Thursday, June 21, 2018

പ്ലാസ്റ്റിക് തിന്നു മരിച്ച മ്ലാവുകള്‍... ആനകള്‍ ... പശുക്കള്‍

https://www.facebook.com/echmu.kutty/posts/513584868820812?pnref=story

ശബരിമല പുണ്യഭൂമിയാണ്... അത് ജാതി മതഭേദമില്ലാതെ മനുഷ്യരെ സ്വീകരിയ്ക്കുന്നു. നല്ല കാര്യം. .. അവിടെ സാമുദായിക കലഹങ്ങളുണ്ടായാല്‍ പണമൊഴുകുന്നത് കുറഞ്ഞേയ്ക്കുമോ എന്നെനിക്കറിയില്ല. എന്തായാലും പെണ്ണായതുകൊണ്ട് എനിക്ക് അയിത്തമുള്ള ഒരു ഇടമാണത്. ഞാന്‍ അതിനെപ്പറ്റി അധികം ബേജാറായിട്ട് കാര്യമില്ല. എന്റെ മുമ്പില്‍ അടഞ്ഞിരിക്കുന്ന വാതിലിനപ്പുറത്ത് എന്തു നടക്കുന്നുവെന്നോര്‍ത്ത് തല പുണ്ണാക്കിയിട്ട് പ്രയോജനമില്ലല്ലോ.

എനിക്കു മാത്രമാവരുത് ആ അയിത്തം ... എന്ന് ഞാന്‍ വേദനയോടെ അറിയുകയാണിപ്പോള്‍ .

അയ്യപ്പ ഭക്തരായ പുരുഷജനങ്ങള്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് തിന്നു മരിച്ചു പോയ മ്ലാവിന്റെ ജീവിതത്തിനു അവിടെ അയിത്തമാവാമായിരുന്നു. അത് പട്ടിണികിടന്നു മരിച്ചിരുന്നെങ്കിലും പ്ലാസ്റ്റിക് തിന്ന് പ്രാണസഞ്ചാരം കൊണ്ട് മരിക്കില്ലായിരുന്നു. നാലരകിലോ പ്ലാസ്റ്റിക് ആണ് ആ മിണ്ടാപ്രാണിയുടെ വയറ്റില്‍ നിന്ന് പോസ്റ്റ് മാര്‍ട്ടത്തിലൂടെ പുറത്തെടുത്തത്.

നമ്മുടെ ഭക്തി അത് ആരോടുമാവട്ടെ എന്തിനോടുമാവട്ടെ ഒരിയ്ക്കലും മറ്റൊരു ജീവന്റെ വേദനയാകരുത്. അത്തരം ഭക്തി ഒരു പരിഹാരവുമില്ലാത്ത മഹാ പാപമാണ്. വ്രതമെടുത്തതുകൊണ്ടോ പെണ്ണുങ്ങളെ ബസ്സില്‍ നിന്നിറക്കി വിട്ടതുകൊണ്ടോ ഒന്നും ആ പാപത്തില്‍ നിന്ന് മോചനം കിട്ടുകയില്ല.

കാട്ടില്‍ ചെരിഞ്ഞ ആനയുടെ വയറ്റിലും പ്ലാസ്റ്റിക് ആയിരുന്നുവത്രേ ...കിലോക്കണക്കിന്.. കാട്ടില്‍ ആനയ്ക്കും അയിത്തമായാല്‍ മതിയായിരുന്നു. മനുഷ്യര്‍ കാടു കാണാന്‍ പോകുമ്പോള്‍ അയിത്തക്കാരില്ലെങ്കില്‍ പിന്നെ മനുഷ്യന്റെ അതിക്രമങ്ങള്‍ക്ക് ഇരയായി ഇങ്ങനെ ദണ്ണപ്പെട്ട് മരിയ്‌ക്കേണ്ടി വരില്ലല്ലോ.

ഉത്തരേന്ത്യയില്‍ പശുവിന്റെ ആസനം തൊട്ട് ഭക്തിയോടെ മനുഷ്യര്‍ തലയില്‍ വെയ്കും. ഗോമാതാവാണ്. എന്നാല്‍ തിന്നാന്‍ കൊടുക്കുന്നത് തലേന്നത്തെ കേടു വന്ന റൊട്ടിയും പരിപ്പുകറിയും ആണ്. അന്നേരം അവള്‍ ഒരു പശുക്കുട്ടിയുടെയോ മൂരിക്കുട്ടന്റെയോ മാതാവു പോലുമല്ല. മാലിന്യം കൊടുക്കാവുന്ന ഒരു വെറും നാല്‍ക്കാലി മാത്രം. ആടും പശുവും കാളയും എരുമയും പോത്തുമൊക്കെ പ്ലാസ്റ്റിക് തിന്ന് പ്രാണസഞ്ചാരമെടുത്ത് കൊടും ചൂടിലും കൊടും തണുപ്പിലും ഉത്തരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജീവന്‍ പോകുന്ന പ്രാണ വേദനയില്‍ അവര്‍ ആ മിണ്ടാപ്രാണികള്‍ മനുഷ്യ കുലത്തെ ആകമാനം പ്രാകുന്നുണ്ടായിരിക്കും മുടിഞ്ഞു പോവട്ടെ ഈ നാശങ്ങളെന്ന്...

ശബരി മലയിലെ മ്ലാവിന്റെ ദണ്ണത്തെ കണ്ടില്ലെന്ന് വെയ്ക്കാന്‍ അയ്യപ്പനോ മാളികപ്പുറത്തമ്മയ്‌ക്കോ വാവരു സ്വാമിയ്‌ക്കോ സാധിക്കുമോ?

ഇല്ലെന്ന് വിശ്വസിയ്ക്കാനാണ് എനിക്കിഷ്ടം.

ഒരു അയിത്തക്കാരിയാണെങ്കിലും എനിക്കും വിശ്വാസവും ഇഷ്ടവുമൊക്കെയാകാമല്ലോ.

No comments: