Thursday, November 7, 2019

അമ്മച്ചിന്തുകൾ 70



അച്ഛൻ ഒട്ടു നേരം മൗനമായിരുന്നു. എന്നിട്ട് പറഞ്ഞു. 'നിൻറെ പ്രശ്നങ്ങൾ ഒന്നും വേണ്ട നേരത്ത് വേണ്ടതു പോലെ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. '


മാത്രമല്ല, അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ അച്ഛൻ എൻറെ മൂക്കിൻ തുമ്പിൽ മെല്ലെ ഒന്നു സ്പർശിക്കുകയും കൂടി ചെയ്തു.

ഞാൻ ചിരിച്ചുകൊണ്ടു തന്നെയാണ് അച്ഛനോട് സംസാരിച്ചത്.

'മച്ച് വാട്ടർ ഹാസ് ഫ്ളോൺ അണ്ടർ ദി ബ്രിഡ്ജ്... അച്ഛാ.. വൈകിപ്പോയ പല കാര്യങ്ങൾക്കും ജീവിതം സ്വയം പ്രസക്തിയില്ലാതാക്കിക്കളഞ്ഞു.നേരത്തേ മനസ്സിലായിരുന്നുവെങ്കിൽ ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകുമായിരുന്നോ എന്നു ആലോചിക്കാൻ കൂടി കഴിയാത്തവിധം . അത് പോട്ടെ..'

അച്ഛൻ കുറച്ചു നേരം നിർന്നിമേഷനായി നിന്നു.

റാണിയുടെ വീടും സൗകര്യങ്ങളും അച്ഛനു ബോധിച്ചു. മരുമകനോട് ഇംഗ്ലീഷ് പറയണമല്ലോ എന്നു ഖേദിച്ചെങ്കിലും അച്ഛൻ സംസാരിക്കാതെയിരുന്നില്ല.

അച്ഛനെ പരിചയപ്പെടാൻ ഞങ്ങളുടെ കുറേ സുഹൃത്തുക്കൾ വീട്ടിലും വന്നു. ജെ എൻ യൂ യിലെ ചില അധ്യാപകരും ജേണലിസ്റ്റ് ആയ ശ്രീ എം വേണുഗോപാൽ റാവുവും മേജർ ജനറൽ ദഹിയയും കമാൻഡർ കാലിയയും ഒക്കെ അച്ഛനോട് സംസാരിച്ച് രസിച്ചു. ഞങ്ങൾ മൂന്നു മക്കളും അച്ഛന്റെ ഭാഗ്യം തന്നെയാണെന്നും ഞങ്ങളെ ഓർത്ത് അച്ഛൻ ഒട്ടും ഖേദിക്കേണ്ടി വരില്ലെന്നും അവർ പറയാതിരുന്നില്ല. കണ്ണനേയും മറ്റു രണ്ടു മരുമക്കളേയും അവർ പുകഴ്ത്താതിരുന്നില്ല.

അച്ഛൻ എല്ലാം തലയാട്ടി സമ്മതിച്ചു.

പിറ്റേന്ന് അച്ഛൻ ദില്ലി കാണാൻ പോയി. ഭാഗ്യയുടെ കുടുംബമായിരുന്നു ഒപ്പം. രാജ്ഘട്ട് അടച്ചിരുന്നു. പർവേസ് മുഷരഫ് വരുന്ന സമയമായിരുന്നതുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായിരുന്നു.. അടുത്ത തവണ വന്നു കാണാമെന്ന് അച്ഛൻ മടങ്ങി.

അമ്മയുടെ ചേച്ചി മീനാളെ അച്ഛൻ പോയി കണ്ടു. അവർക്ക് അത് വളരെ സന്തോഷമായി. കല്യാണത്തിന് അവർ വന്നിരുന്നു.. നന്ദി പറയാനായി അച്ഛൻ നേരിട്ടു പോയല്ലോ എന്ന് മീനാൾ സന്തോഷിച്ചു.

അന്നു സന്ധ്യക്ക് അച്ഛൻ ഇനീം ദില്ലിയിലേക്ക് വരാമെന്നു പറഞ്ഞു. അച്ഛനു ഒത്തിരി സന്തോഷമായെന്ന് പറഞ്ഞു.

അച്ഛന്റെ സുഹൃത്ത് ഡോ. വിജയരാഘവൻറെ തൃശൂർ നഴ്‌സിംഗ് ഹോമിലാണ് അക്കാലത്ത് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇത് പെട്ടെന്നുള്ള വരവായതുകൊണ്ട് വേണ്ടത്ര തയാറെടുപ്പുകൾ ചെയ്തില്ലെന്ന് അച്ഛൻ ഖേദിച്ചു. അല്ലെങ്കിൽ കൂടുതൽ ദിവസം നില്ക്കുമായിരുന്നു. ഭാഗ്യയുടെ മോൾക്കൊപ്പം കളിച്ചു മതിയായില്ലെന്നും അച്ഛൻ പറയാതിരുന്നില്ല.

അതൊരു നല്ല സന്ധ്യയായിരുന്നു.

ഞങ്ങൾ ഒന്നിച്ചിരുന്ന് കൂൾ ഡ്രിംഗ്സ് കഴിച്ചു. ചെറു പലഹാരങ്ങൾ കൊറിച്ചു. കുറെ ചിരിച്ചു.

എൻറെ മോളുമായി അച്ഛനു നല്ല പരിചയക്കുറവുണ്ടായിരുന്നു. തുറന്നിടപഴകാൻ അച്ഛൻ അല്പം മടിച്ചു. എങ്കിലും അവളുടെ തലമുടിയിൽ ഒന്ന് മെല്ലെ തടവാതിരുന്നില്ല.

പിറ്റേന്ന് പുലർച്ചെയുള്ള വിമാനത്തിനാണ് അച്ഛനു മടങ്ങേണ്ടി യിരുന്നത്.

രാത്രി ഞങ്ങളുടെ ഒരു സുഹൃത്ത് ആയ ട്രാവൽ ഏജൻറ് ഋതു ചതുർവേദി ടിക്കറ്റ് കൊണ്ടു വന്നു കൊടുത്തു. ഋതുവും അച്ഛനോട് കുശലം ചോദിച്ചാണ് പോയത്.

അന്നേരമായിരുന്നു അച്ഛൻ ഇങ്ങനെ പറഞ്ഞത്...

റാണിയോട് ഉടനെ തന്നെ അമ്മീമ്മയെ ചെന്നു കാണാൻ പറയണം. അവരെ ഇരുവരേയും ഒന്നിച്ചു കാണുന്നത് അമ്മീമ്മയ്ക്ക് സന്തോഷമായിരിക്കും. അമ്മീമ്മയുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. അമ്മയുടേയും അതേ.. രണ്ടുപേരും എല്ലാം എന്നെ ഏല്പിച്ച്‌ അങ്ങു പോവുമെന്നാണ് തോന്നുന്നത്. എല്ലാം കാണാൻ ഞാൻ മാത്രം ബാക്കിയാവുമോ എന്തോ...

ഇതുവരെ ഞാൻ അനുഭവിച്ച സമാധാനം.. അച്ഛൻ മാറി എന്ന വിചാരം.. അച്ഛൻ ഞങ്ങളെ അറിഞ്ഞു എന്ന ആശ്വാസം എല്ലാം എല്ലാം വെറുതേയാണെന്ന് എനിക്ക് തോന്നി..

അമ്മീമ്മയും അമ്മയും കടന്നു പോവുന്നതിനെപ്പറ്റി ഓർത്ത് ഞാൻ വേദനിച്ചു പിടഞ്ഞു.

2 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വായന തുടരുന്നു ..

Cv Thankappan said...

ഒരു കൊടുംക്കാറ്റ് കെട്ടടങ്ങിയതുപ്പോലെ..അല്പം സമാധാനം...
ആശംസകൾ