Tuesday, May 7, 2019

സംഗമം, Times Of India (അഭിമുഖങ്ങൾ)

                        
https://www.facebook.com/echmu.kutty/posts/1120653798113913 Times Of India                                                                              
               
 https://www.facebook.com/photo.php?fbid=2509611822388336&set=a.218594664823408&type=3&theaterഷെയർ (രമേശ് അരൂർ) 
             
  ഷെയർ (അംബിക)
                                                                     

'മതക്കുറിപ്പുകള്‍' എന്ന പേരില്‍ എച്ചുമുക്കുട്ടി എന്ന എഴുത്തുകാരി ഫെയ്സ് ബുക്ക് പേജില്‍ എഴുതിത്തുടങ്ങിയ ആത്മകഥാപരമായ കുറിപ്പുകള്‍ നൂറ് അദ്ധ്യായങ്ങള്‍ പിന്നിട്ട് നൂറ്റി ഒന്നാമത്തെ കുറിപ്പിലെത്തിയിരിക്കുകയാണ്.

'എന്റെ രക്തവും മാംസവും. നിങ്ങള്‍ക്കായി..' എന്നു പുനര്‍നാമകരണം ചെയ്ത് തുടര്‍ച്ചയായി എഴുതിയ ആ കുറിപ്പുകള്‍ ഇതിനകം വലിയ വിവാദങ്ങള്‍ക്കു കാരണമായി. കേരളത്തിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മണ്ഡലത്തില്‍ പരക്കെ അറിയപ്പെടുന്ന ഒരാളില്‍ നിന്ന് ഒരു സ്ത്രീ അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവും സാമൂഹികവുമായ ദുരന്താനുഭവങ്ങളുടെ ഞെട്ടലുളവാക്കുന്ന നേര്‍വിവരണമാണ് ഈ കുറിപ്പുകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ആ വ്യക്തിയെ ജോസഫ് എന്ന അപരനാമത്തിലാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്. അതേ സമയം പ്രശസ്ത കവികളും എഴുത്തുകാരുമായ എ. അയ്യപ്പന്‍, കുഞ്ഞുണ്ണി മാഷ്, ഡി. വിനയചന്ദ്രന്‍, സാറാ ജോസഫ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്... ഇങ്ങനെ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി ഒട്ടേറെ പേരുടെ ഇടപെടലുകളെക്കുറിച്ച് മറയില്ലാതെ തന്നെ എച്ച്മു തന്റെ കുറിപ്പുകളിലൂടെ പരാമര്‍ശിച്ചിട്ടുമുണ്ട്. കവി എ അയ്യപ്പനില്‍ നിന്ന് നേരിടേണ്ടിവന്ന അപമാനം 'മീ ടൂ ' കുറിപ്പായി എച്ചുമു എഴുതിയത് സാംസ്‌ക്കാരിക ലോകം ഞെട്ടലോടെയാണ് വായിച്ചറിഞ്ഞത്.

വിദ്യാര്‍ത്ഥിനിയായിരിക്കെ തന്റെ ജീവിതത്തിലേക്ക് ഒരു താല്ക്കാലിക വിവാഹ രജിസ്ട്രേഷന്റെ ഉറപ്പില്‍ കടന്നു വന്ന ജോസഫില്‍ നിന്നും ഗര്‍ഭം ധരിച്ച് പെണ്‍കുഞ്ഞ് ജനിച്ചതും അസഹനീയമായ ആ ജീവിതത്തില്‍ നിന്ന് സ്വയം ഒഴിവാകുകയും ചെയ്ത നിസ്സഹായയായ ഒരു സ്ത്രീ ജന്മത്തെ തന്റെ കാല്‍ച്ചുവട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, പിഞ്ചുകുഞ്ഞിനെ പെറ്റമ്മയില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയും, അപവാദകഥകളിലൂടെ മുറിവേല്‍പ്പിക്കുകയും ചെയ്തതും, കൈവിട്ടുപോയ കുഞ്ഞിനെ തിരികെ നേടാന്‍ ആ അമ്മ നടത്തിയ സുദീര്‍ഘമായ നിയമ പോരാട്ടത്തിന്റെയുമെല്ലാം പൊള്ളിക്കുന്ന വിവരണമാണ് എച്ചുമുവിന്റെ ആത്മകഥാക്കുറിപ്പിന്റെ ഇതുവരെയുള്ള ഉള്ളടക്കം.

ഒരുമിച്ചുള്ള പാര്‍പ്പിനിടയില്‍ ജോസഫിന്റെ മൗനാനുമതിയോടെ തങ്ങളുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ചില വിഗ്രഹങ്ങളും എച്ചുമുവിന്റെ തുറന്നെഴുത്തിലൂടെ സാമൂഹിക വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍..
അതിനിടയിടയിലാണ് കുറിപ്പിന്റെ 96-ാമത്തെ അദ്ധ്യായത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അതീവ ഗൗരവ സ്വഭാവമുള്ള ഒരു വെളിപ്പെടുത്തല്‍ എച്ചുമു നടത്തിയത്. തന്റെ കുഞ്ഞിന്റെ പിതാവായ ജോസഫ് ബലമായി അമ്മയില്‍ നിന്നകറ്റി സ്വന്തം വീട്ടിലേക്കുകൊണ്ടുപോയി താമസിപ്പിച്ച കുഞ്ഞിനെ ചില 'തടവലുകളും പിടിക്കലുകളും നഗ്‌നതാ പ്രദര്‍ശനവുമായി ദ്രോഹിച്ചിരുന്നു' എന്നായിരുന്നു ആ വെളിപ്പെടുത്തല്‍. സ്വന്തം കുഞ്ഞിനുനേരെ ഈ അതിക്രമം കാണിച്ച പിതാവിനെക്കുറിച്ചുള്ള ആ കുറിപ്പ് ഇതിനകം ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

ഈ സംഭവം പുറത്തുവന്നതോടെ ആത്മകഥയുടെ ആദ്യ അദ്ധ്യായങ്ങളില്‍ എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചിരുന്ന ജോസഫുമായി ബന്ധമുള്ള ചിലര്‍ അവര്‍ക്കെതിരെ വാക്കുകളുടെ വാള്‍ ഉയര്‍ത്തി പ്രത്യാക്രമണം ആരംഭിച്ചു.

'എച്ചുമു ഭാവന കലര്‍ത്തി നുണകള്‍ എഴുതിവിടുകയാണ് ' എന്നായിരുന്നു സാമൂഹിക രംഗത്ത് പ്രശസ്തരായ അവരില്‍ ചിലര്‍ സോഷ്യല്‍ മീഡിയകുറിപ്പുകളിലൂടെ ആരോപിച്ചത്. എച്ചുമുവിനെ പരസ്യമായി എതിര്‍ത്ത് ജോസഫുമായി ബന്ധപ്പെട്ടവര്‍ രംഗത്തുവന്നതോടെ കുറിപ്പില്‍ ഇതുവരെ അജ്ഞാതരായോ അപരനാമധാരികളായോ അവതരിപ്പിക്കപ്പെട്ടിരുന്ന വില്ലന്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാണ് എന്ന് എഴുത്തുകാരിയുടെ സ്ഥിരീകരണമില്ലാത തന്നെ വെളിവാക്കപ്പെട്ടതായി വ്യാഖ്യാനങ്ങള്‍ വന്നു കഴിഞ്ഞു.
എച്ചുമുവിനെതിരെ ബദല്‍ ആത്മകഥയെഴുതും എന്ന ഭീഷണിപോലും പ്രതിയോഗികളില്‍ ചിലര്‍ ഉയര്‍ത്തി. ഇതോടെ വായനക്കാര്‍ രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇതെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എഴുത്തുകാരിയോടു തന്നെ ചോദിക്കാം..

കഥാപാത്രങ്ങളില്‍ ചിലര്‍ സ്വയം മറ നീക്കി പുറത്തു വന്ന സാഹചര്യത്തില്‍ ഈ കുറിപ്പുകള്‍ സ്ഥിരമായി വായിച്ച ആയിരക്കണക്കിനുപേരില്‍ ഏതാണ്ട് പകുതിയിലേറെ പേര്‍ക്കും ജോസഫും അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരും ആരൊക്കെയാണ് എന്നു വ്യക്തമായിട്ടുണ്ട്. എന്നിട്ടും ഈ ആളുകള്‍ ആരാണെന്ന് എച്ചുമു വ്യക്തമാക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? നിയമ നടപടികള്‍ ഭയന്നിട്ടാണോ?

= ഞാന്‍ പ്രത്യേകമായി ആദരിക്കുന്ന രണ്ട് മൂന്ന് സ്ത്രീകള്‍ ജോസഫിന്റെ ജീവിതത്തിലുണ്ട്. പ്രത്യേകിച്ച് എന്റെ മകളെ എനിക്ക് തിരിച്ചുകിട്ടാന്‍ കാരണക്കാരിയായ ഒരു സ്ത്രീയുണ്ട്. അവര്‍ക്ക് ഒന്നും സംഭവിക്കരുതെന്ന് ഇപ്പോളും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ എന്നെക്കുറിച്ച് എന്തു വിചാരിക്കുന്നു, പറയുന്നു എന്നത് ഞാന്‍ പരിഗണിക്കുന്നില്ല. അതെന്റെ പ്രശ്നവുമല്ല. അവരോടുള്ള നന്ദിയും കടപ്പാടും ഏതു പരിതസ്ഥിതിയിലും ഞാനെന്നും സൂക്ഷിക്കും. അതാണ് തുടക്കം മുതല്‍ എന്റെ നിലപാട.് ഞാനായിട്ട് അത് പൊളിക്കില്ല.

അതുകൊണ്ടാണ് അവരെയെ അയാളെയോ തുറന്നു കാണിക്കാന്‍ ഇനിയും തയ്യാറാകാത്തത്. ഞാന്‍ അനുഭവിച്ചതും നേരിട്ടതുമായ പ്രശ്നങ്ങളുടെ ബലത്തിലാണ് ഞാന്‍ എഴുതുന്നത്.

എച്ചുമു എഴുതുന്നതില്‍ അധികവും പ്രത്യേകിച്ച് വിവാദം ഉണ്ടാക്കിയ ഭാഗങ്ങള്‍ നുണയാണെന്നും വിലകുറഞ്ഞ ആരോപണങ്ങളാണെന്നും, അവിശ്വസനീയമാണെന്നും ഒക്കെ നിരവധി പേര്‍ പറയുന്നുണ്ടല്ലോ..

ഞാന്‍ പറയുന്നതും എഴുതുന്നതും എന്റെ പച്ച ജീവിതമാണ്. ഞാന്‍ അനുഭവിച്ച നിന്ദകള്‍, അപമാനങ്ങള്‍, കൊണ്ട അടികള്‍, ചവിട്ടുകള്‍ ഇതെല്ലാമാണ് എന്റെ എഴുത്തിലുള്ളത്. അതാണ് എന്റെ ജീവിതം. 'ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല, തെളിവുകളുണ്ടോ? എന്നാല്‍ വിശ്വസിക്കാം..' എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്. തെളിവുകളായി തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് മെംബറുടെ സാക്ഷ്യപത്രമോ ഹാജരാക്കാന്‍ എനിക്ക് സാധിക്കില്ല. ഞാനീ ജീവിതവുമായിട്ട് ഇന്ത്യാ മഹാരാജ്യത്തിലൂടെ നടക്കുകയായിരുന്നു. ദല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ നിന്ന് തുടങ്ങിയതാണ് എന്റെ ഫൈറ്റ്. എറണാകുളം കുടുംബ കോടതി വരെ അതുമായി ഞാന്‍ അലഞ്ഞു. അത്രയും കാലത്തെ എന്റെ ഒരു ഫൈറ്റില്‍, കോടതിയുമായുള്ള ഇടപെടലുകളുമായുള്ള എന്റെ ജീവിതത്തില്‍, എനിക്ക് താമസിക്കാന്‍ സ്ഥലമില്ലാതായ അവസ്ഥയില്‍, എന്നെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല തെളിവുണ്ടോ എന്നു ചോദിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. I was all alone..
ഈയൊരു മഹാപ്രപഞ്ചത്തില്‍ കൈവിട്ടുപോയ എന്റെ കുഞ്ഞിന്റെ പേരും അവളുടെ കളിപ്പേരും പലവിധ പേരുകളും ഉച്ചരിച്ച് അവളൊരു ദേവിയാണെന്ന് സങ്കല്‍പ്പിച്ച് ഈ തെരുവുകള്‍ തോറും നടക്കുകയായിരുന്നു ഞാന്‍. എന്നെങ്കിലും ആ ദേവി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമെന്ന വിശ്വാസം മാത്രമായിരുന്നു എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.

ദല്‍ഹിയിലെ പോലീസ് സ്റ്റേഷനുകളും കോടതികളും മുതല്‍ ഈ രാജ്യത്തെ നിരവധി നീതി പീഠങ്ങളുടെ മുമ്പാകെ എന്റെ കുഞ്ഞിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടുന്നതിനായി ഞാന്‍ ഒറ്റയ്ക്ക് അലഞ്ഞു നടന്നിട്ടുണ്ട്.

ചിലരെന്നെ ബ്രാഹ്മണിക്കല്‍ ജാതിമേല്‍ക്കോയ്മയുടെ പ്രതീകമായി ചിത്രീകരിക്കാന്‍ നോക്കുന്നുണ്ട്. അതെല്ലാം വായിച്ച് എനിക്ക് ചിരിയാണ് വന്നത്. ഒന്നിലും ഒരു മതത്തിലും ഒരു തത്വശാസ്ത്രത്തിലും വിശ്വാസമില്ലാതിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് എന്റെയീ ഒറ്റയ്ക്കുള്ള പോരാട്ടം ഞാന്‍ നടത്തിയത്.
ബ്രാഹ്മണ ജീവിതത്തിന്റേതായ എല്ലാത്തരം ദുരിതങ്ങളും ദു:ഖങ്ങളും അനുഭവിച്ചു വളര്‍ന്നവരാണ് ഞങ്ങള്‍. എന്റെ അമ്മയായാലും അമ്മീമ്മയായാലും ബ്രാഹ്മണാധിപത്യത്തിന്റെ എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുവന്നവരാണ്. മുപ്പതുവര്‍ഷം നീണ്ട സിവില്‍ കേസാണ് എന്റെ അമ്മയും അമ്മീമ്മയും പൊരുതിയത്.
മുപ്പതുകൊല്ലമൊക്കെ കോടതികള്‍ കയറിയിറങ്ങുക എന്നു പറഞ്ഞാല്‍ മനുഷ്യര്‍ എത്രയോ പെട്ടെന്നു തന്നെ മുട്ടിടിച്ച് താഴെവീണുപോകും. പറ്റില്ല നമ്മളെകൊണ്ട്. സബ് കോര്‍ട്ട് മുതല്‍ ഹൈക്കോര്‍ട്ട് വരെ കേസ് കൊണ്ടുപോവുക. എന്തിനുവേണ്ടിയാണ്? 12 കാരിയായ ഒരു സ്ത്രീയെ മുപ്പതുവയസുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുക. കുറച്ചു കാലം കഴിഞ്ഞ് അയാള്‍ ആ കുട്ടിയെ ഇട്ടേച്ചുപോവുക. അതായിരുന്നു എന്റെ അമ്മീമ്മയുടെ ജീവിതം. എന്തായിരുന്നു കാരണം? അയാള്‍ക്ക് താല്‍പര്യമില്ല. അയാള്‍ക്കു താല്‍പര്യമുണ്ടാകാന്‍ ഒരു സാധ്യതയുമില്ല. 30 കാരനും 12 വയസുകാരിയും തമ്മിലുള്ള അന്തരം അത്ര വലുതാണ്. തികച്ചും ശുഭ്ര വസ്ത്രം പോലെ ജീവിച്ചവളാണ് എന്റെ അമ്മീമ്മ. അങ്ങനെയുള്ള അമ്മീമ്മയ്ക്ക് താമസിക്കാന്‍ കുറച്ചു ഭൂമിയും ഒരു ചെറിയ വീടും വാങ്ങി നല്‍കിയ അമ്മീമ്മയുടെ അച്ഛന്റെ നടപടി വലിയ ഉദ്യോഗസ്ഥരും വരുമാനക്കാരുമായ ആണ്‍മക്കള്‍ക്ക് ദഹിക്കാതെ പോയതിന്റെ പേരിലാണ് മുപ്പതുകൊല്ലം അവര്‍ക്ക് കോടതികള്‍ കയറേണ്ടിവന്നത്.
അമ്മയുടെ പേരില്‍ ആ സ്വത്ത് കേസ് വരുന്നത് വിശ്വകര്‍മജനായ അച്ഛനെ സ്‌നേഹിച്ച് വിവാഹം കഴിച്ചതുകൊണ്ടാണ്. ബ്രാഹ്മണ്യത്തോടും ബ്രാഹ്മണ്യത്തിന്റെ ആണ്‍കോയ്മയോടും പൊരുതിയാണ് അവര്‍ ജീവിച്ചത്.
ഈ ലോകത്തിലെ ഒരു മതത്തോടും ഒരു ജാതിയോടും ഒരു റെയ്സിനോടും യാതൊരു പ്രതിപത്തിയും എനിക്കില്ല. ഇതിനെ ഒന്നിനെയും ഞാന്‍ സബ്സ്‌ക്രൈബ് ചെയ്യുന്നുമില്ല. 'നിയമപരമായി ഒരാള്‍ ഒരു സ്ത്രീയേ കല്യാണം കഴിക്കാതിരിക്കുക, അയാള്‍ ഏതുനിമിഷവും നമ്മളെ വീട്ടില്‍ നിന്ന് പുറത്താക്കും എന്നു കരുതിയിരിക്കുക, അയാള്‍ക്ക് എത്രവേണമെങ്കിലും ആ സ്ത്രീയെ ചൂഷണം ചെയ്യാമെന്ന് നമ്മള്‍ മനസിലാക്കുക. എന്നാല്‍ കൂടെ പാര്‍ക്കുന്ന ആള്‍ പറയുന്നതെന്താണ്..?ഞാന്‍ വലിയ വിപ്ലവകാരിയാണ്, മനുഷ്യത്വവാദിയാണ് എന്നൊക്കെ പറയുമ്പോള്‍ ..ആങ് ശരിയാണ്..അങ്ങനെയൊക്കെയാണല്ലോ..അപ്പോള്‍ അത് കൊണ്ട് അങ്ങനെയൊന്നും സംഭവിക്കില്ല എന്നു വിചാരിച്ച് ഒരു പൊട്ടിയെ പോലെ കൂടെ പാര്‍ക്കുന്ന ആള്‍ അങ്ങനെ താമസിച്ചു.
എന്നിട്ടെന്താ..സൗകര്യം കിട്ടുമ്പോള്‍ നമ്മളെ എങ്ങനെവേണമെങ്കിലും ഉപയോഗിക്കാം. ഉപദ്രവിക്കാം.. സ്ത്രീധനം കിട്ടിയില്ല എന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കാം. അന്തസ്സിനു പോരാ എ്ന്നു പറഞ്ഞ് ബുദ്ധിമുട്ടിക്കാം, നമ്മളുടെ കളര്‍ ശരിയായില്ല, ബുദ്ധി പോരാ എന്നു പറയാം, എന്തുകാര്യത്തിനു വേണമെങ്കിലും നമ്മളെ ആ രീതിയില്‍ പ്രയാസപ്പെടുത്താം.

എച്ചുമു തുടക്കത്തില്‍ തന്നെ പറഞ്ഞു; ഈ കുറിപ്പകളിലെ ചില കഥാപാത്രങ്ങളെ വെളിപ്പെടുത്തില്ല എന്ന നിലപാട് എടുത്തിരുന്നുവെന്ന്. എന്നാല്‍ ഇപ്പോള്‍ അവരില്‍ ചിലര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സ്വയം അടയാളപ്പെടുത്തുകയോ ആരോപണങ്ങള്‍ ഉന്നയിച്ച് വെളിപ്പെടുകയോ ചെയ്യുന്നു. അതിനെക്കുറിച്ച് ?

= നോ കമന്റ്സ്..ഞാന്‍ അവരെ വെളിപ്പെടുത്തില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

? ഈ കുറിപ്പിലെ വിവാദ പരാമര്‍ശങ്ങളും അതിനിടയാക്കിയ സംഭവങ്ങളും എച്ചുമുവിന്റെ മകളുടെ ശൈശവ-ബാല്യ കാലങ്ങളില്‍ സംഭവിച്ചതാണ്. ഈ വെളിപ്പെടുത്തലുകള്‍ മകളുടെ ജീവിതത്തെ ബാധിക്കില്ലേ? പ്രത്യേകിച്ച് കുഞ്ഞായിരിക്കെ പിതാവ് ഉപദ്രവിച്ചു എന്ന പരാമര്‍ശം?

=എങ്ങനെ ഉപദ്രവിച്ചു എന്ന് ഞാന്‍ വളരെ കൃത്യമായി എഴുതിയിട്ടുണ്ട്. അതിന്റെ മുന്നിലും പിന്നിലും വേറെ ഒന്നുമില്ല. അത്രേ ഉള്ളൂ.

?ശരി ക്ലിയറാണ്.. ഈ വെളിപ്പെടുത്തല്‍ മോളുടെ വ്യക്തി ജീവിതത്തെയോ കുടുംബ ജീവിതത്തെയോ ബാധിക്കില്ലേ..?

= ഒരു തരത്തിലും ബാധിക്കില്ല..

?എന്തായിരുന്നു ഇതെക്കുറിച്ച് അവളുടെ പ്രതികരണം?

പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. അവള്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. മനസിലാകുന്ന പ്രായവുമാണ്. അവളുടെ അനുഭവങ്ങളെല്ലാം അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.

? നാളെ ഒരിക്കല്‍ മകള്‍ ഇക്കാര്യത്തിന് എച്ചുമുവിനെ തള്ളിപ്പറയാന്‍ സാധ്യതയുണ്ടോ? പ്രത്യേകിച്ച് ചിലര്‍ ചോദിക്കുന്നത് അഥവാ സംശയിക്കുന്നത് ഈ പിതാവ് സ്വന്തം മകളോട് പ്രവര്‍ത്തിച്ചത് അയാളുടെ നിയമ പരമായ വിവാഹത്തിലുണ്ടായ മറ്റു മക്കളോടും അതേ തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകില്ലേ എന്നാണ്.

= ഞാന്‍ പറഞ്ഞത് എന്റെ അസാന്നിധ്യത്തില്‍ മകള്‍ക്കുണ്ടായ ദുരിതത്തെക്കുറിച്ചാണ്. അമ്മ ഒപ്പമുള്ളപ്പോള്‍ അങ്ങനെ ഒന്നും നടക്കില്ല. ഞാന്‍ എഴുതുന്നത് അര്‍ദ്ധ സത്യങ്ങളല്ല..പൂര്‍ണ സത്യങ്ങളാണ്..എന്റെ മനസിലും തലച്ചോറിലും ഒരിക്കലും പറിഞ്ഞുപോകാത്ത വിധം കൊത്തിവയ്ക്കപ്പെട്ട സംഭവങ്ങളാണിത്. ഇതില്ലാതാകണമെങ്കില്‍ ഒന്നുകില്‍ എന്നെ മറവിരോഗം ബാധിക്കണം അല്ലെങ്കില്‍ മരിച്ചുപോകണം.

? എഴുത്ത് സംഘര്‍ഷങ്ങള്‍ ഇറക്കി വയ്ക്കാനുള്ള ഉപാധി എന്നാണ് പൊതുവെ എഴുത്തുകാര്‍ പറയുന്നത്. എച്ചുമുവിന്റെ വെളിപ്പെടുത്തലുകള്‍ വലിയ കോലാഹലം സൃഷ്ടിക്കുകയും നിരവധി പേരെ നേരിട്ട് ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ അതിന്റെ സംഘര്‍ഷം എച്ചുമുവിനെ അലോസരപ്പെടുത്തുന്നില്ലേ..യഥാര്‍ത്ഥത്തില്‍ എച്ചുമു വലിയ സംഘര്‍ഷത്തിലാണോ ഇപ്പോള്‍..? ഭയം തോന്നുന്നുണ്ടോ ?

= എഴുത്ത് വിവാദമായി എന്നത് ശരിതന്നെ പക്ഷെ സംഘര്‍ഷമില്ലാതെ നിര്‍മമതയോടെയാണ് ഈ നൂറ് അദ്ധ്യായങ്ങളും എഴുതിയിട്ടുള്ളത്. തുടര്‍ അദ്ധ്യായങ്ങളും ഇങ്ങനെ തന്നെ എഴുതും. പിന്നെ ഭയം.. സത്യം എഴുതുമ്പോള്‍ അത് വേണ്ടല്ലോ അല്ലേ?

ഈ കുറിപ്പുകള്‍ എഴുതുന്നത് നിര്‍ത്തണം എന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമോ ഭീഷണിയോ നേരിടുന്നുണ്ടോ?

ഉണ്ട്. ആദ്യ അദ്ധ്യായങ്ങളില്‍ പിന്തുണ തന്നവരടക്കം ചിലര്‍ എന്നോട് ഈ കുറിപ്പെഴുത്ത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജീവിതത്തിലെ നല്ല കാര്യങ്ങളും സന്തോഷങ്ങളും മാത്രം എഴുതിയാല്‍ പോരെ എന്ന് ഉപദേശിച്ചവരുമുണ്ട്.
എന്റെ ജീവിതം വായിക്കുന്ന ഒരു സ്ത്രീക്ക്, ഒരു പെണ്‍കുട്ടിക്ക് പൊരുതാനും പിടിച്ചു നില്ക്കാനും കഴിഞ്ഞാല്‍ ഈ കുറിപ്പുകള്‍ ഫലം കണ്ടുവെന്ന് കരുതാം.

? ആത്മകഥാക്കുറിപ്പുകള്‍ ബെസ്റ്റ് സെല്ലര്‍ ആകുന്ന വിവാദ പുസ്തകമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നവരോട്.

ഇത് പുസ്തകമാക്കണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. എഴുത്ത് തീര്‍ത്താല്‍ മാത്രം അതിനെക്കുറിച്ച് ആലോചിച്ചാല്‍ പോരെ?
ഞാന്‍ അത്ര വലിയ ആളൊന്നുമല്ലല്ലോ. ജീവിതാനുഭവങ്ങള്‍ എഴുതുമ്പോഴേക്കും ആരേലും ഓടിവന്ന് പുസ്തകമാക്കാന്‍.

ആരോപണം ഉയര്‍ത്തുന്നവര്‍ ഉയര്‍ത്തട്ടെ. അവര്‍ക്ക് എന്നേയും എന്റെ അനുഭവത്തെയും അറിയാനോ മനസിലാക്കാനോ കഴിയാത്തതുകൊണ്ടാണ്.

-അഭിമുഖം: രമേശ് അരൂര്

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വിദ്യാര്‍ത്ഥിനിയായിരിക്കെ തന്റെ ജീവിതത്തിലേക്ക് ഒരു താല്ക്കാലിക വിവാഹ രജിസ്ട്രേഷന്റെ ഉറപ്പില്‍ കടന്നു വന്ന ജോസഫില്‍ നിന്നും ഗര്‍ഭം ധരിച്ച് പെണ്‍കുഞ്ഞ് ജനിച്ചതും അസഹനീയമായ ആ ജീവിതത്തില്‍ നിന്ന് സ്വയം ഒഴിവാകുകയും ചെയ്ത നിസ്സഹായയായ ഒരു സ്ത്രീ ജന്മത്തെ തന്റെ കാല്‍ച്ചുവട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, പിഞ്ചുകുഞ്ഞിനെ പെറ്റമ്മയില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയും, അപവാദകഥകളിലൂടെ മുറിവേല്‍പ്പിക്കുകയും ചെയ്തതും, കൈവിട്ടുപോയ കുഞ്ഞിനെ തിരികെ നേടാന്‍ ആ അമ്മ നടത്തിയ സുദീര്‍ഘമായ നിയമ പോരാട്ടത്തിന്റെയുമെല്ലാം പൊള്ളിക്കുന്ന വിവരണമാണ് എച്ചുമുവിന്റെ ആത്മകഥാക്കുറിപ്പിന്റെ ഇതുവരെയുള്ള ഉള്ളടക്കം...!