Wednesday, June 6, 2018

ചുപ്പരാമ, ഒനക്ക് പൈത്യമാക്കും...

https://www.facebook.com/echmu.kutty/posts/48609234157006502/10/15                     

ചുപ്പരാമ, ഒനക്ക് പൈത്യമാക്കും...

എന്നു വെച്ചാല്‍ സുബ്ബരാമനു പ്രാന്താണെന്ന്..

അമ്മ പറഞ്ഞു തന്ന സ്വന്തം കഥയാണ്. ജാതിയും മതവും ആചാരങ്ങളും ഒന്നും തെറ്റിയ്ക്കാന്‍ അനുവാദമില്ലാത്തത് പെണ്‍കുട്ടികള്‍ക്കാണെന്ന് അമ്മയ്ക്ക് മനസ്സിലായത് ആ ദിവസമായിരുന്നുവത്രെ! അന്ന് അമ്മയ്ക്ക് ഏഴോ എട്ടോ വയസ്സായിരുന്നു... എന്നുവെച്ചാല്‍ അമ്മ പ്രൈമറിസ്‌ക്കൂളില്‍ പഠിയ്ക്കുന്ന കാലം. അഞ്ചു സഹോദരന്മാര്‍ക്കും നാലു സഹോദരിമാര്‍ക്കും താഴെയുള്ള വെളുത്തുരുണ്ട ഒരു പാപ്പാത്തി കുഞ്ഞുവാവ. സഹപാഠി ഏറ്റവും മുതിര്‍ന്ന സ്വന്തം ജ്യേഷ്ഠന്റെ മൂത്ത മകന്‍. രണ്ട് പേര്‍ക്കും ഒരു വയസ്സ്. ഒരു ക്ലാസ്സില്‍ പഠനം. സ്‌കൂളില്‍ പോക്കും വരവും ഒന്നിച്ച് ... അതുകൊണ്ട് സ്‌കൂളിനടുത്തുള്ള ഗോവിന്ദന്‍ നായരുടെ വീട്ടിലെ വിലക്കപ്പെട്ട നെല്ലിയ്ക്കയും പച്ചപ്പുളിങ്ങയും തിന്നുന്നതും പച്ചവെള്ളം കുടിയ്ക്കുന്നതും ഒന്നിച്ച്...

എല്ലായിടത്തും കാണുമല്ലോ രഹസ്യം കണ്ടു പിടിക്കുന്നവര്‍ ... അത് കൃത്യമായി ചോര്‍ത്തി എത്തേണ്ടിടത്ത് എത്തിയ്ക്കുന്നവര്‍.. കാര്യങ്ങള്‍ മഠത്തിലറിയാന്‍ വലിയ താമസമുണ്ടായില്ല. അമ്മയുടെ മൂത്ത ജ്യേഷ്ഠന്‍ സ്വന്തം മകനെ വിളിച്ചു ചോദിച്ചു... 'എന്നടാ, മണീ കണ്ട നായര്‍ വീട്ടിലേന്ത് തീണ്ടിത്തിന്നയാ ?' ആറടി പൊക്കമുള്ള ആരോഗ്യവാനായ അപ്പാവിന്റെ മുന്നില്‍ പെട്ട എട്ടു വയസ്സുകാരന്‍ മൂത്രമൊഴിച്ചുകൊണ്ട് കുറ്റം സമ്മതിച്ചു. തന്നെയുമല്ല അവന്റെ കുഞ്ചത്തയായ രാജവും ഈ കുറ്റം ചെയ്തിട്ടുണ്ടെന്ന് മണി കണ്ണീരോടെ വെളിപ്പെടുത്തി.

അതോടെ മഠത്തില്‍ കൊടുങ്കാറ്റടിച്ചു. കൊച്ചാണെങ്കിലും അമ്മായിയായ രാജമെന്ന എന്റെ അമ്മ മരുമകനായ മണിയെ കുറ്റം ചെയ്യാതെ കാക്കേണ്ടതായിരുന്നില്ലേ? അമ്മായിയുടെ അധികാരം ഉപയോഗിച്ച് മരുമകനെ തടയേണ്ടതായിരുന്നില്ലേ?

അമ്മയുടെ അപ്പാവായ സുബ്ബരാമയ്യര്‍ക്ക് ഈ കുറ്റം ക്ഷമിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം വലിയ രണ്ട് മൂന്നു പുളിവാറലുകള്‍ ഒടിച്ച് കൂട്ടിപ്പിരിച്ച് തയാറാക്കി. ഇളയമകളായ രാജത്തെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍...

രാജം എന്ന എന്റെ അമ്മ ഓടി ... മഠത്തിന്റെ പടി കടന്ന് പൊടിനിറഞ്ഞ നാട്ടു വഴിയിലൂടെ... അമ്പലത്തിന്റെ കുന്നു കയറി മറിഞ്ഞ് കാളവണ്ടിയും മൂക്കുള്ള ബസ്സും ഓടിയിരുന്ന പൊതുവഴിയിലൂടെ സ്‌കൂളിലേയ്ക്ക് ഓടിക്കയറി.. ബഞ്ചിന്റെ പിന്നില്‍ പതുങ്ങിയിരുന്നു.

ഉഗ്രപ്രതാപിയും ജമീന്ദാറും ആറടിയിലധികം ഉയരമുള്ളവനുമായ സുബ്ബരാമയ്യരെ തടയാന്‍ ധൈര്യമുള്ളവര്‍ സ്‌കൂളിലുണ്ടോ?

ഇല്ല.

പിടിയ്ക്കപ്പെടുമെന്നുറപ്പായപ്പോള്‍ അമ്മ വീണ്ടും ഓടി.. വന്ന വഴിയെല്ലാം തിരികെ ഓടി.. ഹൃദയം പടപടാ എന്നിടിച്ചു കൊണ്ട്... പേടികൊണ്ട് കണ്ണീരൊഴുകി വീഴുന്ന കുഞ്ഞിക്കവിളുകള്‍ പുറം കൈയാല്‍ തുടച്ചുകൊണ്ട്... മൂക്കു വലിച്ചുകൊണ്ട്..

അമ്മയുടെ അച്ഛന്റെ തറവാട്ടു മഠമുണ്ടായിരുന്നു ആ കുണ്ടനിടവഴികളിലൊന്നില്‍... അവിടെ അദ്ദേഹത്തിന്റെ പെരിയപ്പാവും പെരിയമ്മയും അവരുടെ പതിന്നാലു മക്കളും പാര്‍ക്കുന്നുണ്ടായിരുന്നു. അമ്മ കരഞ്ഞു കൊണ്ട് ഒരു കിളിക്കുഞ്ഞിനെപ്പോലെ കിതച്ചുകൊണ്ട് ഓടിച്ചെന്ന് ആ പെരിയമ്മയുടെ കോശാപ്പുടവയ്ക്കുള്ളില്‍ ഒളിച്ചു.

സ്‌കൂളിലേയ്ക്കിട്ട ഉടുപ്പ് അയിത്തമാക്കുമെന്നതുകൊണ്ട് പെരിയമ്മ ആ ഉടുപ്പുരിഞ്ഞു കളഞ്ഞ് ഒരു ചെറിയ ചുട്ടിത്തോര്‍ത്തുകൊടുത്തു എന്റെ അമ്മയുടെ കുഞ്ഞു ദേഹത്തെ ഉടുപ്പിക്കാന്‍... എന്നിട്ട് കാലും നീട്ടി ഇരുന്നു അമ്മയെ മടിയില്‍ കിടത്തി താളം കൊട്ടി സമാധാനിപ്പിച്ചു... ഒരു കുഞ്ഞു ഗ്ലാസില്‍ കുടിയ്ക്കാന്‍ ഇത്തിരി പാലും കൊടുത്തു.

അപ്പോഴേയ്ക്കും പാഞ്ഞെത്തിയല്ലോ വടിയുമായി മര്യാദ പഠിപ്പിക്കാന്‍ അമ്മയുടെ അച്ഛന്‍ പുറകെ...

കുട്ടിയെ മടിയില്‍ നിന്ന് എണീപ്പിച്ചു നിറുത്തി അടിയ്ക്കാന്‍ കൊടുക്കണമെന്ന് അദ്ദേഹം അലറി. കാരണം അവള്‍ പെണ്‍കുട്ടിയാണ്. ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ആണ്‍കുട്ടികളെപ്പോലെ അവള്‍ തെറ്റിയ്ക്കാന്‍ പാടില്ല. നല്ല ചുട്ട അടി കൊടുത്താലേ പെണ്ണുങ്ങള്‍ അതൊക്കെ ഓര്‍മ്മ വെച്ച് പഠിയ്ക്കൂ. തന്നെയുമല്ല ഇനി അവള്‍ സ്‌കൂളില്‍ പോയി പഠിക്കുകയും വേണ്ട.

പെരിയമ്മ ചിരിച്ചു

എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു...

ചുപ്പരാമ... ഒനക്ക് പൈത്യമാക്കും. അപ്പടി പൊണ്ടുകള്‍ മട്ടുമാ എതുക്ക് ആചാരം കാപ്പാത്തണം ? എതുക്ക് നമ്പിക്കൈ വെച്ചുക്കണം? അന്ത വടിയെ കീഴെ പോട്.. എന്ന്ട്ട് കൊഴന്തയെ എടുത്തുക്കോ .. അവ കവിളിലെ മുത്തം കുടു.. പാവം.. എന്ന മാതിരി ഭയന്തിരിക്ക് കൊഴന്തൈ..

സുബ്ബരാമയ്യര്‍ക്ക് കോപമല്ല.. ശരിക്കും കലിയാണ് കയറിയത്.
കാര്യം പെരിയമ്മയാണെങ്കിലും ഒരു പെണ്ണു തന്നെയല്ലേ? ആണുങ്ങളെ പഠിപ്പിക്കാറായോ?

അദ്ദേഹം മകളെ വലിച്ചെടുക്കാനും തല്ലാനും മുതിര്‍ന്നു. അപ്പോഴാണ് പെരിയമ്മയുടെ ശൌര്യം കണ്ടത്.

അവര്‍ അലറി.

തൊട്ടുപോകരുത് കുട്ടിയെ. അവള്‍ അമ്മയുടെ മടിയിലാണിരിക്കുന്നത്. സീത ഭൂമിയിലേക്ക് , അമ്മയുടെ മടിത്തട്ടിലേക്ക് താണുപോയപ്പോള്‍ ലോകൈക വീരനായ ശ്രീരാമനു പോലും സീതയെ മടക്കിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല. അതാണ് അമ്മയുടെ മടിത്തട്ടിന്റെ ശക്തി. കുഞ്ഞിനെ അടിച്ചാല്‍ എന്റെ കൈ വെറുതെയിരിക്കില്ല... തന്നയുമല്ല , നാളെ അവള്‍ സ്‌കൂളില്‍ പോവുകയും ചെയ്യും.

സുബ്ബരാമയ്യരുടെ കൈയില്‍ നിന്ന് വടി താഴെ വീണു.

അമ്മ സ്‌ക്കൂളില്‍ പഠിച്ച കാലമത്രയും പത്താംക്ലാസ്സ് തീരുവോളവും സഹപാഠികള്‍ അച്ഛന്‍ വടിയുമായി അടിയ്ക്കാന്‍ സ്‌കൂളിലേയ്ക്ക് ഓടി വന്ന കഥ പറഞ്ഞ് പരിഹസിക്കുമായിരുന്നുവത്രേ. എങ്കിലും അമ്മ തളരാതെ, വാശിയോടെ തുടര്‍ന്നു പഠിച്ചു.

ഗ്രാമത്തിലെ ആദ്യത്തെ വനിതാ ഗ്രാജുവേറ്റ് ആയി... സ്വര്‍ണമെഡല്‍ വാങ്ങി... കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥയായി.. എല്ലാ വേദനകളും പരീക്ഷണങ്ങളും സങ്കടങ്ങളും നേരിട്ട് ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത ജീവിതം ഇപ്പോഴും നയിക്കുന്നു...

ചുളിഞ്ഞു മടങ്ങിയ ഒരു തങ്കപ്പാവയെപ്പോലെ എന്റെ അമ്മ...

1 comment:

പട്ടേപ്പാടം റാംജി said...

പലപ്പോഴും ചിന്തിക്കാനാകാത്ത കഥകള്‍ പോലെ അനുഭവങ്ങള്‍.....അമ്മയ്ക്കൊരുമ്മ.