ചെറുപ്പത്തിൽ അമ്മീമ്മയ്ക്കൊപ്പം ആഘോഷിച്ചിട്ടുള്ള ഒരു ഉൽസവമാണ് ദീവാളി. തൃക്കൂരിലെ മറ്റു തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ ദീവാളി ആഘോഷിച്ചിരുന്നതെങ്ങനെയെന്ന് എനിക്ക് ഓർമ്മയില്ല. ജാതിയില്ലാത്ത ഞങ്ങളെ അങ്ങനെ ആഘോഷങ്ങൾക്കൊന്നും ആരും വിളിക്കാറില്ല. അതുകൊണ്ട് ഞങ്ങൾ അമ്മീമ്മയ്ക്കൊപ്പം മാത്രം നവരാത്രി യും ദീവാളിയും തൃക്കാർത്തികയും സാവിത്രി വ്രതവും മറ്റും മുടക്കമില്ലാതെ ആഘോഷിച്ചുപോന്നു.
അച്ഛന് ദീപാവലി എന്നു തന്നെ പറയണമെന്ന് നിർബന്ധമായിരുന്നു. ദീവാളിയിലെ തമിഴ് ചുവ അച്ഛനെ അരിശം കൊള്ളിച്ചിരുന്നു. പിന്നെ ഉത്തരേന്ത്യയിലെ ജീവിതകാലത്താണ് വടക്കരെപ്പോലെ ഞങ്ങൾ മൂന്നു പേരും ദീവാളി എന്ന് പറഞ്ഞു തുടങ്ങിയത്.
അമ്മീമ്മ ദീവാളിക്കാലത്ത് ഞങ്ങൾക്ക് ഉടുപ്പെടുത്തു തരും. പലതരം മധുരപലഹാരങ്ങൾ ഉണ്ടാക്കും. എന്തെങ്കിലും ഒരു ചെറിയ പാത്രമെങ്കിലും വാങ്ങിക്കും. ഒരു സ്വർണപൊട്ടുകമ്മൽ പണിയിക്കും. ഒന്നിടവിട്ട വർഷങ്ങളിൽ ഉണ്ടാക്കുന്ന പൊട്ടുകമ്മലുകൾ ഞാനും റാണിയും പരസ്പരം ഇത്തവണ എൻറെയാ എന്ന് അടയാളപ്പെടുത്തി കാത്തിരുന്ന് സ്വന്തമാക്കും.
ദീവാളിയുടെ അന്ന് അതിരാവിലെ എണീറ്റ് തല കുളുർക്കേ എണ്ണ തേച്ച് കുളിക്കണം. അമ്മീമ്മ നിർബന്ധമായി എണീപ്പിക്കും. കുളിച്ചു കഴിഞ്ഞാൽ പുത്തൻ ഉടുപ്പ് കിട്ടും.
അന്ന് പ്രാതലിന് അടയായിരിക്കും. ഇഞ്ചിയും പച്ചമുളകും കായവും കറിവേപ്പിലയും ചേർത്ത് നെയ്യ് ഒഴിച്ചു ചുട്ട അട അല്ലെങ്കിൽ അമ്യാരു ദോശ. അതിന്റെ ഒപ്പം അപ്പക്കാരയിൽ ഉണ്ടാക്കിയ നെയ്യപ്പം അല്ലെങ്കിൽ ഉണ്ണിയപ്പം. അമ്മീമ്മയുടെ സ്പെഷ്യൽ ആയ മൈസൂർപ്പാക്ക്, മുറുക്ക്, ചീട...
ഉച്ചയൂണിന് സാമ്പാറിനും രസത്തിനും തോരനും പപ്പടത്തിനും അച്ചാറിനും ഒപ്പം കൂട്ടുകറി ഉണ്ടാവാറുണ്ട്. ശർക്കരപ്പായസവും കാണും...
ആ ആഹാരത്തിനെല്ലാം സ്വർഗീയമായ രുചി ആയിരുന്നു. കോട്ടൺ തുണികൊണ്ട് അമ്മീമ്മ തയിച്ചു തന്നിരുന്ന ഉടുപ്പുകൾ അതീവ സുന്ദരമായിരുന്നു. അതൊരു കാലം..
മാലപ്പടക്കം, ഓലപ്പടക്കം, ഗുണ്ട്, ബോംബ് തുടങ്ങിയ ആൺപടക്കങ്ങൾ സാധാരണയായി പൊട്ടിക്കാറില്ല. കമ്പിത്തിരിയും പാമ്പു ഗുളികയും തലച്ചക്രവും മത്താപ്പും മേശപ്പൂവും പോലെയുള്ള പെൺപടക്കങ്ങളാണ് ഞങ്ങൾ വാങ്ങി ഉപയോഗിക്കാറുള്ളത്. റാണിയാണ് എല്ലാം കത്തിക്കുക.
ഒരിക്കൽ ഒരു ദീവാളിക്ക് അമ്മീമ്മയുടെ പക്കൽ ഒട്ടും പണമില്ലായിരുന്നു. വക്കീൽ ഫീസ് ഒടുക്കിയതായിരുന്നു കാരണം. എണ്ണ തേച്ചു കുളിച്ചു പഞ്ചസാര ഇല്ലാത്ത കാപ്പിയും ഗോതമ്പ് ദോശയുമായി ഞങ്ങൾ മൂന്നു പേരും ഒന്നിച്ച് ആഘോഷിച്ച ആ ദീവാളിയും ഒരിക്കലും മറക്കാൻ കഴിയില്ല.
വടക്കേ ഇന്ത്യയിലെത്തിയപ്പോഴാണ് ദീവാളിയുടെ പകിട്ട് ശരിക്കും എൻറെ കണ്ണഞ്ചിപ്പിച്ചത്. പണക്കൊഴുപ്പിൻറെ ആധിപത്യം ദീവാളി ആഘോഷങ്ങളിൽ പ്രകടമാണ് അവിടെ. അമ്പതിനായിരം രൂപക്ക് പടക്കം പൊട്ടിക്കാൻ മടിയില്ലാത്തവർ.. വീട്ടുപകരണങ്ങളുടെ കടകളും പാത്രക്കടകളും ആഭരണക്കടകളും തുണിക്കടകളുമെല്ലാം തടിച്ചു കൊഴുത്ത് റോഡുകളിലേക്കിറങ്ങി വരും. എല്ലാവർക്കും ബോണസ്സു കിട്ടുന്ന സമയമാണ്. മനുഷ്യർ നല്ല വസ്ത്രങ്ങൾ ധരിച്ച് സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് പോകുന്നത് കാണുമ്പോൾ തന്നെ നമുക്കും ഒന്നുമില്ലെങ്കിലും ഉൽസവം വന്നെന്ന് തോന്നും.
ദില്ലിയിലെ ആദ്യവർഷങ്ങളിലൊന്നും ഞാൻ ദീവാളി ആഘോഷിച്ചിട്ടേയില്ല. എങ്കിലും മുപ്പതു രൂപക്ക് മധുരപലഹാരം പൊതിഞ്ഞു വാങ്ങി എനിക്കെത്തിച്ചു തന്ന് കഴിക്കണമെന്ന് നിർബന്ധം പിടിച്ച് ഞാൻ തിന്നുന്നതും നോക്കി നിറഞ്ഞ കണ്ണുകളോടെ യിരുന്ന കണ്ണനെ ഓർക്കാതിരിക്കുന്നതെങ്ങനെയാണ്.?
കുഞ്ഞിനെ തിരിച്ചു കിട്ടിയതിനു ശേഷം മാത്രമാണ് ആഘോഷങ്ങൾ എൻറെ കണ്ണിൽ പതിഞ്ഞു തുടങ്ങിയത്. അവൾക്കൊപ്പം മധുര പലഹാരങ്ങളും പാത്രങ്ങളും പുതിയ വസ്ത്രങ്ങളും വാങ്ങി സുഹൃത് ഭവനങ്ങളിൽ സന്ദർശനം നടത്തി ഞാനും എൻറെ അനിയത്തിമാരും ദീവാളി ആഘോഷിച്ചു. ദീവാളി കുളിച്ച് സ്വറ്റർ ധരിച്ചാൽ ഹോളി കുളിച്ചു സ്വറ്റർ ഊരിയാൽ മതിയെന്ന വടക്കേ ഇന്ത്യൻ പഴഞ്ചൊല്ല് കേട്ട് ചിരിക്കുമായിരുന്നു ഞങ്ങൾ..
റാണി ജോലിയുടെ ഏണിപ്പടികളിൽ ഉയർന്നു പോവുന്നതനുസരിച്ച് ദീവാളിയുടെ പകിട്ട് ഞങ്ങളുടെ ജീവിതത്തിലും വർദ്ധിച്ചു വന്നു. ഞങ്ങൾക്കും ഉത്തരേന്ത്യൻ കൂട്ടുകാരുണ്ടായി, ജോലി ഉയർന്നു. ജീവിതനിലവാരത്തിൽ മാറ്റം വന്നതനുസരിച്ച് ദീവാളി ആഘോഷവും മാറി. അങ്ങനെ ഒത്തിരി വിശേഷപ്പെട്ട സമ്മാനങ്ങളും തീൻപണ്ടങ്ങളുമായി അമ്മയുടെ അടുത്തു വന്നും റാണി ദീവാളി ആഘോഷിച്ചിട്ടുണ്ട്.
മൂന്നു വർഷം മുമ്പ് റാണിക്കൊപ്പമാണ് ദീപാലങ്കാരങ്ങളും, സമ്മാനങ്ങളും, വസ്ത്രങ്ങളും എല്ലാമായി ഒരു ദീവാളി ദില്ലിയിൽ വെച്ച് ഞാൻ ഒടുവിൽ ആഘോഷിച്ചത്..
അമ്മ മരിച്ചതിനു ശേഷം ഞങ്ങൾ ദീവാളി അങ്ങനെ കേമമായി ആഘോഷിക്കാതെയായി...
2 comments:
വടക്കേ ഇന്ത്യയിലെത്തിയപ്പോഴാണ് ദീവാളിയുടെ പകിട്ട് ശരിക്കും എൻറെ കണ്ണഞ്ചിപ്പിച്ചത്. പണക്കൊഴുപ്പിൻറെ ആധിപത്യം ദീവാളി ആഘോഷങ്ങളിൽ പ്രകടമാണ് അവിടെ. അമ്പതിനായിരം രൂപക്ക് പടക്കം പൊട്ടിക്കാൻ മടിയില്ലാത്തവർ.. വീട്ടുപകരണങ്ങളുടെ കടകളും പാത്രക്കടകളും ആഭരണക്കടകളും തുണിക്കടകളുമെല്ലാം തടിച്ചു കൊഴുത്ത് റോഡുകളിലേക്കിറങ്ങി വരും. എല്ലാവർക്കും ബോണസ്സു കിട്ടുന്ന സമയമാണ്. മനുഷ്യർ നല്ല വസ്ത്രങ്ങൾ ധരിച്ച് സന്തോഷത്തോടെ സംസാരിച്ചുകൊണ്ട് പോകുന്നത് കാണുമ്പോൾ തന്നെ നമുക്കും ഒന്നുമില്ലെങ്കിലും ഉൽസവം വന്നെന്ന് തോന്നും.
ദീവാളിയോർമ്മകൾ നന്നായി
ആശംസകൾ
Post a Comment