Saturday, September 7, 2019

അമ്മച്ചിന്തുകൾ 41

                                        
സ്കൂൾ കാലം പതുക്കെ അങ്ങ് തീരുന്നു. അക്കാലത്ത്
താമസിക്കുന്ന ഹൗസിംഗ് കോളനിയിലെ ഒരു പയ്യൻ കുറച്ചു കാലമായി എന്നെ ശല്യം ചെയ്തിരുന്നു. മുട്ടി മുട്ടിയില്ല എന്ന മട്ടിൽ അതിവേഗം അടുത്തുകൂടി സൈക്കിൾ ഓടിക്കുക, വഴിയിൽ വെള്ളമുണ്ടെങ്കിൽ കാലുകൊണ്ട് അത് അടിച്ചു തെറിപ്പിച്ച് എൻറെ യൂണിഫോമിലാക്കുക, മുട്ടോളമെത്തുന്ന മുടി മെടഞ്ഞിട്ട് ഞാൻ നടന്ന് പോവുമ്പോൾ പിടിച്ചു വലിച്ചാൽ ദേ, തിരിപ്പൻ വീഴുമെന്ന് കൂവുക, എന്നെത്തിരിഞ്ഞു നോക്കി നോക്കി സൈക്കിൾ ഓടിച്ച് മരത്തിൽ ചെന്നിടിച്ച് വീഴുക... അങ്ങനെ ഒരു നിത്യ ശല്യം.

ആയിടക്ക് ഞങ്ങൾ പാർക്കുന്ന കോളനിയിലെ തന്നെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ ഞാൻ കംബൈൻഡ് സ്ററഡിക്ക് പോയിരുന്നു. ഇതറിഞ്ഞ് ആ കൂട്ടുകാരിയുടെ വീട്ടിനു മുന്നിലായി അവൻറെ സൈക്കിൾ പ്രകടനങ്ങൾ. മുതിർന്നവർ ആരുമില്ലെന്ന ഉറപ്പിൽ സൈക്കിളിലിരുന്ന് ഗംഭീരമായി പ്രേമാർപ്പണവും ഹൃദയാർപ്പണവും ഒക്കെ നടത്തി അവൻ. കൂട്ടുകാരിയുടെ അമ്മ എന്ന ആൻറി എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവർ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൻ സൈക്കിളുമായി ഒറ്റ മൂച്ചിൽ മുന്നോട്ട് പാഞ്ഞു.

എൻറെ വിവർണമായ മുഖം കണ്ട് ആൻറി എന്നെ ഉപദേശിച്ചു.. 'ഇത് ഇപ്പ സാരല്യാ.. പക്ഷേ, മോള് ചീത്തപ്പേര് വര്ത്തരുത്. പിന്നെ ജീവിച്ചിട്ട് കാര്യം ല്ല. അനീത്തിമാരടെ ജീവിതം വിഷമാക്കരുത്. ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കരുത്. അത് വല്യ പ്രയാസമാവും... '

എൻറെ മനസ്സാകെ കലങ്ങി. ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ, ആരോട് പറയും അത് ?

എൻറെ സങ്കടം അമ്മയോട് പറഞ്ഞപ്പോൾ 'അവൻറെ അച്ഛൻ കുട്ടീടെ അച്ഛൻറെ ഫ്രണ്ടല്ലേ...തീർച്ചയായും അച്ഛൻ സംസാരിച്ചു കാര്യങ്ങൾ ശരിയാക്കും 'എന്ന ഉറപ്പാണ് അമ്മയും തന്നത്.

എത്രയായാലും എൻറെ അച്ഛനല്ലേ... എന്നെ അറിയാതിരിക്കുമോ എന്ന് ഞാൻ കരുതി.. ദേഷ്യപ്പെട്ട് അമ്മയെ അടിക്കുമെങ്കിലും സങ്കുചിത മനസ്സും സ്വാർഥതയും ഉണ്ടെങ്കിലും എൻറെ അച്ഛനല്ലേ.. എന്നെ അറിയും.. അറിയാതിരിക്കുമോ

രാത്രി പത്തുമണിക്ക് അച്ഛൻ ഓഫീസേഴ്സ് ക്ളബ്ബിലെ ചീട്ടുകളിയും കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഞാൻ ഈ സംഭവമൊക്കെ വിവരിച്ചു. അദ്ദേഹം ഉടൻ തന്നെ സുഹൃത്തിൻറെ വീട്ടിലേക്ക് പോയി. ആ പയ്യൻറെ അമ്മ വലിയ ബഹളമുണ്ടാക്കി. അവർ വളർത്തിയ മകൻ അങ്ങനൊന്നും ചെയ്യില്ല..ഞാൻ കണ്ണു കാണിച്ചിട്ടാവും അവന് അബദ്ധം വല്ലതും പറ്റീട്ടുണ്ടാവുക എന്ന് പറഞ്ഞ് അവർ നെഞ്ചിൽ ഇടിച്ചു കരഞ്ഞു. അങ്ങനെ അയല്പക്കത്തെ രണ്ട് മൂന്ന് വീടുകളിൽ കൂടി കാര്യങ്ങൾ പരന്നു.

അച്ഛനും ആ പയ്യൻറെ അച്ഛനും കൂടി എൻറെ കൂട്ടുകാരിയുടെ വീട്ടിൽ തെളിവെടുപ്പിന് പോയി. കൂട്ടുകാരിയുടെ അമ്മയായ ആൻറി ആരേം വെറുപ്പിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവർ പറഞ്ഞു.. 'ആരോ എന്തോ റോഡിൽ നിന്നും വിളിച്ചു പറഞ്ഞു. എനിക്ക് ആളെ അറിയാൻ പറ്റീല്ല. മോളോട് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഇടകൊടുക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. എൻറെ മോൾക്ക് ഇന്നത്തെ തീയതി വരെ ഒരു പ്രശ്നവും ആരിൽ നിന്നും നേരിട്ടിട്ടില്ല. കാരണം ഞാൻ അത്ര ഭംഗിയായിട്ടാണ് മോളേ വളർത്തുന്നത്. '

പയ്യൻറെ അച്ഛൻ സ്വയം പുകഴേന്തി വിജൃംഭിതനായാണ് മടങ്ങി വന്നത്. എൻറെ അച്ഛൻ വീട്ടു മുറ്റത്ത് നിന്നിരുന്ന പോളിയാൽതിയാ മരത്തിൽ നിന്ന് ഒരു കമ്പ് ഒടിച്ചെടുത്തു. എന്നെ അടിക്കാൻ ഭാവിച്ചപ്പോൾ ആ അങ്കിളും അകത്ത് നിന്നും ഓടി വന്ന ഭാഗ്യയും കൂടി അച്ഛനെ പിടിച്ചു മാററി. 'നുണ പറയുന്ന സ്വഭാവമൊക്കെ ഞാൻ അടിച്ചു മാറ്റും 'എന്ന് അച്ഛൻ അലറി. അച്ഛൻറെ കണ്ണുകൾ കത്തുന്നുണ്ടായിരുന്നു. സിഗരറ്റിൻറെ ഒരു കഷണം കനലായി അച്ഛൻറെ ചുണ്ടിൽ പറ്റി നിന്നിരുന്നു.

അമ്മയെയും അമ്മീമ്മയേയും അച്ഛൻ ഒത്തിരി ചീത്ത വിളിച്ചു. ഒരു നുണച്ചിയായി എന്നെ വളർത്തിയതിന്... എന്നെ നാട്ടുകാർ വളഞ്ഞു നിന്ന് തല്ലിക്കൊല്ലുമെന്ന് പ്രവചിച്ചു. .....അച്ഛന് അത് തടയാൻ ഒന്നും ചെയ്യാനാവില്ലെന്നും പറഞ്ഞു.

നുണച്ചി എന്ന സ്ഥാനം അങ്ങനെ ആ കോളനിയിൽ എനിക്ക് പരന്ന് കിട്ടി. അതൊരു മുൻ കരുതലായിരുന്നു ബുദ്ധിമാനായ അച്ഛൻറെ.

അച്ഛൻ എന്ന സുരക്ഷാഭിത്തിയുടെ മണലുറപ്പ് എനിക്ക് വ്യക്തമായ രാത്രി കൂടി ആയിരുന്നു അത്.

അന്ന് ഞങ്ങൾ ഞാനും ഭാഗ്യയും ഉറങ്ങിയില്ല. ഒരുതരം ഭീതി ഞങ്ങളെ വലയം ചെയ്തു. കട്ടൻ കാപ്പി കുടിച്ച്‌ പുസ്തകം വായിക്കുകയാണെന്ന വ്യാജേനെ പരസ്പരം മുഖം കൊടുക്കാതെ ഞങ്ങൾ നേരം വെളുപ്പിച്ചു.

ഞാൻ പിന്നീട് ആ വീട്ടിൽ കംബൈൻഡ് സ്ററഡിക്ക് പോയില്ല. നാലു ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകാരി എന്നെ നിർബന്ധിച്ച് അവളുടെ വീട്ടിൽ കൊണ്ടു പോയി.അവളുടെ അമ്മ പൂവു പോലെ മൃദുലമായ പാലപ്പവും
പഞ്ചസാര ചേർത്ത് മധുരിപ്പിച്ച തേങ്ങാപ്പാൽക്കുഴമ്പും കാപ്പിയും സൽക്കരിച്ചു.

ഇത്തരം പ്രശ്നങ്ങൾ ഒതുക്കി തീർക്കണമെന്നും നാലാളെ അറിയിച്ച് കൂടുതൽ കുഴപ്പമാക്കരുതെന്നും അവർ എനിക്ക് ജീവിതോപദേശം നല്കി. 'വീട്ടിലെ പുരുഷന്മാരോട് അവരാരായാലും ഇത്തരം കാര്യങ്ങൾ പറയരുത്. അച്ഛനും അങ്കിളും തമ്മിൽ വഴക്കായി കത്തിക്കുത്തൊക്കെ ആയാൽ ആർക്കു പോയി... അച്ഛനില്ലെങ്കി അമ്മക്ക് ഈ ക്ലർക്കുദ്യോഗവും
വെച്ച് നിങ്ങൾ മക്കളെ വേണ്ട പോലെ നോക്കാനാവീല്ല. ഈ കോളണിയിലെ ആരേയും മോളായിട്ട് വെറുപ്പിക്കരുത്. കല്യാണാലോചനയൊക്കെ വരുമ്പോൾ അത് വലിയ ദോഷം ചെയ്യും. '

ഞാൻ തലയാട്ടി. ആൻറിയെ വിശ്വസിക്കരുതെന്ന് , ഒന്നിനും ആശ്രയിക്കരുതെന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു.

1 comment:

Cv Thankappan said...

കഷ്ടമായി