എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാൻ അരാഷ്ട്രീയത അലങ്കാരമായി , നിഷ്കളങ്കതയായി, പാവത്തമായി കാണുന്ന ഒരു പെണ്ണല്ല. രാഷ്ട്രീയം മോശമാണെന്നും നിലപാടുകൾ ഉണ്ടാവാൻ പാടില്ലെന്നും ദൈവം പുരുഷത്വത്തിന് സംവരണം ചെയ്ത മഹാഅൽഭുതമാണെന്നും എനിക്ക് അഭിപ്രായമില്ല.
എത്രയോ ദുരാചാരങ്ങൾ ഇന്നും ഭാരതത്തിലുണ്ട്. ഒരു മതവും ദുരാചാരങ്ങളിൽ നിന്നും മുക്തമല്ല. ന്യൂനപക്ഷ മതങ്ങൾ അവരുടെ
ദുരാചാരങ്ങൾ മുഴുവനും തുടച്ചു മാറ്റിയാലേ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ ദുരാചാരങ്ങൾ മാറ്റാൻ കഴിയൂ എന്ന് വാദിക്കുന്നത് ബാലിശമാണ്. ഭൂരിപക്ഷ മതത്തിൻറെ സ്വാതന്ത്ര്യവും ദുരാചാരങ്ങളോടുള്ള എതിർപ്പും മനുഷ്യർ തമ്മിലുള്ള തുല്യതയും ഒക്കെ ന്യൂനപക്ഷ മതക്കാർ കണ്ടു പഠിക്കണമെങ്കിൽ ഭൂരിപക്ഷമായ ഹിന്ദുമതം മുന്നോട്ടൊഴുകുന്ന തെളിഞ്ഞ അരുവിയാകണം. കെട്ടിക്കിടന്നു നാറുന്ന ചെളിക്കുണ്ടാവരുത്. ആദ്യം അപ്പുറത്തെ വീട്ടുകാരും റോഡുകാരും നാട്ടുകാരും നന്നാവട്ടെ എന്നിട്ട് മതി എനിക്ക് നന്നാവൽ എന്ന് പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്.
ബ്രാഹ്മണമതം ജീർണിച്ചപ്പോഴാണ് ജൈനമതവും ബുദ്ധമതവും ഉണ്ടായത്. അവയും ജീർണിച്ചു.. ബ്രാഹ്മണമതം ഇവയെ കൂടി വിഴുങ്ങിക്കൊണ്ട് ഹിന്ദു നവോത്ഥാന മെന്നപേരിൽ ശങ്കരാചാര്യ തന്ത്രങ്ങൾ ഉപയോഗിച്ച് വീണ്ടും ബലമാർജിച്ചു. അടിസ്ഥാന തത്വങ്ങൾ ലവലേശം മാറ്റാതെ തന്നെ. അതായത് ജാതി വ്യത്യാസം, സ്ത്രീകൾക്ക് തരം താണ സ്ഥാനം, പുരോഹിതനായ ബ്രാഹ്മണനാണ് ഏറ്റവും മുകളിൽ. രാജ്യം ഭരിക്കുന്ന ക്ഷത്രിയൻ പോലും പൂണൂലിട്ട ബ്രാഹ്മണന് കീഴെ. വൈശ്യൻറേയും ശൂദ്രൻറേയും കാര്യം പിന്നെ പറയുകയേ വേണ്ട.
ഹിന്ദു മതം ഭൂരിപക്ഷമതമായ ഭാരതത്തിൽ ഇപ്പോഴും ഹിന്ദു മതത്തിലെ താഴ്ന്ന ജാതിക്കാർ നരകജീവിതം നയിക്കുന്നുണ്ട്. അവരെ കാണാതിരിക്കാൻ മതിൽ കെട്ടി മറച്ചു വെക്കുക, അവർക്ക് കുടിവെള്ളം നിഷേധിക്കുക, അവരുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുക, മക്കളുടെ പഠിപ്പ് മുടക്കുക, ചാമാർ,ചൂദ്രൻ, മഹർ, പറയൻ, പുലയൻ, തോട്ടി, അമ്പട്ടൻ, കടുപട്ടൻ, നായാടി അങ്ങനെ മാത്രം വിളിക്കുക, അവരുടെ കുടിലുകൾ തീവെക്കുക, അവരിരുന്ന ഇടം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുക
ഇതൊക്കെ ഹിന്ദു മതത്തിലെ ദുരാചാരമല്ലേ.ഇത് തടയേണ്ടതല്ലേ..
ഭാരതത്തിൽ നിയമം മൂലം നിരോധിച്ച ഒരു ദുരാചാരമാണ് അയിത്തം. പക്ഷേ, അത് ഏതെങ്കിലും രീതിയിൽ ജീവിതത്തിൽ പിന്തുടരാത്ത ഭാരതീയർ ഇല്ല. കാരണം മനുഷ്യരിൽ ദുരാചാരങ്ങൾ ചെലുത്തുന്ന സ്വാധീനത്തെ നിയമം കൊണ്ട് മാത്രം നേരിടാൻ പറ്റില്ല. അത് ദുരാചാരമാണെന്ന ബോധത്തിലേക്ക് മനുഷ്യർ ആദ്യം ഉണരണം. എന്നാലേ അത് മാറണമെന്ന ആഗ്രഹം തോന്നുകയുള്ളൂ. ആ ആഗ്രഹത്തിനെയാണ്
ദുരാചാരങ്ങൾക്ക് എതിരെയുള്ള നിയമം ഉദ്ദീപിപ്പിക്കുക.
പെണ്ണിനെ എല്ലാറ്റിൽ നിന്നും അകറ്റി നിറുത്തുന്നത് ആചാരമായി, ശരിയായി വിശ്വസിച്ചു പോരുന്നവരാണ് അധികം മനുഷ്യർ. പെണ്ണ് പഠിക്കുന്നത്, അവൾക്ക് ജോലി ഉണ്ടാവുന്നത്, സ്വത്തുണ്ടാവുന്നത്, അവൾ ഉൽപ്പാദനോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത്,അവൾ വോട്ട് ചെയ്യുന്നത്, അഭിപ്രായങ്ങൾ പറയുന്നത്, രാഷ്ട്രീയ ക്കാരിയാവുന്നത് എല്ലാറ്റിനും പെണ്ണിന് വിലക്കായിരുന്നു. മനുഷ്യാവകാശങ്ങൾ ഒട്ടും തന്നെ സ്ത്രീകൾക്കുണ്ടായിരുന്നില്ല. ഇന്നും പല അവകാശങ്ങളും കടലാസ്സിലേയുള്ളൂ.
ആർത്തവമെന്ന പ്രസവമെന്ന ജൈവ പ്രക്രിയകളുടേ പേരിലാണ് പെണ്ണിന് എന്നും അശുദ്ധി കൽപ്പിച്ച് അവളെ അകറ്റി നിർത്തിയിരുന്നത്. അതിനോടനുബന്ധിച്ച ന്യായീകരണങ്ങൾക്കായി അനവധി അന്ധവിശ്വാസങ്ങളും രൂപം കൊണ്ടു. ആ അന്ധവിശ്വാസങ്ങൾ മനുഷ്യർ തലമുറകളിലേക്ക് പടർത്തി. വിദ്യാഭ്യാസമില്ലാത്ത, വരുമാനമില്ലാത്ത, ആശ്രിതത്വം പുലർത്തുന്ന മനുഷ്യർക്കിടയിൽ അവ വേരുപിടിച്ച് തഴച്ചു വളർന്നു. യുക്തിബോധത്തിനു നിരക്കുന്ന ആശയങ്ങളെ എല്ലാം നിരാകരിച്ചുകൊണ്ട് മാത്രമേ വിശ്വാസങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ. എല്ലാവരും വിശ്വാസങ്ങളെയാണ് അധികം പ്രോൽസാഹിപ്പിക്കുക. പ്രത്യേകിച്ച് ചിന്തയോ ആലോചനയോ വേണ്ടാത്ത പ്രക്രിയയാണത്. അമ്മ പറഞ്ഞു, അച്ഛൻ പറഞ്ഞു, ചേട്ടൻ പറഞ്ഞു എന്നൊക്കെ ഉള്ള ന്യായം മതി മാത്രം മതി വിശ്വാസത്തിന്. യുക്തിബോധത്തിന് അത്തരം ദുർബല ന്യായങ്ങൾ പോരാ. തുറന്ന മനസ്ഥിതിയും തെറ്റുകൾ സമ്മതിക്കാനും തിരുത്താനും ഉള്ള കഴിവും അസാമാന്യമായ അനുസ്യൂതമായ പഠനവും മനനവും അതിനാവശ്യമാണ്.
ദൈവത്തിന് സ്വന്തം സൃഷ്ടികളിൽ ആണിനോട് അധികം താല്പര്യവും പെണ്ണിനോട് കുറവ് താല്പര്യവും ഉണ്ടാവാൻ വഴിയില്ല. 'അഹം ബ്രഹ്മാസ്മി' എന്നും 'തത്വമസി' എന്നും അരുളിച്ചെയ്യുന്ന ഭാരതീയ ദർശനം വേർതിരിവിനേയും വിവേചനത്തെയും പ്രോൽസാഹിപ്പിക്കാൻ പാടില്ല തന്നെ. ഒരു കൂട്ടം ആളുകളുടെ വിശ്വാസങ്ങൾ ഒരു കാലഘട്ടത്തിൽ തെറ്റും മനുഷ്യവിരുദ്ധവുമായിരുന്നെങ്കിൽ അതിനു ന്യായം ചമയ്ക്കാതെ, അവയെ തിരുത്തുകയും കൂടുതൽ മനുഷ്യരെ തുറവിയിലേക്ക് നയിക്കുകയുമാണ് പ്രബുദ്ധരായവർ ചെയ്യേണ്ടത്.
തൊട്ടുകൂടാത്തവർ, തീണ്ടീക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും
ദോഷമുള്ളോർ എന്ന നിലയിലേക്ക് മടങ്ങിപ്പോകാൻ എല്ലാവരും തയാറാവുകയാണോ ... എല്ലാ വിശ്വാസികളും? സ്ത്രീകൾ പഠിപ്പു നിർത്തിയും ജോലി വേണ്ടാന്ന് വെച്ചും നമ്മുടെ മുൻതലമുറ പെണ്ണുങ്ങളെപ്പോലെ ജീവിക്കാൻ തയാറാവുകയാണോ?
എങ്കിൽ
കയറിയാൽ ചാണകം തളിക്കുന്നത് സമ്മതിക്കുക, തീണ്ടാരിപ്പുരയിൽ കഴിയുക, വരാന്തയിൽ കേറരുതെന്ന് പറഞ്ഞാൽ മുറ്റത്ത് നിൽക്കുക... ഹോ ഹോ എന്ന് ഒച്ചയുണ്ടാക്കിയാൽ ഓടിമാറുക,മുറ്റത്ത് കുഴി കുത്തി അതിൽ ഇല കോട്ടിവെച്ച് ഭക്ഷണം കിട്ടുന്നത് കഴിക്കുക... കാരണം
ഇതൊക്കെ ഒരു കൂട്ടം മനുഷ്യർ മറ്റൊരു കൂട്ടം മനുഷ്യരോട് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ അന്നത്തെ ഒന്നാന്തരം ആചാരങ്ങളായി അനുഷ്ഠിച്ചിരുന്നതാണ്. ഇന്ന് ശബരിമലയിലല്ലേ പോവാൻ പറ്റാത്തതുള്ളൂ അതിനെന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് ചോദിക്കുന്ന പല വിശ്വാസികളുടെയും മുൻതലമുറകൾക്ക് പല അമ്പലങ്ങളുടെ പരിസരത്തുകൂടെ വഴി നടക്കാൻ പോലും ഒരു കൂട്ടം മനുഷ്യർ അനുവദിച്ചിരുന്നില്ല.
യുക്തിയനുസരിച്ചും നിയമമനുസരിച്ചും ഹിന്ദു വിശ്വാസമനുസരിച്ചും സ്ത്രീകൾക്ക് ശബരിമലയിൽ പോകാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ട്. അവകാശമുണ്ട്.
അതില്ല എന്ന് വാദിക്കുന്നവർ ഏതുതരം ദുരാ
ചാരത്തേയും സ്വാഗതം ചെയ്യാൻ തയാറാവും. വിശ്വാസമാണ് ആചാരമാണ് എന്ന ന്യായീകരണത്തോടെ.
ഒരു ദുരാചാരത്തെ തൊഴുതിരുത്തുമ്പോൾ, അനുകൂലിക്കുമ്പോൾ, അനേകം ദുരാചാരങ്ങൾക്ക് നമ്മൾ നിറപറയൊരുക്കുകയാണെന്നത് ഒരു മഹാസത്യമാണ്..
ദുരിതം ഒറ്റയ്ക്ക് വരില്ല... ഒരുമിച്ചേ വരൂ.
പിൻകുറിപ്പ്.
പെണ്ണിനെ ശബരിമല യിലെത്തിക്കുന്ന ആലോചന തുടങ്ങിയപ്പോൾ പ്രളയം വന്നത്രേ! മാളികപ്പുറത്തമ്മയുടെ അനാദിയായ പ്രണയം കണ്ടു മനസ്സലിഞ്ഞ് ബ്രഹ്മചര്യം ഉപേക്ഷിക്കാൻ തീരുമാനിച്ച അയ്യപ്പൻ സുപ്രീംകോടതി ബെഞ്ചിന് തോന്നിപ്പിച്ചതായിരിക്കാമല്ലോ സ്ത്രീകൾ വന്നോട്ടെ എന്ന വിധി.. ഗൃഹസ്ഥാശ്രമിയായ അയ്യപ്പന് ആണും പെണ്ണും ഏതു വയസ്സിലും വരാമല്ലോ. അയ്യപ്പൻ അങ്ങനെ തീരുമാനിച്ചു എന്ന് കരുതിക്കൂടേ?
കാലങ്ങളായി അയ്യപ്പനെ ആരാധിച്ചിരുന്ന കാത്തിരിക്കുന്ന മാളികപ്പുറത്തിനും ശപിച്ചുകൂടെ? എനിക്കൊരു ജീവിതം കിട്ടാത്തതിനു കാരണമായ സമസ്ത ആചാരവും മുടിഞ്ഞു പോവട്ടെ എന്ന്... ആ ശാപമേറ്റായിരിക്കും സുപ്രീംകോടതി ബെഞ്ച് ഇങ്ങനെ വിധിച്ചതെന്ന് കരുതിക്കൂടേ...
No comments:
Post a Comment