Saturday, September 7, 2019

അമ്മച്ചിന്തുകൾ 39.

                                                                 
അമ്മയെ ശിക്ഷിക്കാൻ അച്ഛൻ പുതിയ ഒരു മാർഗമായിരുന്നു കണ്ടുപിടിച്ചിരുന്നത്. അതു രാവിലെയേ മനസ്സിലായുള്ളൂ.

വെളുപ്പും പച്ചയും നിറങ്ങളിൽ ഒരു ജലധാരയായി നീണ്ടു ചുരുണ്ട് താഴേക്ക് ഒഴുകി വീഴുന്ന ക്രോട്ടൺസ് ചെടിയുണ്ടായിരുന്നു. അതുപോലെ ഒരു പൂച്ചെണ്ടായി അടിമുടി പൂത്തു നിന്ന ചെറ്റിയും. അനേക വർഷത്തെ അമ്മയുടെ അദ്ധ്വാനം. അതു രണ്ടും തികഞ്ഞ വാശിയോടെ അച്ഛൻ വെട്ടിക്കളഞ്ഞു. രാവിലെ ആ കാഴ്ച അമ്മയിലേല്പിച്ച ഞെട്ടൽ എന്നേം ഭാഗ്യയേയും ശരിക്കും പേടിപ്പിച്ചു. അമ്മ ഒന്നും പറഞ്ഞില്ല. ആ മൗനം വല്ലാതെ ഭയാനകമായിത്തോന്നി ഞങ്ങൾ ക്ക്.

ജഡ്ജിയും വക്കീലുമായുള്ള സൗഹൃദമൊന്നും അച്ഛൻ ഉപേക്ഷിച്ചില്ല. ഒന്നു രണ്ടു തവണ ജഡ്ജിയുടെ ഭാര്യ ഒത്തിരി ഐസ് ക്രീം ഉണ്ടാക്കി ഞങ്ങൾ കുട്ടികൾക്കായി തന്നുവിടുകയും ചെയ്തു.

കണ്ണുണ്ടാകുന്നത് പാപമായിത്തീരുന്ന സാഹചര്യങ്ങൾ പലപ്പോഴും നിർഭാഗ്യക്കാരായ മനുഷ്യരുടെ ജീവിതങ്ങളിലുണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ അകപ്പെടുന്ന മനുഷ്യർക്ക് മിക്കവാറും മരണമാണ് ശിക്ഷയായി വരിക. 'നീ കണ്ടോ? എന്തിനു കണ്ടു? ആ നേരത്ത് അവിടെ എന്തിന് വന്നു? ആരു പറഞ്ഞു നോക്കാൻ? എന്താ അന്ന് പറയാഞ്ഞത്? ഇന്ന് പറേന്നതെന്തിനാ? മിണ്ടാതിരിക്കാൻ വയ്യേ?'എന്നൊക്കെയുള്ള ചോദ്യങ്ങൾ അത്തരം മനുഷ്യർ എന്നും നേരിടേണ്ടി വരും. ഒന്നുകിൽ അവരെ വധിച്ചു കളയുക അല്ലെങ്കിൽ അവർ പറയുന്നതെല്ലാം കള്ളമാണെന്ന് വരുത്തിത്തീർക്കുക, അതുമല്ലെങ്കിൽ അവർക്ക് ഭ്രാന്താണെന്ന് പറയുക ഇതെല്ലാം ലോകത്തിൽ മനുഷ്യർ സാധാരണയായി പയറ്റുന്ന തന്ത്രങ്ങളാണ്. വധശിക്ഷ ലഭിച്ചാൽ അതോടെ അത്തരം മനുഷ്യരുടെ ജീവിതം തീർന്നു പോകുന്നു. അവർ കണ്ട സത്യം സത്യത്തിന്റെ സ്വാഭാവികമായ തിളക്കത്തിൽ പുനർജ്ജനിക്കാം...ജനിക്കാതെയുമിരിക്കാം. എന്നാൽ സ്വഭാവ ഹത്യയും ഭ്രാന്തും ആരോപിക്കപ്പെടുന്ന, കാണാൻ പാടില്ലാത്ത സത്യം കണ്ട മനുഷ്യരുടെ ജീവിതം പരമദയനീയമാണ്. അവർ ഓരോരോ നിമിഷവും മരിച്ചു ജീവിക്കുന്നവരാണ്. ഓരോരോ വാക്കിനും ചലനത്തിനും ലോകത്തിനു മുന്നിൽ തെളിവുകൾ ഹാജരാക്കേണ്ടവരാണ്. എല്ലാവരും അവരെപ്പറ്റി ആധികാരികതയോടെ നുണകൾ പ്രചരിപ്പിക്കുമ്പോൾ അവർ സ്വന്തം ജീവിതത്തിന്റെ തെളിവുകൾ ഉറക്കത്തിൽ പോലും നിരത്തേണ്ടതുണ്ട്.

ഞാൻ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന മനുഷ്യ ജീവിയാണ്. അതുകൊണ്ട് ഉപാധികളില്ലാതെ, പക്ഷേകളില്ലാതെ വിശ്വസിക്കുന്നവരെ കാണുമ്പോൾ എൻറെ ഹൃദയം ഞാനറിയാതെ തുളുമ്പിപ്പോകും.

നഴ്സ് മാലാഖ വീട്ടിൽ വന്ന് അച്ഛനുമായി കൺസൾട്ടേഷൻ റൂമിലിരുന്നു സംസാരിക്കുന്നുണ്ടാവും. അപ്പോൾ അവർ സാരി പുതച്ചിരിക്കും. ആദ്യമൊക്കെ അവർ ഒരു പേഷ്യൻറാണെന്ന് മാത്രമേ ഞങ്ങൾ കരുതീരുന്നുള്ളൂ. ഞാൻ പലവട്ടം അവരെ ഒന്നിച്ചു കണ്ടു...

'എന്താണവർക്ക് അസുഖം' എന്ന് ഞാൻ ചോദിച്ചത് തികച്ചും സാധാരണമായാണ്. പക്ഷേ, അച്ഛൻ കോപിഷ്ഠനായി.

'ആവശ്യമില്ലാത്ത കാര്യങ്ങൾ അറിയേണ്ട... പഠിക്കാനൊന്നുമില്ലേ' എന്നദ്ദേഹം ഒരു ഈച്ചയെയെന്ന പോലേ എന്നെ ആട്ടിയകറ്റി.

എനിക്ക് കാരണം മനസ്സിലായില്ല. എന്തോ സീരിയസ്സായ രോഗമാണവരുടേതന്നാണ് ഞാൻ ധരിച്ചത്. അച്ഛൻറെ ഈ പെരുമാറ്റം എന്നെ ചിന്താക്കുഴപ്പത്തിലാക്കി.

അച്ഛന് പുതിയ ഒരു സുഹൃത്ത് വന്നു. അയാൾ നാട്ടിലറിയപ്പെട്ടിരുന്നത് കോഴി എന്ന പേരിലാണ്. എങ്കിലും 'അയാൾ ഞാൻ നിങ്ങളുടെ അച്ഛൻറെ മൂത്ത മകനാണെ'ന്ന് എന്നോട് ഉദ്ദണ്ഡനാവാൻ മാത്രം സ്ഥാനം അയാൾക്ക് അച്ഛൻ നല്കി. അച്ഛൻറെ കാറ് അയാളുടെ പക്കലായി അധികസമയവും. ഞങ്ങൾക്ക് കാറിൽ പോകണമെങ്കിൽ അയാളുടെ സൗകര്യം നോക്കണം. അയാൾ ഡ്രൈവർ ആയി ഒപ്പം വരും.

കോഴിയുടെ കൂടെയാണ് ഞങ്ങൾ കാറിൽ പോകുന്നതെന്ന് വരുത്തുകയായിരുന്നു അച്ഛൻറെ ലക്ഷ്യം. ഞങ്ങൾ അച്ഛൻറെ കാറിനെ കണ്ടില്ലെന്ന് വെക്കാൻ ശീലിച്ചു. ബസ്സു മതി ഞങ്ങൾക്കെന്ന് തീരുമാനിച്ചു. ഞായറാഴ്ച ദിവസം മുഴുവൻ അച്ഛൻ അയാൾക്കൊപ്പം മാത്രമേ സാധാരണയായി ചെലവാക്കിയിരുന്നുള്ളൂ.

ഒരു സിനിമ എൻറെ ജീവിതത്തിലെ വലിയൊരു സംഭവമായി മാറി. അതിനു ശേഷം അച്ഛൻ എന്നെ ഒരിക്കലും സിനിമക്ക് കൊണ്ടു പോയിട്ടില്ല. ഭാഗ്യയെ കൊണ്ടുപോകുമ്പോഴും എന്നെ ഒഴിവാക്കും. എനിക്ക് പഠിക്കാനുള്ള പുസ്തകം വാങ്ങിത്തരാൻ പോലും അതിനു ശേഷം അച്ഛൻ തയാറായിരുന്നില്ല.

അച്ഛൻ ഞങ്ങളറിയാതെ നഴ്സ് മാലാഖയ്ക്കും അവരുടെ മകനും ആ സിനിമക്ക് ടിക്കറ്റ് എടുത്തിരുന്നു. ടീ ഷർട്ടും ഇട്ട് പൗഡറും പൂശി നരച്ചു തുടങ്ങിയ മീശയും മുടിയും കറുപ്പിച്ച് നന്നായി ഷേവ് ചെയ്തു അച്ഛൻ സുന്ദരനായി. അമ്മ ഒരിക്കലും മുടി ഡൈ ചെയ്തില്ല. അങ്ങനെ അച്ഛൻ എന്നും ചെറുപ്പക്കാരനും അമ്മ എന്നും വൃദ്ധയുമായി. അന്നും അങ്ങനാരുന്നു.

അവരും മകനും ഇരിക്കുന്ന നിരയിൽ തന്നെ, അവരുടെ തൊട്ടടുത്ത് തന്നെ ഇരിക്കാമെന്ന് അച്ഛൻ നിഷ്ക്കർഷിച്ചു. തിയേറ്ററിലെ അരണ്ട വെളിച്ചത്തിൽ എങ്ങും നോക്കാതെ ഞങ്ങൾ ഇരിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്കത് മനസ്സിലായി. അവർ മകനെ അറ്റത്തിരുത്തി അച്ഛനൊപ്പം ഇരിക്കുന്നു. വലത് വശത്ത് അവരും ഇടത് വശത്ത് അമ്മയും...

അന്ന് അച്ഛൻ ചെയ്ത ഫോൺകോളുകൾ ഓർമ്മയിൽ നിരന്നപ്പോൾ എൻറെ തലച്ചോറിൽ എന്തോ ദംശിച്ചു.

അച്ഛൻ ഫോൺ വിളിക്കുന്നു. ചിരിച്ചു മയങ്ങി നാശമാവുന്നു.പിന്നെ ഫോൺ വെക്കുന്നു.
അപ്പോൾ വീണ്ടും ഫോൺ വരുന്നു. വീണ്ടും ചിരിച്ചു മയങ്ങി നാശമാവുന്നു. ഫോൺ വെക്കുന്നു.
പിന്നെ അച്ഛൻ വിളിക്കുന്നു...വെക്കുന്നു. ഫോൺ വരുന്നു.... വെക്കുന്നു..
അപ്പോൾ സിനിമാക്കാര്യം വരുന്നു. ബജി ഇഷ്ടമെങ്കിൽ കടയിലെ ബജി മുഴുവൻ മേടിക്കാമെന്ന വാഗ്ദാനം അച്ഛൻ നല്കുന്നു..

ഞാൻ സിനിമയിലേക്ക് എന്നെ ചേർത്ത് വെച്ചു. പക്ഷേ, ഞാൻ ഒന്നും കണ്ടില്ല. ആ സിനിമ ഏതായിരുന്നുവെന്ന് എനിക്കോർക്കാനേ പറ്റുന്നില്ല.

ഇൻറർവെൽ നേരത്ത് അച്ഛൻ ഒരു ഇരുപത്തഞ്ചുകാരനെപ്പോലെ ചടുപിടെ ഇറങ്ങി, ഒത്തിരി ബജിയും അമ്മക്ക് കോഫിയും കൊണ്ടു വന്നു. വീണ്ടും പോയി ഭാഗ്യക്കും അവരുടെ മകനും ഐസ്ക്രീം കൊണ്ടു വന്നു.

ഹോസ്പിറ്റലിൽ ഒന്നിച്ചു ജോലി ചെയ്യുന്നുവെന്ന് അവരെ അമ്മക്ക് അച്ഛൻ പരിചയപ്പെടുത്തുക കൂടി ചെയ്തപ്പോൾ എനിക്ക് വല്ലാതെ കരച്ചിൽ വന്നു.

ജീവിതം ഞങ്ങളെ ചതിക്കുകയായിരുന്നു. ഒറ്റപ്പെടുത്തുകയായിരുന്നു.

No comments: