Saturday, July 14, 2018

എച്മുവിന്റെ പെണ്ണുങ്ങള്‍-അടുപ്പ് ബാങ്ക്


http://navamalayali.com/2016/07/23/adupp-echmukutti/


ഇപ്പോള്‍ എല്ലാവര്‍ക്കും ബാങ്ക് എക്കൌണ്ട് ഉണ്ടാക്കാമത്രേ! സീറൊ ബാലന്‍സ് മതി, ആരും പരിചയപ്പെടുത്തേണ്ട, കണ്ട കടിച്ച്യാദി നൂറായിരം കടലാസ്സ് വേണ്ട, ആരാ ഏതാ എവിടുന്നാ എന്തിനാ എന്ന ചോദ്യങ്ങളില്ല എന്നൊക്കെ കേള്‍ക്കുന്നു. എല്ലാം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം സംഭവിച്ച അല്‍ഭുതമാണ് പോലും…

സംഗതി കൊള്ളാം. എനിക്കതങ്ങ് ബോധിച്ചു. ഒരു ബാങ്ക് എക്കൌണ്ട് തുടങ്ങാന്‍ ഒരു കാലത്ത് ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും ഞാന്‍ കഴിഞ്ഞതൊന്നും അങ്ങനെ മറക്കാന്‍ പാടില്ലല്ലോ. ബാക്കി ആരു മറന്നാലും.

അടിച്ചു വാരുന്നവരും കക്കൂസ് കഴുകുന്നവരും വണ്ടി തുടയ്ക്കുന്നവരും ഫ്‌ലാറ്റുകളുടെ മുന്നില്‍ ഇരുന്ന് തയിക്കുന്നവരും ചായ, കാപ്പി വില്‍ക്കുന്നവരും തേപ്പുകാരും വണ്ടിയില്‍ പലഹാരങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പിവളകളും പച്ചക്കറിയും പഴങ്ങളും കൊണ്ടുനടക്കുന്നവരും ഒക്കെ ബാങ്ക് എക്കൌണ്ട് ഉണ്ടാക്കുന്നത് നല്ലത് തന്നെ.

ആണുങ്ങളുടെ ബാങ്ക് എക്കൌണ്ടിനു കോണ്‍ക്രീറ്റ് ബലമാണ്. ഭാര്യ ചെന്ന് അതിലെ വിവരങ്ങളറിയാന്‍ ശ്രമിച്ചാല്‍ ഒരു ബാങ്കുകാരും യാതൊരു കാരണവശാലും പറഞ്ഞുകൊടുക്കില്ല. സ്ത്രീകളുടേ അക്കൌണ്ടാകട്ടെ പുല്ലുകൊണ്ട് ഉണ്ടാക്കിയതാണ്. ഭര്‍ത്താക്കന്മാര്‍ നന്നായി നിര്‍ബന്ധിച്ചാല്‍ ആദ്യം കുറെ നിയമമുദ്ധരിച്ച് വൈമനസ്യം പ്രദര്‍ശിപ്പിക്കുമെങ്കിലും ബാങ്കുകാര്‍ ഒടുവില്‍ വഴങ്ങും. സമ്പാദിക്കുന്നത്, സമ്പാദിക്കാന്‍ കഴിവുള്ളത് പുരുഷനാണെന്നതാണല്ലോ നമ്മുടെ സമൂഹവിശ്വാസം. അപ്പോള്‍ ആത്യന്തികമായി ബാങ്കില്‍ കിടക്കുന്നതും അവന്‍ പെണ്ണിനു കനിഞ്ഞു നല്‍കിയ പണമാവണം. ആ കണക്ക് അവനറിയുന്നതില്‍ എന്തു കുഴപ്പം? ഭാര്യയുടെ കൂലി പോലും ഭര്‍ത്താവ് ഒപ്പിട്ടോ തള്ളവിരല്‍ മഷിയില്‍ മുക്കി പതിച്ചോ വാങ്ങാന്‍ പറ്റുന്ന മസ്റ്റര്‍ റോളുകളാണ് ഇന്ത്യയില്‍ ഇന്നും എഴുതപ്പെടാറ്. നിയമമൊക്കെ എന്തു ഉണ്ടയായാലും ഭാര്യയുടെ മേലുള്ള ഭര്‍ത്താവിന്റെ അധികാരത്തോളം വരില്ലല്ലോ അതൊന്നും തന്നെ.

എന്നിട്ടോ?

കൂലി ഭര്‍ത്താവ് വാങ്ങുന്ന ഇടത്ത് ഭാര്യ കണ്ണും നിറച്ച് കൈ നീട്ടി നിന്ന് യാചിക്കുന്നതു കാണാം. അയാള്‍ക്ക് മനസ്സുണ്ടെങ്കില്‍ നല്ല മൂഡാണെങ്കില്‍ കൊടുക്കും. അല്ലെങ്കില്‍ മുടിക്കു കുത്തിപ്പിടിച്ച് നാലങ്ങ് പൊട്ടിക്കും. ഭാര്യ പ്രാകും.. തൊണ്ടയടയും വരെ, കണ്ണീര്‍ നില്‍ക്കും വരെ പ്രാകും. അയാളെയും അയാളുടെ മൂന്നു തലമുറയ്ക്കപ്പുറമുള്ളവരേയും ഒക്കെ പ്രാകും. 'പണ്ടാരക്കാലന്‍ പുഴുത്തളിഞ്ഞു ചാവണേ' എന്ന് പ്രാര്‍ഥിക്കും 'ഭര്‍ത്താവല്ലേ,ഇങ്ങനെ പ്രാകരുതെ'ന്ന് ബാക്കിയെല്ലാവരും ഉപദേശിക്കും. 'അയാള്‍ക്ക് നല്ല ശീലമാവുമ്പോള്‍ സമാധാനത്തോടെ ചോദിച്ചാല്‍ തരുമെ'ന്ന് എല്ലാവരും ഭാര്യയെ ആശ്വസിപ്പിക്കും.

ബാങ്കിലെ വിവരമറിഞ്ഞതാണെങ്കില്‍ വീട്ടില്‍ അടിപിടിയും വഴക്കും ഉണ്ടാകുമെന്നത് മൂന്നരത്തരമാണ്. മൂന്നാലു ദിവസത്തില്‍ വീര്‍പ്പിച്ചു കെട്ടിയ മുഖത്തോടെ കണ്ണീരൊപ്പിക്കൊണ്ട് ഭാര്യ എക്കൌണ്ടിലെ പൈസ പിന്‍വലിക്കും. സീറോ ബാലന്‍സ് എക്കൌണ്ട് ആയതുകൊണ്ട് അത് ബാങ്കില്‍ കിടന്ന് മരിച്ചു പോവുകയില്ല.

അതുകൊണ്ടാണ് ബാങ്കുകളെ വിശ്വസിക്കരുതെന്ന് ജയ പറയുന്നത്. ജയയ്ക്ക് ബാങ്കില്‍ എക്കൌണ്ട് ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടില്‍ വന്നു പറഞ്ഞാലും ജയ അതിനു മുതിരുകയുമില്ല. കാരണം മോദിയ്ക്ക് അങ്ങനെയൊക്കെ പറഞ്ഞിട്ട് കാറില്‍ കേറിയങ്ങ് പോയാല്‍ മതി. ബാക്കി ജീവിതം ജയ അനുഭവിക്കണ്ടേ?

വേണം.

ജയയ്ക്ക് മുറ്റമടിക്കുക, പള്ളിയ്ക്കു മുന്നിലെ റോഡടിച്ചു വാരുക, കന്യാസ്ത്രീ മഠത്തില്‍ പച്ചക്കറി കൊണ്ട് കൊടുക്കുക, അച്ചാറുണ്ടാക്കി വില്‍ക്കുക, മാര്‍ക്കറ്റില്‍ ഒറ്റയ്ക്ക് പോകാത്ത അടക്കമൊതുക്കമുള്ള വീട്ടുമൂര്‍ത്തികളായ സ്ത്രീകള്‍ക്ക് നൈറ്റി, ബ്രാ, ഷഡ്ഡി, കിടക്കവിരി, തലയണ ഉറ, ചൂല്, ചുക്കിലി വലക്കോല് ഇതൊക്കെ എത്തിക്കുക, പെറ്റ പെണ്ണിനെയും നവജാത ശിശുവിനേയും കുളിപ്പിക്കുക, കഷായത്തിനു മരുന്നു കൊണ്ടുകൊടുക്കുക, എണ്ണ കാച്ചുക അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നൂറു കൂട്ടം ജോലികളാണ്. സംഗതി എന്താണെന്ന് വെച്ചാല്‍ ഏതു ജോലി പറഞ്ഞാലും ജയ ചെയ്യും.

ഭര്‍ത്താവ് മേസ്തിരിയാണ്. ദിവസം എണ്ണൂറും ആയിരവുമൊക്കെ വരുമാനമുണ്ട്. മിക്കവാറും എന്നും പണിയുമുണ്ട്. അയാള്‍ ജയയ്ക്ക് എന്നും നൂറു രൂപ കൊടുക്കും. ബാക്കി അയാളുടെ ആവശ്യങ്ങള്‍ക്കുള്ളതാണ്. അയാള്‍ക്ക് പണം തികയാതെ വരുമ്പോള്‍ അഞ്ഞൂറോ ആയിരമോ ഒക്കെ ജയ കൊടുക്കുകയും വേണം. കാരണം ലോകം മുഴുവന്‍ തെണ്ടാനും കണ്ടവരുടെ കൂടെ അഴിഞ്ഞാടാനും അയാള്‍ ജയയെ അനുവദിച്ചിട്ടുണ്ട്. ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ലാഭമെങ്കിലുമയാള്‍ക്ക് കിട്ടണ്ടേ?

ജയയ്ക്ക് മക്കളെ നോക്കണം. ഒരാണുമൊരു പെണ്ണും ഉണ്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ എന്തെങ്കിലും പണ്ടം തീര്‍പ്പിച്ച് ഇട്ട് കല്യാണം നടത്തണം. മകനെ പഠിപ്പിക്കണം. പെറ്റവള്‍ ജയയാണ്. ഇതൊക്കെ പെറ്റവളുടെ കടമയാണ്. പെറീച്ചവന്റെ കടമയല്ല. ആണിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞത് തന്നെ പെണ്ണിന്റെ മഹാഭാഗ്യം. അല്ലെങ്കില്‍ പെണ്മയുടെ പൂര്‍ണതയെന്ന് വാഴ്ത്തപ്പെടുന്ന മാതൃത്വം കണി കാണാന്‍ പറ്റുമോ?

അങ്ങനെ ജയ കണ്ടുപിടിച്ച സ്വന്തം ബാങ്കാണ് ജയയുടെ അടുപ്പ്. ഭര്‍ത്താക്കന്മാര്‍ ഓലക്കീറും ചകിരിയും കവളമടലുമിട്ട് അടുപ്പ് കത്തിക്കാനും പുകയൂതാനും കഞ്ഞീം കറീം വെക്കാനും ഒന്നും വരില്ല. അടുക്കളയിലെ ചെപ്പുകള്‍, പെട്ടികള്‍, ഭാര്യയുടെ മടിക്കുത്ത്, ബ്രേസിയറിന്റെ അകം, തലയിണയുടെ ഉള്‍വശം ഇതൊക്കെ തപ്പുമെങ്കിലും കത്തുന്ന അടുപ്പിന്റെ ആഴങ്ങളില്‍ ചാരം മാറ്റി അവര്‍ തപ്പി നോക്കുകയില്ല.

ജയ ആഴത്തില്‍ അടുപ്പു കുഴി എടുക്കും. അതിനുള്ളില്‍ ഒരു അലൂമിനിയം കലമിറക്കി വെയ്ക്കും അത് മൂടും , അതിലാണ് പത്തൊന്‍പതുകൊല്ലമായി മകള്‍ക്ക് വേണ്ടി ഓരോ വര്‍ഷം ഓരോ പവനെന്ന കണക്കില്‍ സമ്പാദിച്ച പത്തൊന്‍പതു പവനും കടലാസ്സുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചിട്ടുള്ളത്. അതിനു വേണ്ടി സമ്പാദിക്കുന്ന പണം മറ്റൊരു അലൂമിനിയം കലത്തില്‍ ഉരലിനു താഴെ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണ്. ആരു ചതിച്ചാലും മണ്ണ്, സീതയുടെ മാനം കാത്ത, ഭൂമിയിലെ മണ്ണ്, ചതിക്കില്ലെന്നാണ് ജയ പറയുന്നത്. ബാക്കി പണം ജയ മടിക്കുത്തിലോ അടുക്കളയിലെ ചെപ്പിലോ ഒക്കെ വെക്കും. ഭര്‍ത്താവിനു തപ്പിയെടുക്കാന്‍ ഒന്നും കിട്ടിയില്ല എന്ന് വരരുതല്ലോ.

യുധിഷ്ഠിരന്‍ പെണ്ണുങ്ങളെ ആകമാനം ശപിച്ചിട്ടുണ്ടെന്ന് മഹാഭാരതം പറയുന്നു. അവര്‍ക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലാതെ പോകട്ടെയെന്ന്.. കുന്തി കര്‍ണന്‍ മകനാണെന്ന് അറിയിച്ചില്ലല്ലോ എന്ന ഖേദമായിരുന്നു യുധിഷ്ഠിരന്റെ ശാപത്തിനു ആധാരമെന്നാണ് മഹാഭാരത ഭാഷ്യം.

ജയയെ യുധിഷ്ഠിരന് പരിചയമില്ലല്ലോ.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ നാട്ടിൽ ഇപ്പോഴും
പണത്തിന്റെ അധിപൻ പുരുഷൻ തന്നെ ...