Sunday, September 8, 2019

ഞാൻ ചില പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ഓർക്കാം....1

                                                 

ചെറുപ്പത്തിൽ തുള്ളിക്കൊരു കുടം പേമാരി, കാതടപ്പിക്കുന്ന ഇടിവെട്ട്, കണ്ണഞ്ചിക്കുന്ന മിന്നൽ ഇതായിരുന്നു എൻറെ പ്രകൃതി ദുരന്തം. വാഴകളും കവുങ്ങുകളും വീണു പോവുക, ഓല കെട്ടിയ വീടുള്ളവർ അമ്മീമ്മയോട് വന്ന് ഓല ചോദിക്കുക ഇതൊക്കെ അന്നത്തെ ഓർമകളാണ്. അമ്മീമ്മയുടെ വീട്ടിലെ തെങ്ങുകൾ ചെറുതായിരുന്നു. വെട്ടാവുന്ന ഓലയൊക്കെ അമ്മീമ്മ കൊടുക്കും. പിന്നെ ബലമുള്ള കമ്പുകൾ, കോട്ടൺ സാരികൾ കൂട്ടിത്തയിച്ച പുതപ്പ്, സഹായം ചോദിച്ചു വരുന്നവർക്ക് അവർ വരുന്ന നേരത്ത് വീട്ടിലുള്ള ആഹാരം ഇതെല്ലാം അമ്മീമ്മ കൊടുക്കും. ഞങ്ങളുടെ ഉടുപ്പുകളും അമ്മീമ്മയുടെ സാരികളും കൊടുക്കും . തുണി തേക്കുന്ന പരിപാടി ഇല്ലാരുന്നത് കൊണ്ടും ഇന്നത്തെ പോലെ പുത്തൻ വസ്ത്രങ്ങൾ അലമാരകളിൽ അടുക്കി വെച്ചിരിക്കുന്ന രീതി ഇല്ലാത്തതുകൊണ്ടും അലക്കി മടക്കി വെച്ച ഉടുപ്പുകളാണ് കൊടുക്കുക. അടിവസ്ത്രങ്ങൾ കൊടുക്കാറില്ല.

'കർക്കിടത്തിൽ എൻറെ സ്തുതി പാടി നീ വീടുകളിൽ ചെന്നാൽ രണ്ടു നേരം കഞ്ഞി കുടിക്കുന്നവർ ഒരു നേരത്തെ കഞ്ഞിയും രണ്ടു മുണ്ടുള്ളവർ ഒരു മുണ്ടും തരുമെടാ , എന്ന് ശിവൻ പാണനാർക്ക് അനുഗ്രഹം കൊടുത്തിട്ടുണ്ടത്രേ. അപ്പോൾ നമ്മൾ മോരും ചോറും ഉപ്പും കടുമാങ്ങയും കഴിക്കുന്നുവെങ്കിൽ അതെല്ലാം ചോദിക്കുന്ന മറ്റുള്ളവർക്കും കൊടുക്കണം. നമ്മൾ ഒന്നും ഇവിടെ നിന്നും ഈ ഭുമിയിൽ നിന്നും കൊണ്ടു പോവില്ല.'

എല്ലാം കൊടുക്കണം. ഒന്നും കൂട്ടിവെക്കരുത്. അനാവശ്യമായി ഒന്നും അനുഭവിക്കരുത്. ആരേയും ഒരു തരത്തിലും ചൂഷണം ചെയ്യരുത്. അമ്മീമ്മ, അമ്മ, കണ്ണൻ ഈ മൂന്നുപേർക്കും ഇക്കാര്യത്തിൽ നല്ല യോജിപ്പാണ്. അതു കേട്ട് ജീവിക്കാനുള്ള പരിശ്രമമാണ് എന്നും എൻറെ ജീവിതം. എത്രയായാലും പൂർണമായി വിജയിക്കാൻ കഴിയാത്ത ഒരു പരീക്ഷ... കൂടുതലായോ ഉപഭോഗമെന്ന് സദാ കുറ്റബോധം തോന്നിപ്പിക്കുന്ന ഒരു പരീക്ഷ.. ആർത്തിയും അത്യാവശ്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ജീവിതമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു പരീക്ഷ...

ദില്ലിയിൽ താല്ക്കാലിക പാർപ്പിടത്തിൽ കെട്ടിട നിർമ്മാണജോലികളിൽ പങ്കെടുത്തു ജീവിക്കുമ്പോഴാണ് ഉത്തരകാശി ഭൂമികുലുക്കം വരുന്നത്. രണ്ടായിരത്തോളം പേർ മരിച്ചു. രാത്രി മൂന്നുമണിയോടെ എൻറെ താല്ക്കാലികപാർപ്പിടം വിറച്ചു തുള്ളി. സ്പൂണും മറ്റും താഴെ വീണു. എനിക്കാരുമില്ലാത്ത ഒരു കാലമായതുകൊണ്ടും ഉറക്കമേ വരാത്ത രാത്രികളായതുകൊണ്ടും ഞാൻ ഈ ചലനവും അതിൻറെ ഭീതിയും ഭൂമി കാലിന്നടിയിൽ നിന്ന് തെന്നിമാറുന്ന അനുഭവവും അന്നേരത്തെ ഇരമ്പവും ശരിക്കറിഞ്ഞു. ഒക്ടോബർ മാസത്തിലായിരുന്നു ആ ഭൂമികുലുക്കം. ഐ ഐ ടി കാൺപൂരിൻറെ പഠനമനുസരിച്ച് അമ്പതിനായിരം വീടുകൾക്ക് തകരാറു പറ്റി.

ഉത്തർകാശി തകർന്ന് തരിപ്പണമായിരുന്നു. കല്ല് ചുവരും സ്ലേറ്റ് മേച്ചിലും ചറുപിറോന്ന് വീണിരുന്നു. അതിനു നടുവിൽ കീറിയ തുണികളും ജീവിത ക്ളേശത്തിൻറെ ആയിരം ചുളിവുകളുമായി പാവപ്പെട്ട മനുഷ്യർ ശൂന്യതയിലേക്ക് നോക്കിയിരുന്നിരുന്നു.

അന്ന് ഭൂകമ്പത്തിന്റെ കാരണങ്ങളെപ്പറ്റി ഒത്തിരി പഠനം നടക്കുകയും അതെല്ലാം പല കാരണങ്ങളാൽ സർക്കാരിൻറെ അലമാരിയിൽ പൂട്ടിവെക്കപ്പെടുകയും ചെയ്തു. വിദഗ്ധരുടെ പഠനമൊന്നും ആർക്കും അങ്ങനെ ഉപയോഗിക്കാൻ തോന്നാറില്ലല്ലോ. ജീവിത മാർഗം നഷ്ടമായ പാവപ്പെട്ടവർ യാചകരെപ്പോലെ ഒരു വഴി തുറന്നു തരൂ എന്ന് കേണുകൊണ്ടിരുന്നു. ലാറിബേക്കർ ഉത്തർകാശി സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ നല്കുകയുമുണ്ടായി..അതൊന്നും ആരും ശ്രദ്ധിച്ചില്ല.

അതിനൊക്കെ എത്രയോ കാലം മുമ്പ് ആലപ്പുഴയെ വെള്ളക്കെട്ടെല്ലാം ഒഴിവാക്കി , പഴയ കെട്ടിടങ്ങളെ നവീകരിച്ച് നല്ലൊരു പട്ടണമായി രൂപകൽപന ചെയ്തു ബേക്കർ ഗവൺമെന്റിന് റിപ്പോർട്ട് കൊടുത്തിരുന്നു ഒടുവിൽ ഏതോ സർക്കാർ ഓഫീസിൻറെ മൂലക്ക് പൊടിയേറ്റ് കിടന്ന ആ റിപ്പോർട്ട് ആരോ കണ്ടെത്തുകയും പിന്നീട് അത് കോസ്റ്റ്ഫോർഡിൻറെ താല്പര്യത്തിൽ ആലപ്പി ദ വെനീസ് ഓഫ് ഈസ്റ്റ് എന്ന ഒരു പുസ്തകമായി പുറത്ത് വരികയും ചെയ്തു... അത്രമാത്രം.

ഇപ്പോഴും വെള്ളക്കെട്ടുകൾ ആലപ്പുഴക്ക് സ്വന്തം...

അടുത്തത് 1993 ലെ ലത്തൂർ ഭൂമികുലുക്കമായിരുന്നു. സെപ്റ്റംബർ 3 ന് രാവിലെ നാലുമണിക്ക് മുമ്പേ ആയിരുന്നു സംഭവം. പതിനായിരം പേർ മരിച്ചു പോയി. മുപ്പതിനായിരം പേർക്ക് പരിക്ക് പറ്റി . അൻപതിലധികം ഗ്രാമങ്ങൾ പൊടിഞ്ഞു തകർന്നു.

ലത്തൂരിലും ലാറി ബേക്കർ എത്തിയിരുന്നു. പെട്ടെന്ന് കോൺക്രീറ്റ് മന്ദിരങ്ങൾ ഉയർത്തി എല്ലാവരും സുരക്ഷിതരായി എന്ന് പ്രഖ്യാപിച്ചാൽ പോരാ എന്നും ജനങ്ങളെ ശരിക്കും സുരക്ഷിതരാകണമെന്നും അവർക്ക് ജീവസന്ധാരണോപാധികൾ ലഭിക്കുമെന്നുറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞത് ആർക്കും പിടിച്ചില്ല. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ വേണ്ട വിധത്തിൽ പാലിക്കപ്പെട്ടില്ല.

ഹാം റേഡിയോ ഓപ്പറേറ്റർമാർ ഒത്തിരി സഹായം ചെയ്ത ഒരു സംഭവമായിരുന്നു ലത്തൂർ ഭൂമി കുലുക്കം. തകർന്നു പോയ എല്ലായിടത്തും ഓടിയെത്തി വിവരങ്ങൾ വേണ്ട രീതിയിൽ പുറത്തെത്തിച്ചത് അവരായിരുന്നു. ആ സേവനമൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാന ങ്ങളും ഇൻറർനാഷണൽ കമ്യൂണിറ്റിയും പല മെഡിക്കൽ കോളേജുകളും അനവധി ഡോക്ടർമാരും കണക്കില്ലാത്തത്ര സാധാരണ മനുഷ്യരും അന്നും ഇന്നും എൻറെ സുഹൃത്തായ ജയ്ഗോപാലും രാപ്പകലില്ലാതെ അദ്ധ്വാനിച്ചാണ് ലത്തൂരിനെ മെല്ലെ പിച്ച നടത്തിയത്.

ചമോളിയിൽ അനുഭവപ്പെട്ട ഭൂമികുലുക്കം തൊണ്ണൂറു വർഷ ത്തിനിടയിൽ, ആ മേഖലയിൽ സംഭവിച്ച ഏറ്റവും ശക്തമായ ഒന്നായിരുന്നു. 1999 മാർച്ച് 29 നു രാത്രി പന്ത്രണ്ടരക്കായിരുന്നു അത്. ആളപായം കുറവായിരുന്നു. എങ്കിലും അമ്പതിനായിരത്തോളം കെട്ടിടങ്ങൾ നശിച്ചു. രണ്ടായിരം ഗ്രാമങ്ങൾ പൊട്ടിപ്പൊളിഞ്ഞു. ഭീകരമായ ഉരുൾപൊട്ടലുകൾ കൊണ്ട് രക്ഷാപ്രവർത്തനം ഒട്ടും തന്നെ എളുപ്പമായിരുന്നില്ല.

ഉത്തരേന്ത്യ മുഴുവനും വിറച്ചു... ഈ കുലുക്കത്തിൽ.. ദില്ലിയിൽ ശാസ്ത്രിഭവനത്തിൽ വിള്ളലുകൾ ഉണ്ടായി. യാതൊരു തത്വദീക്ഷയുമില്ലാതെ നിർമിക്കപ്പെട്ടിട്ടുള്ള ദില്ലിയിലെ കെട്ടിടങ്ങൾ ഒന്നു പോയിട്ട് കാൽ ഭൂമിക്കുലുക്കത്തിനില്ലെന്നുള്ള ആലോചനകൾ അപ്പോൾ ഉഷാറായി ആരംഭിച്ചു.

ചമോളിയിലെ മഴയും പരിസരങ്ങളിലെ ഉഗ്രമായ ഉരുൾപ്പൊട്ടലുകളും എല്ലാം നഷ്ടപ്പെട്ട ജനങ്ങളും സൈനിക ർക്കു പോലും ബുദ്ധിമുട്ടായിത്തീർന്ന രക്ഷാപ്രവർത്തനങ്ങളും ചെളിയിലും ചേറിലും കുഴഞ്ഞു പോയ എൻറെ കൂട്ടുകാരനേയും ഒന്നും മറക്കാൻ പറ്റില്ല.

ലാറിബേക്കർ ചമോളി ഭൂമികുലുക്കത്തിൻറെ പശ്ചാത്തലത്തിൽ എഴുതിയതാണ് എർത്ത്ക്വേക്ക് ,
ചമോളി എ ഹാൻഡ് ബുക്ക് ഓൺ എർത്ത് ക്വേക്ക് എന്നീ രണ്ടു പുസ്തകങ്ങൾ...

എനിക്ക് എൻറെ പരിമിതമായ അറിവും ദുരന്തങ്ങളിലുള്ള ഇടപെടലും വെച്ച് നമുക്കു ശരിയായ കാഴ്ചപ്പാടുകളുള്ള ഭരണാധികാരികളുടെ കുറവുണ്ടെന്ന് വല്ലാതെ തോന്നിയിട്ടുണ്ട്. അഞ്ചു വർഷത്തെ ദീർഘ വീക്ഷണം ഉള്ളവർ. ...എല്ലാത്തരം വിഭാഗീയതയേയും പ്രോൽസാഹിപ്പിക്കുന്ന മീഡിയോക്രിറ്റിയുടെ ഉസ്താദുമാർ... അധികാരപ്രദർശനമാണെല്ലാറ്റിലും വലുതെന്ന് കരുതുന്നവർ...

വലിയ അധികാരങ്ങളുടെ പിൻതുണയില്ലാതെ നമ്മൾ ഇത്തരം ജോലികളിലേർപ്പെടുമ്പോഴാണ് ദുരന്തവും ദുരന്തബാധിതരും നമ്മേ സ്വപ്‌നങ്ങളിൽപ്പോലും അവരുടെ അസ്ഥികൾകൊണ്ട് മുറുകെപ്പുണരുക. നമ്മുടെ കണ്ണുകളേയും ബോധത്തേയും പോലും തീവെച്ചു നശിപ്പിക്കുക..

ഭൂമിക്കുലുക്കങ്ങൾ പൊട്ടിക്കരയിച്ച ഓർമ്മകളിൽ നിന്നും....

സുനാമിത്തിരകളിൽ നിന്നും

ഇനിയും എഴുതാം...

1 comment:

Cv Thankappan said...

ദുരന്തങ്ങൾ ഒഴിയാബാധയായി തുടരുന്നു.നമ്മുടെ ദുര്യോഗം.
ആശംസകൾ