Saturday, September 28, 2019

അമ്മച്ചിന്തുകൾ 50

                                                   
അച്ഛൻ പാലക്കാട്ട് നിന്നും വീട്ടിലേക്ക് വന്നിരുന്നുവെങ്കിലും എപ്പോഴും സമയം ചെലവാക്കീരുന്നത് കോഴി എന്ന വിളിപ്പേരുള്ള സുഹൃത്തിനൊപ്പമാരുന്നു. ഞങ്ങളും അമ്മയും ഉള്ള വീട് അച്ഛനെ വല്ലാതെ ശല്യപ്പെടുത്തി. അവിടെ അച്ഛൻ ആശിച്ചതൊന്നും കിട്ടിയില്ല. ഞങ്ങളേയും ആ വീടിനേയും കാണുമ്പോൾ അദ്ദേഹത്തിന് കലഹിക്കാനാണ് എപ്പോഴും തോന്നുക.

അമ്മീമ്മ ജോലിയിൽ നിന്ന് പിരിയാറായപ്പോഴാണ് വിചിത്രമായ ജാതകക്കേസ്സും സസ്‌പെൻഷൻ കേസ്സും തീർന്നത്. എന്നാൽ ഹൈക്കോടതിവിധി നടത്തിക്കിട്ടാനായി നല്കിയ കേസ് അങ്ങനെ തന്നെ നില്ക്കുകയായിരുന്നു.

അമ്മയുടെ സഹോദരന്മാർ കോടതി വെച്ച കമ്മീഷനെ വീട്ടിലോ പുരയിടങ്ങളിലോ കയറാൻ പോലും അനുവദിച്ചില്ല. കമ്മീഷനും തീരെ താല്പര്യമുണ്ടായിരുന്നില്ല എന്തെങ്കിലും ചെയ്യാൻ... എന്നാലും ഇടയ്ക്കിടെ കമ്മീഷൻ വിസിറ്റിന് വരും. ആ വിസിറ്റ് നല്ല ചെലവുള്ള ഏർപ്പാടാണ്. കമ്മീഷൻ വക്കീൽ, അദ്ദേഹത്തിന്റെ സഹായി വക്കീൽ, ഒരു ക്ളർക്ക് ഇവരെ കാറും കൊണ്ട് ചെന്ന് വിളിക്കണം. പിന്നെ വിസിറ്റ് ഫീസ് കൊടുക്കണം. ഊണും കാപ്പി പലഹാരവും വേണം. കാറിൽ തിരികെ അയക്കണം. എന്നിട്ട് യാതൊന്നും നടക്കില്ല. കമ്മീഷൻ വരുന്ന വിവരമറിഞ്ഞാൽ അമ്മയുടെ സഹോദരൻ തറവാട്ടു മഠം പൂട്ടിയിട്ട് പോകും. വരുന്ന വിവരം കമ്മീഷൻ ആദ്യം സഹോദരനെയാണ് അറിയിക്കുക. അതൊരു അവസാനമില്ലാത്ത ഒത്തു കളിയായിരുന്നു. അമ്മയേയും അമ്മീമ്മയേയും കമ്മീഷനും അവരുടെ സഹോദരന്മാരുടെ പണവും ഒന്നു ചേർന്ന് ചതിക്കുകയായിരുന്നു.

അമ്മീമ്മക്ക് പെൻഷൻ പറ്റുന്നത് സംബന്ധിച്ച് രണ്ടു മൂന്നു യാത്ര യയപ്പുകൾ ഉണ്ടായിരുന്നു. എല്ലായിടത്തും അമ്മീമ്മക്ക് കൂട്ടു പോയി ഞാൻ പലഹാരവും കഴിച്ച് കാപ്പിയും കുടിച്ച് പോരും. ഫോട്ടോകളിൽ നില്ക്കാറില്ല. ഒരു യാത്രയയപ്പിന് അച്ഛനൊഴികേ ഞങ്ങൾ എല്ലാവരും പങ്കെടുത്തു. അത് അമ്മീമ്മയെ ഒത്തിരി സന്തോഷവതിയാക്കി. എൻറെ അനിയത്തി, എൻറെ മക്കൾ എന്ന് അമ്മീമ്മ ഞങ്ങളെ ചേർത്തു പിടിച്ചു.

പെൻഷൻ മുന്നൂറ്റമ്പതു രൂപയോ മറ്റോ ആയിരുന്നു. എന്നാലും ജോലി പൂർത്തീകരിക്കാനും പെൻഷൻ പറ്റാനും സാധിച്ചല്ലോ എന്ന് അമ്മീമ്മ ആഹ്ളാദിച്ചു. ആ മനോഭാവം ഞങ്ങൾ കണ്ടു മനസ്സിലാക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അതിനെക്കുറിച്ച് തൻറെ അവസാന കാലത്തു പോലും അമ്മ സംസാരിച്ചിരുന്നു.

അച്ഛൻ പെട്ടെന്ന് ഒരു ദിവസം രാവിലെ യാതൊരു കാര്യവുമില്ലാതെ ദുബായിലേക്ക് പോവാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ അമ്പരന്നു പോയി. അതിൻറെ കാരണം എത്ര ആലോചിച്ചിട്ടും ഞങ്ങൾക്കാർക്കും മനസ്സിലായില്ല. സാമ്പത്തിക നില മെച്ചപ്പെടുത്താനാണെന്ന് ഒട്ടും തോന്നിയില്ല. അധികാരവും
ഗമയും സംസ്ഥാന വണ്ടിയും സാരഥിയും നീലത്തുണിയിൽ പൊതിഞ്ഞ് വീട്ടിൽ എത്തുന്ന ഫയലുകളും പരിചയക്കാരും ആശ്രിതരും എല്ലാം അച്ഛന് ഈ കേരളത്തിൽ ലഭ്യമാണ് താനും. പെട്ടെന്ന് ഈ ദുബായ് സ്വപ്നം വളരാൻ കാര്യമെന്തെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.

ഒരിക്കൽ അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് അച്ഛൻ അതിനെപ്പറ്റി മൗനം പാലിച്ചു. ഞങ്ങൾ അക്കാര്യം മറക്കുകയും ചെയ്തു...

എന്നാൽ അത് അങ്ങനെ ഒരു ചെറിയ കാര്യമായിരുന്നില്ല.. അച്ഛൻ ഗൾഫിലേക്ക് ജോലിക്കായി പോവാൻ ശ്രമിക്കയായിരുന്നു. നഴ്സ് മാലാഖയ്ക്കൊപ്പം.

വീട്ടിൽ വഴക്കില്ലാതിരുന്നാൽ മതി, അടിക്കാതിരുന്നാൽ മതി, കുഞ്ഞുങ്ങളെ വേദനിപ്പിക്കാതിരുന്നാൽ മതി... എന്ന അമ്മയുടെ മൂന്നാലു ആവശ്യങ്ങളിൽ അപ്പോൾ മാറ്റം വന്നു. അങ്ങനെ വിഡ്ഡിയാക്കപ്പെടുന്നത് അമ്മയ്ക്ക് സഹിക്കാൻ സാധിച്ചില്ല. അച്ഛൻറെ അനവധി വീഴ്ചകളെ വെറും ചാപല്യമായി കണ്ടിരുന്ന അമ്മയ്ക്ക് ഇത്തരമൊരു ദുബായ് യാത്രയെ ഒരു തരത്തിലും അംഗീകരിക്കാൻ പറ്റിയില്ല.

അമ്മയിൽ നിസ്സഹായമായ, എന്നാൽ ആ സമയം വരെ ഇല്ലാതിരുന്ന ഒരുതരം വാശി വളർന്നുവന്നു.

അതിൻറെ അർത്ഥം എൻറെ ഭർത്താവിനെ ഞാൻ ആർക്കും കൊടുക്കില്ല എന്നായിരുന്നു....