Monday, May 6, 2019

റോസി ടീച്ചർ എഴുതിയത്...

https://www.facebook.com/echmu.kutty/posts/1111899742322652


നവോത്ഥാന ചിന്തകൾ.
റോസി തമ്പി.
പഴയ കാലങ്ങളെ ഇഴകീറി പരിശോധിക്കൽ മാത്രമല്ല നവോത്ഥാനം. നമ്മൾ ജിവിക്കുന്ന കാലത്തെ രണ്ടു കാലിൽ മുന്നോട്ടു നടത്തുക കൂടിയാണ്.
1. ചരിത്രം എന്നത് സമ്പത്തും സ്ഥാനമാനവും ആരോഗ്യവും ഉള്ള പുരുഷന്റെതു മാത്രമാണ്. His story യാണ് History. അതു കൊണ്ടാണ് അതിപ്പോഴും പാരമ്പര്യത്തിലും ആചാരത്തിലും കടിച്ചു തുങ്ങുന്നത്. അവിടെ മാത്രമേ അവന് നിലനില്പുള്ളൂ.
2. സ്ത്രീകൾ ആരോഗ്യവും ബുദ്ധിയും സൗന്ദര്യവുമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ പ്രഗ്നൻസി ടൂറിസത്തിലേക്ക് പോകുന്ന കാലം വന്നിരിക്കുന്നു. അതായത് പിതാവ് എന്നത് അമ്മ നിശ്ചയിക്കുന്ന ആളാകുന്നു എന്നർത്ഥം. അവിവാഹിതയായ അമ്മ എന്ന അപമാനഭാരം സ്ത്രീ ഒഴിച്ചു കളയാൻ തുടങ്ങുന്നു എന്നർത്ഥം.
3. ഗൂഗിൾ ലോകത്തെ നയിക്കുന്ന ഒരു കാലത്താണ് മനുഷ്യർ ഇന്ന് ജീവിക്കുന്നത്. അവിടെ ആണും പെണ്ണും വ്യത്യാസമില്ല.
4. ആകെ പെണ്ണുങ്ങളുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുള്ളത് ദൈവങ്ങൾക്കും അവരെ നിയന്ത്രിക്കുന്ന പുരോഹിതർക്കും ചില രാഷ്ട്രീയ പാർട്ടികൾക്കുമാണ്.
5. ആണിനു തുല്യമായി ,വിദ്യ നേടുകയും തൊഴിലെടുക്കുകയും പണം സമ്പാദിക്കുകയും അധികമായി കുഞ്ഞുങ്ങളെ ഗർഭം ധരിക്കുകയും പ്രസവിച്ച് വളർത്തുകയും കുടുംബം നോക്കുകയും ചെയ്യുന്ന സ്ത്രീകളെ എന്തിനാണ് അവളുടെ ദൈവങ്ങളുടെ അടുത്തു നിന്ന് മാറ്റി നിർത്തുന്നത്.
6. എല്ലാ മതങ്ങളിലെ ആരാധനാ സ്ഥലങ്ങളിലും അതാതു മത വിശ്വാസികളായ സ്ത്രീകളെ പ്രായ, സമയ ഭേദമില്ലാതെ പ്രവേശിക്കാൻ അനുവദിക്കുകയും ,പുരുഷൻ പരിശിലിച്ച പുജ വിധികൾ പരിശിലിക്കുന്നവൾക്ക് പൂജ ചെയ്യാനുള്ള അവസരവും നൽകേണ്ടതാണ്. ഇക്കാര്യത്തിൽ ഹിന്ദു. മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾ എല്ലാം ഒരേ നയമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ചില അരുതുകൾ എല്ലാവരും സ്ത്രീകൾക്കു നേരെ പ്രയോഗിക്കുന്നുണ്ട്. അതിന്റെ യുക്തിയാകട്ടെ ഏറ്റവും യുക്തിക്കു നിരക്കാത്തതും
7. ദൈവസൃഷ്ടിയെല്ലാം നല്ലതെന്നാണ് ഒരു വിശ്വാസി കരുതേണ്ടത്. ദൈവം നല്ലവനെങ്കിൽ ചീത്ത സൃഷ്ടിക്കുന്നതെങ്ങനെ? അതു കൊണ്ട് സ്ത്രീയോ അവളിൽ, ദൈവം അധിക സ്നേഹം കൊണ്ട് നൽകിയ ഗർഭപാത്രമോ അതിന്റെ ധർമ്മങ്ങളോ അവളെ ദൈവസന്നിധിയിൽ നിന്ന് ഒഴിവാക്കാൻ ഉള്ള വഴിയാകുന്നത് എങ്ങനെ?
8 ഗർഭപാത്രം എന്ന ജിവന്റെ പാത്രത്തെ സ്വന്തം ശരീരത്തിൽ കൊണ്ടു നടക്കുന്ന സ്ത്രീയെ പുരുഷൻ ഒരു മനുഷ്യ ബോംബിനെയെന്ന പോലെയാണ് ഇപ്പോൾ ഭയപ്പെടുന്നത്.
9. ഒരു കാരണവശാലും സ്ത്രീ അവളുടെ കരുത്ത് തിരിച്ചറിയാതിരിക്കാൻ പാകാത്തിൽ കൃശഗാത്രനായ പാപ്പാൻ ആനക്ക് തോട്ടി ചാരും പോലെ ആചാരം എന്ന തോട്ടി / പാരമ്പര്യം എന്ന തോട്ടി അവളുടെ ചെവിയുടെ പിന്നിൽ അവൻ എപ്പോഴും ചാരി വെച്ചിരിക്കുന്നു. ഒരു കാരണവശാലും അതു എടുത്തു മാറ്റാൻ അവന് ധൈര്യമില്ല.
10. അവനും അവൾക്കും ദൈവ തിരുമുമ്പിൽ തുല്യസ്ഥാനമാണ് എന്ന് അംഗീകരിച്ചാൽ ഇക്കാലമത്രയും അവൻ യുദ്ധം ചെയ്തും കൊന്നൊടുക്കിയും പടുതുയർത്തിയ സുരക്ഷിതമായ ഇടം അവനു നഷ്ടപ്പെടും എന്ന ഭയം അവനെ ഭീരുവാക്കുന്നു. പുരുഷന്റെ ആ ഭീരുത്വമാണ് പുരുഷൻ സ്ത്രീയ്ക്കു നേരെ വാക്കുകൊണ്ടും പ്രവർത്തി കൊണ്ടും ആചാരം കൊണ്ടും പാരമ്പര്യം കൊണ്ടും നിർമ്മിക്കുന്ന അക്രമങ്ങൾ. ഇപ്പോൾ അല്പാല്പമായി സ്ത്രീകൾ അതു തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
അതെ അപമാനഭാരമേ ഒഴിയാതുള്ളൂ വിവേക ശക്തിയാൽ - എന്ന് നൂറൂ വർഷം മുമ്പ് ആശാന്റെ സീത പറഞ്ഞതു തന്നെ ഇപ്പോൾ വിവേകമുള്ള എല്ലാ സ്ത്രീകളും ഉറക്കെ പറയുന്നു.
ആണും പെണ്ണും ചേർന്ന് നമ്മൾ ഉണ്ടാക്കേണ്ട നവോത്ഥാനം ഇതാണ്. ആണും പെണ്ണും ഒന്നിച്ചു എല്ലായിടത്തും കൈ കോർക്കാൻ കഴിയുക എന്ന പ്രക്രിയയെ മാത്രമേ ഞാൻ ഇനി ഒരു നവോത്ഥാനമായി കാണുന്നുള്ളൂ. അതിലേക്കുള്ള ചവിട്ടുപടികളാകാട്ടെ ഇപ്പോഴത്തെ നമ്മുടെ കലഹങ്ങളെല്ലാം. ഇക്കാര്യത്തിനു വേണ്ടി നമുക്ക് വിയോജിച്ചു കൊണ്ടെയിരിക്കാം. വൈകാതെ യോജിക്കാനാകും എന്ന പ്രതീക്ഷയോടെ. അപ്പോൾ കാര്യങ്ങൾ തനിയെ മാറും. നമ്മൾ പുതിയ ആകാശവും പുതിയ ഭുമി യും തീർച്ചയായും കാണും ഈ ജന്മത്തിൽ തന്നെ.
വിയോജിപ്പുകളിൽ നിന്ന് യോജിപ്പുകളിലേക്കുള്ള പാലമാകട്ടെ നമ്മുടെ ചർച്ചകളെല്ലാം.
എല്ലാവരോടും സ്നേഹാദരങ്ങളോടെ .

No comments: