Sunday, September 29, 2019

പാതിരാ സൂര്യൻ

                                                                                                              

സന്തോഷമുള്ള സ്നേഹം തുളുമ്പുന്ന നന്മ നിറഞ്ഞ കഥ...

2019 ലെ അക്ഷരകൈരളി ഓണപ്പതിപ്പിൽ വന്ന കഥ...

പാതിരാ സൂര്യൻ

രാത്രിയിൽ ഉറക്കം ഞെട്ടിയുണർന്നപ്പോൾ കണ്ടു, കുഞ്ഞു മംഗിണിയും അരഞ്ഞാണവുമായി ഒരു പൊന്നുവാവ... ഒരു സുന്ദരൻ.. ചെറുവിരലും കടിച്ച് ചിരിക്കുന്നു... അടുത്തു കിടക്കുകയാണ് എന്ന് വിചാരിച്ചു. ഏയ്, ആരുമില്ല..പതിഞ്ഞ താളത്തിൽ ഉള്ള പതിവ് കൂർക്കം വലി കേൾക്കാം...

ഒന്നും കൂടി ചേർന്ന് കെട്ടിപ്പിടിച്ചു കിടന്നു. രണ്ടു ദിവസം പ്രായമുള്ള താടിയിൽ അമർത്തി ഉമ്മ വെച്ചപ്പോൾ ങൂം എന്ന മൂളൽ...

'വാവ ... വാവ... വന്നു. ഞാൻ കണ്ടു'.... സന്തോഷം കൊണ്ട് വാക്കുകൾ കിട്ടിയില്ല..

'ഇനി വാവയോ?.. ഞാൻ മുക്രയിട്ടാലും പറ്റൂല... ആ കാലമൊക്കെ എന്നേ കഴിഞ്ഞു.. കെടന്നൊറങ്ങ് പെണ്ണേ.. വാവ പോലും. മിണ്ടാതെ മുറുങ്ങാതെ കെട്ടിപ്പിടിച്ചു കിടന്നോ'

ഒന്നും തിരിച്ചു പറഞ്ഞില്ല. പക്ഷേ, പിന്നെ ഉറങ്ങിയതേയില്ല. എങ്ങോ ദൂരേ കോഴി കൂവുന്നതും പലതരം ഭക്തിഗാനങ്ങൾ മുഴങ്ങുന്നതും കേട്ടു.

എണീറ്റപ്പോൾ അഞ്ചു മണിയായിട്ടേയുള്ളൂ.

പ്രഭാതകർമ്മങ്ങൾ ഒക്കെ തീർത്ത് വേണുവേട്ടൻ ഉറങ്ങുന്ന മുറിയൊഴിച്ച് എല്ലാ മുറികളും അടിച്ചു വാരിത്തുടച്ചു. പുറത്തിറങ്ങി മുററവും തൂത്തുവാരി..

പക്ഷേ, മനസ്സിലാകെ വാവയുടെ മുഖമാണ്. ഇത്ര വ്യക്തമായി കാണുമോ സ്വപ്‌നത്തിൽ..

മോൻറെ ച്ഛായയല്ല, മരുമോളുടെ ച്ഛായയുമല്ല... ആലോചിക്കും തോറും വാവമുഖത്തിന് മനസ്സിൽ മിഴിവേറി വന്നു.

ചിലപ്പോൾ ദൈവത്തിൻറെ ച്ഛായയാവും. എല്ലാ കുട്ടികൾ ക്കും ആ ച്ഛായയാണ്...

കുളിച്ചു വൃത്തിയായി വിളക്ക് കൊളുത്തി, ചന്ദനത്തിരിയുടെ സുഗന്ധം പരന്നപ്പോൾ ഒരു സുഖം..

അധികം ആലോചിക്കാനില്ല.. വേഗം ഉപ്പുമാവും ചായയും ഉണ്ടാക്കി. അടുക്കള വാതിൽക്കൽ കാത്തിരിക്കുന്ന പ്രാവുകൾക്കും കാക്കകൾക്കും അരി വിതറിക്കൊടുത്തു...

വേണുവേട്ടൻ എഴുന്നേറ്റു വന്നപ്പോൾ വേഗം വേഗം പറഞ്ഞു. 'എനിക്ക് ലില്ലീടടുത്ത് പോകണം. വൈകുന്നേരത്തെ വിമാനത്തിൽ പോവാൻ പറ്റില്ലേ'

വേണുവേട്ടൻറെ പുരികങ്ങൾ 'ങൂം' എന്നുയരുന്നത് കണ്ടു.

'ലില്ലിമോൾക്ക് എന്നെ കാണാൻ തോന്നുന്നുണ്ട്. ഇപ്പോൾ. അതാണെനിക്കും അങ്ങനെ തോന്നുന്നത്.എനിക്ക് പോണം വേണുവേട്ടാ'

'ചുമ്മാ വിമാനത്തിൽ കയറിപ്പോവാനോ... ചെന്നൈ വരേ.. ലില്ലിക്കാവശ്യമുണ്ടെങ്കിൽ വിളിക്കും.അന്നേരം പോക്കോളൂ കേട്ടോ. ഇപ്പൊ എനിക്ക് ആഹാരം തരൂ.. ഞാൻ ജോലിക്ക് പോട്ടേ'

മുഖം വീർപ്പിച്ച് തല താഴ്ത്തി നിന്നു. 'എനിക്ക് പോണം.. ഇന്ന് തന്നെ പോണം. പോയില്ലെങ്കിൽ എനിക്ക് മനസ്സമാധാനം കിട്ടില്ല.'
എന്ന് മന്ത്രിക്കുമ്പോലെ പറയാതിരുന്നില്ല.

ഉത്തരമൊന്നും കിട്ടിയില്ല.

മൗനമായിരുന്ന് ചായയും ഉപ്പുമാവും കഴിച്ചു.

വേണുവേട്ടൻ ഓഫീസിലേക്കിറങ്ങുമ്പോൾ മെല്ലെ ആരായാതിരുന്നില്ല...

'എപ്പോ എത്തും ഉണ്ണാൻ.. ?'

തിരിഞ്ഞു നിന്ന് മുഖം കൂർപ്പിച്ച് പരാതിപ്പെട്ടു. ' 'ഞാനെപ്പൊ വന്നാലെന്താ വന്നില്ലെങ്കിലെന്താ? നിനക്ക് മരുമോളെ കാണാൻ പോവാനല്ലേ തെരക്ക്? ഈതർ യു ആർ വിത് യുവർ മദർ ഓർ വിത് യുവർ ഡോട്ടർ ഇൻ ലോ'

'അത് അമ്മക്ക് വയ്യാഞ്ഞിട്ടല്ലേ, വേണുവേട്ടാ'

'ആ .. പാവം, അമ്മക്ക് അങ്ങനെ ഒരു കാരണമുണ്ട്. മരുമോളെ ചുമ്മാ ഒരു സ്വപ്നം കണ്ടാൽ മതി... ഉടനെ പുറപ്പെടും.'

ചിരി വരുന്നുണ്ട് വേണുവേട്ടന്. ബലം പിടിച്ചു വെച്ചിരിക്കുകയാണ്...

സന്തോഷമായി... ശരിക്കും. ഗേറ്റ് തുറന്നു കാറിൻറെ പിന്നിൽ നിന്നും ഉന്തി 'തള്ളുവണ്ടി തള്ളുവണ്ടി 'എന്ന് വണ്ടി പുറത്തിറങ്ങിയപ്പോൾ ആ കാർ ഓടിപ്പോകുന്നത് കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്നു.

അടുക്കളയിൽ വന്ന് വേഗം ഭക്ഷണമുണ്ടാക്കാൻ തുടങ്ങി. വാഷിംഗ് മെഷീനിൽ തുണികൾ പെറുക്കിയിട്ട് കഴുകലും ഒപ്പം നടത്തി.

ചേനയും കായും ഇട്ട് കുറുക്കുകാളൻ വെച്ചു. അയല മുളകു ചാർ ഉണ്ടാക്കി. ഉണക്കചെമ്മീൻ വറുത്തുപൊടിച്ച് ചെമ്മീൻപൊടിയും തയാറാക്കി. ചോറും വാർത്ത്, തുണികളും ഉണങ്ങാനിട്ടു. അപ്പോഴാണ് കുറച്ചു വെണ്ടക്ക ഫ്രിഡ്ജിലിരുന്നു വിരൽ നീട്ടുന്നത് കണ്ടത്. ശടേന്ന് ഒരു മെഴുക്കുപുരട്ടിയും ഉണ്ടാക്കി.

കാളനും ചെമ്മീൻ പൊടിയും ഉണ്ടെങ്കിൽ അത്താഴം വേണുവേട്ടൻ വീട്ടിൽ കഴിച്ചോളും. ഒരു പിടി പച്ചരി വെച്ചാൽ മതിയല്ലോ.

രണ്ടുമൂന്ന് ദിവസത്തേക്കുള്ള ഡ്രസ്സും മറ്റും ബാഗിലാക്കി. വേണുവേട്ടൻ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോഴേക്ക് യാത്രക്കുള്ള ഒരുക്കമെല്ലാം പൂർത്തിയായിരുന്നു.

'ആഹാ, മരുമോളെ കാണാൻ ഒരുങ്ങിയല്ലോ. എന്തായാലും പോവുകയല്ലേ, ഒരാഴ്ച നിന്നിട്ട് വന്നാൽ മതി. രണ്ടു ടിക്കറ്റും റെഡിയാണ്..'

വേണുവേട്ടൻറെ വാക്കുകളിൽ കുസൃതി.

വേണുവേട്ടൻ ഒരിക്കലും അരുത് എന്ന് വിലക്കീട്ടില്ല. ഒരു കാര്യത്തിനും.. അമ്മ പറയുന്നത് പോലെ സൗഭാഗ്യവതിയായ ഒരു സ്ത്രീ തന്നെയാണ് വേണുവേട്ടൻറ ഈ ഭാര്യ... അപ്പോൾ സ്വയം ചിരി വന്നു ..

എന്നാലും ചോദിക്കാതിരുന്നില്ല. 'എന്താപ്പോ ഒരു മനം മാറ്റം. ?'

വേണുവേട്ടൻ അതിമനോഹരമായി ചിരിച്ചു..
'എനിക്ക് ചെന്നൈയിൽ ഒരു മീററിംഗുണ്ട്. വെള്ളിയാഴ്ച... അപ്പൊ ഞാൻ വരും. എന്നിട്ട് സൺഡെ നമുക്ക് മടങ്ങാം. വെള്ളിയാഴ്ച മോനുവും എത്തും ചെന്നൈയിൽ... നൈസ് വീക്കെൻഡ് ആൻഡ് ഫാമിലി ഗെറ്റ് റ്റു ഗെദർ'

ഓടിച്ചെന്ന് വേണുവേട്ടനെ കെട്ടിപ്പുണർന്ന് ഒരു പൂച്ചയെപ്പോലെ കുറുകി..

വേഗം ഉച്ചഭക്ഷണം കഴിച്ചു. വേണുവേട്ടൻ പതിവു പോലെ വേണ്ടതൊക്കെ എടുത്തില്ലേ മോളേയെന്ന് പലവട്ടം ചോദിച്ചു.. പിന്നെ വാതിൽ പൂട്ടിയിറങ്ങി..

എയർപോർട്ടിൽ വിട്ടിട്ട് വേണുവേട്ടൻ പോവുമ്പോൾ എന്നത്തേയും പോലെ മനസ്സ് മൂകമായി. യാത്ര വേണ്ട എന്ന് വെച്ചാലോ എന്ന് ഒരു നിമിഷം ഓർത്തു.

ചെക് ഇൻ ചെയ്ത്‌ അനൗൺസ്മെൻറ് കാത്തിരിക്കുമ്പോൾ നെഞ്ച് പിടച്ചുകൊണ്ടിരുന്നു. ലില്ലിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാവുമോ എന്നൊരു ഭീതി... വെറുതെ..

ഫ്ളൈറ്റിൽ നിറയേ ആളുണ്ട്. ഷാജി കൈലാസും ആനിയും മക്കളുമുണ്ടെന്ന് കണ്ടു. ആനിയെ ഒന്നു പരിചയപ്പെട്ടാലോ എന്ന് തോന്നി യെങ്കിലും അതടക്കി. എന്ത് പറഞ്ഞു പരിചയപ്പെടും? മോള്, ഭാര്യ, അമ്മ, അമ്മായി അമ്മ എന്നൊക്കെയല്ലേ പറയാൻ പറ്റൂ..

എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോഴേ ലില്ലി കാത്തു നില്ക്കുന്നത് കണ്ടു. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ല. ചുമ്മാ ആധി പിടിച്ചതാണ് മനസ്സ്.

അവൾ ഓടി വന്ന് കെട്ടിപ്പിടിച്ചു. ബാഗ് വാങ്ങി... വേഗം പോയി കാറും കൊണ്ടുവന്നു.

അവളുടെ ക്വാർട്ടേഴ്സിലെത്തി കുളിച്ചു ഭക്ഷണം കഴിച്ച് ഒത്തിരി നേരം അവളോട് സംസാരിച്ചിരുന്നു.

ഒന്നിച്ചാണ് കിടന്നത്.

ലൈറ്റണച്ചപ്പോൾ അവൾ മന്ത്രി ക്കും പോലേ പറഞ്ഞു. 'അമ്മ വന്നത് നന്നായി. ഞാൻ പേടിച്ചിരിക്കാണ്... നാളെ നോക്കാം. എന്തായാലും അമ്മ ഉണ്ടല്ലോ.. എനിക്ക് ഈ പേടിയൊക്കെ പങ്കിടാൻ ...'

അവളെ കെട്ടിപ്പിടിച്ചു നെഞ്ചോടു ചേർത്തു... 'അമ്മയില്ലേ... എല്ലാറ്റിനും അമ്മയുണ്ടാവും എൻറെ സ്വത്തിൻറെ കൂടെ... എന്ത് പേടിയാ മോൾക്ക്...'

മോനു ലില്ലിയെ ആദ്യമായി പരിചയപ്പെടുത്തിയത് അമ്മക്ക് ഒരു മോൾ എന്നാണ്. അവൾക്ക് ഒരു വല്യമ്മച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ... അന്ന് തന്നെ. ഒരു ഗ്രാമം ഇല്ലാതായ ഉരുൾപ്പൊട്ടലിൻറെ ബാക്കിയായിരുന്നു അവരിരുവരും.

വല്യമ്മച്ചിക്ക് ഉരുൾപൊട്ടലിൽ എല്ലാം നശിച്ചു പോയതിൻറെ ഷോക്ക് കൊണ്ട് മനസ്സിൻറെ നിലയിലും ചില്ലറ കുഴാമറിച്ചിലുകൾ ഉണ്ടായിരുന്നു. ലില്ലിയുടെ സർട്ടിഫിക്കറ്റുകളും പ്രമാണപത്രങ്ങളും ഒക്കെ വീണ്ടെടുക്കാൻ വേണുവേട്ടനുൾപ്പടെ എല്ലാവരും പണിപ്പെട്ടു. സ്വത്തിൻറെ കടലാസ്സൊന്നും കിട്ടീട്ട് ഒരു കാര്യവുമുണ്ടായില്ല. ആ ഭൂസ്വത്ത് ഈ ഭൂമിയിൽ ഇല്ല....അത് ഭൂമിയുടെ ആഴങ്ങളിലേക്ക് പോയിക്കഴിഞ്ഞു... അതറിഞ്ഞ നിമിഷം വല്യമ്മച്ചി കർത്താവിൻറടുത്തേക്ക് യാത്ര യായി.

മോനു അങ്ങനെ ഒത്തിരി കാത്തിരുന്നില്ല. ലില്ലിയെ കൂട്ടുകാരിയാക്കാൻ... ഇപ്പൊ അവൻ ബാംഗ്ലൂരിലും അവൾ ചെന്നൈ യിലുമാണെന്നേയുള്ളൂ. സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നുണ്ട്...

ലില്ലിയുടെ വാക്കുകൾ കേൾക്കുന്നു...ഉറങ്ങിപ്പോയോ ഇതിനിടക്ക്... ?

'അമ്മേ, ഞാൻ ടെസ്റ്റ് കിറ്റ് വാങ്ങീട്ടുണ്ട്... '

പെട്ടെന്ന് പാതിരക്ക് വെള്ളിവെളിച്ചം പരന്ന പോലേ.. ചാടിയെണീറ്റപ്പോൾ നടുവിന് ഒരു മിന്നൽ തോന്നിയെങ്കിലും കാര്യമാക്കിയില്ല.

'വേഗം നോക്ക് മോളേ... അമ്മ രാവിലെ ഈ സ്വപ്നം കണ്ടിട്ടാണിങ്ങ് വന്നത്. പെട്ടെന്ന് നോക്ക് സ്വത്തേ... മറ്റാരേക്കാളും മുമ്പ് മോളുടെ അമ്മയാ അതറിയേണ്ടത് '

അവൾ ഒന്നു മടിച്ചെങ്കിലും അനുസരിച്ചു...

അതേ.... ചുവന്ന വര തെളിഞ്ഞു കാണുന്നുണ്ട്.. ലില്ലിയുടെ വയറ്റിൽ അവളും മോനുവും ഒന്നിച്ചു തുടിക്കുന്നു....

മകളും ഭാര്യയും അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാകുന്നവൾക്ക് ഇനി ഇപ്പൊ വേറൊന്നും വേണ്ട ഒരു പരിചയപ്പെടുത്തലിന്....

അല്ലേ... ശരിയല്ലേ...

1 comment:

Cv Thankappan said...

ലില്ലിയുടെ വയറ്റിൽ അവളും മോനുവും ഒന്നിച്ചു തുടിക്കുന്നു....
മകളും ഭാര്യയും അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാകുന്നവൾക്ക് ഇനി ഇപ്പൊ വേറൊന്നും വേണ്ട ഒരു പരിചയപ്പെടുത്തലിന്....
ആശംസകൾ