17/11/19
അമ്മയുടെ പെരുമാറ്റം തീർത്തും അസ്വാഭാവികമായിരുന്നു. ഭയം.. അനിയന്ത്രിതമായ ഭയം.. അങ്ങനെ ഭയപ്പെടാൻ കാരണമെന്തെന്ന് എനിക്ക് തീരേ മനസ്സിലായില്ല. അമ്മക്ക് പേടിയില്ലാത്ത ഒരു കാര്യവുമില്ല. ടി.വി, ഫോൺ, അച്ഛന്റെ മാരുതി കാർ എല്ലാറ്റിനേയും അമ്മക്ക് പേടിയാണ്. ഒറ്റക്കിരിക്കില്ല, ഒറ്റക്ക് കിടക്കില്ല. ആരേ കണ്ടാലും ഭയപ്പെടും. ഏതു നേരവും പറയും. 'കുട്ടി പോവല്ലേ.. കുട്ടി എങ്ങോട്ടും പോവല്ലേ..'
ഭാഗ്യ ഓഫീസിൽ നിന്ന് വരാൻ അഞ്ചു മിനിറ്റ് വൈകിയാൽ പേടി.. അവൾ മരിക്കും, അല്ലെങ്കിൽ മരിച്ചു കഴിഞ്ഞു എന്നതായിരുന്നു അക്കാലത്ത് അമ്മയുടെ ഏറ്റവും വലിയ ആധി. 'ഭാഗ്യയുടെ കുഞ്ഞ്.. ആ കുഞ്ഞ് 'എന്ന് അമ്മ ഏതു നിമിഷവും വിറളി പൂണ്ടു.
എത്ര പേടിയാവുന്നുവെന്ന് സ്വയം ആവലാതിപ്പെട്ടുവെന്നാലും സ്ക്കൂൾ വിട്ടു വരുന്ന കുഞ്ഞിന് അമ്മ ഭക്ഷണം കൊടുക്കും. ഹോംവർക്ക് ചെയ്യിക്കും. കുളിക്കുന്നതും തോർത്തുന്നതും നോക്കിയിരിക്കും. ചിലപ്പോൾ തോർത്തിക്കൊടുക്കും. എന്നും വൈകീട്ട് റവ ലഡ്ഡുവോ മാലഡ്ഡുവോ കേസരിയോ തേങ്ങാബർഫിയോ പോലെയുള്ള ചെറുമധുരപലഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കും.
ഭാഗ്യ ഒരു നിശ്ശബ്ദ ജീവിയായി മാറിയിരുന്നു. ഡയററിംഗ് ചെയ്യുന്ന സിനിമാതാരത്തെപ്പോലെ പതിനെട്ടു കിലോ തൂക്കം കുറഞ്ഞ ഭാഗ്യയെ കണ്ട് ഞാൻ നെഞ്ചുരുകിപ്പൊള്ളി. കരച്ചിൽ മാത്രമാണ് അന്നൊക്കെ അവൾക്കറിയുമായിരുന്ന ഏക ഭാഷ.
ഞാൻ ദത്ത് മാഷിന്റെ അടുത്തേക്ക് ഓടിച്ചെന്നു. മാഷെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. ആരോടാണ് ഞാനൊരു സഹായം ചോദിക്കുക? ആരെയാണ് ആശ്രയിക്കുക? പരിഹാരമില്ലാത്ത പ്രശ്നമൊന്നുമില്ലെന്ന് എന്നത്തേയും പോലെ മാഷ് എന്നെ അന്നും സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഡോക്ടറെ കാണിക്കണം അമ്മയെ എന്ന് നിർദ്ദേശിച്ചു.
അമ്മയെ പിന്നേയും ഡോക്ടറെ കാണിച്ചതാണ് അബദ്ധമായത്. കുറേ പരീക്ഷണനിരീക്ഷണങ്ങൾക്ക് ശേഷം ഭിഷഗ്വരന്മാർ വിധിച്ചു. അമ്മയ്ക്ക് ഓർമ്മകൾ മായുന്ന രോഗമാണ്. അമ്മയുടെ ഭയം ആ രോഗത്തിൻറെ ഓർമ്മക്കുറവിൻറെ ലക്ഷണമാണ്.
ഞങ്ങൾ പൊട്ടിക്കരഞ്ഞു പോയി. സഹിക്കാൻ കഴിയാത്ത സങ്കടമായിരുന്നു അത്. പാർക്കിൻസൺസ്, ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് എന്നൊക്കെ വായിച്ചു വായിച്ചു ഞങ്ങൾക്ക് ഭ്രാന്തു പിടിച്ചു. അമ്മക്ക് മുമ്പേ ഞങ്ങൾ കിടപ്പിലാകുമെന്ന് അന്ന് തോന്നീട്ടുണ്ട്. ഞങ്ങൾ മൂന്നു മക്കളും കണ്ണനും തമ്മിൽത്തമ്മിൽ എന്നും ഫോൺ ചെയ്തു ചെയ്തു കുറെ പണം അങ്ങനെയും കളഞ്ഞു. യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. എന്നിട്ട് പരസ്പരം ഉഗ്രമായി വഴക്കിട്ടു. അനിയത്തിമാർ ചിലപ്പോൾ ദയാരഹിതരായി കുറ്റപ്പെടുത്തി.. 'നീയാണ് നീ മാത്രമാണ് ഞങ്ങളുടെ എല്ലാ ദുരിതത്തിനും കാരണം.. എന്നിട്ട് നീയിപ്പോൾ സുഖമായി ജീവിക്കുന്നു. ബാക്കി ഈ വീട്ടിലെ സകലരും നരകിക്കുന്നു. ' നിൻറെ വീട്ടിലെ ഈ പഴി വരുന്ന പ്രശ്നങ്ങൾ ഒരു കാലത്തും അവസാനിക്കുകയില്ലേ' എന്ന് കണ്ണൻ എന്നോടു കയർത്തു. എങ്കിലും ദില്ലിയിൽ നിന്നും കേരളത്തിലേക്ക് സ്ഥലംമാറ്റത്തിന് ശ്രമിക്കാൻ തുടങ്ങി.
ഒരിക്കലും ഫോൺ ചെയ്തിട്ടില്ലാത്ത കുറേ ബന്ധുക്കൾ ഫോൺ ചെയ്തു തുടങ്ങി. ചിലരൊക്കെ കാണാൻ വന്നു. അമ്മയുടെ ബുദ്ധി മന്ദിച്ച് , അമ്മക്ക് ചിന്നൻ അല്ലെങ്കിൽ പെയ തുടങ്ങിയത് കാണാൻ.. അതിനെപ്പറ്റി കേട്ട് ഗൂഢമായി ആഹ്ളാദിക്കാൻ... അച്ഛനെ ദ്രോഹിച്ചതിനു കിട്ടിയ ശിക്ഷയാണെന്ന് വ്യാഖ്യാനിച്ചു മനസ്സിലാക്കിത്തരാൻ...
അമ്മക്ക് ഓർമ്മക്കുറവ് എന്ന രോഗമേയില്ലെന്ന് ഉറപ്പുണ്ടായിരുന്നത് ചിംബ്ളു എന്ന ഭാഗ്യയുടെ കുഞ്ഞിന് മാത്രമായിരുന്നു. 'അമ്മക്ക് മനസ്സിന് വിഷമമാണ് ' എന്നായിരുന്നു അവളുടെ വിശദീകരണം...
ഞങ്ങൾ കുട്ടികളല്ലല്ലോ. മുതിർന്നവരല്ലേ.. വിദ്യാഭ്യാസ
മുള്ളവരല്ലേ.. വിവരമുള്ളവരല്ലേ... അതുകൊണ്ട് കുഞ്ഞു ചിംബ്ളുവിനെ ഞങ്ങൾ ഒട്ടും കാര്യമായി എടുത്തില്ല.
കുറ്റബോധം കൊണ്ട് ഞങ്ങൾ നുറുങ്ങി.
അമ്മയുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാത്ത ചീത്ത മക്കളായല്ലോ എന്ന് എല്ലാവരും വേദനിച്ചു തകർന്നു. ഓർമ്മകൾ പോയ അമ്മ കുട്ടിയാരാന്ന് ചോദിക്കുമോന്ന് പേടിച്ച് എന്നും രാവിലെകളിലേക്ക് ഞങ്ങൾ ഉണർന്നെണീറ്റു. ഇന്ന് ഓർമ്മ കുറഞ്ഞിട്ടില്ലല്ലോ എന്ന് പരസ്പരം സമാധാനിപ്പിച്ചു. നല്ല കാപ്പി ഇട്ടല്ലോ, നല്ല പോലെ എണ്ണ തേച്ച് കുളിച്ചല്ലോ എന്ന് മാറിനിന്നു അമ്മയെ വീക്ഷിച്ചു.
എങ്ങനെ ആ ദിനങ്ങൾ കടന്നുപോന്നു എന്നറിയില്ല. ഇതെഴുതുമ്പോഴും ആ ദിവസങ്ങളുടെ ഭാരമുണ്ട് മനസ്സിൽ..
എൻറെ സാന്നിധ്യം ആ വീട്ടിൽ പാടില്ലെന്ന് പറയാൻ ആളുണ്ടായി. ഭാഗ്യ എൻറെ സഹവാസത്തിൽ എന്നെപ്പോലെ ആകുമെന്നും ആ ആൾ പറഞ്ഞു തുടങ്ങി.
അമ്മയുടെ ഓർമ്മക്കുറവിനെ ഏതു നിമിഷവും കയറി വരാവുന്ന ചെകുത്താനായി ഭീതിപ്പെട്ടു കഴിയുമ്പോഴാണ് അടുത്ത വിഷപ്പാമ്പ് ഫണമുയർത്തി ഉഗ്രമായി ചീറിയത്.
ഭാഗ്യ സഹിച്ചതിന് അളവോ കണക്കോ ഇല്ല. ജോസഫ് വഴി വെട്ടിയിരുന്നല്ലോ. എല്ലാവർക്കും എല്ലാ പുരുഷന്മാർക്കും ആ വഴി നടക്കാൻ അറിയുമായിരുന്നു. ഭാഗ്യയെ എൻറെ ജീവിതം ചൂണ്ടിക്കാട്ടിയാണ്, എന്നെപ്പോലെ ആകരുതെന്ന് പറഞ്ഞാണ് അപമാനിച്ചത്. എൻറെ ജീവിതം അനിയത്തിമാർക്ക് എന്നും അപമാനവും തീരാത്ത വേദനയുമാക്കി മാറ്റാൻ എല്ലാവരും ശരിക്കും പ്രയത്നിച്ചിരുന്നു. അനിയത്തിമാർ എന്നോടു സംസാരിക്കരുതെന്നും എന്നെപ്പോലെ ചീത്തയാകരുതെന്നും എപ്പോഴും ഉപദേശിക്കപ്പെട്ടു.
ചിംബ്ളുവിൻറെ കുഞ്ഞുപ്രായത്തിൽ തന്നെ എന്നെപ്പറ്റിയുള്ള കഥകൾ അവളുടെ ചെവിയിൽ എത്തുമെന്നറിഞ്ഞ ദിവസം ഞാൻ കുഞ്ഞിനോട് എല്ലാം തുറന്നു പറഞ്ഞു. അയ്യന്തോളിൽ കളക്ടറുടെ വീടിനു പുറകിൽ ഒരു മാന്തോപ്പുണ്ട്. ഇന്ന് അവിടെ മരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവിടെ ഇരുന്നാണ് ഞാൻ അവളോട് സംസാരിച്ചത്. അന്ന് അവൾക്ക് ആറു വയസ്സായിരുന്നു പ്രായം. ഞങ്ങളുടെ അഗാധമായ സൗഹൃദത്തിന്റെ ആദ്യനാമ്പ് വിരിഞ്ഞതന്നാണ്....
എല്ലാം പറയാൻ കഴിയില്ലല്ലോ.. പറ്റാവുന്നതൊക്കെ അറിയിച്ചു. കണ്ണനല്ല എൻറെ മോളുടെ അച്ഛൻ എന്നും അത് മഹാനായ ജോസഫാണെന്നും ഞങ്ങൾ ക്രിസ്ത്യാനികളാണെന്നും മറ്റും പറഞ്ഞാണല്ലോ എല്ലാവരും കഥ ആരംഭിക്കുന്നത്. ചിംബ്ളുവിനും എൻറെ മോളുടെ ഗതി വരുമെന്ന മുന്നറിയിപ്പു നല്കുന്നതങ്ങനെയാണല്ലോ..
എന്നെ അടിക്കുന്ന ആർക്കൊപ്പവും ഞാൻ താമസിക്കേണ്ടതില്ലെന്ന് ആറു വയസ്സുള്ള ചിംബ്ളു എന്നോടു പ്രഖ്യാപിച്ചു. അവൾക്കും കണ്ണനച്ഛനെ വലിയ കാര്യമാണ്... അവളുടെ അച്ഛനേക്കാൾ കാര്യമാണ്. എൻറെ മോളായ അവളുടെ ചേച്ചിക്കും അങ്ങനെ ആയിക്കോട്ടെ... ആർക്കാണ് അതിൽ പ്രയാസം? പ്രയാസമുള്ളവരോടൊക്കെ പോയി പണി നോക്കാൻ പറയാമെന്ന് ചിംബ്ളു എളുപ്പത്തിൽ പ്രശ്നം പരിഹരിച്ചു തന്നു.
ഭാഗ്യയുടെ മാത്രമല്ല ഞങ്ങൾ എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ചിംബ്ളു. 'എന്തായാലും നമുക്കു എല്ലാം നേരിടാം' എന്നു എപ്പോഴും പറയുന്ന ചിംബ്ളു.
അമ്മക്ക് ഒത്തിരി മരുന്നുകൾ ഉണ്ടായിരുന്നു. പിന്നെ പാർക്കിൻസൺസ് ഡിസീസ് തുടങ്ങുന്നുവെന്ന സംശയത്തിൽ ആരംഭിച്ച ഫിസിയോതെറാപ്പിയുമുണ്ടായിരുന്നു. എക്സർസൈസുകൾ എല്ലാം തന്നെ അമ്മ തെറ്റാതെ ചെയ്തിരുന്നു.
സമയം
ഓരോ സെക്കൻഡുകളായി കടന്നു പോകവേ അമ്മ ഭയപ്പെട്ടത് എന്തിനെയാണെന്ന് അറിയാനുമൊരു ദിനമുണ്ടായി വന്നു. ഞങ്ങളുടെ എല്ലാം ജീവിതത്തിൽ ആ ദുരിതവും ദൈന്യവും വേദനയും കൂടി കൂർത്ത മുള്ളുകൾ കൊണ്ട് എഴുതപ്പെട്ടിരുന്നുവല്ലോ.
1 comment:
ഭാഗ്യയുടെ മാത്രമല്ല ഞങ്ങൾ എല്ലാവരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ചിംബ്ളു. 'എന്തായാലും നമുക്കു എല്ലാം നേരിടാം' എന്നു എപ്പോഴും പറയുന്ന ചിംബ്ളു.
അതുത്തന്നെ നല്ലൊരു 'നിധി'
നന്മകൾ
Post a Comment