Tuesday, June 12, 2018

നമ്മോട് മമ്മൂട്ടിയല്ലവാ...

https://www.facebook.com/echmu.kutty/posts/499767673535865

അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയായിരുന്നു. അനിയത്തിമാര്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരായതുകൊണ്ട് അമ്മയുടെ ബൈസ്റ്റാന്‍ഡര്‍ ഞാന്‍ മാത്രമായിരുന്നു. ഞങ്ങളെ അനേഷിച്ച് സഹായത്തിനായി അങ്ങനെ ബന്ധുക്കളൊന്നും വരാനില്ലല്ലോ. അപ്പോള്‍ എന്തു വന്നാലും ഞങ്ങള്‍ എല്ലാം സ്വയം നേരിട്ടേ പറ്റൂ.

അമ്മയ്ക്ക് എന്താണ് അസുഖമെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായിരുന്നില്ല. എന്തുകൊണ്ടോ അമ്മയുടെ ജീവിതത്തില്‍ ഇക്കാര്യം എപ്പോഴും ആവര്‍ത്തിക്കാറുണ്ട്. അസുഖം മനസ്സിലാവാതെ വരിക, എന്നിട്ട് മറ്റൊരു അസുഖത്തിനു കുറെ നാള്‍ ചികില്‍സിക്കുക, അതുകഴിഞ്ഞ് ശരിയായ അസുഖം തികച്ചും യാദൃച്ഛികമായി തിരിച്ചറിയപ്പെടുക ...ജീവിതത്തിലെ പല ആധികള്‍ക്കിടയില്‍ ഞങ്ങള്‍ക്കങ്ങനെ ഈ ആധിയും ഒരു ശീലമായി.

പരീക്ഷണ നിരീക്ഷണങ്ങള്‍ നടക്കുകയായിരുന്നു...

അതിനിടയില്‍ ഒരു ദിവസം രാവിലെ ഉണര്‍ന്ന അമ്മ തികച്ചും അപരിചിതമായി പെരുമാറുവാന്‍ തുടങ്ങി....

അമ്മയ്ക്ക് അമ്മയാരാണെന്നറിയാത്ത പോലെ..

ഞാനാരാണെന്നറിയാത്ത പോലെ ...

ആശുപത്രിയാണെന്നറിയാത്ത പോലെ....

ഒന്നുമറിയാത്തതു പോലെ...

ഞാന്‍ ഭയം കൊണ്ട് നുറുങ്ങിപ്പോയി. എനിക്ക് എന്തു വേണമെന്ന് മനസ്സിലായില്ല. ഞാന്‍ ഡ്യൂട്ടി ഡോക്ടറെ വിളിച്ചു കരഞ്ഞു...

പ്രഷറുണ്ട് ... ഷുഗറുണ്ട്... നടക്കാന്‍ ശകലം ബുദ്ധിമുട്ടുണ്ട്. പ്രഷര്‍ കൂടിക്കണ്ടപ്പോഴാണ് അമ്മയെ അഡ്മിറ്റ് ചെയ്തത് ... ഇന്നലെ രാത്രി ഉറങ്ങുമ്പോള്‍ പോലും അമ്മയ്ക്ക് മറ്റൊരു അസുഖവും ഉണ്ടായിരുന്നതായി എനിക്ക് മനസ്സിലായിരുന്നില്ല.

അമ്മ വീണ്ടും ഐ സി യൂ വിലേയ്ക്ക് മാറ്റപ്പെട്ടു.

വെന്തുരുകി ഞാന്‍ പുറത്ത് കാവലായി... എനിക്കറിയാവുന്ന മെഡിക്കല്‍ കോമ്പ്‌ലിക്കേഷനുകള്‍ ഓരോന്നായി ഞാന്‍ ഓര്‍മ്മിച്ചു.... അച്ഛന്റെ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ മനപ്പാഠമാക്കാന്‍ തോന്നിയ അവധിക്കാലങ്ങളെ പിന്നെയും പിന്നെയും ശപിച്ചു...

സന്ധ്യയായപ്പോള്‍ അമ്മയെ മുറിയിലേയ്ക്ക് മടക്കിക്കൊണ്ടു വന്നു. അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും സോഡിയം ലെവല്‍ താഴ്ന്ന് പോയതായിരുന്നു പ്രശ്‌നമെന്നും അതിനകം ഞാന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

അമ്മയുടെ പെരുമാറ്റം ശ്രദ്ധിയ്ക്കണമെന്ന് എനിയ്ക്ക് താക്കീതു തരാന്‍ ഡോക്ടര്‍ മറന്നില്ല. സോഡിയം ലെവല്‍ ഇങ്ങനെ താഴ്ന്ന് പോകുന്നത് അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുറിയില്‍ അമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു. എന്റെ കാല്‍പ്പെരുമാറ്റം കേട്ടിട്ടാവണം അമ്മ കണ്ണുകള്‍ തുറന്നു. ഞാന്‍ ചിരിച്ചെങ്കിലും അമ്മ ചിരിച്ചില്ല.
എനിക്ക് പേടി തോന്നി. അമ്മ ഇപ്പോഴും എന്നെ തിരിച്ചറിയുന്നില്ലേ ...

അമ്മയുടെ കണ്ണുകള്‍ ടി വി യിലെ സിനിമയിലാണോ, ഇളം പച്ച ചായമടിച്ച ചുവരിലാണോ, അതോ അമ്മ ഒന്നും കാണുന്നു കൂടിയില്ലേ എന്നൊക്കെ എനിക്ക് സംശയമായി. വെണ്ണിലാ ചന്ദനക്കിണ്ണമെന്ന് മമ്മൂട്ടി തോണി തുഴയുകയായിരുന്നു ടി വിയിലപ്പോള്‍ ... ചുവരിലാകട്ടെ ഒരു പെയിന്റിംഗ് പോലുമുണ്ടായിരുന്നില്ല.

ഞാന്‍ അമ്മയെ ഒന്ന് പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു.

'അമ്മാ... അതാര്... അതാരാക്കും ?'

എടുത്തെറിഞ്ഞതു പോലെ ഉത്തരം വന്നു...

'മമ്മൂട്ടി... അത് മമ്മൂട്ടിയല്ലവാ..'

ഞാന്‍ പിന്നെയും ചോദിച്ചു...

'നല്ലാ പാത്തിയാ.. അത് ... അന്ത ആളു താനാ?'

അമ്മ ഫോമിലായി.

'എന്നടീ ഉനക്ക് പൈത്യമാ? അത് നമ്മോട് മമ്മൂട്ടിയല്ലവോ?'

ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു.. കരച്ചില്‍ ഉമിനീരാക്കി വിഴുങ്ങി.


ചുപ്‌കേ ചുപ്‌കേ രാത് ദിന്‍...ആസൂ ബഹാനാ യാദ് ഹെ... എന്ന് ഗുലാം അലി ഇനി മേലിലൊരിയ്ക്കലും ഇവിടെ പാടാന്‍ വരില്ലായിരിക്കാം... എങ്കിലും... ചിലരൊക്കെ എന്നും നമ്മുടേതു തന്നെയായിരിക്കും...

സാദത്ത് ഹസ്സന്‍ മന്റോ

നൂര്‍ജഹാന്‍

നുസ് റത് ഫത്തേ അലി ഖാന്‍

അങ്ങനെ എത്രയോ അനവധി പേരുകള്‍ .... അവര്‍ക്ക് അതിര്‍ത്തി വരകള്‍ ഇല്ല.

3 comments:

സുധി അറയ്ക്കൽ said...

ഓ!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

അതിര്‍ത്തി വരകള്‍ ഇല്ലാത്ത
എന്നും ഓർമ്മിക്കുന്ന ചില പേരുകൾ ...!

പട്ടേപ്പാടം റാംജി said...

tv കാണിച്ച് തിരിച്ചറിഞ്ഞ ആ ബുദ്ധി സമ്മതിക്കണം. പെട്ടെന്നൊന്നും ആര്‍ക്കുംതോന്നാത്തത്. പെട്ടെന്ന് അമ്മയെഅങ്ങിനെ കാണുമ്പോള്‍ സാധാരണ എല്ലാരും മുന്‍വിധിയോടെ സങ്കടപ്പെടുകയോ മറ്റാരെയെങ്കിലും വിളിക്കുകയോ ആവും ചെയ്യുക. ഇതാണല്ലേ പശുക്കുട്ടി.