Monday, May 13, 2019

ഒരിക്കലേ കണ്ടിട്ടുള്ളൂ എൽസിയേ


ഒരിക്കലേ കണ്ടിട്ടുള്ളൂ എൽസിയേ... ഒരു മിന്നായം പോലെ..

സച്ചിദാനന്ദൻ എന്ന കവിക്ക് ഒന്നു രണ്ടു തവണ ഉച്ചഭക്ഷണവും അത്താഴവും നൽകീട്ടുണ്ട്.

അവർക്ക് മോളുണ്ടായപ്പോൾ കാണാൻ പോകണമെന്ന് കരുതിയെങ്കിലും നടന്നില്ല.

പിന്നെ സിനിമകളുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ പുഴങ്കര എന്ന കവിയുടെ പേരു കേൾക്കാൻ കഴിഞ്ഞു...

ഒടുവിൽ... നിമ്മു എൻറെ മുന്നിൽ വന്നു നിന്നു...

എൽസിക്കും നിമ്മുവിനും ഒത്തിരി സ്നേഹം..... ഉമ്മകൾ

എൽസിയുടെ പോസ്റ്റ് വായിക്കാം....

ഈ അടുത്ത കാലത്ത് എന്നെ ഏറെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത രണ്ട് എഴുത്തുകളായിരുന്നു - മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചോദ്യോത്തര രൂപത്തിൽ വന്ന അഷിതയുടെ ഓർമ്മക്കുറിപ്പുകളും, സോഷ്യൽ മീഡിയായിലൂടെ വന്ന എച്ച് മുകുട്ടിയുടെ ഓർമ്മകുറിപ്പുകളും. 'കുടുംബം എന്ന അധികാരസ്ഥാപനത്തിലെ ആൺകോയ്മയുടെ രഹസ്യ അജണ്ടകൾ വെളിവാകുന്ന സ്വഭാവം രണ്ടിലുമുണ്ട്.അഷിതയെപ്പോലുള്ള ഒരു എഴുത്തുകാരി കുഞ്ഞുന്നാളിലേ അനുഭവിച്ച പീഡന കഥകൾ വായിച്ച് സത്യമായിട്ടും കരഞ്ഞുപോയി. നല്ല ഒരു എഴുത്തുകാരിയായിട്ടു പോലും അഷിതക്കിതു തുറന്നു പറയാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നു. എച്ച് മുക്കുട്ടിയും തുറന്നു പറച്ചിലിനു തിരഞ്ഞെടുത്ത സമയം ഇതു തന്നെ. സ്ത്രീപക്ഷ ചിന്തകൾ ഇപ്പോൾ ഒരു തുറന്നു പറച്ചിലിന്റെ പാതയിലാണ്. എഴുപതുകളിൽ തുടങ്ങി 80കളിലും 90 കളിലുമായി ശക്തിയാർജ്ജിച്ച ഫെമിനിസ്റ്റു പ്രസ്ഥാനത്തെ അന്നത്തെ ബുദ്ധിജീവികൾ സർവ്വാത്മനാ പിന്തുണച്ചിരുന്നു. പക്ഷെ, കുടുംബമെന്ന സ്വകാര്യ സ്ഥാപനത്തിന്റെ സ്വച്ഛസുന്ദരമായ അവസ്ഥയിലിരുന്നു കൊണ്ട് തത്വാധിഷ്ഠിതവും, ആശയാധിഷ്ഠിതവുമായ മാനങ്ങൾ സൃഷ്ടിച്ചായിരുന്നു അവർ ഫെമിനിസത്തിനു കുട പിടിച്ചത്.അതാകട്ടെ സ്വന്തം നില നിൽപിനു കോട്ടം തട്ടാത്ത വിധം പുരുഷാധിപത്യപരമായിരുന്നു എന്നു വേണം അനുമാനിക്കാൻ .അന്നത്തെ കപട സ്ത്രീവാദികൾക്കായിരിക്കും തുറന്നു പറച്ചിലിന്റെ സ്ത്രീ വാദത്തെ ഉൾക്കൊള്ളാൻ പ്രയാസം തോന്നുന്നത്. അതിനെ പ്രതിരോധിക്കാൻ ഈ ലോകത്തെ മുഴുവൻ ആശയങ്ങളും തത്വചിന്തകളും, ലോജിക്കുമൊന്നും തികയാതെ വരും. കാരണം ഈ തുറന്നു പറച്ചിൽ രാഷ്ട്രീയത്തിന് അനേക കാലത്തെ അടിച്ചമർത്തലിന്റെ വേദനയുണ്ട്, അനുഭവത്തിന്റെ തീച്ചൂളയിൽ വെന്ത ശീലവുമുണ്ട്. ഇത്തരം തുറന്നു പറച്ചിലുകൾക്ക് കാലത്തെയോ സമയത്തേയോ പരിഗണിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. കഴിയുമെങ്കിൽ ഇവിടത്തെ ജാത്യാധി ക്ഷേപങ്ങളും ഈ തുറന്നു പറച്ചിലിനു വിഷയമാകണം എന്നാണെന്റെ അഭിപ്രായം. വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായി സാമൂഹ്യ നിയമങ്ങളെ ജനാധിപത്യപരമായി വിശകലനം ചെയ്യുന്ന ബുദ്ധിജീവികൾ ഇതിനിടക്കുള്ള കുടുംബം എന്ന സ്ഥാപനം പുരുഷന് ഫാസിസം നടപ്പാക്കാനുള്ള ഒരിടമായി നിലനിർത്തിപ്പോരുന്നുണ്ട്. അവിടെയാണ് - " പ്രശസ്തിയും പ്രാഗത്ഭ്യവുമുള്ള പുരുഷന്മാരെ കരിവാരി തേക്കലാണ് ഈ തുറന്നു പറച്ചിലിലൂടെ " എന്നു ചിന്തിക്കാൻ ചിലർക്കെങ്കിലും കഴിയുന്നതു്. അവർ മനസ്സിലാക്കേണ്ടതും, പുതിയ കാലത്തെ സ്ത്രീപക്ഷവാദികൾ മനസ്സിലാക്കിയിട്ടുള്ളതുമായ ഒരു കാര്യം -പുരുഷന് പ്രശസ്തിയും, പ്രാഗത്ഭ്യവും ഉണ്ടാക്കി കൊടുക്കലല്ല സ്ത്രീയുടെ ധർമ്മം എന്നതാണ്. അമ്മ, ഭാര്യ, സഹോദരി, മകൾ - ഇവരുടെയൊക്കെ അറിവില്ലായ്മയിലോ, നിശ്ശബ്ദതയിലോ നില നിന്നു പോകുന്നതാണ് പല പുരുഷ കേസരികളുടേയും പ്രാഗത്ഭ്യം. കവിതയും, ചിത്രരചനയും എല്ലാം വറ്റി നിശ്ശബ്ദമായി ഉരുകി തീർന്നു പോയ എന്റെ പ്രിയപ്പെട്ട അലക്സിയെ ഇവിടെ സ്മരിക്കാതിരിക്കാനാവില്ലെനിക്ക്. ഇത്തരം നിശ്ശബ്ദതകളെയാണ് ഈ തുറന്നു പറച്ചിലുകൾ തുരങ്കം വെക്കുന്നത്. പിന്നെങ്ങിനാ ഈ ബുദ്ധിജീവികൾക്ക് വിറളി പിടിക്കാതിരിക്കുക. വരാനിരിക്കുന്ന കാലം പുരുഷാധികാര മോഹികൾക്ക് അത്ര സുഖമുള്ള തായിരിക്കില്ല എന്നു പ്രത്യാശിക്കുന്നു.

Elsy Sachidanandan
https://www.facebook.com/elsy.sachidanandan/posts/406068696867531

No comments: