Sunday, September 8, 2019

അമ്മച്ചിന്തുകൾ 45

                                     
അമ്മ ഒരുപാട് കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. പുരുഷൻ അങ്ങനെയുമാണ്, കുടുംബം തകരരുത് എന്ന വിചാരത്തിൽ മൗനം പാലിച്ചിരുന്നതാണ് അമ്മ. അവർ എത്ര പാവമായിരുന്നുവെന്ന് പിന്നീടുള്ള കാലമത്രയും ഞങ്ങൾ പരിതപിച്ചിട്ടുണ്ട്. വീടിൻറെ ദൈനംദിന നടത്തിപ്പിനെ തകർത്തു കളയാത്തിടത്തോളം കാലം അച്ഛൻറേ എല്ലാ പെരുമാറ്റങ്ങളും അമ്മ പൊറുത്തു. ഞങ്ങളേയും അച്ഛനല്ലേ നിങ്ങളുടെ അച്ഛനല്ലേ എന്നു ചോദിച്ചു സമാധാനിപ്പിച്ചു നിറുത്തി. എല്ലാം ശരിയാവുന്ന നന്നാവുന്ന ഒരു കാലം വരുമെന്ന് ആശിപ്പിച്ചു. അമ്മീമ്മയും അതു തന്നെയാണ് പറഞ്ഞിരുന്നത്. അവരിരുവരും അത്ര ബുദ്ധി യില്ലാത്തവരൊന്നുമായിരുന്നില്ല. എങ്കിലും ഞങ്ങൾ അഞ്ചു പെണ്ണുങ്ങളുടെ ജീവിതത്തിൽ നല്ലതു വരാനായി പറ്റാവുന്ന കച്ചിത്തുരുമ്പുകളിലെല്ലാം അവർ മുറുക്കിപ്പിടിച്ചു. ഈ വിശ്വാസവും അങ്ങനെയായിരുന്നു.

പക്ഷേ, എല്ലാറ്റിനും ഒരു പരിധി ഉണ്ടാവുമല്ലോ എന്നും. എല്ലാ സഹനത്തിനും അവസാനം ഉണ്ടായേ പറ്റൂ. കാരണം സഹനം എന്നും ഏകപക്ഷീയമത്രേ!

ഓഫീസേഴ്സ് ക്ളബ്ബിൻറെ ആഭിമുഖ്യത്തിൽ നാടകങ്ങളുണ്ടാകും. കളക്ടർ, ജഡ്ജി, പോലീസ് സൂപ്രണ്ട് അങ്ങനൊക്കെയുള്ള വലിയ സ്ഥാനികളായ അധികാരികളാണ് പ്രധാന വേഷത്തിൽ വരിക. അച്ഛൻ എല്ലാ നാടകത്തിലും ഉണ്ടാവും. കെ പി ഏ സി സുലോചനയെ കല്യാണം കഴിക്കാനാവാത്ത സങ്കടം ചിലപ്പോൾ ഈ നാടകനടനത്തിലൂടെ മറികടക്കാൻ അദ്ദേഹത്തിനായിരിക്കാം. എന്തായാലും നാടകനടിമാരുമായി കാറിൽ ചുറ്റി സഞ്ചരിക്കാൻ അച്ഛനിഷ്ടമായിരുന്നു.

അങ്ങനെ ഒരു പാതിരാത്രിയിൽ അച്ഛൻ വലിയൊരു കാറപകടത്തിൽ ചെന്ന് വീണു. കഴുത്തിലെ എല്ലിനാണ് തകരാറ് പിണഞ്ഞത്. മരണം തൊട്ടു വിളിച്ച ഒരപകടമായിരുന്നു. പുറമേക്ക് മുറിവുകൾ ഒന്നും കാണപ്പെട്ടിരുന്നില്ല. ഒരു ഓർത്തോപെഡിക് സർജനു മാത്രം മനസ്സിലാവുന്ന ഗൗരവമായിരുന്നു പരിക്ക്. അച്ഛനെ ഡോ. കെ. എസ്. പിള്ളയാണ് ചികിത്സിച്ചത്.

അപകടം നടന്നത് നാടകനടിമാർക്കൊപ്പം യാത്ര ചെയ്യുമ്പോഴായതുകൊണ്ട് അമ്മയെ ആരും വിവരമറിയിച്ചിരുന്നില്ല. രാവിലെ പത്ത് മണിക്ക് ഡോ. രാഹുലനാണ് പോസ്റ്റ് ഓഫീസിൽ വന്ന് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയത്.

അച്ഛൻ റൂമിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അമ്മ എത്തുമ്പോൾ നഴ്സ് മാലാഖ അവിടെയുണ്ട്.

സാധാരണ ഏതു സ്ത്രീയും ഇങ്ങനെ ഒരവസ്ഥയിൽ ആ സ്ത്രീ എങ്ങനെ ആദ്യം എത്തിയെന്ന് അരിശപ്പെടും. പക്ഷേ, അമ്മ അങ്ങനെ ബഹളമുണ്ടാക്കിയില്ല. അച്ഛൻ റെ കട്ടിലിൽ അവരാണ് ഇരുന്നിരുന്നത്.

എന്നാലും അമ്മയെ കണ്ടപ്പോൾ ആ മാലാഖക്കും അച്ഛനും കോപം വന്നു. അവർ എണീററിട്ട് അച്ഛനെ ശ്രദ്ധിക്കാത്ത കുററത്തിന് അമ്മയെ വിചാരണ ചെയ്യാൻ തുടങ്ങി. ഈ അനുഭവം പിന്നീട് ഞങ്ങൾക്കായി സംവരണം ചെയ്തു കിട്ടുകയായിരുന്നു. മാലാഖ റോഡിൽ വെച്ച് ചീത്ത വിളിക്കുക, അവരുടെ ഭർത്താവ് റെയിൽവേ സ്റ്റേഷനിലും ഞങ്ങളുടെ വീട്ടിലും കയറി വന്ന് ഞങ്ങൾ മക്കളേയും അമ്മയേയും തെറി പറയുക..., തീരെ അപരിചിതരായ പുരുഷന്മാർ വീട്ടിൽ വന്ന് ബഹളം കൂട്ടുക ഇതൊക്കെ പതിവാകുന്നതിൻറെ തുടക്കം ആ ദിവസത്തിലായിരുന്നു.

അപ്പോൾ അമ്മ ആദ്യമായി മാലാഖയോട്
കയർത്ത് സംസാരിച്ചു. അച്ഛൻറെ മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.... അതിൻറെ ശിക്ഷ എത്രകാലം അനുഭവിപ്പിച്ചിട്ടും അച്ഛനു മതിവന്നില്ല.

ആ സമയത്ത് റാണിയും ഭാഗ്യയുമായിരുന്നു അയ്യന്തോളിലെ വീട്ടിൽ അമ്മയച്ഛന്മാർക്കൊപ്പം ഉണ്ടായിരുന്നത്. റാണി സെന്റ് മേരീസ് കോളേജിൽ ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രിക്ക് പഠിച്ചു തുടങ്ങിയിരുന്നു. തൃക്കൂർ സർവോദയ സ്കൂളിൽ നിന്നും ടോപ്പർ ആയാണ് അവൾ പത്താം ക്ളാസ്സ് പാസ്സായത്. അതൊന്നും അഭിനന്ദിക്കപ്പെട്ടില്ലെന്നത് നിസ്സാരമാണ്... ആരും അതറിയുക പോലും ചെയ്തില്ലെന്ന നിലയിൽ നോക്കുമ്പോൾ....

അമ്മീമ്മ തനിച്ചാവാതെ ശ്രദ്ധിക്കുക എന്ന തീരുമാനത്തിൽ റാണി മാറി നില്ക്കുന്ന ദിവസങ്ങളിൽ ഞാനോ ഭാഗ്യയോ തൃക്കൂരിൽ നില്ക്കുമായിരുന്നു.

അത്തരം ഒരു ദിവസമാണ് അച്ഛന് ഈ അപകടം പറ്റിയത്. അച്ഛനു വേണ്ട മരുന്നുകളും ട്രാക്ഷൻ ഇടാനാവശ്യമായ സാമഗ്രികളും എല്ലാം റാണിയാണ് സംഘടിപ്പിച്ചത്. അച്ഛനു വേദന കുറയണമെന്ന് തന്നെയായിരുന്നു റാണിയുടേയും ഭാഗ്യയുടേയും ആഗ്രഹം...

എത്രയായാലും എന്തായാലും അച്ഛൻ സ്വന്തം എന്ന വികാരം ഞങ്ങളിൽ നിന്ന് മുഴുവനായും മാഞ്ഞുപോയിരുന്നില്ല.

ആ ആശുപത്രി ദിനങ്ങൾ ഇന്നും മറക്കാൻ പറ്റാത്തത് അതുകൊണ്ടു കൂടിയാണ്. അച്ഛനൊപ്പം അധികം സമയം ചെലവാക്കിയപ്പോൾ നഴ്സ് മാലാഖക്ക് അച്ഛനിലുള്ള സ്വാധീനം റാണി മനസ്സിലാക്കാൻ തുടങ്ങി.

അമ്മയേം റാണിയേം വീട്ടിലാക്കി ഡ്രൈവർ മടങ്ങി യപ്പോൾ റാണി ഒരു ഡിറ്റക്ടീവിനെപ്പോലെ ഭാഗ്യയോട് പറഞ്ഞു. 'കാർ പോകുന്നത് മാലാഖയെ ആശുപത്രിയി മുറിയിലേക്ക് കൊണ്ടു വരാനാണ്.'

ഭാഗ്യ വിശ്വാസത്തിലെടുത്തില്ല. അവൾ തർക്കിച്ചു. 'അച്ഛൻ സ്വന്തം പേരു ചീത്തയാക്കില്ല... അങ്ങനെ അടുപ്പമൊന്നും കാണില്ല. നീ വെറുതെ ഓരോന്ന് വിചാരിച്ച് വിഷമിക്കുകയാണ് '

എന്തായാലും ഇരുവരും ഉടനെ തന്നെ ഒരു ഓട്ടോയിൽ കയറി ആശുപത്രിയിൽ എത്തി.

ഡ്രൈവർ ആവുന്നത് ശ്രമിച്ചു... അവരെ മുറിയിൽ കയറ്റാതെ നോക്കാൻ...

'ഞങ്ങളുടെ അച്ഛനാ ..മുറീല്. ഞങ്ങളെ ആരാ എന്തിനാ തടയണത്?'

ഡ്രൈവർ പിന്നെ ശബ്ദിച്ചില്ല.

നഴ്സ് മാലാഖയെ കണ്ട് ഭാഗ്യ തകർന്നു തരിപ്പണമായി... റാണിയും പൊട്ടിത്തകർന്നു. അവൾ അങ്ങനെ പറഞ്ഞുവെങ്കിലും അത് സംഭവിക്കില്ല എന്ന് തന്നെയാണ് കരുതിയിരുന്നത്.

എൻറെ അറിവ് ശരിയാണെങ്കിൽ ഭാഗ്യയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ വിശ്വാസത്തകർച്ചയായിരുന്നു അത്. അവൾ അതിനു ശേഷം വേറൊരു പെൺകുട്ടിയായിത്തീർന്നു. പഴയ ഭാഗ്യ പിന്നെ മുഴുവനായി ഒരിക്കലും തിരിച്ചു വന്നില്ല.

ഞാൻ കോളേജിലായിരുന്നു ഇതൊക്കെ നടക്കുമ്പോൾ... റാണിയും ഭാഗ്യയും ഉച്ചയൂണിൻറെ സമയത്ത് കോളേജിൽ വന്ന് എന്നെ കണ്ടു. അവർ കരയുകയായിരുന്നു. ഞാനും അന്ന് ഒത്തിരി കരഞ്ഞു. ...

ഞങ്ങളുടെ ജീവിതം നടുക്കടലിലേക്ക് നീങ്ങുകയായിരുന്നുവല്ലോ.

No comments: