Monday, July 30, 2018

സ്ത്രീകള്‍ സ്ത്രീകളോട് ഒരിയ്ക്കലും ചെയ്തു കൂടാത്തത് ..

https://www.facebook.com/echmu.kutty/posts/695785240600773

അടിമമനസ്ഥിതിയുള്ളവര്‍ എപ്പോഴും പരസ്പരം കലഹിക്കും. ഇത് ഞാന്‍ പറയുന്നതല്ല. അടിമക്കച്ചവടം ഉഷാറായി നടന്നിരുന്ന കാലത്തും അതിനുശേഷവും അടിമമനസ്സിന്‍റെ ആഴങ്ങളെപ്പറ്റി പഠിച്ച വിവരമുള്ളവര്‍ പറയുന്നതാണ്.

സ്ത്രീകള്‍ ചിലപ്പോള്‍ അങ്ങനെയാകാറുണ്ട്. പുരുഷന്മാര്‍ക്കും ഉണ്ട് അത്തരം കലഹങ്ങള്‍. യഥാര്‍ഥത്തില്‍ സ്ത്രീകള്‍ സ്ത്രീകളോടും പുരുഷന്മാര്‍ പുരുഷന്മാരോടും കലഹിക്കുന്നത് ചില അധികാരസമവാക്യങ്ങളെ മുന്‍നിറുത്തിയാണ് . എല്ലാ കലഹങ്ങളുടേയും അന്ത്യഗോപുരം അധികാരവും, അതുപയോഗിച്ച് മറ്റൊരാളെ എങ്ങനെ നിയന്ത്രിച്ച് നിറുത്താം എന്നതിന്‍റെ ഗവേഷണവുമാകുന്നു. ഗോപുരത്തിന്‍റെ ഏറ്റവും മുകളില്‍ കയറിയതാരായാലും അവരുടേ അധികാരപ്രകടനങ്ങള്‍ ഇനിയും കയറിയെത്താന്‍ സാധിക്കാത്തവരുടെയെല്ലാം മുകളില്‍ പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കും.

സ്ത്രീകളേപ്പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്.

അവരെ കൂട്ടിലിടുന്ന ആചാരവിചാരവേഷവിതാനങ്ങളോടെല്ലാം സ്ത്രീകള്‍ക്ക് അടങ്ങാത്ത ഭക്തിയും വിശ്വാസവുമാണെന്ന് ബാഹ്യചേഷ്ടകളില്‍ അവര്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും സ്ത്രീകളുടേതായ അന്തര്‍ലോകത്ത് ഇതിനോടൊക്കെ അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നതാണ് സത്യം. ഈ സത്യം തിരിച്ചറിഞ്ഞാലും ഇല്ലെന്ന് ഭാവിക്കലാണ് , സ്ത്രീകള്‍ക്ക് അതൊക്കെ വലിയ പ്രിയമാണെന്ന് പ്രഖ്യാപിക്കലാണ് പുരുഷനീതി. ഞാനൊരു സ്ത്രീയുടേയും സ്വാതന്ത്ര്യം തടഞ്ഞിട്ടില്ല, എന്‍റെ ഭാര്യ സ്വാതന്ത്ര്യം വേണ്ടെന്ന് , ഞാന്‍ കൊടുക്കുന്ന സ്വാതന്ത്ര്യം മതിയെന്ന് പറഞ്ഞിട്ടുണ്ട് എന്നൊക്കെ തട്ടിമൂളിക്കുന്ന പുരുഷന്മാരെ കാണുമ്പോള്‍ ശരിക്കും ചിരി വരും.

ഭര്‍ത്താവ് മരിച്ച് കിടക്കുകയാണ്. അദ്ദേഹത്തിനു തൊണ്ണൂറോ തൊണ്ണൂറ്റഞ്ചോ വയസ്സായിട്ടുണ്ട്. രോഗിയായിരുന്നതുകൊണ്ട് , വൈധവ്യം കടന്നുവരുമെന്ന് അറിയുമെങ്കിലും അദ്ദേഹം മരിച്ചു എന്ന ഞെട്ടലില്‍ തളര്‍ന്നിരിക്കുന്ന ആ ഭാര്യയോട് സിന്ദൂരവും മറ്റും മായ്ച്ചു കളയാന്‍ പറയുന്നത് കാടത്തമാണ്. അവര്‍ എപ്പോഴെങ്കിലും അതു മായിച്ചുകൊള്ളും. ഇനി അതു മായിച്ചില്ലെങ്കില്‍ തന്നെ അവരുടെ ശരീരത്തില്‍ കടന്നു കയറി മറ്റു സിന്ദൂരവതികളും ആഭരണവതികളുമായ സ്ത്രീകള്‍ എന്തിനു അത് ചെയ്യണം ? എന്തു സംസ്ക്കാരമില്ലായ്മയാണാ പ്രവൃത്തി ?

സ്ത്രീകളില്‍ പലരും അങ്ങനെ ചെയ്യാന്‍ കഴിവുള്ള കഠിനമനസ്ക്കരാണ്. യാതൊരു ആലോചനയും അനുതാപവുമില്ലാതെ മറ്റൊരു സ്ത്രീശരീരത്തിനോട് അങ്ങനെ പെരുമാറാന്‍ വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ടവരാണ്.

മക്കളില്ലാത്ത സ്ത്രീകളെ ധാരാളം മക്കളെ പെറ്റു പോറ്റിയ മാതൃത്വം തുള്ളിത്തുളുമ്പുന്ന സ്ത്രീകള്‍ പോലും മച്ചി എന്നും മലടി എന്നും വിളിക്കും. അമ്മമാരിലെ അലിവ്, സ്നേഹം, ക്ഷമ, സഹനം ഇതൊന്നും അപ്പോള്‍ കണി കാണാന്‍ കിട്ടില്ല. ധാരാളം പെറ്റവളുടെ അധികാരപ്രമത്തത അവിടെ കൊടിപറപ്പിക്കും.

അതുപോലെയാണ് പുതിയ കാലത്തിലെ പ്രതിഷേധിക്കുന്ന സ്ത്രീകളോടുള്ള വിരോധം. അകത്തെ ലോകത്തില്‍ അടഞ്ഞ ശബ്ദത്തില്‍ സ്ത്രീകള്‍ക്ക് പ്രതിഷേധിക്കുന്നവരോട് ചില്ലറ ആരാധനയും അനുഭാവവും ഒക്കെയുണ്ടെങ്കിലും പുറമേയ്ക്ക് അവര്‍ ഒരു പിന്തുണയും നല്‍കുകയില്ല. തന്നെയുമല്ല പ്രതിഷേധിക്കുന്ന സ്ത്രീകളെ കഴിയാവുന്നത്ര തടയുകയും അപവദിക്കുകയും പ്രതിഷേധസ്വരങ്ങളെ ഒരുതരം അറപ്പിക്കുന്ന വിധേയത്വത്തിന്‍റെ ലജ്ജപുരട്ടി കളിയാക്കിച്ചിരിക്കുകയും ചെയ്യും.

ചരിത്രബോധമുള്ള സ്ത്രീകള്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണത്. കാരണം അനവധി സ്ത്രീകള്‍ ( തീര്‍ച്ചയായും പുരുഷന്മാരും ) നിരന്തരമായി സമരം ചെയ്ത്, രക്തവും വിയര്‍പ്പും ചിന്തി ജീവന്‍ നഷ്ടപ്പെടുത്തി നേടിത്തന്നതാണ്, പഠിയ്ക്കാനുള്ള, വോട്ടു ചെയ്യാനുള്ള, ജോലി ചെയ്യാനുള്ള സ്വത്തു നേടാനുള്ള , പ്രേമിക്കാനുള്ള, മതവും ജാതിയുമില്ലാതെ കല്യാണം കഴിക്കാനുള്ള.... അങ്ങനെ അനവധി അനവധി കാര്യങ്ങളില്‍ ഇപ്പോഴുള്ള സ്വാതന്ത്ര്യം. അത് പല അളവുകളിലും പരിമിതമാണെങ്കിലും സ്വാതന്ത്ര്യം തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങളുടെ ഫലം നമുക്കല്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് പ്രയോജനപ്പെടും. ആ വിശ്വാസതീക്ഷ്ണതയെ, സമരസന്നദ്ധതയെ സ്ത്രീകള്‍ ഒരിയ്ക്കലും പരിഹസിക്കാന്‍ പാടില്ല.

യുദ്ധം രാഷ്ട്രീയാധികാരം കൊതിക്കുന്ന ആണിന്‍റെ കളിമാത്രമായിരുന്നു എന്നും. രാജ്യത്തിനും പെണ്ണിനും എപ്പോഴും മുറിവുകളും നഷ്ടങ്ങളും മാത്രം നല്‍കുന്ന ആണ്‍കളി. മതവും ജാതിയും വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം അതുപോലെ ആണിന്‍റെ മാത്രം കളിയാണ്. രാഷ്ട്രീയാധികാരത്തിനെന്നപോലെ പൌരോഹിത്യ അധികാരത്തിനായി കണ്ടുപിടിച്ച ഒരു ആണ്‍കളി. സ്ത്രീകള്‍ രാജ്യസ്നേഹികളും മതാനുയായികളുമാകണം. യുദ്ധമെന്ന ഭീകരതയുള്ള കളി പോലെയല്ല, മൃദുലമെന്നും കൂട്ടത്തിലെ സുരക്ഷിതത്വവുമെന്ന് തോന്നിപ്പിക്കുന്ന മതത്തിന്‍റെ കരാളമായ ആലിംഗനം. രാജ്യസ്നേഹത്തില്‍ സ്ത്രീകള്‍ പരീക്ഷിക്കപ്പെടുന്നത് താരതമ്യേനെ കുറവും മതജാതി വിശ്വാസങ്ങളില്‍ സ്ത്രീകള്‍ പരീക്ഷിക്കപ്പെടുന്നത് വളരെ കൂടുതലും ആകുന്നത് ഈ അധികാരസമവാക്യത്തിന്‍റെ സവിശേഷമായ നിര്‍ദ്ധാരണം നിമിത്തമാണ്.

ഒരു സ്ത്രീയെ വേദനിപ്പിക്കണമെന്ന് , അപവദിക്കണമെന്ന്, ഒറ്റപ്പെടുത്തണമെന്ന് , പാഠം പഠിപ്പിക്കണമെന്നൊക്കെ നമ്മള്‍ സ്ത്രീകള്‍ക്ക് തോന്നുമ്പോള്‍ , അടിമകളുടെ കലഹമനസ്ഥിതി നമുക്കുണ്ടാവരുത്. ഞാനാണ് വ്യവസ്ഥിതിയുടെ ഏറ്റവും നല്ല അടിമയെന്ന് മെഡല്‍ വാങ്ങാനാവരുത് നമ്മുടെ പരിശ്രമം. പകരം നമ്മള്‍ ഇന്നനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും നമുക്ക് നേടിത്തന്ന സ്ത്രീകളും പുരുഷന്മാരുമായിരുന്ന സ്വതന്ത്രമനസ്സും സമത്വബോധവുമുള്ളവരുമായിരുന്ന വിപ്ലവകാരികളോട് നന്ദിയുള്ളവരാകാനാവണം നമ്മുടെ പരിശ്രമം.

പുരുഷന്മാര്‍ പലപ്പോഴും എന്നല്ല എപ്പോഴും പുരുഷന്മാരെ ന്യായീകരിക്കും. അതവരുടെ ഉള്ളിലുള്ള ശാരീരിക ഉടമസ്ഥതാബോധത്തിന്‍റെ പ്രതിഫലനമാണ്.

നമ്മള്‍ സ്ത്രീകള്‍ക്ക് നമ്മുടെ ശരീരത്തിനോടെങ്കിലും ഉടമസ്ഥതാമനോഭാവം വളരണം. അപ്പോള്‍ അതേ ശരീരമുള്ള മറ്റൊരുവളെ വേദനിപ്പിക്കാനും അപവദിക്കാനും ഒറ്റപ്പെടുത്താനും പാഠം പഠിപ്പിക്കാനും തുനിയും മുമ്പ് നമ്മള്‍ ഒന്നുകൂടി ആലോചിക്കും.... ഇല്ലേ ?

അങ്ങനെ ആലോചിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ.. എന്‍റെ ആഗ്രഹം.

1 comment:

സുധി അറയ്ക്കൽ said...

എച്ച്മുചെച്ചീ...........................................