Sunday, September 8, 2019

അമ്മച്ചിന്തുകൾ 44

                                                      
അച്ഛന് ഹൈക്കോടതി വിധി നടത്തിക്കണമെന്ന് ഒട്ടും ആശയില്ലായിരുന്നു. അമ്മീമ്മക്ക് സ്വന്തമായി ഒരു വീടുണ്ടായത് തന്നെ വലിയ തെറ്റായിപ്പോയി എന്ന വീക്ഷണത്തിലേക്ക് അക്കാലമായപ്പോഴേക്കും അച്ഛൻ നടന്നെ ത്തിക്കഴിഞ്ഞിരുന്നുവല്ലോ.

അമ്മയും അമ്മീമ്മയും ഇരിങ്ങാലക്കുടയിലെ അഡ്വ. പനമ്പിള്ളി രാഘവമേനോനെ കേസിനായി ഏർപ്പെടുത്തി. ജായ്ക്കാൾ അവർക്കൊപ്പം തന്നെ നിന്നു. മീനാൾ ഡോ പല്പുവിൻറെ മരുമകനായ അഡ്വ. പുരുഷോത്തമനെയാണ് വക്കാലത്ത് ഏല്പിച്ചത്. അതിനു കാരണം പുരുഷോത്തമൻ വക്കീലിൻറെ മകൾ മീനാളുടെ മകൾക്കൊപ്പമാണ് ദില്ലിയിലെ ലേഡി ഹാർഡിഞ്ജ് മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിച്ചത് എന്നതായിരുന്നു.

അങ്ങനെ കേസിന് നടപ്പ് വീണ്ടും ആരംഭിച്ചു. ഇത്തവണ ഞങ്ങൾ കുട്ടികൾ അമ്മക്കും അമ്മീമ്മക്കും വേണ്ടി വക്കീലുമാരെ കാണുക, ഫീസ് ഒടുക്കുക, എഴുത്തുകുത്തുകൾ നടത്തുക അതെല്ലാം ചെയ്തിരുന്നു.

അച്ഛൻ ഓഫീസേഴ്സ് ക്ളബ്ബ്, സ്വന്തം കാർ, ആശുപത്രി, നഴ്സ് മാലാഖ, അമ്മയുടെയും മക്കളുടേയും സ്നേഹരാഹിത്യം, അച്ഛൻറെ കുടുംബം തകർത്ത അമ്മീമ്മ എന്ന ഭയങ്കരി എന്നീ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ചു. മറ്റൊന്നും തന്നെ അച്ഛനെ അലട്ടിയില്ല.

വില്ലൻ ചുമ മാറി ഒരു മാസം മാത്രമേ ഞാൻ കോളേജിൽ പോയുള്ളൂ. എനിക്ക് കടുത്ത പനി പിടിപെട്ടു. ഭൂമി കാല്ക്കീഴിൽ നിന്നകന്ന് മാറുക എന്ന തലചുറ്റൽ ഞാൻ ആദ്യമായി അനുഭവിച്ചത് അന്നാണ്. അതൊരു ശനിയാഴ്ച ഉച്ചയായിരുന്നു. അമ്മ ഓഫീസിൽ നിന്ന് വന്നപ്പോൾ ഞാൻ ഒരു വെളിവുമില്ലാതെ ഇരിക്കുകയാണ്. ഉച്ചക്ക് ഊണു കഴിക്കാൻ വന്ന അച്ഛനു എന്നെ കണ്ട് ഭയങ്കര കോപമാണുണ്ടായത്. എന്നെ ട്യൂഷന് പറഞ്ഞയക്കാനും വീട്ടിൽ ഏകാന്തത ഉണ്ടാക്കാനും അച്ഛൻ ആവുന്നത് പയറ്റി. അമ്മ സംശയം സ്ഫുരിക്കുന്ന ശബ്ദത്തിൽ 'നിങ്ങൾക്ക് എന്തെങ്കിലും പരിപാടിയുണ്ടോ കുട്ടി പോയിട്ട് അത്യാവശ്യമായി ചെയ്തു തീർക്കാൻ ? ' എന്ന് ചോദിക്കും വരെ അച്ഛൻ എൻറെ പനി അഭിനയമാണെന്ന് ആരോപിച്ചുകൊണ്ടിരുന്നു.

ഞാൻ പിന്നീട് ഒന്നും കേട്ടില്ല. സ്വീകരണമുറിയിലെ സോഫയിൽ കിടക്കുകയായിരുന്നു ഞാൻ. ഞാനുറങ്ങിയിരിക്കണം. ഭാഗ്യ അന്ന് തൃക്കൂരിലേക്ക് പോയിരുന്നു. റാണിക്കൊപ്പം കണക്ക് പഠിക്കാനായി... ഞായറാഴ്ച വൈകീട്ട് അവൾ മടങ്ങി വരുമെന്നും പറഞ്ഞിരുന്നു.

കുറേ സമയം കഴിഞ്ഞു ഞാൻ കണ്ണു തുറന്നത് വേറെ ഏതോ ഒരു ലോകത്തിലേക്കായിരുന്നു. എൻറെ ശരീരം ജെല്ലി പോലെ ആണെന്ന് എനിക്ക് തോന്നി. ഞാൻ ഒരു മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. അവിടെ ഒഴുകുന്ന മുഖമുള്ള ഉരുകിപ്പോയ ദേഹമുള്ള രണ്ട് വേതാളങ്ങളുണ്ടായിരുന്നു. വേതാളങ്ങൾക്ക് അച്ഛൻറെയും നഴ്സ് മാലാഖയുടേയും ച്ഛായ തോന്നി...

പിന്നെ എനിക്കൊന്നും ഓർമ്മയില്ല...

നൂറ്റിനാലു ഡിഗ്രി പനിയുണ്ടായിരുന്നുവത്രേ അമ്മ വരുമ്പോൾ എനിക്ക്.. അച്ഛൻ എന്നെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോയിരുന്നു. രാവിലെയും വൈകിട്ടും ആശുപത്രിയിൽ പോകാത്ത ഒരു ദിവസം പോലും അച്ഛൻറെ ജീവിതത്തിൽ ഉണ്ടായിരുന്നില്ലല്ലോ.

മരുന്നൊന്നും വേണ്ട, കാണിക്കി പനിയാണെന്നൊക്കെ പറയുകയും അടിച്ചു ഈ കള്ളപ്പനി മാറ്റും എന്നൊക്കെ എന്നോട് ഒത്തിരി ക്ഷോഭിക്കുകയും ചെയ്തുവെങ്കിലും അച്ഛൻ ഒടുവിൽ എന്നെ കുത്തിവെച്ചു. ....

അമീബിയാസിസ് ആയിരുന്നു എനിക്ക്. ഒരു മാസമെടുത്തു അസുഖം മാറാൻ... അന്നൊക്കെ പോലീസ് പിടിക്കില്ല എന്ന ഉറപ്പു കിട്ടിയിരുന്നുവെങ്കിൽ അച്ഛൻ വല്ലതും കുത്തിവെച്ച് എന്നെ വധിക്കുമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത്ര വിരോധം എന്നോടദ്ദേഹം കാണിച്ചിരുന്നു.

ഭാഗ്യയും അമ്മയും ആ വിരോധം കുറച്ചൊക്കെ അക്കാലത്ത് മനസ്സിലാക്കുകയും ചെയ്തു. പക്ഷേ, കാരണമായി എനിക്കു പോലും ഒന്നും വ്യക്തമായില്ല...

ഞാൻ വീണ്ടും കോളേജിൽ പോയിത്തുടങ്ങി. ഡോക്ടർ ആവുന്നത് പോയിട്ട് പ്രീഡിഗ്രി പരീക്ഷ ജയിക്കുമോ എന്ന് കൂടി എനിക്ക് സംശയമായിക്കഴിഞ്ഞിരുന്നു. മിസ്സായ ക്ളാസ്സുകൾ എന്നെ സദാ ഭീതിപ്പെടുത്തി. എന്നെ നിർബന്ധിച്ച് സെക്കൻഡ് ഗ്രൂപ്പെടുപ്പിച്ചതിന് ഞാൻ അമ്മയോട് ബഹളം കൂട്ടി. വെറുതേ കരഞ്ഞു പിഴിഞ്ഞു പ്രശ്നമുണ്ടാക്കി. അത്താഴം വിളമ്പിത്തരുമ്പോൾ കഴിക്കാതിരുന്ന് അമ്മയേ നോവിച്ചു.

റാണിയും അമ്മീമ്മയും അരികത്തില്ലാത്തത് എത്ര യായാലും എനിക്ക് പ്രയാസമായിരുന്നു. എൻറെ ആത്മവിശ്വാസം അവരെ ആശ്രയിച്ചായിരുന്നുവല്ലോ വളരെക്കാലമായി നിലകൊണ്ടിരുന്നത്. അതേസമയം അമ്മയും ഭാഗ്യയും എനിക്ക് വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു.

ഞാൻ അക്കാലത്ത് ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. അച്ഛൻ ആ കുറിപ്പുകൾ പരതിപ്പിടിച്ച് വായിക്കുകയും അതിലെ ഉള്ളടക്കത്തെച്ചൊല്ലി നിത്യവും കലഹിക്കുകയും ചെയ്തു. എന്നെ ചവിട്ടാൻ വന്നിട്ടുണ്ട് ചില ദിവസങ്ങളിൽ... പകയുടേയും പ്രതികാരത്തിന്റെയും ആൾരൂപമായി ജ്വലിക്കുകയായിരുന്നു അന്ന് അച്ഛൻ. എൻറെ എന്ത് എഴുത്താണ് അദ്ദേഹത്തിന്റെ സമനില തെറ്റിച്ചതെന്ന് മനസ്സിലായില്ല. ബഹുമാനം പോരാ എഴുത്തിലെന്നതായിരുന്നു വലിയ തെറ്റ്.

ഞാൻ എപ്പോഴും ആ കണ്ണുകളുടെ നിരീക്ഷണത്തിലായി. നഴ്സ് മാലാഖയും അച്ഛനും തമ്മിലുള്ള ബന്ധം എല്ലാ അതിരുകളേയും ഭേദിച്ചുവെന്നത് അദ്ദേഹത്തിന് എന്നോടുള്ള വൈരാഗ്യമാണ് എന്നെ ബോധ്യമാക്കിത്തന്നത്. ആഴമേറിയ മരണച്ചുഴി പോലെ നഴ്സ് മാലാഖയും അച്ഛനും എൻറെ മനസ്സിൽ സദാ കറങ്ങിക്കൊണ്ടിരുന്നു. അവരെ ഒരുമിച്ചു കണ്ട ഓരോ നിമിഷവും ഞാൻ പിന്നേയും പിന്നേയും ഓർമ്മിച്ചു.

ഒടുവിൽ എനിക്കത് ബോധ്യമായി. അച്ഛൻ കാണിക്കുന്നതിനെല്ലാം കാരണമെന്തെന്നും അങ്ങനെ ഞാനറിഞ്ഞു.




No comments: