Saturday, November 2, 2019

മുറിവുകൾ പൂക്കുന്ന ഓർമ്മകൾ

                                                                                                    
                       

Mohan Kartha
എൻറെ മാത്രം വായനയാണിത്...

എന്തൊരു തരം ഓർമ്മകളാവും അതെന്ന് ആകുലപ്പെട്ടുകൊണ്ടാണ് മോഹൻ കർത്തയുടെ പുസ്തകം ഞാൻ വായിച്ചു തുടങ്ങിയത്.

പുസ്തകത്തിൻറെ കവറിലുള്ള വാചകങ്ങൾ എൻറെ ഉൽക്കണ്ഠയും ഒപ്പം ജിജ്ഞാസയും വർദ്ധിപ്പിച്ചതേയുള്ളൂ.

ആകർഷകമായ അനവധി ചിത്രങ്ങൾ ഈ പുസ്തകത്തിലുണ്ട്. കെട്ടും മട്ടും മനോഹരമത്രേ.

നിയതം ബുക്ക്സ് പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന് നൂറ്റി എൺപതു രൂപയാണ് വില.

ആദ്യത്തെ രണ്ടു കഥയും അല്ല അനുഭവവും അകാലത്തിൽ വേർപെടുന്ന മകളെക്കുറിച്ചുള്ള അച്ഛൻ നോവുകളാണ്.. ഓരോ വരിയിലും ആ നോവ് നമ്മെ വരിഞ്ഞുമുറുക്കും. പടിവാതിൽ മുട്ടിയതാരാണ് , നിറമില്ലാത്ത ചിതറിയ സ്വപ്നങ്ങൾ എന്നീ രണ്ടു കഥകളും നമ്മിൽ വേദനയുടെ കൂടിളക്കും.

അടുത്തത് അമ്മയുടെ മണമെന്ന കഥാനുഭവമാണ്.. അമ്മയുടെ ഒപ്പം ജീവിച്ചു മതിയാവാത്ത മക്കളാണ് ഇവിടെ.. മക്കളല്ല.. മകൻ.. മകൻ തന്നെ.. അമ്മ യാത്രയാവുന്ന രംഗം ഹൃദയത്തിൽ ഒരു കൊളുത്തിട്ടു വലിക്കും പോലെ വികാരനിർഭരം. വായിച്ചു തന്നെ അറിയേണ്ടത്.... ഈ മൂന്നു കഥാനുഭവങ്ങൾ പകർന്ന വികാരഭാരം നിമിത്തം അടുത്ത കഥയിലേക്ക് യാത്ര ചെയ്യാൻ സമയമെടുത്തു എന്നതാണ് സത്യം.

ഇല കൊഴിഞ്ഞ മരവും മീരയുടെ ഡയറിയും സൗഹൃദത്തിൽ രോഗമായി, അവയവങ്ങൾ ഇല്ലാതാകുന്നതായി തീവ്രമാകുന്ന ആഘാതമാണ്... നഷ്ടപ്പെട്ട പ്രണയം വീണ്ടും നഷ്ടമായി തളർത്തുന്ന നീറുന്ന വേദനയാണ്. രണ്ടു കഥകളും നല്ല രചനകളാണ്.

ജന്മവും തിരിച്ചുവരവും സോദ്ദേശകഥകളാണ്. ഇങ്ങനെയൊക്കെ കാര്യങ്ങൾ ശരിയാവുമോ എന്ന് എന്നിലെ സന്ദേഹി ഉണർന്ന് പുരികമുയർത്തിക്കാട്ടിയ കഥകൾ.

രണ്ടാം ഭാവവും പ്രതികാരവും വഞ്ചനകളെക്കുറിച്ചാണ് പറയുന്നത്. സ്ത്രീയും പുരുഷനും പരസ്പരം വഞ്ചിക്കാൻ സാധിക്കുന്ന മനുഷ്യർ മാത്രം...

തിരക്ക്, കൗമാരം എന്നീ കൊച്ചുകഥകൾ നനുത്ത പുഞ്ചിരിയിൽ അലിഞ്ഞു പോവുന്നവയായി തോന്നി എനിക്ക്.

വേലിയേറ്റം, കാത്തിരിപ്പിൻറെ വേദന, നിശ്ചയം... മൂന്നു കഥകളും പ്രണയമെന്ന വികാരത്തിന്റെ വിവിധ നിറങ്ങളെ കാണിക്കുന്നുണ്ട്. വെളുപ്പ് കലർന്ന ചാര നിറം.. ചിലപ്പോൾ ചാര നിറം... ഇനിയും ചിലപ്പോൾ കറുത്ത നിറം.

ആരതിയുടെ ആത്മഹത്യാചിന്തകൾ എന്ന കഥയും പുഞ്ചിരി വിരിയിക്കും. മഴയത്ത് കുട ചൂടി ഞാൻ സ്വയം ആറ്റിൽ ചാടാൻ പോയതു പോലെ ...

അമ്മത്തൊട്ടിൽ ഒരു വല്ലാത്ത കഥയാണ്. ചുരുങ്ങിയ വാചകങ്ങളിൽ പറയുന്ന ജീവിതം , അതിന്റെ നിസ്സംഗത...അത് വല്ലാതെ തകർത്തു കളഞ്ഞു...

യാത്രയും ചുരുങ്ങിയ വാചകങ്ങളിൽ ജീവിതം പറഞ്ഞ് കീറിമുറിക്കുന്ന കഥയാണ്.

ദ്വന്ദ്വഭാവവും മൂന്നുരുളയും ഗന്ധവും അറിയുന്നതിനേക്കാൾ അറിയാത്തതിനെക്കുറിച്ചുള്ള കഥാനുഭവങ്ങളാണ്. വായിക്കുമ്പോൾ ഭയം കൂണു പോലെ പൊട്ടിമുളക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കഥാനുഭവങ്ങൾ. എങ്കിലും ഒടുവിൽ ആശ്വസിച്ചു പോകുന്ന അനുഭവങ്ങൾ... എനിക്കും അപ്പോൾ സമാധാനം തോന്നി..

ഭാഷാപരിചരണം ഏറെ പ്രത്യേകമാണ് ഈ പുസ്തകത്തിൽ.. അതീവ ലളിതമായ ഭാഷയിൽ എഴുതപ്പെട്ട കഥാനുഭവങ്ങൾക്കൊപ്പം തന്നെ ഭാഷയെ പ്രത്യേകമായ ചില നിർമ്മിതികളിലൂടെ വ്യത്യസ്തമാക്കി നിലനിറുത്താനും ശ്രീ മോഹന് കഴിഞ്ഞിട്ടുണ്ട്. പൊതുവേ ലളിതമായി പറയുന്നതിൽ താല്പര്യമുള്ള എനിക്ക് പരിചരണങ്ങളില്ലാതെ എഴുതിയ കഥാനുഭവങ്ങളാണ് ഏറെ ഹൃദ്യമായി തോന്നിയത്.

ഇനിയും കൂടുതൽ എഴുതണമെന്നാണ് മോഹനോട് എനിക്കു പറയാൻ തോന്നുന്നത്.

പുസ്തകം വായിച്ചു നോക്കൂ..എല്ലാവർക്കും അങ്ങനെ തോന്നാതിരിക്കില്ല

2 comments: