മാധ്യമത്തിന്റെ മെയ് ലക്കം കുടുംബം മാസികയിൽ മാതൃദിനത്തെക്കുറിച്ച് ഞാൻ എഴുതിയ ഒരു കുറിപ്പ്
അമ്മദിവസം
ഞാൻ കുട്ടിയായിരിക്കുമ്പോൾ അമ്മദിവസം എന്നൊരു വാക്കേ പരിചയിച്ചിരുന്നില്ല. എന്നാൽ എനിക്കും അനിയത്തി റാണിക്കും കുട്ടികളായിരിക്കവേ അങ്ങനെ ചില ദിവസങ്ങളുണ്ടായിരുന്നു താനും.
അമ്മയുടെ ചേച്ചിയായ പെരിയമ്മ എന്ന് വിളിക്കേണ്ടുന്ന അമ്മീമ്മക്കൊപ്പമാണ് ഞങ്ങൾ ഇരുവരും വളർന്ന ത്. പന്ത്രണ്ടു കിലോമീറ്റർ അകലെയുള്ള ടൗണിൽ പാർത്തിരുന്ന അമ്മയച്ഛന്മാരും കുഞ്ഞനിയത്തി ഭാഗ്യയും
മാസത്തിലൊരിക്കലോ രണ്ടു പ്രാവശ്യമോ ഞങ്ങളെ കാണാൻ വരും. അതായിരുന്നു ഞങ്ങളുടെ അമ്മദിവസങ്ങൾ.
വ്യത്യസ്ത ജാതികളിൽ ഉൾപ്പെട്ട സ്വരച്ചേർച്ചയില്ലാത്ത, അമ്മയച്ഛന്മാരായിരുന്നു ഞങ്ങളുടേത്. ഡോക്ടർ ആയിരുന്ന അച്ഛൻ കേന്ദ്ര ഗവൺമെന്റ് ജോലിക്കാരിയായിരുന്ന അമ്മയെ ശാരീരിക മായി വല്ലാതെ മർദ്ദിക്കുമായിരുന്നു. അമ്മീമ്മയുടെ വീട്ടിൽ പാർക്കുന്നത് വളരെ ആനന്ദകരമായിരുന്നെങ്കിലും അമ്മ ഞങ്ങളുടെ മനസ്സിലെ വലിയ ആകുലതയായിരുന്നു. തീരാനൊമ്പരമായിരുന്നു. ആഴ്ചയിൽ രണ്ട് കത്തയക്കും അമ്മ. കത്ത് വന്നില്ലെങ്കിൽ, കത്ത് വരാൻ വൈകിയാൽ അമ്മ അച്ഛൻ റെ അടിയേറ്റ് മരിച്ചു പോയോ എന്ന് ഞങ്ങൾ കലശലായി വേദനിക്കുമായിരുന്നു. ആ കത്തു കിട്ടുന്ന ദിവസങ്ങളും ഞങ്ങൾക്ക് അമ്മദിവസങ്ങളായിരുന്നു. നഗരത്തിലെ ആ വീട്ടിൽ അമ്മയുണ്ട് എന്ന് ആശ്വസിക്കുന്ന ദിവസങ്ങൾ.
അമ്മയ്ക്ക് പ്രായമായതിനു ശേഷം, അച്ഛനും അമ്മീമ്മയും കടന്നുപോയതിനു ശേഷം മാത്രമേ
ഞങ്ങൾ അമ്മദിവസം ശരിക്കും ആഘോഷിച്ചിട്ടുള്ളൂ. അമ്മ ഡയബെറ്റിക് ആയിരുന്നതുകൊണ്ട് മധുരപലഹാരങ്ങളും കേക്കും മറ്റും ഞങ്ങൾ മക്കളും മക്കളുടെ മക്കളുമായി തിന്നു തീർക്കും. അമ്മയ്ക്ക് കാർഡുകൾ നൽകും. അപ്പോൾ അതീവ മധുരമായി പരിഭവിച്ചുകൊണ്ട് അമ്മ മൊഴിയും... 'എനക്ക് മദേഴ്സ് ഡേ ആയിട്ട് ഒന്നുമേ കെടക്കലൈ. നല്ല പട്ടുസാരിയും വൈരത്തോടും വാങ്കിത്തര വേണ്ടാമോ?.'
അതു കേൾക്കുമ്പോൾ ഞങ്ങൾ ചിരിക്കും. അമ്മയും ചിരിക്കും. ശരിയല്ലേ, അമ്മയ്ക്ക് കഴിക്കാൻ പറ്റാത്ത ആഹാരം ഉണ്ടാക്കുന്നതിലും നല്ലത് ഉടുക്കാൻ പറ്റുന്ന പട്ടുസാരിയും ഇടാൻ പറ്റുന്ന വജ്രക്കമ്മലും വാങ്ങി നല്കുകയല്ലേ...
അങ്ങനെ തമാശയൊക്കെ പറഞ്ഞ് അമ്മ കുട്ടിയായി ഞങ്ങൾക്കൊപ്പം കളിക്കും. ബാല്യകാലസ്മരണകൾ അയവിറക്കും. വളരെ മധുരകരമായിരുന്നു അമ്മയോടൊപ്പം ആഘോഷിക്കപ്പെട്ട അമ്മദിവസങ്ങൾ.
അമ്മദിവസം ഒത്തിരി കേമമായി ആഘോഷിച്ചു ശീലിപ്പിച്ചത് എൻറെ മകളാണ്. രാവിലെ ഉമ്മ തന്ന് എണീപ്പിക്കുന്നത് മുതൽ കാർഡ് വരച്ചു തരലും പോക്കറ്റ് മണികൊണ്ട് ലഞ്ചു സംഘടിപ്പിക്കലും പി വി ആറിൽ സിനിമ കാണിക്കലും ഒക്കെ അവളുടെ വകയായി ഉണ്ടാകുമായിരുന്നു. മിക്കവാറും ദില്ലിയിലെ തെരുവീഥികളിൽ പാർക്ക് ചെയ്തിട്ടുള്ള ചൗകാർട്ടിൽ നിന്നാണ് ഞങ്ങൾ ലഞ്ച് കഴിക്കുക. അല്ലെങ്കിൽ ദില്ലിഹാട്ടിൽ നിന്ന്.. സാകേതിലെ പി വി ആറിൽ അവൾ കൊണ്ടുപോയിരുന്നത് ഹാരിപോട്ടർ സിനിമ കാണിക്കാനാണ്. ഒരിക്കൽ ആ സിനിമ കണ്ട് ഞാൻ ഉറങ്ങിപ്പോയി എന്നത് ഇന്നും ക്ഷമിക്കപ്പെടാത്ത ഒരു കുറ്റമായി എൻറെ പേരിൽ നിലനിൽക്കുന്നുണ്ട്.
ഉദ്യോഗസ്ഥയായപ്പോൾ പിന്നെ, 'അമ്മയ്ക്കെന്ത് വേണമെന്ന് പറയൂ.. ഐ വിൽ ഗെറ്റിറ്റ് ഫോർ യൂ' എന്നായി. അത് ഹൈദരാബാദിലെ ചൂഡിബസാർ ചുറ്റലോ ഹൈദരാബാദി ബിരിയാണി കഴിപ്പിക്കലോ ജഗദംബാ പേൾസിൽ പോയി ചുമ്മാ വായും പൊളിച്ചു നോക്കി നില്ക്കലോ കറാച്ചി ബിസ്ക്കറ്റ് തീറ്റിക്കലോ ശിൽപാരാമവും രാമോജി ഫിലിം സിറ്റിയും കാണിക്കലോ അങ്ങനെ എന്തുമാവാം..
മഹാരാഷ്ട്രയിൽ താമസിക്കവേ എന്നും അമ്മ ദിവസങ്ങളായിരുന്നു എനിക്ക്. വടാ പാവ് മുതൽ ജർമ്മൻ ബേക്കറിയിലെ അതീവ സ്വാദിഷ്ടമായ വിഭവങ്ങൾ വരെ അവൾ എനിക്ക് പരിചയപ്പെടുത്തി. വെറുതെ വഴി നടന്നു. ഒരുപാട് കുപ്പിവളകൾ വാങ്ങിത്തന്നു. സിനിമകൾ കാണിച്ചു. മ്യൂസിയങ്ങളിലും പാർക്കുകളിലും കൊട്ടാരങ്ങളിലും കൊണ്ടു പോയി. എൻറെ മകളായി പിറന്നത് അവളുടെ ഭാഗ്യമെന്ന് എന്നെ അമർത്തിച്ചുംബിച്ചു.
എൻറെ കണ്ണിൽ അപ്പോൾ വെള്ളം നിറയാതിരുന്നില്ല. ഈ ജീവിതത്തിൽ അവൾ, ദുർലഭം ചിലപ്പോൾ മാത്രമേ എന്നോടങ്ങനെ പറഞ്ഞിട്ടുള്ളൂ... എന്നിലെ അമ്മയ്ക്ക് ശരിക്കും അങ്ങനെ വലിയ ആഗ്രഹങ്ങളും ആവശ്യങ്ങളും ഒന്നുമില്ല. എന്നാലും അതു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയാണ്....
അമ്മയുടെ സ്ഥാനം ഉന്നതമാണെന്ന് എല്ലാവരും പറയും. ആരും അടിതൊഴുന്ന മാതൃത്വമെന്ന് കേൾക്കുമ്പോൾ രോമാഞ്ചമുണ്ടാകാത്തവരില്ല. അമ്മയാവലാണ് പെണ്മയുടെ പൂർണതയെന്നും ഒരേയൊരു ജീവിത ലക്ഷ്യമെന്നും മറ്റും സാധിക്കുന്നവരെല്ലാം യാതൊരു ഉളുപ്പുമില്ലാതെ ചുമ്മാ കാച്ചിക്കളയും.
പക്ഷേ, അതൊക്കെ വെറും ഭംഗി വാക്കാണെന്ന് തിരിച്ചറിയുന്നവർ തന്നെയാണ് മിക്കവാറും എല്ലാ അമ്മമാരും. എങ്കിലും അവസാനമില്ലാത്ത ഒരു ദാനമാണ് അമ്മ. അങ്ങനെ യാവാനാണ് അമ്മമാർ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്.
അമ്മയുടെ കൊച്ചുവീഴ്ചകൾ വല്ലാതെ പർവതീകരിക്കപ്പെടാറുണ്ട്. അവൾ അമ്മയാവാൻ യോഗ്യതയില്ലാത്തവളാണെന്ന് അമ്മമാരും അമ്മയ ല്ലാത്തവരും ഒന്നിച്ചു പറയാതിരിക്കില്ല. അപ്പോൾ വലിയ വീഴ്ചകൾ പറ്റിപ്പോകുന്ന അമ്മമാരോ? അവരോട് ജനക്കൂട്ടം കല്പിക്കും, ആർത്തു വിളിക്കും, എഴുതും, സിനിമയും നാടകവും ഉണ്ടാക്കും...
'അമ്മയല്ല, അവൾ. അണലിയാണ്, അവൾക്കു മുള്ളുമുരിക്കും മുളകുപൊടിയുമാണ് ആവശ്യം. മക്കളല്ല.... '
എത്ര എളുപ്പത്തിലാണ് ഒരമ്മ വിധിക്കപ്പെടുക! ആ കല്പിത സിംഹാസനം ചെളിയിലുരുളാൻ ഒരു അപവാദം, ഒരു ആരോപണം ഇതൊക്കെ മതി. അമ്മയുടെ സ്ഥാനം എത്ര ലോലം അല്ലേ? എത്ര ദുർബലം അല്ലേ?
ഏറെ ദുരിതങ്ങൾ കയറിയിറങ്ങിയ എൻറെ അമ്മത്തത്തെ മുൻനിർത്തിയാണ് ഞാൻ ഇതെല്ലാം എഴുതുന്നത് കേട്ടോ.
അമ്മമാർ എന്നും മക്കളുടെ ശരീരത്തിൻറെ കൂടി അംശമാണ്. അവരെത്ര വളർന്നാലും അതങ്ങനെ ആവാതെ തരമില്ല. ബീജം നല്കിയ അച്ഛനേക്കാൾ എത്രയോ ആയിരം മടങ്ങ് അധ്വാനിച്ചാണല്ലോ ഓരോ അമ്മയും ഓരോ കുഞ്ഞിനേയും പെറ്റിടുന്നത്. ആ കുഞ്ഞിനോട് തുറന്നു സമ്മതിക്കാനാവാത്ത ഒരു രഹസ്യവും അമ്മയ്ക്കാവശ്യമില്ല. അപ്പോൾ കുഞ്ഞിനും അമ്മയിൽ നിന്നൊളിക്കാൻ ഒന്നുമുണ്ടാവില്ല. സുതാര്യമായ ബന്ധത്തോളം ശ്രേഷ്ഠമായി ഒന്നും ഇല്ല തന്നെ. അമ്മമാരെ ആഹാരത്തിന്റെ മണവും രുചിയുമായും അലക്കിയ ഉടുപ്പിൻറെ സൗരഭ്യവുമായും രണ്ടു മിനിറ്റിൽ പാത്രങ്ങൾ കഴുകുന്നവളായും മാത്രം കുട്ടികൾ അറിഞ്ഞാൽപ്പോരാ. അവർ അമ്മയുടെ സ്വപ്നങ്ങളെ, ആദർശങ്ങളെ, മോഹഭംഗങ്ങളെ, നിലപാടുകളെ, വീഴ്ചകളെ, വിജയങ്ങളെ അങ്ങനെ എല്ലാറ്റിനേയും അറിയണം. അതിന് അമ്മമാർ പറ്റുന്ന സമയം അവർക്കൊപ്പം വെറുതെ സംസാരിച്ചു ചെലവാക്കണം. ആഹാരപാനീയങ്ങൾ നല്കലും എണ്ണതേപ്പിച്ചു കുളിപ്പിക്കലും ഒക്കെ പോലെ സംഭാഷണവും അതിപ്രധാനമാണ്. അങ്ങനെ മാത്രമേ നമ്മൾ മക്കളേയും മക്കൾ നമ്മളേയും അറിയൂ. ആ അറിവുണ്ടായാൽ പിന്നെ നമുക്കെന്നും അമ്മദിവസങ്ങളായിരിക്കും.
അച്ഛന്മാരോട് സംസാരിക്കാതെ പോകാമോ? പാടില്ല തന്നെ. അമ്മയച്ഛന്മാർ എന്ന് പറയാനാണ് എനിക്കിഷ്ടം. സ്വന്തം മക്കളുടെ അമ്മമാരോട് ഒരിക്കലും ഒരു മേല ധികാരിയെപ്പോലെ പെരുമാറരുത്. അവരെ നിസ്സാരമാക്കാതെ പുച്ഛിക്കാതെ അറിവു കെട്ടവൾ എന്നധിക്ഷേപിക്കാതെ, പല്ലു കടിച്ചു ചീത്ത വാക്കുകൾ പിറുപിറുക്കാതെ അവരോട് കൂട്ടുകാരനെപ്പോലെ ആഹ്ളാദകരമായി ഇടപെടുക. അമ്മയുടെ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരനാണ് അച്ഛൻ എന്ന ബോധ്യം കുഞ്ഞുങ്ങൾക്ക് നല്കുന്ന സുരക്ഷിതത്വബോധം അളവറ്റതായിരിക്കും. അവർക്ക് ആത്മവിശ്വാസം ഇരട്ടിയെങ്കിലുമാകും. സന്തോഷം ആരെയാണ് അടിമുടി ഉടച്ചുവാർക്കാത്തത്?
എൻറെ അമ്മയുടെ ഏറ്റവും നല്ല കൂട്ടുകാരനാണ് എൻറെ അച്ഛൻ എന്ന് മനസ്സിലാക്കി വളരുന്ന ആൺകുട്ടികൾ സ്വന്തം തലമുറയിലെ പെൺകുട്ടികളോട് കുറെക്കൂടി സമത്വത്തോടെ പെരുമാറാൻ ശീലിക്കാതിരിക്കില്ല. താരാട്ട് പാടുന്നത് മുതൽ മോൻ അച്ഛനെപ്പോലെയാവണമെന്നല്ലേ.. ആൺകുട്ടികൾ മാതൃകയാക്കാൻ വേണ്ട നിലപാടുകൾ കൈകൊള്ളാൻ അച്ഛന്മാരും പ്രാപ്തരാകേണ്ടതുണ്ട്.
എല്ലാ അമ്മമാർക്കും എന്നും മാധുര്യമുള്ള അമ്മദിവസങ്ങൾ ഉണ്ടാവട്ടെ എന്ന് ഹൃദയംഗമമായി ആശംസിച്ചുകൊണ്ട്.....
സ്നേഹം മാത്രം
എച്മുക്കുട്ടി.
1 comment:
...പക്ഷേ, അതൊക്കെ വെറും ഭംഗി വാക്കാണെന്ന് തിരിച്ചറിയുന്നവർ തന്നെയാണ് മിക്കവാറും എല്ലാ അമ്മമാരും. എങ്കിലും അവസാനമില്ലാത്ത ഒരു ദാനമാണ് അമ്മ. അങ്ങനെ യാവാനാണ് അമ്മമാർ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്...!
Post a Comment