Saturday, September 7, 2019

അമ്മച്ചിന്തുകൾ 42

                                            
തൃശൂർ ജില്ലാ കോടതിയിൽ അമ്മീമ്മയുടെ സഹോദരന്മാർ കൊടുത്തിരുന്ന മൂന്നാമത്തെ കേസ് ഉഷാറായി നടന്നിരുന്നു. എന്ന് വെച്ചാൽ ഡേറ്റ് നീട്ടുക എന്ന പ്രക്രിയ അനുസ്യൂതം നടന്നുപോന്നുവെന്നർഥം. സഹോദരന്മാരുടെ വക്കീലിന് കേസ് കോടതിയിൽ വിചാരണ ക്ക് വരാതെ നോക്കലായിരുന്നു പ്രധാനജോലി. വിചാരണക്ക് വന്നാൽ കേസ് തള്ളിപ്പോകുമെന്ന് അവർക്ക് അറിയുമായിരുന്നു.

അമ്മയുടെയും അമ്മീമ്മയുടേയും വക്കീലായിരുന്ന സുബ്രഹ്മണ്യയ്യർ കിറുകൃത്യമായി കേസ് പഠിച്ചിരുന്നു. എല്ലാ കേസ് ദിവസവും അദ്ദേഹം കോടതി യിൽ ഹാജരായി. എന്നിട്ട് അന്നത്തെ ഫീസ് വാങ്ങാൻ അയ്യന്തോൾ പോസ്റ്റ് ഓഫീസിൽ പോയി അമ്മയെ കണ്ടു.

ഇതിനൊപ്പം ജാതകക്കേസ്, സസ്‌പെൻഷൻ കേസ് ഒക്കെ അമ്മീമ്മ പൊരുതുന്നുണ്ടായിരുന്നു.

ദില്ലിയിൽ ജീവിച്ചിരുന്ന അമ്മയുട ചേച്ചി മീനാൾ ആ സമയത്ത് തൃക്കൂരിൽ വന്നിരുന്നു. നാഗമ്മാമി എന്ന ചെറിയ ശ്വശ്രുവിൻറെ വീട്ടിലാണ് അവർ പാർത്തത്. അത് അമ്മീമ്മയുടെ വീടിൻറെ നേരേ മുന്നിലായിരുന്നു. അത്തവണ വന്നപ്പോൾ അവർ അമ്മീമ്മയോടും അമ്മയോടും സംസാരിക്കാൻ തയാറായി. അമ്മീമ്മയെ വല്ലാതെ സങ്കടപ്പെടുത്തുകയും ഒപ്പം അതിശയിപ്പിക്കുകയും ചെയ്ത ഒരു കാര്യമായിരുന്നു അത്.

അതിനു മുൻപും ഒന്നു രണ്ടു തവണ അവർ ആ വീട്ടിൽ വന്നു താമസിച്ചിരുന്നു. അവരുടെ മക്കളെ ചെറുപ്പകാലത്ത് അമ്മീമ്മയും എൻറെ അമ്മയും ഒത്തിരി ഓമനിച്ച് വളർത്തിയതുമായിരുന്നു. എന്നാൽ ആ രണ്ടു തവണയും അമ്മീമ്മയെ അവരാരും തന്നെ കണ്ട ഭാവം പോലും കാണിച്ചില്ല. അന്നത്തെ അമ്മീമ്മയുടെ സങ്കടം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. അവരുടെ ശ്രദ്ധ കിട്ടാനായി അമ്മീമ്മ വീട്ടു പറമ്പിലും കുണ്ടനിടവഴിയിലും ഒക്കെ ചെന്നു നിന്നു. കുട്ടികൾ പോലും അവരെ പരിഗണിച്ചില്ല...

അന്ന് അമ്മീമ്മ വീട്ടുകാരുമായുള്ള കേസ് പൊരുതുന്ന കാലമായിരുന്നു.

ഹൈക്കോടതി വിധി വന്ന ശേഷം സ്വാഭാവികമായി അമ്മീമ്മയുടേയും അമ്മയുടേയും സ്ററാറ്റസ് ഉയർന്നിരുന്നുവല്ലോ.

മീനാൾ എന്ന ആ സഹോദരി നെഞ്ച് തകരുന്ന ഒരു ഫോട്ടോ കൈവശം കൊണ്ടു വന്നിരുന്നു. അത് അവർ മൂന്നു പേരുടേയും അമ്മയായ രുഗ്മിണി അമ്മാളുടെ ഫോട്ടോ ആയിരുന്നു. അവർ തൻറെ ഒരു സഹോദരൻറെ വീട്ടിൽ അമ്മയെ ചെന്നു കണ്ടപ്പോൾ എടുത്ത ഫോട്ടോ. അമ്മീമ്മ ആ അമ്മയെ തൃക്കൂർ തറവാട്ടു മഠത്തിൽ ചെന്നു കണ്ടപ്പോൾ ഉണ്ടായിരുന്ന രൂപമേ ആയിരുന്നില്ല അത്. ആ ഫോട്ടോ കണ്ടു എല്ലാവരുടെയും നെഞ്ച് തകർന്നു പോയി.

പരിപൂർണ്ണ അന്ധയായിരുന്നു ആ അമ്മ. പത്തുമക്കൾ സമൃദ്ധമായി പാലു കുടിച്ച ആ മുലകൾ ഉണങ്ങിച്ചുരുണ്ട് നഗ്നമായ നെഞ്ചിൽ രണ്ടു കുരുക്കളായി കാണപ്പെട്ടു. ഒരു കീറിയ തുണി തുടയിടുക്കിലുണ്ടായിരുന്നു. വീതി കുറഞ്ഞ ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു വാരിയെല്ലുകൾ എണ്ണാവുന്ന ആ മനുഷ്യ രൂപം. മുമ്പിൽ ഒരു കിണ്ണത്തിൽ ഇത്തിരി ഭക്ഷണമുണ്ടായിരുന്നു. അവരുടെ കാല് ബെഞ്ചിനോട് ചേർത്ത് കെട്ടിയിരുന്നു.

ആ മൂന്നു സഹോദരിമാരും വിമ്മിവിമ്മിക്കരഞ്ഞു. അമ്മയെ പരിപാലിക്കാനാവാത്ത മഹാപാപികളെന്ന് സ്വയം നിന്ദിച്ചു.

മക്കൾ അമ്മയെ ദൂരെ കൊണ്ട് കളയുന്നത്, തൊഴുത്തിലിടുന്നത്, പട്ടിക്കൂട്ടിലിടുന്നത്, ഭക്ഷണം കൊടുക്കാതെ കൊല്ലുന്നത്, വീട്ടിൽ നിന്നും അടിച്ചു പുറത്താക്കുന്നത് , പെൺമക്കളെ കാണാൻ അമ്മയെ അനുവദിക്കാതിരിക്കുന്നത് ഇതൊക്കെ ഇപ്പോൾ തുടങ്ങിയതാണെന്ന മട്ടിൽ പലരും ചിത്രീകരിക്കാറുണ്ട്. എന്നും എല്ലാകാലത്തും ഇമ്മാതിരി ആളുകളും ഇത്തരം പ്രവൃത്തികളും ഉണ്ടായിരുന്നു. അതിലൊന്നും യാതൊരു സാമാന്യവൽക്കരണവുമില്ല.

എന്തായാലും അങ്ങനെ നരകിച്ച് നരകിച്ച് കിടന്ന് ഒരു രാത്രി ആരുമറിയാതെ രുഗ്മിണി അമ്മാൾ മരിച്ചു പോയി. പിറ്റേന്ന് ഉച്ചക്ക് അവരെ ശുശ്രൂഷിക്കുന്ന ജോലിക്കാരി വന്നിട്ടേ എല്ലാവരും അതറിഞ്ഞുള്ളൂ.

ഒത്തിരി ധനസമ്പത്തും പുത്രപൗത്രദൗഹിത്രസ്സമ്പത്തും ഉണ്ടായിരുന്ന, പ്രതാപിയായ സുബ്ബരാമയ്യരുടെ ഭാര്യ, ഗുരുവായൂരിലെ കുന്നപ്പിള്ളി മഠം വാണ സ്വാതന്ത്ര്യ സമരസേനാനിയും ക്രിമിനൽ വക്കീലുമായിരുന്ന ധനികൻറെ മൂത്തമകൾ... അവർ അങ്ങനെയാണ് ഈ ഭൂമിയിൽ നിന്നും യാത്രയായത്.

എൻറെ അമ്മയുടെ കണ്ണുകൾ ഇടക്ക് നനയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നേരമെല്ലാം അമ്മ സ്വന്തം അമ്മയെ ഓർക്കുകയായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്.

1 comment:

Cv Thankappan said...

ഓരോരോ സങ്കടങ്ങൾ