Sunday, September 8, 2019

ഭൂമികുലുക്കങ്ങൾ, സുനാമിത്തിരകൾ....2

                                           

ഭൂമികുലുക്കങ്ങൾ വരുമെന്നും തീപ്പിടുത്തങ്ങൾ ഉണ്ടാവുമെന്നും കാട്ടുതീ പടരുന്നത് കാണേണ്ടി വരുമെന്നും ഇതെല്ലാം അതീവ വേദനാകരമാണെന്നും ഞാൻ പോകെപ്പോകെ മനസ്സിലാക്കി.ഇമ്മാതിരി ദുരന്തങ്ങളിൽ നേരിട്ടിടപെടുമ്പോൾ ഞാൻ എന്ന ഞാനിൻറെ നിസ്സാരതയും എനിക്ക് ബോധ്യമായി. ഭൂമി ഉറച്ചു തുമ്മിയാൽ ഞാൻ... ഞാൻ.... എന്നൊരു കാര്യമേ അവശേഷിക്കില്ല... എന്നിട്ടും ഓരോ ദുരന്തം തീരുമ്പോഴേക്ക് മനുഷ്യർ എല്ലാം മറക്കും. ഒരു നില്ക്കപ്പൊറുതി കിട്ടിയാൽ മനുഷ്യമനസ്സുകളിൽ ദുരന്തമേല്പിച്ച ആഘാതങ്ങൾ ഒടുങ്ങുകയും പകരം തല്ക്കാലത്തേക്ക് നീക്കിവെക്കപ്പെട്ട വിഭാഗീയചിന്തകൾ ഉണർന്നെഴുന്നേല്ക്കുകയും ചെയ്യും. ആദിമകാലത്ത് കൂട്ടങ്ങളെ ഭരിക്കാനുള്ള സൗകര്യത്തിന് വേണ്ടി ആരംഭിച്ച വിഭാഗീയത യുഗങ്ങൾ കൊണ്ട് മനുഷ്യരുടെ
മനസ്സിൽ പിടിച്ചാൽ വട്ടമെത്താത്ത നോക്കിയാൽ അറ്റം കാണാത്ത സെക്കോയ മരങ്ങൾ പോലെ വേരുറച്ചു കഴിഞ്ഞു. ഞാനിൽ നിന്നും ഞാൻ ഉൾപ്പെടുന്ന എല്ലാ മേന്മകളിൽ നിന്നും മനുഷ്യർക്ക് മോചനം നേടാനേ പറ്റുന്നില്ല. അതു പറ്റാത്തതുകൊണ്ട് മനുഷ്യർക്ക് സമത്വമോ അതിലൂന്നിയ സമാധാനമോ പ്രാപ്യവുമല്ല.

ഇത് ശരിക്കുമറിയുന്നവർ ഈ വിഭാഗീയതകളെ വെള്ളവും വളവും ഇട്ട് തഴപ്പിച്ച് വ്യക്തിപരമായ അധികാരം മുതൽ മതപരമായ അധികാരവും രാഷ്ട്രീയാധികാരവും കൈയാളുന്നു.

ദുരന്തഭൂമികകളിൽ അധികാര സമവാക്യങ്ങൾ വലിയ അലോസരങ്ങൾ സൃഷ്ടിക്കാറുണ്ട്.

2001 ലെ ഗുജറാത്ത് ഭൂകമ്പമുണ്ടാവുമ്പോൾ ഹര്യാനയിലാണ് പാർപ്പ്. റിപ്പബ്ളിക് ദിനമാണ്. നല്ല തണുപ്പുള്ള പ്രഭാതം. ....അടുക്കളയിൽ നിന്നും പുറത്തേക്ക് കടന്നപ്പോൾ വാതിൽ ഉയരുന്നു... താഴുന്നു... കലണ്ടർ പെൻഡുലമാകുന്നു. രണ്ടു മിനിറ്റ്‌ എന്നതൊരു വലിയ കാലയളവാണ്. ഭൂമി വഴുതിപ്പോകുന്നു... പിന്നെ ആ ഇരമ്പമുയരുന്നു...

തലകറക്കമല്ല... ഭൂമിയാണ് ആക്രോശിക്കുന്നത് എന്ന് അപ്പോൾ മനസ്സിലായി...

ശരിക്കും ഭയന്നുപോയി.. ആ സെക്ടറിലെ എല്ലാവരും പുറത്ത് മൈതാനത്തിൽ എത്തിക്കഴിഞ്ഞിരുന്നു. തുടർ ചലനങ്ങൾ ഭയന്ന് ആരും വീടുകളിലേക്ക് കയറിയില്ല.

ഗുജറാത്തിലേ നഷ്ടം ഭയാനകമായിരുന്നു. കണ്ണനെന്ന് ഞാൻ വിളിക്കുന്ന എൻറെ കൂട്ടുകാരൻ അവിടെ ചെന്ന ദിവസം രാത്രിയിൽ ഫോൺ ചെയ്തു. ആദ്യത്തെ ഹലോ പറച്ചിലിന് ശേഷം കേട്ടത് നെഞ്ചു പൊട്ടിക്കരയുന്ന ശബ്ദ വും അടക്കാനാവാത്ത തേങ്ങലുമാണ്..

'സഹിക്കാൻ വയ്യ... ഒന്നും താങ്ങാൻ വയ്യ. ഞാൻ എന്ത് ഡിസൈൻ ചെയ്യും എന്ത് വരയ്ക്കും... എനിക്കൊന്നുമറിയില്ല.'

ഒപ്പം പോയവരെല്ലാം തന്നെ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു.

ലോകം മുഴുവനും സഹായിച്ചു. പണം ലോഭമില്ലാതെ ഒഴുകി വന്നു. മനുഷ്യരുടെ അദ്ധ്വാനം എല്ലാ മേഖലയിലും സുലഭമായിരുന്നു.

പലതരം നാടുകളിൽ നിന്നും വന്ന വിചിത്രമായ വേഷങ്ങൾ ധരിച്ച മനുഷ്യർ ടെൻറുകളിൽ താമസിച്ചിരുന്നു. ആ കാലത്താണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിനയിച്ചിരുന്ന ക്യോം കി സാസ് ഭി കഭി ബഹു ഥി എന്ന സീരിയൽ ടി വിയിൽ വന്നിരുന്നത്. ആ ടെൻറുകളിൽ പാർത്തിരുന്ന സർവവും നഷ്ടപ്പെട്ട മനുഷ്യർ ഈ സീരിയലിൽ ആഴ്ന്നു മുങ്ങി അവരവരുടെ വേദന മറക്കാൻ ശ്രമിക്കുന്നത് ശരിക്കും അൽഭുതപ്പെടുത്തീട്ടുണ്ട്. മനുഷ്യരുടെ അതിജീവനത്വര ഏതു കച്ചിത്തുരുമ്പിലും പിടി മുറുക്കും.

ഉപ്പുപാടങ്ങളുടെ നാടായ കച്ച് തകർന്നു തരിപ്പണമായിരുന്നു. ഭുജിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. കച്ചിനേയും ഭുജിനേയും പിച്ചവെപ്പിക്കാൻ കണ്ണൻറെ നേതൃത്വത്തിൽ ആറുമാസം അവിടെ അലഞ്ഞു നടന്ന് ഒത്തിരി പേർ ഒത്തിരി അദ്ധ്വാനിച്ചിട്ടുണ്ട്. വല്ലാത്ത ഒരു കാലമായിരുന്നു അത്. എവിടെ നിന്ന് എന്തിൻറെ ആരുടെ അവശേഷിപ്പുകൾ കിട്ടുമെന്നറിയാത്ത അതിഭീകര ദിനങ്ങൾ... ഒരു പാവക്കുട്ടി, ഒരു ചെപ്പ് കുപ്പിവളകൾ... ചിലപ്പോൾ ഒരു കൈത്തണ്ട..... ഒരു പാദം...

എന്തിനു ജീവിക്കണം.. എന്തിനു ജോലി ചെയ്യണം.... എന്തിനു ഭക്ഷണം കഴിക്കണം എന്നൊക്കെ തോന്നിപ്പോയ ആധിയും ഭീതിയും മാത്രം നിറഞ്ഞ ഒട്ടനവധി ദിവസങ്ങൾ....

2004 ഡിസംബറിലെ സുനാമിയും ഒരിക്കലും മറക്കാൻ സാധിക്കാത്ത വേദനകൾ തന്നെയാണ് നല്കിയത്.

ആൻഡമാൻ നിക്കോബർ ദ്വീപുകളും നാഗപട്ടണവുമായിരുന്നു പ്രവൃത്തിയിടങ്ങൾ. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി അവിടം സന്ദർശിച്ചശേഷം കണ്ണൻറെ കൂടെ ഉണ്ടായിരുന്നവരിൽ മാനസികമായി തകർന്നു പോയവരുണ്ട്. ഡിപ്രഷന് മരുന്നു
കഴിക്കേണ്ടി വന്നവരുണ്ട്. കണ്ണൻ രണ്ടാഴ്ചയോളം ഉറങ്ങിയിരുന്നില്ല. നാഗപട്ടണത്തെ കളക്ടർ ഒരു സർദാർജി ആയിരുന്നു. അദ്ദേഹവുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു അക്കാലങ്ങളിൽ..

നാഗപട്ടണത്തെ ദുരന്തം വിവരണാതീതമായിരുന്നു. സർവതും നഷ്ടപ്പെട്ട മനുഷ്യർ... പരമ ദാരിദ്ര്യം.. ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ വകയായി നല്ല തോതിലുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. എല്ലാ ഇൻറർ നാഷണൽ ഏജൻസികളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ ഹരേ രാമക്കാരെ മറക്കാൻ കഴിയാത്തത് അതുകൊണ്ടൊന്നുമല്ല. വളരെ വിലയേറിയ ഗുണമേന്മയുള്ള സസ്യഭക്ഷണം മാത്രം മല്സ്യത്തൊഴിലാളികൾക്ക് മൂന്നു നേരം വിളമ്പുകയും അന്നേരമെല്ലാം വിഷ്ണുവിൻറെ അവതാരമായ മല്സ്യത്തെ ബന്ധനത്തിലാക്കി വധിച്ച് സ്വന്തം സുഖഭോഗങ്ങൾക്ക് ഉപയോഗിച്ചുവെന്ന് ഭയപ്പെടുത്തുകയും അതുകൊണ്ടാണ് സുനാമി വന്നതെന്ന് ആ മനുഷ്യരെ കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ്.

എന്തിനാണ് ഇങ്ങനെ ദുരന്തനിവാരണത്തിന് നമ്മൾ ശ്രമിക്കുന്നത്?

ആ ഭക്ഷണം കഴിക്കുന്ന മല്സ്യത്തൊഴിലാളി സ്ത്രീകൾ ഭയന്നു വിറച്ചു. അവർ സമസ്തവും നഷ്ടപ്പെട്ടവരാണ്. അവരുടെ ഉപജീവനമാർഗം, അവരുടെ അധ്വാനം എല്ലാം പാപമാണെന്ന് പറയുന്നത് എങ്ങനെ സഹിക്കാൻ കഴിയും? മീൻ കുളമ്പ് ഇല്ലാത്ത ഭക്ഷണം അവർക്ക് പറ്റില്ല. ആ സ്ത്രീകളുടെ തോരാത്ത കണ്ണീരിൽ യുക്തിബോധം കുത്തിവെക്കാൻ എളുപ്പമായിരുന്നില്ല. അമ്മാ എന്നുച്ചരിച്ചാൽ മതി അവർ തകർന്നു പോകുമായിരുന്നു.കളക്ടർ ഹരേരാമക്കാരോട് സേവനം മതിയാക്കാൻ പറഞ്ഞു... ഒടുവിൽ..

കന്യാകുമാരിയിലെ ദുരന്തബാധിത സ്ഥലത്ത് കണ്ണൻറെ ലുക്കിലെ മുസ്‌ലിം ച്ഛായ വലിയ കുഴപ്പമുണ്ടാക്കി. ഹിന്ദുത്വ സംഘടനകൾക്ക് സംശയവും കോപവും ഉണ്ടായി. മലയാളത്തിലെ സിനിമാതാരം ബൈജുവൊക്കെ ആയിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.

ദുരന്തങ്ങളിലും ജാതി മതം തപ്പുന്നത് മനുഷ്യർ ഇന്ന് തുടങ്ങിയതൊന്നുമല്ല. അതൊക്കെ നേരത്തേയും ഉണ്ട്.

ഇന്നലെ എല്ലാം ഉണ്ടായിരുന്നവർ ഇന്ന് ഒന്നുമില്ലാത്തവരായി മാറുന്നത് പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല. രാഷ്ട്രീയ ദുരന്തങ്ങളിലും അതങ്ങനെയാണ്. സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദു രാഷ്ട്രമെന്ന് വാദിച്ചവരെല്ലാം പിന്നീട് നടന്ന വിഭജനത്തിനും ഇന്നും തുടരുന്ന ലഹളകൾക്കും വഴക്കുകൾക്കും കാരണക്കാരാണ്. കാരണം അതത് രാജ്യത്ത് സാമാന്യം ഭേദപ്പെട്ട ജീവിതം നയിച്ചവരായിരുന്നു പലായനം ചെയ്യേണ്ടി വന്ന ജനങ്ങളിലധികം പേരും. എന്നിട്ട് നമ്മൾ നിത്യ വിരോധമല്ലാതെ ഒന്നും നേടിയില്ല.

ഞാൻ, ഞാനിൻറെ, ഞാനുൾപ്പെട്ടതിൻറെ, ഞാൻ വിശ്വസിക്കുന്നതിൻറെ എന്ന പലതരം അഹന്തകൾ അഴിച്ചു കളഞ്ഞ് ഒത്തൊരുമിക്കാതെ നമ്മേ തേടി വരുന്ന ഒരു ദുരന്തത്തേയും നമുക്ക് ഫലപ്രദമായി നേരിടാൻ കഴിയില്ല.

1 comment:

Cv Thankappan said...

ദുരന്തങ്ങളിലും ജാതി മതം തപ്പുന്നത് മനുഷ്യർ ഇന്ന് തുടങ്ങിയതൊന്നുമല്ല. അതൊക്കെ നേരത്തേയും ഉണ്ട്.