എന്റെ രക്തവും മാംസവും നിങ്ങൾക്കായി'; മനസു തുറന്ന് എച്ച്മുക്കുട്ടി
കേരളത്തിലെ സാഹിത്യ ലോകത്ത് അറിയപ്പെടുന്ന ആളാണ് ജോസഫ് (അപരനാമം). എഴുത്തുകാരി എച്ച്മുക്കുട്ടിയുടെ മുൻ പങ്കാളിയായിരുന്നു അദ്ദേഹം. ജോസഫിൽനിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽനിന്നും താൻ അനുഭവിച്ച ദുരനുഭവം ഫേസ്ബുക്കിൽ തുറന്നെഴുതിക്കൊണ്ടിരിക്കുകയാണ് അവർ. എഴുത്തുകാർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിട്ടും കേരളത്തിലെ സാംസ്ക്കാരിക ലോകം മൗനത്തിലാണ്. ഈ സാഹചര്യത്തിലാണ് സമയം മലയാളത്തോട് എച്ച്മുക്കുട്ടി മനസുതുറക്കുന്നത്.
Leonald Daisy Mathew, Samayam Malayalam | Updated:Apr 10, 2019, 07:02PM IST
'എന്റെ രക്തവും മാംസവും നിങ്ങൾക്കായി'; മനസു തുറന്ന് എച്ച്മുക്കുട്ടി
ഹൈലൈറ്റ്സ്
കവി എ അയ്യപ്പനെതിരെയും ഡി വിനയചന്ദ്രനെതിരെയും തുറന്നെഴുത്ത്
മാധവിക്കുട്ടിക്ക് ശേഷം മലയാള സാഹിത്യത്തിൽ തുറന്നെഴുത്ത് നടത്തുന്ന എഴുത്തുകാരി
സാഹിത്യ സാംസ്ക്കാരിക ലോകം മൗനത്തിൽ
കേരളത്തിലെ സാഹിത്യ മണ്ഡലത്തിൽ അറിയപ്പെടുന്നയാളും കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാര ജേതാവുമായ ജോസഫ് (അപരനാമം) എന്നയാൾക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി എച്ച്മുക്കുട്ടി എന്ന എഴുത്തുകാരി ഫേസ്ബുക്കിൽ തുറന്നെഴുത്ത് നടത്തുകയാണ്. തന്റെ മുൻ പങ്കാളിയും എഴുത്തുകാരനുമായ ജോസഫിൽനിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ നിന്നും പൂർവ്വകാലത്ത് താൻ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് എച്ച്മുക്കുട്ടി കുറിപ്പുകളിൽ പറയുന്നു.
തന്റെ മകൾ ജോസഫിൽനിന്നും മോശമായ പെരുമാറ്റം അനുഭവിക്കേണ്ടിവന്നുവെന്നും എച്ച്മുക്കുട്ടി പറയുന്നുണ്ട്. കേരളത്തിലെ യുവ തലമുറ ബിംബങ്ങളായി കരുതുന്ന എ അയ്യപ്പൻ, ഡി വിനയചന്ദ്രൻ എന്നിവർക്കെതിരെയും എച്ച്മുക്കുട്ടി തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. എച്ച്മുക്കുട്ടിയുടെ കുറിപ്പുകൾ നൂറോളം അദ്ധ്യായങ്ങൾ പിന്നിട്ടുകഴിഞ്ഞു. താൻ മോശം അനുഭവം നേരിട്ട എഴുത്തുകാരുടെ പേരുകൾ എച്ച്മുക്കുട്ടി തന്റെ എഴുത്തിൽ പരാമർശിക്കുന്നുണ്ട്. എന്നിട്ടും സാഹിത്യലോകത്തുനിന്നോ സാംസ്ക്കാരിക ലോകത്തുനിന്നോ കാര്യമായ പ്രതികരണങ്ങളില്ല.
മകളുടെ അനുഭവം എങ്ങനെ എച്ച്മുക്കുട്ടിക്ക് തുറന്നു പറയാനാകും എന്നു ചോദിക്കുന്നവരുണ്ട്. മകൾ അറിയാത്തതൊന്നും തന്റെ ജീവിതത്തിൽ ഇല്ലെന്നാണ് എച്ച്മുക്കുട്ടിയുടെ മറുപടി. മകളുടെ സമ്മതത്തോടെയാണ് താൻ തുറന്നു പറയാൻ തീരുമാനിച്ചതെന്ന് എച്ച്മുക്കുട്ടി സമയം മലയാളത്തോട് പറഞ്ഞു. ജോസഫിനെ ഉപേക്ഷിച്ചുപോയ ഒരു രാക്ഷസിയായാണ് സമൂഹം ഇതുവരെ എല്ലാവരും തന്നെ കണ്ടിരുന്നത്. എന്നാൽ തന്റെ ഭാഗംകൂടി വിശദീകരിക്കേണ്ടതുണ്ടെന്നുന്ന ബോധ്യമാണ് തുറന്നെഴുത്തിന് പ്രേരകമായതെന്നും എച്ച്മുക്കുട്ടി പറയുന്നു.
എച്ച്മുക്കുട്ടി സംസാരിക്കുന്നു...
മതക്കുറിപ്പുകൾ എന്ന പേരിലായിരുന്നല്ലോ കുറിപ്പുകളുടെ തുടക്കം. പിന്നീട് തിരുത്തിയത് എന്തുകൊണ്ടാണ്?
എഴുതാൻ തുടങ്ങിയപ്പോൾ മതക്കുറിപ്പുകൾ എന്ന പേര് പോരെന്ന് എനിക്ക് തോന്നിയിരുന്നു. മതം മാത്രമല്ലല്ലോ ഇതിൽ എന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്. ഞാനൊഴുക്കിയ ചോരയുടേയും എന്റെ മാംസത്തിലേറ്റ അടികളുടെയും വൃണങ്ങളുടേയും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടേയും കഥയാണ് ഞാനെഴുതിക്കൊണ്ടിരിക്കുന്നത്. പലതരം കയ്യേറ്റങ്ങൾ ഉണ്ട്. മതത്തിന്റെ, ആൺകോയ്മയുടെ, സമൂഹത്തിന്റെ കടന്നുകയറ്റങ്ങളുണ്ട്. ജുഡീഷ്യറിയുടെ അനവധാനതയുണ്ട്. ഒരു അമ്മയുടെ വാത്സല്ല്യത്തെ കണക്കുപറഞ്ഞ് വിറ്റ ഏഴര സെന്റ് ഭൂമിയുടെ സത്യമുണ്ട്. അത്തരം ഒരുപാട് കാര്യങ്ങൾ എന്റെ രക്തം ചിന്തപ്പെട്ട കാര്യങ്ങളാണ്. എന്റെ മാംസത്തെ ആഴത്തിൽ വേദനിപ്പിച്ച കാര്യങ്ങളാണ്. ചില മുറിവുകളൊന്നും ഒരിക്കലും പൊറുക്കുകയില്ല. ചില മുറിവുകൾ ഉണങ്ങിയതായി തോന്നുമെങ്കിലും അതിന്റെ പരിസരത്തുകൂടി വിരലോടിച്ചാൽ ചോര വരും. അങ്ങനെയുള്ള മുറിവുകൾ ഒത്തിരി എന്റെ തലച്ചോറിലും എന്റെ ശരീരത്തിലും ഉണ്ട്. അപ്പോൾ മതക്കുറിപ്പുകൾ എന്ന പേര് അതിന്റെ അർത്ഥത്തെ മുഴുവനായി ഉൾക്കൊള്ളുന്നില്ല എന്നു തോന്നി.
ബൈബിളാണ് പേര് മാറ്റത്തിന് എന്നെ പ്രേരിപ്പിച്ചത്. ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈബിൾ വായിക്കുന്നത്. നല്ല കുടുംബിനിയാകാൻ ഞാൻ ഒരുപാട് ബൈബിൾ വായിച്ചുകൂട്ടിയിട്ടുണ്ട്. ഒരുപാട് ധ്യാനങ്ങളിൽ പങ്കുകൊള്ളുന്ന, പള്ളിയിൽ പോയി മുട്ടുകുത്തുന്ന ആളായിരുന്നു ഞാൻ. അങ്ങനെയൊരു ജീവിതമാണ് ഞാൻ നയിച്ചിട്ടുള്ളത്. അന്നൊക്കെത്തന്നെയും വൈദികർക്ക് എന്നെ പേടിയായിരുന്നു. ഞാൻ മാമ്മോദീസ വെള്ളം തലയിൽ വീഴാത്ത ആളായതുകൊണ്ട് എന്നിൽ സാത്താന്റെ അംശം ഉണ്ടാകുമെന്ന ഭയം അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ജോസഫിന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുമ്പോൾ ഒരിക്കൽപ്പോലും എന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിച്ചിരുന്നില്ല. എന്നിൽനിന്നുള്ള സാത്താൻ അവരിൽ പ്രവേശിച്ചാലോ എന്ന പേടി എല്ലാ വൈദികരും വെച്ചുപുലർത്തിയിരുന്നു.
ബൈബിൾ വായനയുടെ പഞ്ചാത്തലത്തിലാണ്, എന്റെ രക്തവും മാംസവും നിങ്ങൾക്കായി എന്നുള്ള പേരിലേക്ക് ഞാൻ എത്തുന്നത്.
മനസു കല്ലാക്കിവെച്ചാണ് എച്ച്മുക്കുട്ടി ഇത് എഴുതുന്നത് എന്നൊരു പരാമർശം കണ്ടു. അങ്ങനെയാണോ?
എന്റെ മനസ് ഒരിക്കലും കല്ലായിരുന്നില്ല. എന്റെ തൊണ്ടയിൽ ഒരിക്കലും അലിയാത്ത സങ്കടങ്ങൾ ഉണ്ടായിരുന്നു. ആ സങ്കടങ്ങൾ സ്ഥിരമായി എന്റെ തൊണ്ടയിൽ അലിയാതെ ഇരുന്നിരുന്നു. ഭക്ഷണം കഴിക്കാൻ പറ്റാത്ത പരിതസ്ഥിതിയിലേക്ക് ഞാൻ എത്തുകയും ചെയ്തിട്ടുണ്ട്. ഞാൻ മകളെ കാണാതെ അവളെയൊന്ന് തൊടാൻ പറ്റാതെ, അവൾ എങ്ങനെയുണ്ടെന്ന് സൂര്യനോടും ചന്ദ്രനോടും ചോദിക്കുന്ന ഒരു പരിതസ്ഥിതിയിൽ ഈ ഭൂമിയിലുള്ള ഒന്നും എന്നെ ആകർഷിച്ചിട്ടില്ല. വസ്ത്രങ്ങളോ, ആഭരണങ്ങളോ, പളപളപ്പുള്ള എന്തെങ്കിലും വസ്തുക്കളോ എന്നെ ആകർഷിച്ചിട്ടില്ല. ഭക്ഷണവും ആകർഷിച്ചിട്ടില്ല. അപ്പോൾ ഞാൻ ജീവിച്ചിരുന്നുവെന്നതിന്റെ തെളിവ്, ഞാൻ കുറേ കണക്കുകൾ എഴുതി, നിർമ്മാണ തൊഴിലാളികൾക്കൊപ്പം ജോലിചെയ്തു എന്നൊക്കെയുള്ളതാണ്. മറ്റൊന്ന് കോടതിയിലുള്ള എന്റെ പോരാട്ടമാണ്. അങ്ങനെയാണ് ഞാൻ ജീവിച്ചിരുന്നത്. ഈ കുറിപ്പുകൾ എഴുതുമ്പോഴും മനസ് കല്ലാകുക എന്നുള്ളത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഈ കുറിപ്പുകൾ എഴുതുമ്പോൾ എന്റെ രോമകൂപങ്ങളിൽ വേദനയുണ്ട്. അത്രമാത്രം വേദനിച്ചും അത്രമാത്രം അലഞ്ഞുമാണ് ഞാൻ ജീവിച്ചിരുന്നത്. അതുകൊണ്ട് ഇത് കല്ലിന്റെ വർത്തമാനമല്ല. തിളയ്ക്കുന്ന മുലപ്പാലിന്റെ രാഷ്ട്രീയമാണിത്.
മകളുടെ സമ്മതത്തോടെയാണോ ഇത് എഴുതുന്നത്?
മകൾ അറിയാത്തതൊന്നും എന്റെ ജീവിതത്തിലില്ല.
ഭാവനയിൽനിന്നുകൊണ്ടാണ് ഇത് എഴുതുന്നത് എന്നൊരു ആരോപണം കണ്ടു. എന്താണ് അഭിപ്രായം?
എഴുതാൻ എനിക്ക് സ്വാതന്ത്ര്യം ഉള്ളതുപോലെ എന്ത് അഭിപ്രായപ്പെടാനും അവർക്ക് സ്വാതന്ത്ര്യമുണ്ട്. അതിൽ ഞാൻ ഒരിക്കലും കൈകടത്തുകയില്ല. എന്റെ അനുഭവങ്ങൾക്ക്. സാക്ഷ്യം രേഖപ്പെടുത്താൻ എനിക്ക് സാധിക്കുകയില്ല. എന്റെ ജീവിതാനുഭവങ്ങളുടെ സാക്ഷിപത്രം ഞാൻതന്നെയാണ് തയ്യാറാക്കുന്നത്.
എന്തുകൊണ്ടാണ് ജോസഫിന്റെ പേര് വെളിപ്പെടുത്താത്തത്?
ജീവിച്ചിരിക്കുന്ന ആളുകളുടെ പേര് പറയുന്നില്ല എന്നകാര്യം. പേര് പറയേണ്ട ആവശ്യം ഇല്ലായെന്ന് ഞാൻ മനസിലാക്കി. രണ്ടാമത്തെ കാര്യം. വർഷങ്ങളോളം എന്റെ മകളെ കാണാതെ അവളെയൊന്ന് തൊടാൻ പറ്റാതെ, അവൾ എങ്ങനെയുണ്ടെന്ന് അറിയാൻ പറ്റാതെ ദില്ലിയിലെ നിരത്തുകളിൽ കരഞ്ഞുകൊണ്ട് നടന്നിരുന്ന കാലത്തിനു ശേഷം ഏഴര സെന്റ് ഭൂമി വീതിച്ചുകൊടുക്കാം എന്നുപറയുന്ന ദിവസം അന്നത് തിരിച്ച് എഴുതിക്കൊടുക്കാൻ പോകുമ്പോൾ മിസിസ്സ് ജോസഫ് മകളെ തരാം എന്നുപറഞ്ഞു. ആ വാക്ക് പറഞ്ഞ അവർ എന്നെ സംബന്ധിച്ച് എന്നും, അവർ എന്നെക്കുറിച്ച് എന്തുപറയുന്നു, ഞാൻ മോശമാണെന്ന് വിശ്വസിക്കുന്നു. അവയൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഇമ്മെറ്റീരിയലാണ്. ആ വാചകം പറഞ്ഞ അവർ എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്നും കന്യകാ മാതാവിന്റെ സ്ഥാനത്താണ് കാണുക. അവർക്ക് അതിൽക്കുറച്ച് സ്ഥാനം കൊടുക്കാൻ എന്നെക്കൊണ്ട് സാധിക്കുകയില്ല. അവരോടുള്ള ആദരവുകൊണ്ട്, അവർ പ്രസവിച്ച കുട്ടികളോടുള്ള ആദരവുകൊണ്ട് ആ പേര് ഞാൻ വെളിപ്പെടുത്തുകയില്ല. അന്ന് അവർ അമ്മയാകാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. തെരുവിൽനിന്ന് സ്വന്തം കുഞ്ഞിനുവേണ്ടി കരയുന്ന ഒരു അമ്മയ്ക്ക് കുഞ്ഞിനെ തരാം എന്ന് പറയാനുള്ള മനസ് കാണിച്ച മിസിസ്സ് ജോസഫിനെ കന്യകാ മറിയം എന്നു വിശേഷിപ്പിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് ഒരു പേരും വെളിപ്പെടുത്തുകയില്ല.
സ്ത്രീപക്ഷവാദിയായ മിസിസ്സ് ജോസഫ് ആരോപണ വിധേയനായ ഭർത്താവിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എന്താണ് തോന്നുന്നത്?
നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥതന്നെ അങ്ങനെയാണ്. അരോപണവിധേയനാകുന്ന ആളെ സംരക്ഷിക്കാൻ അവരുടെ അടുത്തുനിൽക്കുന്ന ആളുകൾ ശ്രമിക്കും. അത് നമ്മുടെ കുടുംബ വ്യവസ്ഥിതിയുടെ ഭാഗമാണ്. അത് നിസ്സഹായതകൊണ്ടാകാം. ജീവിച്ച് പോകേണ്ടതുകൊണ്ടാവാം. അതിനെക്കുറിച്ച് അഭിപ്രായപ്പെടാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
കവി അയ്യപ്പൻ, ഡി വിനയചന്ദ്രൻ എന്നിവരെക്കുറിച്ചുള്ള വെളിപ്പെടുത്തൽ വായിച്ചശേഷം മരിച്ചുപോയവരെക്കുറിച്ച് എന്തും പറയാം എന്നൊരു പരാമർശം കണ്ടു. അതേക്കുറിച്ച്?
അയ്യപ്പൻ മര്യാദകേട് കാണിച്ച ദിവസം അത് നേരിട്ടുകണ്ട് മനസിലാക്കിയ എന്റെ ടീച്ചർക്ക് അത് ഓർമ്മയുണ്ട്. അത് കണ്ടിട്ടുള്ളവരുണ്ട്. ടീച്ചർ അത് കണ്ടിരുന്നുവെന്ന് എന്നോട് ടീച്ചർ പറയുമ്പോഴാണ് ഞാൻ ഓർക്കുന്നത്. അതുവരെ ഞാനിത് ഓർമ്മിച്ചിരുന്നുപോലുമില്ല. അയ്യപ്പനായാലും വിനയചന്ദ്രനായാലും അവർ മരിച്ചുപോയി എന്നുള്ളതുകൊണ്ട് അവർ എന്റെ വീട്ടിൽവന്ന് എന്നോടുചെയ്ത കടന്നുകയറ്റം ഒരിക്കലും ഇല്ലാതെയാകുന്നില്ല. എന്റെ ഓർമ്മ നഷ്ടപ്പെടുവോളം അത് എന്നും എനിക്ക് അപമാനമായിരിക്കും. അപമാനം എന്നുപറയുന്നത് സമൂഹത്തിന്റെ സെൻസിലല്ല. എനിക്കവരെ വേണ്ടരീതിയിൽ തുറന്നുകാണിക്കാൻ സാധിക്കാതെപോയതിന്റെ നിസ്സഹായതയുണ്ട്. ആ നിസ്സഹായതയെ എന്നും എന്നെ അപമാനപ്പെടുത്തിക്കൊണ്ടിരിക്കും. അയ്യപ്പനും വിനയചന്ദ്രനും ചെയ്തത് തികഞ്ഞ മര്യാദകേടാണ്. അവർ എന്നോടുമാത്രമല്ല അങ്ങനെ പെരുമാറിയിട്ടുള്ളത്. അയ്യപ്പൻ മോശമായി പെരുമാറിയ കൊച്ചു പെൺകുട്ടിയുടെ കഥ എല്ലാവരും വായിച്ചതാണ്. വിനയചന്ദ്രൻ മോശമായി പെരുമാറിയിട്ടുള്ള സ്ത്രീകൾ എന്നോട് സംസാരിച്ചിട്ടുമുണ്ട്. അവർക്കത് പറയാനുള്ള ധൈര്യമില്ല എന്നുള്ളതുകൊണ്ട് അവരത് പറയുന്നില്ല.
എന്തുകൊണ്ടാണ് ആത്മകഥ എഴുതിത്തുടങ്ങിയത്?
ഞാൻ ഈ കുറിപ്പുകൾ എഴുതുന്നത് എന്റെ ജീവിതം, ഞാൻ ഇത്രയേറെ നരകിച്ച എന്റെ ജീവിതം എവിടെയും രേഖപ്പെടുത്താതെ. അതിന്റെ ഒരു വശം മാത്രം അതും തീക്ഷ്ണമായ പ്രദർശനപരതയോടെ ലോകത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ്. അതിന്റെ ഒരു വശം മാത്രം കണ്ടിട്ടുള്ളവർ എന്റെ വശംകൂടിയുണ്ട് ജീവിതത്തിൽ എന്ന് അറിയുകയും വേണം. എന്നെ അടയാളപ്പെടുത്തണം എന്നുള്ളകാര്യമാണ് ഇതിൽ പ്രധാനമായും ഉണ്ടായിരുന്നത്.
രണ്ടാമത്തെക്കാര്യം, ഞാനിത് എഴുതിത്തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലാക്കിയത്. അനവധി സ്ത്രീകൾ, പെൺകുട്ടികൾ ഇത്തരം ക്രൂരമായ അനുഭവത്തിലൂടെ കടന്നുപോകുന്നുണ്ട്. അവരുടെ അനുഭവം വായിച്ചുനോക്കുമ്പോൾ, എന്നോട് സംസാരിക്കുമ്പോൾ ഞാൻ മനസിലാക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയും പൊതു സമൂഹവും വിശ്വാസ ആചാര കാഴ്ചപ്പാടുകളും എല്ലാംതന്നെ സ്ത്രീയെ എന്തുമാത്രം ഒതുക്കിക്കളയുന്നു എന്നുകാണാം. ഇതിന്റെയെല്ലാം മുഷ്ടിക്കുള്ളിൽ സ്ത്രീ എപ്പോഴും ഞെരിഞ്ഞുപോവുകയാണ്. അവൾ പുറത്തുവരുന്നുണ്ടെങ്കിൽ ചോറ് കുഴയ്ക്കുമ്പോൾ വിരലിനിടയിൽനിന്നും പുറത്തേക്ക് വരില്ലേ അതുപോലെ വരുന്ന രൂപം മാത്രമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടും സാംസ്ക്കാരിക ലോകം മൌനത്തിലാണെന്ന് തോന്നിയിട്ടുണ്ടോ?
ശാരദക്കുട്ടി ടീച്ചർ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിൽ പ്രതികരിച്ചിട്ടുണ്ട്. ടീച്ചർ എന്റെ കുറിപ്പുകൾ വായിച്ചശേഷം ഫേസ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
എഴുത്ത് തുടങ്ങിയ ശേഷം ഏതെങ്കിലുംതരത്തിലുള്ള ഭീഷണികളുണ്ടോ?
മതി എഴുതിയത്. മീ ടൂ പോലുള്ള വെളിപ്പെടുത്തലുകൾ നടത്തരുത്. കുഞ്ഞിന്റെ ഭാവി എന്താകും. കുഞ്ഞിനെവെച്ച് പ്രശസ്തയാകാൻ ശ്രമിക്കരുത്. അങ്ങനെയൊക്കെയുള്ള ഭീഷണികളും ഭയപ്പെടുത്തലുകളും വരുന്നുണ്ട്.
സാറാ ജോസഫും ബാലചന്ദ്രൻ ചുള്ളിക്കാടുമായും ഇപ്പോൾ ബന്ധമുണ്ടോ?
സാറ ടീച്ചറുമായി എനിക്ക് പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. ടീച്ചർക്ക് എന്നെ മനസിലാവുകയില്ലെന്ന് എനിക്ക് വളരെ പെട്ടെന്ന് മനസിലായി. ആദ്യത്തെ എഴുത്തിൽനിന്നും രണ്ടാമത്തെ എഴുത്തിൽ എത്തിയപ്പോഴേക്കും ടീച്ചർ കാതങ്ങളോളം ദൂരെ നടന്നുകഴിഞ്ഞിരുന്നു. എന്റെ പേരിനെ വെറുക്കാൻ പ്രേരിപ്പിച്ചത് ടീച്ചറാണ്. ഞാനില്ലാത്ത സമയത്ത് എന്റെ സാന്നിധ്യം ഉണ്ടാകാൻ എന്റെ പേര് എന്റെ മകളെ വിളിക്കുന്നുവെന്ന വിവരം തന്നതായിരുന്നു അതിന് കാരണം. ഇക്കാര്യം പറഞ്ഞ് ടീച്ചർ എനിക്ക് എഴുതിയപ്പോൾ എനിക്കുണ്ടായ വിഷമം സഹിക്കാൻ കഴിയാത്തതായിരുന്നു. എന്റെ വിഷമവും ഷോക്കും സത്യമായിരുന്നുവെന്നുള്ളത് എന്റെ കുഞ്ഞു മകളിൽനിന്നുതന്നെ ഞാൻ കേട്ടു.
X
ബാലചന്ദ്രൻ ചുള്ളിക്കാട് പ്രത്യേക പരിതസ്ഥിതിയിൽ എന്നെ മനസിലാക്കുകയും ഞാൻ വർഷങ്ങളോളം കാണാതിരുന്ന, ശബ്ദം കേൾക്കാതിരുന്ന എന്റെ കൊച്ചിനെ എന്റെ മടിയിൽ കൊണ്ടുവന്ന് ഇരുത്തുകയും ചെയ്തു. അത് എന്നെ മനസിലാക്കിക്കൊണ്ട് ചെയ്തതതാണ്. ആ ഒരു പ്രവർത്തിക്ക് ബാലചന്ദ്രനോട് എന്നും കടപ്പെട്ടിരിക്കും. പക്ഷേ ബാലന്ദ്രൻ എന്നും പറഞ്ഞിരുന്നത് ഞാൻ ജോസഫിന്റെ സുഹൃത്താണ്, ഞാൻ ഒരിക്കലും നിങ്ങളുടെ സുഹൃത്ത് അല്ല എന്നാണ്. അതുകൊണ്ട് ബാലചന്ദ്രനോട് കാര്യങ്ങൾ പറയുന്നതിൽ എനിക്ക് പരിമിതിയുണ്ടായിരുന്നു. ജോസഫിന്റെ സുഹൃത്തിനെ എത്രത്തോളം വിശ്വസിക്കാൻ കഴിയും എന്നുള്ളകാര്യത്തിൽ എനിക്ക് ധാരണ ഉണ്ടായിരുന്നില്ല.
എഴുതാൻ തുടങ്ങിയപ്പോൾ, സാറ ടീച്ചർ എന്നോട് ഒരിക്കലും യാതൊരു ബന്ധവും പുലർത്തുകയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ബാലചന്ദ്രൻ എന്നോട് സംസാരിക്കുന്നുണ്ട്. ബാലചന്ദ്രൻ പലകാര്യങ്ങളും മനസിലായില്ല. പലകാര്യങ്ങളും മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ബാലചന്ദ്രന്റെ ആ വിഷമം ഞാൻ നേരത്തെ മനസിലാക്കിയിട്ടുണ്ട്.
ഇതരമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്ന യുവാവിന് വിപ്ലവകാരിയുടെ പരിവേഷമാണ്. എന്നാൽ സ്ത്രീയുടെ കാര്യം അങ്ങനെയല്ല. എന്തുതോന്നുന്നു?
നമ്മൾ എപ്പോഴും പ്രൂവ് ചെയ്യേണ്ടതായ അവസ്ഥ. ഞാൻ നല്ലവളാണ്. നീയൊരുപക്ഷേ നല്ലവളായിരിക്കാം. പക്ഷേ നീയൊരു ക്രിസ്ത്യാനിയല്ല എന്നുള്ളതുകൊണ്ട് നിന്റെ നന്മ എന്നുള്ളത് ക്രിസ്ത്യാനിയായ പുരുഷന് കുർബ്ബാനയും പള്ളിയിലെ മറ്റ് കർമ്മങ്ങളുമൊക്കെയുള്ള ആത്മീയ അനുഭവം, ദൈവീക അനുഭവം അവന് കൊടുക്കുന്നതിലൂടെയാണ് നീയൊരു നല്ല സ്ത്രീയായി മാറുകയെന്നാണ് വൈദികർ പറയുന്നത്. നല്ല സ്ത്രീയായി മാറാനുള്ള ഒരു മാനദണ്ഡം എന്റെ മുന്നിലുണ്ടായിരുന്നു. അതിലേക്ക് എത്തുന്നതിനായി ബൈബിൾ വായിക്കുക ക്രിസ്ത്യാനി പെണ്ണാകാൻ പരമാവധി ശ്രമിക്കുക. ആഹാര ശീലങ്ങൾ പിന്തുടരുക തുടങ്ങിയവ ചെയ്യുമായിരുന്നു.
പക്ഷേ ഹിന്ദുപ്പെണ്ണിനെ കല്ല്യാണം കഴിച്ച ക്രിസ്ത്യാനി എപ്പോഴും വിപ്ലവകാരിയാണ്. ക്രിസ്ത്യാൻ പുരുഷനെ കല്ല്യാണം കഴിച്ച പെണ്ണ് മഹാ ഭയങ്കരിയും തന്റേടിയും അയാളെ വളച്ചുപിടിച്ചവളും മാത്രമാണ്. ആ അവസ്ഥ ജീവിതത്തിൽ ഉടനീളം ഞാൻ അനുഭവിച്ചിട്ടുണ്ട്.
മതമാണോ അതിന് കാരണം?
മതം മാത്രമല്ല. മതം ഒരു പ്രധാന പ്രശ്നമായിരുന്നു. മതം നിങ്ങൾ വേറെയാണെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ ഒന്നാണെന്ന് മതം ഒരിക്കലം പറഞ്ഞിട്ടില്ല. ഇന്നയിന്ന കാര്യങ്ങൾ ചെയ്താൽ മാത്രമേ നിങ്ങൾ ഒന്നാവുകയുള്ളൂ എന്നാണ് മതം പറഞ്ഞത്. വേർതിരിവിന്റേതായ ശാസ്ത്രം മതം എപ്പോഴും മുന്നോട്ടുവെച്ചിട്ടുണ്ട്.
പുരുഷന്റെ മതം അത് എന്തുതന്നെയാണെങ്കിലും ഉയർന്ന മതവും സ്ത്രീയുടേത് എന്തുതന്നെയായാലും താഴ്ന്ന മതവുമാണ്. അത് ജാതിയിലും അങ്ങനെതന്നെയാണ്. എന്റെ അമ്മ തമിഴ് ബ്രാഹ്മണ സ്ത്രീയും അച്ഛൻ മലയാളി വിശ്വകർമ്മനുമാണ്. ജാതി ശ്രേണിയിൽ നോക്കിയാൽ അമ്മയുടെ ജാതിയാണ്. അച്ഛന്റേത് താഴ്ത്തപ്പെട്ട ജാതിയും. പക്ഷേ അത് വിവാഹ ബന്ധത്തിൽ കടന്നുവരുമ്പോൾ അച്ഛന്റേത് സ്വാഭാവികമായും പുരുഷന്റെ എന്നനിലയിൽ അത് ഉയർത്തപ്പെടുന്നുണ്ട്. സ്ത്രീയുടേത് താഴെയായിപ്പോവുകയും ചെയ്യും. അമ്മയുടെ കടമ എന്നത് അതിലേക്ക് മാറുക എന്നുള്ളതാണ്. അതുപോലെ ഹിന്ദു പെണ്ണ് ക്രിസ്ത്യൻ പുരുഷനെ വിവാഹം കഴിച്ചാൽ ക്രിസ്റ്റ്യാനിറ്റിയിലേക്ക് മാറുകയെന്നുള്ളതും ക്രിസ്ത്യൻ പെണ്ണ് ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാൽ ഹിന്ദുവായി മാറുക എന്നുള്ളതുമാണ് നമ്മുടെ സാമൂഹിക വ്യവസ്ഥിതി. എല്ലാ മതങ്ങളും എല്ലാ ജാതികളും ഇതിനെ പിന്തുണയ്ക്കുന്നതാണ്.
ഈ കുറിപ്പുകൾ പുസ്തകം ആക്കണമെന്ന് തോന്നിയിട്ടുണ്ടോ?
നടക്കാത്ത ആഗ്രഹങ്ങൾ ഞാൻ വെച്ചുപുലർത്താറില്ല. അത് പ്രസിദ്ധീകരിക്കാൻ ആരെങ്കിലും വരണം. ജോസഫ് എന്നുപറയുന്ന ആൾക്ക് വിശാലമായ ബന്ധമുണ്ട്. എന്നെ അന്വേഷിച്ച് ഒരു മലയാള മാധ്യമവും വന്നില്ല. അതിൽനിന്നുതന്നെ അതിന്റെയൊരു റീച്ച് മനസിലാക്കാം.
തുറന്നുപറച്ചിലിന് മറ്റുള്ളവരെ പ്രേരിപ്പിക്കണം എന്നുണ്ടോ?
ഇത് എഴുതിയതിന് വേറെയൊരു ലക്ഷ്യം എന്നുള്ളത്, ജീവിതത്തിൽ സംഭവിച്ചുപോയിട്ടുള്ള തകർച്ചകൾ, ആണായാലും പെണ്ണായാലും ജീവിതത്തിൽ ഒരുപാട് തകർച്ചകളുണ്ടാകാം. ആ തകർച്ചകളിൽ തകർന്നടിഞ്ഞ് ഒന്നുമില്ലാതെയായി ആരും കേൾക്കാൻപോലുമില്ലാതെയായി അവസാനിക്കുന്നതിനു പകരം നമ്മൾ സമരംചെയ്ത് പിടിച്ചുനിൽക്കാൻ ശ്രമിക്കണം എന്നൊരു കാര്യം തകർച്ച അനുഭവിക്കുന്നവരോടായി പറയാനുണ്ട്. അതിന് എന്റെ ജീവിതം കാരണമായാൽ നല്ലത്. ഏതെങ്കിലും ഒരു പെൺകുട്ടി ഏതെങ്കിലും ഒരു പുരുഷൻ ഞാൻ എഴുതിയത് വായിച്ച് ജീവിതത്തോട് പൊരുതാൻ തീരുമാനിച്ചാൽ എന്റെ എഴുത്ത് വിജയിച്ചു എന്നുപറയാം.
എഴുത്തിനെ അവിശ്വസിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
എന്റെ ജീവിതത്തിലൂടെ കടന്നുപോകാത്തതുകൊണ്ട് അവർക്ക് തോന്നുന്നതാണ്. പൂർണ്ണമായും എന്റെ ജീവിതത്തീലുടെ കടന്നുപോയിട്ടുള്ള ഒരാൾക്ക് ഒരിക്കലും ആ അഭിപ്രായം ഉണ്ടാവുകയില്ല. പൂർണ്ണമായും എന്റെ ജീവിതത്തിലൂടെ ഒരാൾക്ക് കടന്നുപോകാൻ സാധിക്കുകയുമില്ല. എന്റെ അനുഭവം എന്റെ അനുഭവം ആണല്ലോ.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്: ബെന്യാമിൻ, ആടുജീവിതം
1 comment:
Very Good...
Post a Comment