Wednesday, May 8, 2019

സ്നേഹം ബിജു Biju Abraham

https://www.facebook.com/echmu.kutty/posts/1132783193567640


ഇന്ന് എൻറെ രക്തവും മാംസവും പോസ്റ്റ് ചെയ്യാതിരിക്കാൻ ഈ കുറിപ്പ് പ്രധാന കാരണമായാലോ...

ഒന്നു വായിച്ചു നോക്കൂ.

സ്നേഹം ബിജുBiju Abraham



എച്ച്മു എൻ്റെ ഏറ്റവും അടുത്ത
സുഹൃത്തുക്കളിൽ ഒരാളായിട്ട്
ഇത് ഇരുപത്തിയൊൻപതാം വർഷം. എച്ച്മുവിൻ്റ വാക്കുകൾ തന്നേ കടമെടുത്തുപറഞ്ഞാൽ - ഒരുപാടു കാലത്തെ പഴക്കമുള്ള സൗഹൃദം....... ഞങ്ങൾക്ക് ഒന്നുമില്ലാതെയിരുന്ന അതീവ ദരിദ്രകാലം മുതലെയുള്ള സൗഹൃദം.......
സന്തോഷവും ദുഃഖവും പാലും പഴഞ്ചോറുമെന്നോണം ഒരുപോലെ പങ്കിടുവാൻ സ്വാതന്ത്യമുള്ള, ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ നിഴലിനൊപ്പം നിന്ന് കൂടെ കരയാനും ഓടിയെത്തുന്ന
സ്നേഹക്കൂട്ട് . ഞങ്ങളിരുവരും മാത്രമല്ല പപ്പനും മോളുമടങ്ങുന്ന എച്ച്മുവിൻ്റെ കുടുംബവും എൽസിയും പീയുഷും പ്രണവുമടങ്ങുന്ന എൻ്റെ കുടുംബവും ഈ കരുതലിൻ്റെ ഊഷ്മളത വർഷങ്ങളായി പങ്കിടുന്നു.

എച്ച്മുവിൻ്റെ കുഴൽകിണറനുഭവങ്ങളുടെ തുടർച്ചയും അതിജീവനപോരാട്ടങ്ങളും ദീർഘകാലം അടുത്തു കാണുവാൻ കഴിഞ്ഞവനാണ് ഞാൻ. കാണേണ്ടിവന്നവനാണ് എന്നതായിരിക്കും കൂടുതൽ ശരിയായ പ്രയോഗം. അടുത്തുകണ്ടു എന്നു പറഞ്ഞാൽ വളരെ അടുത്ത്.... നാലിഞ്ച് കനം മാത്രമുള്ള ഒരു ഇഷ്ടിക ഭിത്തിയ്ക്കിപ്പുറത്തുനിന്നുകൊണ്ട്.... കുറച്ചൊന്നുമല്ല. നീണ്ട പത്തു വർഷങ്ങൾ! മാത്രമല്ല കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും അവയുടെ ബാക്കിപത്രമായ മാനസീക - ശാരിരീക പീഠനങ്ങളും തുടർന്നുള്ള നിയമ നടപടികളുടെ സങ്കീർണ്ണതകളും ഒരു പെൺകുഞ്ഞിൻ്റെ 3 വയസു മുതൽ 14 വയസു വരെയുള്ള ജീവിതത്തെ ഉഴുതുമറിയ്ക്കുന്നത് എച്ച്മുവിൻ്റെ ജീവിതത്തിനൊപ്പം കാണുവാനുണ്ടായ നിർഭാഗ്യവും.

ഫേസ്ബുക്ക് പ്രശസ്തിയ്ക്കുവേണ്ടി എഴുതിക്കൂട്ടന്ന കല്ലുവച്ച നുണകളാണ് എച്ച്മുവിൻ്റെ കുറിപ്പുകൾ എന്ന ചില നിരീക്ഷണങ്ങൾ ചുരുക്കം
കമെൻ്റുകളിലും ബോധപൂർവ്വമുള്ള ചില ക്ഷുദ്ര - ന്യായീകരണപോസ്റ്റുകളിലും കാണുവാൻ കഴിഞ്ഞു. ഫേസ്ബുക്ക് മുതലാളി സുക്കറദ്ദേഹം ബേബി ഡയപ്പറിൽനിന്നും പുറത്തിറങ്ങുന്നതിനു മുൻപുതന്നേ കുറിപ്പുകളിൽ പരാമർശിക്കുന്ന സംഭവങ്ങളിലേറെയും സ്വന്തം കണ്ണുകൊണ്ട് കണ്ടു ബോധ്യപെട്ടവർക്ക് അത്തരം പോസ്റ്റുകളോട് സഹതപിയ്ക്കുവാനല്ലാതെ എന്താണ് ചെയ്യുവാൻ കഴിയുക?

നേരിട്ടു ബോധ്യപ്പെടാത്തത് ഇല്ലായെന്നല്ല ഇതിനർത്ഥം. അധ്യാപകശ്രേഷ്ഠനുമായുള്ള പ്രണയം, ചുരുങ്ങിയ കാലത്തെ സഹജീവിതം, കുഞ്ഞുവാവയുടെ ജനനം, ശാരീരീക മാനസീക പീഠനങ്ങൾ, പപ്പനുമൊരുമിച്ചുള്ള നാടുവിടൽ, അവയുടെ പിന്നാമ്പുറകഥകൾ ഇവയൊന്നും നേരിട്ടു
ബോധ്യപ്പെട്ടവയല്ല. അതുകൊണ്ടുതന്നെ അവയുടെ അന്നത്തെ ശരിതെറ്റുകെളെ ന്യായീകരിക്കേണ്ട ബാധ്യതയും ഞാൻ ഏറ്റെടുക്കുന്നില്ല. എന്നാൽ മൂന്നു പതിറ്റാണ്ടു നീളുന്ന ഞങ്ങളുടെ സൗഹൃദവും ജീവിത സംഘർഷങ്ങളുെടെ നേർക്കാഴ്ച്ചകളും അതിലേറെ പ്രതിസന്ധികളുടെ തീപൊയ്കയിലും അവർ പുലർത്തുന്ന ഉന്നതമായ നീതി - മൂല്യബോധവും ബന്ധങ്ങളിലെ സുതാര്യതയും വാക്കുകളിലെ നൈർമല്യവും ഹൃദയ ശുദ്ധിയും ഞങ്ങളോടൊക്കെ വിളിച്ചുപറയുന്ന ഒന്നുണ്ട്.... എച്ച്മുവിൻ്റെ വാക്കുകളിൽ പതിരില്ല. കളവും.
അവരെ മനസ്സിലാക്കിയവരൊക്കെ ഇതുതന്നേ സാക്ഷിക്കും. പിന്നെ, കൂടെ കിടന്നിട്ടും രാപ്പനി മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നവർ അസഭ്യം പുലമ്പുന്നതിലും പുതിയ മേച്ചിൽപുറങ്ങൾ തേടിയതിലും തേടുന്നതിലും അത്ഭുതമില്ല. സ്ത്രീയെ അവളുടെ പൂർണ്ണതയിൽ ഉൾക്കൊള്ളുവാനുള്ള അവരുടെ മാനസീക ക്ഷമതയെ മാത്രം സംശയിച്ചാൽ മതി.

തൊണ്ണൂറ്റിയൊന്നിൻ്റെ ആദ്യ ദിനങ്ങളിലാണ് ഞാൻ എച്ച്മുവിനെ ആദ്യമായി കാണുന്നത്. ഡൽഹി ഡവലപ്മെൻറ് അതോറിറ്റിയ്ക്കുവേണ്ടി ഹഡ്കോ നിർമ്മിച്ച ലാറി ബേക്കർ ബിൾഡിംഗ് സെൻ്റർ സമുച്ചയത്തിലാണ് ഞാൻ ജോലി ചെയ്തിരുന്ന സന്നദ്ധ ആരോഗ്യ സംഘടനയും പ്രവർത്തിച്ചിരുന്നത്. അതേ നാലിഞ്ച് കനം മാത്രമുള്ള ഒരു ഇഷ്ടിക ഭിത്തിയ്ക്ക് അപ്പുറത്തും ഇപ്പുറത്തും. ചേരികളിലെ ആരോഗ്യ വികസന പ്രക്രിയകളിൽ സജീവമായി ഇടപെടുന്ന സംഘടനകളെന്ന നിലയിൽ ഡൽഹി സർക്കാർ ഇരുവർക്കുംവേണ്ടി നൽകിയിരുന്ന ഫോൺ സ്ഥാപിച്ചിരുന്നത് ഞങ്ങളുടെ ഓഫീസിലും. ഓർഗനൈസേഷൻ്റെ നെഹ്റു പ്ലേസിലുളള ഹെഡ്ഓഫീസിൽനിന്നും ലഭിച്ച ട്രാൻസ്ഫർ ഓർഡറുമായി വന്ന എനിക്ക് ലഭിച്ച ഇരിപ്പിടം ഈ പങ്കുഫോണിൻ്റെ സമീപത്തായിരുന്നു. പുതിയ ജോലിയുടെയും സ്ഥലത്തിൻ്റെയും കൗതുകങ്ങൾ തിരയുന്നതിനിടയിലാണ് ഒരു ആൾരൂപം പുറത്തുനിന്നും കടന്നുവന്നത്. നേരെ നടക്കുവാൻ പോലും ശേഷിയില്ലാത്ത ഒരു അസ്ഥിപഞ്ജരം. അലക്ഷ്യമായ വസ്ത്രധാരണം. ഒട്ടിയുൾവലിഞ്ഞ കവിൾത്തടം. പറ്റവെട്ടി മൊട്ടയാക്കിയ തല, വശ്യതയാർന്നതെങ്കിലും പുറത്തേക്ക് ഉന്തി ചുവന്നു കലങ്ങി തീ തുപ്പുന്ന ഉണ്ടകണ്ണുകൾ. വീണുപോകാതിരിക്കാനെന്നോണം ഭിത്തിയിൽ ഇടയ്ക്കിടെ കൈ പിടിച്ചുള്ള നടത്തം. മൊത്തത്തിൽ എന്തൊക്കെയോ വശക്കേടുകൾ. 11 കെ.വി വൈദ്യുതലൈൻ ടവറിൻ്റെ അപായസൂചന ബോർഡിലെ പ്രേതരൂപം പാവാടയും ബ്ലൗസ്സുമിട്ട് റോഡിലിറങ്ങിയ പ്രതീതി. എന്തോ സഹായം തേടിയെത്തിയ സ്ത്രീയായി മാത്രമാണ് ഞാൻ ആ രൂപത്തെ മനസ്സിലാക്കിയത്. കണ്ടു ശീലിച്ചിട്ടുളള ഭാവങ്ങളൊന്നും ആ മുഖത്തുണ്ടായിരുന്നില്ല. ആടിയുലഞ്ഞ് എപ്പോൾ വേണമെങ്കിലും വീണു പോകുമെന്നു തോന്നിയ അവർ നടന്നടുത്തത്
ഫോണിൻ്റെ അടുത്തേക്കായിരുന്നു. നമ്പർ ഡയൽ ചെയ്ത് ഏതോ ഒഫീഷ്യൽ കോൾ ചെയ്യുമ്പോൾ വാക്കുകളിൽ ആരോഗ്യക്കുറവൊന്നും കണ്ടില്ല. വളരെ ശാന്തതയോടെ എന്നാൽ ഏറെ വ്യക്തതയോടെ കൃത്യമായി ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞു. ആകുലതകളൊന്നും തീരെയില്ലാതെ. ഫോൺ കട്ട് ചെയ്ത ശേഷം എന്തോ ആലോചിച്ച് കുറെനേരം അവിടെ തന്നേ നിന്നപ്പോഴാണ് ഒരു പുതിയ മുഖം അവിടെയിരിക്കുന്നതു കണ്ടത്. രാജിവച്ചു പോണയാളിന് പകരം വന്നതാ? അതേ എന്ന് ഞാൻ തലയാട്ടി. ചോദിച്ചതും ഉത്തരം കേട്ടതും നിർവികാരിതയായി തന്നേ! കുറെനേരം കൂടി അവിടെ നിന്നു. വീണ്ടും സങ്കടകടൽ മുഖത്ത് പരന്നൊഴുകി. അന്നു തുടങ്ങിയ പരിചയവും അടുപ്പവുമാണ്. എച്ച്മുവിൻ്റെ ജീവിതത്തിലെ ഒട്ടേറെ അനുഭവങ്ങൾക്ക് മൂകസാക്ഷിയായവരാണ് ഞങ്ങളുടെ ഓഫീസും ആ പങ്കു ഫോണും. ഒട്ടുമിക്ക സന്ദർഭങ്ങളിൽ ഞാനും! ഒരു ശരാശരി മനുഷ്യജീവി പോലുമായിരുന്നില്ല അന്നവർ. ഒരു തേങ്ങൽ മാത്രമായിരുന്നു. തേങ്ങൽ മാത്രം.

ലാറി ബേക്കർ ബിൾഡിംഗ് സെൻറർ ഡയറക്ടർ എന്ന നിലയിൽ പപ്പനെ ഒരിക്കൽ നേരത്തെ കണ്ടിരുന്നു. പിന്നീടാണ് മൂന്നര-നാലു വയസ്സു പ്രായമുള്ള വാവയെ ഞാൻ കാണുന്നത്. ചെറിയ വയസ്സിനുള്ളിൽ സങ്കീർണങ്ങളായ ഒട്ടേറെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവൾ. ഗുരുവിൻ്റെയും ശിഷ്യയുടെയും പ്രണയക്കളിയുടേയും കളിപ്പീരുകളുടെയും പിന്നാമ്പുറം എന്തുതന്നേയായാലും അവയുടെയൊക്കെ തിക്തഫലങ്ങൾ മുഴുവൻ അനുഭവിക്കേണ്ടിവന്ന ബാല്യം. ഏറെ ഓമനത്വമുള്ള കുട്ടി. ഞങ്ങളുടെ നാട്ടിലൊക്കെ പെറ്റിക്കോട്ട് എന്നു പേരു വിളിക്കുന്ന കുട്ടിയുടുപ്പിട്ടാണ് വീട്ടിലും ക്യാമ്പസിലും അവളെ കൂടുതലും കണ്ടിരുന്നത്. സ്കൂളിലെ അവളുടെ ആദ്യദിനങ്ങളും മറ്റും നല്ല ഓർമ്മയായി മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു. അവളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ എച്ച്മുവും പപ്പനും പെട്ട പെടാപാടുകൾ അൽഭുതപ്പെടുത്തുന്നവയായിരുന്നു. പ്രത്യേകിച്ചും പപ്പൻ. അവൾ എപ്പോഴും പപ്പനെന്ന അവളുടെ അച്ഛനൊപ്പമായിരുന്നു. മിക്കവാറും എല്ലാ ദിവസങ്ങളിലും രാവിലെ അവളെ അരികിലിരുത്തി പപ്പൻ ഓടക്കുഴലൂതി കേൾപ്പിക്കും. അവൾ ആവശ്യപ്പെടുന്ന പാട്ടുകൾ. ഞങ്ങളുടെ ഓഫീസിൽ പി.ആർ.ഒ ചുമതലയിലെത്തിയ എൽസിയിൽ ഞാനെൻ്റെ കൂട്ടുകാരിയേയും തുടർന്ന് ജീവിതപങ്കാളിയെയും കണ്ടെത്തി 94-ൽ വിവാഹിതനാകുംവരെ മിക്കവാറും എൻ്റെ അന്തിയുറക്കവും ക്യാമ്പസിൽ തന്നെ ആയിരുന്നു. പല പ്രഭാതങ്ങളിലും എന്നേയും ഉണർത്തുന്നത് ഈ വേണുനാദമായിരുന്നു. പപ്പനു നിഴലായി അവൾ നടന്നു. അവൾക്കു നിഴലായി പപ്പനും. ഏക്താ വിഹാറിലും ഇന്ദിരാ മാർക്കറ്റ് റോഡിലും മറ്റും പുറകെ ഓടി ഓടി അവളെ സൈക്കിൾ ഓടിക്കുവാൻ പഠിപ്പിക്കുന്നത് ഒരു കാഴ്ച തന്നേയായിരുന്നു. ഒരിക്കൽ മഞ്ഞപ്പിത്തം ബാധിച്ച അവളെ വാരിയെടുത്ത് കരഞ്ഞുകൊണ്ട് ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് ഓടിവന്നതും, സണ്ടേ മാർക്കറ്റിൽ അച്ഛനുമൊത്ത് അനുജനേയോ അനുജത്തിയേയോ വാങ്ങാൻ പോകുന്നതും, പപ്പൻ്റെ അന്നത്തെ സന്തതസഹചാരിയായിരുന്ന ബീഡിയെടുത്തു കളഞ്ഞ്‌ ഓടുന്നതും, അവൾ ആർക്കിടെക്ടും പപ്പനും എച്ച്മുവും കെട്ടിടം പണിയുടെ ആവശ്യവുമായി വന്ന ക്ലൈൻ്റുമാകുന്ന കളിയും അങ്ങനെ എത്രയെത്ര പച്ചപ്പുള്ള ഓർമകൾ. പപ്പനെ ഓടിച്ചു തളർത്തുമ്പോൾ ബാക്കിയോടുവാൻ ഓഫീസിലെ സഹായിയായിരുന്ന താരാചന്ദും സദാസന്നദ്ധനായി ഉണ്ടായിരുന്നു. ഒപ്പം വാൽസല്യം പകർന്ന് ശശിയും ദിലീപുമൊക്കെയും.
ക്യാമ്പസിൽ അക്കാലങ്ങളിൽ സജീവമായ ഒരു അടക്കം പറച്ചിലുണ്ടായിരുന്നു. ഇവർക്ക് ഒരു കുഞ്ഞുണ്ടാകുംവരെ മാത്രം നിലനിൽക്കുന്നതാണ് ഈ സ്നേഹപ്രകടനങ്ങളെന്ന്. എന്നാൽ മോളോടുള്ള വാൽസല്യം കുറയാതിരിക്കാൻ പപ്പനും എച്ച്മുവും വേറെ കുട്ടികൾ വേണ്ടായെന്ന തീരുമാനത്തിലുറച്ചുനിന്ന് കരുതിവച്ചിരുന്ന സ്നേഹമെല്ലാം അവൾക്കായി പകർന്നു നൽകി.
പപ്പനായിരുന്നു അവൾക്കെല്ലാം. പപ്പന് അവളും. അങ്ങനെയൊരു അച്ഛനാവാൻ പപ്പനേ കഴിയൂ. ഞാൻ എന്ന അച്ഛനും എൻ്റെ അച്ഛനും ഉൾപ്പടെ അച്ഛൻലോകത്ത് ഇത്രയും നല്ലൊരച്ഛനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുണ്യം ചെയ്തവർക്ക് മാത്രം ലഭിക്കാവുന്ന പിതൃത്വം. ആ നന്മയുടെ പാരമ്യമായിരുന്നു അവളുടെ വിവാഹത്തിലും ഞങ്ങളൊക്കെ കണ്ടത്. ഇന്ത്യയിലെതന്നേ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നിൽ ഉയർന്ന തസ്തികയിലും ശമ്പളത്തിലുമൊക്കെയായിരുന്ന പപ്പൻ സ്വയം വിരമിക്കൽ തീരുമാനമെടുത്തത് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ഞെട്ടൽ മാറും മുൻപ് വിവരം തിരക്കിയ എന്നോടുള്ള പപ്പൻ്റെ മറുപടിയായിരുന്നു അതിലും കേമം. ഏബ്രഹാമേ, മകളെ പഠിപ്പിച്ചു. ജോലിയായി. വിവാഹവും കഴിഞ്ഞു. ഇനി ഞാൻ എന്തിന് ജോലി ചെയ്യണം? പപ്പനെയും മകളേയും നന്നായി അറിമായിരുന്നതുകൊണ്ട് എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല.

എച്ച്മുവിലേക്ക് തന്നേ മടങ്ങി വരട്ടെ. പങ്കുഫോണിൻ്റെ ബന്ധം പോലെ തന്നേയായിരുന്നു ഞങ്ങളിരുവർക്കും അടുത്തുള്ള എസ്.റ്റി.ഡി ബൂത്തും. നാട്ടിലേക്കുള്ള വിളികൾക്കായി ബൂത്തിൽ ലൈൻ നിൽക്കേണ്ട കാലമായിരുന്നു അത്. പല ദിവസങ്ങളിലും ക്യൂവിൽ ഞങ്ങളിരുവരും കാണുമായിരുന്നു. ഫോണിലൂടെയും അവർ അഴിച്ചു വച്ചിരുന്നത് വ്യഥകളുടെ മാറാപ്പുകൾ. അതിശയിപ്പിക്കുന്ന വ്യക്തിത്വം ആയിരുന്നു എച്ച്മുവിൻ്റേത്. എരിഞ്ഞടങ്ങിയ വിറകിൻ്റ ചാരക്കമ്പു പോലെയാണ് നിന്നിരുന്നതെങ്കിലും ചെയ്യുന്ന ജോലികളിലൊക്കെ കൃത്യതയുണ്ടായിരുന്നു. വാക്കുകളിൽ വ്യക്തതയും. സ്ത്രീ മേസ്തിരിമാരെ സൃഷ്ടിക്കാൻ സ്വയം മേസ്തിരിയാകാൻ പോലും അവർ ശ്രമിച്ചു. ചേരികളിലെ കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളായി കണ്ടു. സമീപമുള്ള ജീവൻദീപ് കുഷ്ഠാശ്രമത്തിലെ നിത്യ സന്ദർശകയായി. വണ്ടിയിടിച്ചും മറ്റും മുറിവേറ്റ മൃഗങ്ങളോടുള്ള കരുതൽ പോലും അത്ഭുതപെടുത്തുന്നവയായിരുന്നു. കോടതി നിർദ്ദേശമനുസരിച്ച് കുട്ടിയെ കൊടുക്കേണ്ടിവരുന്ന കാലങ്ങളിൽ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് കാത്തിരിക്കുന്നതും കട്ടൻ കാപ്പിയും ചോളം ചുട്ടതും കഴിച്ച് ജീവൻ നിലനിർത്തിയിരുന്നതുമൊക്കെയും ഓർമ്മയിലെത്തുന്നു. ഈ കഷ്ടാനുഭവങ്ങളിലും ഭാഷയോട് അവർക്ക് പ്രണയമായിരുന്നു. പഴയ ഡയറിയിൽ നിന്നും കീറിയെടുത്ത കടലാസിൽ കഥകളെഴുതിയിരുന്നത് എനിക്ക് വായിക്കുവാൻ തരുമായിരുന്നു. ഗൃഹലക്ഷ്മിയിലും ന്യൂഡൽഹി ഇന്ന് എന്ന ആഴ്ച്ചപത്രത്തിലുമൊക്കെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നത് അവരെയും അടുപ്പമുള്ള ഞങ്ങളെയും ഏറെ സന്തോഷിപ്പിച്ചിരുന്നു.

ഒട്ടേറെ പ്രതിഭാശാലികളെ കാണുവാനുള്ള അവസരവും എനിക്ക് ലഭിച്ചതും ഞങ്ങളുടെ ഇഷ്ടികകൂട് ക്യാമ്പസിൽ നിന്നായിരുന്നു. ലാറി ബേക്കറും, ദത്തുമാഷും, ആനന്ദും, ബാലചന്ദ്രൻ ചുള്ളിക്കാടും, ഹഡ്കോ സുരേഷ് സാറും, അങ്ങനെ പലരും. ഏറെ ആരാധിച്ചിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനെ അവിടെ പലവട്ടം കണ്ടിട്ടുണ്ട്. ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ഏറ്റവും സന്തോഷിപ്പിച്ചിട്ടുണ്ടത് ലാറി ബേക്കർജിയുടെ സന്ദർശനങ്ങളായിരുന്നു. പപ്പനോടും എച്ച്മുവിനോടും അവർ കാട്ടുന്ന വാൽസല്യം കാണുന്നത് ഏറെ ഹൃദ്യവും. കൂട്ടക്ഷരങ്ങൾ ഇല്ലാത്ത ഇംഗ്ലീഷിൻ്റെ കഥപറഞ്ഞ ദത്തുമാഷ് ചാർട്ടേർഡ് അക്കൗണ്ടൻ്റായിരുന്ന റാം ഭൂപാലിനോട് സംസാരിച്ചത് ദത്തുമാഷും ബിൾഡിംഗ് സെൻ്ററിലുള്ളവരും ഞങ്ങൾ അയൽവാസികൾ പോലും ഏറെ ഇഷ്ടപ്പെട്ട നിമിഷങ്ങളായിരുന്നു.

എച്ച്മുവിൻ്റെ എഴുത്തിനെ പ്രോൽസാഹിപ്പിക്കവാൻ സുഹൃത്തെന്നനിലയിലും ചെറിയയൊരു വായനക്കാരനെന്നനിലയിലും എന്നും ശ്രമിച്ചിട്ടണ്ട്. അതിൻ്റെ തുടർച്ചയെന്നോണം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒട്ടേറെ കഥകളുമായി ചില പ്രസാധകരെ കാണുവാൻ ഞാൻ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. മലയാള സാഹിത്യത്തിൻ്റെ കറുപ്പും വെളുപ്പും തീരുമാനിക്കുന്നവരും ഭാഷയ്ക്ക് ഹരിതാഭ നൽകുന്നവരുമൊക്കെ വൈമുഖ്യം കാട്ടുകയാണുണ്ടായത്. എച്ച്മുവിന് വായനക്കാരില്ല എന്ന മുട്ടുന്യായമാണ് കാരണമായി പറഞ്ഞതെങ്കിലും ആർക്കൊക്കെയോ വേണ്ടിയാണ് ഒഴിവാക്കിയിരുന്നതെന്നത് പകൽപോലെ വ്യക്തം. എന്തായാലും ഈ മാധ്യമത്തിലൂടെ അവർ എഴുതുന്നതിലും എഴുത്തു ശ്രദ്ധിക്കപെടുന്നതിലും പെരുത്ത സന്തോഷം.

മനുഷ്യരേക്കളെറെ പപ്പനും എച്ച്മുവും പ്രണയിക്കുന്നത് മണ്ണിനെയും മരത്തിനേയുമാണ്. അവരുടെ ചിന്തകളിലും പ്രവത്തനങ്ങളിലും മണ്ണിൻ്റെ മണവും നിറവും ഗുണവുമുണ്ട്. അതു കൊണ്ടുതന്നെ അവരുടെ സാന്നിധ്യം ചുറ്റുപാടുകൾക്ക് ഹരിതഭംഗി നൽകുന്നു. തലയിൽ കോൺക്രീറ്റ് നിറച്ച ബുദ്ധിരാക്ഷസർക്ക് ഇത്തരം നൻമകളെ ഉൾക്കൊള്ളുവാൻ കഴിയുന്നില്ല എന്നു മാത്രം.

ചില മാസങ്ങൾക്ക് മുൻപ്, സുഖമില്ലാതെയിരിക്കുന്ന എൻ്റെ അമ്മയെ കാണുവാനായി എത്തിയ എച്ച്മുവും ഞാനും പമ്പയിലേക്ക് ഒരു റൈഡിനു പോയി. (തെറ്റിധരിക്കരുത് - ശബരിമലയിലേക്കല്ല!) അച്ചൻകോവിൽ റിസർവിലൂടെ കാറിൽ പോകുമ്പോൾ മരങ്ങളെനോക്കികൊണ്ട് എച്ച്മു പറഞ്ഞതു കുറിച്ചുകൊണ്ട് നിർത്തട്ടെ. ബിജു, ഈ കാട്ടിലെവിടെയെങ്കിലും ഇതുപോലെ ഒരു മരമായി ജനിച്ചാൽ മതിയായിരുന്നു!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

മനുഷ്യരേക്കളെറെ പപ്പനും എച്ച്മുവും പ്രണയിക്കുന്നത് മണ്ണിനെയും മരത്തിനേയുമാണ്. അവരുടെ ചിന്തകളിലും പ്രവത്തനങ്ങളിലും മണ്ണിൻ്റെ മണവും നിറവും ഗുണവുമുണ്ട്. അതു കൊണ്ടുതന്നെ അവരുടെ സാന്നിധ്യം ചുറ്റുപാടുകൾക്ക് ഹരിതഭംഗി നൽകുന്നു. തലയിൽ കോൺക്രീറ്റ് നിറച്ച ബുദ്ധിരാക്ഷസർക്ക് ഇത്തരം നൻമകളെ ഉൾക്കൊള്ളുവാൻ കഴിയുന്നില്ല എന്നു മാത്രം...!