അമ്മ താമസിച്ചിരുന്ന പതിനാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നു നോക്കുമ്പോള്‍ ക്രിസ്തുമസ്സിനായി അണിഞ്ഞൊരുങ്ങിയ എറണാകുളം നഗരം കാല്‍ക്കീഴിനു താഴെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. കണ്ണീര് നിറഞ്ഞ എന്റെ മിഴികളില്‍ നഗരവെളിച്ചം പ്രതിഫലിച്ചിരുന്നു.
ദൂരക്കാഴ്ചയിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ എന്റെ അമ്മ ഞരങ്ങിക്കൊണ്ട് , വായ് തുറന്ന് വലിയ ശ്വാസമെടുത്തുകൊണ്ട് കിടന്നിരുന്ന ദിവസങ്ങളാണ്. അനിയത്തിമാര് ഇമപൂട്ടാതെ അവിടെ കാവലിരുന്ന ദിവസങ്ങൾ.
''അമ്മയ്ക്ക് പ്രായമായില്ലേ, കഷ്ടപ്പെടാതെ പോകട്ടെ എന്ന് എല്ലാവരും ഞങ്ങളോട് പറഞ്ഞിരുന്നു. അമ്മ കഷ്ടപ്പെട്ട് ശ്വാസം കഴിച്ചുകൊണ്ട് നിസ്സഹായയായി കിടക്കണമെന്ന് തെല്ലും മോഹവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ ഒഴിച്ചിട്ടിട്ട് പോകുന്ന ചക്രവര്‍ത്തിനിയുടെ സിംഹാസനം എന്നുമെന്നും ശൂന്യമായിത്തീരുമെന്ന മഹാസത്യം വല്ലാതെ അമ്പരപ്പിക്കുകയും കഠിനമായി നൊമ്പരപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടായിപ്പൊട്ടിപ്പിളരുകയായിരുന്നു ഞങ്ങൾ… ആശയോടും എന്നാല്‍ പരമമായ സത്യത്തോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
അച്ഛന് കടന്നു പോയപ്പോള്‍ അമ്മീമ്മയും അമ്മയുമുണ്ടായിരുന്നു. അമ്മീമ്മ പോയപ്പോള്‍ അമ്മയുണ്ടായിരുന്നു. അമ്മ പോയാല്‍ പിന്നെ ഞങ്ങൾക്ക് ഈ പ്രപഞ്ചത്തിൽ ആരുമില്ല എന്ന വാസ്തവത്തെ ഉള്‍ക്കൊള്ളാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സത്യവുമായി പൊരുത്തപ്പെടുന്ന നൊമ്പരം അതിഭയങ്കരമായിരുന്നു.
വളകള്‍ കിലുങ്ങുന്ന കൈയില്‍, നെയ്യിലും പഞ്ചസാരയിലും മുക്കിയ ഇഡ്ഡലിക്കഷ്ണവുമായി സാരി അല്പം എടുത്തു കുത്തിയ അമ്മ എന്റെ ശൈശവകാലത്ത് പുറകെ ഓടിവരുമായിരുന്നു. 'ഒരു കഷ്ണം കൂടി ശാപ്പിട് 'എന്ന് കൊഞ്ചിക്കുമായിരുന്നു. എന്റെ കുഞ്ഞുവായില് മെല്ലെ ഇഡ്ഡലി തിരുകിത്തരുമായിരുന്നു. വീടിനു മുന്നിലെ റോഡിലൂടേ ഓടിയിരുന്ന ബസ്സുകളുടെ പേരുകള്‍, കിളികളുടെ പേരുകള്‍, പല മനുഷ്യരുടെ പേരുകള്‍, ചെടികളുടേയും പൂക്കളുടേയും കായ്കളുടേയും പേരുകള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഓഫീസ് വിട്ടുവരുന്ന അമ്മയുടെ നേരെ കൈകള്‍ നീട്ടി ഓടിച്ചെല്ലുമ്പോള്‍ അമ്മ എന്നെ വാരിയെടുത്തുമ്മ വെക്കുമായിരുന്നു. കുട്ടിക്കൂറാ പൌഡറിന്റെ സുഗന്ധം പ്രസരിപ്പിച്ച ജോസഫ് എന്ന പുരുഷനെ ഞാന്‍ എന്നെ മറന്ന് സ്നേഹിച്ചത് അത് എന്നും അമ്മയുടെ സുഗന്ധമായിരുന്നതുകൊണ്ടും കൂടിയാണ്.
മുതിര്‍ന്നപ്പോള്‍ ഞാന്‍ അമ്മയുടെ ഒരു പ്രതീക്ഷയും നിറവേറ്റിയില്ല. ഡോക്ടറായില്ല, ഇംഗ്ലീഷ് അധ്യാപികയായില്ല, ബാങ്കുദ്യോഗസ്ഥയോ സിവില്‍ സര്‍വീസുകാരിയോ ആയില്ല. ഇതെല്ലാം എനിക്ക് സാധിക്കുമായിരുന്നുവെന്ന് ഇന്നെനിക്ക് ഉറപ്പുണ്ട്. കാലം തെറ്റി എന്നില്‍ പൂത്ത ഉറപ്പുകള്‍. എന്നാല്‍ അതിനൊന്നും ഒരുങ്ങാതെ ഞാനെന്നും എല്ലാറ്റിനും എല്ലാവരേയും ആശ്രയിച്ചു... അതുകൊണ്ടു തന്നെ എനിക്ക് ഒരുകാലത്തും ഒന്നും ഉണ്ടായതുമില്ല. അത്യാവശ്യത്തിനുള്ള പണം പോലും ... അനാവശ്യമായിരുന്ന എന്റെ ആ ആശ്രിതത്വ സ്വഭാവത്തെ, അമ്മ എന്നും വെറുത്തിരുന്നു. പക്ഷെ, തൊണ്ടയില്‍ പുഴുത്താല് ഇറക്കുകയല്ലാതെ വേറെ വഴിയില്ലെന്നതു പോലെ അമ്മ എനിക്കു വേണ്ടി അതും ഇറക്കി.
'അമ്മാ നാന് ഒന്നോട് കലാകുട്ടിയല്ലവോ' എന്ന് ചോദിക്കുമ്പോള്‍ അമ്മ മൌനം പാലിച്ചു തുടങ്ങിയിട്ട് ആറുമാസമായി... അമ്മയുടെ ശൂന്യമായ മിഴികളില്‍ ഞാനില്ല... എന്റെ അനിയത്തിമാരില്ല... ഞങ്ങള്‍ പ്രസവിച്ച മക്കളില്ല... അമ്മയ്ക്ക് ഞങ്ങളില്ലെങ്കില്‍ പിന്നെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഞങ്ങളുള്ളത്? മറുപടിയില്ലെങ്കിലും 'അമ്മാ അമ്മാ' എന്ന് ഞങ്ങള്‍ എപ്പോഴും വിളിക്കുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം അരിച്ച് മൂക്കിലെ ട്യൂബിലൂടെ നല്കുന്നു , ഗ്ളൗസിട്ട് മലം പുറത്തെടുത്തു കളയുന്നു. അമ്മയുടെ മാംസപേശികളിലെ തളർച്ച എന്നെ അപ്പോഴെല്ലാം ഒത്തിരി സങ്കടപ്പെടുത്തീട്ടുണ്ട്. അമ്മയുടെ മലവും മൂത്രവും ഒന്നും ഞങ്ങളിലോ ഭാഗ്യയുടെ മകളിൽ പോലുമോ യാതൊരു അറപ്പും ഉണ്ടാക്കിയില്ല. അതുകൊണ്ടു തന്നെ അമ്മയുടെ മൂത്രം അല്പം കൈയിൽ പറ്റിയെന്ന് പരാതിപ്പെട്ട കണ്ണൻറെ വൃത്തിബോധം എനിക്ക് മനസ്സിലായതുമില്ല.
അനേകം ഉത്തരവാദിത്തങ്ങളൂള്ള ജോലിക്കിടയില്‍, ജീവിതത്തിന്റെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന സമരങ്ങള്‍ക്കിടയില്‍ എപ്പോഴാവശ്യമുണ്ടെങ്കിലും വിദൂരമായ ദില്ലിയില്‍ നിന്ന് പറന്നിറങ്ങുന്ന, അവളുടെ കണ്ണിലൂറുന്ന കണ്ണുനീരിനെ തടഞ്ഞു നിറുത്തി അത്യാവശ്യ സഹായങ്ങളുടെ മിന്നല്‍പ്പിണറുകള്‍ ഉണ്ടാക്കുകയായിരുന്നു റാണി എപ്പോഴും. കണ്ണു തുറന്ന് ഉറങ്ങാനും ഡ്രൈവ് ചെയ്യാനും ഉറങ്ങിക്കൊണ്ട് തന്നെ അമ്മയുടെ ഒരു ഞരക്കവും അനക്കവും പോലും തിരിച്ചറിയാനും കഴിവുള്ളവള് ആയി മാറിയിരുന്നു എന്റെ കുഞ്ഞനിയത്തിയായ ഭാഗ്യ. അമ്മയുടെ മരുന്നുകളും ആംബുലന്‍സ് നമ്പറുകളും ചിംബ്ളു മന:പാഠമാക്കിയിരുന്നു .
ഈ ലോകത്തിലെ ഏറ്റവും മിടുക്കനായ ഡ്രൈവര്‍ എന്റെ അച്ഛനാണെന്ന് വിശ്വസിക്കാനിഷ്ടപ്പെട്ടിരുന്ന ഞാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കഴിവും, എന്നും എപ്പോഴും അവര്‍ കാണിച്ച സഹോദരസ്നേഹവും കണ്ട് അല്ഭുതപ്പെട്ടിട്ടുണ്ട്. അമ്മയെ സ്കാന്‍ ചെയ്യിക്കാനും മറ്റും കൊണ്ടുപോവുമ്പോള്‍ പലപ്പോഴും ആവശ്യത്തിനു പണമില്ലാത്ത പരിതസ്ഥിതിയില്‍ പല എ ടി എമ്മുകളില്‍ പോകാന്‍ 'ചേച്ചീ ,ഞാന്‍ വരാ'മെന്ന് കൂട്ടിക്കൊണ്ടു പോയിട്ടുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരെ എങ്ങനെ മറക്കാനാവും ? പതിനാലാം നിലയില്‍ നിന്ന് അമ്മയെ ഞൊടിയിടയില്‍ താഴേക്കിറക്കുകയും അതുപോലെ ആശുപത്രിയില്‍ നിന്ന് മടക്കികൊണ്ടുവരുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ അമ്മയെ മുകളിലെ വീട്ടിലെത്തിച്ച് എയര്‍ബെഡ്ഡില്‍ കിടത്തുകയും ചെയ്യാന്‍ കൂടുന്ന കെയര്‍ടേക്കര്‍മാരും ഞങ്ങള്‍ക്ക് പിറക്കാതെ പോയ ബന്ധുക്കള്‍ തന്നെയായിരുന്നു.
'അത്യാവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂ, ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരാം, ഞാന്‍ വന്നിട്ട് അത്യാവശ്യമൊന്നുമില്ലല്ലോ' എന്നൊക്കെ പറയാന്‍ വേണ്ടി വചനം പറയുന്നവരായിരുന്നില്ല അവരാരും തന്നെ. അവര്‍ ഒന്നും പറയാറില്ല. പ്രവൃത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
അമ്മയെ തങ്കക്കുട്ടീ , അമ്മക്കുട്ടി, കനകകട്ടേ , പ്ലാറ്റിനക്കൊടമേ എന്നൊക്കെ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഞങ്ങളോട് മല്‍സരിച്ച് കൊഞ്ചിച്ചു വിളിച്ചിരുന്ന,യതൊരറപ്പും മടിയുമില്ലാതെ പരിചരിച്ചിരുന്ന ഓമനചേച്ചി, കാരുണ്യവാനായ ഈശോയോട് ഞങ്ങള്‍ക്ക് വേണ്ടി എപ്പോഴും എപ്പോഴും പ്രാര്‍ഥിക്കുമായിരുന്ന ശകുന്തള ചേച്ചി... ഡോ മാത്യു എബ്രഹാം, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും എല്ലാ ഒറ്റപ്പെടലുകളും സമയമെടുക്കുമെങ്കിലും ആത്യന്തികമായി മാറുമെന്ന് എപ്പോഴൂം സമാധാനിപ്പിച്ചിരുന്ന ഡോ തനൂജ്, ഡോ ശ്രീരാം, എന്റെ സ്വന്തമെന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുള്ള നീത, ചേച്ചീ എന്ന് എന്നെ എപ്പോഴും താലോലിക്കുന്ന ജെന്നി, അമ്മയുടെ മലം അല്ലെങ്കില്‍ മൂത്രം, അതുമല്ലെങ്കില്‍ കഫം തുടച്ചുകളയണോ എന്ന് സഹായം തരാന്‍ ഒട്ടും മടിക്കാത്ത നഴ്സുമാര്‍..
സംഭവിക്കുന്നതെല്ലാം നന്മക്കെന്ന് ആശ്വസിപ്പിച്ചിരുന്ന ദില്ലിയിലെ എന്റെ സുഹൃത്തായ ദിനേശ്.
വീ ഷാല്‍ ഓവര്‍കം... വീ ഷാല്‍ ഓവര്‍കം … വീ ഷാല്‍ ഓവര്‍ കം വണ്‍ ഡേ ....
എന്നിട്ടും.. അമ്മ ..ഞങ്ങളുടെ അമ്മ..
അങ്ങനെ ആ ക്രിസ്തുമസ്സ് ദിവസം
ഞങ്ങളുടെ സ്റ്റാറ്റസ് പൂര്‍ണമായും മാറി അമ്മീമ്മയും അച്ഛനും അമ്മയും ഇല്ലാത്ത ട്രിപ്പിള്‍ യത്തീമുകളായി ഞങ്ങള്‍.
ഇനി ക്രിസ്തുമസ്സ് ഞങ്ങള്‍ക്കെന്നും അമ്മയുടെ ദിവസമായിരിക്കും.. കാരുണ്യവാനായ കര്‍ത്താവ് ഞങ്ങളുടെ വീടിനെ സ്വന്തം ആലയമായിക്കരുതുകയും ആവശ്യങ്ങളില്‍ സഹായവും സങ്കടങ്ങളില്‍ സാന്ത്വനവും തരും. ആ ഉറപ്പുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഞങ്ങളുടെ ഒരേയൊരു കവചകുണ്ഡലമായ അമ്മയെ ഞങ്ങളില്‍ നിന്ന് അകറ്റിക്കളഞ്ഞത്..
ഡിസംബര്‍ 24 നു വൈകീട്ട് ലക്ഷ്മി ഹോസ്പിറ്റല്‍ വിട്ട് അമ്മ വരുമ്പോള്‍ ഇത്തവണയും പരിസരത്തില്‍ പാത്തും പതുങ്ങിയും കാത്തു നിന്ന കണ്ണും വായും ചെവിയുമില്ലാത്ത പിംഗളകേശിനിയെ പറ്റിച്ചു എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാലവള് ഈ ഫ്ലാറ്റിലേക്ക് കയറി വന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. ഒരു ഡോക്ടറായിരുന്ന ഞങ്ങളുടെ അച്ഛന് അവളുടെ ഗന്ധത്തെ തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുണ്ടായിരുന്നു. പല രോഗികളേയും കണ്ട് മടങ്ങി വരുമ്പോള്‍ 'ദെയര്‍ വാസ് ദ സ്മെല് …ദ സ്മെല് ഓഫ് ഡെത്ത് ' എന്ന് അച്ഛന് പറയുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്.
ക്രിസ്തുമസ്സിനു രാവിലെ അമ്മയ്ക്ക് പ്രഭാതഭക്ഷണവും മരുന്നും മൂക്കിലെ ട്യൂബിലൂടെ നല്കി. ക്രീം പുരട്ടിത്തിരുമ്മി തിളക്കം വരുത്തി. അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന് 'മാനസനിളയില്‍ പൊന്നോളങ്ങള്‍ മഞ്ജീരധ്വനി മുഴക്കി' എന്ന നൌഷാദിന്റെ ഗാനം കേള്‍പ്പിച്ചു. ധ്വനി അമ്മയ്ക്കിഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു. അതിലെ പ്രേം നസീറിന്റെ ഭാവഹാവാദികള്‍ അച്ഛനുണ്ടായിരുന്നതുകൊണ്ടാവാം . അച്ഛന്റെ അംഗീകാരമായിരുന്നു അമ്മ ജീവിതം മുഴുവന്‍ കൊതിച്ചിരുന്നത്. അത് ഒരു കാരണവശാലും കൊടുക്കുകയില്ലെന്ന് അച്ഛന് വാശിപിടിച്ചു. അമ്മയുടെ കഠിന പരിശ്രമങ്ങള്‍ക്കും അച്ഛന്റെ ദുര്‍വ്വാശിക്കുമിടയില്‍ കൊഴിഞ്ഞടര്‍ന്നത് ഞങ്ങളുടെ എല്ലാവരുടെയും ജീവിതമായിരുന്നുവല്ലോ.
പിന്നീട് ഉച്ചഭക്ഷണവും മരുന്നും നല്കി. അമ്മ അപ്പോഴെല്ലാം ആഴത്തില്‍ ശ്വാസമെടുത്തിരുന്നു. തുടര്‍ച്ചയായി മലവിസര്‍ജ്ജനം ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ അതെല്ലാം വൃത്തിയാക്കുകയും 'ഉം, അപ്പീട്ട് കളിക്യാണല്ലേ, വതി അതി പെത ' എന്ന് കളിപ്പിക്കുകയും അമ്മയെ കൊഞ്ചിക്കുകയും പുന്നാരിക്കുകയും അമിതാബ് ബച്ചന്റെ പാട്ടുകള്‍ കേള്‍പ്പിക്കുകയും ചെയ്തു.
ഉച്ചക്ക് രണ്ടുമണിയോടെ കണ്ണൻ വന്ന് അമ്മയെ കണ്ടു. അങ്ങനെ നൊമ്പരപ്പെടാനുള്ള ഒരടുപ്പമൊന്നും കണ്ണനുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയുടെ കൈത്തണ്ടയിൽ മെല്ലെ ഒന്നു തൊട്ടിട്ട് കണ്ണൻ തിരുവനന്തപുരത്തേക്ക് മടങ്ങി.
വൈകുന്നേരം നാലുമണി കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റായപ്പോള്‍ ആഴത്തിലുള്ള ഒരു ശ്വാസത്തോടെ മനോജ്ഞമായ ആ വലിയ കണ്ണുകള്‍ അമ്മ മെല്ലെ അങ്ങ് അടച്ചു കളഞ്ഞു. ഒരു പൂവ് കൂമ്പും പോലെ.. തൊട്ടാവാടിയില വാടുമ്പോലെ... വിളക്ക് പൊടുന്നനെ കെടും പോലെ.. ഉറക്കത്തില്‍ ഒരു സ്വപ്നത്തിലേക്ക് ഇറങ്ങി പോകുമ്പോലെ .. അത്രമേല്‍ സ്വാഭാവികമായി, ശാന്തമായി അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു.
ഡോക്ടറുടെ മക്കളായ ഞങ്ങള്‍ അമ്മയുടെ കണ്ണുകള്‍ തുറന്നു നോക്കി. ആ കറുത്ത കൃഷ്ണമണി നിശ്ചലമായിരുന്നു. പള്‍സ് കിട്ടുന്നുണ്ടായിരുന്നില്ല. അനവധി വര്‍ഷക്കാലം ജീവിതത്തിലെ എല്ലാ വേദനകളുമേറ്റിട്ടും പതറാതെ നിരന്തരമായി താളമടിച്ച ആ ഹൃദയം മൌനമായിരുന്നു. ബി പി മെഷീന് എറര്‍ എന്നെഴുതിക്കാണിച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ ഞങ്ങള്‍ ആംബുലന്‍സ് വിളിച്ചു. പോം പോം എന്ന് കരഞ്ഞ് വിളിച്ചുകൊണ്ട് അഞ്ചുമിനിറ്റില്‍ ലക്ഷ്മി ഹോസ്പിറ്റലില്‍ എത്തി. ഡോ തനൂജ് തന്നെയാണ് ഇ സി ജി നോക്കിയത്. 'ബ്രോട്ട് ഡെഡ് ' എന്ന് ഞങ്ങള്‍ക്ക് എഴുതി കിട്ടി.
അവയവദാനം ചെയ്യണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. തോരാത്ത കണ്ണീരിലും ഞങ്ങള്‍ അത് ഡോക്ടറെ അറിയിക്കാതിരുന്നില്ല. കഴിഞ്ഞ ആറുമാസമായി എട്ടൊമ്പതു തവണ ഐ സി യൂവിലായിരുന്ന അമ്മ സഹിച്ച ബുദ്ധിമുട്ടുകള്‍ ശരിക്കും അറിയാമായിരുന്ന ഡോക്ടര്‍ 'അമ്മയെ ഇനി ഒന്നും ചെയ്യേണ്ട... അവര്‍ അത്രയും കഷ്ടപ്പെട്ടുകഴിഞ്ഞു.. ഒന്നും ആര്‍ക്കും കൊടുക്കേണ്ട' എന്ന് ഞങ്ങളെ വിലക്കി. ഡോ തനൂജ് അമ്മയെ ഒരു രോഗി എന്നതിലേറെ അമ്മയായി തന്നെ കാണുകയായിരുന്നുവെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഞാനും അനുജത്തി റാണിയുമാണ് പോയിരുന്നത്. മറ്റാരും തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ക്രിസ്തുമസ്സ് ആയതുകൊണ്ട് കടകളെല്ലാം ഒഴിവായിരുന്നു. കുറെ ബുദ്ധിമുട്ടിയെങ്കിലും അനിയത്തി ഒരു പുത്തന്‍ ഗൌണ്‍ വാങ്ങിക്കൊണ്ട് വന്നു. ആശുപത്രിയില്‍ നിന്ന് തന്നെ അമ്മയെ ഡ്രസ്സ് ചെയ്യിച്ച് ആംബുലന്‍സില്‍ തിരിച്ചു വരുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി വീട്ടില്‍ കിടത്തി. ഞങ്ങള്‍ ഉറങ്ങിയില്ല. അമ്മയുടെ ശരീരവും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ കാണാതെയാകുമല്ലോ എന്നോര്‍ത്ത് ആധിപ്പെട്ടുകൊണ്ടിരുന്നു. ആ മുഖം കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു.
അതൊരു വല്ലാത്ത രാത്രിയായിരുന്നു. ചിംബ്ളുവിൻറെ സഹപാഠികള്‍ സന്ധ്യ മുതൽ എപ്പോഴും കൂടെ ഉണ്ടായിരുന്നു. എന്തു സഹായത്തിനും അവര്‍ തയാറായിരുന്നു. അവരാണ് ആദ്യം എത്തിയ ബന്ധുക്കൾ. അവർ ഒന്നടങ്കം ഭാഗ്യയോട് പറഞ്ഞു.. 'ആൻറി പറയൂ.. എന്തു വേണമെന്ന്.. എല്ലാം ഞങ്ങൾ എത്തിക്കാം. ഞങ്ങളില്ലേ.. '
അവർക്കറിയാമായിരുന്നു ചിംബ്ളു വിന് അമ്മയോടുണ്ടായിരുന്ന ആത്മബന്ധം.
അമ്മയുടെ മകള്‍ എന്ന് എപ്പോഴും ഉറപ്പിച്ച് അവകാശപ്പെടുന്ന ചിംബ്ലു എന്ന പൌത്രി അന്നേരം ഒട്ടും തന്നെ കരഞ്ഞില്ല.. പക്ഷെ, കരയുകയായിരുന്നു ഇതിലും ഭേദം. അവൾ ആയിരം കഷണങ്ങളായി ഉടഞ്ഞു പോയി.കഴിഞ്ഞ ആറുമാസമായി രാത്രികളില്‍ ഉണര്‍ന്ന് അമ്മയുടെ മൂത്രം എടുത്തുകളയുകയും ഷുഗറും ബി പിയും ചെക് ചെയ്യുകയും ഇന്‍സുലിന്‍ കുത്തുകയും ആവശ്യമുണ്ടെങ്കില്‍ ഭക്ഷണം ട്യൂബിലൂടേ നല്‍കുകയും മലം എടുത്തുമാറ്റുകയുമൊക്കെ അവള് ചെയ്തിരുന്നു. സ്കൂള്‍ വിട്ട് വന്നിട്ടും അല്ലെങ്കില്‍ തോന്നുമ്പോഴൊക്കെയും അമ്മയെ കെട്ടിപ്പിടിച്ച് കിടക്കുന്നതും അമ്മയുടെ ചെവിയില്‍ പാട്ടുപാടുന്നതും കഥ പറയുന്നതുമൊക്കെ അവളുടെ പതിവുകളായിരുന്നുവല്ലോ.
2 comments:
പ്രണാമം
എന്റെ അമ്മയുടെ മുന്നിൽ ചിംബ്ലു
എന്ന പൌത്രിയെ പോലെ തന്നെയാണ്
എന്റെ മകൾ മയൂഖയും
Post a Comment