Saturday, June 16, 2018

കഥ വന്ന വഴി

അവള്‍ എന്നില്‍ പിറവികൊണ്ടതിങ്ങനെ...
(തേവിടിശ്ശിക്കോലങ്ങള്‍ എന്ന കഥയുടെ പിറവിയിലേക്ക്)
(2015 ഡിസംബറില്‍ വഴക്കുപക്ഷിയില്‍ പോസ്റ്റ്‌ ചെയ്തത്)
 

അതൊരു നട്ടുച്ചയായിരുന്നു. നല്ല പൊള്ളുന്ന വേനല്‍ക്കാലം. തമിഴര്‍ കത്ത് രി എന്ന് പറയുന്ന അഗ്‌നിനക്ഷത്രക്കാലം. ട്രെയിന്‍ വിന്‍ഡോക്കപ്പുറത്ത് തവിട്ടുനിറമുള്ള ഉണക്കസസ്യങ്ങള്‍ കഴുത്തൊടിഞ്ഞു വീണു കിടന്നു.

ഞാന്‍ ഒരു മഹാരാഷ്ട്ര യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു.   ട്രെയില്‍ ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷന്‍ സമീപിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ കമ്പാര്‍ട്ടുമെന്റില്‍ തിരക്കും നന്നേ കുറഞ്ഞു കഴിഞ്ഞിരുന്നു. അപ്പോഴാണ് ഞാനവളെ ശ്രദ്ധിച്ചത്. അതും പോലീസുകാരന്റെ തമിഴിലുള്ള തെറി വിളി എന്റെ കാതു പൊട്ടിയ്ക്കും വിധം ഉയര്‍ന്നതുകൊണ്ട് മാത്രം...

ഒരു കൊച്ചു പെണ്ണാണവളെന്ന്! എനിക്കു തോന്നി. എന്നെക്കാള്‍ വയസ്സുകുറഞ്ഞവരുടെ എന്നല്ല മുതിര്‍ന്നവരുടെ പ്രായവും എനിക്ക് അങ്ങനെ മനസ്സിലാക്കാന്‍ കഴിയാറില്ല.

അവള്‍ അയാളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അപേക്ഷയോ കരച്ചിലോ ആവലാതിയോ പോലെ ദയനീയമായിത്തോന്നി എനിക്കാ ശബ്ദം.

ഞാന്‍ എണീറ്റ് ചെന്നപ്പോള്‍ എനിക്കുറപ്പാണ്, അയാള്‍ ധിറുതിയായി അവളുടെ ശരീരത്തില്‍ നിന്ന് കൈ വലിക്കുകയായിരുന്നുവെന്ന്!.. എന്നിട്ട് അയാള്‍ ഒരു വെടലച്ചിരി പാസ്സാക്കി.. എന്നെ അയാള്‍ അവിടെ പ്രതീക്ഷിച്ചില്ല എന്നത് വ്യക്തമായിരുന്നു.

സാധാരണ തറവാടികളും മാന്യകളുമായ പെണ്ണുങ്ങള്‍ പോലീസ് ഒരു പെണ്ണിനെ വഴക്ക്  പറയുന്നതു കേട്ടാല്‍ ആ വഴിക്ക് വരില്ലല്ലോ എന്ന വിചാരമാവാം പോലീസിനുണ്ടായിരുന്നത്. എന്റെ ജീന്‍സും ബോബ് ചെയ്ത മുടിയും അയാളെ അല്പം അധീരനാക്കിയെന്നത് സത്യമാണ്. അതുകൊണ്ടാണ് 'കമോണ്‍, വാട്ട്‌സ് ദ പ്രോബ്ലം' എന്ന എന്റെ ചോദ്യത്തിനു അയാള്‍ ഉത്തരമൊന്നും തരാതെ അടുത്ത കമ്പാര്‍ട്ടുമെന്റിലേക്ക് കടന്നു പോയത്. ഇനി എന്റെ ഈ പൊങ്ങച്ചമൊന്നും ഇല്ലെങ്കില്‍ തന്നെ അന്ന് അങ്ങനെ സംഭവിച്ചു എന്നതിനെ ഒരു വെറും ഭാഗ്യം മാത്രമായി കണക്കാക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം പോലീസുകാര്‍ക്ക് സ്ത്രീകളോട് ഇടപെടുമ്പോള്‍ എത്ര വൃത്തികെട്ട രീതിയും സ്വീകരിക്കാനാവുമെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. ഞാനും വെറും ഒരു സ്ത്രീ മാത്രമാണല്ലോ.

ആ കൊച്ചു പെണ്ണ്! തലയും കുമ്പിട്ട് നില്‍ക്കുകയായിരുന്നു.

ഞാനവളെ എന്റെ സീറ്റിലേക്ക് ക്ഷണിച്ചു. അവള്‍ ആദ്യം തല നിഷേധരൂപത്തില്‍ വിലങ്ങനെ ആട്ടി. ഇനീം പോലീസ് വന്നാലോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഒന്നും പറയാതെ എന്റൊപ്പം വന്നു. ടിക്കറ്റില്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് അവള്‍ ഉത്തരം തന്നു. പിന്നെ പോലീസുകാരന്‍ ബഹളം  വെച്ചതെന്തിനെന്നു ചോദിച്ചപ്പോള്‍ മൌനമായിരുന്നു മറുപടി.

ഞാന്‍ ചോദ്യമാവര്‍ത്തിച്ചു. പൊടുന്നനെ അവളുടെ കവിളുകള്‍ കണ്ണീരില്‍ കുതിര്‍ന്നു.

പോലീസുകാരന് അവളെ പരിചയമുണ്ടത്രെ. അതാണ് അയാള്‍ വിരട്ടിയത്. പരിചയമുണ്ടെങ്കിലും എന്തിനു വിരട്ടണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ ആ സ്ഥലത്തെപ്പറ്റി എന്നോട് പറഞ്ഞു. അവിടെ പോലീസുകാര്‍ വന്നു പോവുന്നതിപ്പറ്റി പറഞ്ഞു. അവിടത്തെ മിസ്സിനെപ്പറ്റി പറഞ്ഞു. കീറിയ ഉറപ്പാക്കറ്റുകള്‍ ചിതറിക്കിടക്കുന്ന കോവണിപ്പടികളെക്കുറിച്ച് പറഞ്ഞു. വാടിയ മുല്ലപ്പൂക്കളുടേയും വിലകുറഞ്ഞ സൌരഭ്യങ്ങളുടെയും മടുപ്പിക്കുന്ന വിയര്‍പ്പിന്റെയും ഒരിക്കലും മാറാത്ത ദുര്‍ഗന്ധത്തെപ്പറ്റി പറഞ്ഞു.

'എനക്ക് പുരുഷാളെ പാത്താലേ വായിലെടുക്ക വരും അക്കാ' എന്നവള്‍ അവസാനിപ്പിച്ചപ്പോള്‍...

ആ സഹനത്തെയും ആ വേദനയേയും ഞാന്‍ അറിഞ്ഞു. അവളിലൂടെ കടന്നുപോയ എണ്ണമില്ലാത്തതും വഴുവഴുത്തതുമായ അറപ്പുകളില്‍ എനിക്കും മനംപുരട്ടി. വൈരൂപ്യങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ എന്നില്‍ ഒക്കാനമായി കവിഞ്ഞു.

ഒരു പുരുഷന്റെ അടിയും ഇടിയും ചവിട്ടും തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന് അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ പല ആഗ്രഹങ്ങള്‍ നഗ്‌നശരീരം മാത്രം സാധിപ്പിക്കേണ്ടി വരുന്നത്...

എന്നിട്ടും അവള്‍ എന്നോട് അഭിമാനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു. അനവധി പ്രാവശ്യം എരിഞ്ഞു ചാമ്പലായിട്ടും ആ ചാരത്തില്‍ നിന്ന് ചിലപ്പോള്‍ അതുണരുമെന്നും അന്നേരം ആ ഇടത്തിനു തീയിടാനും ആ തീയില്‍ വെന്തുരുകാനും തോന്നുമെന്നും പറയുമ്പോള്‍ ആ കണ്ണുകളില്‍ ആളിപ്പടരാന്‍ വെമ്പുന്ന ഒരു ജ്വാല എരിയുന്നത് ഞാന്‍ കണ്ടു...

ആ ജ്വാല കൊണ്ടാണ് തേവിടിശ്ശിക്കോലങ്ങള്‍ ഞാനെഴുതിയത്...
-------------------------------------------------------------------
 

തേവിടിശ്ശിക്കോലങ്ങള്‍....! കഥയുടെ കൊഴുപ്പിനായി മിത്തുകളെ കൂട്ടുപിടിക്കാതെ പച്ചയായ ജീവിതങ്ങളെ വായനക്കാര്‍ക്ക് സമ്മാനിക്കുന്ന കഥാകാരിയാണ്  എച്മു. എച്മു കഥകളില്‍ പലപ്പോഴും നമുക്കിടയില്‍ വരുന്നവര്‍ തന്നെയാവും
കഥാപാത്രങ്ങളായി വരുന്നത്. തേവിടിശ്ശിക്കോലങ്ങള്‍.. കഥയുടെ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ അന്നത്തിനായി
അറിഞ്ഞോ അറിയാതെയോ സ്വന്തം ശരീരം വില്‍ക്കേണ്ടി
വരികയും പിന്നീട് അത്തരം നീര്‍ക്കയത്തില്‍നിന്ന് കരകയറാന്‍
കഴിയാതെ ജീവിതം തന്നെ ഹോമിക്കേണ്ടിവന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ്. തെരുവ് തേവിടിശ്ശികളെ പ്രമേയമാക്കി നിരവധി കഥകളും സിനിമകളും പല ഭാഷകളിലായി വന്നിട്ടുണ്ട് എന്നതിനാല്‍ കഥാപ്രമേയത്തില്‍ പുതുമ അവകാശപ്പെടാന്‍ കഴിയില്ല, എന്നാല്‍ കഥയെ അവതരിപ്പിച്ച രീതി വായനയെ മടുപ്പിക്കാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീപക്ഷത്തോടു ചേര്‍ന്ന് നേര്‍രേഖയില്‍ കൂടി. പൊടിപ്പും തോങ്ങലുമില്ലാതെ പറഞ്ഞു പോകുന്ന രീതിയാണ് തേവിടിശ്ശിക്കോലങ്ങള്‍. ഇഷ്ടമില്ലാതെ 'തേവിടിശ്ശി'യുടെ കുപ്പായമിടുകയും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്യുന്ന കഥാനായികയുടെ മരണത്തിന്റെ ദുരൂഹത നീങ്ങുന്ന കഥാന്ത്യത്തിലെ ട്വിസ്റ്റ്, തീര്‍ച്ചയായും കഥാന്ത്യത്തിനു ശേഷവും വായനക്കാരില്‍ ചില ചിന്തകളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല...ഫൈസല്‍ ബാബു.  

2 comments:

പട്ടേപ്പാടം റാംജി said...

കഥ വന്ന വഴിയും കഥ പോലെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പുരുഷന്റെ അടിയും ഇടിയും ചവിട്ടും
തലമുടി പിടിച്ചുലയ്ക്കലും എല്ലാം നിസ്സാരമാണെന്ന്
അവള്‍ വിശദീകരിച്ചു. അതുപോലെയല്ല, പല പുരുഷന്മാരുടെ
പല ആഗ്രഹങ്ങള്‍ നഗ്‌നശരീരം മാത്രം സാധിപ്പിക്കേണ്ടി വരുന്നത്...!