള്‍ ഊതിത്തണുപ്പിക്കുന്നത് പോലെ
ജീവിതത്തിലെ ചില കനലടുപ്പുകളെ വളരെ
പതുക്കെയെങ്കിലും ഊതിക്കെടുത്തിക്കളയാന്‍ കഴിയും ...!

സുധി അറയ്ക്കൽ said...

എന്റെ ചേച്ചീ..........സങ്കടം വരുന്നുണ്ട്........


[[[ഒരു ദിവസം അപ്രതീക്ഷിതമായി ചേച്ചിയുടെ മുന്നില്‍ ഞാനും ദിവ്യയും വരും.]]]]]]]

പട്ടേപ്പാടം റാംജി said...

അമ്മൂമ്മമാരിൽ അധിക പങ്കും ആർക്കും വേണ്ടാത്ത അനാഥ സ്ത്രീകളായിരുന്നു. മഹാനഗരത്തിലേക്കുള്ള വഴി നടക്കൽ...പറിച്ചു മാറ്റുമ്പോഴൊ പിഴുതെറിയുമ്പോഴൊ കിളിർക്കുന്ന തളിരുകൾ തളരില്ല. നല്ലെഴുത്ത്‌.