Saturday, July 21, 2018

വടക്കേ ഇന്ത്യ ഇപ്പോള്‍ ഉല്‍സവത്തിമിര്‍പ്പിലാണ്.

https://www.facebook.com/echmu.kutty/posts/638196323026332

നവരാത്രി അല്ലെങ്കില്‍ ദസറ കഴിഞ്ഞു. ഇന്നലെയായിരുന്നു കര്‍വാ ചൌത്ത്. പെണ്ണുങ്ങളായ പെണ്ണുങ്ങളൊക്കെ പട്ടിണി കിടന്ന് വൈകിയുദിച്ച ചന്ദ്രനു ജലദാനം ചെയ്ത്, ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനുമാരോഗ്യത്തിനുമായി പ്രാര്‍ഥിച്ച്, അദ്ദേഹത്തെ ആരതിയുഴിഞ്ഞ് ആ കാലുകള്‍ തൊട്ട് വന്ദിച്ച് അദ്ദേഹം തരുന്ന വെള്ളം കുടിച്ച് വ്രതം മുറിക്കലായിരുന്നു വൈകുന്നേരത്തെ മനോമോഹനമായ കാഴ്ച. മാര്‍ക്കറ്റുകള്‍ ചുവന്ന വളകളെക്കൊണ്ടും ചുവന്ന വസ്ത്രങ്ങളെക്കൊണ്ടും മധുരപലഹാരങ്ങളെക്കൊണ്ടും നിറഞ്ഞു കവിഞ്ഞിരുന്നു.

ഇത്തരം വ്രതങ്ങളെക്കുറിച്ച് പണ്ട് എഴുതിയ ഒരു കുറിപ്പ് ഇപ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു. വായിച്ചവര്‍ ക്ഷമിക്കുക.വായിക്കാത്തവര്‍ സാധിക്കുമെങ്കില്‍ വായിച്ച് അഭിപ്രായം പറയുക...

കാരയടൈ , ആട്ടാ ചല്‍നി , അട് ല തഡ്ഡി, …… എല്ലാം അവനായി

ഇതെന്തു ഭാഷ എന്നാണോ?

ഇന്ത്യാ മഹാരാജ്യമല്ലേ? എത്ര തരം ഭാഷ വേണമെങ്കിലും കേള്‍ക്കാന്‍ കഴിയും. എന്നാല്‍ പിന്നെ കൊഞ്ചം തമിഴ്, ഥോഡീ സി ഹിന്ദി, പിന്നെ കുറച്ച് തെലുങ്ക്…

തല്‍ക്കാലം അത്രേയുള്ളൂ. ഭാഷ വ്യത്യസ്തമാകിലെന്ത്? ചെയ്യുന്നതും പറയുന്നതുമെല്ലാം ഒന്നു തന്നെ. അല്ലെങ്കില്‍ നോക്കൂ……..

കാരയടൈ നൊയന്പ് എന്നാല്‍ മാശി മാസം പൈങ്കുനി മാസമായിത്തീരുന്ന മുഹൂര്‍ത്തത്തിലാണ് കാരയടൈ നേദിച്ച് അവന്റെ ആയുസ്സിനായി പ്രാര്‍ഥിയ്ക്കുന്നത്. കുംഭമാസം മീനമാസമായി പകരുന്ന പുണ്യദിനത്തിലാണ് ആ വ്രതം. അത് പൌര്‍ണമി ദിനത്തിലെ ചന്ദ്രോദയ സമയത്താണെങ്കില്‍ അത്യുത്തമമായി.

നന്നെ ചെറുപ്പം മുതല്‍ ഈ നോയ്മ്പുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത എന്നെങ്കിലുമൊരിയ്ക്കല്‍ ജീവിതത്തിന്റെ ഏറ്റവും പ്രധാന ഭാഗമായിത്തീരുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഒരാള്‍ക്കു വേണ്ടി, അയാളുടെ ആയുസ്സിനു വേണ്ടി എങ്ങാണ്ടോ ഒരിടത്തിരുന്ന് വ്രതമെടുക്കുകയും പ്രാര്‍ഥിയ്ക്കുകയും തന്റെ പ്രാര്‍ഥനയെന്ന സ്‌നേഹകവചത്താല്‍ പൊതിയപ്പെട്ട് അയാള്‍ ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിയ്ക്കുമെന്ന് വിശ്വസിയ്ക്കുകയും ചെയ്യുക…….അതായിരുന്നു ചെറുപ്പത്തിലേ കാരയടൈ നോയ്മ്പ് അല്ലെങ്കില്‍ സത്യവാന്‍ സാവിത്രീ വ്രതം.

സത്യവാന്റെയും സാവിത്രിയുടെയും കഥ എല്ലാവര്‍ക്കും അറിയുമായിരിയ്ക്കും.
അഷ്ടപതി രാജാവിന്റെ മകളും വിദുഷിയും അപ്‌സരസുന്ദരിയുമായ സാവിത്രി അച്ഛന്റെ അനുവാദത്തോടെ സ്വന്തം വരനെ കണ്ടു പിടിയ്ക്കാനാണ് ഒരു യാത്ര പോകുന്നത്. പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ട പോയിന്റ് അച്ഛന്റെ അനുവാദം ഉണ്ട് എന്നതാണ്. ആ യാത്രയ്ക്കിടയിലാണ് വനത്തില്‍ വെച്ച് അന്ധരായ മാതാപിതാക്കളെ നിര്‍വ്യാജം സ്‌നേഹിച്ച് സംരക്ഷിച്ച് പോരുന്ന പരമ ദരിദ്രനായ സത്യവാനെ കണ്ടുമുട്ടുന്നതും അയാളെ വരനായി മനസ്സുകൊണ്ട് തെരഞ്ഞെടുക്കുന്നതും. സ്വാഭാവികമായും ഇന്നത്തെക്കാലത്തെന്ന പോലെ അന്നും കഠിനമായ എതിര്‍പ്പുണ്ടായി. നക്ഷത്രം ചെന്ന് കുപ്പത്തൊട്ടിയില്‍ വീഴുകയോ?നാരദ മഹര്‍ഷിയാണ് സത്യവാന്‍ അങ്ങനെ മോശക്കാരനൊന്നുമല്ലെന്നും രാജ്യം നഷ്ടപ്പെട്ട രാജാവിന്റെ മകനാണെന്നും ഈ കല്യാണം നടക്കേണ്ടതാണെന്നും അഷ്ടപതി രാജാവിനെ ബോധ്യപ്പെടുത്തുന്നത്. കൂട്ടത്തില്‍ ഇതും കൂടി പറയാന്‍ നാരദന്‍ മടിച്ചില്ല. ഇനി കൃത്യം ഒരു വര്‍ഷം മാത്രമേ ആ വിദ്വാന് ആയുസ്സുള്ളൂ .

വിധവയായിത്തീരും തന്റെ മകളെന്ന തലേലെഴുത്തില്‍ ഹൃദയം നുറുങ്ങി വേദനിച്ചുകൊണ്ടാണെങ്കിലും രാജാവ് ഒടുവില്‍ സാവിത്രിയുടെ വാശിയ്ക്ക് വഴങ്ങി. സ്ത്രീകള്‍ ആരിലെങ്കിലും മനസ്സുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയുമില്ലെന്നല്ലേ വെപ്പ്? വിവാഹം കഴിഞ്ഞ് അവള്‍ ഭര്‍ത്താവിനും ശ്വശ്വരര്‍ക്കും ഒപ്പം കാട്ടിലേയ്ക്ക് യാത്രയാവുകയും ചെയ്തു. ആയുസ്സില്ലെന്ന തീവ്ര നൊമ്പരത്തിന്റെ വിവരം സാവിത്രി ഭര്‍ത്താവിനെ അറിയിച്ചില്ല. പകരം, വിവാഹത്തിന് എല്ലാവരും വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ അതു നടന്നുകിട്ടാനായി താന്‍ നേര്‍ന്ന വ്രതമാണെന്നും അതനുസരിച്ച് ഒരുവര്‍ഷം കന്യകയായിത്തന്നെ കഴിഞ്ഞേ പറ്റൂവെന്നും അവള്‍ സത്യവാനെ വിശ്വസിപ്പിച്ചു. അതേ സമയം ശ്വശ്വരര്‍ക്ക് ഒരു നല്ല മരുമകളും സത്യവാന്റെ ആത്മാര്‍ഥ സുഹൃത്തുമാകാന്‍ സാവിത്രിയ്ക്ക് സാധിച്ചു.

സാവിത്രി വ്രതം വെച്ചാലും കൊള്ളാം കന്യകയായിരുന്നാലും കൊള്ളാം , കൃത്യം സമയമായപ്പോള്‍ യമധര്‍മ്മന്‍ സ്വന്തം ചുമതല നിര്‍വഹിയ്ക്കാന്‍ എത്തിച്ചേര്‍ന്നു, സത്യവാന്റെ ജീവനുമായി ശടേന്ന് യാത്രയാവുകയും ചെയ്തു. സാവിത്രി, സാധാരണ സ്ത്രീയല്ലല്ലോ. സത്യവാന്റെ ജീവനുമായി പോകുന്ന യമധര്‍മ്മനെ കാണാനും അദ്ദേഹത്തെ പിന്തുടരാനും ഒക്കെ കഴിവുണ്ടായിരുന്നു സാവിത്രിയ്ക്ക്. കുറച്ച് കഴിഞ്ഞാല്‍ ശല്യം പോയ്‌ക്കോളും എന്നായിരുന്നു കാലന്റെ വിചാരം.

എന്നാല്‍ സാവിത്രി ഒരു ഒഴിയാബാധയാണെന്ന് കണ്ടപ്പോള്‍ യമധര്‍മ്മന്‍ അതുവരെയുണ്ടായിരുന്ന ശാന്തഭാവമൊക്കെ വെടിഞ്ഞ് 'ഭര്‍ത്താവിന്റെ ജീവനു വേണ്ടിയാണെങ്കില്‍ നിന്നിട്ട് കാര്യമില്ല, സമയം മെനക്കെടുത്താതെ വേഗം സഥ്‌ലം വിട്. എബൌട്ടേണ്‍ ആന്‍ഡ് ക്വിക് മാര്‍ച്ച്' എന്ന് ഉഗ്രമായി കല്‍പ്പിച്ചു.

സത്യവാന്റെ ജീവന്‍ തിരിച്ചു കിട്ടാതെ ഒരു മാര്‍ച്ചുമില്ലെന്നായി സാവിത്രി.

അതു പറ്റില്ല, നൊ വേ……. എന്നാലും ഇത്ര ദൂരം പിന്നാലെ വന്നതല്ലേ? അത്ര ബുദ്ധിമുട്ടു സഹിച്ചതിന് ഒരു ആശ്വാസമെന്ന നിലയ്ക്ക് പകരം മൂന്നു വരം തരാമെന്ന് കാലന്‍ ഉവാച.

അതനുസരിച്ച് സാവിത്രി ഒന്നൊന്നായി വരങ്ങള്‍ ചോദിച്ചു വാങ്ങി.

'സത്യവാന്റെ അച്ഛന് നഷ്ടപ്പെട്ട രാജ്യം മടക്കിക്കിട്ടണം.'

കാലന്‍ പറഞ്ഞു. 'ഗ്രാന്റ്ഡ്.'

'അദ്ദേഹത്തിന്റെയും സത്യവാന്റെ അമ്മയുടേയും അന്ധത മാറണം.'

'അതും ഓക്കെ.'

'എനിയ്ക്ക് സല്‍പ്പുത്രന്‍ പിറക്കണം.'

'അപ്പടിയേ ആഹട്ടും' എന്നാര്‍ യമധര്‍മ്മര്‍.

'എങ്ങനെ ആകുമെന്നാണ്? ഗര്‍ഭം ധരിപ്പിയ്‌ക്കേണ്ടയാള്‍ക്ക് ജീവന്‍ വേണ്ടേ?'

കാലന്‍ ഞെട്ടി. അല്‍പ്പം ആലോചിച്ചിട്ടു പറഞ്ഞു. 'നേരത്തെ നിങ്ങള്‍ തമ്മില്‍ ഉണ്ടായ ശാരീരിക ബന്ധത്തില്‍ നിന്നും സല്‍പ്പുത്രന്‍ പിറന്നോളും. അവന് ആയിരം വര്‍ഷം ആയുസ്സുമുണ്ടാകും.'

സാവിത്രി അവസാന ആണിയും കാലന്റെ തലയില്‍ അടിച്ചു കയറ്റി.

'ഞാന്‍ കന്യകയാണ്.'

അങ്ങനെ തോറ്റു പാളീസടിച്ച കാലന്‍ സത്യവാന്റെ ജീവന്‍ മടക്കിക്കൊടുത്തുവെന്നാണ് കഥ.

വിധവയാകുന്നതില്‍പ്പരം ദയനീയമായ സങ്കടകരമായ ഒരു അവസ്ഥയുമില്ലെന്നാണ് നന്നെ ചെറുപ്പം മുതല്‍ കേട്ടു പഠിച്ചിട്ടുള്ളത്. അരുമയായി സ്‌നേഹിയ്ക്കുന്ന ഭര്‍ത്താവിനെ മാത്രമല്ല ഇനി മോശമായി പെരുമാറുന്നവനായാലും, അദ്ദേഹത്തിന്റെ ജീവനും ആരോഗ്യവും സുരക്ഷിതമായിരിയ്ക്കണം. പെണ്‍കുട്ടിയായിപ്പിറന്നാല്‍ എല്ലാവര്‍ഷവും സത്യവാന്‍ സാവിത്രീ വ്രതം എടുത്തെ പറ്റൂ. വരാന്‍ പോകുന്ന ഭര്‍ത്താവിനു വേണ്ടി ഇപ്പോഴേ പ്രാര്‍ഥിച്ചേ പറ്റൂ.

അങ്ങനെ മാസപ്പിറവിയ്ക്ക് പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം ഉപേക്ഷിയ്ക്കുന്നു. സംക്രാന്തി സമയത്ത് നിവേദിയ്ക്കാനാണ് കാരയടൈ ഉണ്ടാക്കുന്നത്. അരിപ്പൊടിയില്‍ ഉപ്പും ആവശ്യത്തിന് ശര്‍ക്കരപ്പാവും ചേര്‍ത്ത് പ്ലാശിന്റെ വട്ടയിലയില്‍ കൈകൊണ്ട് കനം കുറച്ച് പരത്തി ആവിയില്‍ വേവിയ്ക്കുന്നതാണ് കാരയടൈ. അടയില്‍ അല്പം പുതിയ വെണ്ണ തൊട്ടുവെയ്ക്കുന്നു. കുളിച്ച് ശുദ്ധിയോടെ അടയുണ്ടാക്കി നേദിയ്ക്കുന്നതോടൊപ്പം സുമംഗലിയ്ക്ക് ഭര്‍ത്താവും വിവാഹം കഴിച്ചിട്ടില്ലാത്ത പെണ്‍കുട്ടികള്‍ക്ക് വീട്ടിലെ മറ്റു മുതിര്‍ന്ന സുമംഗലീ സ്ത്രീകളും മഞ്ഞള്‍ച്ചരട് കഴുത്തില്‍ കെട്ടിക്കൊടുക്കും. താലി മഞ്ഞള്‍ച്ചരടില്‍ കോര്‍ത്താണ് കല്യാണ സമയത്ത് മൂന്നു മുടിയ്ക്കുന്നത്. (കെട്ടുന്നത് ). അട നേദിയ്ക്കുമ്പോള്‍ കാമദേവനോടാണ് പ്രാര്‍ഥന.

'ഉരുകാത വെണ്ണയും ഓരടയും നാന്‍ തരുവേന്‍
ഒരുകാലവും എന്‍ കണവന്‍ എന്നെ പിരിയാമലിരുക്കവേണം.'

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

വടക്കേ ഇന്ത്യയിലുമുണ്ട് അവന്റെ ആയുസ്സിനായുള്ള ഈ പ്രാര്‍ഥന. കര്‍വാചൌത്ത് എന്നു പറയും. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന കര്‍വാചൌത്ത് വളരെ വിശേഷമായി ആഘോഷിയ്ക്കും. മലയാളികള്‍ പൂത്തിരുവാതിര ആഘോഷിയ്ക്കും പോലെ.

കാര്‍ത്തിക മാസത്തില്‍ (ഒക്ടോബര്‍  നവംബര്‍ ) ദീപാവലിയ്ക്ക് ഒന്‍പതു ദിവസം മുന്‍പാണ് കര്‍വാ ചൌത്ത് വരുന്നത്. ശരദ് പൂര്‍ണ്ണിമയുടെ ( ആശ്വിന മാസത്തിലെ പൌര്‍ണമി.) നാലാം ദിവസം. ശിവനോടും ഗൌരിയോടുമാണ് നെടുംമംഗല്യത്തിന് സ്ത്രീകള്‍ പ്രാര്‍ഥിയ്ക്കുന്നത്. 2012ല്‍ കര്‍വാചൌത്ത് നവംബര്‍ 2 നു ആണ് ആഘോഷിയ്ക്കപ്പെടുക

തലേന്ന് വൈകുന്നേരം മൈലാഞ്ചിയിട്ട് കൈകാലുകള്‍ അലങ്കരിയ്ക്കുന്നു. ബസ്സിലും മറ്റും കയറാന്‍ സ്ത്രീകള്‍ മൈലാഞ്ചിയിട്ട കൈകാലുകളുമായി കഷ്ടപ്പെടുന്നതു കാണുമ്പോള്‍ പുരുഷന്മാര്‍ അതീവ മഹാമനസ്‌ക്കതയോടെ , തികഞ്ഞ സുമനസ്സുകളായി പലപ്പോഴും തൊട്ടെടുക്കാവുന്ന വിധം അഭിമാന വിജൃംഭിതരായി ബസ്സിന്റെ വാതിലുകള്‍ തുറന്നുകൊടുത്തും സ്ത്രീകളുടെ ബാഗുകള്‍ പിടിച്ചും ഒക്കെ ഒത്തിരി സഹായം നല്‍കാറുണ്ട്.

വ്രതത്തിന്റെയന്ന് അതി രാവിലെ 4 മണി മുതല്‍ പച്ചവെള്ളം പോലും കുടിയ്ക്കാത്ത നിരാഹാരവ്രതമാണ്. അമ്മായിഅമ്മമാര്‍ അത്യുത്സാഹത്തോടെയാണ് മരുമക്കളെക്കൊണ്ട് ഈ വ്രതമെടുപ്പിയ്ക്കുക. സ്ത്രീകള്‍ നല്ല ചുവപ്പ് നിറവും മിനുക്കവുമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ചമഞ്ഞൊരുങ്ങീ പകല്‍ മുഴുവന്‍ നര്‍മ്മഭാഷണങ്ങള്‍ ചെയ്തും പരസ്പരം സന്ദര്‍ശിച്ചും സമയം പോക്കുന്നു. ഒരു കലശത്തില്‍ നിറച്ച് വെള്ളമോ പാലോ എടുത്തിട്ടുണ്ടാവും. സാമ്പത്തികസ്ഥിതി അനുവദിയ്ക്കുന്ന പോലെ സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നീ ലോഹക്കഷണങ്ങള്‍ നിക്ഷേപിച്ച് സ്ത്രീകള്‍ തമ്മില്‍ കൈമാറുന്നു. വൈകുന്നേരം ആലിന്‍ ചുവട്ടിലെ ശിവപാര്‍വതീ പൂജയ്ക്ക് ഒത്തുചേരുന്നത് ഈ കൈമാറ്റം ചെയ്തു കിട്ടിയ കലശങ്ങളുമായാണ്. പൂജാ സമയത്ത് ചന്ദ്രനുദിയ്ക്കുമ്പോള്‍ കലത്തിലെ വെള്ളം ചന്ദ്രനു സമര്‍പ്പിയ്ക്കുന്നു. ഗോതമ്പ് പൊടി അരിയ്ക്കുന്ന അരിപ്പയിലൂടെ ( ആട്ടാ ചല്‍നി ) ചന്ദ്രനെ നോക്കിയ ശേഷം ( അതിനും കാരണമുണ്ട്. ചന്ദ്രന്‍ ആളു ഒട്ടും ശരിയല്ല. ഒരു തട വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഉമ്മവെച്ചുകളയും!) ഭര്‍ത്താവിന്റെ കാല്‍ തൊട്ടു വണങ്ങുന്നു. അപ്പോള്‍ ഭര്‍ത്താവ് വെള്ളവും മധുരപലഹാരങ്ങളും പുതു വസ്ത്രങ്ങളും സമ്മാനങ്ങളും ഭാര്യയ്ക്ക് നല്‍കും. പിന്നെ ഗംഭീരമായ സദ്യയുണ്ടാകും.

സന്ധ്യയ്ക്കുള്ള പൂജാസമയത്താണ് കര്‍വാ ചൌത്തിന്റെ കഥ പറയുക. അത് സുമംഗലിയായ കൂട്ടത്തിലെ മുതിര്‍ന്നവളായിരിയ്ക്കും.

കഥ സാധാരണ മനുഷ്യരുടെ സാമാന്യ യുക്തികള്‍ക്ക് നിരക്കുന്നതല്ലെങ്കിലും……

ഈ കഥ പരമശിവന്‍ പാര്‍വതിയ്ക്ക് പറഞ്ഞുകൊടുത്തതാണെന്നാണ് സങ്കല്‍പ്പം. പിന്നെ ദ്വാപരയുഗത്തില്‍ ദ്രൌ!പതിയ്ക്ക് കൃഷ്ണന്‍ പറഞ്ഞുകൊടുത്തുവത്രെ!

പണ്ട് പണ്ട് ശുക്രപ്രസ്ഥത്തില്‍ വീരാവതി എന്നൊരു വിദുഷിയും പരമ സുന്ദരിയും ആയ സ്ത്രീരത്‌നമുണ്ടായിരുന്നു. പണ്ഡിതനായ വേദശര്‍മ്മയുടെയും വീട്ടമ്മയായ ലീലാവതിയുടെയും മകള്‍. ആ നാട്ടിലെ രാജാവു വീരാവതിയുടെ അനിതര സാധാരണമായ പാണ്ഡിത്യവും സൌന്ദര്യവും സൌശീല്യവും ഒക്കെ കണ്ട് അവളെ തന്റെ പട്ടമഹിഷിയാക്കി.എന്നാല്‍ വിദുഷിയെന്ന അഹങ്കാരം വീരാവതിയ്ക്കുണ്ടായിരുന്നു പോല്‍. അതുകൊണ്ട് കര്‍വാചൌത്ത് വ്രതത്തിന്റെ അന്ന് അവള്‍ സ്വന്തം ഗൃഹത്തിലേയ്ക്ക് പോയി. നിരാഹാരവ്രതം എടുത്തിരുന്നുവെങ്കിലും ഭര്‍ത്താവിന്റെ മുഖം കാണാതെ സ്വന്തം വീട്ടില്‍ വെച്ച് വ്രതം അവസാനിപ്പിയ്ക്കാനുള്ള അവളുടെ തീരുമാനം ഒട്ടും ശരിയായിരുന്നില്ല. അതിനും പുറമേ യാത്രാക്ഷീണവും വ്രതവും നിമിത്തം അവള്‍ മോഹാലസ്യപ്പെട്ടപ്പോള്‍ അവളുടെ സഹോദരന്മാര്‍ കുറെ കര്‍പ്പൂരം കത്തിച്ച് ചന്ദ്രോദയമായി എന്ന് അവളെ വിശ്വസിപ്പിയ്ക്കുകയും വ്രതം തെറ്റിയ്ക്കുകയും കൂടി ചെയ്തു.

അപ്പോള്‍ തന്നെ വീരാവതിയുടെ ഭര്‍ത്താവ് മരണമടഞ്ഞു. വ്യസനാക്രാന്തയായ അവള്‍ക്ക് പാര്‍വതീ ദേവി പ്രത്യക്ഷപ്പെട്ട് വൈധവ്യം മാറ്റിക്കൊടുത്തെങ്കിലും പകരം ശയ്യാവലംബിയായ ബോധശൂന്യനായ ഭര്‍ത്താവിനെയാണ് മടക്കി നല്‍കിയത്. തന്നെയുമല്ല, അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരുപാട് കൊച്ചു സൂചികള്‍ തറയ്ക്കപ്പെട്ടുമിരുന്നു. ( ആര്‍ക്കറിയാം? അതു ചിലപ്പോള്‍ ചൈനാക്കാരന്റെ അക്യൂപങ്ചറോ മറ്റോ ആയിരുന്നിരിയ്ക്കും) വീരാവതി അര്‍പ്പണമനസ്സായി, ഏകാഗ്രതയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചു. അതോടൊപ്പം, നല്ലൊരു ഭാര്യ ചെയ്യേണ്ടതു പോലെ സ്വന്തം ഗൃഹവുമായുള്ള എല്ലാ ബന്ധവും അവള്‍ അന്നു മുതല്‍ ഉപേക്ഷിയ്ക്കുകയും ചെയ്തു. ഓരോ ദിവസവും ഓരോ സൂചി വീതം അവള്‍ ഭര്‍തൃശരീരത്തില്‍ നിന്ന് പിഴുതു മാറ്റി. അവസാനം ഒരു സൂചി ബാക്കിയായപ്പോള്‍ വീണ്ടും കര്‍വാചൌത്ത് ഉത്സവം വന്നു ചേര്‍ന്നു. കലശം വാങ്ങാന്‍ വീരാവതി ചന്തയില്‍ പോയ സമയത്ത് അവളുടെ ദാസി ആ ഒരേയൊരു സൂചി രാജാവിന്റെ ദേഹത്ത് നിന്നൂരിയെടുത്തു.

അപ്പോള്‍ തെളിഞ്ഞു, രാജനു ബോധം. പക്ഷെ, ആ ദാസിയെ ആണ് രാജ്ഞിയെന്ന് മനസ്സിലാക്കിയത്. ഇന്നാണെങ്കില്‍ അംനീഷ്യ എന്നെങ്കിലും പറഞ്ഞു നോക്കാമായിരുന്നു.

അങ്ങനെ വീരാവതി ദാസിയായി മാറി. എന്നാല്‍ ആ ഭയങ്കരി ദാസിയ്‌ക്കെങ്കിലും സത്യം പറയാമായിരുന്നില്ലേ? അവള്‍ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, രാജ്ഞിയായി സുഖിച്ചു വാഴുകയും ചെയ്തുവത്രെ.

വീണ്ടും പല കര്‍വാചൌത്തുകളും കടന്നു പോയി. വീരാവതി മനസ്സു തളരാതെ വ്രതം നോക്കി. രാജാവിനെ ഒന്നു കാണാനാവാതെ, വ്രതം തീര്‍ക്കാന്‍ ആവാതെ പലപ്പോഴും മൂന്നും നാലും ദിവസമൊക്കെ പട്ടിണി കിടക്കേണ്ടിയും വന്നു, ആ മഹാ വിദുഷിയായ പഴയ രാജ്ഞിയ്ക്ക്.

ഒടുവില്‍ ഒരു കര്‍വാചൌത്തിന്റെ അന്ന് , രാജാവ് അവളോട് ചോദിച്ചു, 'എന്താണ് ദാസീ, നിനക്ക് സമ്മാനമായി വേണ്ടത്?' അവള്‍ ഒന്നും പറയാതെ ദാസി രാജ്ഞിയായ, രാജ്ഞി ദാസിയായ കഥ കരഞ്ഞുകൊണ്ട് പാടികേള്‍പ്പിച്ചു. പാട്ടില്‍…. ആ പാട്ടില്‍ അവള്‍ പണ്ടൊക്കെ രാജാവിനെ വിളിയ്ക്കുമായിരുന്ന ഓമനപ്പേരുകള്‍ ഒരു മാല പോലെ കോര്‍ത്തിരുന്നുവത്രെ!

പാട്ട് കേട്ട രാജാവിന് ശരിയ്ക്കുമുള്ള ഒറിജിനല്‍ 916 ബോധം വന്നു. അങ്ങനെ വീരാവതി വീണ്ടും രാജ്ഞിയായി.

മഹാ നഗരങ്ങളിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസ്സുകളില്‍ ഈ കഥ കേട്ടിരിയ്ക്കുന്ന, തികഞ്ഞ ഭക്തിയോടെയും വിശ്വാസത്തോടെയും കര്‍വാചൌത്ത് ആഘോഷിയ്ക്കുന്ന ചെറുപ്പക്കാരികളെ ഞാന്‍ കണ്ണിമയ്ക്കാതെ നോക്കി നിന്നിട്ടുണ്ട്………..

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം.

അതേന്ന്……..

ആന്ധ്രാ പ്രദേശില്‍ ഈ ആഘോഷം അട് ല തഡ്ഡി എന്നറിയപ്പെടുന്നു. ശരദ് പൂര്‍ണ്ണിമയുടെ മൂന്നാം ദിവസമാണ് ആഘോഷിയ്ക്കുക. അതായത് ഔത്തരാഹന്റെ കര്‍വാചൌത്തിനു തലേദിവസം.

ആഘോഷത്തിന്റെ തലേന്ന് വൈകുന്നേരം സ്ത്രീകള്‍ കൈകാലുകളില്‍ മൈലാഞ്ചിയിട്ട് അലങ്കരിയ്ക്കും. പിറ്റേന്ന് സൂര്യോദയത്തിന് വളരെ മുന്‍പ് തലേന്നുണ്ടാക്കിയ അന്നവും ( ചോറ് ) പെരുഗുവും ( തൈര് ) ഗോംഗൂരാ ( മത്തിപ്പുളിയില ) ചട്‌നിയും കഴിയ്ക്കും. പിന്നെ വെള്ളം പോലും കുടിയ്ക്കില്ല, കഠിന വ്രതമാണ്. പകല്‍ സമയം ഉറക്കമൊഴിവാക്കാനായി ഊഞ്ഞാലാട്ടവും വിവിധ തരം കളികളുമുണ്ടായിരിയ്ക്കും.

വൈകീട്ട് പൂജയ്ക്കായി കുറെ ആഹാരപദാര്‍ഥങ്ങള്‍ തയാറാക്കും. പതിനൊന്നു തരം പച്ചക്കറിക്കഷണങ്ങള്‍ ചേര്‍ത്ത സാമ്പാര്‍ പ്രധാനമാണ്. അരിപ്പൊടിയും ശര്‍ക്കരയും പാലും ചേര്‍ത്ത മധുര പലഹാരം, പരിപ്പ്, തൈര്, ഗൊംഗൂരാ പച്ചടി, പതിനൊന്നു ചെറിയ ദോശകള്‍( ദോശകള്‍ പാര്‍വതി എന്ന ഗൌരിയ്ക്ക് നേദിയ്ക്കാനാണ്) . ആ ചെറിയ ദോശകളുടെ പേരാണേ അട് ല തഡ്ഡി എന്നത്. പിന്നെ പുളിഹോര എന്ന പുളിച്ചോറും കാണും.

എല്ലാറ്റിനും പുറമേ മാവുകൊണ്ടുള്ള പതിനൊന്നു വിളക്കുകളും ഉണ്ടാക്കും. അതില്‍ നെയ്യൊഴിച്ച് തിരിയിട്ട് ഗൌരിയ്ക്കു മുന്‍പില്‍ കത്തിച്ചു വെയ്ക്കും.

പതിനൊന്നു സ്ത്രീകള്‍ക്ക് ഓരോ ദോശയും ഓരോ വിളക്കും പതിനൊന്നു കെട്ടുകളുള്ള പൂമാലയും നല്‍കി അതു ഗൌരിയ്ക്ക് സമര്‍പ്പിച്ചതയി കരുതുന്നു, സാരിയുടെ മുന്താണി നീട്ടിക്കാട്ടി പാര്‍വതി അതു സ്വീകരിച്ചെന്നും നെടു മംഗല്യം നല്‍കുമെന്നും പാടുന്നു.

വടക്കന്റെ കലശം ഇവിടെയുമുണ്ട്, കലശത്തില്‍ വെള്ളം, കുങ്കുമം, മഞ്ഞള്‍, നാണയം, പൂക്കള്‍, അഞ്ചു മാവിലകള്‍ എന്നിവയാണുണ്ടാവുക. കലശത്തിലെ വെള്ളം ചന്ദ്രനു തന്നെയാണ് സമര്‍പ്പിയ്ക്കുന്നത്. ഗൌരിയുടെ വിഗ്രഹത്തിനൊപ്പം അരിമാവുകൊണ്ട് പെട്ടെന്നുണ്ടാക്കുന്ന ഗണേശനുമുണ്ടാകും.

ഗൌരിയ്ക്ക് ആരതിയെടുത്ത് പൂജ അവസാനിപ്പിയ്ക്കും. പിന്നീട് കുടുംബാംഗങ്ങളുമൊത്ത് ഭക്ഷണം കഴിയ്ക്കുന്നു.

ഇന്ത്യയില്‍ മാത്രമല്ല ഇമ്മാതിരി ആഘോഷമുള്ളത്. റോമിലും ഉണ്ട്. അത് ജനുവരി 21 ന് ആണ്. അതിന്റെ പേര് സെന്റ് ആഗ്‌നസ് ഈവ്.

അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്.

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളുവാന്‍ പാടില്ല.
തന്നേന്ന്……..

അതിന് വ്രതമോ പട്ടിണിയോ പ്രാര്‍ഥനയോ എന്തരാണെങ്കിലും ………

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ, കാറ്റായി, മഞ്ഞായി, മഴയായി, വെയിലായി, നിലാവായി…….എല്ലാമെല്ലാമായി അവനെന്നും കൂടെ വേണം. അവന് നന്മയുണ്ടാകണം. അവന്റെ കാലില്‍ ഒരു മുള്ളു പോലും കൊള്ളുവാന്‍ പാടില്ല.
തന്നേന്ന്……..

അതിന് വ്രതമോ പട്ടിണിയോ പ്രാര്‍ഥനയോ എന്തരാണെങ്കിലും ..