Monday, May 6, 2019

അധ്വാനത്തിന്റെ സത്യം

https://www.facebook.com/echmu.kutty/posts/1112397615606198
          2019 ജനുവരിയിലെ കുടുംബ മാധ്യമം മാസികയിൽ വന്ന കുറിപ്പ്...   
              

ഞാന്‍ കാണുമ്പോള്‍ കുഞ്ചത്തയ്ക്ക് ഒരു തൊണ്ണൂറ്റഞ്ചു വയസ്സുണ്ട്. കുഞ്ചത്ത എന്ന തമിഴ് വാക്കിന്‍റെ അര്‍ഥം ചെറിയ അമ്മായി എന്നാണ്. ഈ ലോകത്തിലെ സകല മനുഷ്യരാലും പരിത്യക്തയായ ഒരു ജന്മമായിരുന്നു അവര്‍. സാധാരണ തമിഴ് ബ്രാഹ്മണ കുടുംബങ്ങളില്‍ സംഭവിക്കുന്ന കഥ തന്നെ. പത്തു വയസ്സില്‍ കല്യാണം, പന്ത്രണ്ട് വയസ്സില്‍ വയസ്സറിയിക്കല്‍, പതിന്നാലു വയസ്സില്‍ പ്രസവം, പതിനഞ്ചു വയസ്സില്‍ വൈധവ്യം.

പിന്നെ മുടി മൊട്ടയടിക്കല്‍, ബ്ലൌസ് ഊരി മാറ്റല്‍, ഗോതമ്പ് നിറമുള്ള മടിശ്ശാര്‍ പുടവ ധരിപ്പിക്കല്‍..... ഉപവാസത്തോടുപവാസം. എല്ലാ മാസവും പല തരം വ്രതങ്ങള്‍ കൊണ്ട് ഒരു ഇരുപതു ദിവസമെങ്കിലും പട്ടിണിയാണ്. കുഞ്ചത്തയുടെ കുഞ്ഞും അധികം വൈകാതെ അവരെ വിട്ടു പിരിഞ്ഞു. മൂന്നാലു വയസ്സിനുള്ളില്‍ .....പിന്നേം അവര്‍ ജീവിക്കുകയാണ്, എല്ലു മുറിയെ പണിയെടുത്ത്... എന്തിനാണത്? ആര്‍ക്കു വേണ്ടി ?

എല്ലാ പൊതു കാര്യങ്ങള്‍ക്കും അവരുണ്ടാവും, മംഗളകര്‍മങ്ങളില്‍ അവര്‍ മുന്നില്‍ വരാന്‍ പാടില്ല, അവരെ കണി കാണരുത്, ശകുനമായി കാണരുത്. അങ്ങനെ അരുതുകളുടെ ഒരു പരമ്പര തന്നെയുണ്ട്.

എല്ലാ സുമംഗലിപ്പെണ്ണുങ്ങളും കുഞ്ചത്തയെക്കൊണ്ട് പലഹാരങ്ങളുണ്ടാക്കിക്കും, എന്നിട്ട് സദസ്സില്‍ ഗമയോടെ പറയും ... എല്ലാം ഞാന്‍ ചെയ്തതാണ്. അസാമാന്യ വലുപ്പമുള്ള കോലങ്ങള്‍ മുറ്റം മുഴുവന്‍ വരപ്പിക്കും, സദ്യ ഉണ്ടാക്കിക്കും, കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടു വരാന്‍ പറയും... പണികള്‍ക്കും ആള്‍ക്കാര്‍ അന്വേഷിച്ചു വരുന്നതിനും ഒരു കൈയും കണക്കുമില്ല. കൂലി നിസ്സാരമായി കൊടുത്താല്‍ മതിയല്ലോ. ഒരു ഗോതമ്പ് നിറമുള്ള പുടവ, കുറച്ചു നേന്ത്രപ്പഴം, ഇത്തിരി പാല്, കുറച്ച് അരി, ഒന്നോ രണ്ടോ മാങ്ങ, ഒരു കഷണം ചേമ്പ്, കൂടിപ്പോയാല്‍ നാലോ അഞ്ചോ രൂപ.

'എന്തിനാ ഇങ്ങനെ പണിയെടുക്കുന്നത് 'എന്ന് ചോദിച്ചപ്പോള്‍ കുഞ്ചത്ത പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. 'പണിയെടുക്കാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ് കുട്ടീ, നിനക്ക് വായിക്കാനും എഴുതാനും അറിയാം, സമയം പോകും, ഞാന്‍ ഈ അനന്തമായ സമയത്തെ എങ്ങനെ തോല്‍പ്പിക്കും? എനിക്കതിന് ഒരു മാര്‍ഗമേ ഉള്ളൂ. ജോലി ചെയ്യുക, അദ്ധ്വാനിക്കുക... പിന്നെ ഞാന്‍ എടുത്ത ജോലി മറ്റൊരാള്‍ എടുത്തതാണെന്ന് പറഞ്ഞതുകൊണ്ട് അതങ്ങനെ ആവില്ല. എല്ലായിടത്തും എടുത്ത അദ്ധ്വാനത്തിന്‍റെ ഒരു മിന്നലുണ്ടാകും.

അദ്ധ്വാനത്തിന്‍റെ സത്യമെന്നൊന്നുണ്ട്. അനുഭവങ്ങളില്‍ പൊള്ളിപ്പിടഞ്ഞു ഉയരുന്ന അദ്ധ്വാനത്തിനു മേല്‍ എത്ര വെള്ളമൊഴിച്ചാലും അണഞ്ഞു പോവില്ല. അതിനു രൂപഭേദം വരുത്തിയാലും എന്‍റെയാ എന്‍റെയാ എന്ന് വിളിച്ചു കൂവിയാലും ആ കനല്‍ അങ്ങനെ നീറി നില്‍ക്കും. ആ കനലിനെ ഊതി നീറ്റിപ്പിടിപ്പിക്കാന്‍ ആരെങ്കിലും ഈ പ്രപഞ്ചത്തില്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുണ്ടാവും. എങ്ങുനിന്നെന്നില്ലാതെ അവര്‍ കടന്നു വരും . ചുമതല പഴുതില്ലാതെ നിറവേറ്റും. അദ്ധ്വാനത്തിന്‍റെ സത്യം പിന്നെയും മിന്നുന്ന താരകമായി മന്ദഹസിക്കും.

കണ്ടുപിടിക്കപ്പെടും എന്ന് നൂറു കുറി ഉറപ്പുള്ളപ്പോഴും മനുഷ്യര്‍ അദ്ധ്വാനത്തിന്‍റെ ലോകത്തില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നു. എന്താണങ്ങനെ? അതൊരു വലിയ പ്രലോഭനമാണ്. മനുഷ്യന്‍റെ ജീന്‍ കോഡുകളില്‍ എഴുതിയിട്ടുള്ളൊരു തടുക്കാനാവാത്ത വിലോഭനീയത. അന്യന്‍റെ അദ്ധ്വാനം അത് എന്തായാലും മനുഷ്യന്‍ കവരാന്‍ ശ്രമിക്കും... അത് വാക്കായാലും, ജോലിയായാലും, വിഭവങ്ങളായാലും, പണമായാലും, ഭൂമിയായാലും.....ആ മനുഷ്യ സ്വഭാവമാണ് എന്നും പരിഷ്ക്കരിക്കാന്‍ സമൂഹപരിഷ്ക്കര്‍ത്താക്കള്‍ ശ്രമിച്ചിട്ടുള്ളത്. ചൂഷണം എന്ന മനുഷ്യ സ്വഭാവത്തിലെ അത്യന്തം ഹീനമായ ഒരു ഘടകം. സ്ത്രീകളും കുഞ്ഞുങ്ങളും സാധാരണ ചൂഷണത്തിനു വിധേയരാവുന്നവരാണ് ഭൂരിപക്ഷവും, ചൂഷണം ചെയ്യാന്‍ മിടുക്കുള്ള സ്ത്രീകളുണ്ട്.

കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍ അമ്മയച്ഛന്മാര്‍ മറ്റെന്തു പഠിപ്പിച്ചില്ലെങ്കിലും ഒരു കാര്യം അവരെ പഠിപ്പിക്കണം. അന്യന്‍റെ അദ്ധ്വാനം ഒരു തരത്തിലുള്ള ന്യായവും നിരത്തി സ്വന്തമാക്കി മാറ്റരുത്. വിയര്‍പ്പിനും കണ്ണീരിനും ചോരയ്ക്കും ഒക്കെ ഒടുക്കാനാവാത്ത വിലയുണ്ട്. മറ്റൊരുത്തരെ ചൂഷണം ചെയ്യാത്ത തലമുറയെ വാര്‍ത്തെടുക്കാം എന്നുറപ്പുള്ളവര്‍ മാത്രമേ അമ്മയച്ഛനെന്ന അതിഗംഭീരമായ ഉത്തരവാദിത്തം എടുത്ത് കഴുത്തിലിടാവൂ. ഈ ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടിയുള്ളതാണ്... അത് അമ്മയച്ഛന്മാരറിയണം, മക്കളെ അറിയിക്കണം.

No comments: