Thursday, November 14, 2019

അമ്മച്ചിന്തുകൾ 75

 
അമ്മീമ്മയുടെ മരണസമയത്ത് ഭാഗ്യ യായിരുന്നു കൂടെ ഉണ്ടായിരുന്നത്. തികഞ്ഞ ഭക്തയും ഉറച്ച ദൈവവിശ്വാസിയുമാണ് അവൾ. നാമം ചൊല്ലിച്ചൊല്ലിയാണ് അവൾ അമ്മീമ്മ യെ യാത്രയാക്കിയത്. രാവു മുഴുവനും നാമം ചൊല്ലിക്കൊണ്ട് ആശുപത്രിമുറിയിൽ മരിക്കാൻ തുടങ്ങുന്ന അമ്മീമ്മയ്ക്കൊപ്പം തനിച്ചിരിക്കുന്നത് എളുപ്പമാണോ?

അവൾ തകർന്നു തരിപ്പണമായി.

അമ്മീമ്മയുടെ മരണത്തിലും ഞങ്ങൾക്ക് ഒത്തിരി പാഠങ്ങൾ പഠിക്കാനുണ്ടായിരുന്നു.

'നിങ്ങൾ തനിച്ചല്ലേ, ആരുമില്ലല്ലോ കൂടേ 'എന്ന ചോദ്യം ഒത്തിരി ബന്ധുക്കൾ ഉള്ള സനാഥർക്ക് ചോദിക്കാം. അങ്ങനെ ഞങ്ങളുടെ അനാഥത്വത്തെ കത്തി കൊണ്ട് കുത്താം. എന്നാൽ അതേ ചോദ്യം ഞങ്ങൾ ചോദിച്ചാൽ സനാഥർ ഉടനെ ഡിഫൻസീവാകും. 'നിങ്ങൾക്ക് ആരുമില്ലെന്ന് പണ്ടേ അറിയത്തില്ലേ? എല്ലാം ഒറ്റയ്ക്ക് വേണമെന്ന് അറിയില്ലേ? ഞങ്ങൾക്കൊക്കെ എന്നും ആർക്കെങ്കിലും ഒപ്പം മാത്രം കാര്യങ്ങൾ ചെയ്തു ശീലിച്ചതുകൊണ്ട് ആരുമില്ലാതായാൽ മരിക്കുന്ന മാതിരിയാകും.'

എത്ര എളുപ്പത്തിൽ കഴിഞ്ഞു..

ചിത കത്തിക്കാനും ഈ പ്രശ്നം വന്നു. ഞങ്ങൾ ആരുപോരുമില്ലാത്തവർക്ക്...

തൃക്കൂരിലെ ബ്രാഹ്മണഗൃഹങ്ങൾ അധികവും അമ്മീമ്മയെ മരണത്തിലും ബഹിഷ്‌കരിച്ചു.

ഞങ്ങൾ ശുദ്ധ ബ്രാഹ്മണരല്ല എന്ന അനാവശ്യ സംഭാഷണമുണ്ടായി. ചർച്ചകളുണ്ടായി. പക്ഷേ, അമ്മീമ്മ ശുദ്ധ ബ്രാഹ്മണ സ്ത്രീ ആണല്ലോ.

അമ്മ തൃശൂരിലെ പൊതുശ്മശാനമായ വടൂക്കരയിൽ മതി ചിത കത്തിക്കുന്നത് എന്ന് തീരുമാനിച്ചിരുന്നു. അമ്മ അത് അങ്ങനെ തന്നെ നടപ്പിലാക്കുകയും ചെയ്തു. അമ്മീമ്മയെപ്പോലെ ഒരു പോരാളി സ്ത്രീയെ ജാതീയമായ കള്ളികളിൽ പെടുത്താൻ അമ്മക്ക് സാധിക്കുമായിരുന്നില്ല. ചിത കത്തിക്കുന്നതിനായി ഭാഗ്യ വീട്ടുകാരൻറേയും ബന്ധുക്കളുടേയും മുന്നിൽ വല്ലാതെ തല കുനിക്കേണ്ടി വന്നു. മുട്ടിലിഴയേണ്ടി വന്നു.

എല്ലാം അങ്ങനെയാണ് ഞങ്ങൾക്ക്.

കാറോടിക്കാൻ അറിയില്ലെങ്കിൽ 'ഞാൻ ആ കാറ് വിരല് കൊണ്ട് തൊടില്ല. നിങ്ങള് അമ്മേം മക്കളും കൂടി ഓടിക്ക്'

സ്വന്തമെന്ന് കരുതുന്ന പുരുഷന്മാർ ഗർജ്ജിക്കും. ആ കാറിൽ കേറ്റുന്നതിന് തന്നെ കണക്ക് പറഞ്ഞിരുന്ന അച്ഛനിൽ നിന്ന് ഈ ഗർജ്ജനങ്ങളുടെ വീഥികളിൽ എത്തുമ്പോൾ ഞങ്ങൾ അറിയും..കാറോടിക്കാൻ പഠിക്കുന്നതാണ് അച്ഛന്റെ ആ പഴയ കാറിനെ രക്ഷിക്കാനുള്ള ഒരേയൊരു ഉപായം.

അങ്ങനെ കാറു ഞങ്ങൾ
ക്ക് മെല്ലെ മെല്ലെ വഴങ്ങിത്തുടങ്ങും..

അപ്പോൾ അടുത്തത് വരികയായി.

'കാറോടിക്കാൻ പഠിക്കാണ്ടെങ്ങനെയാ?എപ്പോഴും വല്ല ഡ്രൈവർക്കും പൈസ കൊടുക്കാൻ ഉണ്ടാവോ കൈയില്? നിങ്ങളെ കാറിലിരുത്തി ഓടിച്ചുകൊണ്ട് പോവാൻ ആരാ ഉള്ളത് ?'

കേട്ടുകേട്ട് ഞങ്ങൾ ഓരോരുത്തരും പറ്റാവുന്ന മേഖലകളിൽ എല്ലാം മിടുക്കരായി മാറി. പറ്റാത്ത മേഖലകളെ ഞങ്ങളങ്ങ് ഉപേക്ഷിച്ചു.. ആ, പോട്ടേ..

അമ്മീമ്മ കടന്നു പോയതോടെ അമ്മ തികച്ചും ഏകാകിനിയായി. അമ്മിണി അമ്മൂമ്മ ഇടയ്ക്കിടെ വരും. വേറൊരു ചേച്ചി അമ്മയ്ക്ക് കൂട്ടായി രാത്രി കിടക്കും.

അമ്മീമ്മയും അമ്മയും വാർദ്ധക്യകാലത്ത് കുഞ്ഞിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്ന് വിളിച്ചു പറഞ്ഞ് രാത്രി ഉറക്കത്തിൽ ഏങ്ങിക്കരഞ്ഞിരുന്നു. ആ ചേച്ചി അമ്മയുടെ ഒപ്പം ഉറങ്ങാൻ തുടങ്ങി യപ്പോഴാണ് ഞങ്ങൾക്ക് അത് മനസ്സിലായത്. റാണിയും ഭാഗ്യയും അക്കാലത്തൊന്നും അമ്മാതിരി ഒരു ഏക്കവും കരച്ചിലും പ്രകടിപ്പിച്ചിരുന്നില്ല. എത്ര വലിയ ദുരന്തമായിരുന്നുവെന്നോ എൻറെ മകളെ എനിക്കു ഒന്നു കാണാൻ പോലും സാധിക്കാതെ പോയ ആ നീണ്ട വർഷങ്ങൾ... അതൊരു ദുരന്തമായിരുന്നെന്ന് ഒരിക്കലും പറയാത്ത ആൾ എൻറെ അച്ഛനായിരുന്നു.

അമ്മ തനിച്ചു താമസിക്കുന്നതിൽ ഭാഗ്യ വളരെ വേദനിച്ചിരുന്നു. ഞങ്ങൾക്കും വിഷമം തന്നെയായിരുന്നു അത്. രാവിലെ ആറര മണിക്ക് ഭാഗ്യ അമ്മയെ വിളിച്ചിരിക്കും... എന്നും. കോഡ്ലസ് ഫോണെടുക്കാതെ അമ്മ കുളിമുറിയിൽ പോവരുതെന്നും പറമ്പിൽ നടക്കരുതെന്നും ആ ചേച്ചിക്കൊപ്പമല്ലാതെ പുറത്തു പോവരുതെന്നും ഞങ്ങൾ ശാഠ്യം പിടിച്ചിരുന്നു.

എച്ച്‌ ആൻഡ് സിയും ശിശോയും പോലെയുള്ള പ്രസാധകർക്കായി ഭാഗ്യ പുസ്തകങ്ങൾ രചിച്ചു.

അങ്ങനെയാണ് അവൾ പേരു കേട്ട പത്രസ്ഥാപനത്തിലെ ജോലിയിലെത്തിച്ചേർന്നത്. അമ്മക്ക് ഒത്തിരി സന്തോഷം നല്കിയ ഒരു കാര്യമായിരുന്നു അത്.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വായിക്കുന്നു ... 

Geetha said...

Vayichu Echumoo... oro samayathum anubhavichupoya manasikavyadhakal varikaliloode ariyan kazhiyunnu.

Cv Thankappan said...

ദുരന്തക്കയാണങ്ങളിൽനിന്ന് സധൈര്യം നീന്തിക്കയറുന്നവർ....
ആശംസകൾ