ഈ മൂന്നു കാര്യങ്ങളും എല്ലാ ജീവിവർഗങ്ങൾക്കുമുണ്ട്. കഴിഞ്ഞുകൂടാൻ നിവൃത്തിയേറും തോറും മനുഷ്യരാണ് ഈ കർമങ്ങളെ കൂടുതൽ കൂടുതൽ സങ്കീർണമാക്കുന്നതെന്ന് മനുഷ്യ ഗേഹങ്ങൾ നിർമ്മിക്കുന്നത് കണ്ടുമനസ്സിലാക്കുമ്പോൾ എനിക്ക് തോന്നീട്ടുണ്ട്.
ധനികരെയും സവർണരേയും സവർണരാവാൻ പണംകൊണ്ടും അധികാരം കൊണ്ടും എന്ത് ക്രൂരതയും കാണിക്കുന്നവരെയും സേവിക്കാനാണല്ലോ തോട്ടികളെ മനുഷ്യർ ഉണ്ടാക്കിയെടുത്തത്. എന്നിട്ട് അവർക്ക് അയിത്തം കല്പിച്ചു. അവരെ കണ്ടാൽ ബാക്കിയെല്ലാവരും അറച്ചിട്ടങ്ങ് കുളിച്ചു ശുദ്ധമാകും. വിസർജ്യം എടുക്കാൻ മറ്റു മനുഷ്യരെ നിയോഗിക്കുന്നവർ മിടുക്കർ ശുദ്ധർ... അതെടുക്കുന്നവർ ബുദ്ധി ഹീനർ അശുദ്ധർ..
ജാതിശ്രേണി ഇക്കാര്യത്തിലും വളരെ പ്രബലമാണ്. വിസർജനത്തിനും വിസർജ്യത്തിനും സംസ്കൃതമോ ഇംഗ്ലീഷോ പ്രയോഗിച്ചാൽ അത് കൊള്ളാം. എന്നാൽ നാടൻ വാക്കുകൾ മഹാമോശമാകുന്നു. അത് സംസ്ക്കാരക്കുറവിനെ കാണിക്കുന്നുവെന്നാണ് വെപ്പ്.
ടി വി യിൽ ടോയ് ലറ്റ് ക്ളീനിംഗിൻറെ പരസ്യത്തിന് വരുന്ന സിനിമാക്കാരില്ലേ.. അവരെ കണ്ട് അന്തം വിടുന്ന വീട്ടമ്മമാരില്ലേ..നൂറുകണക്കിന് ടോയ് ലറ്റ് ക്ളീനിംഗ് ഉൽപന്നങ്ങളില്ലേ... അവിടെവിടെങ്കിലും തോട്ടിയുടെ പരാമർശമുണ്ടോ? ഇല്ല... നിയമം വഴി നിരോധിച്ച സ്ത്രീധനം പോലെ ഒരു സംഭവമാണ് തോട്ടി ജോലിയും... നിരോധിച്ചാൽ മതി... പിന്നെ അതില്ല.. അങ്ങനെ അത് ചെയ്യുന്നവരും ഇല്ല.. പക്ഷേ, ഭൂരിഭാഗം എല്ലാവരുടെയും മനസ്സിലും സ്ത്രീധനസ്വപ്നങ്ങൾ പൂക്കുന്നതു പോലെ, കക്കൂസ് കഴുകുന്നവരെപ്പറ്റി തോട്ടി ജോലിയെ പറ്റി എത്ര നിരോധിച്ചാലും അറപ്പിൻറേയും വെറുപ്പിൻറേയും കയ്പ് പൂക്കുന്നുണ്ട്. അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും താഴ്ത്തപ്പെട്ട ജാതിക്കാരോടുള്ള അറപ്പും അകൽച്ചയും പുച്ഛവും വളർന്ന് പൂത്ത് നിറയും പോലെ....
അച്ഛൻ വിശ്വകർമജനായതുകൊണ്ട് ഇക്കാര്യങ്ങൾ ഒത്തിരി അനുഭവിച്ചിട്ടുള്ളവരാണ് ഞങ്ങൾ.
തികഞ്ഞ സവർണരും അവരാവാൻ ഉദ്യമിക്കുന്നവരും തലങ്ങും വിലങ്ങും എടുത്ത് പ്രയോഗിക്കുന്ന ഒരു വിശേഷപ്പെട്ട പദമാണ് വൃത്തി. ഞങ്ങളെ ഈ ജാതിക്കെറുവിൻറെ പേരിൽ വൃത്തി പഠിപ്പിക്കാത്തവരായി ആരും തന്നെയില്ല. ചിലയിടങ്ങളിൽ പുറത്തെ ടോയിലറ്റ്, കുളിമുറി വീട്ടുസഹായിയുടെ ടോയിലറ്റ് ഒക്കെ എനിക്കായി സംവരണം ചെയ്തു തരും. ഞാൻ കണ്ണുതെറ്റിച്ച് നല്ല ടോയിലറ്റിൽ കയറി അവിടം അവർണതയുടെ അശുദ്ധി നിറച്ച് വൃത്തികേടാക്കിയോ എന്ന് വല്ലാതെ ഉൽക്കണ്ഠപ്പെടുന്നവരുണ്ട്. എനിക്ക് ചിരി വരും. ചിലപ്പോൾ കരച്ചിലും. സംശയം കൊണ്ട് ഭ്രാന്ത് പിടിച്ചു ഇവിടമാകെ തീട്ടച്ചൂരടിക്കുന്നുവെന്ന് അരിശപ്പെട്ട് ടോയിലറ്റ് ഉടനെ തന്നെ കഴുകി വൃത്തിയാക്കും ചിലർ. അന്നേരമെല്ലാം കുരങ്ങിനെപ്പോലെ ഇളിക്കുകയായിരിക്കും ഞാൻ..
അപമാനിക്കുന്നതിന് എന്തൊക്കെ മാർഗങ്ങളാണ് അല്ലേ...
മറ്റുള്ളവരുടെ വീടുകളിലെ വിലക്കപ്പെട്ട ഇടങ്ങളിൽ ഞാൻ എത്തിനോക്കുക പോലുമില്ല കേട്ടോ.
ബ്രാഹ്മണ വേരുകളോടുള്ള എതിർപ്പ് ഞങ്ങളോട് തീർക്കുന്ന അവർണരും ഒട്ടും മോശമായിരുന്നില്ല. ഞങ്ങൾ കുളിക്കാതെ വിളക്ക് തൊടില്ല, പൂജാമുറിയിൽ കയറില്ല, നല്ല വൃത്തീം വെടിപ്പുമുണ്ട് ഞങ്ങൾക്ക്... പിന്നെ ഇങ്ങനേയും പറയും നിങ്ങൾ ബ്രാഹ്മണന്മാരെപ്പൊലെ നാറ്റവളി വിടില്ല ഞങ്ങൾ കാരണം ഞങ്ങൾ എല്ലു മുറിയേ പണിയെടുക്കുന്നവരാണ്..
കുരങ്ങിനെപ്പോലെ ചുമ്മാ പല്ലിളിക്കുകയേ ഇവിടേയും എനിക്ക് സാധിക്കാറുള്ളൂ.
അമ്മ തമിഴ് ബ്രാഹ്മണ സ്ത്രീയാണെന്നും അച്ഛൻ മലയാളി വിശ്വകർമനാണെന്നുമുള്ള വസ്തുത എനിക്ക് എത്രയായാലും നിഷേധിക്കാൻ പറ്റില്ലല്ലോ.
ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞതുകൊണ്ടും എത്ര ഗതികെട്ടവരാണ് ഈ തൂറലും മുള്ളലും കുളിക്കലും ഒന്നും വേണ്ട നേരത്ത് സാധിക്കാതെ അടക്കിപ്പിടിച്ച് വീർപ്പുമുട്ടുന്നതെന്നറിയുന്നതുകൊണ്ടും ജാതിയും വൃത്തിയും ഒക്കെ പറഞ്ഞ് എന്നെ വേദനിപ്പിച്ചവരോടും അപമാനിച്ചവരോടും പിന്നെപ്പിന്നെ എനിക്ക് ഒരു വികാരവും തോന്നാതെയായി...
മനസ്സിന് വലുപ്പമില്ലെങ്കിൽ വൃത്തിയില്ലെങ്കിൽ പിന്നെ... നമുക്ക് ആരേയും അപമാനിക്കാൻ കഴിയും... അതിനുള്ള കാരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.
1 comment:
മനസ്സിന് വലുപ്പമില്ലെങ്കിൽ വൃത്തിയില്ലെങ്കിൽ പിന്നെ... നമുക്ക് ആരേയും അപമാനിക്കാൻ കഴിയും... അതിനുള്ള കാരണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല.
Post a Comment