Friday, June 8, 2018

അമ്മയുടെ ആണ്‍സുഹൃത്തുക്കള്‍

https://www.facebook.com/echmu.kutty/posts/495722533940379

അമ്മയെ പരിചരിയ്ക്കാന്‍ ഒരു ഫുള്‍റ്റൈം വീട്ടു സഹായി കൂടിയേ കഴിയൂ എന്നായിട്ട് ഇപ്പോള്‍ നാലഞ്ചു വര്‍ഷമായി. സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുന്നുണ്ടെങ്കിലും എല്ലാറ്റിനും ഒരു കൈസഹായം അമ്മ ഏതു നിമിഷവും പ്രതീക്ഷിക്കുന്നു.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെന്നല്ല , ന്യൂജെന്‍ സിനിമകള്‍ എല്ലാം കാണാന്‍ നല്ല താല്‍പര്യമുണ്ടെങ്കിലും ബുക്കുകളും പത്രവുമൊക്കെ സ്വയം വായിക്കുന്നതിലും ഇഷ്ടം ഇപ്പോള്‍ ആരെങ്കിലും വായിച്ച് കേള്‍ക്കുന്നതാണ്. പുതിയ വീട്ടുസഹായിയായ ചേച്ചി ജ്ഞാനസ്‌നാനപ്പെട്ടതുകൊണ്ട് അവര്‍ അമ്മയ്ക്ക് എപ്പോഴും ബൈബിള്‍ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. അമ്മ പഴയ നിയമവും പുതിയ നിയമവും ഒക്കെ മനസ്സിലാക്കുന്നു. മോശയെന്നും ഏശയ്യാ പ്രവാചകനെന്നും റൂത്തെന്നും മറ്റും പറയുന്നു. അമ്മയ്ക്ക് ഗുരുവായൂരപ്പനെന്ന പോലെ യേശുക്രിസ്തുവും സ്വന്തം ഇഷ്ടക്കാരനായി മാറുകയാണ്. പത്രോസും യൂദാസും തമ്മില്‍ ഭേദമൊന്നുമില്ലെന്നാണ് അമ്മയുടെ പക്ഷം. കാരണം പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതും യൂദാസ് യേശുവിനെ ഒറ്റു കൊടുത്തതും എല്ലാം ദൈവത്തിന്റെ തിരുവിഷ്ടം നിറവേറാനായിരുന്നു. പിന്നെന്തിനാണ് ഒരാള്‍ കേമനെന്നും മറ്റെയാള്‍ മോശക്കാരനെന്നും വിധിയ്ക്കുന്നത്?

വീട്ടുസഹായികളെ കിട്ടാന്‍ പ്രയാസമാകുമ്പോള്‍ അമ്മയെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരാമെന്ന് ഞാന്‍ എപ്പോഴും കരുതും. എന്നാല്‍ അനിയത്തിയുടെ മകള്‍ ഒരിയ്ക്കലും അതിനു വഴങ്ങുകയില്ല. അവള്‍ മൂന്നു വയസ്സു മുതല്‍ അമ്മയ്‌ക്കൊപ്പം പാര്‍ക്കുകയാണ്. അവള്‍ അമ്മയുടെ പൌത്രി എന്നതിനേക്കാള്‍ പുത്രി എന്നറിയാനാണ് താല്‍പര്യപ്പെടുന്നത്. 'അമ്മ തിരുവനന്തപുരത്തേയ്ക്ക് പോയാല്‍ പിന്നെ എനിക്കാരാണുണ്ടാവുക' എന്ന് അവള്‍ കണ്ണില്‍ വെള്ളം നിറയ്ക്കും. അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിരും.

ഇതിനും പുറമേയാണ് അമ്മയുടെ രണ്ട് ബോയ്ഫ്രണ്ട്‌സ്. ...

അവര്‍ക്കും അമ്മയുടെ പുറത്ത് വലിയ അവകാശമാണ്. ഒരാളുടെ പേര് ഹുസ്സയിന്‍ തന്നങ്കള് എന്നാണ് മറ്റൊരാള്‍ അശ്വിന്‍ എന്നറിയപ്പെടുന്നു.

ഹുസ്സയിന്‍ തന്നങ്കള്‍ മുസ്ലിമുകളുടെ ഇടയിലെ ബ്രാഹ്മണരായ തങ്ങള്‍ കുടുംബത്തില്‍ പിറന്ന മഹാനാണ്. ഭീമന്റെ കാര്‍ട്ടൂണ്‍ ചിത്രം കാണാനാണ് തങ്ങളദ്ദേഹം വരിക. വന്നാല്‍ അമ്മയുടെ മേല്‍ ചാരി കുറെ നേരം നില്‍ക്കും. അദ്ദേഹത്തെ മടിയിലിരുത്താന്‍ അമ്മയ്ക്ക് ആരോഗ്യമില്ലെന്ന് തങ്ങളദ്ദേഹത്തിനു അല്ലാഹു നേരിട്ട് ഖല്‍ബില്‍ തോന്നിച്ചിട്ടുണ്ട്. അതുകൊണ്ട് അമ്മയെ ചാരി നിന്നാല്‍ മതി. അമ്മ കിടക്കുകയാണെങ്കില്‍ അടുത്ത് കിടന്നാലും മതി. ആകോലി, തിരുത എന്നതൊക്കെ വറുത്തും പൊരിച്ചും ധാരാളമായി കഴിച്ചിട്ടുണ്ടാവും. അതു പോലെ ചിക്കനും മട്ടണുമെല്ലാം തങ്ങളദ്ദേഹം തട്ടിവിട്ടിട്ടുണ്ടാവും. എന്നിട്ട് അമ്മയെ ഇഷ്ടം പോലെ ഉമ്മ വെയ്ക്കും. ' ഈ അമ്മൂമ്മ നിന്റെ ആരാ ' എന്ന് ഞാന്‍ തന്നങ്കിളിനോട് ചോദിച്ചു. തങ്ങള്‍ അദ്ദേഹം വലിയ ഗൌരവത്തില്‍ എന്നെ തുറിച്ചു നോക്കി, ഇത്ര വിവരമില്ലാത്ത ഈ മൊട്ടത്തലച്ചി എവിടുന്നു വന്നു എന്ന മട്ടില്‍.... എന്നിട്ട് ഉത്തരം തന്നു.

'ഗേള്‍ ഫ്രണ്ട് '

കേക്ക് തന്നങ്കളിനു വലിയ ഇഷ്ടമാണ്. രണ്ട് കഷണം ഒന്നിച്ച് കൊടുത്താലേ ഒരെണ്ണം കഴിയ്ക്കു. മറ്റേ കഷണം അവന്റെ ഉമ്മയ്ക്കുള്ളതാണ്. ഉമ്മേടെ വയറ്റില്‍ അവന്റെ കുഞ്ഞനിയത്തി ഇരിപ്പുണ്ട്. അവള്‍ക്കും കേക്ക് കിട്ടണമെങ്കില്‍ ഉമ്മ തിന്നാലേ പറ്റുകയുള്ളൂ.

അവന്റെ ഗേള്‍ഫ്രണ്ടിനെയും കൊണ്ട് ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് പോവുകയോ? നോ ... നെവര്‍. പിന്നെ വേണമെങ്കില്‍ കുറച്ച് ദിവസം എനിക്കവിടെ താമസിക്കാം.. ഗേള്‍ഫ്രണ്ടിനെ ഒട്ടും ബുദ്ധിമുട്ടിയ്ക്കാതെ....

ഞാന്‍ തല കുലുക്കും... അപ്പോള്‍ തന്നങ്കളിനു ഒരു ചിരിയുണ്ട്. കാണേണ്ടതാണ് ആ ചിരിയുടെ ചന്തം..

അശ്വിന്‍ കുറെക്കൂടി ഗൌരവമുള്ള ബോയ്ഫ്രണ്ടാണ്. അവന്‍ വന്നാലുടനെ അമ്മയോട് ചില ചോദ്യങ്ങള്‍ ചോദിയ്ക്കും.

ഭശ്ശണം കഴിച്ചോ?

മരുന്ന് കഴിച്ചോ?

കുളിച്ചോ?

ഉടുപ്പ് മാറിയോ?

എന്താ കറുത്ത പൊട്ട് വെയ്ക്കാത്തത്?

ശീണം ഉണ്ടോ?

പിന്നെ മാത്രമേ അവന്‍ അമ്മയുടെ മേല്‍ ചാരി നില്‍ക്കുകയുള്ളൂ. അശ്വിന്‍ വലുതായി. യു കെ ജിയില്‍ പഠിയ്ക്കുകയാണ്. ഹുസ്സയിന്‍ തന്നങ്കളിനേക്കാള്‍ വിവരമുണ്ട്.

ഗോതമ്പ് ദോശയും ഇഡ്ഡലിയുമൊക്കെ പഞ്ചസാരയില്‍ മുക്കി അമ്മയുടെ മുന്നിലിരുന്ന് അവന്‍ രസിച്ച് കഴിയ്ക്കും. ചിലപ്പോള്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയും ചെയ്യും.

അവനും ഉറപ്പിച്ചു തന്നെ എന്നോട് പറഞ്ഞു. അവന്റെ ഗേള്‍ഫ്രണ്ടാണ് എന്റെ അമ്മ. തന്നെയുമല്ല. ഇത്തവണ ഞാന്‍ അമ്മയുടെ മുടി വെട്ടിക്കൊടുത്തത് മഹാമോശം സ്‌റ്റൈലിലായിരുന്നു.

'ഇതല്ല മഷ് റൂം കട്ട്.. ദിസ് ഈസ് എ വെരി ബാഡ് ഹെയര്‍ കട്ട് ' അടുത്ത പ്രാവശ്യം മുടി കട്ട് ചെയ്യുന്നത് അവന്റെ മേല്‍നോട്ടത്തില്‍ മതി.

അവന്റെ ഗേള്‍ഫ്രണ്ടിനെ തിരുവനന്തപുരത്തേയ്ക്കും മറ്റും കൊണ്ടു പോവാന്‍ എനിക്കെന്തവകാശം? ഇടയ്ക്ക് വേണമെങ്കില്‍ എനിക്ക് പോയി ഒന്നു കാണാമെന്നല്ലാതെ...

ങാ... അങ്ങനെ അശ്വിനും എന്നെ തുറിച്ചു നോക്കും...

അപ്പോള്‍ ശരിയെന്ന് ഞാന്‍ തല കുലുക്കിയാലും അവന്‍ ചിരിക്കുകയൊന്നുമില്ല.

3 comments:

വിനുവേട്ടന്‍ said...

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത... അത് കണ്ടും കേട്ടും ഇരിക്കാൻ രസം തന്നെ... അല്ലേ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ചുള്ളൻ ബോയ്ഫ്രണ്ട് ,,,!

പട്ടേപ്പാടം റാംജി said...

ആണ്‍സുഹൃത്തുക്കള്‍ കേമമായി