Monday, September 16, 2019

അമ്മച്ചിന്തുകൾ 46

                                                             
അച്ഛൻറെ എല്ലാ ബന്ധുക്കളും വാഹനാപകടമറിഞ്ഞ് ഓടിയെത്തി. അമ്മ അച്ഛൻറെ ചേട്ടനോടും ചേച്ചിയോടും ഇക്കാര്യമെല്ലാം തുറന്നു പറയുകയും അച്ഛനെ ഉപദേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അനിയത്തിമാർക്ക് ചേട്ടനോട് അങ്ങനെ ഒന്നും ചോദിക്കാൻ പറ്റില്ലല്ലോ. അനുസരണയും ചൊല്ലുവിളിയും ബഹുമാനവുമുള്ള അനിയത്തിമാരാണവർ. ആർക്കൊപ്പവും ഒളിച്ചോടാത്തവർ. പിന്നെ അവർ അമ്മയെ പൂർണ വിശ്വാസത്തിലെടുക്കുവാൻ തയാറുമല്ല. അച്ഛൻറെ ചേട്ടനും ചേച്ചിയും വിവരങ്ങളെല്ലാം കേട്ടിരുന്നെങ്കിലും ഒറ്റ ച്ചോദ്യം കൊണ്ട് അവർ അമ്മയുടെ കരച്ചിലിനും പറച്ചിലിനും പൂർണ വിരാമമിട്ടു.

'ഞങ്ങളോടാലോചിച്ചിട്ടാണോ ഈ കല്യാണം കഴിച്ചത്?'

അമ്മ പിന്നെ ശബ്ദിച്ചില്ല.

ഞങ്ങളുടെ താല്പര്യത്തിന് തികച്ചും വിരുദ്ധമായിരുന്നു അമ്മയുടെ ഈ സഹായം തേടൽ... അച്ഛൻറെ ബന്ധുക്കളോട് അമ്മ ഒരു സഹായവും ചോദിക്കണ്ട, അവർ കൂടുതൽ വേദനിപ്പിക്കുമെന്ന് ഞങ്ങൾ അമ്മയെ വിലക്കീരുന്നു. അമ്മ ഞങ്ങളുടെ വാക്ക് കേട്ടില്ല.

ഞങ്ങൾ നേരത്തേ പറഞ്ഞില്ലേ..എന്നിട്ടും ഞങ്ങളെ അമ്മ കാര്യമാക്കിയില്ലല്ലോ. എന്തു പ്രയോജനമുണ്ടായി ഇപ്പോൾ ? എന്ന് ഞങ്ങൾ മൂന്നു പേരും അമ്മയെ വാക്മുനയിൽ കോർത്ത് നിശിതമായി വിചാരണ ചെയ്തു.

പിന്നീട് വളരെക്കാലം കഴിഞ്ഞാണ് അത്തരം ചോദ്യങ്ങളുന്നയിക്കുന്നത് അമ്മയെ കൂടുതൽക്കൂടുതൽ ഏകാകിനിയാക്കുകയായിരുന്നു വെന്ന് ഞങ്ങളും മനസ്സിലാക്കിയത്. അപ്പോഴേക്കും സമയം ഒത്തിരി മുന്നോട്ട് പോയിക്കഴിഞ്ഞിരുന്നു.

തൃശൂരിലെ ഒരു മഞ്ഞപ്പത്രം അച്ഛൻ പാതിരാത്രിയിൽ നാടകനടിമാരുമൊത്ത് വാഹനാ പകടത്തിലായതിനെ വലിയ വാർത്തയാക്കീരുന്നു. അച്ഛനെ ഒരു അഴിമതി വീരനായും മരുന്നുകൾ മോഷ്ടിച്ചു വില്ക്കുന്നവനായും മറ്റും ചിത്രീകരിച്ചിരുന്നു. കള്ളമായിരുന്നു ആ ചിത്രീകരണം. അച്ഛൻ ജോലിയിൽ ഒരു അഴിമതി യും ഒരിക്കലും കാണിച്ചിട്ടില്ല. ഈ പത്രം കൃത്യമായി തിരുവനന്തപുരത്തെ ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിൽ എത്തിയ കാര്യം ഞങ്ങൾ വളരെ വൈകിയാണറിഞ്ഞത്.

അങ്ങനെ തൊട്ടരികേ വന്ന മരണത്തെ തോല്പിച്ച് അച്ഛൻ വീട്ടിലെത്തി. ഭാഗ്യയും റാണിയും മൗനം കവചമായി ധരിച്ചു. ഞാൻ മാത്രമേ സംസാരിക്കുന്നുള്ളൂവെന്നും അത് എനിക്ക് ജളത്വമുള്ളതുകൊണ്ടാണെന്നും അക്കാലങ്ങളിൽ അച്ഛൻ കരുതി. അദ്ദേഹം എൻറെ ആ ജളത്വത്തെ പറ്റി ഭംഗിയായി എഴുതിയിട്ടുണ്ട്. 'ജളാമതേ കർണാ' എന്നാണു വിശേഷണം.

അമ്മീമ്മയടക്കം അഞ്ചു സ്ത്രീകളുള്ള ഞങ്ങളുടെ വീട്ടിൽ എല്ലാവരും രാവിലെ എണീക്കുമ്പോൾ എത്ര വാക്ക് പറയണമെന്നും അതിൽ തന്നെയും എത്ര കുറച്ചു വാക്കുകൾ ഉപയോഗിച്ച് കാര്യം പറഞ്ഞു തീർക്കാമെന്നും ഗവേഷണം ചെയ്ത കാലമായിരുന്നു അത്. ഞങ്ങൾ മൂന്നോ നാലോ പേർ വല്ലപ്പോഴും ഒന്നിച്ചു കൂടുമ്പോൾ, അതും മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടു മാത്രം എല്ലാവരും പരസ്പരം പതുക്കെപ്പതുക്കെ സംസാരിച്ചു പോന്നു.

അക്കാലത്ത് ഒരു നട്ടുച്ചയ്ക്ക് ഒരാൾ വന്ന് അച്ഛനോട് തട്ടിക്കയറി. അയാളുടെ പെങ്ങളെ, കോഴി എന്നു പേരുള്ള ആ സുഹൃത്തു വഴി അച്ഛൻ ദ്രോഹിക്കാൻ ശ്രമിച്ചു വെന്നായിരുന്നു ആരോപണം. അച്ഛൻ പോലീസിനെ വിളിക്കുമെന്ന് പലവട്ടം പറഞ്ഞുവെങ്കിലും ഒരിക്കൽ പോലും വിളിക്കുകയുണ്ടായില്ല.

ഒടുവിൽ അയാൾ 'ഈ കുഞ്ഞിനെ ആരെങ്കിലും ദ്രോഹിക്കാൻ വന്നാലോ' എന്ന് എന്നെ വിരൽ ചൂണ്ടി. അച്ഛൻ 'ഒന്നും ചെയ്യാതെ ആരും ദ്രോഹിക്കാൻ വരില്ലെ'ന്ന് അയാളെ നിസ്സാരമാക്കിയപ്പോൾ അയാൾ ഒരു നിമിഷം കത്തുന്ന കണ്ണുകളുമായി അങ്ങനെ തറഞ്ഞു നിന്നു.

എനിക്ക് സത്യമായും പേടിയായി.ഞാൻ കൈകൂപ്പി അയാളെ തൊഴുതു... ദയവു ചെയ്തു പോകണമെന്ന് ആവശ്യപ്പെട്ടു.

വാക്കില്ലാതെ കുറച്ചു നേരം നിന്നിട്ട്, അയാൾ മെല്ലെ ഇറങ്ങിപ്പോയി.

ഇതും തുടക്കമായിരുന്നു. പലവട്ടം പല പുരുഷന്മാരാൽ ഇതാവർത്തിക്കപ്പെട്ടു. വീട്ടുവരാന്ത ഞങ്ങൾ കുട്ടികൾ അങ്ങനെ പൂർണമായും ഉപേക്ഷിച്ചു.

ഞങ്ങൾക്ക് ജീവിതം മതിയായിക്കഴിഞ്ഞിരുന്നു. പരീക്ഷ ജയിക്കൽ, ഉന്നത വിദ്യാഭ്യാസം നേടൽ, ജീവിതത്തിൽ ആരെങ്കിലും ഒക്കെ ആയിത്തീരൽ അങ്ങനെ എല്ലാം വ്യർഥമാണെന്ന തോന്നൽ ഞങ്ങളുടെ ഉള്ളിൽ കിടന്നു ഉണങ്ങാ മുറിവായി നീറി.

നഴ്സ് മാലാഖ ജീവിതത്തിലേക്ക് വന്നപ്പോൾ മുതൽ അച്ഛൻ സ്വന്തം ജാതിപ്പേര് വെച്ച് അറിയപ്പെടാൻ ആഗ്രഹിച്ചു. അങ്ങനെ അദ്ദേഹം ആ ജാതിസംഘടനയിൽ അംഗമായി. എല്ലാ മാസവും ജാതിപ്പേരു ചേർത്ത അഭിസംബോധനയോടെ സംഘടന അച്ഛനു കത്തയച്ചു.
ഞങ്ങൾ മക്കളിൽ കടുത്ത അനാഥത്വം സൃഷ്ടിച്ച ഒരു കാര്യമായിരുന്നു ഇത്.

ബ്രാഹ്മണജാതിയെ കളിയാക്കും, അവർക്ക് ബന്ധങ്ങളില്ലെന്ന് പറയും, ധനാർത്തിയാണെന്ന് ചൂണ്ടി ക്കാണിക്കും എന്നല്ലാതെ ജാതിയും മതവും അച്ഛൻ വീട്ടിലൊരിക്കലും ചർച്ച ചെയ്തിരുന്നില്ല. മതം മനുഷ്യ നെ മയക്കുന്ന കറപ്പാണെന്ന് പറ്റുമ്പോഴെല്ലാം പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമായിരുന്നു.

ചില ബ്രാഹ്മണരോട് അച്ഛനു മാത്രമല്ല ഞങ്ങൾക്കും അത്യധികം കോപമുണ്ടായിരുന്നു. അമ്മയുടെ വീട്ടിലെ അവസാനിക്കാത്ത ആ കോടതിക്കേസ്സ് ഞങ്ങളേയും മടുപ്പിച്ചിരുന്നുവല്ലോ.

അച്ഛൻ വളരെ മുമ്പ് തന്നെ മിശ്രവിവാഹം കഴിച്ച് ജാതിയെ വെല്ലുവിളിച്ചുവെന്ന് എല്ലാവരേയും പോലെ ഞങ്ങളും വിശ്വസിച്ചു. അതിൽ ശരിക്കും അഭിമാനിച്ചു. ഞങ്ങൾക്ക് ജാതിയില്ലെന്ന് വളരേക്കാലം മുമ്പേ അച്ഛൻ സ്കൂളിൽ എഴുതിക്കൊടുത്തിരുന്നു. ഞങ്ങളുടെ ആ ഗമപ്പത്തിയിലാണ് ജാതി സംഘടനക്കാരുടെ കടന്നു വരവോടെ അടിയേറ്റത്.

അച്ഛൻറെ മക്കളാവാൻ ഞങ്ങൾക്കോ ഭാര്യയാവാൻ അമ്മയ്ക്കോ യോഗ്യതയില്ലെന്നും അതുകൊണ്ടാണ് ഞങ്ങൾക്ക് ജാതിയില്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ' ഈ വീട്ടിലെ ന്തിനാ അച്ഛാ നമുക്ക് ഒരു ജാതിസംഘടന' എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അച്ഛൻ തന്നത്.

ജാതിയാണോ യോഗ്യത എന്ന പെരുത്ത ചോദ്യം ഞങ്ങൾ വിഴുങ്ങി. പിന്നീട് അച്ഛൻറെ മക്കൾ എന്നു പറയുമ്പോഴൊക്കേയും എങ്ങുനിന്നെന്നറിയാത്ത വിധം ഒരു ജാതി മുന കൂർത്തു വന്ന് ഞങ്ങളെ സദാ നൊമ്പരപ്പെടുത്തീരുന്നു. ഒരു ജാതിയോടും ആഭിമുഖ്യമില്ലാതായതും ജാതിപ്പേര് പറഞ്ഞു അപമാനിക്കപ്പെടാനോ ബഹുമാനിക്കപ്പെടാനോ ഏതെങ്കിലും ജാതിയിലോ ഏതെങ്കിലും മതത്തിലോ ഐക്യപ്പെടാനോ പറ്റാതായതും അങ്ങനെയാണ്.

അതുവരെ അമ്മ ഒരു ചോക്ലേറ്റ് പോലും അച്ഛനറിയാതെ വാങ്ങി ഞങ്ങൾക്ക് തന്നിരുന്നില്ല. ഈ വാഹനാപകടം അമ്മയെ വലിയൊരു അളവിൽ മാറ്റിത്തീർത്തു. അച്ഛൻ കൊണ്ടുപോവുന്ന അസ്മത്തുള്ളാഖാൻ സായ് വിൻറെ തുണിക്കട, ജയ ബേക്കറി, വി പി എൻ സ്വാമിയുടെ പലചരക്ക് കട , കോട്ടയ്ക്കൽ ആര്യവൈദ്യശാല, നടുവിലാലിനരികിലെ പച്ചക്കറി ക്കട, കാഞ്ചന ഇവിടങ്ങളിലായിരുന്നു അമ്മയുടെ സ്ഥിരം ഷോപ്പിങ്. വർഷത്തിലൊരിക്കൽ എൻ ടി സിയിലും ഹാൻടെക്സിലും അമ്മ പോയി. തൃശൂരിൽ മറ്റ് ഏതു കട വന്നാലും അമ്മ അങ്ങനെ അറിയുമായിരുന്നില്ല.

അമ്മ സ്വന്തം ഹോബികളായ ജ്യോതിഷവും ചെടി വളർത്തലും ഉഷാറാക്കി. തനിച്ച് ഷോപ്പിംഗ് ചെയ്തു. ഇഷ്ടപ്പെട്ട ചില്ലറ സാധനങ്ങളും കുറച്ച് നല്ല സാരികളും വാങ്ങിച്ചു. ഇന്നാലോചിക്കുമ്പോൾ മനസ്സിലാകുന്നുണ്ട് ഞാൻ തകർന്നിട്ടില്ല എന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനും സ്വയം വിശ്വസിക്കാനുമുള്ള ശ്രമമായിരുന്നു അമ്മ നടത്തിയിരുന്നത്.

ആ ശ്രമത്തിൽ അമ്മ കുറച്ചൊക്കെ ജയിച്ചെന്നും ഇല്ലെന്നും പറയാം.

ഞങ്ങളുടെ പരീക്ഷകൾ ഒന്നും നന്നായില്ല. പഠിക്കാതെയല്ല, പഠിക്കുന്നത് മറന്നു പോവലായിരുന്നു പ്രധാന പ്രശ്‌നം.

സേക്രഡ് ഹാർട്ട് കോൺവെൻറിൽ കുത്തിയിരുന്ന് കരഞ്ഞിരുന്ന ഭാഗ്യയെ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ഭഗീരഥി ടീച്ചർ എപ്പോഴും സമാധാനിപ്പിക്കുകയും പഠിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല

1 comment:

Cv Thankappan said...

വായിക്കുന്നു...
ആശംസകൾ