Thursday, July 19, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് ... 50

https://www.facebook.com/echmu.kutty/posts/660110337501597
നോവല്‍ 50.

ജഡ്ജി മനസ്സിലക്കിയതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല. മകനെ നിര്‍ബന്ധിച്ച് അവള്‍ക്കൊപ്പം അയയ്ക്കാനോ ബോര്‍ഡിംഗില്‍ വിടാനോ ജഡ്ജിക്ക് കഴിയില്ല. അതിനുള്ള അധികാരം അവര്‍ക്കില്ല.

കുട്ടിയെ കിട്ടി എന്ന് അവളെക്കൊണ്ട് എഴുതിച്ച്, കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു എന്നെഴുതി, കേസ് ഫയല്‍ അടച്ചു വെയ്ക്കാനേ അവര്‍ക്ക് കഴിയൂ.

പുതിയ കേസ് വന്ന്തുകൊണ്ട് കുട്ടി അയാള്‍ക്കൊപ്പമാണെന്നതിനു തെളിവുണ്ടായി എന്ന് മാത്രം.

വെല്‍ഫെയര്‍ ഓഫ് ദി ചൈല്‍ഡ് ഈസ് പാരാമൌണ്ട് എന്നെഴുതിയ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് നിയമം വെറും പ്രഹസനമാണെന്ന് അവള്‍ക്ക് മനസ്സിലായി.

ഈ കേസില്‍ അയാള്‍ക്ക് സാമ്പത്തിക വരുമാനം ഇല്ല. അയാള്‍ ജോലിക്ക് പോകാതെ വെറുതേ വീട്ടില്‍ കുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ കുട്ടിയുടെ ഭാവി പഠനത്തിനു അവള്‍ക്കാണ് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക. ഇന്ത്യയിലെ ഏറ്റവും നല്ല സ്‌ക്കൂളുകളില്‍ അഞ്ചാമതു നില്‍ക്കുന്ന സ്‌ക്കൂളിലാണ് അവള്‍ മകനു വേണ്ടി അഡ്മിഷന്‍ തയാറാക്കിയത്.

എങ്കിലും പതിനാലര വയസ്സുള്ള , അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു കുട്ടിയെ സ്വന്തം ഭാവി തിരുമനിക്കാനനുവദിയ്ക്കാനേ കോടതിയ്ക്കാവൂ. അവന് അമ്മയെ ഇഷ്ടമില്ലെന്ന് പറയിച്ചാല്‍ , അവന്‍ അമ്മയ്‌ക്കൊപ്പം പോവില്ലെന്ന് പറയിച്ചാല്‍.. മാത്രം മതി. കുറച്ചു കള്ളങ്ങള്‍ മാത്രം മതി.

ഭര്‍ത്താവ് മദ്യപാനിയാണെങ്കില്‍ അയാളെ ഉപദേശിച്ചും സ്‌നേഹിച്ചും നന്നാക്കു എന്ന് ലോകം പറയും. കോടതിയും പറയുമെന്ന് അവിടെ സ്ത്രീകള്‍ക്ക് ലഭിയ്ക്കുന്ന ഉപദേശങ്ങളില്‍ നിന്ന് അവള്‍ കണ്ടു. എന്നാല്‍ , അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കപ്പെട്ട പതിനാലര വയസ്സുള്ള മകനെ ഉപദേശിക്കാനോ സ്‌നേഹിച്ചു നന്നാക്കാനോ ലോകത്തിനും കോടതിക്കും അവസരമില്ല, സമയമില്ല. കാരണം നിയമങ്ങള്‍ ഉണ്ടാക്കിയത് സ്ത്രീകളോ കുഞ്ഞുങ്ങളോ അല്ല.

അവളുടെ ഭര്‍ത്താവ് വിജിഗീഷുവായി. മകന്‍ കള്ളച്ചിരിയോടെ അവളെ പാളിപ്പാളി നോക്കുന്നുണ്ടായിരുന്നു. നിയമപരമായി ജയിച്ചിട്ടും അവള്‍ പൂര്‍ണമായി തോറ്റു കഴിഞ്ഞുവല്ലോ.

പോലീസുകാര്‍ അവളുടെ ഭര്‍ത്താവിനു കൈ കൊടുത്തു. വക്കീല്‍ വഴി അവര്‍ക്ക് ആവശ്യമുള്ളത് ലഭിച്ചിട്ടുണ്ടെന്ന് ആ പെരുമാറ്റത്തിന്റെ ശരീരഭാഷ കൃത്യമായി വെളിവാക്കുന്നുണ്ടായിരുന്നു.

'കുട്ടിയുടെ വിധി അതാണെന്ന് കരുതുകയേ മാര്‍ഗ്ഗമുള്ളൂ' എന്ന് അവളുടെ വക്കീല്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുട്ടി ഫയല്‍ ചെയ്ത കേസ് തള്ളിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര മാസത്തിനപ്പുറമുള്ള ഒരു ഡേറ്റാണ് കോടതി ആ കേസിനു നല്‍കിയിരുന്നത്.

അവള്‍ കരയാതെ നിലവിളിക്കാതെ, ഉറച്ച കാല്‍ വെപ്പുകളോടെ കോടതി വിട്ടിറങ്ങി.

ഓഫീസില്‍ ഉച്ചയ്ക്കപ്പുറമാണ് എത്തിയത്. ബോസുമായി ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു. അവളോട് എന്തെങ്കിലും പറയാന്‍ ബോസിനു കഴിയുന്നുണ്ടായിരുന്നില്ല.

'പ്ലീസ്, പ്രാക്റ്റീസ് ഡിറ്റാച്ച്‌മെന്റ് ' എന്നു മാത്രം അദ്ദേഹം പറഞ്ഞു.
അവള്‍ തല കുലുക്കി.

കുറെക്കാലമായി അതു തന്നെയാണ് അവള്‍ ചെയ്തുകൊണ്ടിരുന്നത്. കുറച്ചൊക്കെ ചിലപ്പോഴൊക്കെ സാധിച്ചെങ്കിലും അധികമൊന്നും നടപ്പിലാകുന്നുണ്ടായിരുന്നില്ല എന്ന് മാത്രം. മകന്‍ അവളുടെ മനസ്സിലെ ആഴമേറിയ മുറിവായിരുന്നു. അതില്‍ നിന്ന് എപ്പോഴും ചോര വാര്‍ന്നുകൊണ്ടിരുന്നു.

രാമായണവും ഭാഗവതവും കൃഷ്ണഗാഥയും ജ്ഞാനപ്പാനയും നാരായണീയവും സ്ഥിരമായി വായിച്ചു. മലയാളഭാഷയില്‍ ഉണ്ടായിരുന്ന പദസ്സമ്പത്ത് അവളറിയാതെ അങ്ങനെ വര്‍ദ്ധിച്ചു വന്നു. മലയാളത്തിലും സംസ്‌കൃതത്തിലും ഹിന്ദിയിലും ഗുരുമുഖിയിലും ഇംഗ്ലീഷിലുമുള്ള ഈശ്വരനാമങ്ങള്‍ പറ്റാവുന്നത്ര ഉരുവിട്ടു. അവ ലക്ഷക്കണക്കിനായി വളര്‍ന്നുകൊണ്ടിരുന്നു. മനുഷ്യന്ധങ്ങളിലെ നെഗറ്റിവിറ്റി എങ്ങനെ ഇല്ലാതാക്കുമെന്ന ലക്ഷ്യത്തെ മുന്നില്‍ വെച്ച് കണ്ണില്‍ കാണുന്നതെല്ലാം അവള്‍ വായിച്ചു. ആലോചിച്ചു. മനനം ചെയ്തു.

അനാഥാലയങ്ങളിലും കുഞ്ഞുങ്ങളെ എടുത്തു വളര്‍ത്തുന്ന ഹോമുകളിലും അവള്‍ ഇടയ്ക്കിടെ പോയി.അവര്‍ക്കെല്ലാം ആവശ്യം വരുന്ന ആഹാരസാധനങ്ങളും തുണിയും മരുന്നും മറ്റും കൃത്യമായി വാങ്ങി നല്‍കി. അവളുടെ ഉയര്‍ന്ന വരുമാനം കൊണ്ട് അങ്ങനെ കുറെ മനുഷ്യരെ കുറച്ചൊക്കെ സഹായിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു.

ആരെങ്കിലും ഒരു സ്ത്രീയെ കൂട്ടുതാമസിക്കാനും അവളുടെ ആയ ആയി ജോലി ചെയ്യാനും കിട്ടുമോന്ന് അവള്‍ എപ്പോഴും തിരക്കി. ആരേയും കിട്ടുന്നുണ്ടായിരുന്നില്ല. മനുഷ്യര്‍ അവര്‍ ശീലിച്ച ജീവിതപരിതസ്ഥിതികളില്‍ നിന്ന് അങ്ങനെ വിട്ടു പോരുകയില്ല. അനാഥാലയത്തില്‍ കഴിയുന്നവര്‍ പോലും എല്ലാ കുറ്റങ്ങളും കുറവുകളും എണ്ണിപ്പറയുമ്പോഴും അവിടം വിട്ടു പോരാന്‍ ഇഷ്ടപ്പെടുകയില്ലെന്ന് അവള്‍ക്ക് മനസ്സിലായി.

ഭാര്യയും അമ്മയുമാവുന്നതാണ് സ്ത്രീത്വത്തിന്റെ പരമോന്നത പദവിയെന്നത് വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്ന് അവള്‍ക്ക് ഇതിനോടകം ബോധ്യമായിക്കഴിഞ്ഞിരുന്നു.

ഭയാനകമായ ഏകാന്തതയായിരുന്നു അവള്‍ അനുഭവിച്ചിരുന്നത്. എല്ലാം ശീലമാകുന്നതു പോലെ ആ ഏകാന്തതയും പതുക്കെപ്പതുക്കെ അവള്‍ക്ക് ഒരു ശീലമായിത്തീര്‍ന്നു.

( അവസാനിച്ചു )

2 comments:

shajitha said...

noval avasanichchath arinjirunnilla, puthiya chapters ezhuthathathukaaranam samsayam thooni veendum eduthu nokkiyappozhanu avasanichu ennezhutiyath kandath, nalloru vayananubhavam thannathinu valare valare nandi

JAYA MOHAN said...

വായിച്ചു. മുഴുവനും. നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമവും എല്ലാം ആണുങ്ങൾക്കു വേണ്ടി ആണുങ്ങളാൽ നിർമ്മിക്കപ്പെട്ടതാണെന്നത് എത്ര പരമമായ സത്യം .
സ്ത്രീ എന്നും ഒരു വെറും പെണ്ണായി പിൻതള്ളപ്പെടുന്നു.അവളുടെ വിദ്യാഭ്യാസമോ ജോലിയോ പണമോ ഒന്നും ഒരിടത്തും ആദരിക്കപ്പെടുന്നില്ല.
സ്വന്തം മകൻ അവളെ വെറും പെണ്ണായി കണ്ട്
അധിക്ഷേപിച്ച് തരംതാഴ്ത്തുന്നത് ,നമ്മുടെ സംസ്കാരം എത്രമാത്രം അധ:പതിച്ചു എന്ന് വിരൽ ചൂണ്ടുന്നു. ഇവിടെ പുരുഷനാണ് ഉണരേണ്ടത്. എച്ച്മു പറഞ്ഞതുപോലെ ഇന്ത്യയുടെ ഇല്ലാത്ത, ഉണ്ടെന്ന് നാം ഭാവിക്കുന്ന സംസ്കാരത്തെ ഓർത്ത് ലജ്ജിച്ച് തല താഴ്ത്താം.