അമ്മയെക്കുറിച്ച് ഞങ്ങൾക്ക് ആദരവും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂവെന്ന് ബോധ്യപ്പെടുത്താൻ കുറച്ചു സമയമേ വേണ്ടി വന്നുള്ളൂ. എനിക്ക് അമ്മയേക്കാൾ പ്രധാനമായി ആരാണുള്ളതമ്മാ എന്ന ഭാഗ്യയുടെ ചോദ്യത്തിനു മുന്നിൽ അമ്മ അത്തരം എല്ലാ സങ്കടവും കുടഞ്ഞു കളഞ്ഞു.
അമ്മയെ ഇനി മേലിൽ ഒട്ടും വിഷമിപ്പിക്കരുതെന്ന തീരുമാനം അങ്ങനെ എല്ലാവരും എടുത്തുവെങ്കിലും ഞങ്ങളുടെ ജീവിതവൈചിത്ര്യങ്ങൾ അതിന് അനുവദിച്ചിട്ടില്ല പലപ്പോഴും. ഞങ്ങളുടെ മുഖത്തിൻറെ നിറം മാറിയാൽ, ചിരിയുടെ തെളിമയിൽ മങ്ങൽ വന്നാൽ, ഒച്ചയിടറിയാൽ എല്ലാം അമ്മ അക്കാലത്ത് കൃത്യമായി അറിയുമായിരുന്നു. അമ്മയുടെ ജാതകവിശ്വാസമനുസരിച്ച് അമ്മ ജീവിച്ചിരിപ്പോളം കാലം ഞങ്ങൾ മക്കൾക്ക് ഒരു തകരാറും വരില്ല... വിഷം കൊടുത്താലും മക്കൾ മരിക്കില്ല. നൂറു കുറി മുറിച്ചാലും മുറി കൂടും..
അമ്മയ്ക്ക് അന്നും സങ്കടം തോന്നും. എല്ലാറ്റിൽ നിന്നും മക്കൾ രക്ഷപ്പെടുമെന്നത് കൊള്ളാമെങ്കിലും വിഷം നല്കാനും മുറിക്കാനും ആളുകൾ കാണുമെന്ന് അമ്മ വേവലാതിപ്പെട്ടിരുന്നു.
അങ്ങനെ കടന്നു പോയ വർഷങ്ങളിൽ ഒരിക്കൽ..
ഞാനറിഞ്ഞതേ ഇല്ല.
അന്ന് അമ്മയുടെ പിറന്നാളാണെന്ന്..
സ്വന്തം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ മൂന്നു മക്കളും അത് മറന്നേ പോയി. ചെറിയൊരു സംശയം പോലും തോന്നാത്തവിധത്തില്‍... നവംബര്‍ അവസാനമായെന്നോ ഡിസംബര്‍ തുടക്കമാവുന്നുവെന്നോ ആ സമയത്ത് അമ്മയുടെ പിറന്നാള്‍ വരുമെന്നോ ഒന്നും ഓര്‍മ്മയില്ലാത്ത വിധത്തില്‍...
മറ്റ് ചില ആവശ്യങ്ങളിലും ചുമതലകളിലും പെട്ടു പോയതുകൊണ്ട് , അവ നിവര്‍ത്തിക്കുന്നതിന്‍റെ ഭാഗമായി ഒരു ഇടക്കാല താവളമെന്ന പോലെ തലേന്ന് വൈകീട്ട് ഞാന്‍ അമ്മയുടെ അടുത്തെത്തിയിരുന്നു.
രാവിലെ ഒരു പതിനൊന്നു മണിയോടെ അമ്മയെ എണ്ണ തേപ്പിച്ചു ചൂടുവെള്ളമൊഴിച്ചു കുളിപ്പിച്ചു. കുട്ടി, നഖം വെട്ടിത്തരണമെന്ന് അമ്മ പറഞ്ഞപ്പോഴാണ് ഞാന്‍ അത് ചെയ്തത്.. വെഞ്ചാമരമായി മാറിയ സില്‍ക്കുനൂല്‍ പോലത്തെ തലമുടി ചീകി അലക്കിയ നൈറ്റിയിടുവിച്ച് നെറ്റിയില്‍ ഒരു കറുത്ത പൊട്ടും ചാര്‍ത്തിച്ച് ഉമ്മറത്തെ മുറിയിലിരുത്തി.
ഞാന്‍ കുറെ സംസാരിക്കും… കുറെ കഥ പറയും... കുറെ പാട്ടു പാടും... ഇതൊക്കെ അമ്മയെ കേള്‍പ്പിക്കും... അമ്മയ്ക്കും എന്‍റെ ഈ വേഷംകെട്ടലുകള്‍ ഇഷ്ടമാണ്... റാണിയും ഭാഗ്യയും പൊതുവേ മൌനികളാണ്. അങ്ങനെ ഞാന്‍ കലപിലകൂട്ടുന്നതിനിടയിലാണ്, പൊറാട്ടു കളിക്കുന്നതിനിടയിലാണ് അമ്മ പെട്ടെന്ന് പറഞ്ഞത്...
കുട്ടീ.. ഇന്നെന്‍റെ പിറന്നാളാണെന്ന്...
കലണ്ടറില്‍ നോക്കിയപ്പോള്‍ ശരിയാണ്.. വൃശ്ചികമാസത്തിലെ മൂലം നക്ഷത്രം..
ഒരിക്കലും ആഘോഷിച്ചിട്ടില്ല .. അമ്മയുടെ പിറന്നാള്‍. ഒരു പായസം വെച്ചിട്ടില്ല. ഒരു കേക്ക് മുറിച്ചിട്ടില്ല. ഒരു മെഴുകുതിരി കത്തിച്ചൂതിയിട്ടില്ല..ഒരിക്കലും .. ഒരു കാലത്തും.. ആരും ശ്രദ്ധിക്കാതെ കടന്നു പോവാറുള്ള ഒന്നായിരുന്നു ആ പിറന്നാൾ.
അമ്മീമ്മ ജീവിച്ചിരുന്ന കാലമത്രയും അച്ഛനുൾപ്പടെ എല്ലാവരുടേയും പിറന്നാൾ ദിനങ്ങളിൽ തൃക്കൂര് അമ്പലത്തിൽ ജലധാരയും മാലയും ചെയ്യിച്ചിരുന്നു.
ചുറുചുറുക്കോടെ അതിരാവിലെ ഉണര്‍ന്ന് എല്ലാ വീട്ടുജോലികളും മുഴുമിച്ച് ഏഴരമണിയോടെ ഓഫീസ് ജോലിക്കു പോയിരുന്ന അമ്മ... വീട്ടിലെ പൂന്തോട്ടത്തേയും അടുക്കളത്തോട്ടത്തേയും സ്വന്തം മക്കളെപ്പോലെ പരിപാലിച്ചിരുന്ന അമ്മ....ജ്യോതിഷഗ്രന്ഥങ്ങളും മാസികകളും ശേഖരിച്ചു വായിച്ചിരുന്ന അമ്മ....
ഞാനോ ഭാഗ്യയോ കുളിപ്പിച്ചാല്‍ കുളിക്കുന്നു. വാക്കറില്‍ പിടിച്ച് കുഞ്ഞുങ്ങളെപ്പോലെ പിച്ച വെക്കുന്നു. നന്നെക്കുറച്ച് ആഹാരം കഴിക്കുന്നു.. അമ്മയ്ക്ക് എത്ര ചെറിയ ആവശ്യങ്ങളേയുള്ളൂ....
അന്നും പിറന്നാളെന്നോ അത് ആഘോഷിക്കണമെന്നോ സമ്മാനം വേണമെന്നോ അമ്മ പറഞ്ഞിരുന്നില്ല.. ഇപ്പോഴും അമ്മ അങ്ങനെയൊന്നും പറയുന്നില്ല...
അന്ന് ഞാന്‍ അമ്മയോടൊപ്പം ഉച്ചയൂണു കഴിച്ചു.. മെഴുക്കു പുരട്ടിയും തോരനും ഒരു കൂട്ടാനും... പിന്നെ മോര്...
അമ്മ ഊണു കഴിഞ്ഞു കുറച്ചു നേരം ഉറങ്ങി
വൈകീട്ട് ഭാഗ്യയും ചിംബ്ളുവും വീട്ടിലെത്തുമ്പോഴേക്കും ഞാന്‍ ഒരു പായസമുണ്ടാക്കി.. ഒരു ചെറിയ കേക്കും ഒരു കൂടു മെഴുകുതിരിയും വാങ്ങി .
എന്‍റെ അമ്മയുടെ പിറന്നാളാണ്.. ഞങ്ങള്‍ ഒന്നിച്ച് ... ഞങ്ങള്‍ ഒന്നിച്ച് പായസം കഴിച്ചു. കേക്ക് മുറിച്ചു... മെഴുകുതിരി കത്തിച്ചൂതി..
ഞങ്ങള്‍ അമ്മയും മക്കളും ഒന്നിച്ച്....അങ്ങനെ പിറന്നാൾ ആഘോഷിച്ച ഒരു വർഷം ഉണ്ടായി..
പിന്നെ, എല്ലാ വർഷവും അങ്ങനെയായിരുന്നു. അമ്മ പോകുവോളം.
ഭാഗ്യ തനിച്ചായല്ലോ എന്ന ഖേദമുണ്ടായിരുന്നു അമ്മയ്ക്ക്. ഭാഗ്യയുടെ മകൾ മിടുമിടുക്കിയായി വളരണമെന്ന് അമ്മ കലശലായി ആഗ്രഹിച്ചു. അവളെ പഠിപ്പിച്ചത്രയും അമ്മ ആരേയും പഠിപ്പിച്ചിട്ടില്ല. അവൾക്ക് കഥ പറഞ്ഞുകൊടുത്തത്രയും മറ്റാർക്കും കഥ പറഞ്ഞുകൊടുത്തിട്ടില്ല. അവളോളം അമ്മക്കരികിലിരുന്നവരും വേറെയാരുമില്ല കേട്ടോ.
അമ്മയുടെ ആധികളിൽ അവളുടെ കുഞ്ഞുമുഖം എന്നുമുണ്ടായിരുന്നു. എല്ലാ മാസവും രണ്ടു ദിവസം അച്ഛൻ വീട്ടിൽ പോകുന്ന അവളെ കാത്ത് ഭാഗ്യയെന്ന അമ്മയുടെ മാത്രമല്ല, അമ്മൂമ്മയായ ഞങ്ങളുടെ അമ്മയുടേയും ഓരോ തരിയും ഉണർന്നിരിക്കും. ചിംബ്ളു എത്താൻ വൈകുന്ന ഓരോ നിമിഷവും അമ്മൂമ്മയായ അമ്മയും നീറിപ്പിടഞ്ഞിരുന്നു.
ഇടയ്ക്ക് ഷുഗർ താഴ്ന്നു പോയി അമ്മ മൂന്നാലു തവണ
ബോധരഹിതയായി. ആംബുലൻസ് വിളിച്ച് അമ്മയെ ആശുപത്രിയിൽ എത്തിച്ചിട്ടേ ഭാഗ്യ ഞങ്ങൾക്ക് ഫോൺ ചെയ്യുകയുള്ളൂ. ആദ്യം അമ്മയെ സുരക്ഷിതയാക്കണമെന്ന് അവൾക്കറിയാമായിരുന്നു. എറണാകുളത്തെ ആംബുലൻസ് നമ്പറുകൾ ഭാഗ്യക്ക് മാത്രമല്ല ചിംബ്ളു വിനും അങ്ങനെ മന:പാഠമായി.
എറണാകുളത്ത് ഏകദേശം അഞ്ച് വർഷത്തിൽ രണ്ടു വാടകവീടുകൾ മാറിയശേഷമാണ് വാടക കൊടുക്കേണ്ടാത്ത വീട് അമ്മക്ക് കരഗതമായത്. പൊതുവെ ആൺകുട്ടികൾ ചെയ്യുന്ന കാര്യമാണല്ലോ അമ്മക്ക് പാർക്കാൻ വീടുണ്ടാക്കി നല്കുകയെന്നത്... റാണിയാണ് അതു ചെയ്തത്. ആ വീട്ടിൽ അമ്മ ഒത്തിരി അഭിമാനത്തോടെയും സന്തോഷത്തോടെയും നാലു വർഷം താമസിച്ചു.
ആ നാലു വർഷത്തിൽ രണ്ടു തവണ റാണി കുടുംബസമേതം വന്നു താമസിച്ചതും അമ്മയെ ഒത്തിരി സന്തോഷിപ്പിച്ചു. റാണിയുടെ മകൻറെ ഹിന്ദി ഭാഷണവും ഞാൻ എൻറെ സോഫ്റ്റ് സോഫ്റ്റ് നാനി ( അമ്മൂമ്മ )യ്ക്കൊപ്പം വീട്ടിലിരിക്കാം.. നിങ്ങൾ നാടു കാണാൻ പൊക്കോളൂ എന്ന് അവൻ കൂട്ടിരുന്നതും അമ്മ ഒരിക്കലും മറന്നില്ല. ലാപ്‌ടോപ്പിൽ അവൻ അമ്മയ്ക്ക് സ്റ്റണ്ട് പടം കാണിച്ചു..മരുന്നുകൾ കൃത്യമായി എടുത്തു നല്കി, അമ്മ കൊടുത്ത ആഹാരം സന്തോഷത്തോടെ കഴിച്ചു... ഇതൊന്നും എത്ര പറഞ്ഞിട്ടും അമ്മക്ക് മതിവരുന്നുണ്ടായിരുന്നില്ല.
സ്നേഹം മാത്രമായിരുന്നു അമ്മയുടെ മൂലധനം. ആ അമ്മയെ നിന്ദിച്ചവരെ ഓർക്കുമ്പോൾ സ്നേഹം കൊടുത്താൽ സ്നേഹം കിട്ടുമെന്ന് പറയുന്ന കാപട്യ വചനങ്ങൾക്ക് നേരെ പലപ്പോഴും ചൂലെടുത്തടിക്കാൻ തോന്നീട്ടുണ്ട്.
3 comments:
സ്നേഹമാണഖിലസാരമൂഴിയിൽ....കൊടുത്തസ്നേഹമെല്ലാം തിരിച്ചുകിട്ടണമെന്നുമില്ല!
ആശംസകൾ
അതേ...
സ്നേഹം മാത്രമായിരുന്നു അമ്മയുടെ മൂലധനം. ആ അമ്മയെ നിന്ദിച്ചവരെ ഓർക്കുമ്പോൾ സ്നേഹം കൊടുത്താൽ സ്നേഹം കിട്ടുമെന്ന് പറയുന്ന കാപട്യ വചനങ്ങൾക്ക് നേരെ പലപ്പോഴും ചൂലെടുത്തടിക്കാൻ തോന്നീട്ടുണ്ട്.
Post a Comment