Monday, May 27, 2019

മൈത്രേയി എന്നെ പരിചയപ്പെടുത്തിയത്


 2010 മേയ് 22 നു പ്രസിദ്ധീകരിച്ച കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ മൈത്രേയി എന്നെ പരിചയപ്പെടുത്തിയത് താഴെ വായിക്കാം.

തമിഴ്‌ ചുവയുള്ള ഈ ബ്ലോഗ്‌ പേരാണ്‌ എന്നെ കല. സി എന്ന എച്ചുമുക്കുട്ടിയുടെ രചനകളിലെത്തിച്ചത്‌. അസാധാരണമായ ഈ ബ്ലോഗ്‌ പേര്‌ “എന്നിലെ തെമിഴ്‌ പട്ടരും മലയാളി ആശാരിയും തമ്മിലുള്ള തമ്മിലുള്ള നിത്യമായ ചൊറിച്ചിലിന്റെ ഒരു ബാക്കിപത്രമെന്ന നിലയിലാണ്‌” എന്നു പറയുന്നു എച്ച്മു. “തമിഴ്‌ പട്ടരുടെ അമ്മത്തവും മലയാളി ആശാരിയുടെ അച്ഛത്തവും എന്നെ തമിഴ്‌ കള്ളിയിലും മലയാളി ആശാരി കള്ളിയിലും പെടുത്തിയില്ല” എന്ന എച്ച്മുവിന്റെ സങ്കടം എന്റെതു കൂടിയായി. ജാതി-മത അടിയൊഴുക്കുകൾ മോഡേൺ എന്ന്‌ അഹങ്കരിക്കുന്ന സമൂഹത്തിലും എത്ര ശക്തമെന്ന്‌ ഈ ബ്ലോഗ്‌ എന്നെ ലജ്ജിപ്പിച്ചു.

“സ്വന്തം ഭർത്താവിന്റെയല്ലേ സാരമില്ല” എന്ന കഥയും ജാതിയുടെ പേരിലുള്ള പീഡനം തന്നെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. കേരളത്തിൽ നടക്കുന്ന കഥ എന്ന രീതിയിൽ വിഷയത്തിന്‌ അല്പം അവിശ്വസനീയത തോന്നിയെങ്കിലും അവതരണരീതിയും വിഷയവും മികച്ച നിലവാരം പുലർത്തുന്നു. ഒറ്റയിരുപ്പിന്‌ മുഴുവൻ വായിച്ചു തീർക്കും നമ്മൾ. ശക്തമാണ്‌ എച്ച്മുവിന്റെ വാക്കുകൾ. കുറിക്ക്‌ കൊള്ളുന്നവ. മതവൈരം ശമിപ്പിക്കുവാനുള്ള എച്ച്മുവിന്റെ ഒരു ഒറ്റമൂലി വായിക്കു.
“ആ വിഷയം ചർച്ചക്കെടുത്താൽ എല്ലാവരും തമ്മിൽ ഒന്നിനൊന്ന്‌ മികച്ച ഐക്യമുണ്ടാകും. ആ ഭയങ്കര വിഷയമാണു നമ്മൾ പെണ്ണുങ്ങളെ പറ്റിയുള്ള കാര്യങ്ങൾ. പെണ്ണ്‌ ജനിക്കണോ വേണ്ട്യോ? വല്ലതും അക്ഷരം കൂട്ടിവായിക്കാൻ പഠിക്കണോ? കല്യാണം കഴിക്കണോ? ജോലിക്കു പോണോ? തന്തേടേം കെട്യോന്റേം സ്വത്തില്‌ അവകാശം വേണോ? അമ്പലത്തിലും പള്ളീലും ഒക്കെ കേറി വല്ല പൂജ്യോ കുർബാന്യോ ഓത്തോ ഒക്കെ ചെയ്യണോ? അയ്യോ അമ്മേന്ന്‌ കരഞ്ഞ്‌ വിളിച്ച്‌ പെറ്റ്‌ പോറ്റി മൊല കൊടുത്ത്‌ വളർത്തി അപ്പീം മൂത്രോം കോരി, കുളിപ്പിച്ച്‌, ചോറുരുട്ടിക്കൊടുത്ത്‌ വല്‌ താക്കീട്ക്കണ കൊച്ചിന്റെ മേല്‌ വല്ല അവകാശോം വേണോ പിന്നെ, നമ്മള്‌ എന്തുടുക്കണം, എങ്ങനെ നടക്കണം, ആരോട്‌ മിണ്ടണം, എന്ത്‌ തിന്നണം, എന്ത്‌ കുടിക്കണം ഈ പറഞ്ഞ പോലത്തെ വിഷയങ്ങള്‌ മുമ്പോട്ടു വച്ച്‌ എല്ലാ ജാതിമതക്കാരേം വിളിച്ച്‌ ഒരു ചർച്ച സംഘടിപ്പിച്ച്‌ നോക്ക്യേ. എം. എൽ. എ. മാർക്കും എം. പി. മാർക്കും കാശ്‌ കൂട്ടണ ബില്ല്‌ മാത്രമല്ലെ നമ്മടെ നിയമസഭേലും ലോകസഭേലും ഒരു വഴക്കും ഇല്ലാണ്ട്‌ ഭരണ-പ്രതിപക്ഷ ഐക്യത്തോടെ പാസ്സാവാറുള്ളൂ. അതുപോലെ കമ്പ്ലീറ്റ്‌ ഐക്യത്തോടെ എല്ലാ മതങ്ങളും പെണ്ണുങ്ങളുടെ അവകാശങ്ങളിലും ചുമതലകളിലും ഒറ്റ, സിങ്കിൾ അഭിപ്രായത്തിലെത്തും. സംശ്യം വല്ലതും ഉണ്ടെങ്കിൽ നമ്മക്ക്‌ ചർച്ച സംഘടിപ്പിച്ച്‌ നോക്കാം.“

”ബുദ്ധിയും സിദ്ധിയും“ എന്ന എച്മുവിന്റെ ആദ്യ കുറിപ്പ്‌ ഇങ്ങനെ..
”ഒറങ്ങിക്കെടക്കണ വയറ്റുകണ്ണിപ്പെണ്ണിനെ കളഞ്ഞിട്ടു ആണൊരുത്തനങ്ങട്‌ വീടുവിട്ടു പോയാൽ ബുദ്ധനോ സിദ്ധനോ ഒക്കെ ആവാം.

പെണ്ണൊരുത്തി ആരോഗ്യസാമിയായ ആണിനെ കളഞ്ഞിട്ടു വീടുവിട്ടു പോയാലും ബുദ്ധിയോ സിദ്ധിയോ ഒന്നുമാവില്ല. പകരം പെഴച്ചവള്‌ ആകും.

ആണ്‌ പെഴക്കില്ലല്ലോ!

പെഴക്കല്‌ പെണ്ണിന്‌ മുപ്പത്തിമൂന്നും അമ്പതുമല്ല, നൂറുശതമാനം സംവരണമാ.

പെഴച്ചവളെന്ന പേരു കേൾക്കാതെ ബുദ്ധിയോ സിദ്ധിയോ ആവണമെങ്കിലേ, സ്വീകരണമുറിയിലെ ബോൺസായ്‌ ആലിന്റെ ചോട്ടിലിരിക്കണം.“

കഥകൾ ധാരാളം എഴുതിയിട്ടുണ്ട്‌ എച്ച്മു. മാധവിക്കുട്ടിയെ ഏറെ ഇഷ്ടപെട്ട്‌ അവരുടെ അന്ത്യയാത്ര കാണാൻ റോഡരുകിൽ നിന്ന എച്ച്മുവിന്റെ ചില കഥകൾക്ക്‌ അവരുടെ ശൈലിയുണ്ട്‌.

സാധാരാണ ”ഞാൻ“ കഥ പറയുന്ന രീതി എനിക്കിഷ്ടമല്ല. എച്ച്മുവിന്റെ മിക്ക കഥകളിലും ഞാനുണ്ട്‌. എന്നിട്ടും എനിക്കത്‌ ഇഷ്ടമായി. നമുക്ക്‌ ചുറ്റുമുള്ള കൊച്ചു ജീവിതത്തുണ്ടുകൾ, പൊള്ളുന്ന അനുഭവങ്ങൾ ഇതെല്ലാം കഥക്ക്‌ വിഷയീഭവിക്കുന്നു. എല്ലാം നിന്ദിതരുടെയും പീഡിതരുടെയും ദുഖിതരുടെയും കഥകൾ. വായനക്കാരുടെ ഉള്ളുരുക്കുന്നവ, ചിന്തിപ്പിക്കുന്നവ. കഥക്ക്‌ ഒരു സന്ദേശം ഒന്നും ആവശ്യമില്ല എന്ന്‌ പറയും. പക്ഷേ, എച്മുവിന്റെ കഥകളിലെല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു സന്ദേശമുണ്ട്‌. കരുണ, സ്നേഹം, ഹൃദയവിശാലത അങ്ങനെയെന്തെങ്കിലുമൊന്ന്‌. അതാണ്‌ അതിലെ ആകേഷണീയത.

കൃസ്ത്യാനിയല്ലാത്ത നായികയെ ഉപേക്ഷിച്ച്‌ അവളുടെ കുഞ്ഞിനെ കൃസ്ത്യാനിയായ അച്ഛനും വീട്ടുകാരും സൂത്രത്തിൽ കൊണ്ടുപോകുന്നതിനെപ്പറ്റിയുള്ള “തിരുപ്പിറവി” എന്ന കഥ പറയുന്നത്‌ ബൈബിൾ ഭാഷയിലാണ്‌. ആ കഥയിൽ നിന്ന്‌ ചില വരികൾ.

“തിരുപ്പിറവിക്കു തലേന്നു പുലർച്ചെ അവൻ (ഭർത്താവ്‌) സ്വന്തം അപ്പനമ്മമാരുടെ മന്ദിരത്തെ പ്രാപിച്ചു. മഹത്വമാർന്ന അവന്റെ ഭവനം എന്നെയോ സ്വാഗതം ചെയ്തില്ല. എന്നാൽ ഞാൻ പിറന്ന ഭവനമോ, എന്നെ പണിക്കാരുപേക്ഷിച്ച മൂലക്കല്ലു പോലെയും ദ്രവിച്ച തടി പോലെയും തള്ളിക്കളഞ്ഞിരുന്നു. അക്കാലം അവന്റെ ബീജം എന്റെ ഉദരത്തിൽ തുടിച്ചു കൊണ്ടിരുന്നു.”

“ദൈവത്തിന്റെ വിരലുകൾ ഗിറ്റാർ വായിക്കുന്നു” മനോഹരമായി ഗിറ്റാർ വായിക്കുന്ന ഒരു വിരൂപനായ മനുഷ്യന്റെ കഥയാണ്‌, അയാളുടെ നഷ്ടപ്രണയത്തിന്റെയും. കഥ വായിച്ചു തീരുമ്പോൾ മനം നിറയെ നന്മയുള്ള ആ മനുഷ്യന്റെ അകക്കണ്ണ്‌ നമ്മെ വല്ലാതെ സ്പർശിക്കും. ഇനിയുമുണ്ട് ഹൃദയകാരിയായ കഥകൾ എച്ച്മുവിന്റെ ലോകത്തിൽ ധാരാളം.

വായിക്കേണ്ട എച്ച്മുവിന്റെ കഥകൾ. ഇതാ ഇതിലൂടെ ഒന്നു പോയി നോക്കു.

http://echmuvoduulakam.blogspot.com/

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കഥകൾ ധാരാളം എഴുതിയിട്ടുണ്ട്‌ എച്ച്മു. മാധവിക്കുട്ടിയെ ഏറെ ഇഷ്ടപെട്ട്‌ അവരുടെ അന്ത്യയാത്ര കാണാൻ റോഡരുകിൽ നിന്ന എച്ച്മുവിന്റെ ചില കഥകൾക്ക്‌ അവരുടെ ശൈലിയുണ്ട്‌.