Saturday, September 7, 2019

അമ്മച്ചിന്തുകൾ.43

                                 
അച്ഛന് രുഗ്മിണി അമ്മാളോട് കടുത്ത വിരോധമായിരുന്നു. ആ മൊട്ടച്ചിത്തള്ള അനുഭവിച്ച് മരിച്ചു എന്നാണ് ഡയറിയിലെ കുറിപ്പ്. അമ്മയുടെ അച്ഛൻ ബോധമറ്റു കിടന്നപ്പോൾ ഞങ്ങൾ കാണാൻ ചെന്നിരുന്നല്ലോ. അന്ന് രുഗ്മിണി അമ്മാൾ അച്ഛനോട് ദേഷ്യത്തോടെ സംസാരിച്ചു.. അതിൻറെ പക അച്ഛനിൽ ഒരിക്കലും കെട്ടടങ്ങിയില്ല.

അച്ഛൻ അങ്ങനെ ആയിരുന്നു. എതിർത്താൽ, ചോദ്യം ചെയ്താൽ, അച്ഛൻറെ സൂത്രങ്ങൾ കണ്ടു പിടിച്ചാൽ, എന്തിന് ദേഷ്യപ്പെട്ടാൽ പോലും അദ്ദേഹം മറക്കുകയില്ല. സൗകര്യം കിട്ടുമ്പോഴെല്ലാം കുത്തി നോവിക്കും. അതും പറഞ്ഞ് വഴക്കുണ്ടാക്കും. വർത്തമാനകാലത്തിൽ വഴക്കിന് വഴിയില്ലെങ്കിൽ... പ്രത്യേകിച്ച് വീട്ടിലെല്ലാവരും ചിരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അച്ഛൻ ഭൂതകാലത്തിൽ ഞങ്ങൾക്ക് സംഭവിച്ചു പോയ തെറ്റുകളേയും ഭാവി കാലത്തിൽ തന്മൂലം ഞങ്ങൾ അനുഭവിക്കേണ്ട ദുരിതങ്ങളേയും പറ്റി സംസാരിച്ചു ദിവസം തുലച്ചു കളയും. ഒത്തിരി സൂക്ഷിച്ചില്ലെങ്കിൽ അമ്മക്ക് അടിയും കിട്ടും.

എന്തിനാണ് ജനിച്ചതെന്ന് സങ്കടപ്പെടാത്ത ഒരു ദിവസം പോലും ഓർമ്മയിലില്ല. ഓടിവരുന്ന ലോറികളുടേയോ ബസ്സുകളുടേയോ മുന്നിൽ ഞങ്ങൾ മൂന്നുപേരും കൂടി കൈകോർത്ത് പിടിച്ച് റോഡ് ക്രോസ് ചെയ്യാൻ അര സെക്കൻഡ് വൈകിച്ചാലോ എന്നാലോചിച്ചിട്ടുണ്ട്. അംഗഭംഗപ്പെട്ട് കിടക്കേണ്ടി വന്നാലോ എന്ന ഭയവും അമ്മക്കും അമ്മീമ്മക്കും പിന്നെ ആരുണ്ടാവും എന്ന ചിന്തയുമാണ് ഞങ്ങളെ അതിൽ നിന്നും എപ്പോഴും പിൻതിരിപ്പിച്ചിട്ടുള്ളത്.

പത്താം ക്ളാസ് കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ പരിഹസിച്ചു. 'നീ എത്ര സുഖത്തിലാണ് ജീവിച്ചത്. കോൺവെൻറിൽ പഠിച്ചു. ഫാനും ഇലക്ട്രിക് ലൈറ്റുമുള്ള നല്ല വീട്ടിൽ താമസിച്ചു. എൻറെ കാറിൽ സ്ക്കൂളിൽ പോയി. വീട്ടുപണി എടുത്തില്ല. കൂലിപ്പണി ചെയ്തില്ല. എന്നിട്ട് മാർക്ക് കിട്ടിയാൽ എന്ത് കാര്യം? റാങ്ക് കിട്ടിയാൽ പോലും കാര്യമില്ല..അപ്പുറത്തെ വീട്ടിലെ കഷ്ടപ്പെട്ടു കഴിയുന്ന ശോഭനക്കുട്ടിക്ക് കിട്ടിയ ഇരുനൂറ്റി നാല്പത് മാർക്കിൻറെ വാലിൽ കെട്ടി അടിക്കാൻ യോഗ്യതയില്ല നിൻറെ മാർക്കിന്...

ഞാൻ മൗനമായിരുന്നു..ശോഭന അമ്മയുടെയും ഞങ്ങളുടെയും അടുത്ത കൂട്ടുകാരിയായിരുന്നു. ടി ബി വന്ന ശേഷം കൈയിനു സംഭവിച്ച ചില്ലറ സ്വാധീനക്കുറവുകളുടെ പരിഹാരത്തിന് അവൾ എന്നും അമ്മയെ സഹായിച്ചു. ഇന്നവൾ ഒരു ഗവൺമെന്റ് സ്കൂളിൽ ഹിന്ദി ടീച്ചറാണ്.

കേരളവർമ്മ കോളേജിൽ നാലുഗ്രൂപ്പിനും ആദ്യലിസ്റ്റിൽ തന്നെ പ്രവേശനം കിട്ടീ. സെൻറ് മേരീസിൽ തേർഡ് ഗ്രൂപ്പിനും ഫോർത്ത് ഗ്രൂപ്പിനും ആയിരുന്നു ആദ്യ ലിസ്റ്റിൽ പ്രവേശനം കിട്ടിയത്. എനിക്ക് തേർഡ് ഗ്രൂപ്പെടുത്ത് പഠിച്ച് അഞ്ചു വർഷത്തെ നിയമപഠനം ചെയ്യാനായിരുന്നു മോഹം..കൂട്ടത്തിൽ ഒരു
എഴുത്തുകാരിയാവാനും ഞാൻ ആഗ്രഹിച്ചു.

അമ്മ സെൻറ് മേരീസിലെ സെക്കൻഡ് ലിസ്റ്റിന് കാത്തില്ല. കുടുംബ സുഹൃത്തായ ഡോ.രാഹുലൻറേ സഹായം തേടി. അങ്ങനെ എനിക്ക് സെക്കൻഡ്ഗ്രൂപ്പ് സെൻറ് മേരീസിൽ തന്നെ കൈവന്നു..

എനിക്ക് നല്ല ലജ്ജയുണ്ടായിരുന്നു. സെൻറ് മേരീസീലെ കുട്ടികൾ നല്ല സ്ററയിലും സ്ററാററസും ഉള്ള വരാരുന്നു..നാടൻ പെൺകുട്ടി കൾ കുറവ്.. പലരും ഇംഗ്ലീഷ് മീഡീയത്തിൽ പഠിച്ചവർ. നല്ലോണം അദ്ധ്വാനിച്ചു പഠിച്ചാലേ എന്തെങ്കിലും കിട്ടൂ എന്നെനിക്കറിയാമായിരുന്നു. എൻറെ പോലത്തെ ഒരു വീടും അതു നിറച്ചും ഇതുമാതിരി പ്രശ്നങ്ങളും ആയിട്ട് എത്രപേർ എൻറൊപ്പം പഠിച്ചിരുന്നു എന്നെനിക്കറിയില്ല. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അല്പമെങ്കിലും ചില കാര്യങ്ങൾ കരച്ചിൽ ഒതുക്കാനാവാതെ ലതാമേനോൻ എന്ന കൂട്ടുകാരിയോട് പങ്കു വെച്ചിട്ടുണ്ടെന്നേയുള്ളൂ.

ഞാൻ തേക്കിൻ കാട് മൈതാനത്തിലൂടെ നടന്ന് നടുവിലാൽ കടന്ന് പടിഞ്ഞാറെച്ചിറയുടെ അരികിലെ എം. കെ. മേനോൻ മാഷിന്റെ ട്യൂഷൻക്ളാസിൽ പഠിക്കാൻ പോയിരുന്നു. എങ്ങനെയെങ്കിലും ഡോക്ടർ ആയി അമ്മയെ സന്തോഷിപ്പിക്കണമെന്ന് ഞാൻ ആശിച്ചിരുന്നു. എന്നാൽ അത് ഒട്ടും എളുപ്പമായിരുന്നില്ല എനിക്ക്.

ഓഫീസേഴ്സ് ക്ളബ്ബിലെ വാർഷികത്തിന് അനവധിക്കാലം ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ച ഭാഗ്യ എന്നൊരു മോളുണ്ടെന്ന് പറയാൻ അച്ഛനു ചമ്മലായിരുന്നു. അതിലും അപ്പുറമായിരുന്നു അഞ്ചു കൊല്ലം ശാസ്ത്രീയസംഗീതം പഠിച്ച് നൂറു കീർത്തനം പാടാൻ കഴിയുമായിരുന്ന എന്നേയും റാണിയേയും കുറിച്ച് പരാമർശിക്കാനുള്ള മടി. എന്നാലും ഞങ്ങൾ ഒരിക്കൽ നൃത്തവും പാട്ടും അവതരിപ്പിച്ചു. അച്ഛൻ ലജ്ജകൊണ്ട് അന്ന് തകർന്നുപോയി. കലാവാസന തൊട്ടുതെറിക്കാത്ത ഞങ്ങളെ പെറ്റ കുറ്റത്തിന് അമ്മ അന്ന് ഒരുപാട് ചീത്ത കേട്ടു. ഒരു ശ്രുതിപ്പെട്ടി ഒടുങ്ങിയമർന്നു.

അതോടെ കലയെ പൂട്ടി താക്കോൽ ഞങ്ങൾ കടലിലെറിഞ്ഞു. ഓരോന്നായി വേണ്ട വേണ്ട എന്ന് വെക്കാൻ എത്ര എളുപ്പമാണെന്ന് ജീവിതം ഓരോ പടവിലും ഞങ്ങളോട് അതീവ നിശിതമായി വിശദീകരിച്ചിട്ടുണ്ട്.

അച്ഛനും നഴ്സ് മാലാഖയും തമ്മിലുള്ള സ്നേഹം പലരും അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ അമ്മയെ അതറിയിക്കുന്നത് ഞാനാണെന്ന് തന്നെ അച്ഛൻ എന്നും കരുതിയിരുന്നു.

ആ സമയത്താണ് എനിക്ക് വില്ലൻചുമ വന്നത്. അത് വൂപ്പിംഗ് കോഫ് അല്ല, ബാർക്കിംഗ് കോഫ് ആണെന്നും അമ്മീമ്മയുടെ വീട്ടിൽ പോയി നിന്നാൽ മാറുമെന്നുമുള്ള പതിവ് തീയറി ആവിഷ്ക്കരിക്കപ്പെട്ടു. ഞാൻ അസുഖം പിടിച്ചു വീട്ടിൽ പകൽസമയം ഉണ്ടാവരുതെന്നതാണ് അച്ഛൻ റെ ആവശ്യം. 'അവളെ അമ്മേടെ ചേട്ടത്തിയാ വളർത്തിയത്. എന്നാ പ്രശ്നമായാലും അവരുടെ അടുത്ത് പോയി താമസിച്ചാൽ അവൾക്ക് എല്ലാം മാറും. മരുന്നു പോലും വേണ്ട. മനസ്സിൻറെ അടുപ്പത്തിന് അത്ര ബലമാ. രാജത്തിന് അങ്ങനൊരു ബന്ധം ഉണ്ടാക്കാനുള്ള കഴിവില്ല.' എന്നച്ഛൻ പറയുമ്പോൾ പമ്പരവിഡ്ഡികളെപ്പോലെ കേട്ടിരുന്ന് തലയാട്ടുന്ന അച്ഛൻ റെ സുഹൃത്തുക്കളോടെല്ലാം എനിക്ക് പുച്ഛം തോന്നീട്ടുണ്ട്. ഇന്നും തോന്നുന്നുണ്ട്.

രോഗബാധിതയായും അവധിക്കാലത്തും ഒക്കെ ഞാൻ തൃക്കൂർ വീട്ടിൽ ചെല്ലുമ്പോൾ അമ്മീമ്മ കാര്യമായി പരിചരിക്കുമെങ്കിലും ആ മനസ്സിൽ എന്നോട് ഒരു പിണക്കമുണ്ടായിരുന്നു. റാണി അമ്മീമ്മയുടെ മുല കുടിച്ചുറങ്ങുന്ന കുഞ്ഞായിരുന്നു എന്നും അമ്മീമ്മയുടെ ഉള്ളിൽ... അവൾ എന്നെപ്പോലേ അമ്മീമ്മയെ വിട്ടേച്ചു പോവില്ല ഒരിക്കലും എന്നവർ ധരിച്ചിരുന്നു.

റാണി അവളെ ക്കൊണ്ട് കഴിയുന്നത്രകാലം അത് പാലിക്കുകയും ചെയ്തു.

ആദ്യവർഷ പ്രീഡിഗ്രി ക്ളാസ്സ് വില്ലൻ ചുമ കാരണം ഏകദേശം മൂന്നുമാസത്തോളം എനിക്ക് നഷ്ടപ്പെട്ടു. കണ്ണിലെ രക്തക്കുഴലുകൾ ചുമയുടെ ശക്തി കൊണ്ട് പൊട്ടി രക്തം വരുമായിരുന്നു. എന്നാലും അത് വില്ലൻ ചുമയാണെന്ന് അച്ഛൻ സമ്മതിച്ചില്ല. അത് കാണിക്കിചുമയായിരുന്നു.

ഞാൻ ചുമയുമായി കഷ്ടപ്പെടുമ്പോൾ ജീവിതം വല്ലാത്ത ഹെയർപിൻ വളവുകളിലൂടെ ഞങ്ങളെ ഓടിക്കാനാരംഭിച്ചു.

അതിൻറെ ആദ്യപടിയായി തൃശൂർ കോടതിയിൽ അമ്മയുടെ സഹോദരന്മാർ നല്കിയ കേസ് തള്ളിപ്പോയി. ഹൈക്കോടതി വിധി ഉടനടി നടപ്പിലാക്കാൻ തൃശൂർ ജില്ലാ കോടതി ഇരിങ്ങാലക്കുട സബ്കോടതിയോട് നിർദ്ദേശിച്ചു.

ആ നിർദ്ദേശം അനുസരിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളാതിരിക്കാൻ അമ്മക്കും അമ്മീമ്മക്കും കഴിയുമായിരുന്നില്ല.

No comments: