എക്സ്ക്ലൂസീവ് മാസികയില്‍ 2017 ജാനുവരി പ്രസിദ്ധീകരിച്ച എന്റെ അഭിമുഖം കാണാത്ത കൂട്ടുകാര്‍ക്ക് താഴെ വായിക്കാം.
വേറിട്ട വഴിയിലൂടെ നടക്കുന്ന ഒരു നോവൽ അനുഭവം വായനക്കാർക്കു മുന്നിലേക്കു വയ്ക്കുകയാണ് എക്സകളുസീവ്
വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത്
പുതുതലമുറയിലെ വേറിട്ട ശബ്ദമായ എചമുക്കുട്ടിയുടെ നോവൽ വായിക്കുന്നതിനു മുൻപ് എഴുത്തുകാരിയുമായി അല്പനേരം സംസാരിക്കാം.
ഈ നോവലിലേക്കു
വന്ന സാഹചര്യം എചമുക്കുട്ടി തന്നെ വിശദീകരിക്കട്ടെ.
വ്യാഴവട്ടങ്ങളുടെ
കുറച്ചു ഭാഗം ഫേസ്ബുക്കിൽ പ്രസിദ്ധം ചെയ്തിരുന്നു. അതു വായിച്ചിട്ട് നിരവധി പേരാണ്
എന്നെ വിളിച്ചതും മെസേജ് ചെയ്തതും. എന്റെ അനുഭവം നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന്
പലരും ചോദിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. നമ്മുടെ നിയമവും കോടതികളും
സ്ത്രീകൾക്കു വേണ്ടിയല്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പ്രമേയത്തിലേക്കു വന്നത്.
ഇരുമ്പിന്റെ
കാലും സ്വർണ കൈയുമുണ്ടെങ്കിലേ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പിടിച്ചുനിൽക്കാനാവു.
ഇരുമ്പിന്റെ കാലും കാത്തിരിക്കാനുള്ള ക്ഷമയും സ്വർണക്കൈ വക്കീലിനെ പണം കൊണ്ടു
മുടാനുമാണ് വേണ്ടത്. അകാരണമായ ഒരു കേസ് പോലും നമ്മുടെ കോടതി ഫയലിൽ സ്വീകരിക്കും.
രണ്ടു മാസം കഴിഞ്ഞ് വിചാരണയ്ക്കെടുക്കും. നാലു മാസം കഴിഞ്ഞു തള്ളും. അതുവരെ അതിലെ
ഇര അനുഭവിച്ച മാനസിക പീഡനം ആരാലും പരിഗണിക്കപ്പെടാതെ പോകും. കോടതികൾക്കു
മനുഷ്യത്വം ഇല്ലെന്നു തന്നെ പറയാം.
കുടുംബം
നിൽക്കുന്നത് ദയയില്ലാത്ത കോടതി നിമിത്തം
നമ്മുടെ നാട്ടിൽ കുടുംബ ബന്ധങ്ങളിൽ വലിയൊരളവു നിന്നുപോകുന്നത് കോടതികളുടെ ദയാരഹിതമായ നടപടി മൂലമാണ്. കോടതിയിൽ പോകാനുള്ള ഭയവും ഗതികേടുമോർത്ത് പലരും സഹിച്ചുപോവുകയാണ്. അല്ലാതെ ഇവിടെ കുടുംബബന്ധങ്ങൾ വളരെ ഭദ്രമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അസാധാരണമായ വിൽപവറുള്ള സ്ത്രീകൾക്കു മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ മിക്ക കുടുംബങ്ങളിലും പിടിച്ചുനിൽക്കാനാവൂ. അത്രയ്ക്കു മാറിപ്പോയിരിക്കുന്നു നമ്മുടെ കുടുംബ ചുറ്റുപാടുകൾ. പാമ്പാണെങ്കിലും പഴയതു തന്നെ നല്ലതെന്നു കരുതി സഹിക്കുകയാണ് വലിയൊരളവു സ്ത്രീകൾ. ഇത്തരം ചില തിരിച്ചറിവുകൾ ഈ രചനയെ തീവ്രമാക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.
പെണ്ണിരയെ കൊന്നു തിന്നുന്ന വക്കീലന്മാർ
കോടതിയിൽ
ചെന്നുപെടുന്ന പെണ്ണിരയെ വക്കീലന്മാർ കൊല്ലാക്കൊല ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.
കമ്പോടുകമ്പ് നിന്റെ കേസ് പഠിച്ചു ഞാൻ ഉറക്കമിളയ്ക്കുകയാണെന്ന് അയാൾ അഭിനയിക്കും.
പിന്നെ, ഏതുനിമിഷവും ഭർത്താവ് ഈ കേസിൽ ജയിച്ചുകയറിപ്പോയേക്കാമെന്നഒരു ഭീഷണിയും അയാൾ
ബാക്കിവച്ചിരിക്കും. അവിടെയും ഇര അനുഭവിക്കുന്ന മാനസികപീഡനം ചെറുതല്ല.
പ്രസവിച്ചുകുട്ടിയും കരുതിവച്ചിരുന്ന സ്വർണവുമെല്ലാം ഭർത്താവിനും തൊഴിയും അപമാനവും
തനിക്കുമെന്ന ആശങ്കയിലാണ് ഓരോ പെണ്ണം കുടുംബകോടതിയുടെ വരാന്തയിൽ തന്റെ ഊഴം കാത്തു
നിൽക്കുന്നത്. ഇതെല്ലാം സഹിച്ച ഒരു പെണ്ണ്‍ കുടുംബ കോടതിയുടെ വാദിക്കുട്ടിൽ നിൽക്കണമെങ്കിൽ
അവൾ എത്രമേൽ പീഡനം സഹിക്കുന്നുവെന്ന് ഓർക്കുക.
ഇത്തരം
കുടുംബങ്ങൾ കുട്ടികൾക്കു കൊടുക്കുന്ന സന്ദേശവും വ്യത്യസ്തമാണ്. ആ വീട്ടിൽ വളരുന്ന
പെൺകുട്ടിക്കു കിട്ടുന്നത് തന്റെ വർഗം എന്നും അടിച്ചമർത്തപ്പെടാനുള്ളതാണെന്ന
തിരിച്ചറിവാണ്. ആ വീട്ടിലെ ആൺകുട്ടിയാവട്ടെ പെണ്ണ്‍ വേട്ടയാടപ്പെടാനുള്ള
വർഗമാണെന്ന ബോധം മനസ്സിലുറപ്പിക്കുന്നു.
തെറ്റുകാരനെ
ന്യായീകരിക്കുന്ന പുരുഷ കൂട്ടായ്മ
പുരുഷവർഗത്തിൽ
കാണുന്ന മറ്റൊരു പ്രത്യേകത അവർ തെറ്റുകാരനെ ഒറ്റപ്പെടുത്താൻ ശ്രമിക്കാറില്ല. ഒരു
തെറ്റുകാരനെ കാണുമ്പോൾ അവരുടെ വർഗബോധം ഉണരും. അവർ തെറ്റുകാരനെ ന്യായീകരിക്കും.
അയാൾക്കു വേണ്ടി അവർ ന്യായം കണ്ടെത്തും.
എല്ലാ
പുരുഷന്മാരും ഇങ്ങനെയാണെന്നു പറയുന്നില്ല. അസാധാരണമായ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്ന
എത്രയോ പുരുഷന്മാരുണ്ട്. പക്ഷേ, ഭൂരിപക്ഷവും മേൽപ്പറഞ്ഞ വിഭാഗത്തിലാണ്
പെടുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്.
കുടുംബ
ബന്ധങ്ങൾ ശിഥിലമാക്കുന്നതിൽ സ്ത്രീക്കും പങ്കുണ്ട്. പക്ഷേ, അവിടെയും
പുരുഷന്റെ തുലാസ് തന്നെയായിരിക്കും താണിരിക്കുക. തരം കിട്ടിയാൽ സ്ത്രീയായാലും
പുരുഷനായാലും അധികാരം എടുത്തു പ്രയോഗിക്കും. അതാണ് പലപ്പോഴും വലിയ മുറിവുകൾക്കു
കാരണമായി മാറുന്നത്.
ദൈവത്തെ
കാണണമെങ്കിലും പുരുഷനെ പ്രീണിപ്പിക്കണം
സ്ത്രീ പിന്നാക്കമാണെന്നു തെളിയിക്കാൻ ഇനിയും ഉദാഹരണങ്ങളുണ്ട്. ദൈവവുമായി സ്ത്രീകളെ അടുപ്പിക്കാറില്ല. അവൾക്ക് അശുദ്ധിയുടെ ദിനങ്ങളുടെ കാര്യം പറഞ്ഞും മറ്റും ഒഴിവാക്കി നിറുത്തും. ദൈവത്തിനും സ്ത്രീക്കുമിടയിൽ പോലും പുരുഷനായ ഒരു പൂജാരി കാണും. സ്ത്രതീക്കു വേണ്ടി ദൈവത്തോടു സംസാരിക്കുന്നത് ഈ പുരുഷനായിരിക്കും. ആ പുരുഷനെ പ്രീണിപ്പിച്ചാൽ മാത്രമേ അവൾക്കു ദൈവത്തിങ്കിലും അഭയം തേടാനാവു. ചുരുക്കത്തിൽ ഒരു മതവും സ്ത്രീക്കു സുരക്ഷ ഉറപ്പു പറയുന്നില്ല. അവളെക്കുറിച്ച ഒരു മതത്തിനും വേവലാതിയുമില്ല. യുദ്ധം ആണിന്റെ കളിയാണെങ്കിൽ മതം ആണിന്റെ സ്ഥാപനമാണ്. ആകയാൽ ഞാൻ സ്ത്രീയെന്ന മതത്തിൽ വിശ്വസിക്കുന്നു.
വരണ്ട ജീവിതം പോലെ നോവല്‍ ഭാഷ
വരണ്ട ജീവിതം മുന്നിൽ കിടക്കുന്ന ഒരു സ്ത്രീയാണ് ഇതിലെ കഥാപാത്രം. അവൾക്കു മുന്നിൽ പച്ചപ്പുകളില്ല. ഒരു കൂൾ ഡ്രിങ്കിന്റെ തണുപ്പുപോലും അവളുടെ ജീവിതത്തിലില്ല. അതിനാൽ ഒരു വരണ്ട ഭാഷയാണ് ഇതിൽ ഉപയോഗിക്കുന്നത്. തൊങ്ങലുകളുള്ള ഭാഷ ഈ കഥയ്ക്കു ചേരില്ല. അതിനാൽ എല്ലാ അലങ്കാരങ്ങളും ഇതിലെ എഴുത്തുകാരി അഴിച്ചുവച്ചിരിക്കുന്നു. ഒരുതരം നഗ്നഭാഷയെന്നു പറയാം.
പുരുഷന്റെ വേദനയെക്കുറിച്ച ഒരുപാട് എഴുത്തുകൾ വന്നിട്ടുണ്ട്. അതു ഞാനും ആവർത്തിക്കേണ്ടതില്ലല്ലോ. സ്ത്രീയുടെ സങ്കടങ്ങൾ ചർച്ചചെയ്യുന്ന എഴുത്തുകൾ തീരെക്കുറ വ്. അതുകൂടിയാവാം ഇത്തരമൊരു എഴുത്തിലേക്ക് എന്നെ അടുപ്പിച്ചത്.
ഏതു നിമിഷവും താൻ അപകടപ്പെടാമെന്ന ഭയം ഓരോ ഇന്ത്യൻ സ്ത്രീയെയും വേട്ടയാടുന്നുണ്ട്. അങ്ങനെയാണോ ഒരു രാജ്യം വേണ്ടത്. പൊലീസിനോടു സഹായം ചോദിച്ചെത്തുന്ന സ്ത്രീ പോലും ഭാഗ്യമുണ്ടെങ്കിലേ രക്ഷപ്പെടൂ. തങ്കമണി മുതൽ മഥുര വരെ കലാപം നടന്ന ഒരിടത്തും സ്ത്രീ സുരക്ഷിതയായിരുന്നില്ല.
കുട്ടിവേശ്യകളുടെയും വായ്പ്പുണ്ണ പിടിച്ച ആൺകുട്ടികളുടെയും ഇന്ത്യ
ഇന്ത്യ അത്ര മെച്ചപ്പെട്ടുവെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ദാരിദ്ര്യവും ഇല്ലായ്മകളും അറിയണമെങ്കിൽ യാത്ര ചെയ്യണം. ഒരു തുണ്ട് റൊട്ടിക്കോ ഹൽവയ്ക്കോ വേണ്ടി യാചിക്കുന്ന ഇന്ത്യക്കാരനെ കേരളത്തിനപ്പുറത്ത് പലേടത്തും കാണാം. ക്ഷേത്രത്തിലെ ആഹാരം കഴിച്ചു ജീവിക്കുന്ന ഇന്ത്യക്കാർ ആയിരക്കണക്കിനാണ്. ഭക്ഷണം അപ്രാപ്യമായ രാജ്യത്ത് എപ്പോൾ വേണമെങ്കിലും കലാപം പൊട്ടിപ്പുറപ്പെടാം.
ലക്ഷക്കണക്കിന് കുട്ടിവേശ്യകളുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ഉപഭോക്താക്കൾ ഒരിക്കലും സ്ത്രീകളല്ല. പുരുഷന്മാരാണ്. ആയിരക്കണക്കിന് ആൺകുട്ടികളും സമാന ദുര ന്തത്തിന്റെ ഇരകളാണ്. രതിവൈകൃതങ്ങളുടെ ഇരകളായി വായ്പ്പുണ്ണു വന്ന് ഒരു കവിൾ ചായ പോലും കുടിക്കാനാവാതെ കണ്ണീരോടെ ഇരിക്കുന്ന കുട്ടികളെ ഉത്തരേന്ത്യയിൽ ഞാൻ കണ്ടിട്ടുണ്ട്.
ധാരണകളെ മാറ്റിമറിക്കുന്ന യാത്രകൾ
എഴുത്തിനൊപ്പം തന്നെ യാത്രകളെയും ഞാൻ പ്രണയിക്കുന്നുണ്ട്. ഓരോ യാത്രയും പുതിയ തിരിച്ചറിവുകൾ തരുന്നു. കാഴ്ചപ്പാടുകൾ മാറ്റും. യാത്ര ജീവിതം തന്നെ മാറ്റുന്നു. ജീവിതത്തെ കള്ളി തിരിച്ചുള്ള പ്രവൃത്തികൾ യാത്ര ആവശ്യപ്പെടുന്നില്ല. രാവിലെ എഴുന്നേൽക്കണം. വ്യായാമം ചെയ്യണം. കാച്ചിയ പാൽ കുടിക്കണം തുടങ്ങിയ തത്രപ്പാടുകളൊന്നും യാത്രാവേളകൾ ആവശ്യപ്പെടുന്നുമില്ല. ചട്ടങ്ങളുടെ ബന്ധനമില്ലാതെ പരമാവധി സ്വാതന്ത്ര്യമാണ് യാത്ര തരുന്നത്.
യാത്രയിൽ ഭൂഘടനകൾ മാറുന്നതിനൊപ്പം നമ്മുടെ ചിന്താധാരപോലും മാറും. നമ്മൾ ചെയ്യുന്നതും ചെയ്തിരുന്നതുമാണ് ശരിയെന്ന തോന്നൽ പോലും മാറ്റിക്കളയും യാത്രകള്‍
ആകാശം നോക്കി കിടക്കുന്ന ഔറംഗസീബ് ചക്രവർത്തി
മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരത്തിൽ നിൽക്കുമ്പോൾ അത്തരമൊരു തിരിച്ചറിവ് കിട്ടിയിരുന്നു. ചരിത്രത്തിലെ ഒരു മോശം ചക്രവർത്തിയാണ് അയാൾ. അയാൾ തകർത്ത ക്ഷേത്രങ്ങൾക്ക് എണ്ണമില്ല. ചെയ്ത പാതകങ്ങൾക്കും കണക്കില്ല. പക്ഷേ, ആ മനുഷ്യൻ അന്ത്യനിദ്ര ആഗ്രഹിച്ചത് തുറന്ന ആകാശത്തിനു കീഴിലാണ്. മാർബിൾ പതിച്ച ശവകുടീരം ആഗ്രഹിച്ചില്ല. കഴ്സൺ പ്രഭുവോ മറ്റോ ആണ് ശവമാടത്തിനു ചുറ്റും ഒരു ചങ്ങല നിർമ്മിച്ചത്. ആ യാത്രയിൽ കിട്ടിയ വലിയ തിരിച്ചറിവ് ഇങ്ങനെയായിരുന്നു: മനുഷ്യനെ മനസ്സിലാക്കുക എന്നത് ഒട്ടും എളുപ്പമല്ല.
പുസ്തകളങ്ങളിൽ വായിക്കുന്നവ പലതും ബയാസ്ഡായിട്ടുള്ള വിവരങ്ങളാണ്. പക്ഷേ, യാത്രയിൽ കിട്ടുന്ന അനുഭവങ്ങളും അറിവുകളും മറ്റൊരാളുടെ വിവരണത്തിലെ തെറ്റുകൾ കടന്നുകൂടാത്തതായിരിക്കും. അതുകൊണ്ടു തന്നെ വായനയെക്കാൾ സത്യസന്ധമായ അറിവ് യാത്ര തരുന്നു. കോംപ്രിഹെൻസീവ് വിഷനുള്ള എഴുത്തുകാരും കൃതികളും താരതമ്യേന കുറവാണ് എല്ലാ ഭാഷയിലുമെന്നത് ഒരു സത്യമാണ്.
ഒരെഴുത്തും പുർണമല്ല, എഴുത്തുകാരും
ഒരെഴുത്തും പൂർണമല്ല. പ്രകൃതിയിലെ കാഴ്ചകൾ പോലും പൂർണമല്ലെന്നിരിക്കെ എഴുത്ത് പൂർണമായെന്നു വരില്ലല്ലോ. പ്രകൃതിയിൽ കാണുന്നതിനെ പുനരാവിഷ്കരിക്കുകയാണ് എഴുത്തുകാരൻ. അപ്പോൾ അയാളുടെ രചനാപരിമിതികൾ എഴുത്തിനെയും ബാധിക്കുന്നു. ഇത്രയും പരിമിതികൾ നിലനിൽക്കെ തന്നെ എന്റെ എഴുത്ത് നന്നായി എന്ന് എഴുത്തുകാരൻ വിശ്വസിക്കുന്നിടത്ത് കുടുതൽ പ്രശ്നങ്ങൾ തലപൊക്കുന്നു. ഇവിടെയാണ് കുലപതികൾ ശണ്ഠ കൂടുതന്നതും മറ്റും. തു... തു... മേം... മേം... എന്നു തുടങ്ങുന്ന തർക്കങ്ങൾ പോലും എഴുത്തുകാരുടെ പരിമിതികളിൽ നിന്നു തുടങ്ങുന്നതാണ്.
ടാൻസ്ജെൻഡറുകളുടെ സങ്കടജീവിതം
ഞാനറിയാതെ വളർന്നുപോയ ഒന്നായിരുന്നു ട്രാൻസ്ജെൻഡറുകളെ കുറിച്ച് എഴുതിയ തുടർക്കഥ. ചെറുതായെഴുതാൻ തീരുമാനിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോൾ
വലുതായിപ്പോയി. പിന്നിലിരുന്ന ആരോ കൈപിടിച്ച് എഴുതിക്കുന്നതു പോലൊരു അനുഭവമായിരുന്നു.
മൂന്നാം ലിംഗക്കാരെന്നൊരു വിഭാഗത്തെക്കുറിച്ചു നമ്മുടെ സമൂഹവും ഭരണാധികാരികളും ചിന്തിക്കുന്നതുകൂടിയില്ല. നമ്മുടെ ലൈംഗികചിന്തകൾ പോലും പുരുഷകേന്ദ്രീകൃതമാണല്ലോ. അതു സ്ത്രീയും സമ്മതിച്ചുകൊടുക്കുന്നുമുണ്ട്. ഈ ചിന്തയ്ക്കും പുറത്താണ് മൂന്നാം വർഗം.
ഒരിക്കൽ പുണെ റെയിൽവേ സ്റ്റേഷനിൽ രണ്ടു ട്രാൻസ്ജെൻഡറുകളും ഒരു ചായ് വാലയും സംസാരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. സ്റ്റേഷനിൽ അടുക്കി വച്ചിരിക്കുന്ന ചാ ക്കുകൾക്കു മുകളിലിരുന്നാണ് അവർ സംസാരിക്കുന്നത്. താമസിക്കാൻ ഒരു വാടകവീടു പോലും കിട്ടാത്ത ദുരിതത്തെക്കുറിച്ചാണ് അവരിരുവരും ചായക്കാരനോടു പറയുന്നത്. അയാൾ അവരുടെ സങ്കടങ്ങൾ ഉൾക്കൊണ്ട് തിരിച്ചും സംസാരിക്കുന്നു. പൊലീസിന്റെ ചൂഷണം ഉൾപ്പെടെ അവർ നേരിടുന്ന വിഷമതകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ജോലി കഴിഞ്ഞു വന്ന് കുളിച്ച് ഒന്നു തല ചായക്കാൻ ഇടമില്ലാത്ത അവരുടെ ജീവിതദുരിതമാണ് അവർ പങ്കുവച്ചത്. ആ ചായ് വാല കാണിച്ച സന്മനസ്സും ക്ഷമയും നമ്മുടെ പൊതുസമൂഹം ട്രാൻസ്ജെൻഡറുകളോടു കാണിക്കുന്നുവെന്ന് എനിക്കു തോന്നുന്നില്ല. അതിൽ നിന്നാണ് അത്തരമൊരു എഴുത്തിലേക്കു മനസ്സു പോയത്. നമുക്ക് ട്രാൻസ്ജെൻഡറിനെ കാണുമ്പോൾ ആദ്യം മുഖത്തു വരുന്നത് ഒരു അശ്ലീലഭാവമാണ്. യാചകരും ലൈംഗിക ഉപകരണങ്ങളുമെന്നതിനപ്പുറം അവരെ വ്യക്തികളായി അംഗീകരിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
ബ്ളോഗിനെ പുച്ഛിച്ച എൻ.എസ് മാധവൻ അറിയാൻ
പുതിയ എഴുത്തുകാർ വെല്ലുവിളി നേരിടുന്നുണ്ട്. ബ്ളോഗിലോ ഫേസ്ബുക്കിലോ എഴുതുന്നവ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മടിക്കുന്നു. പ്രസാധകരുടെ ലോകത്ത് ഇപ്പോഴും ലബ്ദപ്രതിഷ്ഠർക്കാണ് സ്ഥാനം. പ്രതിലിപി പോലുള്ള
വെബ് ഇടങ്ങളിൽ ഒരു ചെറുകഥ പോലും പതിനായിരങ്ങളാണ് വായിക്കുന്നതെന്നത് നാം തിരിച്ചറിയാത്ത സത്യവും. നവമാധ്യമങ്ങളിലെ എഴുത്തിന് ഉൾക്കാമ്പില്ലെന്ന് ആ ക്ഷേപിക്കുന്നവരുണ്ട്. വെബിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാണെന്നാണ് പൊതു വിമർശം. പക്ഷേ, അവർക്കിടയിലും നല്ല രചനകൾ വരുന്നുണ്ട്. അവർ പരസ്പരം വായിക്കുകയും വിമർശിക്കുകയും അനുമോദിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ വലിയ എഴുത്തുകാർക്കില്ലാത്ത ശീലവുമാണല്ലോ അത്. വെബിലെ എഴുത്തുകാർക്ക് എഡിറ്റ്റില്ല. അവനവൻ തന്നെയാണ് എഡിറ്റർ. അതുകൊണ്ടു തന്നെ അവരുടെ എഴുത്തിന്റെ ഉത്തരവാദിത്വം അവർക്കു തന്നെയാണ്. എഡിറ്ററുടെ പേന തൊടാത്തതെല്ലാം മോശമാണെന്ന ഒരു പൊതുധാരണ നമുക്കിടയിൽ നിലവിലുണ്ട്. ബ്ളോഗെഴുത്തിന്റെ കാലം കഴിഞ്ഞുവെന്നു പറയുന്നവരുണ്ട്. ഒരു സമയത്ത് എൻ.എസ് മാധവൻ ബ്ളോ ഗുകളെ വല്ലാതെ പുകഴ്ത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ മകൾ മീനാക്ഷി റെഡ്ഡി സ്ഥിരമായി ബ്ളോഗ് എഴുതുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത സമയമായിരുന്നു. മകൾ ബ്ളോഗെഴുത്തു നിറുത്തിയപ്പോളൾ മാധവനും പറയുന്നു ബ്ളോഗിന്റെ കാലം കഴിഞ്ഞെന്ന്. പക്ഷേ, നല്ല ബ്ളോഗുകൾ നിലനിൽക്കുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം.
ഉത്തരവാദിത്വം ഇല്ലാത്തവരുടെ നാട്
ഉത്തരവാദിത്വം ഇല്ലായ്മയും ഏറ്റെടുക്കാൻ അനുവദിക്കാത്തതുമാണ് നമ്മുടെ സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളി. യു ഫോളോ മീ എന്നാണ് രക്ഷിതാക്കൾ പോലും കുട്ടികളെ പഠിപ്പിക്കുന്നത്. നീയായി വളരൂ എന്ന് ആരും പറയുന്നില്ല. കല്യാണം പോലും സ്വന്തം താത്പര്യത്തിന് നമ്മുടെ സമൂഹത്തിൽ അനുവദിക്കപ്പെടുന്നില്ല. വീട്ടുകാർ ഒരാളെ കണ്ടെത്തിത്തരും. എന്നിട്ടു പറയും, നാളെ മുതൽ നീ ഇവനെ സ്നേഹിക്കുക. നമ്മുടെ ഭാഷയും എഴുത്തുകളും പോലും ഈ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്. അതുകൊണ്ടാണ് എഴുത്തിൽ പോലും ഉത്തരവാദിത്വം കാണിക്കാൻ നമ്മുടെ എഴുത്തുകാർക്കു കഴിയാത്തത്. വിമർശനം വരുമ്പോൾ അതികഠിനമായ അസഹിഷ്ണുത തോന്നുന്നതും ഈ പാരമ്പര്യം നിമിത്തമാണ്.
ബാഹ്മണ
വേരുകൾ മുറിച്ച് എച്മുക്കുട്ടി
കല, സി എന്ന
പേരിലാണ് ഞാൻ ആദ്യം കുറച്ചൊക്കെ എഴുതിയത്. പിന്നീടാണ് എച്ചമുക്കുട്ടി എന്ന പേരു
സ്വീകരിച്ചത്. ആ പേർ മാറ്റണമെന്നു പലരും പറഞ്ഞെങ്കിലും എനിക്കതിൽ
അസ്വാഭാവികതയൊന്നും തോന്നിയില്ല. എന്റെ ബ്രാഹ്മണ വേരുകളോടുള്ള പ്രതിഷേധം കൂടിയാണ്
ഈ പേര്.
വീട്ടിൽ
അടിച്ചു തളിക്കാൻ ഒരു നായർ സ്ത്രതീ വരുമായിരുന്നു. അവർ ജീവിച്ചിരിപ്പുണ്ട്. അവരുടെ
പേർ ലക്ഷമിക്കുട്ടി എന്നായിരുന്നു. ലക്ഷ്മി ഞങ്ങൾക്കു ധനദേവതയാണ്. ലക്ഷ്മീ
മുറ്റമടിച്ചുവാരു, ലക്ഷ്മീപാത്രം മോറു. എന്നൊക്കെ പറയാനുള്ള വിഷമം നിമിത്തം അവരെ എച്ചമു എന്നു
വിളിച്ചു. അതാവുമ്പോൾ ലക്ഷ്മീദേവിയെക്കൊണ്ട് മുറ്റമടിപ്പിച്ചുവെന്ന ജാള്യമില്ലാതെ
വിളിക്കാവുന്ന പേരാണല്ലോ. അങ്ങനെ ലക്ഷ്മി എച്ചമുവായി.
ബോധമുറച്ചപ്പോൾ
എന്റെ വേരുകൾ നിരാകരിക്കുന്നതിന്റെ ഭാഗമായി എച്ചമു എന്ന പേരു ഞാനെടുത്തു. അങ്ങനെ
ഞാൻ എച്ചമുക്കുട്ടിയായി.