Wednesday, July 4, 2018

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്....10

https://www.facebook.com/echmu.kutty/posts/568454720000493?pnref=story

നോവല്‍10

ജോലി ചെയ്ത് പണമുണ്ടാക്കുന്നതിലും ഒക്കെ വളരെ എളുപ്പം ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതാണെന്ന് അതിനോടകം അയാള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. ആയിരം വിഡ്ഡിച്ചോദ്യങ്ങള്‍ ചോദിക്കുന്ന ബുദ്ധിഹീനരായ കീഴുദ്യോഗസ്ഥരോട് സംസാരിക്കേണ്ട. അഹങ്കാരികളും മന്ദബുദ്ധികളും ആയ മേലുദ്യോഗസ്ഥരെ വണങ്ങേണ്ട. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നാല്‍ മതി ഡി മാറ്റ് എക്കൌണ്ടിലൂടെ പണം ഇഷ്ടം പോലെ ബാങ്കില്‍ വന്നു നിറയും .

ചാര്‍ട്ടേട് എക്കൌണ്ടന്റ് അയാളെ ഉപദേശിച്ചു.

' ഇത് അബദ്ധമാണ്. നിങ്ങള്‍ക്ക് എന്‍ജിനീയറിംഗേ അറിയൂ. ഇത് വേറൊരു മേഖലയാണ്.. കൈ പൊള്ളാന്‍ എളുപ്പമാണ്. ഇതില്‍ പോകരുത്.'

ചാര്‍ട്ടേണ്ട് എക്കൌണ്ടന്റ് എന്ന മണ്ടനെ, അയാളുടെ അറിവില്ലായ്മയെ, ഭയത്തെ എല്ലാം അയാള്‍ പുച്ഛിച്ച് നിസ്സാരമാക്കി.

മകന്‍ അല്‍ഭുതപ്പെട്ട് നിന്നു. കമ്പ്യൂട്ടറിലൂടെ പണം കൊയ്യുന്ന അച്ഛനെ കണ്ട് പഠിയ്ക്കാതെ അമ്മ എന്തിനാണ് ഈ നശിച്ച ഓഫീസില്‍ പോകുന്നത്?

അമ്മ ഫ്രണ്ട്‌സിനൊപ്പം ഫണ്ണിനാണ് ഓഫീസില്‍ പോകുന്നതെന്ന് അയാള്‍ പതുക്കെപ്പതുക്കെ മകനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെയാണ് പോലീസുകാരെപ്പോലും അമ്മയ്ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ മെല്ലെ മെല്ലെ മകനെ ധരിപ്പിച്ചു.
എന്നാല്‍ ആ ഫണ്‍ എന്താണെന്ന് അവനു തിരിഞ്ഞില്ല.

അനാഥപ്പെണ്ണായ വീട്ടു വേലക്കാരിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ സ്വയം മറന്ന് അയാളോട് പറഞ്ഞു. ' ദൈവം ചോദിക്കും സാര്‍. ഇതിന് ദൈവം ചോദിക്കും'

അനാഥരുടെയും ദരിദ്രരുടെയും ശാപങ്ങളെ ഈ പ്രപഞ്ചത്തില്‍ ആര്‍ക്കാണു ഭയം?

ഷെയര്‍ മാര്‍ക്കറ്റ് ഒരു അത്യാകര്‍ഷകമായ ഒരു പെരും ചുഴിയാണല്ലോ. ആദ്യം അയാള്‍ക്ക് ചില്ലറ വിജയങ്ങളുണ്ടായി.

അയ്യായിരം...അമ്പതിനായിരം. ഒരു ലക്ഷത്തിന്റെ ലാഭമുണ്ടായ ദിവസം അയാള്‍ അവളോട് നിര്‍ബന്ധമായി നാലു ലക്ഷം രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ ഇടാന്‍ പറഞ്ഞു.

ഒട്ടും സമ്മതമില്ലെങ്കിലും അയാളെ അനുസരിച്ച് അവള്‍ വഴക്ക് ഒഴിവാക്കി.

അതു കഴിഞ്ഞാണ് അവള്‍ ആയിരം രൂപയുടെ മാസം തോറുമുള്ള ചില ചില്ലറ സേവിംഗുകള്‍ തുടങ്ങിയത്. പോസ്റ്റ് ഓഫീസിലെ ആര്‍ ഡിയില്‍ ചേര്‍ന്നത്. കമ്പനിയിലെ ഒരു സഹപ്രവര്‍ത്തകയുടെ അച്ഛനായിരുന്നു ഏജന്റ്. അദ്ദേഹത്തിനു കുറച്ച് കമ്മീഷന്‍ കിട്ടുമായിരിക്കും. അതൊരു നല്ല കാര്യമല്ലേ എന്നായിരുന്നു അവളുടെ ധാരണ.

അവളെ പെറ്റു വളര്‍ത്തി പഠിപ്പിച്ച അമ്മയ്ക്ക് മുപ്പത്തയ്യായിരം രൂപ അയച്ചത്. അമ്മയ്ക്ക് അവളങ്ങനെ ഒരിയ്ക്കലും കൃത്യമായി പണം അയച്ചിരുന്നില്ല. വല്ലപ്പോഴും ഇങ്ങനെ കുറച്ച് പണമയച്ചുകൊടുക്കും. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ....അതും എല്ലാ കൊല്ലവും അയയ്ക്കാറില്ല. അമ്മയ്ക്ക് അവള്‍ പണമയച്ചിട്ട് വേണ്ട ..കഴിഞ്ഞു കൂടാന്‍... അമ്മയ്ക്ക് നല്ല തുക പെന്‍ഷനുണ്ട്. മക്കളുടെ പണം ലഭിച്ചിട്ട് വേണം ജീവിയ്ക്കാനെങ്കില്‍ അവളുടെ അമ്മ ജീവിയ്ക്കുമായിരുന്നോ എന്നവള്‍ക്ക് നിശ്ചയമില്ല താനും.

അയാള്‍ക്ക് ഒരു തരത്തിലും പൊറുക്കാന്‍ കഴിഞ്ഞില്ല.

അവള്‍ ആരാണ് സാമ്പത്തിക കാര്യങ്ങള്‍ തീരുമാനിയ്ക്കാന്‍ ... ?

എവിടെ നിക്ഷേപിയ്ക്കണം ആര്‍ക്ക് പണം കൊടുക്കണം എന്നൊക്കെ തീരുമാനിക്കാന്‍ അവള്‍ക്ക് എന്തവകാശം ?

സ്ത്രീകള്‍ ഒരിയ്ക്കലും പണം കൈകാര്യം ചെയ്യാനിടവരരുതെന്ന് അയാളുടെ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. വിവാഹിതയായ മകളില്‍ നിന്ന് പണം പറ്റുന്ന അവളുടെ അമ്മ ...എത്ര നാണം കെട്ടവള്‍....ആ അമ്മയ്ക്ക് പണം നല്‍കുന്ന ഇവളും അതു പോലെ നാണം കെട്ടവള്‍ തന്നെ.

ആ വഴക്ക് തീരാനാണ് , അയാളറിയാതെ സാമ്പത്തിക ഇടപാടുകളൊന്നും അവള്‍ ചെയ്യാതിരിക്കാനാണ് അവളുടെ എ ടിം എം കാര്‍ഡും ചെക്കു ബുക്കും അയാള്‍ പിടിച്ചു മേടിച്ചത്. എല്ലാ മാസവും അവളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അയാള്‍ക്ക് ഈ മെയില്‍ ചെയ്യണമെന്നും അയാള്‍ ഉത്തരവിട്ടത്.

അതിനുശേഷം എപ്പോഴും അയാള്‍ അവളുടെ സമ്പാദ്യത്തേയും ബാങ്കിനേയും ചെലവുകളേയും പറ്റി അതീവ ശ്രദ്ധാലുവായിരുന്നു. എന്തു വാങ്ങാം എന്തു വാങ്ങാന്‍ പാടില്ല എന്നൊക്കെ അയാള്‍ തന്നെയാണ് പിന്നീട് തീരുമാനിച്ചിരുന്നത്.

അവള്‍ ഉള്ളു നിറയെ അമര്‍ഷം തിങ്ങിയിട്ടും അതിനും വഴങ്ങി.

' അമ്മ അച്ഛന്‍ പറയുന്നതെല്ലാം കേട്ട് നല്ല അമ്മയായി ജീവിച്ചാല്‍ നമ്മുടെ വീട്ടില്‍ വഴക്കുണ്ടാവില്ലെ'ന്ന് മോന്‍ പറഞ്ഞപ്പോള്‍ മാത്രം അവള്‍ക്ക് വലിയ വായില്‍ കരച്ചില്‍ വന്നു. അവള്‍ ഏങ്ങലടിച്ചു കരഞ്ഞപ്പോള്‍ അവന്‍ സമാധാനിപ്പിച്ചു. ' ഞാന്‍ അമ്മേടെ ചക്കരക്കുട്ടിയാണ്. ഞാന്‍ വലുതായിട്ട് ഷാരൂഖ് ഖാനെ പോലെ പണക്കാരനാകും. എന്നിട്ട് വഴിയില്‍ അലഞ്ഞു നടക്കുന്ന കുട്ടികള്‍ക്കെല്ലാം താമസിക്കാന്‍ വീടുണ്ടാക്കും. അമ്മ ആ കുട്ടികളെ ഒക്കെ സ്‌നേഹിച്ചു വളര്‍ത്തണം. ഞാന്‍ ഇടയ്ക്കിടെ വന്ന് അമ്മയെ കാണും. വരുമ്പോഴൊക്കെ അമ്മയ്ക്ക് കൈ നിറയെ പണം തരും. എപ്പോഴും ഫോണ്‍ വിളിക്കും. അങ്ങനെ നമ്മള്‍ രണ്ട് പേരും കൂടി കുറെ മക്കളെ നോക്കും..'

അഞ്ചാറു വയസ്സായ അവന്റെ സ്വപ്നങ്ങള്‍ ആകാശത്തേക്ക് ചിറക് വിരിക്കുന്നത് കണ്ട് അവള്‍ എല്ലാ വേദനകളും എല്ലാ അപമാനങ്ങളും മറന്നു.

( തുടരും )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതം ചിതറി തെറിക്കുകയാണല്ലൊ ...